മിതവ്യയം ശീലിക്കുക.

എ.എ വഹാബ് No image

ത്യവിശ്വാസത്തിന്റെ രാജപാതയിലെ വിശിഷ്ട സമൂഹമായാണ് അല്ലാഹു മുസ്‌ലിംകളെ നിശ്ചയിച്ചത്. ഏകനായ ദൈവത്തിനും ദൈവിക ജീവിത സരണിക്കും അവര്‍ ജനങ്ങള്‍ക്ക് സാക്ഷിയായിരിക്കണം. വിജയത്തിന്റെ ധര്‍മപാതയിലൂടെ നയിക്കാനുള്ള ഉത്തമ സമുദായം. ധര്‍മം കല്‍പ്പിക്കുകയും അധര്‍മം വിലക്കുകയും അല്ലാഹുവില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്തുകൊണ്ട് മുന്നേറാനാണ് ഈ സമൂഹത്തോട് അല്ലാഹു നിര്‍ദേശിച്ചിട്ടുള്ളത്. അവരെ അതിന് തെരഞ്ഞെടുത്തതും അവര്‍ക്ക് മുസ്‌ലിംകള്‍ എന്ന് മനുഷ്യാരംഭം മുതലേ നാമകരണം ചെയ്തതും അല്ലാഹുവാണ്.
പ്രപഞ്ചത്തിന്റെയും ജീവിതത്തിന്റെയും പ്രകൃതി യഥാര്‍ഥത്തില്‍ വിശ്വസിക്കാന്‍ തയ്യാറാവുന്നവരാണ് ഈ തെരഞ്ഞെടുപ്പിന് അര്‍ഹത നേടുന്നവര്‍. സത്യവിശ്വാസ സ്വീകരണത്തിന്റെ കാര്യത്തില്‍ വ്യക്തി സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുണ്ട്. ഓരോരുത്തരുടെയും തെരഞ്ഞെടുപ്പിന് അവരവര്‍ തന്നെ ഉത്തരവാദിയായിരിക്കും. അങ്ങനെ സ്വയം തീരുമാനിച്ച് മുസ്‌ലിം സമൂഹത്തിലെ അംഗമായിക്കഴിഞ്ഞാല്‍ വ്യക്തിപരമായും സാമൂഹികപരമായും അവര്‍ക്ക് നിശ്ചിത ഉത്തരവാദിത്വങ്ങളുണ്ട്. ആ ഉത്തരവാദിത്വം നിര്‍വഹിച്ചുകൊണ്ട് മനുഷ്യജീവിതത്തിന് ആകമാനം മാതൃകയായി ജീവിച്ച് അല്ലാഹുവിന് സാക്ഷിയാവുകയാണ് ഈ സമൂഹത്തിന്റെ നിയോഗ ലക്ഷ്യം.
സന്തുലിതത്വമാണ് ചിന്താ -പ്രവര്‍ത്തന നയമായി അല്ലാഹു നിശ്ചയിച്ച് നല്‍കിയത്. അതിനാല്‍ സന്തുലിത/മധ്യമ സമുദായമെന്ന പേരും മുസ്‌ലിം സമൂഹത്തിന് അല്ലാഹു കല്‍പിച്ച് അരുളിയിട്ടുണ്ട്. ആദര്‍ശത്തിലും വിശ്വാസത്തിലും വീക്ഷണത്തിലും സന്തുലിതമായ ഒരു സമൂഹം. ആത്മീയതയിലോ ഭൗതികതയിലോ തീവ്രമായ നിലപാടില്ല. ആത്മാവിന്റെ സാന്നിധ്യമുള്ള ശരീരത്തിന്റെയും ശരീരം പേറുന്ന ആത്മാവിന്റെയും പ്രകൃതി യാഥാര്‍ഥ്യത്തെ പരിഗണിച്ചുകൊണ്ടാണ് എല്ലാ ജീവിത ഇടപാടുകളും. അനന്തമായ ജീവിതത്തിന്റെ രണ്ട് ഘട്ടങ്ങളായാണ് ഭൗതിക ജീവിതവും പരലോക ജീവിതവും അല്ലാഹു സംവിധാനിച്ചത.് രണ്ടിടത്തും നന്മയുണ്ടാക്കി തരണമെന്ന് നിരന്തരമായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കാനും ഈ സമൂഹത്തെ അല്ലാഹു പഠിപ്പിക്കുന്നുണ്ട്.
