1975-ല്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ഡിപ്ലോമ കരസ്ഥമാക്കി,
ബി.എസ്.എന്‍.എല്‍ ഓഫീസില്‍നിന്നും ടെലികോം ഓഫീസറായി
റിട്ടയര്‍ ചെയ്ത സി.എന്‍ റഹീമ
മുന്‍കാല മുസ്ലിം പിന്നാക്കാവസ്ഥയെക്കുറിച്ച് പരിതപിക്കുമ്പോഴും അക്കാലങ്ങളില്‍ ഉണ്ടായിരുന്ന ഉദ്ബുദ്ധരായ മുസ്ലിം വനിതകള്‍ പല കാരണങ്ങളാല്‍ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ഉള്‍ഗ്രാമമായ എടത്തനാട്ടുകരയില്‍ നിന്ന് 1975-ല്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ഡിപ്ലോമ കരസ്ഥമാക്കിയ ഒരാളുണ്ട്. പോസ്റ്റല്‍ ആന്‍ഡ് ടെലികോം സര്‍വീസില്‍ ജോലി നേടി 2017-ല്‍ മലപ്പുറം ബി.എസ്.എന്‍.എല്‍ ഓഫീസില്‍നിന്നും ടെലികോം ഓഫീസറായി റിട്ടയര്‍ ചെയ്ത സി.എന്‍ റഹീമ.
കുട്ടിക്കാലം
മലയാളത്തിലെ ആദ്യത്തെ ഖുര്‍ആന്‍ പരിഭാഷ രചിച്ച സി.എന്‍ അഹ്‌മദ് മൗലവിയുടെ പേരമകളാണ് റഹീമ. വാപ്പ സി.എന്‍ അബ്ദുറഹീമും ഉമ്മ സഫിയ അമ്പഴത്തിങ്ങലും അറബി അധ്യാപകരായിരുന്നു. 1960-ല്‍ റഹീമ ജനിച്ച് അറുപതാം ദിവസം മുതല്‍ ടീച്ചറായി ജോലി ചെയ്തിരുന്ന ആളാണ് റഹീമയുടെ ഉമ്മ. ഉമ്മ കാലിക്കറ്റ് ഗേള്‍സ് സ്‌കൂളിലും വാപ്പ കല്ലായി സ്‌കൂളിലും ആയിരുന്നതിനാല്‍ ചെറുപ്പകാലം കോഴിക്കോട്ട് തന്നെയായിരുന്നു. കൂടാതെ വല്ല്യാപ്പയുടെ എഴുത്തും പ്രസ്സും ഒക്കെ കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു.
'ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഉമ്മക്ക് പട്ടിക്കാട് സ്‌കൂളില്‍ പി.എസ്.സി നിയമനം ലഭിക്കുന്നത്. അങ്ങനെയാണ്, കോഴിക്കോട്ട് നിന്ന് മലപ്പുറം ജില്ലയിലേക്കും തുടര്‍ന്ന് സ്വന്തം നാടായ എടത്തനാട്ടുകരയിലേക്കും തിരിച്ചെത്തുന്നത്. അന്നത്തെ കോഴിക്കോടന്‍ പട്ടണ ജീവിതത്തില്‍നിന്ന് എടത്തനാട്ടുകരയുടെ ഗ്രാമീണ പശ്ചാത്തലത്തിലേക്കുള്ള പറിച്ചുനടല്‍ ജീവിതത്തില്‍ വലിയ മാറ്റം തന്നെയായി. അധ്യാപികയായ ഉമ്മയും മക്കളെക്കുറിച്ച് സദാ ജാഗരൂകനായ ഉപ്പയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തി.
'എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കണം. പക്ഷേ, സ്ത്രീകള്‍ക്ക് നിര്‍ബന്ധമായും വിദ്യാഭ്യാസം നല്‍കണം. കാരണം, അവരാണ് പുതിയ തലമുറയെ വളര്‍ത്തുന്നത് എന്ന വലിയുപ്പ സി.എന്‍ അഹ്‌മദ് മൗലവിയുടെ ഉറച്ച നിലപാടാണ് യഥാര്‍ഥത്തില്‍ എന്റെയും സഹോദരങ്ങളുടെയും വിദ്യാഭ്യാസ വളര്‍ച്ചയുടെ അടിത്തറ. 1975-ല്‍ സംസ്ഥാനത്താകെ 21 ശതമാനം ആളുകള്‍ മാത്രം പത്താം ക്ലാസ് വിജയിച്ച വര്‍ഷത്തില്‍ ഓറിയന്റല്‍ സ്‌കൂളിലെ ഒന്നാം സ്ഥാനക്കാരിയായി വിജയിക്കാനായി. അന്ന് 101 രൂപയായിരുന്നു സമ്മാനം.
പഠനകാലം
പഠനകാലത്ത് നേരത്തെ കിടക്കാനും പുലര്‍ച്ച മൂന്നുമണിയോടെ എഴുന്നേല്‍ക്കാനും ചെറുപ്പം മുതലേ ശീലിച്ചിരുന്നു. മണ്ണെണ്ണ വിളക്കിന്‍ വെട്ടത്തില്‍ പഠിക്കാനിരിക്കുമ്പോള്‍ വാപ്പയും കൂടെ ഉറക്കമിളച്ചിരിക്കും. ഉറക്കം വരാതിരിക്കാന്‍ പരീക്ഷാ സമയത്തൊക്കെ വാപ്പ തന്നെ കട്ടന്‍ചായ ഉണ്ടാക്കിത്തരുമായിരുന്നു. ഞങ്ങളില്‍ വലിയ പ്രതീക്ഷയായിരുന്നു വാപ്പക്ക്. പത്താം ക്ലാസ് വിജയിച്ചപ്പോള്‍ പലരും പല കോഴ്‌സുകളും നിര്‍ദേശിച്ചു. എങ്കിലും വളരെ പുതുമയുള്ള ഒരു കോഴ്‌സിന് എന്നെ പഠിപ്പിക്കണം എന്നത് വാപ്പയുടെ തീരുമാനമായിരുന്നു. അങ്ങനെയാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ പഠിക്കുന്നതിനായി തൃശൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ ചേര്‍ക്കുന്നത്. അന്ന് രണ്ട് സ്ഥാപനങ്ങളില്‍ മാത്രമാണ് കേരളത്തില്‍ ഈ കോഴ്‌സ് ഉള്ളത്. തൃശൂരും തിരുവനന്തപുരത്തും. യാത്രാ സൗകര്യങ്ങള്‍ വളരെ കുറവുള്ള, പരസ്പരം വിവരങ്ങള്‍ അറിയാന്‍ പോസ്റ്റല്‍ സര്‍വീസല്ലാതെ മറ്റൊന്നും പ്രയോഗത്തില്‍ ഇല്ലാതിരുന്ന കാലം. സങ്കടപ്പെട്ടും കരഞ്ഞുമാണ് ഹോസ്റ്റലിലേക്ക് യാത്രയായത്. ഗ്രാമീണ അന്തരീക്ഷത്തിലെ സ്‌കൂളില്‍നിന്നും വന്ന എനിക്ക് ഇംഗ്ലീഷിലുള്ള ക്ലാസുകള്‍ വലിയ പ്രയാസമായി മാറി. ട്രിഗ്‌ണോമെട്രിയും കാല്‍കുലസും തുടങ്ങി പുതിയ പുതിയ മേഖലകള്‍ മുന്നില്‍ നിരന്നു. ചെറുപ്പത്തിലേ ശീലിച്ച കഠിനാധ്വാനത്താലും മാതാപിതാക്കളുടെ പിന്തുണയാലും പടച്ചവന്റെ അപാരമായ അനുഗ്രഹത്താലും മൂന്നു വര്‍ഷവും ഫസ്റ്റ് ക്ലാസോടെ പാസായി.
