ഉത്തരേന്ത്യന്‍ ഡയറിക്കുറിപ്പ്

ഷര്‍നാസ് മുത്തു No image

ലസ്ഥാന നഗരിയിലെ തണുത്ത് വിറങ്ങലിച്ച പ്രഭാതം. ഇത്തിരി ആശങ്കയോടെയാണ് കണ്ണുതുറക്കുന്നത്. എങ്കിലും നമസ്‌കാരത്തിനു ശേഷം റജായിയുടെ ഉള്ളില്‍ ഒന്നു കൂടി ചുരുണ്ടു കൂടി. വേഗം തട്ടിയെണീറ്റപ്പോഴേക്കും സമയം 7.30. വെള്ളം ചൂടാക്കല്‍, കുളി, ബ്രഡ്, ഓംലൈറ്റ്... ചടപട 9 മണി. മനസ്സിലെന്തോ ഒരു ജഗപൊക. വെറും കേട്ടുകേള്‍വി മാത്രമുള്ള ഗ്രാമത്തില്‍ നാലു ദിനങ്ങള്‍... എന്തൊക്കെ, എങ്ങനെ...? നിറച്ചുവെച്ച ഭാണ്ഡവുമെടുത്ത് താഴെ നിര്‍ത്തിയിട്ട വണ്ടിയിലേക്ക് കാലെടുത്തു വച്ചു. നേരെ 'വിഷന്‍- 2016'-ന്റെ ഓഫീസിലേക്ക്. അതിന്റെ മോഡല്‍ വില്ലേജ് 3 പ്രൊജക്ടിന്റെ ഭാഗമായി ദത്തെടുത്ത 'പല്ലപ്പുര' എന്ന ഗ്രാമത്തെക്കുറിച്ച് പഠനം നടത്തലാണ് ഉദ്യമം. റോഡു മാര്‍ഗം അഞ്ചു മണിക്കൂര്‍ യാത്ര ചെയ്താല്‍ ഉത്തര്‍ പ്രദേശിലെ മുറാദാബാദ് ജില്ലയിലുള്ള ആ ഗ്രാമത്തിലെത്തിച്ചേരാം.
രണ്ടു വണ്ടികളിലായി ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികളുള്‍പ്പെടെ (ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ഥിനികളായ ഷാഹിദയും ഹസീനയും) പതിനേഴ് പേര്‍ ഹബീബ് സാറുടെ നേതൃത്വത്തില്‍ കളിതമാശകളും പാട്ടും പാതിമയക്കവുമായി നീങ്ങി.
തണുത്ത കൂരിരുട്ടില്‍ പഴയ തറവാടിത്തത്തിന്റെ സൂചകമായ പടിപ്പുരപോലെ തോന്നിക്കുന്ന ഒരു കവാടത്തിനുമുമ്പില്‍ വണ്ടി നിറുത്തി. ഞങ്ങളെ പ്രതീക്ഷിച്ചു നില്‍ക്കുകയായിരുന്ന രണ്ടു ഗ്രാമവാസികള്‍, പെണ്‍കുട്ടികള്‍ക്കിവിടെയാണ് താമസമെന്നറിയിച്ചു. അവിടെ സുന്ദരിയായ ഷാഹിനും (ഷാഹിന്‍ പര്‍വീന്‍, അതാണവളുടെ മുഴുവന്‍ പേര്) അവളുടെ ബാബിയും (ജ്യേഷ്ഠന്റെ ഭാര്യ) മെഴുകുതിരിവെട്ടത്തില്‍ ഞങ്ങള്‍ക്ക് മുറി കാണിച്ചു തന്നു. മുറി കണ്ട് ഞാനൊന്നു ഞെട്ടി. മണവാട്ടിക്കെന്നപോലെ കടഞ്ഞെടുത്ത കട്ടിലും ഒരു വലിയ പത്തായവും. ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം ചുവന്ന മിനുസമുള്ള കവറിട്ട റജായി (കട്ടിയുള്ള പുതപ്പ്), വലിയ നിലക്കണ്ണാടി, ഒരു ഭാഗത്ത് ജഗ്ഗില്‍ വെള്ളവും ഗ്ലാസും വെച്ചിരിക്കുന്നു. മറ്റൊരുഭാഗത്ത് മെഴുകുതിരി കൂരിരുട്ടിനോട് പടവെട്ടിക്കൊണ്ടിരിക്കുന്നു. യു.പിയിലെ ഒരു ദരിദ്ര ഗ്രാമത്തെ കുറിച്ച് പഠിക്കാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. ഈ കാണുന്നതോ...? ഒരുപക്ഷേ ഇത് ഗ്രാമമുഖ്യന്റെ വീടോ മറ്റോ ആയിരിക്കും... ഓരോ ചിന്തകള്‍ മനസ്സിലൂടെ കടന്നുപോയി. പിന്നീടാണറിഞ്ഞത്, കിടക്കയും റജായിയുമൊക്കെ ഡല്‍ഹിയില്‍ നിന്നും കുട്ടികള്‍ വരുന്നതറിഞ്ഞ് വാടകക്കെടുത്തതാണത്രെ. ആ കട്ടിലാവട്ടെ അവിടുത്തെ മകന് സ്ത്രീധനമായി കിട്ടിയതുമാണ്. ഉത്തരേന്ത്യയില്‍ നമ്മുടെ നാട്ടിലെ പോലെ സ്വര്‍ണമല്ല, മറിച്ച് വീട്ടുസാധനങ്ങളാണ് സ്ത്രീധനമായി കൊടുക്കാറ്. കട്ടില്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ടി.വി... ധനികരാണെങ്കില്‍ വീടും വാഹനവുമൊക്കെ കൊടുക്കും. വിവാഹനാളില്‍ പെണ്ണിനെ സ്വര്‍ണത്തെക്കാളും ഫാന്‍സിയാണ് അണിയിക്കാറ്.
