വിഡ്ഢികളുടെ ദിനം

ടി. മുഹമ്മദ് വേളം No image

നേരുമാത്രം പറയുക അത് വിപ്ലവകരമാണ്. എത്ര കയ്ക്കുന്നതായാലും സത്യം മാത്രം പറയുക. (മുഹമ്മദ് നബി)
സത്യം പറയുന്നത് വിപ്ലവാത്മകമാണ്.
ജോര്‍ജ്ജ് ഓര്‍വെല്‍.
കളവ് ഒരു മനുഷ്യന്റെ പതനമാണ്. പിന്നെയും പിന്നെയും ആവര്‍ത്തിക്കപ്പെടുന്ന പതനങ്ങളുടെ ആദ്യ പടവാണ്. സത്യം പറയുക എന്ന തീരുമാനം നന്മകളിലേക്കുള്ള വിക്ഷേപണ കേന്ദ്രമാണ്. നേരായ കാര്യങ്ങള്‍ പറയുക അത് നിങ്ങളുടെ കര്‍മങ്ങളെ നന്നാക്കി തീര്‍ക്കുമെന്ന് അല്ലാഹു പഠിപ്പിക്കുന്നു. (അല്‍-അഹ്‌സാബ്: 70-71) ഇതിനെ തുടര്‍ന്ന് ഖുര്‍ആന്‍ പറയുന്നത് മനുഷ്യജീവിതത്തിന്റെ അര്‍ഥവും ഭാഗധേയവുമായ അമാനത്ത് അഥവാ ഉത്തരവാദിത്വത്തെ കുറിച്ചാണ്. ആ ഉത്തരവാദിത്വത്തെ ദൈവം ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വതങ്ങളുടെയും മുന്നില്‍ കാണിച്ചു. അവര്‍ ആ ഉത്തരവാദിത്വമേറ്റെടുക്കുന്നതിനെ ഭയപ്പെടുകയും വിസമ്മതിക്കുകയും ചെയ്തു. എന്നാല്‍ മനുഷ്യന്‍ അത് ഏറ്റെടുത്തു. (അല്‍ അഹ്‌സാബ്: 72) അപ്പോള്‍ അമാനത്ത് എന്ന മനുഷ്യ ജീവിതത്തിന്റെ പൊരുളിന്റെ ആമുഖമായാണ് സത്യം പറയുക എന്നതിനെ ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. അതിനെ അടിത്തറയാക്കി മാത്രമേ ജീവിതം എന്ന ഉത്തരവാദിത്വത്തെ മൂല്യാധിഷ്ഠിതമായി നിറവേറ്റാന്‍ കഴിയുകയുള്ളൂ.
എല്ലാ അധര്‍മങ്ങളും ചെയ്യുന്ന ഒരാള്‍ ഒരിക്കല്‍ പ്രവാചകന്റെ അടുത്തുവന്നു പറഞ്ഞു: ''മുഹമ്മദേ, ഒരുപാട് കാര്യങ്ങള്‍ ഒന്നിച്ച് അനുസരിക്കാന്‍ എനിക്ക് കഴിയില്ല. നീ ഒരു കാര്യം മാത്രം പറഞ്ഞാല്‍ ഞാന്‍ പ്രാവര്‍ത്തികമാക്കാം.'' കള്ളം പറയുകയും കളവ് നടത്തുകയും മറ്റൊരുപാട് കുറ്റകൃത്യങ്ങളിലേര്‍പ്പെടുകയും ചെയ്യുന്ന ആ മനുഷ്യനോട് പ്രവാചകന്‍ പറഞ്ഞു: ''ശരി, ഒരു കാര്യം മാത്രം ഞാന്‍ പറയാം. നീ എന്തു വന്നാലും കളവ് പറയരുത്.'' ''ഒരു കാര്യമല്ലേ അത് ഞാന്‍ പാലിച്ചുകൊള്ളാം. വേറെ ഒന്നും പറയരുത്. ജീവിതത്തില്‍ പിന്തുടരാനായി'' പ്രവാചകന്‍ അത് സമ്മതിച്ചു. കളവ് പറയില്ല എന്ന ആ ഒരൊറ്റ നന്മമാത്രമായി പ്രവാചകന് വാക്ക് നല്‍കി പിരിഞ്ഞ ആ മനുഷ്യന്‍ രാത്രിയില്‍ പതിവ് പോലെ കളവ് നടത്താന്‍ പുറത്തിറങ്ങി. കുറച്ചുദൂരം ചെന്നപ്പോള്‍ അദ്ദേഹം ആലോചിച്ചു. നാളെ ആരെങ്കിലും നീയാണോ കളവ് നടത്തിയത് എന്നാരാഞ്ഞാല്‍ സത്യം പറയേണ്ടി വരും. ഈ ആലോചനകള്‍ എല്ലാ തിന്മകളില്‍ നിന്നും അദ്ദേഹത്തെ വിമുക്തനാക്കി.
