അറുതിയില്ലാത്ത ആകുലത

എന്‍.പി ഹാഫിസ് മുഹമ്മദ് No image

കോളേജില്‍ പഠിക്കുന്ന മകള്‍ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. അരമണിക്കൂര്‍ മുമ്പേ എത്തേണ്ടവളാണ്. അവള്‍ക്ക് എന്തുപറ്റി? അമ്മയുടെ ആകുലത തുടങ്ങി. നാലുമണിക്കെത്തേണ്ടതാണ്. അമ്മ അവളെ മൊബൈല്‍ ഫോണില്‍ വിളിച്ചു. മൊബൈല്‍ സ്വിച്ച് ഓഫ് എന്ന പ്രതികരണം കിട്ടി. അമ്മയൊന്ന് പിടഞ്ഞു. മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയോ? തളിരിട്ട ആകുലത ഞൊടിയിടകൊണ്ട് പടര്‍ന്ന് പിടിച്ചു. അവര്‍ക്കിരിക്കപ്പൊറുതി നഷ്ടമായി. ഉടനെ ഭര്‍ത്താവിനെ വിളിച്ചു. ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവിന് ഭാര്യയുടെ വേവലാതി നന്നായറിയാം. അയാളാശ്വസിപ്പിച്ചു: 'അവള്‍ക്ക് ബസ്സ് കിട്ടിയിട്ടുണ്ടാവില്ല, വൈകാതെയെത്തും.'
അമ്മ നിമിഷങ്ങളെണ്ണി. അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ തുടങ്ങി. കോളേജില്‍ വല്ല പരിപാടിയിലും പങ്കെടുക്കുകയാവുമോ എന്ന സംശയമായി. നമ്പര്‍ എങ്ങനെയോ തപ്പിപ്പിടിച്ച് കോളേജിലേക്ക് വിളിച്ചു. കോളേജിലൊരു പരിപാടിയുമില്ലെന്ന വിവരം ഞെട്ടലോടെ കേട്ടു. അവരുടെ പാതി ജീവന്‍ പോയി. അവര്‍ മകളുടെ കൂട്ടുകാരിയുടെ വീട്ടിലേക്ക് വിളിച്ചു. കൂട്ടുകാരിയുടെ അച്ഛനസുഖമായതിനാല്‍ അവള്‍ ആശുപത്രിയില്‍ പോയതാണെന്ന വിവരം കിട്ടി. അമ്മയുടെ വേവലാതി പെരുത്തു. ചുഴിക്കുത്തിലെന്നവിധം വട്ടം കറങ്ങി.
ഇരിക്കാനോ നില്‍ക്കാനോ നടക്കാനോ കഴിഞ്ഞില്ല. വീണ്ടുമവര്‍ ഭര്‍ത്താവിനെ വിളിച്ചു. ഭര്‍ത്താവിന്റെ ആശ്വാസ വാക്കുകള്‍ കൂടുതല്‍ പ്രകോപിപ്പിച്ചു. ബസ്സ്സ്റാന്റിലും റെയില്‍വെ സ്റേഷനിലും ആരെയെങ്കിലും വിട്ട് അന്വേഷിക്കാനവര്‍ ആവശ്യപ്പെട്ടു. അയാള്‍ക്കും സ്വസ്ഥത നഷ്ടമായി.