യാത്രാക്ഷീണം കാരണം പെട്ടെന്ന് ഉറക്കത്തിലേക്ക് നീങ്ങി. രാവിലെ ഷാഹിന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ''ഭജി, നമാസ് പഠ്‌നാ ചാഹിയെ'' (നമസ്‌കരിക്കേണ്ടയോ) ഞാന്‍ അത്ഭുതപ്പെട്ടു. ഇന്നലെ ഒരു നോക്കുമാത്രം കണ്ട ആ കുട്ടി ഞങ്ങളെ വിളിച്ചെഴുന്നേല്‍പ്പിച്ച് നമസ്‌കാരത്തിന് പ്രേരിപ്പിക്കുന്നു. അതു മാത്രമല്ല, തണുപ്പായതിനാല്‍ വുളൂ എടുക്കാന്‍ വേണ്ട വെള്ളം ചൂടാക്കി ഒരു കിണ്ടിയില്‍ നിറച്ചു വെച്ചതിനുശേഷമാണ് ഈ വിളി.
വീടിന്റെ ഒരു മുറി മിഠായിക്കടയായി ഉപയോഗിക്കുന്നു. അതിന്റെ മുന്‍ഭാഗം റോഡിലേക്കാണ്. വീടിനു തൊട്ടുമുമ്പില്‍ നീണ്ട ആല. ഒരു പശുവും രണ്ടു എരുമകളും. രണ്ടു വികൃതി എരുമക്കുഞ്ഞുങ്ങളുമുണ്ടവിടെ. മതിലിനു മുകളിലും അടുപ്പിനു ചുറ്റും ചാണകവരളി ഉണക്കാനിട്ടിരിക്കുന്നു. ഇവര്‍ കാലികളെ വളര്‍ത്തുന്നത് പാലിനുവേണ്ടി മാത്രമല്ല, ചാണകവരളി ഉണ്ടാക്കാന്‍ കൂടിയാണ്. കുളിമുറിയോട് ചാരി ഒരു ഹാന്‍ഡ് പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. എന്താവശ്യത്തിനും വെള്ളം വേണമെങ്കില്‍ അതില്‍ നിന്നും അടിച്ചെടുക്കണം. അതല്ലാതെ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം ടാപ്പ് വഴി കിട്ടുന്ന സൗകര്യം ആ ഗ്രാമത്തിലൊരിടത്തുമില്ല.
കുളിയെല്ലാം കഴിഞ്ഞ് സര്‍വേക്ക് പോകാന്‍ തയ്യാറായിട്ട് കുറച്ച് സമയമായി. ഞങ്ങളുടെ ഗ്രൂപ്പിലെ ആണ്‍പടയെക്കുറിച്ച് ഒരു വിവരവുമില്ല; അവരെവിടെയാണ് താമസിക്കുന്നതെന്നോ, ഞങ്ങള്‍ എവിടെ നിന്ന്, എങ്ങനെ തുടങ്ങണമെന്നോ ഒന്നും അറിയില്ല. ഇന്നലെ പാതിരാത്രി വന്നതുകാരണം വഴിയെക്കുറിച്ചൊന്നും ഒരെത്തും പിടിയും കിട്ടുന്നില്ല. അങ്ങനെയിരിക്കെയാണ് ഹബീബ് സാറുടെ ഫോണ്‍. അവരവിടെ ഗ്രാമത്തിലെ വീടുകളെയും റോഡുകളെയും കുറിച്ചുള്ള രൂപരേഖ കിട്ടുന്നതിനുവേണ്ടി ഗ്രാമീണരുടെ സഹായത്തോടെ 'സോഷ്യല്‍ മാപിംഗ്' നടത്തിക്കൊണ്ടിരിക്കുകയാണ്.