സത്യസന്ധത എല്ലാ നന്മകളുടെയും ഗര്‍ഭപാത്രമാണ്. ധാര്‍മികതകളുടെ ഉറവിടമാണ്. സത്യം മാത്രം പറയുക ഒരര്‍ഥത്തില്‍ വളരെ ചെറിയ കാര്യമാണ്. പക്ഷേ ചില ചെറിയ കാര്യങ്ങള്‍ക്ക് വലിയ ഫലങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. പ്രവാചക പാഠശാലയിലെ ആ മനുഷ്യന്റെ കാര്യത്തില്‍ കണ്ടതുപോലെ, എന്ത് വന്നാലും സത്യമേ പറയൂ എന്ന ദൃഢനിശ്ചയം ഒരാളെ അയാളറിയാതെ ഒരുപാട് നല്ലവനാക്കി തീര്‍ക്കും. നന്മയിലേക്കുള്ള കുറുക്കുവഴിയാണ് സത്യസന്ധത. അടിയുറച്ച സത്യസന്ധതയുടെ ഫലം ജീവിതത്തിന്റെ അടിമുടിയുള്ള സംസ്‌കരണമാണ്.
ഓരോ തെറ്റ് ചെയ്യുന്നതിനു മുമ്പായും അതിനെ കുറിച്ച് ആരെങ്കിലും അന്വേഷിച്ചാല്‍ ഇന്ന കളവ് പറയാം എന്ന മുന്നൊരുക്കം മനസ്സില്‍ നടത്തിയാണ് മനുഷ്യന്‍ ഓരോ തെറ്റും ചെയ്യുന്നത്. കളവേ പറയില്ല എന്ന് തീരുമാനിച്ചാല്‍ ഒരു തെറ്റും ചെയ്യാന്‍ കഴിയാത്തവരായി നാം മാറും. അല്ലെങ്കില്‍ തെറ്റുചെയ്താല്‍ തന്നെ അന്വേഷണങ്ങള്‍ക്കുമുന്നില്‍ ഉടനെ സമ്മതിക്കുന്നവരായി നാം മാറും. പശ്ചാത്തപിക്കുന്നവരായി തീരും. സംസാരത്തില്‍ കളവ് പറയുക എന്ന ശീലമുള്ളവര്‍ ജീവിതത്തില്‍ മറ്റൊരുപാട് കുഴപ്പങ്ങള്‍ കൂടി ഉള്ളവരായിരിക്കും. ആ കുഴപ്പങ്ങളെയെല്ലാം അവര്‍ പരിചരിക്കുന്നത് നിരവധി കളവുകള്‍ നിരന്തരം പറഞ്ഞായിരിക്കും. കളവ് പറയുന്നവര്‍ അത് പറയുന്നത് വെറുതെയായിരിക്കില്ല. തിരശ്ശീലക്കുപിറകില്‍ നിരവധി അസത്യങ്ങളെ സംരക്ഷിക്കാനായിരിക്കും.
സത്യസന്ധത വിപ്ലവകരമായ സ്വഭാവ വിശേഷമാണെന്ന് പൂര്‍വസൂരികള്‍ പറഞ്ഞതിന്റെ പൊരുള്‍ ഇതാണ്. അത് ഒരാളുടെ ജീവിതത്തെ സമൂലമായി നന്മയിലേക്ക് മാറ്റാന്‍ ശേഷിയുള്ള സ്വഭാവ സവിശേഷതയാണ്. സത്യസന്ധത സാമൂഹിക ജീവിതത്തിലും നിരവധി സദ്ഫലങ്ങള്‍ പ്രദാനം ചെയ്യും. അതുകൊണ്ടാണ് പ്രവാചകന്‍ (സ) പറഞ്ഞത്: ''ഏറ്റവും ശ്രേഷ്ഠമായ ധര്‍മസമരം(ജിഹാദ്) അക്രമിയായ ഭരണാധികാരിയോട് സത്യം പറയലാണ്.'' ഏറ്റവും എളുപ്പമല്ലാത്ത വെല്ലുവിളിയാണത്. പക്ഷേ അത് ചിലപ്പോള്‍ ഒരു ഭരണാധികാരിയെ തന്നെ സംസ്‌കരിച്ചേക്കും. അല്ലെങ്കില്‍ അട്ടിമറിച്ചേക്കും. തങ്ങളെ കുറിച്ച് നേരു പറയുന്നതില്‍ നിന്ന് നാവുകളെ തടഞ്ഞു വെക്കുന്നതില്‍ വിജയിക്കുന്നത് കൊണ്ടാണ് അക്രമികളായ ഭരണകൂടങ്ങള്‍ക്ക് തങ്ങളുടെ പതനത്തെ നീട്ടിവെക്കാന്‍ കഴിയുന്നത്.
