ഇനിയും ഉണങ്ങാത്ത മുറിവുകള്‍

മജീദ് അഴീക്കോട് No image

ഗോധ്രയിലെ ട്രെയിന്‍ കത്തിയെരിയുന്ന ദൃശ്യങ്ങള്‍ ടി.വിയില്‍ കണ്ടുകൊണ്ടായിരുന്നു അന്ന് ഞങ്ങള്‍ ചായ കുടിക്കാനിരുന്നത്. നരോദപാട്യയിലെ വീട്ടില്‍ ഞാനും എന്റെ സഹോദരങ്ങളും അവരുടെ ഭാര്യമാരും ഉമ്മയും ഒരുമിച്ചായിരുന്നു താമസം. സമയം രാവിലെ 9.30 ആയപ്പോഴേക്കും ജോലിക്ക് പോയ ഉമ്മ പെട്ടെന്ന് തിരിച്ചു വന്നു. സേട്ട് (മുതലാളി) പറഞ്ഞു, ഇന്ന് ഗുജറാത്തില്‍ ബന്ദാണെന്ന്, ഇതുപറഞ്ഞ് ഉമ്മ അടുക്കളയിലേക്ക് പോയി. പുറത്ത് നിന്നുള്ള ശബ്ദവും കൂവലും കരച്ചിലും കേട്ട് ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന ഞങ്ങള്‍ പുറത്തേക്കോടി. ആളുകള്‍ നൂറാനി മസ്ജിദിന്റെ അടുത്തേക്ക് ഓടുന്നത് കണ്ട് ഞങ്ങളും കൂടെപോയി. പോരുന്ന വഴിയിലെ കടകള്‍ ആരോ കത്തിച്ചതായി കണ്ടു. ധൃതിപ്പെട്ട് ഹോട്ടലുകള്‍ ഷട്ടറിട്ട് പൂട്ടുന്നത് കണ്ട് മനസ്സ് വല്ലാതെ ഭയം കൊണ്ട് മൂടി. മസ്ജിദിന്റെ അടുത്ത് എത്താന്‍ കഴിഞ്ഞില്ല. കുറെ ആളുകള്‍ ചേര്‍ന്ന് പള്ളി തകര്‍ക്കുന്നതും ഇമാമിനെ വലിച്ചിഴച്ച് റോഡിലിട്ട് മര്‍ദിക്കുന്നതും കണ്ട് എല്ലാവരും ഒച്ചയിട്ടു. പോലീസ് വന്ന് എല്ലാവരേയും ആട്ടിയോടിച്ചു. ഞങ്ങളോട് വീട്ടില്‍ പോയി ഇരിക്കാന്‍ പറഞ്ഞ് തോക്ക് വീശി.
തിരികെ വീട്ടിലേക്കോടി. വീടെത്തും മുമ്പെ നട്രജ് ഫാക്ടറിയുടെ ഭാഗത്ത് നിന്നും നരോഭക്ക് പിന്നിലെ ഗ്യാസ് ഏജന്‍സിയുടെ ഭാഗത്ത് നിന്നും ഒരുപാട് ആളുകള്‍ ഓടി വരുന്നത് കണ്ട് കൂടെയുണ്ടായിരുന്ന ആരോ പറഞ്ഞു കലാപകാരികള്‍ ഒരുപാടുണ്ട,് വേഗം ഇവിടന്ന് രക്ഷപ്പെട്ടോ എന്ന്...
ഇതുകേട്ട് കരഞ്ഞുകൊണ്ട് ഓടി വീട്ടിലെത്തി കൈയില്‍ കിട്ടിയ സാധനങ്ങളെടുത്ത് ഉമ്മ ജവാനയിലെ സഹോദരിയുടെ വീട്ടിലേക്ക് ഞങ്ങളെയും കൂട്ടിപ്പോയി. അവിടെ എത്തിയപ്പോഴേക്കും നരോദയുടെ അവസാന വാതിലും കലാപകാരികള്‍ അടച്ചിരുന്നു.
