സ്ത്രീകളും സകാത്തും

ഇല്‍യാസ് മൗലവി No image

മസ്‌കാരം, നോമ്പ് തുടങ്ങിയ ആരാധനകളില്‍ ജാഗ്രത കാണിക്കുന്ന പലരും വീഴ്ച വരുത്തുന്ന പ്രധാന കര്‍മമാണ് സകാത്ത്. സകാത്തിന്റെ ഗൗരവമോ അത് നിര്‍വഹിക്കുന്നതിന്റെ പ്രായോഗിക രൂപമോ അറിയാത്തതുമാവാം പലപ്പോഴും ഈ അലംഭാവം സംഭവിക്കുന്നതിന് കാരണം.
ഉപയോഗിക്കുന്നതും സൂക്ഷിച്ചുവെക്കുന്നതുമായ ധാരാളം ആഭരണങ്ങളുള്ള സ്ത്രീകള്‍, ശമ്പളം വാങ്ങിക്കുന്ന ഉദ്യോഗസ്ഥകളായവര്‍, ബാങ്കിലോ മറ്റോ നിക്ഷേപമുള്ളവര്‍, മുടങ്ങാതെ ലഭിക്കുന്ന വരുമാനമുള്ളവര്‍ തുടങ്ങി അല്ലാഹു സമ്പന്നതയും ഐശ്വര്യവും നല്‍കി അനുഗ്രഹിച്ചവരുണ്ട്. അവരില്‍ പലരും തങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹത്തിന് നന്ദി പ്രകാശിപ്പിക്കുക എന്നതിന്റെ പ്രാഥമിക ബാധ്യത അതിന്റെ സകാത്ത് നല്‍കലാണ്. അര്‍ഹരായവര്‍ക്ക് സകാത്ത് നല്‍കുന്നവരുണ്ടോ എന്ന് പരിശോധിച്ചാല്‍ അത്തരം സ്ത്രീകള്‍ കുറവാണെന്ന് കാണാം. അറിവില്ലായ്മയുടെ പേരില്‍ ഈ നിര്‍ബന്ധ ബാധ്യത നിര്‍വഹിക്കുന്നതില്‍ ആരും വീഴ്ച വരുത്താനിടവരരുത്.
സകാത്തുമായി ബന്ധപ്പെടുത്തി സ്ത്രീകളെ നാലായി തരം തിരിക്കാം.
1. സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരായ സ്ത്രീകള്‍.
2. സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരായ ഭര്‍ത്താവോ പിതാവോ മക്കളോ ഉള്ള സ്ത്രീകള്‍.
3. സകാത്ത് ലഭിക്കാന്‍ അര്‍ഹതയും അവകാശവുമുള്ള സ്ത്രീകള്‍.
4. സകാത്ത് നല്‍കാന്‍ ബാധ്യതയോ വാങ്ങാന്‍ അര്‍ഹതയോ ഇല്ലാത്ത സ്ത്രീകള്‍.
ഇതില്‍ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ വേര്‍തിരിച്ച് മനസ്സിലാക്കിയില്ലെങ്കില്‍ പല അബദ്ധങ്ങളും സംഭവിക്കും.
സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരായ സ്ത്രീകള്‍.
സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരായ സ്ത്രീകളില്‍, ആഭരണങ്ങളുടെ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരായവരായിരിക്കും അധിക പേരും. ശമ്പളമോ മറ്റു സ്ഥിരവരുമാനമോ ഉള്ളവര്‍ നിലവില്‍ താരതമ്യേന കുറവായിരിക്കും. വിദ്യാഭ്യാസരംഗത്ത് പുരുഷന്മാരെക്കാള്‍ മുന്നിലെത്തിയ മുസ്‌ലിം സ്ത്രീകള്‍ ഉദ്യോഗരംഗത്തും പുരുഷന്മാരോടൊപ്പം എത്തിക്കൊണ്ടിരിക്കയാണ്. ഇവിടെ പുരുഷന് എന്തെല്ലാം ഉപാധികള്‍ പൂര്‍ത്തിയായാലാണോ സകാത്ത് ബാധകമാവുക അവ സ്ത്രീകളുടെ കാര്യത്തിലും ബാധകമാണ്. എന്നാല്‍ ''അടിസ്ഥാന ചെലവ് കഴിഞ്ഞ് മിച്ചമുണ്ടായിരിക്കുക'' എന്ന ഉപാധി സ്ത്രീയെ സംബന്ധിച്ചേടത്തോളം പലപ്പോഴും ബാധകമല്ല. കാരണം സ്ത്രീയുടെ എല്ലാ ചെലവുകളും ഇസ്‌ലാമിക ദൃഷ്ട്യാ പുരുഷന്റെ ബാധ്യതയാണ്. ഭാര്യക്ക് ഭര്‍ത്താവും മക്കള്‍ക്ക് പിതാവും ചെലവു വഹിക്കല്‍ നിര്‍ബന്ധ ബാധ്യതയാണ്. ഇതില്‍ വീഴ്ചവരുത്തുന്ന പക്ഷം ശിക്ഷാ നടപടികള്‍ക്ക് വിധേയരാവേണ്ടിവരും.