അവളുടെ വീടിന്റെ നാലഞ്ചു വീടപ്പുറം ചാച്ചായുടെ വീട്ടിലേക്കാണ് ആദ്യം കൊണ്ടുപോയത്. തൊട്ടടുത്ത വീടുകളില്‍ നിന്നൊക്കെ സ്ത്രീകളും കുട്ടികളും അപരിചിതരെയെന്നോണം ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു. കുറെ അംഗങ്ങളുള്ള ഒരു കൂട്ടുകുടുംബത്തിലേക്കാണ് ഞങ്ങള്‍ കയറിച്ചെന്നത്. അവിടെയുണ്ടായിരുന്ന ഹബീബ് സാര്‍ പി. ആര്‍.എ ടെക്‌നിക്ക് ഉപയോഗിച്ച് എന്തെങ്കിലും ചാര്‍ട്ട് നിര്‍മിച്ചോളൂ എന്ന് പറഞ്ഞ് ചാര്‍ട്ട് പേപ്പറുകളും സ്‌കെച്ച് പെന്നും തന്നു. അതിന്റെ പണിയില്‍ വ്യാപൃതയായിക്കൊണ്ടിരിക്കുമ്പോഴാണ് റസിയയെ പരിചയപ്പെടുന്നത്. ഇരുപത്തിനാലുകാരിയായ ഇവള്‍ സാമ്പത്തിക പരാധീനതകള്‍ കാരണം 'ആലിമിയ്യത്ത് കോഴ്‌സ് മുഴുവനാക്കാന്‍ സാധിക്കാതെ പഠനം നിറുത്തിയതാണ്. അതിനു ശേഷം ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലി നോക്കി. പക്ഷെ, ആ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ പുറത്ത് പോയി പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന സമ്പ്രദായമുണ്ടായിരുന്നില്ല. മാത്രമല്ല പെണ്ണധ്വാനിച്ചു കൊണ്ടുവരുന്ന പണം തങ്ങള്‍ക്കു വേണ്ട എന്ന മനഃസ്ഥിതിയാണ് പലര്‍ക്കും. തീരെ ഗതിയില്ലാത്തവര്‍ മാത്രമേ സ്ത്രീകളെ ജോലിക്കയക്കൂ. ഉമ്മയ്ക്കും ഉപ്പയ്ക്കും സമ്മതമാണെങ്കിലും മറ്റു പലരുടെയും സമ്മര്‍ദത്തിനു വഴങ്ങി അവള്‍ക്ക് ജോലി നിറുത്തേണ്ടി വന്നു. ഡോക്ടര്‍ സാബുവുമായി വിവാഹം നിശ്ചയിച്ചു വെച്ചിട്ടുണ്ട്.
റസിയക്ക് എല്ലാ കാര്യങ്ങളെക്കുറിച്ചും സ്വന്തമായ കാഴ്ചപ്പാടുണ്ട്. മാത്രമല്ല, ഗ്രാമത്തെക്കുറിച്ചും ഗ്രാമവാസികളെക്കുറിച്ചും നന്നായറിയാം. ഇവളെ നമ്മുടെ കൂടെ കൂട്ടാമെന്ന് ഞങ്ങള്‍ മൂന്നുപേരും അടക്കം പറഞ്ഞു. മീറ്റിംഗ് തുടങ്ങിയപ്പോള്‍ ഷാഹിനെയും റസിയയെയും സര്‍വെ ഗ്രൂപിലുള്‍പ്പെടുത്തി. അവരെ കൂടാതെ ആ ഗ്രാമത്തില്‍ നിന്നുള്ള ഒരു ആണ്‍കുട്ടി ട്രെയിനിംഗ് ക്ലാസ് മുതല്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. മൊത്തം ഇരുപത്തിമൂന്നു പേരടങ്ങുന്ന ഗ്രൂപ്പിനെ രണ്ടോ മൂന്നോ പേരുള്ള ചെറിയ സംഘങ്ങളാക്കി, ഗ്രാമത്തിലെ ഓരോ ഭാഗങ്ങള്‍ വീതിച്ചുകൊടുത്തു. വെള്ളിയാഴ്ചയായതു കാരണം ജുമുഅക്ക് ശേഷം ഭക്ഷണവും കഴിഞ്ഞാണ് സര്‍വെ തുടങ്ങേണ്ടത്.
ആണ്‍കുട്ടികള്‍ പള്ളിയില്‍ പോയി, ഞങ്ങളോ...? ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് റസിയ പറഞ്ഞത്, അവള്‍ പഠിച്ച അറബി കോളേജുണ്ട് അടുത്ത്, നമുക്കവിടെ പോകാം. അങ്ങനെ റസിയയുടെ നേതൃത്വത്തില്‍ കോളേജ് കാണാന്‍ പോകാന്‍ തീരുമാനിച്ചു. അതുവരെ ചുരിദാറില്‍ നിന്നിരുന്ന റസിയ എവിടെനിന്നോ പര്‍ദ വാരിവലിച്ചിട്ടു. 'വിഷന്‍ 2016'-ന്റെ യു.പി കോ-ഓഡിനേറ്റര്‍ ത്വല്‍ഹയുടെ ഭാര്യ ഉസ്മയും ഞങ്ങളുടെ കൂടെയുണ്ട്. അവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസമേ ആയുള്ളൂ. എപ്പോഴും മണവാട്ടിയെ പോലെ ഉടുത്തൊരുങ്ങി; പൗഡറും കണ്‍മഷിയും... തുടങ്ങി സൗന്ദര്യമെല്ലാം പര്‍ദക്കുള്ളിലാണ്. നിഖാബ് ധരിച്ച അവളുടെ മാന്‍പേടപോലുള്ള കണ്ണ് മാത്രമേ പുറത്തേക്ക് കാണൂ. ഈ ത്സാന്‍സിക്കാരിക്ക് കേരളക്കാരെക്കുറിച്ച് നൂറായിരം സംശയങ്ങളാണ്; ''നിങ്ങളെന്താ കല്ല്യാണം കഴിച്ചിട്ടും ആഭരണങ്ങളൊന്നും ധരിക്കാതെ, പൗഡറില്ലാതെ...?'' ''കേരളത്തിലെ പെണ്‍കുട്ടികള്‍ നല്ല ധൈര്യവതികളാണല്ലേ, ഞങ്ങളെ ഇതുപോലെ ദൂരസ്ഥലത്തേക്കൊന്നും വിടില്ല.'' എം.കോം കഴിഞ്ഞ അവള്‍ തുടര്‍ന്ന് പഠനത്തിനോ ജോലിക്കോ പോകുന്നത് ഭര്‍ത്താവിനിഷ്ടമല്ല. സര്‍വെ ഗ്രൂപ്പില്‍ പെണ്‍കുട്ടികളുള്ളതുകൊണ്ടു മാത്രം കൂടെ കൂട്ടിയതാണ്.