ആത്മീയ വിജയത്തിനായി ശരീരത്തെ പീഡിപ്പിച്ച് വിരക്തിയുടെയോ സന്യാസത്തിന്റെയോ ജീവിതശൈലി സ്വീകരിക്കാന്‍ അല്ലാഹു അനുവദിക്കുന്നില്ല. ഭൗതികാസ്വാദനത്തിനായി ആസക്തികളുടെ ലോകത്ത് അഭിരമിക്കാനും അനുവാദമില്ല. വികാരങ്ങളിലും വിചാരങ്ങളിലും ചിന്തകളിലും ആശയങ്ങളിലും പ്രായോഗികതയിലെ പ്രവര്‍ത്തനങ്ങളിലും എന്നും എവിടെയും സന്തുലിതത്വം കാത്തുസൂക്ഷിക്കാന്‍ ഈ സമൂഹം ബാധ്യസ്ഥമാണ്. ഖുര്‍ആനും പ്രവാചകാധ്യാപനങ്ങളും നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളിലും ആ സന്തുലിതത്വം തെളിഞ്ഞുനില്‍ക്കുന്നതായി കാണാം.
സന്മാര്‍ഗദര്‍ശനവും സംസ്‌കരണവും കൊണ്ടേ മനുഷ്യ മനസ്സ് ഉദാത്തമാകൂ എന്ന് സ്രഷ്ടാവിനറിയാം. ഭൂമിയിലേക്കുള്ള ജീവിതത്തിനായി നിയോഗിച്ചപ്പോള്‍ ഇവിടെ നിശ്ചിത കാലം വരെ ജീവിതവിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മനുഷ്യനെ അല്ലാഹു പഠിപ്പിച്ച കാര്യം ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. എല്ലാ വിഭവങ്ങളുടെയും യഥാര്‍ഥ ഉടമ അല്ലാഹു മാത്രമാണ്. മനുഷ്യന് അവയിലുള്ളത് നിര്‍ണയിക്കപ്പെട്ട കാലത്തെ കൈകാര്യാവകാശമാണ്. ഉടമസ്ഥതയെ സംബന്ധിച്ച ഈ യാഥാര്‍ഥ്യം ഖുര്‍ആന്‍ പലവുരു ഊന്നിപ്പറഞ്ഞിട്ടുണ്ട്. സത്യവിശ്വാസി തെറ്റിദ്ധാരണയില്‍ പെട്ടുപോകാതിരിക്കാനാണ് ഈ ആവര്‍ത്തനം. ഉപഭോഗത്തിലെ മിതത്വം സത്യവിശാസ ജീവിത വിജയത്തിന് അനിവാര്യമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. തീറ്റയും കുടിയുമാണ് ഭൂമിയിലെ അടിയന്തര കാര്യം. അതിനാല്‍ അക്കാര്യത്തില്‍ കര്‍ശനമായ നിയമനിര്‍ദേശം നല്‍കപ്പെട്ടിരിക്കുന്നു. അല്ലാഹു നല്‍കിയ വിഭവങ്ങളില്‍ നിന്ന് നല്ലതും അനുവദനീയമായതും മിതമായി കുടിക്കുകയും ഭക്ഷിക്കുകയും ചെയ്യാനും ഒരിക്കലും അതിരുകവിയാതിരിക്കാനും കല്‍പിച്ചിട്ടുണ്ട്.
മനുഷ്യന് ഭൂമിയില്‍ ജീവിക്കാന്‍ പലതരം വിഭവങ്ങള്‍ വേണം. അതെല്ലാം അല്ലാഹു സംവിധാനിച്ചിട്ടുമുണ്ട്. അതില്‍ അത്യാവശ്യം, ആവശ്യം, അനാവശ്യം, ധൂര്‍ത്ത് എന്നീനിലകളുണ്ട്. ഇതിനൊക്കെ ഇന്നതിത്ര എന്ന് ചാര്‍ട്ടുണ്ടാക്കി നല്‍കാനാവില്ല. ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും അവസ്ഥയും സാഹചര്യവും സ്ഥലവും കാലവുമായി ബന്ധപ്പെട്ടാണ് അവയൊക്കെ തീരുമാനിക്കപ്പെടേണ്ടത്. ആത്മാര്‍ഥതയുള്ള സത്യവിശ്വാസിക്ക് അവന്റെ മനസ്സ് തന്നെ ഇക്കാര്യത്തില്‍ വിധിനല്‍കും. വിഭവ വിതരണത്തില്‍ അല്ലാഹു സ്വീകരിച്ചിട്ടുള്ള മാനദണ്ഡം വ്യക്തമാക്കപ്പെട്ടിട്ടില്ല. അവന് മാത്രം അറിയുന്ന യുക്തിയുടെ അടിസ്ഥാനത്തില്‍ ചിലര്‍ക്ക് വിശാലമാക്കിയും മറ്റു ചിലര്‍ക്ക് ചുരുക്കിയും നല്‍കും. എന്നുമാത്രമേ ഖുര്‍ആന്‍ വെളിപ്പെടുത്തുന്നുള്ളൂ. ലഭ്യമായവര്‍ ഇല്ലാത്തവന് നല്‍കണം. അതവന്റെ ദൈവാനുസരണത്തിനുള്ള ബാധ്യതയായും സന്മാര്‍ഗത്തിനുള്ള മാനദണ്ഡമായും നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