ഇസ്‌ലാമിക ദൃഷ്ട്യാ ഒരു സ്ത്രീ അവളുടെ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും മറ്റുള്ളവരുടേത് പോകട്ടെ, സ്വന്തം കാര്യത്തില്‍ പോലും ചെലവ് നടത്തേണ്ട നിയമപരമായ ബാധ്യതയുള്ളവളാകുന്നില്ല. സകാത്ത് ബാധകമാകാനുള്ള വിവിധ ഉപാധികളില്‍ ചെലവ് കഴിച്ച് മിച്ചമുണ്ടായിരിക്കുക എന്ന ഉപാധി, തന്നെ സംരക്ഷിക്കാന്‍ ഭര്‍ത്താവോ പിതാവോ മക്കളോ ഉള്ളേടത്തോളം കാലം ഒരു സ്ത്രീക്കും ബാധകമല്ല. ഈ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥകളും സ്ഥിരവരുമാനമുള്ളവരുമൊക്കെയായ സ്ത്രീകള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനം 'നിസ്വാബ്' (സകാത്ത് ബാധകമാവാനുള്ള മിനിമം പരിധി) തികയുകയും വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്താല്‍ അതിന്റെ സകാത്ത് നല്‍കേണ്ടതാണ്.
ഉദാഹരണമായി മാസത്തില്‍ 25000 രൂപ ശമ്പളം വാങ്ങിക്കുന്ന ഒരു സ്ത്രീ കിട്ടുന്ന ശമ്പളം ഭര്‍ത്താവിനും മക്കള്‍ക്കുമൊക്കെയായി ചെലവഴിച്ചു തീര്‍ന്നുപോകുന്നുണ്ടാവാം. എന്നാലും ഒരു വര്‍ഷം 3 ലക്ഷം രൂപ തന്റെ കണക്കില്‍ വരവുണ്ട്. ഇതില്‍ നിന്ന് 7000 രൂപ അത്തരം സ്ത്രീകള്‍ സകാത്തായി മാറ്റിവെക്കേണ്ടതാണ്. 2,93,000 മറ്റുപലര്‍ക്കുമായി സ്വന്തം താല്‍പര്യമനുസരിച്ച് ചെലവാക്കുമ്പോള്‍ കേവലം 7000 രൂപ അല്ലാഹു നിര്‍ബന്ധമാക്കിയ സകാത്തായി മാറ്റിവെക്കുന്നതില്‍ കണിശത പുലര്‍ത്തിയേ പറ്റൂ.
വരുമാനമുള്ള സ്ത്രീകളുടെ ഭര്‍ത്താവോ മറ്റു ബന്ധുക്കളോ അവളെ ആശ്രയിച്ചു കഴിയുന്നവരും ദരിദ്രരുമാണെങ്കില്‍ തന്റെ സകാത്ത് അവര്‍ക്ക് തന്നെ നല്‍കിയാല്‍ അത് സാധുവാകുമെന്നാണ് പണ്ഡിതമതം. എന്നാല്‍ ഭര്‍ത്താവ് തന്റെ ഭാര്യക്ക് സകാത്ത് നല്‍കിയാല്‍ അത് സാധുവാകുകയുമില്ല. കാരണം ഭാര്യയെ സംരക്ഷിക്കലും ചെലവ് നടത്തലും ഭര്‍ത്താവിന്റെ നിയമപരമായ ബാധ്യതയാണ്.