കുടുംബം, ജോലി
പോളിടെക്‌നിക്കില്‍ പഠനം ആരംഭിച്ച് ഒരു മാസം കഴിഞ്ഞപ്പോഴേക്കും വിവാഹം നിശ്ചയിച്ചു. കുടുംബ ജീവിതവും പഠനവും സന്തോഷത്തോടെ ഒരുമിച്ചു കൊണ്ടുപോവാനുള്ള പാഠങ്ങളും വാപ്പ തന്നെയാണ് പകര്‍ന്നുതന്നത്. പോളിയില്‍ ചേര്‍ന്ന അടുത്ത മാസം തന്നെ നിക്കാഹ് നടന്നു. വിവാഹശേഷം എല്ലാം ഒരുമിച്ചു കൊണ്ടുപോകുന്നത് വലിയ സാഹസം തന്നെയായിരുന്നു. കോടതിയില്‍ ക്ലര്‍ക്കായിരുന്നു ഭര്‍ത്താവ് ഖാലിദ്. കരുവാരക്കുണ്ട് തരിശ് സ്വദേശി ഓട്ടുപാറ ചേക്കു-ഇത്തീമ ദമ്പതികളുടെ മകനാണ്.
വല്യുപ്പയാണ് കല്യാണത്തിന് മുന്‍കൈയെടുത്തത്. അന്നൊക്കെ വല്യുപ്പ പറയുന്നതാണ് കുടുംബത്തിലെ അവസാന വാക്ക്. കല്യാണത്തിന്റെ തലേ ദിവസം രാത്രി, പുലര്‍ച്ച മൂന്നു മണിവരെ വാപ്പ അടുത്തിരുത്തി ഉപദേശം തന്നു. പഠനവും കുടുംബ ജീവിതവും ഒന്നിച്ച് കൊണ്ടുപോവാനും പ്രതിസന്ധി ഘട്ടങ്ങളിലും പഠനം അവസാനിപ്പിക്കാതെ പിടിച്ചുനില്‍ക്കാനുമൊക്കെ സഹായിച്ചത് ആ ഉപദേശമായിരുന്നു. 'നിന്നെക്കൊണ്ട് ഒരു പ്രയാസവും നീ കയറിച്ചെല്ലുന്ന വീട്ടില്‍ ഉണ്ടാകാന്‍ പാടില്ല' എന്നായിരുന്നു വാപ്പാന്റെ ഉപദേശത്തിന്റെ രത്‌നച്ചുരുക്കം. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും നല്ല സഹകരണം ഉണ്ടായിരുന്നു. എങ്കിലും കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. 1978-ല്‍ പഠനം പൂര്‍ത്തിയാക്കി. 1979-ല്‍ മൂത്ത മകള്‍ പിറന്നു.
പഠനം പൂര്‍ത്തിയായ ഉടനെത്തന്നെ പോസ്റ്റ് ആന്‍ഡ് ടെലികമ്യൂണിക്കേഷനില്‍ ജോലി കിട്ടി. 1980-ല്‍ ട്രെയിനിംഗിന് ചേര്‍ന്നു. ഒരു വര്‍ഷമാണ് ട്രെയിനിംഗ്. അന്നത്തെ കാലത്ത് യാത്രാ സൗകര്യങ്ങളും കമ്യൂണിക്കേഷന്‍ സൗകര്യങ്ങളും വളരെ കുറവാണല്ലോ. 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൂടെ കൊണ്ടുപോകാനുള്ള സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. വീട്ടുകാരെ ഏല്‍പിച്ച് പോയ കുഞ്ഞ് ഇരുപത്തൊന്നാം ദിവസം തിരിച്ചെത്തിയ എന്നെ മറന്നുപോയിരുന്നു. ഞാന്‍ ഹൃദയം പൊട്ടിക്കരഞ്ഞതു കണ്ട് വീട്ടില്‍ കൂട്ടക്കരച്ചിലായി. ജോലിയില്‍ തുടരണമെന്ന തീരുമാനം തന്നെയാണ് വീട്ടുകാരും അനുകൂലിച്ചത്. ലക്ഷ്യം നേടണമെന്ന ഉറച്ച തീരുമാനത്തോടെയാണ് മുന്നോട്ട് പോയത്. വിപ്ലവകരമായ മാറ്റമുണ്ടായ ഒരു മേഖലയില്‍ ജോലി തുടങ്ങാനും സാധിച്ചു. 