ധര്‍മം നല്‍കുന്നത് ദാതാവിന്റെ ഔദാര്യമല്ല കടമയാണ് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വിഭവങ്ങളെ സംബന്ധിച്ച ഈ കാഴ്ചപ്പാടില്‍ സമൂഹത്തിന്റെ സമാധാനപരമായ വളര്‍ച്ചക്ക് ആവശ്യമായ ഏറെ തലങ്ങളുണ്ട്. ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ സ്‌നേഹവും സഹകരണവും ഊട്ടിയുറപ്പിച്ച് കിടമത്സരങ്ങളും അസൂയയും പകയും പകപോക്കലും ഒഴിവാക്കി മനുഷ്യന്റെ സാമ്പത്തിക ജീവിതം ഭദ്രമായി ഒഴുകുന്നതിന് ഈ സമീപനം മാത്രമേ ഉപകരിക്കുകയുള്ളൂ.
വിഭവങ്ങള്‍ ലഭ്യമായവനെ യഥേഷ്ടം ചെലവഴിക്കാന്‍ ഇസ്‌ലാം കയറൂരിവിടുന്നില്ല. സത്യവിശ്വാസി കരുണാമയന്റെ അടിമകളില്‍ പെട്ടതാണ്. അവരുടെ ഗുണവിശേഷങ്ങള്‍ വിവരിക്കുന്നേടത്ത് ഖുര്‍ആന്‍ പറയുന്നു: ''ധനം ചെലവഴിക്കുമ്പോള്‍ അവന്‍ ധൂര്‍ത്തടിക്കുകയില്ല. പിശുക്ക് കാട്ടുകയുമില്ല. രണ്ടിനുമിടക്കുള്ള ഒരു രീതി അവന്‍ സ്വീകരിക്കും.'' (25:67)
ഇവിടെ സ്വന്തം വിഭവങ്ങളുടെ മേല്‍ സോപാധികമായ സ്വാതന്ത്ര്യമേ വ്യക്തികള്‍ക്ക് ഇസ്‌ലാം അനുവദിക്കുന്നുള്ളൂ എന്ന കാര്യം വ്യക്തമാക്കുകയാണ്. കുറെകൂടി കടന്നു ഖുര്‍ആന്‍ ഇങ്ങനെ കൂടി കല്‍പ്പിക്കുന്നു. ''ബന്ധുവിനും അഗതിക്കും വഴിപോക്കനും അവരുടെ അവകാശം നീ കൊടുക്കുക. ധൂര്‍ത്തും ദുര്‍വ്യയവും നടത്തരുത്. ധൂര്‍ത്തന്മാര്‍ പിശാചിന്റെ സഹോദരങ്ങള്‍ തന്നെ. പിശാച് തന്റെ രക്ഷിതാവിനോട് വളരെ നന്ദികെട്ടവനാണ്'' (17:26-27). സമ്പത്തിന്റെ ഏറ്റക്കുറച്ചിലല്ല അത് ഏതു ഉദ്ദേശത്തില്‍ ചെലവഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ധൂര്‍ത്തും ദുര്‍വ്യയവും തീരുമാനിക്കപ്പെടേണ്ടത്.
ധൂര്‍ത്തടിക്കുന്നവരെ പിശാചിന്റെ സഹോദരനായാണ് ഖുര്‍ആന്‍ ചിത്രീകരിച്ചിരിക്കുന്നത്. ആവശ്യമില്ലാത്തിടത്ത് ചെലവഴിക്കലാണ് ധൂര്‍ത്ത് എന്ന് ഹസ്രത്ത് ഇബ്‌നു അബ്ബാസും ഹസ്രത്ത് ഇബ്‌നു മസ്ഊദും അഭിപ്രായപ്പെട്ടിട്ടുണ്ട്. പിശുക്കു കാട്ടിയാല്‍ ആക്ഷേപിക്കപ്പെട്ടവനാകുമെന്നും ധൂര്‍ത്തടിച്ചാല്‍ നഷ്ടപ്പെട്ടവനാകുമെന്നും ഖുര്‍ആന്‍ തുടര്‍ന്നുപദേശിക്കുന്നു. സാമ്പത്തിക രംഗത്തും സാമൂഹിക രംഗത്തും ഒരുപോലെ നാശം വിതക്കുന്ന ധൂര്‍ത്തും ലുബ്ധും അനേകം ജനതതികളെ കടപുഴക്കി എറിഞ്ഞതിന് ചരിത്രത്തില്‍ വേണ്ടുവോളം സാക്ഷ്യങ്ങളുണ്ട്.