ഇമാം ഇബ്‌നുല്‍ മുന്‍ദിര്‍ പറഞ്ഞു: ''ഒരാള്‍ തന്റെ ഭാര്യക്ക് സകാത്ത് നല്‍കിക്കൂടാ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. കാരണം ഭാര്യയുടെ ചെലവ് പുരുഷന്റെ നിര്‍ബന്ധ ബാധ്യതയാണ്.'' ഭാര്യയുടെ സകാത്ത് ദരിദ്രനായ ഭര്‍ത്താവിന് നല്‍കാമെന്നതിന് തെളിവായി ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇപ്രകാരമാണ്: ''അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ പത്‌നി സൈനബില്‍ നിന്ന് ബുഖാരി ഉദ്ധരിക്കുന്നു. അവര്‍ പറഞ്ഞു: ഞാന്‍ പള്ളിയിലായിരുന്നു. അവിടെ തിരുമേനിയെ കണ്ടു. അവിടന്നു പറഞ്ഞു: നിങ്ങളുടെ ആഭരണത്തില്‍ നിന്നെന്തെങ്കിലും സ്വദഖ (സകാത്ത്) കൊടുക്കുക. സൈനബ് അബ്ദുല്ലക്കും തന്റെ സംരക്ഷണത്തിലുള്ള അനാഥകള്‍ക്കും വേണ്ടി ചെലവഴിച്ചിരുന്നു. അവര്‍ അബ്ദുല്ലയോടു പറഞ്ഞു: നിങ്ങള്‍ക്കും എന്റെ സംരക്ഷണത്തിലുള്ള അനാഥകള്‍ക്കും ചെലവഴിക്കുന്നത് സ്വദഖക്ക് (സകാത്തിന്) പകരമായി മതിയാവുമോ എന്ന് നിങ്ങള്‍ നബി തിരുമേനിയോട് ചോദിച്ചു നോക്കൂ. അദ്ദേഹം പറഞ്ഞു: റസൂലിനോടു നീ തന്നെ ചോദിക്കുക. അങ്ങനെ ഞാന്‍ നബി(സ)യുടെ അടുത്തേക്ക് പോയി. അപ്പോള്‍ അന്‍സാരികളില്‍പെട്ട ഒരു സ്ത്രീയുണ്ട് വാതില്‍ക്കല്‍. അവരുടെ ആവശ്യം എന്റേത് പോലുള്ള ആവശ്യം തന്നെയാണ്. അപ്പോള്‍ ബിലാല്‍ ഞങ്ങളുടെ അടുത്തുകൂടെ നടന്നുപോയി. എന്റെ ഭര്‍ത്താവിനും സംരക്ഷണത്തിലുള്ള അനാഥകള്‍ക്കും ചെലവഴിക്കുന്നത് എനിക്ക് മതിയാവുമോ എന്ന് ചോദിക്കൂ. ഞങ്ങള്‍ പറഞ്ഞു: ഞങ്ങളാരാണെന്ന് പറയുകയുമരുത്. അങ്ങനെ അദ്ദേഹം നബിയോട് അന്വേഷിച്ചു. തിരുമേനി ചോദിച്ചു: ആരാണവര്‍? സൈനബ്- അദ്ദേഹം പറഞ്ഞു. ഏത് സൈനബ്? തിരുമേനി ചോദിച്ചു. അദ്ദേഹം പറഞ്ഞു: അബ്ദുല്ലയുടെ ഭാര്യ. അവിടുന്നു പറഞ്ഞു: അതെ, അനുവദനീയമാവും. അവര്‍ക്ക് രണ്ടു പ്രതിഫലം ലഭിക്കും. ഒന്ന് അടുത്ത ബന്ധത്തിന്റെ പ്രതിഫലം. മറ്റൊന്ന് സ്വദഖയുടെ പ്രതിഫലം.'' ഈ ഹദീസിന്റെ വെളിച്ചത്തില്‍ സ്ത്രീക്ക് തന്റെ സകാത്ത് ദരിദ്രനായ ഭര്‍ത്താവിന് നല്‍കാമെന്ന് ഇമാം ശൗക്കാനി വിശദീകരിക്കുന്നു, ഇമാം ശാഫിഈയെപ്പോലുള്ള ഇമാമുകളുടെയും വീക്ഷണം ഇതുതന്നെയാണ്.