ഗത്യന്തരമില്ലാതെ എസ്.ആആര്‍പി. പോലീസ് ക്യമ്പിലേക്ക് ഓടിച്ചെന്ന് സഹായം ചോദിച്ച ഉമ്മയുടെ മുഖത്ത് ഒരു പോലീസുകാരന്‍ ഓങ്ങി അടിച്ചു. പത്രം കാണിച്ചിട്ട് പറഞ്ഞു.
"ഇത് കണ്ടോ ഗോധ്രയില്‍ ഞങ്ങള്‍ക്ക് സംഭവിച്ചത് നിങ്ങളും അനുഭവിക്കണം.''
അവിടുന്ന് ഇറങ്ങിയ ഞങ്ങളോട് ഒരു പോലീസുകാരന്‍ പറഞ്ഞു: "24 മണിക്കൂറിനുള്ളില്‍ കൊല്ലേണ്ടവരെ കൊല്ലാനും കത്തിക്കാനും ഓര്‍ഡര്‍ കിട്ടിയിട്ടുണ്ട്. രക്ഷ വേണേല്‍ ഇവിടുന്ന് വേഗം സ്ഥലം വിട്ടോളൂ എന്ന്.''
ഞങ്ങളും പെരുവഴിയിലൂടെ നിസ്സഹായരായി മുന്നോട്ട് ഓടി. എല്ലാവരും തലങ്ങും വിലങ്ങും ഓടുന്നു. കടകളും വീടുകളും നിന്നു കത്തുന്നു. എവിടെയും കരച്ചിലും കൂവലും മാത്രം. പോലീസ് ക്യാമ്പിനോടടുത്തുള്ള ഒരു കോര്‍ണറില്‍ വഴിയാണെന്ന് കരുതി ഓടിക്കേറിയ 30 പേരെ ജീവനോടെ ചുട്ടുകൊന്നു. ബാക്കി നൂറോളം പേരെ അടുത്തുള്ള കിണറുകളില്‍ ജീവനോടെ ചുട്ടെരിച്ചു.
ഉമ്മ ഞങ്ങളെയും കൊണ്ട് നരോധയുടെ ഒരറ്റത്ത് താമസിച്ചിരുന്ന ഉമ്മയുടെ പരിചയക്കാരായ ഗംഗോത്രി ഗോപിനാഥ് സൊസൈറ്റിയിലെ ആളുകളുടെ അടുത്തേക്ക് പോയി. അവര്‍ക്കെങ്കിലും സഹായിക്കാന്‍ കഴിഞ്ഞെങ്കിലോ.. കാല് പിടിച്ച് ഉമ്മ അപേക്ഷിച്ചു. കൂടെയുള്ള കുട്ടികളെയെങ്കിലും രക്ഷിക്കാന്‍. അവര്‍ രക്ഷിക്കാം എന്നുപറഞ്ഞ് ഞങ്ങളുടെ അടുത്തുള്ള സ്വര്‍ണവും രൂപയും ഒക്കെ വാങ്ങി, ആ റോഡിലൂടെ പോയാല്‍ നിങ്ങള്‍ക്ക് നരോദക്ക് പുറത്ത് കടക്കാം എന്ന് കാണിച്ചു തന്നു.
അവിടെയും രക്ഷയില്ലാതെ ഉമ്മയും രണ്ട് സഹോദരങ്ങളും സഹോദരന്റെ ഭാര്യയും മുമ്പേ ഓടി. നിര്‍ഭാഗ്യവശാല്‍ അവര്‍ ഓടിച്ചെന്നത് കലാപകാരികളുടെ ഇടയിലേക്കായിരുന്നു. കൈയിലുള്ള ത്രിശൂലവും പെട്രോള്‍ ബോംബും, തീപന്തവും കണ്ട് ഞങ്ങള്‍ കരഞ്ഞ് പറഞ്ഞു, ഉമ്മാ അങ്ങോട്ട് പോകല്ലേ... അവര്‍ കൊല്ലുമെന്ന്...