ഭൗതികതയുടെ അതിപ്രസരം തിമിര്‍ത്ത തങ്ങളുടെ സമകാലികത്തില്‍ സത്യവിശ്വാസി ഖുര്‍ആന്‍ കല്‍പിച്ച മിതവ്യയ ശീലം എങ്ങനെ സ്വന്തത്തിലും കുടുംബത്തിലും സമൂഹത്തിലും നടപ്പാക്കും? നിലവിലുള്ള അവസ്ഥയെന്താണ്? ഇനിയും എത്ര ദൂരം താണ്ടണം? ഇക്കാര്യങ്ങള്‍ കൂടി വിലയിരുത്തുമ്പോഴേ ഈ വിഷയം പൂര്‍ണതയിലേക്ക് നീങ്ങുകയുള്ളൂ. മനസ്സിന്റെ ആശകളാണ് മനുഷ്യനെ എല്ലാറ്റിലേക്കും നയിച്ചുകൊണ്ടിരിക്കുന്നത്. ആരെങ്കിലും കരുണാമയന്റെ ശ്രദ്ധ വിട്ടാല്‍ പിന്നെ അവന് അല്ലാഹു ഒരു പിശാചിനെ ഉറ്റ തോഴനായി നിശ്ചയിച്ചുകൊടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
മനുഷ്യന്‍ എത്രതന്നെ കരുതലോടെ അധ്വാനിച്ചാലും അല്ലാഹുവിന്റെ കാരുണ്യം കൂടാതെ പ്രവര്‍ത്തനങ്ങള്‍ നേരെയാക്കാനാവില്ല. ഭക്തിയുള്ള സൂക്ഷ്മാലുക്കളാവാന്‍ അല്ലാഹുവിനെ ആരാധിക്കാനും (2:21) കര്‍മങ്ങള്‍ നന്നായി കിട്ടാന്‍ അല്ലാഹുവിനെ സൂക്ഷിച്ചുകൊണ്ട് വളച്ചുകെട്ടില്ലാതെ കാര്യങ്ങള്‍ നേരെ പറയാനും (33:70) ഖുര്‍ആന്‍ നിര്‍ദേശിച്ചിരിക്കുന്നു. സത്യവിശ്വാസിയുടെ വാക്കുകള്‍ സത്യവും സൂക്ഷ്മവും യുക്തിസഹവും ലക്ഷ്യബോധവുമുള്ളതായിരിക്കണം. എങ്കിലേ അവരുടെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു നന്നാക്കുകയുള്ളൂ, പാപങ്ങള്‍ പൊറുക്കുകയുള്ളൂ എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മനുഷ്യ മനസ്സിലേതുള്‍പ്പെടെ പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങളും സൃഷ്ടികളാണ്. സൃഷ്ടി ആരംഭിക്കുന്നതും ആവര്‍ത്തിക്കപ്പെടുന്നതും ഏകനായ അല്ലാഹുവില്‍ നിന്ന് മാത്രം. നാം കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതും കാരണങ്ങളും കാര്യങ്ങളുമാണ്. അതിന്റെ പിന്നില്‍ അദൃശ്യമായ ഏക ശക്തിയുണ്ടെന്ന് അറിഞ്ഞിരിക്കുക. ഓരോരുത്തരുടെ വിശ്വാസമനുസരിച്ചാണ് അവരില്‍ വിചാരവും വികാരവും ചിന്തയും ആശയും ആശയവും ഭാഷയും പ്രവര്‍ത്തനങ്ങളുമൊക്കെ ഉണ്ടാകുന്നത.് ഏറെ ആഴത്തില്‍ അറിഞ്ഞില്ലെങ്കില്‍ വളരെയേറെ സംശയങ്ങളുണ്ടാവും. വിശ്വാസം സത്യവും നേരെയും ആകുമ്പോള്‍ അനുഭവങ്ങളിലൂടെ സംശയങ്ങള്‍ക്ക് നിവാരണമുണ്ടാവും.