ആഭരണത്തിന്റെ സകാത്ത്:
ആഭരണത്തിന് സകാത്ത് ഉണ്ടോ എന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ എത്ര ആഭരണം ഉണ്ടെങ്കിലാണ് സകാത്ത് കൊടുക്കേണ്ടത് എന്നതിലാണ് അഭിപ്രായാന്തരം. അണിയാതെ സൂക്ഷിച്ചുവെക്കുന്ന ആഭരണം, കവിഞ്ഞ തോതില്‍ ഉപയോഗിക്കുന്ന ആഭരണങ്ങള്‍, ധൂര്‍ത്തിന്റെ പരിധിയില്‍ വരുന്ന ആഭരണങ്ങള്‍ തുടങ്ങിയവക്കും സകാത്ത് ബാധകമാണെന്ന കാര്യത്തിലും തര്‍ക്കമില്ല.
85 ഗ്രാം സ്വര്‍ണം ഒരാളുടെ കൈവശമുണ്ടായാല്‍ സകാത്ത് നല്‍കാനുള്ള മിനിമം പരിധിയായി. ഇത് ഒരു സ്ത്രീ ഉപയോഗിക്കുന്ന ആഭരണത്തിന് ബാധകമാണോ എന്നതിലാണ് തര്‍ക്കം. ഒരാള്‍ ഉപയോഗിക്കുന്ന വാഹനം, താമസിക്കുന്ന വീട് തുടങ്ങിയവക്കൊന്നും സകാത്ത് ബാധകമല്ല എന്നതാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും വീക്ഷണം. ആധുനിക പണ്ഡിതന്മാരില്‍ ഈ വീക്ഷണത്തിനാണ് ശൈഖ് ഖറദാവി 'തന്റെ ഫിഖ്ഹുസ്സകാത്തില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. ഈ വീക്ഷണം സമര്‍ഥിച്ച ശേഷം അണിയാതെ നിധിപോലെ സൂക്ഷിച്ചുവെക്കുന്ന ആഭരണങ്ങള്‍ക്കും സാധാരണ ഉപയോഗിക്കുന്ന പരിധിവിട്ട് ധൂര്‍ത്തായി ഉപയോഗിക്കുന്ന ആഭരണങ്ങള്‍ക്കും സകാത്ത് നല്‍കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഈ വീക്ഷണമനുസരിച്ച് ഒരു നാട്ടിലെ സ്ത്രീകള്‍ ഉപയോഗിക്കുന്ന ആഭരണങ്ങളുടെ പരിധി ശരാശരി 20 പവനാണെന്ന് സങ്കല്‍പിക്കുക. അത്തരം പ്രദേശത്തുള്ള ഒരു സഹോദരിക്ക് ആഭരണമായി മൊത്തം 50 പവന്‍ ഉണ്ടെന്നും കരുതുക. എങ്കില്‍ അത്തരം സ്ത്രീകള്‍ 30 പവന്റെ സകാത്ത് നല്‍കേണ്ടതാണ്. അതായത് മൊത്തം 50 പവന് സകാത്ത് കണക്കാക്കാതെ ഉപയോഗിക്കുന്ന 20 പവന്‍ കഴിച്ച് ബാക്കി മാത്രം സകാത്ത് നല്‍കുക. മാറിമാറി ഉപയോഗിക്കുക എന്നത് ഇവിടെ പരിഗണനീയമല്ല. ഈ വിഷയവുമായി ബന്ധപ്പെട്ട ശൈഖ് ഖറദാവി പറയുന്നു: ''ഉപയോഗിക്കുന്നതിന്റെ പരിധി കഴിഞ്ഞുള്ള ആഭരണത്തിനേ സകാത്തുള്ളൂ എന്ന് വരുമ്പോള്‍ സാധാരണ ഉപയോഗിക്കുന്നവ സകാത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. അങ്ങനെ ഒഴിവാക്കാതെ എല്ലാത്തിനും സകാത്ത് കൊടുക്കുന്നതാണ് ഉത്തമവും സൂക്ഷ്മതയും ഹദീസുകളുടെ ബാഹ്യാര്‍ഥത്തിന് യോജിച്ചതും.'' (ഫിഖ്ഹുസ്സകാത്ത്)
ആഭരണമാണോ, അത് ഉപയോഗിക്കുന്നതാണോ എന്നൊന്നും നോക്കാതെ നിസ്വാബ് (സകാത്ത് ബാധകമാവാനുള്ള മിനിമം പരിധി) എത്തിയിട്ടുണ്ടെങ്കില്‍ സ്വര്‍ണത്തിന്റെ മിനിമം പരിധി (85 ഗ്രാം) അതിന്റെ രണ്ടര ശതമാനം സകാത്ത് നല്‍കേണ്ടതാണ് എന്നാണ് മറ്റൊരഭിപ്രായം. ഇമാം അബൂഹനീഫ ഈ വീക്ഷണക്കാരനാണ്. ആധുനിക സലഫി പണ്ഡിതന്മാര്‍ മിക്കവരും ഈ വീക്ഷണം വെച്ചുപുലര്‍ത്തുന്നു.
