സ്വന്തത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നവരോട്

ഡോ: സമീര്‍ യൂനുസ് No image

രാജാവും മകളുമാണ് ആ ആഡംബരക്കൊട്ടാരത്തില്‍ താമസം. രാജകുമാരി കാണാന്‍ അതിസുന്ദരി. തന്റെ സൗന്ദര്യത്തില്‍ അവള്‍ വല്ലാതെ ഭ്രമിച്ചുപോവുകയും ചെയ്തിരുന്നു. അതവളെ അഹങ്കാരിയാക്കി. വിവാഹാലോചനയുമായി എത്രയോ രാജാക്കന്മാര്‍ കൊട്ടാരത്തിന്റെ പടി കയറി. ഒരാളെയും അവള്‍ക്ക് പിടിക്കുന്നില്ല. തന്നെപ്പോലെ സുന്ദരിയെ സ്വന്തമാക്കാനുള്ള യോഗ്യത ഈ വന്നവര്‍ക്കൊന്നുമില്ല എന്നാണവളുടെ ഭാവം. ഒടുവിലാണ് ബഹ്‌ലൂല്‍ എന്ന രാജകുമാരനെത്തുന്നത്. ധീരന്‍, സുന്ദരന്‍, മാന്യന്‍, എന്തും നടപ്പാക്കാന്‍ ഇഛാശക്തിയുള്ള യുവാവ്. രാജകുമാരിക്ക് അയാളെ പിടിക്കുമെന്നാണ് എല്ലാവരും കരുതിയത്. ഒരുപാട് കുറ്റങ്ങളും കുറവുകളും എണ്ണിപ്പറഞ്ഞ് രാജകുമാരി അയാളെയും നിഷ്‌ക്കരുണം തള്ളി.
മകളുടെ പെരുമാറ്റത്തില്‍ രാജാവ് വല്ലാതെ കോപാകുലനായി. തറവാടിത്തമുള്ള സകല രാജാക്കന്മാരെയും അപമാനിച്ച് ഇറക്കിവിടുകയാണല്ലോ രാജകുമാരി. ഇത് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ ചര്‍ച്ചയായി. മകളെ ഒരു പാഠം പഠിപ്പിച്ചിട്ട് തന്നെ കാര്യം. ഇനിയാദ്യം കൊട്ടാരത്തിലെത്തുന്ന യാചകന് തന്നെ പിടിച്ച് കെട്ടിച്ചുകൊടുക്കും! രാജാവ് തീരുമാനിച്ചു.
ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ കൊട്ടാരത്തിലതാ ഒരു യാചകന്‍. അയാള്‍ മധുരമായി പുല്ലാങ്കുഴല്‍ വായിച്ച ശേഷം കൂടിനിന്നവരോട് എന്തെങ്കിലും തരണമെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ രാജാവ് സ്വന്തം മകളെ വിളിച്ചുവരുത്തി. എന്നിട്ട് യാചകനോട് പറഞ്ഞു: 'എന്റെ മകളെ ഞാന്‍ നിനക്ക് ഭാര്യയാക്കി തന്നിരിക്കുന്നു. ഇന്ന് രാത്രി തന്നെ നീ അവളെയും കൊണ്ട് നിന്റെ നാട്ടിലേക്ക് പോകണം. ഒട്ടും വൈകരുത്. ഇവള്‍ക്ക് താന്‍ വലിയ സുന്ദരിയാണെന്ന അഹങ്കാരമുണ്ട്. അത് നീ മാറ്റിയെടുക്കുകയും വേണം.'