കോളേജിലേക്കുള്ള വഴിയില്‍ പള്ളിയുടേതുപോലെ തോന്നിക്കുന്ന ഒരു മതില്‍ ചൂണ്ടിക്കൊണ്ട് റസിയ പറഞ്ഞു. ''അവിടെയാണ് ഞങ്ങളുടെ ഈദ്ഗാഹ്.'' ''നിങ്ങള്‍ ഈദ്ഗാഹിന് പോകാറുണ്ടോ?'' ഞാന്‍ ചോദിച്ചു. ''ഇല്ല; അവിടെ സ്ത്രീകള്‍ക്ക് പ്രവേശനമില്ല.'' സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ഈദ്ഗാഹ്...? ഒരു ചെറിയ അമര്‍ഷം എന്നിലെ സ്ത്രീയുടെ ഉള്ളിലൂടെ കടന്നുപോയി.
അപ്പോഴേക്കും ടാറിട്ട റോഡെത്തിക്കഴിഞ്ഞിരുന്നു. അവിടെയാണ് റസിയ പറഞ്ഞ വനിതാ കോളേജ്; 'അല്‍ ഹസര്‍ ജാമിഅ മദ്രസത്തുല്‍ ബനാത്ത്.' കോളേജെത്താന്‍ തുടങ്ങിയപ്പോഴേക്കും റസിയ പര്‍ദയുടെ ഷാളെടുത്ത് മുഖം മറച്ചു. ഞങ്ങളോടും അതുപോലെ ചെയ്യാന്‍ പറഞ്ഞു. പുറമെ നിന്നുള്ള സന്ദര്‍ശകര്‍ക്ക് അകത്തേക്ക് പ്രവേശനമില്ല. റസിയയുടെ വാക്‌സാമര്‍ഥ്യം കൊണ്ട് എങ്ങനെയൊക്കെയോ അകത്തു കയറി. നഴ്‌സറി മുതല്‍ ഡിഗ്രി കോഴ്‌സ് (ഇസ്‌ലാമിക വിഷയത്തിലുള്ള ആലിമിയ്യത്ത്, ഫലാഹി തുടങ്ങിയ ഡിഗ്രി കോഴ്‌സുകള്‍) വരെ പഠനത്തിനുള്ള എല്ലാ വിധ സൗകര്യങ്ങളുമുണ്ട്; ഹോസ്റ്റല്‍, ഓഡിറ്റോറിയം, പ്രാര്‍ഥനാ മുറി, ക്ലിനിക്, കാന്റീന്‍, വിശാലമായ പുല്‍തകിടി, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, ദീനീ ലാബ്, എംബ്രോയിഡറി, ടൈലറിംഗ്, ഹാന്‍ഡ്ക്രാഫ്റ്റ്‌സ്,... ഒന്നോ രണ്ടോ പേരൊഴികെ ബാക്കിയെല്ലാ അധ്യാപകരും സ്ത്രീകളാണ്. പുരുഷന്മാര്‍ക്ക് ക്ലാസെടുക്കാനായി ക്ലാസ്മുറികളില്‍ ചെറിയ ക്യാബിനുകളുണ്ട്. അവര്‍ അതിനുള്ളിലിരുന്ന് 'പ്രസംഗിക്കുമ്പോള്‍' കുട്ടികള്‍ മൈക്കിലൂടെ സംശയം ചോദിക്കുന്നു. അതിനുവേണ്ട മൈക്കും സ്പീക്കറുമൊക്കെ ഘടിപ്പിച്ചിട്ടുണ്ട്. അധ്യാപകനും വിദ്യാര്‍ഥിയും പരസ്പരം കാണില്ല. വരാന്തയില്‍ നിന്നും ക്ലാസ് മുറിയില്‍ നിന്നും കാണുന്ന ഓരോരുത്തരും ഞങ്ങളോട് സലാം ചൊല്ലിക്കൊണ്ടിരുന്നു. ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ പൊതുവെ ആണുങ്ങളുടെ കുര്‍ത്തയും പൈജാമയും പെണ്ണുങ്ങളുടെ മുഖമക്കനയും കണ്ടാല്‍ സലാം പറയും. അവര്‍ക്ക് ദക്ഷിണേന്ത്യക്കാരെക്കാള്‍ സമുദായ വികാരം കൂടുതലാണ്. അവിടെയുള്ള ബഹുഭൂരിഭാഗം വിദ്യാര്‍ഥികളും അധ്യാപകരും പുറത്ത് നിന്ന് വന്നവരാണ്. അമിത ഫീസ് ഉള്ളതിനാല്‍ സൗകര്യം ഉപയോഗപ്പെടുത്താന്‍ ഗ്രാമവാസികള്‍ക്ക് സാധിക്കാതെ വരുന്നു.