അപ്പോഴേക്കും അവര്‍ അനിയനെ വിളിച്ചു. അയാളെ ഷോപ്പില്‍ നിന്നിറക്കി വണ്ടിയെടുത്ത് കോളേജും പരിസരവും ബസ്സ് സ്റാന്റുമൊക്കെ പരതാന്‍ കരഞ്ഞു പറഞ്ഞു. ഇടക്കിടെ അനിയനെ വിളിച്ചു, മകളെ കണ്ടെത്തിയോ എന്ന് അന്വേഷിച്ചുകൊണ്ടിരുന്നു. ഭര്‍ത്താവപ്പോള്‍ ബസ്സ്റാന്റിലും പരിസരത്തും അന്വേഷിച്ച് വീട്ടിലെത്തി. അവര്‍ ഭര്‍ത്താവിന്റെ മേല്‍ വീണു: 'എന്റെ മോള്‍ക്കെന്തോ പറ്റ്യതാ... ഉറപ്പാ... ഉറപ്പാ...' അവരുടെ കരച്ചിലില്‍ അയല്‍ക്കാരും വിവരമറിഞ്ഞു. അയല്‍ക്കാര്‍ പോലീസിലറിയിക്കണോ എന്ന ചര്‍ച്ചയായി. കേസും കൂട്ടവുമായാല്‍ മോള്‍ക്ക് തന്നെയാവും കുഴപ്പം വരികയെന്ന് ഒരാളുപദേശിച്ചു. അപ്പോഴേക്ക് അമ്മ അര്‍ധബോധാവസ്ഥയിലായിരുന്നു.
അപ്പോള്‍ ഒരു ഓട്ടോ വീടിന് മുന്നില്‍ നിന്നു. മകള്‍ പുറത്തിറങ്ങി. നിരത്തിലും മുറ്റത്തും ആള്‍ക്കൂട്ടം. അവള്‍ക്കുറപ്പായി: അമ്മ കാര്യം പറ്റിച്ചിരിക്കുന്നു. ആളുകളവളെ തുറിച്ചു നോക്കുന്നു. ഒരു മണിക്കൂറോളം വൈകിയതിന് ഇങ്ങനെയൊരു സീന്‍ അഭിമുഖീകരിക്കേണ്ടി വരും എന്നവള്‍ കരുതിയതല്ല. അവള്‍ പടികേറുമ്പോള്‍ ക്ഷമാപണത്തോടെ അച്ഛനോട് പറഞ്ഞു: 'ചന്ദ്രികേടെ അച്ഛന് സീരിയസ്സാണെന്നറിഞ്ഞ് ആശുപത്രീ പോയതായിരുന്നു. ഫോണ്‍ ചാര്‍ജ്ജ് തീര്‍ന്നതോണ്ട് അമ്മയെ വിളിക്കാനും പറ്റീല. പെട്ടെന്ന് പോയിവരാന്ന് ഞാനും സുബിയും വിചാരിച്ചു. അവള്‍ക്കും മൊബൈലില്ല. പിന്നെ, മടങ്ങുമ്പോ ട്രാഫിക്കിലും പെട്ടു...''
അച്ഛനവളെ മനസ്സിലായി. പക്ഷേ അമ്മയ്ക്ക് ശ്വാസം കിട്ടാന്‍ പിന്നെയും രണ്ടുമൂന്ന് മണിക്കൂറെടുത്തു.
അമിതമായ ആകുലത ചിലരുടെ കൂടപ്പിറപ്പാണ്. അവരതുകാരണം ഞെരിപിരികൊള്ളുകയും എന്തിലുമേതിലും വേവലാതിപ്പെടുകയും ചെയ്യും. പ്രതികൂലമായ കാര്യങ്ങള്‍ മാത്രമേ അവരപ്പോള്‍ ആലോചിക്കൂ. ചെറിയൊരു സംശയത്തിലോ ആശങ്കയില്‍ നിന്നോ തുടങ്ങി അത്തരക്കാര്‍ അവരുടെ മനഃസംഘര്‍ഷം ക്ഷണിച്ചു വരുത്തുന്നു. ആകുലതയുടെ ആഴക്കയങ്ങളില്‍ പെട്ട് കറങ്ങുകയും മറ്റുള്ളവരെ അതിലേക്ക് വലിച്ചടുപ്പിച്ച് അവരുടെ സ്വസ്ഥത തകര്‍ക്കുകയും ചെയ്യുന്നു.