അങ്ങനെ ഭര്‍ത്താവിന്റെ വിദൂര നാട്ടിലേക്ക് പോകാനായി അന്നേരം തന്നെ കൊട്ടാരം വിട്ടിറങ്ങാന്‍ രാജകുമാരി നിര്‍ബന്ധിതയായി. അവള്‍ നടന്നാണ് പോകുന്നത്. കാരണം പുല്ലാങ്കുഴല്‍ വായനക്കാരനായ അവളുടെ (യാചക)ഭര്‍ത്താവിന് കുതിരയോ മറ്റു വാഹനങ്ങളോ ഇല്ല. നടന്ന് നടന്ന് രാജകുമാരി തളര്‍ന്നു. ചെരിപ്പുകള്‍ പൊട്ടി. കുണ്ടിലും കുഴിയിലും അവള്‍ തടഞ്ഞുവീണു. വേഗം വാ, വേഗം വാ എന്നവളുടെ ഭര്‍ത്താവ് തിരക്ക് കൂട്ടിക്കൊണ്ടിരുന്നു. അറ്റം കാണാത്ത ഒരു കാട്ടിലാണ് അവര്‍ എത്തിപ്പെട്ടത്. ദരിദ്രനായ തന്റെ ഭര്‍ത്താവിനോട് അവള്‍ ചോദിച്ചു: 'പലതരം മരങ്ങള്‍ നിറഞ്ഞു കിടക്കുന്ന ഈ കാടൊക്കെയും ആരുടെതാണ്?' 'അത് ബഹ്‌ലൂല്‍ രാജകുമാരന്റെതാണ്.' ബഹ്‌ലൂല്‍ രാജകുമാരന്റെ വിവാഹാന്വേഷണം നിരസിച്ചതില്‍ അപ്പോഴവള്‍ക്ക് വല്ലാത്ത നിരാശയുണ്ടായി.
വളരെ പ്രയാസകരമായ വഴികളിലൂടെ അവര്‍ യാത്ര തുടങ്ങിയിട്ട് ഒന്ന് രണ്ട് രാത്രികളും പകലുകളും കടന്നു പോയി. ഒരിടത്തൊന്ന് ഇരിക്കാന്‍ ഭര്‍ത്താവ് സമ്മതിക്കുന്നില്ല. അപ്പോഴേക്കും നടക്ക് നടക്ക് എന്ന് പറഞ്ഞ് പിന്നില്‍ നിന്ന് തള്ളും. അവള്‍ക്കൊന്നിനും വയ്യാതായി. മൃദുലമായ കാല്‍പാദങ്ങള്‍ വിണ്ടുകീറി. മുഖം കരുവാളിച്ചു. കണ്ണുകളില്‍ പൊടിയും കണ്ണുനീരും കുഴഞ്ഞു. അവര്‍ എത്തിച്ചേര്‍ന്നത് നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഗോതമ്പ് പാടശേഖരത്തിലാണ്. ഒരുഭാഗം നിറയെ മുന്തിരിത്തോപ്പുകള്‍. മറുഭാഗത്ത് പലതരം തോട്ടങ്ങള്‍. 'ഇതൊക്കെയും ആരുടേതാണ്?' അവള്‍ ചോദിച്ചു. 'ബഹ്‌ലൂല്‍ രാജകുമാരന്റെത്' ഭര്‍ത്താവിന്റെ മറുപടി. അഹങ്കാരം നിമിത്തം ബഹ്‌ലൂല്‍ രാജകുമാരന്റെ വിവാഹാന്വേഷണം നിരസിച്ചതില്‍ അപ്പോഴും അവള്‍ വല്ലാതെ ഖേദിച്ചു. യാത്രക്കിടയില്‍ പിന്നെ അവള്‍ കണ്ടത് ഒട്ടകങ്ങളുടെയും ആടുകളുടെയും പശുക്കളുടെയും വലിയ വലിയ കൂട്ടങ്ങള്‍ മേയുന്നതാണ്. അവയും ബഹ്‌ലൂലിന്റെതാണ് എന്നറിഞ്ഞപ്പോള്‍ കൊട്ടരത്തിലായിരിക്കെ തന്റെ അഹന്ത നിറഞ്ഞ പെരുമാറ്റത്തില്‍ അവള്‍ക്ക് വല്ലാത്ത മനഃസ്ഥാപമുണ്ടായി.