അടുത്തെത്തിയ ഉമ്മയോട് അവര്‍ പറഞ്ഞു. മിയാ ഭായീ അന്തര്‍ ആയിയേ..., അടുത്തെത്തിയ ഉമ്മയുടെ ദേഹത്തിലൂടെ ഒരാള്‍ പെട്രോളൊഴിച്ചു. തിരിഞ്ഞോടിയ ഉമ്മയെ അവര്‍ തീയിട്ടു. രക്ഷിക്കാനെത്തിയ സഹോദരന്മാരെ അവര്‍ വെട്ടി തലയും ഉടലും വേര്‍പ്പെടുത്തി... ഇതുകണ്ട് കൂടെയുണ്ടായിരുന്ന കുട്ടികളെയും കൂട്ടി അടുത്തുള്ള പെട്ടിക്കടയില്‍ ഞാന്‍ ഒളിച്ചു...
തല വേര്‍പ്പെട്ട് കിടക്കുന്ന സഹോദരന്റെ മൃതദേഹം കണ്ട് അവന്റെ ഭാര്യ ബോധരഹിതയായി മടിയിലേക്ക് വീണു. ഉച്ചത്തില്‍ കരഞ്ഞ കുട്ടികളുടെ വായ പൊത്തിപ്പിടിച്ച് ഞാന്‍ പറഞ്ഞു. ഒച്ചയുണ്ടാക്കിയാല്‍ അവര്‍ നമ്മളെയും കൊല്ലും; ഇതുപോലെ. കൂടെ പോയ ചെറിയ സഹോദരന്റെ ഭാര്യ അല്‍പം കത്തിയെങ്കിലും രക്ഷപ്പെട്ടത്തായിരുന്നു. അവളുടെ ഒക്കത്ത് രണ്ട് മാസം പ്രായമായ കുഞ്ഞുമുണ്ടായിരുന്നു. വെള്ളം ചോദിച്ച് കരഞ്ഞ അവളുടെ വായിലേക്ക് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഒക്കത്തുണ്ടായിരുന്ന കുഞ്ഞിനെ വലിച്ചെടുത്ത് ജീവനോടെ തീയിലേക്കെറിഞ്ഞു.
ഈ കൊടും ക്രൂരത ഞങ്ങളോട് ചെയ്തത് മറ്റാരുമായിരുന്നില്ല, വര്‍ഷങ്ങളായി ഞങ്ങളോടൊത്ത് ജീവിച്ച അയല്‍വാസികളായിരുന്നു. അവര്‍ക്ക് ഇത് എങ്ങനെ ചെയ്യാന്‍ കഴിഞ്ഞു എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല.
കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ട് എട്ട് മാസം 'സലം' ക്യാമ്പില്‍ താമസിച്ചു. എനിക്ക് അറിയാവുന്ന അക്രമികള്‍ക്കെതിരെ കോടതിയില്‍ മൊഴി കൊടുത്തു. അതിനും അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. സലം ക്യാമ്പിലെ ജീവിതത്തിന് ശേഷം നരോദയല്ലാത്ത എങ്ങോട്ടെങ്കിലും പോകാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷേ തിരിച്ചുപോകാന്‍ ഇവിടെ അല്ലാത്ത മറ്റൊരിടവും ഞങ്ങള്‍ക്ക് ലഭിച്ചില്ല. നാല് മാസങ്ങള്‍ക്ക് ശേഷം സഹോദരന്റെയും ഉമ്മയുടെയും അസ്ഥികള്‍ കിട്ടി. അത് അടുത്തുള്ള ഖബര്‍സ്ഥാനില്‍ കൊണ്ടു പോയി മറമാടി.
ജീവിക്കാന്‍ ഒരു പ്രതീക്ഷയും ഇല്ല. 10 കൊല്ലമായി കലാപം കഴിഞ്ഞിട്ട്. ഞങ്ങളെ അക്രമിച്ചവര്‍ ഇപ്പോഴും സുഖമായി ജീവിക്കുന്നു. ഞങ്ങള്‍ക്ക് ഇപ്പോഴും നീതി കിട്ടിയില്ല. ഈ ദുരവസ്ഥ മനുഷ്യ സമൂഹത്തിലെ ഒരാള്‍ക്കും അനുവദിക്കാന്‍ ഇടവരുത്തരുതേ എന്നാണ് പ്രാര്‍ഥന.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top