അച്ഛാ അച്ഛാ വന്നീടച്ഛാ!

സി. താഹിറ No image

ത്തുകള്‍ അപ്രസക്തമായ മണിയോര്‍ഡറുകള്‍ പോലും കാലഹരണപ്പെട്ട, സാങ്കേതികാവശ്യങ്ങള്‍ക്കുള്ള വ്യവഹാര രേഖകള്‍ കൈമാറുന്ന പോസ്റ്റുമാനുള്ള ഈ കാലത്ത് കത്തെഴുത്തിന്റെ സൗന്ദര്യം വരച്ചുകൊണ്ട് പഴയ കാലത്തിന്റെ ഓര്‍മ പുതുക്കുകയാണ് അകാലത്തില്‍ പൊലിഞ്ഞു പോയ മോഹന്‍ രാഘവന്‍ എന്ന നവസംവിധായകന്റെ 'ടി.ഡി ദാസന്‍ Std VI.B' എന്ന സിനിമ. കൈകുഞ്ഞായിരിക്കുമ്പോള്‍ അമ്മയോട് പിണങ്ങി നാടുവിട്ടുപോയ തന്റെ അച്ഛനെ കത്തിലൂടെ തന്നോട് അടുപ്പിക്കുകയാണ് ദാസന്‍ എന്ന സ്‌നേഹനിധിയായ മകന്‍. അമ്മയുടെ പഴയ പെട്ടിയില്‍ നിന്ന് ലഭിച്ച വിലാസത്തിലൂടെ കത്തെഴുതിയ മകന് ആ വിലാസത്തില്‍ ഇപ്പോള്‍ താമസിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു കുടുംബത്തിലെ ഒരു കൗമാരപ്രായക്കാരി അച്ഛനാണെന്ന വ്യാജേന മറുപടി എഴുതിക്കൊണ്ടിരിക്കുകയാണ്. അത് ദാസന് മനസ്സിലാവുന്നേയില്ല എന്നതാണ് ഇതിലെ കൗതുകകരമായ കാഴ്ച.
കുട്ടിക്കാലം മുതലേ സിനിമയെക്കുറിച്ച് സംസാരിക്കുകയും കഥാപാത്രങ്ങളെ ജീവിതത്തില്‍ കണ്ടുമുട്ടിയവരുമായി സാമ്യപ്പെടുത്തുകയെന്നുള്ളതും ഹോബിയാക്കിയ കലാകാരന്റെ ഏറെ കാലത്തെ സ്വപ്നമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുക എന്നത്. അങ്ങനെ രൂപപ്പെട്ട 'ടി.ഡി ദാസന്‍' അവാര്‍ഡുകള്‍ ഏറെ വാരിക്കൂട്ടിയെങ്കിലും അത് മുഴുക്കെ കാണാനും സ്വീകരിക്കാനും നില്‍ക്കാതെ മോഹന്‍ ഈ ലോകത്തോട് വിടപറയുകയായിരുന്നു.
ഒരു സാധാരണ ഗ്രാമത്തില്‍ ജീവിക്കുന്ന ദാസന്‍ എഴുതുന്ന കത്തുകള്‍ ലഭിക്കുന്നത് പൂര്‍ണ നഗര ജീവിതം നയിക്കുന്ന ഒരു മധ്യവര്‍ഗ കുടുംബത്തിലാണ്. അവിടുത്തെ അമ്മ, ബിസ്‌നസ് മോഹവുമായി ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് മറ്റൊരു നാട്ടില്‍ ചേക്കേറിയവളാണ്. അച്ഛന്‍ പരസ്യ ചിത്രകാരനാണ്. അമ്മയില്ലാത്ത, കാര്യങ്ങള്‍ വേലക്കാര്‍ നടത്തുന്ന വീട്ടില്‍ അമ്മയും അച്ഛനുമൊക്കെ വേലക്കാരന്‍ തന്നെയാണ്. അവര്‍ അവിടുത്തെ കുട്ടികളോട് കാണിക്കുന്ന സമീപനത്തിന്റെ പരുക്കത്തരം എത്രയാണെന്ന് ഈ ചിത്രം നന്നായി വരച്ചു കാട്ടുന്നുണ്ട്. അമ്മു ആദ്യമൊക്കെ ദാസന്റെ കത്തുകള്‍ അവഗണിച്ചെങ്കിലും നോവേറിയ അനുഭവങ്ങളുമായി വീണ്ടും വീണ്ടും വരുന്ന കത്തുകളെ അവഗണിക്കാന്‍ ആ പെണ്‍കുട്ടിക്ക് സാധിച്ചില്ല. അവള്‍ വന്ന് അച്ഛന്റെ ഭാഷയില്‍ മറുപടി എഴുതുകയും അത് ദാസന് ലഭിക്കുകയും ചെയ്യുന്നു.
കുടുംബത്തിലെ മറ്റംഗങ്ങള്‍ അവളുടെ ഈ മറുപടി എഴുതലിനെ എതിര്‍ത്തെങ്കിലും അവളുടെ ശക്തമായ ആവശ്യപ്പെടലിലൂടെയും ഇടപെടലിലൂടെയും കത്തിന്റെ വൈകാരിക സന്ദര്‍ഭങ്ങള്‍ ആധാരമാക്കി അവളുടെ അച്ഛന്‍ ഒരു കഥ മെനയുന്നിടത്ത് ഈ സിനിമ എത്തുന്നുണ്ട്. ദാസന്റെ അച്ഛനെ കുറിച്ച് ഇതിന്റെ ആദ്യാന്തം വരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിക്കുന്നില്ല. സ്‌കൂളിലെ സഹപാഠി തന്തയില്ലാത്തവന്‍ എന്ന് വിളിച്ച് കളിയാക്കുമ്പോള്‍ അവനെ വെല്ലാന്‍ ദാസനാകെയുള്ളത് ഈ മറുപടിക്കത്തുകളാണ്.