ഒരടി മുന്നോട്ട് വെക്കാനാവില്ലെന്ന് കണ്ടപ്പോള്‍ അവള്‍ ഒരു മണ്‍കൂനയിലേക്ക് തളര്‍ന്നുവീണു. 'ബഹ്‌ലൂലിനെ ഭര്‍ത്താവായി വരിച്ചിരുന്നുവെങ്കില്‍' എന്നവള്‍ അറിയാതെ പറഞ്ഞുപോവുകയും ചെയ്തു. ഭര്‍ത്താവിന് ആ വര്‍ത്തമാനം ഒട്ടും ഇഷ്ടമായില്ല. 'ഞാനാണ് നിന്റെ ഭര്‍ത്താവ്. ഇനിയാ ബഹ്‌ലൂലിന്റെ പേര് മിണ്ടിപ്പോകരുത്.'
മൂന്ന് ദിവസം കഴിഞ്ഞ് മണ്ണുകൊണ്ടുണ്ടാക്കിയ ഒരു കൂരയില്‍ അവള്‍ എത്തിച്ചേര്‍ന്നു. ''ഇതാണ് നമ്മുടെ വീട്,'' ഭര്‍ത്താവ് പറഞ്ഞു. അവള്‍ കരച്ചിലോട് കരച്ചില്‍. വേഗം ഭക്ഷണമുണ്ടാക്കാന്‍ ഭര്‍ത്താവ് കല്‍പിച്ചു. ഭക്ഷണമുണ്ടാക്കാന്‍ വിറക് വേണം. പാചകമറിയണം. വിറക് ശേഖരിക്കാന്‍ കാട്ടില്‍ പോകണം. ഇതൊന്നും അവള്‍ക്ക് ശീലമില്ല. കൊട്ടാരത്തില്‍ അതിന്റെയൊന്നും ആവശ്യമുണ്ടായിട്ടില്ലല്ലോ. എല്ലാം അവള്‍ ശീലിച്ചുകൊണ്ടിരുന്നു.
ഭര്‍ത്താവ് പറ്റെ ദരിദ്രനായത് കൊണ്ട് ഭക്ഷണത്തിന് കാര്യമായി വകയൊന്നുമില്ല. ഒരിക്കല്‍ അയാള്‍ അങ്ങാടിയില്‍ നിന്ന് വന്നത് ഒരു നൂല്‍നൂല്‍പ് യന്ത്രവുമായാണ്. പിന്നെ മണ്‍പാത്രങ്ങളുണ്ടാക്കാനും അവളെ പഠിപ്പിച്ചു. മണ്‍പാത്രങ്ങള്‍ വില്‍ക്കാന്‍ അവളെ അങ്ങാടിയിലേക്ക് പറഞ്ഞയച്ചു. വില്‍പനക്കിടയില്‍ ലക്കും ലഗാനുമില്ലാതെ കുതിരയെ ഓടിച്ച് വന്ന ഒരാള്‍ അവളുടെ വിലപിടിച്ച മണ്‍പാത്രങ്ങളത്രയും ചവിട്ടി നാശമാക്കി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ എവിടെയെങ്കിലും ജോലിക്കാരിയായി നില്‍ക്കുകയല്ലാതെ മാര്‍ഗമില്ലെന്നുവന്നു.
