മെന്ററിംഗ് മക്കളെ മേന്മയുള്ളവരാക്കും

റിഫാന.പി No image

കോഴിക്കോട് ജില്ലയില്‍നിന്ന് മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ട കുറെ കുട്ടികളെയും മോഷണ വസ്തുക്കളും പോലീസ് സ്റ്റേഷനിലെത്തിച്ചു. ഈ കുട്ടികളെ ഇങ്ങനെ വിട്ടുകഴിഞ്ഞാല്‍ അവര്‍ വളരെ മോശമാകാന്‍ സാധ്യതയുണ്ടെന്ന് അന്നത്തെ പോലിസ് കമീഷണര്‍ക്ക് തോന്നി. അതിനുള്ള പ്രതിവിധി എന്താണെന്നും അദ്ദേഹം ആലോചിച്ചു. ഒമ്പത്, പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്നവരായിരുന്നു ഇവരില്‍ പലരും. ഈ കുട്ടികള്‍ക്ക് ഒന്നോ രണ്ടോ ദിവസത്തെ കൗണ്‍സലിംഗ് മാത്രം മതിയാവുകയില്ല. അവരോട് ചേര്‍ന്നുനിന്ന് അവരെ നല്ല വഴിക്ക് നയിക്കാന്‍ പാകത്തിലുള്ള ഒരു മെന്ററിംഗ് സംവിധാനമാണ് ആവശ്യമെന്ന തീരുമാനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു.
കൗണ്‍സലിംഗ് എന്നത് പലപ്പോഴും ഒന്നോ രണ്ടോ മണിക്കൂറില്‍ ഒതുങ്ങും. എന്നാല്‍, മെന്ററിംഗിന് നീണ്ട കാലയളവ് വേണ്ടിവരും. മൂന്നോ നാലോ വര്‍ഷം കൊണ്ടായിരിക്കും ഓരോരുത്തരുടെയും മെന്ററിംഗ് പിരീഡ് പൂര്‍ത്തിയാകുന്നത്. മെന്ററിംഗ് എന്നാല്‍ നയിക്കുക എന്നാണ്. അങ്ങനെ ഓരോ കുട്ടിയെയും ഓരോ മെന്റര്‍മാരെ ഏല്‍പിച്ചു. ഓരോരുത്തര്‍ക്കും എന്താണോ വേണ്ടത് അതിലേക്ക് അവരെ കൊണ്ടെത്തിക്കുകയായിരുന്നു ഉദ്ദേശ്യം. ഏറ്റെടുത്ത കുട്ടികള്‍ക്ക് അവരുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും നിവര്‍ത്തിച്ചു കൊടുക്കാന്‍ മെന്റര്‍ക്ക് സാധ്യമാവുന്നില്ലെങ്കില്‍, അതിന് പറ്റിയ ആളുകളുടെ അടുത്തേക്കോ  സ്ഥലങ്ങളിലേക്കോ അവരെ കൊണ്ട് പോകും. എങ്ങനെയെങ്കിലും അവരെ നേര്‍വഴിക്ക് നയിച്ച് സമൂഹത്തിന് മുതല്‍ക്കൂട്ടാക്കുക എന്നതായിരുന്നു ഈ മെന്ററിംഗ് കൊണ്ട് ഉദ്ദേശിച്ചത്. ഫുട്‌ബോള്‍ പ്ലെയര്‍ ആവാന്‍ ആഗ്രഹിക്കുന്ന ഒരു കുട്ടിക്ക് ഒരു ഫുട്ബോള്‍ കോച്ചിനെയാണ് ആവശ്യം. അപ്പോള്‍ അതിനുള്ള സാധ്യതകള്‍ അന്വേഷിക്കും.