കോളക്കമ്പനിക്കാര്‍ വെള്ളം കലക്കിയ നാടാണ് ദാസന്റേത്. അവിടെയുള്ള കാലത്ത് ദിവാകരനടക്കം (ദാസന്റെ അച്ഛന്‍) ദാസന്റെ കുടുംബം കോള ഫാക്ടറിക്കെതിരെ സമരം നടത്തുന്നത് ഇതില്‍ ചിത്രീകരിക്കുന്നുണ്ട്. എന്നാല്‍ ദാസന്റെ കത്തുകിട്ടുന്ന കുടുംബത്തിലെ അച്ഛന്‍ കോളക്കമ്പനിക്ക് വേണ്ടി പരസ്യമെടുക്കുന്നയാളാണ്. ഇത് ദാസന്‍ കത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. എന്നിട്ടും ഈ കുടുംബം അവന്റെ കത്തുകളെ അവഗണിക്കുന്നില്ല. കാരുണ്യം വറ്റിയതാണ് നഗരജീവിതമെന്ന് സാധാരണ പറയാറുണ്ടെങ്കിലും നമ്മളറിയാത്ത ഒരു ഹൃദയം അവരും സൂക്ഷിക്കുന്നുണ്ടെന്നുള്ളതും ഈ സിനിമയിലൂടെ വ്യക്തമാകുന്നു.
കഠിന സ്വഭാവക്കാരിയായ ദാസന്റെ അമ്മക്ക് അവന്‍ കത്തെഴുതുന്നതും അതിന് മറുപടി വരുന്നതും ആദ്യമൊന്നും മനസ്സിലാകുന്നില്ല. അവര്‍ക്ക് അവന്റെ അച്ഛന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ കലികയറും. അവനെ സമാധാനിപ്പിക്കാന്‍ ആകെ അവിടെയുള്ളത് മുത്തിയമ്മയാണ്. അവരോട് അവന്‍ ഈ വിവരം പറയുകയും അമ്മയെ നീയിതറിയിക്കേണ്ടതില്ലെന്ന് അവര്‍ മറുപടി പറയുകയും ചെയ്തു. ദാസന്‍ രഹസ്യമാക്കി വെച്ചെങ്കിലും അവസാനം അമ്മക്ക് കത്തുകളെല്ലാം ലഭിക്കുന്നുണ്ട്. ഇക്കാരണത്താല്‍ അമ്മ അവനെ ശാസിക്കുകയും നിന്റെ അച്ഛനൊന്നുമല്ല ഇതെന്നും പറഞ്ഞുകൊണ്ട് നിലവിളി കൂട്ടുകയും കരയുകയുമൊക്കെ ചെയ്യുന്നുണ്ട്. അവസാനം അമ്മ ആത്മഹത്യചെയ്യുകയാണെന്ന് വെളിപ്പെടുത്താതെ അത്തരത്തില്‍ അമ്മയുടെ മരണം ചിത്രീകരിക്കുന്നുണ്ട്.
രക്തബന്ധത്തിന്റെ ആഴം ഈ സിനിമ വരച്ചു കാണിക്കുന്നു. അമ്മയറിയാതെ അച്ഛന് കത്തെഴുതുകയും അച്ഛനല്ലായെന്ന് അമ്മ പറഞ്ഞിട്ടും വിശ്വസിക്കാതെ അച്ഛന്‍ തന്നെയാണെന്ന് പറഞ്ഞ് കൊണ്ടിരിക്കുന്ന ദാസനിലൂടെ ഒരു മകന്‍ അച്ഛനെ സ്‌നേഹിക്കുന്നതിന്റെ തീവ്രത നമുക്കൂഹിക്കാം.
ദാസന്റെ വീട്ടുപറമ്പിലെ മരങ്ങള്‍ വിറ്റ അമ്മയോട് ഒരു മരം മുറിക്കുമ്പോള്‍ അത് തന്റെ അച്ഛന്റെതാണെന്ന് പറഞ്ഞ് അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതിന് അടികൊണ്ട് കരയേണ്ടി വന്നത് ഹൃദയസ്പൃക്കായ ഒരു രംഗം തന്നെയാണ്.
കത്തിലൂടെയുള്ള ബന്ധംകൊണ്ട് 'അച്ഛനെ' റെയില്‍വെ സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയാണ്. അമ്മുവിന്റെ കുടുംബം അവിടെയെത്തുകയും ദാസനുമായി കണ്ടുമുട്ടുകയും അമ്മ മരിച്ചതിന് ശേഷം അച്ഛന്റെ സുഹൃത്തിന്റെ സംരക്ഷണത്തില്‍ കഴിയുന്ന ദാസന്‍ അവനില്‍ നിന്ന് കുതറിച്ചാടി അവരോടടുക്കുകയും അവരുടെ വാഹനത്തിന്റെ പിന്നാലെ നിങ്ങളുടെ കൂടെ ഞാനും വരുമെന്ന് പറഞ്ഞ് കാണാമറയത്ത് ഓടുകയും ചെയ്യുന്ന രംഗത്തോടെയാണ് ഈ സിനിമ അവസാനിക്കുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top