അവിടെ നിന്നും മടങ്ങി, ഭക്ഷണം കഴിച്ചതിന് ശേഷം വീടുകളൊന്നൊന്നായി കയറിയിറങ്ങി. മനോഹരമായ പല്ലപ്പുര ഗ്രാമത്തിന്റെ ഒരു ഭാഗത്ത് ഗോതമ്പും കരിമ്പുമൊക്കെ വിളയിക്കുന്ന വിശാലമായ വയലാണെങ്കില്‍ മറുഭാഗത്ത് തൊട്ടുരുമ്മി നില്‍ക്കുന്ന കൊച്ചുകൊച്ചു വീടുകളാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷഹാദത്ത്, കരേഖാന്‍ എന്നീ രണ്ട് സഹോദരന്മാര്‍ ഗ്രാമത്തില്‍ വന്നു താമസിച്ചുവത്രെ. ഇന്നു കാണുന്ന ഗ്രാമവാസികള്‍ ആ ഷഹാദത്തിന്റെ പിന്‍ഗാമികളാണെന്നാണ് പറയപ്പെടുന്നത്. 236 കുടുംബങ്ങളുള്ള ഗ്രാമത്തില്‍ രണ്ട് ഹരിജന്‍ കുടുംബങ്ങള്‍ മാത്രമാണ് അമുസ്‌ലിംകളായുള്ളത്. ഞങ്ങള്‍ ഓരോ വീട്ടിലേക്കും കാലെടുത്ത് വെക്കുന്നതിനു മുമ്പ് അവരെക്കുറിച്ചുള്ള ഒരു പ്രാഥമിക വിവരം ഷാഹിന്‍ തന്നിരുന്നു. അത്യാവശ്യങ്ങള്‍ക്കല്ലാതെ വീട്ടില്‍ നിന്നും പുറത്തിറങ്ങാത്ത ഇവള്‍ക്കെങ്ങനെ ഓരോരുത്തരെക്കുറിച്ചും കൃത്യമായറിയാം! ഞങ്ങള്‍ അത്ഭുതപ്പെട്ടു. ഇലക്ഷന്‍ ആവശ്യത്തിന് എല്ലാവരുടെയും റേഷന്‍ കാര്‍ഡും മറ്റു വിവരങ്ങളും അവളുടെ വീട്ടിലാണത്രെ കൊണ്ടുവരാറ്. വെറുതെ അതെടുത്ത് മറിച്ചു നോക്കും; അത്ര തന്നെ...!
എരുമപ്പാലിന്റെ ചൂരുള്ള ചായകൊണ്ടാണ് ഞങ്ങളെ അവര്‍ എതിരേറ്റത്. നാലഞ്ചു വീടുകള്‍ കയറിയിറങ്ങിയതിനു ശേഷമാണ് റുക്‌സാനയുടെ വീട്ടിലെത്തിയത്. വീടിന്റെ പടി കയറിയപ്പോള്‍ ഇരിക്കാനായി മുറ്റത്തു തന്നെ ഒരു ടാര്‍പായ ഇട്ടു തന്നു. തൊട്ടപ്പുറത്ത് മറ്റൊരു ടാര്‍പായയില്‍ ആരോ പുതപ്പിട്ട് മൂടിയിരിക്കുന്നു. അതാരായിരിക്കും...? ഞാനും ഹസീനയും ഷാഹിന്റെ മുഖത്തേക്കു നോക്കി. റുക്‌സാനയുടെ ഉമ്മ പ്രസവിച്ചു കിടക്കുകയാണ്. ആറു ദിവസങ്ങള്‍ക്ക് മുമ്പ് ആ ഉമ്മ തന്റെ പതിമൂന്നാമത്തെ സന്തതിക്ക് ജന്മം നല്‍കി. പതിനഞ്ചംഗങ്ങളുള്ള ആ കുടുംബത്തിന്റെ ഭാരം മുഴുവന്‍ പതിനാലു വയസ്സുള്ള ഒരേയൊരു മകനിലാണ്. അവന്‍ പഠനം നിര്‍ത്തി ഹോട്ടലില്‍ ജോലിചെയ്യുന്നു. അതില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടുവേണം അരിവാങ്ങാന്‍. മുറ്റത്തിന്റെ ഒരരികില്‍ (പ്രസവിച്ചു കിടന്ന സ്ത്രീയുടെ തൊട്ടടുത്ത് ) രണ്ട് എരുമകളുമുണ്ട്. നാല് ലിറ്റര്‍ പാല്‍ കിട്ടുമത്രെ. കിട്ടുന്നതത്രയും ആവശ്യക്കാര്‍ക്ക് കൊടുക്കും. പണത്തിന്റെ അത്യാവശ്യം കാരണം വീട്ടിലെ ചെറിയ കുട്ടികള്‍ക്കോ പ്രസവിച്ചു കിടക്കുന്ന ഉമ്മക്കോ കൊടുക്കാറില്ല. ഞങ്ങളുടെ സംസാരം കേട്ട് അവര്‍ മുഖത്തുനിന്നും പുതപ്പ് മാറ്റി. വേദന കടിച്ചിറക്കുന്നതുപോലെ, ചിരിക്കാന്‍ ശ്രമിച്ചിട്ടും പുഞ്ചിരി മുഖത്ത് തെളിയുന്നില്ല. അടുത്തടുത്ത പ്രസവം (ഓരോ കുട്ടിയും തമ്മില്‍ ഒന്നരയോ രണ്ടോ വയസ്സിന് വ്യത്യാസമേയുള്ളൂ), എടുത്താല്‍ പൊങ്ങാത്ത കുടുംബഭാരം... ഒരു സാധാരണക്കാരിയായ വീട്ടമ്മയ്ക്ക് സന്തോഷിക്കാനെവിടെ അവസരം? കുടുംബത്തിലെ നാലുകുട്ടികള്‍ പണമില്ലാത്തതു കാരണം പഠനം നിര്‍ത്തിയതാണ്. റുക്‌സാന ചെന്ന് പുതപ്പുമാറ്റി കുഞ്ഞിനെ കാണിച്ചു തന്നു. ഒരു കൊച്ചുകുഞ്ഞ്, കണ്ടാലറിയാം വേണ്ടത്ര തൂക്കമില്ലെന്ന്. അവള്‍ ശാന്തമായുറങ്ങുകയാണ്. ചുറ്റുമുള്ള കാര്‍മേഘങ്ങള്‍ അവളുടെ അടുത്തെത്താനാവുന്നതേയുള്ളൂ...