അങ്ങനെയാണ് ആ നാട്ടിലെ രാജകൊട്ടാരത്തില്‍ വേലക്കാരിയായി ചേരുന്നത്. കൊട്ടാരത്തില്‍ പിടിപ്പത് പണിയുണ്ടായിരുന്നു. കാരണം രാജകുമാരന്റെ വിവാഹദിനം അടുത്തു വരികയാണ്. വിവാഹ ഒരുക്കങ്ങള്‍ കണ്ട് അവള്‍ നെടുവീര്‍പ്പിട്ടു. തനിക്കും ഇതുപോലൊരു വിവാഹം ഉണ്ടാകുമായിരുന്നല്ലോ. അഹന്തയും ഗര്‍വുമാണ് തന്നെ ഈ നിലയിലെത്തിച്ചത്. അവള്‍ ചിന്തയിലാണ്ടിരിക്കെ വിവാഹിതനാകാന്‍ പോകുന്ന ബഹ്‌ലൂല്‍ രാജകുമാരന്‍ മുറിയിലേക്ക് കടന്നുവന്നു. അയാള്‍ വന്ന് ചുമലില്‍ കൈവച്ചപ്പോള്‍ അവള്‍ ഓടിമാറാന്‍ ശ്രമിച്ചു. ബഹ്‌ലൂല്‍ പറഞ്ഞു: 'എന്നെക്കണ്ട് പേടിക്കേണ്ട, നിന്റെ അഹന്തയും ഗര്‍വും മാറ്റിയെടുക്കാന്‍ ഞാന്‍ മനഃപൂര്‍വം ചെയ്ത പണികളാണിതൊക്കെ. നിന്നെ യാചക വേഷത്തില്‍ വന്ന് കല്യാണം കഴിച്ചതും നിന്റെ വിലപിടിച്ച മണ്‍പാത്രങ്ങള്‍ ചവിട്ടിപ്പൊട്ടിച്ചതും ഞാന്‍ തന്നെ. ഇന്ന് വൈകുന്നേരമാണ് വിവാഹമുഹൂര്‍ത്തം. വധു നീയല്ലാതെ മറ്റാര്! രണ്ട് സന്തോഷമാണ് ഇന്നെനിക്ക്. നിന്നെ വധുവായി കിട്ടിയതിന്, സ്വന്തത്തെക്കുറിച്ച ഗര്‍വ് പറ്റെ ഇല്ലാതായതിന്.'
*** *** *** *** ***
എനിക്ക് ഒരുപാട് ഭാര്യമാരുടെ കത്തുകള്‍ വരാറുണ്ട്. ഭര്‍ത്താവുമായി വേര്‍പിരിയട്ടെ എന്നാണവര്‍ ചോദിക്കുന്നത്. കുട്ടികളൊക്കെ ആയതിന് ശേഷമാണ്. പറയുന്ന കാരണമോ, തനിക്ക് ചേരുന്ന യോഗ്യതയും കഴിവും സൗന്ദര്യവും (കുഫ്അ്) ഉള്ള ആളല്ല ഭര്‍ത്താവ്! നല്ല വിവാഹാവസരങ്ങള്‍ വന്ന ഒരുപാട് പെണ്‍കുട്ടികളെയും എനിക്കറിയാം. നല്ല അറിവും മതബോധവുമുള്ള ചെറുപ്പക്കാരായിരിക്കും അന്വേഷിക്കുന്നത്. നേരത്തെ പറഞ്ഞ രാജകുമാരിയുടെ മനോഭാവത്തോടെ അവര്‍ ആ അന്വേഷണങ്ങളത്രയും തട്ടിമാറ്റുന്നു. അവരില്‍ ചിലര്‍ തങ്ങളുടെ സൗന്ദര്യത്തില്‍ സ്വയം അഭിരമിക്കുന്നവരും അഹങ്കരിക്കുന്നവരുമാണ്. ഞാന്‍ ഇന്ന തറവാട്ടുകാരിയാണ്, എന്റെ പിതാവിന് വലിയ ഉദ്യോഗമുണ്ട്, എനിക്കുള്ളത്ര സര്‍ട്ടിഫിക്കറ്റുകള്‍ എന്നെ കെട്ടാന്‍ വരുന്നവനുണ്ടോ ഇങ്ങനെ പല രീതിയില്‍ സ്വന്തത്തെക്കുറിച്ച പൊങ്ങച്ചവും ഗര്‍വും തികട്ടിവരും. ഇത്തരക്കാരുടെ ദാമ്പത്യ ജീവിതം തട്ടിത്തകരുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