മറ്റുള്ളവര്‍ക്ക് തമാശ തോന്നിയേക്കാമെങ്കിലും ടെന്‍ഷനടിക്കുന്ന വ്യക്തിക്ക് അത് ഗൌരവപ്പെട്ട കാര്യമാണ്. തമാശ പറഞ്ഞാല്‍ ആശ്വാസമാവുമെന്ന് കരുതി അങ്ങനെ ചെയ്താല്‍ കാര്യം കൂടുതല്‍ വഷളാകും. ന്യായയുക്തികള്‍ നിരത്തി ബോധ്യപ്പെടുത്താമെന്ന് വിചാരിച്ചാല്‍ അതും വിലപോവില്ല. ചോദ്യം ചെയ്തു തോല്‍പ്പിക്കാമെന്ന് കരുതിയാല്‍ അവര്‍ അതിവികാരത്തോടെ സംസാരിക്കും. കരയും. ചിലപ്പോള്‍ പൊട്ടിത്തെറിക്കും. തന്നെ ആരും മനസ്സിലാക്കുന്നില്ലെന്ന് പരാതിപ്പെടും.
പലര്‍ക്കും ടെന്‍ഷന്‍ ശാരീരികമായ രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. ചിലരുടെ മനസ്സിലെ പിരിമുറുക്കം കടുത്ത തലവേദനയുണ്ടാകുന്നു. ചിലര്‍ക്ക് ഉദരസംബന്ധമായ രോഗങ്ങള്‍ വരുന്നു. ഉറക്കമില്ലായ്മ ഉറപ്പാണ്. രക്തസമ്മര്‍ദ്ദമേറുന്നതിനാല്‍ മറ്റു പലവിധ പ്രശ്നങ്ങള്‍ ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. ചിലരുടെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ടെന്‍ഷന്‍ അധികരിപ്പിക്കുന്നു. അറ്റമില്ലാത്ത ആകുലത ചിലരുടെയെങ്കിലും ആകാല അന്ത്യത്തിനോ അപകടങ്ങള്‍ക്കോ കാരണമാകുന്നു.
മനസ്സിന്റെ അമിതമായ ആന്തരിക വ്യാപാരമാണ് ഉത്കണ്ഠക്ക് വഴിയൊരുക്കുന്നത്. ശരീരം ഉണര്‍ച്ചയിലിരിക്കെ ഒരാളിന്റെ ആന്തരിക തലം ഒരുക്കുന്ന ചെയ്തികളാണ് വേവലാതിയേയും, അന്ത്യമില്ലാത്ത വേവലാതി ഉത്കണ്ഠയേയും ഉണ്ടാക്കുന്നത്. ആന്തരിക സംഘര്‍ഷം വ്യാകുലതയെ ഒരു പ്രവൃത്തിയാക്കി മാറ്റുന്നു. അത് മാനസിക വ്യാപാരങ്ങളെ നിയന്ത്രിക്കുകയോ തളര്‍ത്തുകയോ ചെയ്യുന്നു. ബന്ധങ്ങളെ തകര്‍ക്കുന്നു.
ഒരു മനുഷ്യനും പിറക്കുമ്പോള്‍ ആകുലതയുമായല്ല ഭൂമിയിലെത്തുന്നത്. അപൂര്‍വമായി ചിലര്‍ക്ക് ജൈവപരമായ കാരണങ്ങളാല്‍ ഉത്കണ്ഠ ഉണ്ടായേക്കും. എന്നാല്‍ ആകുലതയുള്ളവരിലേറെപ്പേരും ചുറ്റുവട്ടത്തുനിന്നും ജീവിതശൈലിയില്‍ നിന്നും കണ്ടത് ഉണ്ടാക്കിയെടുക്കുന്നു. കുടുംബാന്തരീക്ഷം, മാതാപിതാക്കളുടെ സ്വഭാവം, കൂട്ടുകാര്‍, അധ്യാപകര്‍, ജോലി തുടങ്ങിയ വിവിധ ഘട്ടങ്ങള്‍ ഒരാളുടെ ആകുലത ഉണ്ടാക്കുന്നതിലോ കുറക്കുന്നതിലോ ഇല്ലാതാക്കുന്നതിലോ സ്വാധീനം ചെലുത്തുന്നുണ്ട്. ഒടുവില്‍ ആകുലത ഒരു ശീലമായിത്തീരുന്നു. വ്യക്തിത്വത്തിന്റെ ഭാഗമായിത്തീരുന്നു. ചിലര്‍ക്കെങ്കിലും ഒടുവില്‍ ആകുലപ്പെടാനൊന്നുമില്ലാതെ വരുന്നത് പുതിയൊരു ആകുലതക്ക് തന്നെ കാരണമാകുന്നു.