ഞങ്ങള്‍ ചോദ്യാവലി പൂരിപ്പിച്ച് തുടങ്ങുമ്പോഴേക്കും ചായയും പലഹാരവുമെത്തി. ഒരു നേരത്തെ ഭക്ഷണത്തിന് പോലും പാടുപെടുന്ന അവരുടെ സ്‌നേഹത്തിന് മുമ്പില്‍ ഞങ്ങളൊന്നുമല്ലാതായി.
പല വീടുകളിലും രണ്ടോ മൂന്നോ കുടുംബങ്ങള്‍ ഒന്നിച്ച് താമസിക്കുന്നു. അങ്ങനെയുള്ള ഒരു വീട്ടിലാണ് ഹസീനയുടെ കുടുംബം. ഹസീന എന്ന പതിനാറുകാരി, അവളുടെ ഉമ്മയുടെ മൂത്ത പുത്രി. അവളെ പ്രസവിച്ച അന്ന് തുടങ്ങിയതാണ് ഉമ്മാക്ക് മാനസിക രോഗം. ഗ്രാമത്തില്‍ മാനസിക രോഗികളുടെ എണ്ണം കൂടുതലാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളോ രക്തബന്ധത്തിലുള്ളവര്‍ തമ്മില്‍ വിവാഹം നടക്കുന്നതോ ആവാം ഇതിനു കാരണം. കൂടാതെ തക്കതായ ചികിത്സാ സൗകര്യങ്ങളൊന്നും തന്നെ അവരുടെ കയ്യെത്തും ദൂരത്തില്ല. എന്തു തന്നെയായാലും, ആ കൗമാരക്കാരിയുടെ കണ്ണില്‍ ഇന്നുവരെ സൂര്യനുദിച്ചിട്ടില്ല. സ്‌കൂളിന്റെ പടി പോലും കാണാത്ത അവള്‍ക്ക് ആ വീടും അവിടുത്തെ പത്തിരുപത് അംഗങ്ങളുമാണ് ലോകം. ഉപ്പാക്കും ഉമ്മാക്കും കൊച്ചനുജന്മാര്‍ക്കും വെച്ചുവിളമ്പലും ഒരാളെ കണ്ടാല്‍ തിരിച്ചറിയുകപോലും ചെയ്യാതെ ഉമ്മാന്റെ കാര്യങ്ങള്‍ നോക്കലും... നിശ്ശബ്ദമായി അവള്‍ അവളുടെ ലോകത്ത് വിഹരിക്കുന്നു.
സന്ധ്യയായപ്പോഴേക്കും പത്ത് വീടുകള്‍ കയറി വിവരങ്ങള്‍ ശേഖരിച്ചു. മിക്ക വീടുകളിലും കറണ്ടില്ല. കറണ്ടുള്ളവര്‍ക്കാവട്ടെ ഒരാഴ്ച പകലുണ്ടായാല്‍ രാത്രിയുണ്ടാവില്ല. അടുത്തയാഴ്ച മുതല്‍ രാത്രിയുണ്ടാവും പകലുണ്ടാവില്ല. വേനല്‍ കാലമായാല്‍ ഈ പ്രശ്‌നമില്ല; മിക്കവാറും 24 മണിക്കൂര്‍ പവര്‍കട്ട്!
മലിനജലം ഒഴുക്കി വിടാന്‍ സ്ഥലമില്ലാത്തതിനാല്‍ അവിടവിടെ കെട്ടിക്കിടക്കുന്നു. 25 ശതമാനം കുടുംബങ്ങള്‍ക്കും സ്വന്തമായി കക്കൂസില്ല. ആ ഗ്രാമത്തിലാകെയുള്ളത് ഒരു പ്രാഥമിക വിദ്യാലയമാണ്. അവിടെ പോകുന്നതും വീട്ടിലിരിക്കുന്നതും ഒരുപോലെയാണെന്നാണ് ഗ്രാമീണരുടെ ഭാഷ്യം. തൊട്ടടുത്ത ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കാനാവട്ടെ നല്ല ഫീസും കൊടുക്കണം. അഞ്ചു വയസ്സിനും പതിനെട്ടു വയസ്സിനും ഇടയില്‍ പ്രായമുള്ളവരില്‍ 25 ശതമാനം കുട്ടികളും പല കാരണങ്ങള്‍ കൊണ്ട് പഠനം നിര്‍ത്തിയവരാണ്. 39 ശതമാനം കുട്ടികളാവട്ടെ സ്‌കൂളിന്റെ പടിപോലും കണ്ടിട്ടില്ല. ഒരു പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പോലുമില്ലാത്ത അവിടുത്തെ ആളുകള്‍ അസുഖം വരുമ്പോള്‍ ''ജോലചാപ്പിന്റെ'' അടുത്തേക്കാണ് പോകാറ്. മരുന്നുകളെക്കുറിച്ച് പ്രാഥമിക വിവരം പോലുമില്ലാത്ത ഇവര്‍ എല്ലാ രോഗത്തിനും അവരുടെ അടുത്തുള്ള അഞ്ചാറ് മരുന്നുകള്‍ മാറിമാറി പരീക്ഷിക്കും...!