മോഷണക്കേസില്‍ പിടിക്കപ്പെട്ട കുട്ടികളായത് കൊണ്ട് നിരന്തരം പോലീസ് വീട്ടില്‍ വരുന്നതിനാല്‍ വീട്ടുകാരും കുട്ടികളും പരിഭ്രാന്തരായിരുന്നു. പല കുട്ടികളും കുറ്റവാളികളായിത്തീരുന്നത് അറിഞ്ഞുകൊണ്ടല്ല. മോഷണം നടത്തുന്നത് പലപ്പോഴും മയക്കുമരുന്നിന് അടിമകളായത് കൊണ്ടാവും. അല്ലെങ്കില്‍ തമാശക്ക് മോഷ്ടിച്ചു നോക്കിയതായിരിക്കും. മോഷ്ടാക്കളില്‍ പലരും ബൈക്ക് മോഷ്ടിച്ചവരായിരുന്നു. ഒരു കുട്ടി പറഞ്ഞത് ഇങ്ങനെ. ഞങ്ങള്‍ മോഷ്ടിച്ചിട്ടില്ല, ബീച്ചിലേക്ക് പോയപ്പോള്‍ ഞങ്ങള്‍ക്ക് പെട്ടെന്ന് ഒരു സ്ഥലം വരെ പോകേണ്ടി വന്നു. ഞങ്ങളുടെ കൈയിലുള്ള വണ്ടി സ്റ്റാര്‍ട്ടാവുന്നുമില്ല. അവിടെ നിര്‍ത്തിയിട്ട ഒരു ബൈക്കില്‍ ചാവി കണ്ടു. ആവശ്യം കഴിഞ്ഞു തിരിച്ചുവെക്കാം എന്ന് കരുതിയാണ് അത് എടുത്തത്. തിരിച്ചുവന്ന് വണ്ടി വെക്കാന്‍ നോക്കുമ്പോള്‍ അവിടെ ആളുകള്‍ കൂടിനിന്ന് തെരയുന്നത് കണ്ടു. അവരെ കണ്ട് പേടിച്ച് വണ്ടി നേരെ മറ്റൊരു ഭാഗത്ത് കൊണ്ടുപോയി വെച്ചു. അത് മറ്റൊരുത്തന്‍ കണ്ടു. അവന്‍ അതെടുത്ത് പോകുമ്പോള്‍ അവനെ പോലീസ് പിടിച്ചു. അങ്ങനെയാണ് ഞങ്ങള്‍ എല്ലാവരും അകത്തായത്. ഒരു പയ്യന്‍ ബൈക്ക് മോഷ്ടിച്ചത് ലഹരിക്ക് വേണ്ടിയാണ്.
മോഷണക്കേസുകളിലും മയക്കുമരുന്ന് കേസിലും പിടിക്കപ്പെടുന്ന കുട്ടികളെ നമ്മള്‍ മനസ്സിലാക്കുകയാണ് വേണ്ടത്. അതിലെത്തിപ്പെടാനുണ്ടായ സാഹചര്യങ്ങള്‍ മനസ്സിലാക്കി വേണം അവരോട് പെരുമാറാന്‍. കുട്ടികള്‍ നിഷ്‌കളങ്കരാണ്. അവര്‍ അപകടത്തില്‍ പെടാന്‍ ഇന്നത്തെ സാമൂഹിക സാഹചര്യവും കാരണമാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ കാര്യത്തില്‍ കുടുംബത്തിനു മാത്രമല്ല, സമൂഹത്തിനും വലിയ ഉത്തരവാദിത്വമുണ്ട്. പണം ഉണ്ടാക്കലാണ് എല്ലാവരുടെയും ലക്ഷ്യം. നല്ല കാര്യം ചെയ്യാന്‍ കൂടുതല്‍ പണം വേണ്ട. മയക്കുമരുന്ന് വിറ്റുകിട്ടുന്ന പൈസയൊക്കെ അനധികൃത ഇടപാടുകള്‍ക്കാണ് മാഫിയകള്‍ ഉപയോഗിക്കുന്നത്. ഇതിന് കരുവായിത്തീരുകയാണ് കുട്ടികള്‍. ലഹരിക്കെതിരെ ചിന്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഈ തലമുറ രക്ഷപ്പെടുകയുള്ളൂ. മദ്യവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കുന്ന കുടുംബത്തിലെ മക്കളും മിക്കവാറും അതിനടിമകളാകും. യാതൊരു ലാഭേഛയുമില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കേ അവരുടെ മെന്ററാവാന്‍ കഴിയൂ. മുമ്പ് മെന്ററിംഗ് ചെയ്ത കുട്ടികളെ വര്‍ഷങ്ങള്‍ക്ക് ശേഷം വിളിച്ചുവരുത്തിയപ്പോള്‍ അവരില്‍ പലരും വലിയ നിലയിലെത്തിയിരുന്നു. അന്നവരെ മാറ്റിനിര്‍ത്തിയിരുന്നെങ്കില്‍ ഇത് സാധിക്കില്ലായിരുന്നു.