കളവ് വസ്തുനിഷ്ഠമല്ലാത്ത ഒന്നാണ്. അത് എത്ര മനോഹരമായി അവതരിപ്പിക്കപ്പെട്ടാലും ഫലപ്രദമായി വിനിമയം ചെയ്യപ്പെട്ടാലും നിലനില്‍ക്കാന്‍ പോകുന്നില്ല. കളവ് ഒരു വഞ്ചന കൂടിയാണ്. സ്ഥിരമായി വഞ്ചിക്കാന്‍ കഴിയുകയില്ല. ഏതു കളവും ഒരു നാള്‍ പൊളിയും. പൊളി എന്നാണല്ലോ നമ്മുടെ ഭാഷയില്‍ കളവിന് പറയപ്പെടുന്ന മറ്റൊരു പേര്. വസ്തുനിഷ്ഠമല്ലാത്ത ഒന്നിനും സുസ്ഥിരതയില്ല. അത് ചമയങ്ങള്‍ അണിഞ്ഞാലും എന്ത് കരുത്താര്‍ന്നതാണെന്ന് തോന്നിച്ചാലും. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്ന ഒരു ചൊല്ലും നമ്മുടെ ഭാഷയിലുണ്ടല്ലോ? കളവു പറയല്‍ അനുവദിക്കപ്പെട്ട ചില അവസരങ്ങളുണ്ട്. പരസ്പരം പിണങ്ങിയവര്‍ക്കിടയില്‍ അനുരഞ്ജനമുണ്ടാക്കാന്‍, ഭാര്യാഭര്‍ത്താകന്മാര്‍ക്കിടയിലെ സ്‌നേഹപ്രകടനത്തിന്റെ ഭാഗമായി ഇണകളുടെ സൗന്ദര്യത്തെ കുറിച്ചോ സ്വഭാവഗുണത്തെക്കുറിച്ചോ വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ പറയല്‍, യുദ്ധരംഗത്ത് യുദ്ധതന്ത്രത്തിന്റെ ഭാഗമായി ജീവന്‍ രക്ഷപ്പെടുത്താന്‍ നിര്‍ബന്ധിതാവസ്ഥയില്‍.
സത്യമെന്നത് ലോകത്തിന്റെ ചലന താളത്തിന്റെ പേരാണ്. കളവ് അതിന്റെ ശ്രുതിഭംഗമാണ്, താളപ്പിഴയാണ്. സത്യം പറയുമ്പോള്‍, പ്രവര്‍ത്തിക്കുമ്പോള്‍ ആ വിശ്വതാളത്തിലേക്ക് ലയിച്ചു ചേരുകയാണ് നാം ചെയ്യുന്നത്. കളവ് പ്രകൃതിവിരുദ്ധമാണ്.
സത്യസന്ധത നമുക്ക് ചിലപ്പോള്‍ ഭൗതികമായ പരിക്കുകള്‍ ഏല്‍പ്പിക്കാമെങ്കിലും അത് നല്‍കുന്ന ആത്മവിശ്വാസം അപാരമാണ്. അതുകൊണ്ടാണ് പ്രവാചകന്‍ പറഞ്ഞത്: ''സത്യസന്ധത മനഃശാന്തിയാണ്. കളവ് സന്ദേഹമാണ്.'' ഇസ്‌ലാമിന്റെ അടിത്തറയും അഭിവാജ്യവുമായി സത്യസന്ധതയെ ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ''നിങ്ങള്‍ വിഗ്രഹങ്ങള്‍ എന്ന മാലിന്യത്തെ വെടിയുക. തെറ്റായ വാക്കുകള്‍ എന്ന മാലിന്യത്തെയും.'' (അല്‍ ഹജ്ജ്: 30) വിഗ്രഹം തെറ്റായ വിശ്വാസത്തിന്റെ പ്രതീകമാണ്. അതിനോട് തന്നെയാണ് അല്ലാഹു തെറ്റായ വാക്കിനെയും ചേര്‍ത്ത് വെക്കുന്നത്.