നഗരത്തിലുള്ളവര്‍ക്ക് ഗ്രാമീണരേക്കാള്‍ ആകുലത കാണുന്നുണ്ട്. നഗരജീവിതത്തിലെ ധൃതിയും ഉത്തരവാദിത്തങ്ങളും ആവശ്യങ്ങളും തീവ്രമായ ആകുലതക്ക് വേരും വളവുമായി തീരുന്നുണ്ട്. ഓഫീസില്‍ പോകുന്ന ഒരാള്‍, വേവലാതിയുടെ സഹചാരിയാണെങ്കില്‍, എണീറ്റയുടനെ അയാളുടെ ടെന്‍ഷന്‍ തുടങ്ങുന്നു. ദൈനംദിനകാര്യങ്ങള്‍ക്ക് മതിയായ സമയമുണ്ടാവില്ല. എന്തുചെയ്താലും അതൃപ്തിയായിരിക്കും. ഇറങ്ങാന്‍ നേരം സംശയമാണ്, ആവശ്യമുള്ള വസ്തുവകകളെടുത്തോ, ഇറങ്ങാന്‍ നേരം ഒരു ഫോണ്‍കോളോ മറ്റോ വന്നാല്‍ ആ ദിനമതോടെ കീഴ്മേല്‍ മറിഞ്ഞു. ബസ്സോ ട്രെയിനോ അല്‍പം വൈകിയാല്‍ പ്രശ്നമേറി. ചിലരുടെ ആകുലത സഹപ്രവര്‍ത്തകരുടെ സ്വാസ്ഥ്യം കെടുത്തുന്നു. അയാള്‍ വീട്ടിലെത്തിയാല്‍ കുടുംബകാര്യങ്ങളോ, ചിലപ്പോള്‍ ഓഫീസ് കാര്യങ്ങളോ ആകുലതയേറ്റുന്നു. മറ്റുള്ളവരുടെ ടെന്‍ഷന്‍ അയാള്‍ക്ക് പ്രശ്നമാവുന്നു. ചിലര്‍ക്ക് ഊണില്ല, ഉറക്കമില്ല.
ചിലരുടെ വ്യവഹാരപരമായ ഘടകങ്ങള്‍ (യലവമ്ശീൌൃമഹ ൃമശ) മറ്റു ചിലരുടെ വേവലാതിക്ക് കാരണമാകുന്നുണ്ട്. കുട്ടികളുടെ പഠിക്കാനുള്ള താല്‍പര്യക്കുറവോ, മാര്‍ക്കോ, ഗ്രേഡോ കുറവായാലോ ചില രക്ഷിതാക്കള്‍ക്ക് ഉറക്കമില്ലാതാകുന്നു. മകളുടെ വിവാഹം വരെ അതിനെക്കുറിച്ചോര്‍ത്തും, വിവാഹാനന്തരം മകളുടെ ഭര്‍ത്താവിന്റെ വീട്ടിലെ അന്തരീക്ഷത്തെ കുറിച്ചോര്‍ത്തും വേവലാതിപ്പെട്ടുകൊണ്ടേയിരിക്കുന്നു.