വിശ്വാസവും സത്യവും ശുദ്ധമാക്കുക, അതിന്റെ പ്രയോഗവല്‍ക്കരണത്തിന് പ്രാര്‍ഥനാനിരതരാവുക, ശേഷം അല്ലാഹുവില്‍ എല്ലാം ഭരമേല്‍പ്പിക്കുക. ശേഷം ആശിക്കുകയും പ്ലാന്‍ ചെയ്യുകയും ചിന്തിക്കുകയും ചെയ്യുകയും തിരുമാനമെടുക്കുകയും ചെയ്യുക. ഉത്തമമായത് നടപ്പിലാക്കാന്‍ ദൈവ സഹായം തേടുക. പിന്നീട് സംഭവിക്കുന്നതൊക്കെ സംതൃപ്തിയോടെ അനുഭവിക്കുക. അല്ലാഹുവിന്റെ അനുമതികൂടാതെ ആരെയും ഒന്നും ബാധിക്കയില്ല. അവന്‍ ഒരു നന്മ നിശ്ചയിച്ചാലോ തിന്മ വരുത്തിയാലോ തടയാന്‍ ആരുമില്ല. ഇങ്ങനെ എല്ലാ കാര്യങ്ങളിലും മനസ്സിനെ അല്ലാഹുവുമായി ബന്ധിപ്പിക്കുമ്പോള്‍ മാര്‍ഗദര്‍ശനം അവിടുന്ന് വന്നുകൊള്ളും. ദിനത്തില്‍ ഏറ്റവും ചുരുങ്ങിയത് പതിനേഴ് പ്രാവശ്യം വിശ്വാസി അക്കാര്യം ആവശ്യപ്പെടുന്നുണ്ടല്ലോ, ബോധപൂര്‍വ്വം അത് വര്‍ധിപ്പിക്കുന്നതനുസരിച്ച് സന്മാര്‍ഗത്തിന്റെ വെളിച്ചം കൂടിക്കൊണ്ടിരിക്കും. അങ്ങനെ മനസ്സ് അല്ലാഹുവില്‍ തൃപ്തിപ്പെടുന്നതില്‍ ഒതുങ്ങാന്‍ പഠിക്കും. അതു പ്രായോഗികതയില്‍ പ്രതിഫലിക്കുകയും ചെയ്യും. അല്ലാതെ മിതവ്യയത്തിന്റെ ചാര്‍ട്ട് ഉണ്ടാക്കിക്കൊടുത്ത് ആരിലും മിതവ്യയ ശീലം വളര്‍ത്തിയെടുക്കാനാവില്ല. ''നിനക്ക് നന്മയുള്ളത് ആശിക്കുകയും അല്ലാഹുവിന്റെ സഹായം തേടുകയും ചെയ്യുക. നീ അശക്തനാവരുത്. പിന്നെ വരുന്നത് തൃപ്തിയോടെ സ്വീകരിക്കുക. ഞാന്‍ അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇങ്ങനെ ആകുമായിരുന്നു/ആകുമായിരുന്നില്ല എന്നൊന്നും പറയരുത്. അല്ലാഹു അവന്‍ നിശ്ചയിച്ചത് ചെയ്തു എന്നു പറയുക. 'എങ്കില്‍' എന്നത് മനസ്സില്‍ പിശാചിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വഴി തുറക്കുന്നതാണ്.'' ഇങ്ങനെ പ്രവാചകന്‍ (സ) പഠിപ്പിച്ചിട്ടുണ്ട്.
മനസ്സിലാണ് ആശയും താല്‍പര്യങ്ങളും തീരുമാനങ്ങളും ആദ്യം പൊട്ടിമുളക്കുന്നത്. അതിനാല്‍ മിതവ്യയ നയം നട്ടുവളര്‍ത്തേണ്ടതും അവിടെത്തന്നെയാണ്. മനസ്സ് ദൈവിക ഹസ്തങ്ങളിലാണെന്ന് ഖുര്‍ആനും പ്രവാചകവചനങ്ങളും നമ്മെ പഠിപ്പിക്കുന്നുണ്ട്. അതിനെ സൂക്ഷ്മതയുടെ പാതയില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതും മാര്‍ഗച്യുതിയിലാക്കുന്നതും അവന്‍ തന്നെയാണ്. സത്യവിശ്വാസിയുടെ മിതവ്യയശീലം ഒന്നാമതായി അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടിയാണ്. അതിനുള്ള ഭൗതിക പ്രതികരണവും ദൈവിക കാരുണ്യവുമാണ് ഈ ലോകത്തെ സാമ്പത്തിക അച്ചടക്കമുള്ള സമാധാന ജീവിതം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top