സ്വഹാബിമാര്‍ക്കിടയില്‍ പോലും ഈ രണ്ട് വീക്ഷണക്കാരും ഉണ്ടായിരുന്നു. രണ്ട് കൂട്ടര്‍ക്കും അവരുടെതായ ന്യായങ്ങളും തെളിവുകളും ഉണ്ട്. ഇത്തരം ഘട്ടങ്ങളില്‍ സാധാരണക്കാരെ സംബന്ധിച്ചേടത്തോളം ഈ രണ്ട് വീക്ഷണത്തില്‍ ഏത് വേണമെങ്കിലും സ്വീകരിക്കാവുന്നതാണ്. രണ്ടാമത് പറഞ്ഞ വീക്ഷണപ്രകാരം ഒരു സ്ത്രീക്ക് ആകെയുള്ളത് ഒരു പവന്റെ രണ്ട് കമ്മലും ഓരോ പവന്റെ 6 വളകളും മൂന്ന് പവന്റെ ഒരു മാലയും ഒരു പവന്റെ രണ്ട് മോതിരവുമാണെന്ന് സങ്കല്‍പിക്കുക. മൊത്തം (11 പവന്‍) ഇതിന്റെ സകാത്ത് കൊടുക്കേണ്ടതാണ്. കൊടുക്കേണ്ടത് 2.5 ശതമാനമാണ്.
4 ലക്ഷം രൂപ വിലയുള്ള ഒരു ചെറിയ കാറുള്ള വ്യക്തി മുതല്‍ 10 ലക്ഷവും അതിലധികവും വിലയുള്ള കാറുള്ള വ്യക്തിക്കു വരെ തന്റെ ഉപയോഗിക്കുന്ന വസ്തു എന്ന പരിഗണന വെച്ച് അത്തരം വാഹനവും വീടുമൊക്കെ സകാത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഇന്ന് ഇടത്തരം സ്ത്രീകള്‍ പോലും ഉപയോഗിക്കുന്ന 11 പവന്‍ സ്വര്‍ണാഭരണം, അത് സ്ഥിരം ഉപയോഗിക്കുന്നതായാല്‍ പോലും സകാത്ത് നല്‍കേണ്ടി വരുന്നു. ആഢംബര വാഹനവും വീടും ഉള്ളവര്‍ക്ക് ലഭിക്കുന്ന 'സ്വന്താവശ്യത്തിന് ഉപയോഗിക്കുന്നത്' എന്ന പരിഗണന ആഭരണം ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് എന്തുകൊണ്ട് ബാധകമല്ല എന്ന് സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യം ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്തില്ല എന്ന വീക്ഷണമുള്ളവര്‍ ഉന്നയിക്കാറുണ്ട്.