ആകുലത മാനസിക അസ്വസ്ഥതകള്‍ക്ക് കാരണമായിട്ടുണ്ടെങ്കില്‍ വിദഗ്ധരുടെ ചികിത്സ വേണ്ടിവരുന്നു. മനഃശാസ്ത്രജ്ഞര്‍, കൌണ്‍സിലര്‍മാര്‍, മനോരോഗ വിദഗ്ധര്‍ എന്നിവരാണ് ഈ മാനസിക അസ്വാസ്ഥ്യത്തെ ചികിത്സിച്ച് ഭേദപ്പെടുത്തുന്നത്. തുടക്കത്തില്‍ തന്നെ കൌണ്‍സിലിംഗ് നല്‍കുകയാണെങ്കില്‍ പലരെയും ആഴക്കയങ്ങളില്‍ വീഴുന്നതില്‍ നിന്നും രക്ഷിക്കാനാവും. പിരിമുറുക്കത്തിനയവ് വരുത്താനും സ്വയം നിയന്ത്രണമുണ്ടാക്കാനും റിലാക്സേഷന്‍ തെറാപ്പി നല്‍കുന്നു. ഗ്രൂപ്പ് കൌണ്‍സിലിംഗ്, യോഗ, പരിശീലന പരിപാടികള്‍, ആവശ്യമെങ്കില്‍ മരുന്ന് തുടങ്ങിയവ നല്‍കി, സംയുക്ത ചികിത്സ നടത്തുന്ന കേന്ദ്രങ്ങളുണ്ട്. ജീവിത ശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്താനുള്ള പരിശീലനം നല്‍കാറുണ്ട്.
കഴിയാവുന്നത്ര ലളിതജീവിതം നയിക്കുന്നതും അമിതമോഹങ്ങളില്‍ നിന്നോ ആര്‍ത്തിയില്‍ നിന്നോ വിടുതല്‍ നേടുന്നതും ആന്തരിക സംഘര്‍ഷം കുറക്കുന്നു. ഭക്ഷണം, വേഷം, ഉപയോഗവസ്തുക്കള്‍ എന്നിവയില്‍ ലാളിത്യം പരിശീലിക്കുന്നത് പലര്‍ക്കും ഗുണപ്രദമാകാറുണ്ട്. പ്രകൃതി ജീവിത കേന്ദ്രങ്ങളും ടെന്‍ഷനുള്ളവരെ മാറ്റിയെടുക്കാന്‍ സഹായിക്കുന്നുണ്ട്. ആധിയും വ്യാധിയും കൊണ്ട് കത്തിയെരിയുന്നവര്‍ക്ക് വിദഗ്ധരുടെ മേല്‍നോട്ടത്തിലുള്ള ചികിത്സയും പരിശീലനവും നല്‍കുമ്പോള്‍ അത് പലര്‍ക്കും സ്വാസ്ഥ്യത്തിന്റെ പടവുകള്‍ കേറിത്തുടങ്ങാനുള്ള മാര്‍ഗമൊരുക്കുന്നു.
വ്യാകുലതയെ മാറ്റിയെടുക്കാന്‍ അത് തുടങ്ങുന്ന നേരം തന്നെ മനസ്സിലിടപെട്ട് തടസ്സമുണ്ടാക്കാന്‍ ശ്രമിക്കാവുന്നതാണ്. മനസ്സ് ഉത്കണ്ഠക്ക് കീഴ്പ്പെടാന്‍ തുടങ്ങുന്ന നിമിഷം തന്നെ താന്‍ വേവലാതിയുടെ ചുഴിക്കുത്തിലേക്ക് നീങ്ങുന്നതെന്ന് തിരിച്ചറിയാനാവണം. വ്യാകുലതക്ക് ഹേതുവാകുന്നകാര്യം തിരിച്ചറിയാനാവുമോ എന്ന് നോക്കുക. കഴിയാവുന്നത്രയും യുക്തിപൂര്‍വം വിശകലനം നടത്താനും മറ്റെന്തെങ്കിലും കാര്യങ്ങളിലേക്ക് വ്യാപൃതരാകാനും ശ്രമിക്കുക. ഇഷ്ടപ്പെട്ട കാര്യത്തെക്കുറിച്ചോ, ആഹ്ളാദകരമായ അനുഭവത്തെ കുറിച്ചോ ആലോചിക്കാം. പ്രയോജനപ്രദമായ എന്തെങ്കിലും കാര്യങ്ങളില്‍, രചനാത്മകമായ പ്രവൃത്തികളില്‍ വ്യാപരിക്കുന്നതാണുചിതം. പാചകമോ, തോട്ടപ്പണിയോ, മുറി അലങ്കരിക്കലോ, ചിത്രം വരയോ, കരകൌശല നിര്‍മാണമോ, എക്സസൈസോ ആകാം. ഉത്കണ്ഠയോട് ബന്ധമില്ലാത്ത എന്നാല്‍ അടുപ്പമുള്ള ഒരാളിനോട് ഫോണിലൂടെ ബന്ധപ്പെടാവുന്നതാണ്. ഇതൊക്കെ ചെയ്തിട്ടും ഒരാള്‍ക്ക് ആന്തരിക സംഘര്‍ഷത്തെ നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ കൌണ്‍സിലറുടെയോ മനഃശാസ്ത്രജ്ഞന്റെയോ സഹായം തേടേണ്ടി വരുന്നു.