എത്ര ഇല്ലായ്മകള്‍ പറയുമ്പോഴും നമ്മുടെ നാട്ടിലെ പോലെ അധിക പേരുടെയും കയ്യിലുള്ള ഒന്നാണ് മൊബൈല്‍ ഫോണ്‍. ടെക്‌നോളജിയുടെ വളര്‍ച്ചയോ സാംസ്‌കാരികാധിനിവേശത്തിന്റെ പിടിമുറുക്കമോ, എന്തു വേണമെങ്കിലും പറയാം.
ഇങ്ങനെയൊക്കെയാണെങ്കിലും ഗ്രാമീണരുടെ കരവിരുത് തെല്ലൊന്നുമല്ല ഞങ്ങളെ അമ്പരപ്പിച്ചത്. ഒരു ചെറിയ തരം പുല്ലുകൊണ്ട് മെടഞ്ഞുണ്ടാക്കിയ പാത്രത്തിലാണ് ചപ്പാത്തി ചുട്ടുവെക്കുന്നത്. അതിലായാല്‍ അഞ്ചാറ് മണിക്കൂര്‍ ചൂടാറാതെ കിട്ടുമത്രെ; നാടന്‍ കാസ്സ്‌റോള്‍! വിളവെടുപ്പിന് ശേഷം ധാന്യങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ ഉപയോഗിക്കുന്നത് ഏകദേശം ഏഴ് അടി ഉയരമുള്ള, രണ്ടടി വ്യാസമുള്ള മണ്ണുകൊണ്ടുള്ളൊരു സംഭരണിയാണ്. അതിന്റെ മുകളിലുള്ള വലിയ അടപ്പു തുറന്നാണ് ധാന്യങ്ങള്‍ ഉള്ളിലേക്കിടുന്നത്. താഴെയുള്ള ചെറിയ കിളിവാതിലിലൂടെ ആവശ്യാനുസരണം എടുക്കുന്നു. രണ്ടു മാസം പിടിക്കുമത്രെ ഇങ്ങനെ ഒരെണ്ണം ഉണ്ടാക്കിയെടുക്കാന്‍. മണ്ണു തേച്ചുണ്ടാക്കിയ പ്രത്യേക അടുപ്പും കോഴിക്കൂടുമൊക്കെ കണ്ടാല്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും.
അവിടുത്തെ ആളുകള്‍ക്കിടയില്‍ ജാതി ചിന്ത വളരെ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്. ഞങ്ങള്‍ ശൈഖ് സാദ (അവര്‍ക്കിടയിലെ ഉന്നത ജാതി)യാണെന്നവര്‍ തെല്ലൊരു അഹങ്കാരത്തോടെ പറയുന്നു. അതുകൊണ്ടുതന്നെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ടെങ്കിലും സര്‍ക്കാറിന്റെ കണക്കനുസരിച്ച് വിരലിലെണ്ണാവുന്നവരൊഴികെ ബാക്കിയെല്ലാ കുടുംബങ്ങളും എ.പി.എല്‍ പട്ടികയില്‍ പെട്ടവരാണ്.
പണ്ട് കാലത്ത് നമ്മുടെ ഉമ്മമാരൊക്കെ പറഞ്ഞ് കേള്‍ക്കാറില്ലേ, അവരുടെയൊന്നും വിവാഹത്തിന് മുമ്പ് പെണ്ണും ചെക്കനും തമ്മില്‍ കാണാറുണ്ടായിരുന്നില്ലെന്ന്. സമാനമായ അവസ്ഥയാണ് ഇപ്പോഴും അവിടെ. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹ സല്‍കാരത്തിന് ഗ്രാമത്തിലെ എല്ലാവരെയും ക്ഷണിക്കും. അന്നാണ് മണവാളനും മണവാട്ടിയും തമ്മില്‍ കാണുന്നത്. ഞങ്ങള്‍ ഷാഹിനോടു ചോദിച്ചു: ''അഥവാ കാണുമ്പോള്‍ രണ്ടുപേര്‍ക്കും തമ്മില്‍ ഇഷ്ടമല്ലെങ്കിലോ?'' ''ഏയ് അങ്ങനെയൊന്നും ഉണ്ടാവില്ല.'' അവളുടെ മുഖത്ത് ആത്മവിശ്വാസം. നമ്മുടെ നാട്ടിലെ അവസ്ഥ നോക്കൂ, ആദ്യം കാരണവന്മാര്‍, പിന്നെ ചെക്കന്‍, കൂട്ടക്കാര്‍, വീട്ടുകാര്‍ അങ്ങനെ എത്ര പേര്‍ കണ്ടിട്ടാണ് വിവാഹം നടക്കാറ്. എന്നിട്ടോ, കേരളത്തിലെ വിവാഹമോചന നിരക്ക് നാള്‍ക്കുനാള്‍ കൂടിവരുന്നു...
കല്ല്യാണത്തിന് മണവാളനെ വലിയ നോട്ടുമാല അണിയിക്കുമത്രെ. ഷാഹിന്റെ ജ്യേഷ്ഠന്റെ മാല അവള്‍ കാണിച്ചു തന്നു. നമ്മള്‍ മുല്ലപ്പൂ മാലയും ബൊക്കയുമൊക്കെ കൊടുക്കാറില്ലേ, പകരം ഇവിടെ നോട്ടുമാല! തരക്കേടില്ല... പുത്യാപ്ലമാര്‍ക്ക്.