ഇതുകൊണ്ടാണ് ഭൂരിഭാഗം മദ്ഹബിന്റെ ഇമാമുമാരും ശൈഖ് ഖറദാവിയെ പോലുള്ള ആധുനിക പണ്ഡിതന്മാരും മിതമായ തോതില്‍ ഒരു മുസ്‌ലിം സ്ത്രീ ഉപയോഗിക്കുന്ന ആഭരണങ്ങള്‍ക്ക് സകാത്തില്ല എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇമാം ശാഫിഈ ഈ വിഷയത്തില്‍ ആശയക്കുഴപ്പത്തിലാവുകയും വ്യക്തമായ ഒരു നിഗമനത്തിലെത്താനായി ഇസ്തിഖാറഃ നടത്തുകയും ഉപയോഗിക്കുന്ന ആഭരണങ്ങള്‍ക്ക് സകാത്തില്ല എന്ന നിലപാടില്‍ എത്തിച്ചേരുകയും ചെയ്തു. തന്റെ ആധികാരിക ഗ്രന്ഥമായ 'കിതാബുല്‍ ഉമ്മി'ല്‍ അദ്ദേഹം ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, ഇമാം അബൂഹനീഫയെപ്പോലെ അതി പ്രഗല്‍ഭരായ മറുഭാഗത്തിനും ന്യായങ്ങളും തെളിവുകളുമുള്ളതിനാല്‍ ഒരു മുസ്‌ലിമിന് ഇതിലേത് അഭിപ്രായവും സ്വീകരിക്കാവുന്നതാണ്.
സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരായ ഭര്‍ത്താവോ പിതാവോ മക്കളോ ഉള്ള സ്ത്രീകള്‍.
സ്വന്തം നിലക്ക് സകാത്ത് നല്‍കാന്‍ ബാധ്യതയില്ലെങ്കിലും തന്റെ ബന്ധത്തിലും കുടുംബത്തിലും സകാത്ത് നല്‍കാന്‍ കഴിവുള്ളവര്‍ ഉണ്ടാവുകയും അവരാവിഷയത്തില്‍ ബോധമുള്ളവരോ കണിശത പുലര്‍ത്തുന്നവരോ അല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ അവരെ ബോധവാന്മാരാക്കുകയും പ്രേരിപ്പിക്കുകയും ചെയ്യേണ്ട ബാധ്യതയുള്ളവരാണിവര്‍. അല്ലാഹു സകാത്ത് നിര്‍ബന്ധമാക്കുന്നതിന് മുമ്പേ ഈ കാര്യം ഗൗരവപൂര്‍വം ഉണര്‍ത്തുകയും ആ വിഷയത്തില്‍ അലംഭാവം കാണിക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷയുണ്ടാവുമെന്ന് താക്കീത് ചെയ്തതായും കാണാം.
നാളെ പരലോകത്ത് അല്ലാഹുവിന്റെ ശിക്ഷയെ സംബന്ധിച്ച് ധാരണയുള്ള ഒരു സ്ത്രീക്ക് ഭര്‍ത്താവോ മക്കളോ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരായിരിക്കേ അതില്‍ അലംഭാവം കാണിക്കുന്നവരാണെങ്കില്‍ അവരെ ഉണര്‍ത്തല്‍ കൂടുതല്‍ ഗൗരവമുള്ള ബാധ്യതയാണ്. അങ്ങനെ ചെയ്യാത്ത പക്ഷം ദീനിനെ കളവാക്കുന്നവരുടെ ഗണത്തില്‍ പെട്ടുപോകുമെന്ന് ഓര്‍ക്കണം.
സകാത്തിന്റെ അവകാശികളായ സ്ത്രീകള്‍
തങ്ങളുടെ ബന്ധുക്കളിലോ അയല്‍വാസികളിലോ അഗതികളും ദരിദ്രരുമായവരുണ്ടെങ്കില്‍ അത്തരം സ്ത്രീകളാണ് ഇതിന്റെ ഉദ്ദേശ്യം. അത്തരം അവസ്ഥകള്‍ കണ്ടറിഞ്ഞ് കൈകാര്യം ചെയ്യുക എന്നതാണ് യഥാര്‍ഥത്തില്‍ ഉണ്ടാവേണ്ടത്. സകാത്തിനര്‍ഹരായി സ്വന്തം കുടുംബക്കാരോ ബന്ധുക്കളോ ഉണ്ടെങ്കില്‍ അവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. നിത്യജീവിതത്തിന് പെടാപാട് പെടുന്ന കുടുംബത്തിലെ സഹോദരിമാര്‍, സാമ്പത്തിക ബുദ്ധിമുട്ട് കാരണം വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയാതെ കഷ്ടപ്പെടുന്ന സ്ത്രീകള്‍, സംരക്ഷിക്കാനാളില്ലാത്ത വിധവകള്‍, ഭര്‍ത്താവ് ഇട്ടേച്ചുപോയവര്‍ തുടങ്ങിയവരൊക്കെ ഈ വകുപ്പില്‍ പെടുന്നു. ഇങ്ങനെയുള്ളവരെ സംബന്ധിച്ച് പുരുഷന്മാരേക്കാള്‍ സ്ത്രീകളായിരിക്കും കൂടുതല്‍ അറിവുള്ളവര്‍.