തെറ്റായ ശീലങ്ങളുടെ കള പറിക്കാനും സദ്ശീലങ്ങളുടെ വിള വളര്‍ത്താനും നമുക്കാവണം. അപ്പോഴാണ് നാം ജീവിത തോട്ടത്തിലെ നല്ല കര്‍ഷകരാവുക. ഒരു ജനതയും നാഗരികതയും ആഘോഷിക്കേണ്ടത് കളവ് പറച്ചിലിനെയല്ല. കള്ളത്തില്‍ കെട്ടിപ്പടുത്ത വ്യാജ നാഗരികതയുടെ ദേശീയ ഉത്സവമാണ് ഏപ്രില്‍ ഒന്ന്.


ഏപ്രില്‍ ഫൂള്‍ ഒരു ചരിത്ര വിശകലനം

ഏപ്രില്‍ ഒന്ന് വിഡ്ഢി ദിനമായി ആചരിച്ചുതുടങ്ങിയതിനെ കുറിച്ച് ചരിത്രത്തില്‍ ഒരുപാട് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. അതിലൊന്ന് ഫ്രാന്‍സില്‍ ചാള്‍സ് ഒമ്പതാമന്റെ നേതൃത്വത്തില്‍ നടന്ന കലണ്ടര്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ടതാണ്. 1582-നു മുമ്പ് പുതുവര്‍ഷം ആഘോഷിച്ചിരുന്നത് മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ ഒന്ന് വരെയായിരുന്നു. ചാള്‍സ് ഒമ്പതാമനാണ് അത് ഡിസംബര്‍ 25 മുതല്‍ ജനുവരി 1 വരെയുള്ള കാലയളവിലേക്ക് മാറ്റിയത്. വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ വ്യാപകമല്ലാതിരുന്ന ആ കാലത്ത് വിവരം അറിയാത്ത പലരും ഏപ്രില്‍ ഒന്നിന് തന്നെ പുതുവര്‍ഷം ആഘോഷിച്ചു. അങ്ങനെ ഏപ്രില്‍ ഒന്നിന് പുതുവര്‍ഷം ആഘോഷിച്ചവരെ മറ്റുള്ളവര്‍ ഏപ്രില്‍ ഫൂള്‍ എന്നുവിളിച്ചു തുടങ്ങി. പിന്നീടത് വിഢ്ഢികളുടെ ദിനമായി മാറി.
ഏപ്രില്‍ ഫൂള്‍ ആചരണത്തിനു പിന്നില്‍ മറ്റൊരു അന്ധവിശ്വാസം കൂടിയുണ്ട്. ബഹുദൈവ വിശ്വാസങ്ങള്‍ കൂടി കലര്‍ന്ന ജ്യോതിഷ വീക്ഷണ പ്രകാരം രണ്ട് മത്സ്യങ്ങളാല്‍ അടയാളം നല്‍കപ്പെട്ടിട്ടുള്ള മീനം രാശിയില്‍ നിന്നും സൂര്യന്‍ അകന്നുപോകുന്ന ദിവസമാണ് ഏപ്രില്‍ ഒന്ന്. ആ ദിവസം സുഹൃത്തുക്കളുടെ പിറക് വശത്ത് ചത്തമത്സ്യത്തെ വെക്കല്‍ ജ്യോതിഷ വിശ്വാസികളായ അവരുടെ ആചാരമായിരുന്നു. പില്‍ക്കാലത്ത് ചത്ത മത്സ്യത്തിനു പകരം മത്സ്യത്തിന്റെ കടലാസു രൂപങ്ങള്‍ വെച്ച് മറ്റുള്ളവരെ പരിഹസിക്കുന്ന വിനോദമായി മാറി. അങ്ങനെ ഏപ്രില്‍ ഫിഷ് എന്ന ജ്യോതിഷ ആചാരമാണ് ഏപ്രില്‍ ഫൂള്‍ എന്ന വിനോദമായി മാറിയത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top