ശേഷക്രിയ
ഉത്കണ്ഠപ്പെട്ടുഴലുന്നവരുടെ കൂടെ കഴിയുന്നവരും പ്രവൃത്തിക്കുന്നവരും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
1. ഒരാള്‍ നിരന്തരമായി വേവലാതിപ്പെടുന്നുവെങ്കില്‍ അത് ആ വ്യക്തിക്ക് അനിയന്ത്രിതമായ ഒരു പ്രശ്നമാണെന്ന് മനസ്സിലാക്കുക. പലര്‍ക്കും അവരാശിക്കാതെ ഉണ്ടാവുന്ന ഒരു മാനസികാവസ്ഥയാണിത് എന്ന് തിരിച്ചറിയുക.
2. അനിയന്ത്രിതമായ വേവലാതിയില്‍ പിടയുന്നവരെ കുറ്റപ്പെടുത്തുകയോ ശിക്ഷിക്കുകയോ യുക്തിവിചാരം നടത്തി തോല്‍പ്പിക്കുകയോ ചെയ്തതുകൊണ്ട് കാര്യമില്ല.
3. വേവലാതിപ്പെടുന്ന കാര്യത്തില്‍ വ്യക്തമായ തെളിവ് നല്‍കി ബോധ്യപ്പെടുത്താനാവുമെങ്കില്‍ അത് ചെയ്യുക.
4. ആകുലതപ്പെടുന്ന വ്യക്തിയുടെ സര്‍ഗാത്മകതയോ രചനാത്മകതയോ ആയ ഘടകങ്ങളെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക. വേവലാതിപ്പെടാന്‍ തുടങ്ങുന്ന നേരങ്ങളില്‍ അത്തരം ഇഷ്ടപ്പെട്ടതും ഫലപ്രദവുമായ കാര്യങ്ങളിലേക്ക് വ്യക്തി സ്വയം മാറുന്നത് ഒരു പ്രതിരോധ തന്ത്രമായി വളര്‍ത്തിയെടുക്കുവാന്‍ സഹായിച്ചേക്കും.
5. ആകുലതയുടെ ഹേതു കണ്ടുപിടിക്കാനാവുന്നില്ല എന്നാണെങ്കില്‍ വ്യക്തിയെ ഏതെങ്കിലും പ്രവൃത്തിയിലേക്ക്, ശരീരമിളകുന്ന ഒരു നീക്കത്തിലേക്ക് മാറ്റാന്‍ ശ്രമിക്കുക. നടത്തം, നീന്തല്‍, എക്സര്‍സൈസ് തുടങ്ങിയവയാകാവുന്നതാണ്. ഈ പ്രവൃത്തികളില്‍ മറ്റുള്ളവര്‍ പങ്കാളിയാവണം.
6. സംഗീതം, ധ്യാനം, യോഗ എന്നിവ ഒരു സ്വയംചികിത്സാ പരിപാടി എന്ന നിലക്ക് ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുക.
7. വ്യക്തിക്ക് അനിയന്ത്രിതവും മറ്റുള്ളവര്‍ക്ക് അസ്വസ്ഥകരവുമായ തലങ്ങളിലേക്ക് ഒരാളുടെ വേവലാതി കൂടുന്നുവെങ്കില്‍ വിദഗ്ധരുടെ സഹായം തേടുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top