സ്വന്തത്തെക്കുറിച്ച് അമിതമായി ഊറ്റം കൊള്ളുന്ന സഹോദരിമാരേ നിങ്ങളുടെ ഈ മനോഭാവത്തെ ഈമാനിന്റെ/ഇസ്‌ലാമിക വിശ്വാസത്തിന്റെ വെളിച്ചത്തില്‍ നിങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ? നിങ്ങളുടെ സൗന്ദര്യത്തിലും തറവാട്ട് മഹിമയിലും നിങ്ങള്‍ക്കെന്താണ് അഹങ്കരിക്കാനുള്ളത്? അതൊക്കെ അല്ലാഹു നല്‍കുന്ന അനുഗ്രഹങ്ങളല്ലേ. ഒരു ജ്ഞാനി പറഞ്ഞിട്ടുണ്ട്; ''ആര് സ്വന്തത്തെ വിചാരണ ചെയ്യുന്നുവോ അവന്‍ കോളടിച്ചു; ആര്‍ അക്കാര്യം അവഗണിച്ചുവോ അവന് നഷ്ടം പറ്റി. വരാന്‍ പോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവന്‍ രക്ഷപ്പെടും. സ്വേഛയെ അനുസരിക്കുന്നവന്‍ വഴിതെറ്റും. അറിഞ്ഞവന്‍ അതനുസരിച്ച് കര്‍മം ചെയ്യും. ദീര്‍ഘദൃഷ്ടിയുള്ളവന്‍ ഗുണപാഠം ഉള്‍ക്കൊള്ളും. അപ്പോഴവന് മനസ്സിലാകും സകല ശ്രേഷ്ഠതകളും അല്ലാഹുവിലേക്ക് മാത്രം ചേര്‍ക്കപ്പെടുന്നതാണെന്ന്.''
സ്വന്തത്തെ വലുതാക്കി കാണുക, ആ ചിന്തയില്‍ അഭിരമിക്കുക, ഇതൊരു രോഗമാണ്. അതിന്റെ മറ്റൊരു പേര് അഹങ്കാരം എന്നാണ്. ഒരാള്‍ക്ക് പലതരം അനുഗ്രഹങ്ങള്‍ കിട്ടിയെന്ന് വിചാരിക്കുക. അതുകണ്ട് അയാളുടെ കണ്ണ് മഞ്ഞളിച്ച് പോയി. ഇതൊക്കെയും എന്റെ രക്ഷിതാവ് തന്നതാണെന്നും തന്റെതല്ലെന്നും താഴ്മയോടെ നന്ദി കാണിക്കുകയാണ് താന്‍ വേണ്ടതെന്നും മനുഷ്യന്‍ ഓര്‍ത്തതേയില്ല. അങ്ങനെയൊരു ചിന്ത വരുമ്പോഴാണ് ഒരാള്‍ അഹങ്കാരിയാകുന്നത്. അഹങ്കാരിയുടെ മാതൃകയായി ഖുര്‍ആന്‍ അവതരിപ്പിക്കുന്നത് ഇബ്‌ലീസിനെയാണ്. ആ ഇബ്‌ലീസിയന്‍ മനോഭാവത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളും ഖുര്‍ആന്‍ പറഞ്ഞുതന്നിട്ടുണ്ട്.
''രാത്രിയുടെ അന്ത്യയാമങ്ങളില്‍ അവര്‍ മാപ്പിരക്കുന്നവരാണ്'' എന്നൊരിടത്ത് (അദ്ദാരിയാത്ത്: 18) ഖുര്‍ആന്‍ വിശ്വാസികളെ വിശേഷിപ്പിക്കുന്നുണ്ട്. ആ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട് അല്‍ ഖശീരി എന്ന പണ്ഡിതന്‍ പറയുന്നു: 'ആ സന്ദര്‍ഭത്തില്‍ വിശ്വാസികള്‍ അവരെ സ്വയം പാപികളുടെ സ്ഥാനത്ത് ഇറക്കിവെക്കുകയാണ്. തങ്ങളുടെ കഴിവുകളും പ്രവൃത്തികളും വളരെ നിസ്സാരമാണെന്ന ബോധ്യം അപ്പോഴവര്‍ക്ക് ഉണ്ടാവും.' ഈയൊരു എളിമയും താഴ്മയുമാണ് അഹങ്കാരത്തെ ഒതുക്കാനുള്ള വഴി.