പിറ്റെ ദിവസം നാലു വീടുകളും കൂടിയെ ബാക്കിയുണ്ടായിരുന്നുള്ളൂ. ഉച്ചകഴിഞ്ഞ് കൗമാരക്കാരായ പെണ്‍കുട്ടികളുമായുള്ള ഗ്രൂപ്പ് ഡിസ്‌ക്കഷന്‍. പതിനഞ്ചു പേര്‍ പങ്കെടുത്തു. അവരുടെ നാടിന്റെ അവസ്ഥയെക്കുറിച്ചവര്‍ വാചാലരായി; കൂട്ടത്തില്‍ കേരളത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും. ഞങ്ങള്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിയില്‍ വന്ന് പഠിക്കുകയാണെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് ആശ്ചര്യം. അവരുടെ ഗ്രാമത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയും ഡല്‍ഹിയില്‍ പോയി പഠിക്കുന്നത് അവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. എങ്ങനെ കഴിയും, ആണ്‍കുട്ടികള്‍ പോലും ഗ്രാമം വിട്ടുപോകുന്നത് അപൂര്‍വം. കേരളക്കാര്‍ക്ക് അത്ഭുതം തോന്നാവുന്ന മറ്റൊരു കാര്യമാണ് അവിടെ ഗള്‍ഫിലോ മറ്റ് വിദേശ രാജ്യങ്ങളിലോ ജോലിചെയ്യുന്നവര്‍ ആരും തന്നെയില്ല എന്നത്. ഗ്രാമീണരില്‍ സ്വന്തമായി വാഹനമുള്ളവര്‍ വളരെ ചുരുക്കം; അതും ഇരുചക്ര വാഹനം. സമരവും ഹര്‍ത്താലും അവര്‍ക്ക് അപരിചിതം. പത്രവും ദൃശ്യ ശ്രാവ്യ മാധ്യമങ്ങളും വിരലില്ലെണ്ണാവുന്ന വീടുകളില്‍ മാത്രം.
വീണുകിട്ടിയ കുറച്ച് സമയം ഞങ്ങള്‍ ഗ്രാമം ചുറ്റിക്കണ്ടു. മഞ്ഞപ്പുതപ്പിട്ട് മൊഞ്ചത്തിയായ കട്കിന്‍ തോട്ടവും നീണ്ടു നിവര്‍ന്നു കിടക്കുന്ന കരിമ്പിന്‍ തോപ്പും ഞങ്ങള്‍ക്കൊരു വിസ്മയക്കാഴ്ചയായി. ബാല്യം വീണ്ടെടുത്തതുപോലെ കണ്ണെത്താ ദൂരത്തെ വയലേലകളിലൂടെ ലക്ഷ്യമില്ലാതെ നടന്നു. ചതുപ്പില്‍ കാല്‍ പൂണ്ട് മണ്ണിന്റെ ഷൂസണിഞ്ഞതും കുളത്തില്‍ കല്ലെറിഞ്ഞ് ആഴമളന്നതും നീളമുള്ള കരിമ്പിന്റെ രണ്ടറ്റവും രണ്ട് പേര്‍ പിടിച്ച് കടിച്ച് മത്സരിച്ചതും... എല്ലാം ഇനി ഓര്‍മകള്‍ മാത്രം. പുത്തനനുഭവങ്ങള്‍... ദിവസങ്ങള്‍ കൊഴിഞ്ഞു പോയതറിഞ്ഞില്ല. സമയം സന്ധ്യയോടടുത്തു; വിടപറയലിന്റെ വക്കിലെത്തി. ഷാഹിന്റെ ഉമ്മ ഞങ്ങള്‍ക്ക് കൊണ്ടു പോകാന്‍ ഒരു സഞ്ചി നിറയെ കരിമ്പും ബര്‍ഫിയും പിന്നെ മനോഹരമായ പുല്ലുകൊണ്ടുണ്ടാക്കിയ ഒരു മുറവും ഒരുക്കി വെച്ചിട്ടുണ്ട്. അവര്‍ക്കിനിയും ഒരുപാട് കഥകള്‍ പറയാനുണ്ട്... ആയിരത്തൊന്നു രാവു പറഞ്ഞാലും തീരാത്ത കഥകള്‍... ആ കണ്ണുകള്‍ നിറഞ്ഞു. ഷാഹിന്‍ അനിയനെയും കൂട്ടി ഒരു കൈയില്‍ കരിമ്പും മറുകൈയില്‍ ടോര്‍ച്ചുമായി ഞങ്ങളെ യാത്രയാക്കാന്‍ വന്നു... ഒന്നും പറയാനാകാതെ ഞങ്ങള്‍ നിശബ്ദരായി.
ജീവിതത്തിന്റെ തിക്കിലും തിരക്കിനുമിടയില്‍ പ്രിയപ്പെട്ട ഗ്രാമമേ നീയെന്നും ഒരു സ്‌നേഹ സ്പര്‍ശം.
വീണ്ടും ഞങ്ങള്‍ വരും. നീയൊരു മാതൃകാ ഗ്രാമമായിട്ട് നിന്നെക്കാണാന്‍... നിന്റെ സ്മൃതിയില്‍ പങ്കു ചേരാന്‍...



Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top