കഴിവുകള്‍ തിരിച്ചറിയുക
ഓരോ കുട്ടിയുടെയും ഉള്ളില്‍ ദൈവം ഓരോ കഴിവ് സന്നിവേശിപ്പിച്ചിട്ടുണ്ട്. അത് തിരിച്ചറിയുക എന്നതാണ് രക്ഷിതാക്കളുടെയും മുതിര്‍ന്നവരുടെയും കടമ. മക്കള്‍ നാളെ ആരാകണം എന്ന് നമ്മളല്ല ചിന്തിച്ചുകൂട്ടേണ്ടത്. അവരുടെ കഴിവുകളെ പോഷിപ്പിക്കുകയും അവരുടെ ചിന്ത എന്താണെന്ന് മനസ്സിലാക്കുകയുമാണ് ഓരോരുത്തരും ചെയ്യേണ്ടത്. ബിസിനസുകാരനാവാന്‍ ആഗ്രഹമുള്ള ഒരു കുട്ടിയെ പാടുപെട്ട് ഡോക്ടറാക്കി മാറ്റിയാല്‍ പിന്നീട് എത്ര ഉന്നതനായ ഡോക്ടറായി മാറിയാലും അവന്റെ ബിസിനസ് മൈന്റ് ഒരു കാലം പ്രവര്‍ത്തിക്കും. അങ്ങനെയാണ് എങ്ങനെയും പൈസ ഉണ്ടാക്കണമെന്ന മോഹത്താല്‍ പല ഡോക്ടര്‍മാരും അഴിമതിക്കാരായി മാറുന്നത്.
ഒരു കുട്ടിയുടെ കഴിവ് കണ്ടെത്തി വികസിപ്പിക്കുന്നതിനും നേര്‍മാര്‍ഗത്തിലാക്കുന്നതിനും അണു കുടുംബം, കൂട്ടുകുടുംബം എന്ന വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ല. കൂട്ടുകുടുംബ വ്യവസ്ഥ ഉണ്ടായിരുന്നപ്പോള്‍ തെറ്റുകാരെ കണ്ടുപിടിക്കാന്‍ ചുറ്റിലും കുടുംബക്കാരും ബന്ധുക്കളും ഉണ്ടാവുമായിരുന്നു. ഇന്നത്തെ കാലത്ത് കൂട്ടുകുടുംബത്തിന് വലിയ പ്രസക്തിയില്ല. കാരണം, വരുമാനം ഒരാളിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുകയും ചെലവഴിക്കാന്‍ മറ്റുള്ളവര്‍ക്ക് അനുവാദമില്ലാതിരിക്കുകയും സ്ത്രീകളെ ജോലിക്ക് വിടാതിരിക്കുകയും ചെയ്യുന്ന മാനസികാവസ്ഥയാണ് പല കൂട്ടുകുടുംബങ്ങളിലും. ഇത് കുടുംബാംഗങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കും. ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെയും ബാധിക്കും. ചോദിച്ചാല്‍ എപ്പോഴും പൈസ കിട്ടും എന്ന ബോധം കുട്ടികളില്‍ ഉണ്ടാക്കാന്‍ പാടില്ല. മുന്‍കാലത്ത് പലരും വഴിതെറ്റാതിരിക്കാനുള്ള പ്രധാന കാരണം ആവശ്യത്തിന് ചെലവഴിക്കാന്‍ മാത്രമേ പൈസ ഉണ്ടായിരുന്നുള്ളൂ എന്നതാണ്.