ആരാധനാ കര്‍മങ്ങള്‍ ഹൃദയത്തില്‍ ചെയ്യുമ്പോഴാണ് (ഇബാദത്തുല്‍ ഖല്‍ബ്) ഈയൊരു സന്‍മനസ്സ് രൂപം കൊള്ളുക. സ്വന്തം അഹന്തയെ തന്നത്താന്‍ അധിക്ഷേപിക്കാനും തയ്യാറാവണം. മുന്‍ഗാമികളായ മഹത്തുക്കള്‍ അങ്ങനെ ചെയ്യാറുണ്ടായിരുന്നു. ഫുളൈലുബ്‌നു ഇയാദ് എന്ന മഹാന്‍ സ്വന്തത്തെ അറിഞ്ഞു ബോധനം ചെയ്തിരുന്നത് 'അതിക്രമിയും നാട്യക്കാരനുമായ ഫുളൈലേ' എന്നായിരുന്നു.
പ്രാവാചകന്റെ അനുയായികളിലേക്ക് നോക്കുക. വിനയത്തിന്റെ എത്ര മഹത്തായ മാതൃകകള്‍. ആരോരുമില്ലാത്ത വൃദ്ധയുടെ ചെറ്റക്കുടിലില്‍ അവരെ പരിചരിക്കാനായി മത്സരിച്ചോടിയെത്തുന്ന അബൂബക്കറും ഉമറും! ഉമര്‍ (റ) ഒരു കുട്ടിയെ കണ്ടപ്പോള്‍ പറഞ്ഞു: ''മോനെ, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. നീ പാപമൊന്നും ചെയ്തിട്ടില്ലല്ലോ.'' മഹറിന്റെ കാര്യത്തില്‍ തന്റെ തീരുമാനത്തെ ഒരു സ്ത്രീ ചോദ്യം ചെയ്തപ്പോള്‍ ഉമര്‍ (റ) ജനങ്ങളുടെ മുമ്പാകെ വിനയാന്വിതനായി. ''സ്ത്രീ പറഞ്ഞതാണ് ശരി. ഉമറിന് തെറ്റുപറ്റിയിരിക്കുന്നു.''
ഖാറൂന്‍ പോലുള്ള അഹങ്കാരികളുടെ അന്ത്യം എങ്ങനെയായിരുന്നുവെന്ന് ഖുര്‍ആന്‍ നമുക്ക് വിവരിച്ച് തന്നിട്ടില്ലേ. ഇനി ഈ ഖുര്‍ആനിക സൂക്തം കൂടി കാണുക. ''പരലോകത്ത് ആ സ്വര്‍ഗീയ ഭവനം നാം ഒരുക്കിവെച്ചിരിക്കുന്നത് ഭൂമിയില്‍ നെഗളിക്കാത്തവര്‍ക്കും അതിക്രമം കാണിക്കാത്തവര്‍ക്കും ആകുന്നു. ശുഭപര്യവസാനം ഭക്തന്മാര്‍ക്ക് മാത്രമാണല്ലോ.'' (അല്‍ ഖസ്വസ്: 83)
ഇമാം ശാഫിഈയുടെ ഒരു ഉപദേശത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം. അദ്ദേഹം പറഞ്ഞു: 'സ്വന്തത്തെക്കുറിച്ച് ഞാന്‍ തരക്കേടില്ലല്ലോ എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ മൂന്ന് കാര്യങ്ങള്‍ ആലോചിക്കുക: ആരുടെ തൃപ്തിയാണ് ഞാന്‍ തേടുന്നത്? ആരുടെ അനുഗ്രഹമാണ് ഞാന്‍ കാംക്ഷിക്കുന്നത്? ആരുടെ ശിക്ഷയാണ് ഞാന്‍ ഭയപ്പെടുന്നത്? ഇങ്ങനെ ചിന്തിക്കുന്ന ഒരാള്‍ക്ക് തന്റെ കര്‍മങ്ങള്‍ എത്ര ചെറുത് എന്ന് തോന്നാതിരിക്കില്ല.'
വിവ: സ്വാലിഹ

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top