സകാത്ത് നല്‍കാന്‍ ബാധ്യതയോ വാങ്ങാന്‍ അര്‍ഹതയോ ഇല്ലാത്ത സ്ത്രീകള്‍.
സംരക്ഷിക്കാന്‍ പുരുഷന്മാരുണ്ടായിരിക്കുകയും അതേസമയം സ്വന്തം നിലക്ക് സകാത്ത് നല്‍കാന്‍ മാത്രം സമ്പന്നയല്ലാതിരിക്കുകയും മറ്റാരുടെയും സംരക്ഷണമോ ചെലവോ തന്റെ ബാധ്യതയായി ഇല്ലാതിരിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ സകാത്ത് നല്‍കേണ്ടതില്ല. മറ്റുള്ളവരുടെ സകാത്തിന് അവര്‍ അര്‍ഹരുമല്ല. സകാത്തിന്റെ വകുപ്പില്‍ വല്ലവരും നല്‍കുകയാണെങ്കില്‍ അത് അവകാശികള്‍ക്ക് കൊടുക്കാനായി വാങ്ങിക്കാതിരിക്കുകയും അര്‍ഹരായവര്‍ക്ക് നല്‍കാന്‍ നിര്‍ദേശിക്കുകയുമാണ് ചെയ്യേണ്ടത്.
ഇന്ന് ധാരാളം സ്ത്രീകള്‍ സ്വര്‍ണത്തിന്റെ സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥരാണ്. 20 പവനിലേറെ ഉള്ളവരാണധികവും. 50-ഉം 60-ഉം പവനുള്ള സഹോദരിമാര്‍ അല്‍പം മാത്രം ഉപയോഗിക്കുകയും ബാക്കി ജീവിതകാലം ലോക്കറിലോ സ്വന്തം വീട്ടിലോ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്നവരാണ്. അവര്‍ അതിന് സകാത്ത് നല്‍കാതിരുന്നാല്‍ വമ്പിച്ച കുറ്റമാണ്. സൂറതു തൗബയില്‍ അല്ലാഹു പറയുന്നു: ''സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കി വെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന സന്തോഷവാര്‍ത്തയറിയിക്കുക. അതേ സ്വര്‍ണവും വെള്ളിയും നരകാഗ്നിയില്‍ പഴുപ്പിക്കുകയും അനന്തരം അതുകൊണ്ട് അവരുടെ നെറ്റികളും പാര്‍ശ്വങ്ങളും മുതുകുകളും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ഒരു ദിനം വരുന്നുണ്ട് - ഇതാകുന്നു നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ശേഖരിച്ച നിക്ഷേപം. അതുകൊണ്ട് നിങ്ങള്‍ നിക്ഷേപിച്ചുകൊണ്ടിരുന്നതിന്റെ രുചി ആസ്വദിച്ചുകൊള്ളുവിന്‍.''
തിരുമേനി പറഞ്ഞതായി അബൂഹുറൈറ(റ)യില്‍ നിന്ന് ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു: ''അല്ലാഹു ആര്‍ക്കെങ്കിലും ധനം നല്‍കിയ ശേഷം അവന്‍ അതിന്റെ സകാത്ത് നല്‍കാതിരിക്കുകയാണെങ്കില്‍, അല്ലാഹു അന്ത്യദിനത്തില്‍ അവനുവേണ്ടി ഉഗ്രവിഷമുള്ള, രണ്ടു കറുത്ത പുള്ളികളുള്ള, മിനുമിനുത്ത ഒരുഗ്ര സര്‍പ്പത്തെ നിയോഗിക്കും. അതവന്റെ പിരടിയില്‍ ചുറ്റി താടിയെല്ലുകള്‍ ഉയര്‍ത്തിക്കൊണ്ടു പറയും: 'ഞാനാണ് നിന്റെ ധനം. ഞാനാണ് നിന്റെ നിക്ഷേപം.' പിന്നെ തിരുമേനി(സ) ഖുര്‍ആനില്‍ നിന്ന് ഓതി: 'അല്ലാഹു നല്‍കിയ തന്റെ അനുഗ്രഹങ്ങളില്‍ ലുബ്ധ് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമായിരിക്കുമെന്ന് വിചാരിക്കേണ്ട. മറിച്ച് അവര്‍ക്ക് ദോഷകരമാണത്. പുനരുത്ഥാന നാളില്‍ അവര്‍ ലുബ്ധ് കാണിച്ച സമ്പത്ത് അവരുടെ കഴുത്തില്‍ വടമായി ചാര്‍ത്തപ്പെടും.''