'ട്രെസ്പാസ്സേഴ്‌സ് വില്‍ ബി പ്രോസിക്യൂട്ടഡ്' എന്നെഴുതി വെച്ച മതിലുകളുള്ള ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് അന്ന് കണ്ടത് ഇന്നത്തെ കുട്ടികള്‍ റോക്കറ്റ് വിക്ഷേപണമൊക്കെ കാണുന്ന അത്രക്ക് ആവേശത്തോടെയായിരുന്നു. അവിടെ ജോലി ലഭിക്കുന്നത് വിപ്ലവകരമായ ഒരു നേട്ടമായി ഞാന്‍ കരുതി. കുടുംബം എന്റെ എല്ലാ നല്ല തീരുമാനത്തിനും കൂടെ നിന്നു. ഇന്നത്തെ ടെലിഫോണ്‍ അല്ല അന്ന്. അന്നുണ്ടായിരുന്ന ട്രങ്ക് ബുക്കിങ്ങും കാള്‍ കണക്റ്റിംഗ് സിസ്റ്റങ്ങളുമൊന്നും ഇന്നത്തെ കുട്ടികളുടെ വിദൂരസങ്കല്‍പങ്ങളില്‍ പോലും ഉണ്ടാവില്ല.
എന്റെ 37 വര്‍ഷത്തെ സര്‍വീസിനിടെ സെന്‍ട്രല്‍ ബാറ്ററി എക്‌സ്‌ചേഞ്ച്, ട്രങ്ക്, സ്ട്രൗജര്‍ എക്‌സ്‌ചേഞ്ച് (MAX 1 & MAX 2), ഇലക്ട്രോണിക് എക്‌സ്‌ചേഞ്ച് (SBM, MBM, 5Ess) എന്നതൊക്കെ കണ്ടു. ശേഷം ഡാറ്റാ ട്രാന്‍സ്ഫര്‍ വരെയെത്തി. മങ്കടയിലെ ഓഫീസില്‍നിന്നാണ്് ജോലിയില്‍നിന്ന് വിരമിച്ചത്.
പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍
വല്യുപ്പയുടെ ശിക്ഷണത്തില്‍ മതപരമായ ചിട്ടകള്‍ ചെറുപ്പത്തിലേ ശീലിച്ചിരുന്നു. ഭര്‍ത്താവിന്റെ കുടുംബവും പ്രസ്ഥാന പ്രവര്‍ത്തകരായിരുന്നു. അന്നൊക്കെ പെരിന്തല്‍മണ്ണ ടൗണിലുള്ള ശാന്തപുരം ലോഡ്ജില്‍ ചേര്‍ന്നിരുന്ന ഹല്‍ഖാ യോഗങ്ങളിലായിരുന്നു ഭര്‍ത്താവ് പങ്കെടുത്തിരുന്നത്. സ്ത്രീകള്‍ക്ക് പെരിന്തല്‍മണ്ണ ഹുദ പള്ളിയില്‍ മാത്രമായിരുന്നു സൗകര്യം. അവിടെ വരുന്ന സ്ത്രീകളെയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് 1992 ഫെബ്രുവരിയില്‍ ഒരു വിമന്‍സ് അസോസിയേഷന്‍ ഉണ്ടാക്കി. അത് മാസത്തില്‍ ഒരു തവണ ഇപ്പോഴും കൂടുന്നുണ്ട്. പിന്നീട് വേറെയും പള്ളി ഉണ്ടായപ്പോള്‍ വിമന്‍സ് അസോസിയേഷനിലെ കുറേ ആളുകള്‍ അങ്ങോട്ട് മാറി. പിന്നീട് ജമാഅത്ത് വനിതാ ഹല്‍ഖയായിത്തന്നെ പ്രവര്‍ത്തനം തുടങ്ങി.
2000-ല്‍ അവിടെ ഖുര്‍ആന്‍ സ്റ്റഡി സെന്ററും തുടങ്ങി. 30 പേരുമായി തുടങ്ങിയ ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍നിന്ന് 2011 ആയപ്പോഴേക്കും ഖുര്‍ആന്‍ മുഴുവനായും പഠിച്ച് പരീക്ഷ എഴുതി. ആദ്യത്തേതില്‍ വണ്ടൂരില്‍ വെച്ചും മൂന്നാം വര്‍ഷം ആലപ്പുഴയില്‍വെച്ചും സമ്മാനം ലഭിച്ചു. ഇതെല്ലാം ഞാന്‍ നടത്തിയത് കുട്ടികളൊക്കെ ചെറുപ്പമായപ്പോള്‍ തന്നെയാണ്. മനസ്സാന്നിധ്യമുണ്ടെങ്കില്‍ ജോലിയും കുടുംബവും പഠനവും പ്രസ്ഥാന പ്രവര്‍ത്തനവും ഒരുമിച്ചു കൊണ്ടുപോവാന്‍ നമുക്ക് സാധിക്കും.
ലക്ഷ്യം നേടാനുള്ള ശ്രമങ്ങളില്‍ ഉറച്ചുനിന്ന് കഠിന പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് മുന്‍തലമുറയിലുള്ള സ്ത്രീകള്‍ - ഞാനടക്കം - പ്രവര്‍ത്തനമേഖലയിലും കുടുംബത്തിലും മുന്നേറിയത്. മുന്നില്‍ വരുന്ന ഓരോ പ്രതിബന്ധങ്ങളേയും വ്യക്തിയെന്ന നിലയിലും മുസ്ലിം സ്ത്രീ എന്ന നിലയിലും നേരിടുക മാത്രമാണ് ചെയ്യേണ്ടത്. ആവശ്യമില്ലാതെ ഒരു ഫോണ്‍ പോലും ചെയ്യരുത് എന്ന ഉപദേശമാണ് ജോലിയില്‍ ചേര്‍ന്നപ്പോള്‍ വല്യുപ്പ നല്‍കിയത്. സ്ത്രീയുടെ ശാക്തീകരണം നടക്കേണ്ടത് സ്ത്രീയുടെ ഉള്ളില്‍നിന്ന് തന്നെയാണ്. പോസിറ്റീവല്ലാത്ത ഇടപെടലുകള്‍ തള്ളിക്കളയുകയല്ലാതെ ഇതിനെ നേരിടാന്‍ മറ്റു മാര്‍ഗങ്ങളില്ല.
കുടുംബജീവിതത്തിനും കുട്ടികള്‍ക്കും വേണ്ടി പഠനവും ജോലിയും വിട്ടുകളയുന്നതായിരുന്നു മുന്‍കാല പ്രവണതയെങ്കില്‍, പഠനത്തിനും ജോലിക്കും വേണ്ടി കുടുംബവും കുട്ടികളും വേണ്ടെന്ന് വെക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. കുടുംബം സമൂഹത്തിലെ ഏറ്റവും അടിസ്ഥാന ഘടകമാണ്. അത് വിട്ടുകളഞ്ഞുകൊണ്ട് സാമൂഹികമായും സാമ്പത്തികമായും നേടുന്ന പുരോഗതി കൊണ്ടുമാത്രം ഇരു ലോകത്തും വലിയ പ്രയോജനമൊന്നും ഇല്ല എന്നാണ് എന്റെ അഭിപ്രായം.
എനിക്ക് മൂന്ന് അനിയത്തിമാരും രണ്ട് അനിയന്മാരും ഉണ്ട്. എന്റെ മൂന്ന് മക്കളും UAE യില്‍ കുടുംബസമേതം ജോലി ചെയ്യുന്നു.