അനന്തരാവകാശമായി ഒരു സ്ത്രീക്ക് പണമായി ലഭിച്ച തുക, കച്ചവടത്തിലോ മറ്റു വരുമാനദായക സംരംഭങ്ങളിലോ മുതല്‍ മുടക്കിയതില്‍ നിന്ന് ലഭിക്കുന്ന തുക, വാടകയായി ലഭിക്കുന്ന തുക, ബാങ്കിലോ മറ്റോ ഡെപ്പോസിറ്റ് ചെയ്ത തുക, സമ്മാനമായോ മറ്റോ ലഭിച്ച തുക ഇവയൊക്കെ ഒരുമിച്ച് കണക്കുകൂട്ടി തന്റെ കൈയ്യില്‍ ആഭരണമായി സൂക്ഷിച്ചിട്ടുള്ള സ്വര്‍ണത്തിന്റെ മാര്‍ക്കറ്റ് വിലയും കൂടി ഉള്‍പ്പെടുത്തി മൊത്തം സംഖ്യയുടെ 2.5% സകാത്ത് നല്‍കുന്നത് സൗകര്യപ്രദമായിരിക്കും.
ഉദാഹരണത്തിന്, ഒരു സ്ത്രീയുടെ ശമ്പളം 20,000 രൂപയാണ്. ഒരു വര്‍ഷം 2,40,000 രൂപ. കൈവശമുള്ള സ്വര്‍ണം- 50 പവന്‍ അതില്‍ നിന്ന് ഉപയോഗിക്കുന്നത് 15 പവനാണെങ്കില്‍ അത് മാറ്റി നിര്‍ത്തിയാല്‍ 35 പവന്‍. ഏതാണ്ട് 7.5 ലക്ഷം. ഒരു വര്‍ഷം വാടകയിനത്തില്‍ കിട്ടിയത് 24,000 രൂപ. മറ്റ് വരുമാനങ്ങളായി ഒരു വര്‍ഷം കിട്ടിയത് 26,000 രൂപ. ബാങ്ക് ബാലന്‍സ് 50,000 രൂപ ഇങ്ങനെ ഒരു വര്‍ഷം ലഭിച്ച മൊത്തം തുകയും സ്വര്‍ണത്തിന്റെ വിലയും ചേര്‍ത്ത് അതിന്റെ രണ്ടര ശതമാനമായ സംഖ്യയാണ് അവര്‍ സകാത്തായി നല്‍കേണ്ടത്.
തനിക്ക് വേണ്ടി ഭര്‍ത്താവാണ് നല്‍കേണ്ടതെന്നും കരുതി സമാധാനമടയാന്‍ നിര്‍വാഹമില്ല. വ്യക്തിപരമായ ബാധ്യതയാണ് സകാത്ത്. അതിനാല്‍ തന്റെ നേരിട്ടുള്ള ബാധ്യതയായിക്കണ്ട് സ്വയം അത് നല്‍കുകയോ ഭര്‍ത്താവിനെയോ മക്കളെയോ മറ്റോ ഏല്‍പിക്കുകയും അവരെ അതിന് ചുമതലപ്പെടുത്തുകയും ചെയ്യേണ്ടതാണ്. ഓരോ വര്‍ഷവും അത് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇവിടെ സ്വര്‍ണത്തിന്റെ സകാത്ത് സ്വര്‍ണമായി തന്നെ കൊടുക്കേണ്ടതില്ല. അതിന് തുല്യമായ സംഖ്യ കൊടുത്താലും മതിയാകുന്നതാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top