കുട്ടികളെ കേള്‍ക്കാന്‍ എന്നതുപോലെ തന്നെ പ്രധാനമാണ് കുട്ടികള്‍ക്ക് കേള്‍ക്കാന്‍ കഥകളും കാര്യങ്ങളും ഉണ്ടാവണം എന്നതും. ധാര്‍മിക ബോധവും കരുണയുമുള്ള ഒട്ടേറെ കഥാപാത്രങ്ങളുണ്ട് മുത്തശ്ശിക്കഥകളില്‍. നല്ലതിലേക്ക് നയിക്കുന്ന ഒരുപാട് കവിതകള്‍ മുമ്പ് കേട്ടിട്ടുണ്ട്. അത് കേള്‍ക്കുമ്പോഴുള്ള ഗുണപാഠങ്ങള്‍ നമ്മളറിയാതെ മനസ്സിലേക്ക് വരുമായിരുന്നു. എന്നാല്‍, ഇത്തരം കഥകള്‍ കേള്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്ന്. ഓരോരുത്തരുടെ കൈയിലും ഗെയിം മാത്രമാണ്. കള്ള് മാറി മയക്കുമരുന്നിലേക്കും ഏറ്റവും ഗുരുതരമായ എം.ഡി.എം.എയിലേക്കും എത്തിക്കൊണ്ടിരിക്കുന്നു; അവസാനം സ്വയം വേദനിപ്പിച്ച് മരിക്കുന്ന അവസ്ഥയിലേക്കും.

ഉപദേശിക്കാനും സമയമുണ്ട്
ആദ്യകാലത്ത് കുട്ടികളെ നന്മയിലേക്ക് നയിക്കാനുള്ള സാഹചര്യങ്ങള്‍ വിദ്യാലയ അന്തരീക്ഷത്തില്‍ തന്നെ ഉണ്ടായിരുന്നു. ഏറക്കുറെ അധ്യാപകരെല്ലാം പ്രദേശവാസികള്‍ തന്നെയാവും.  ഓരോ പ്രദേശത്തെയും കുട്ടികളുടെ  സാമൂഹിക- സാമ്പത്തിക അവസ്ഥകളും വീട്ടിലെ ചുറ്റുപാടുകളും അവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. കുട്ടിയുടെ വിവരങ്ങള്‍ വീട്ടുകാരെ അറിയിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ഇന്ന് കോഴ കൊടുത്ത് ജോലിയില്‍ പ്രവേശിക്കുന്ന പല അധ്യാപകര്‍ക്കും അത് ശമ്പളമുള്ള ജോലി എന്നതിനപ്പുറം ഒന്നുമല്ല. ഇത് വലിയൊരു പോരായ്മ തന്നെയാണ്. മുമ്പ് തന്റെ കുട്ടിക്ക് അടി കിട്ടിയാല്‍ രക്ഷിതാക്കള്‍ ചോദിക്കാന്‍ വരികയോ പരാതി പറയുകയോ ചെയ്തിരുന്നില്ല.
കുട്ടികളെ ശാസിക്കുമ്പോഴും ഉപദേശിക്കുമ്പോഴും സാഹചര്യങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. സിഗരറ്റ് വലിച്ച കുട്ടികളെ താന്‍ ഉപദേശിച്ചപ്പോള്‍  കുറച്ചുകഴിഞ്ഞ് സ്‌കൂളിന്റെ മുകളില്‍ കയറി നിന്ന് അവര്‍ തന്റെ തലയില്‍ തുപ്പിയത് ഒരു അധ്യാപകന്‍ പറഞ്ഞതോര്‍ക്കുന്നു. സത്യത്തില്‍ അയാള്‍ അത് ക്ഷണിച്ച് വരുത്തിയതാണ്. മറ്റു കുട്ടികളുടെ മുന്നില്‍ വെച്ച് അവരെ അങ്ങനെ  ഉപദേശിക്കാന്‍ പാടുണ്ടായിരുന്നില്ല. അവരുടെ മാനസിക നിലയെ അത് പ്രതികൂലമായി ബാധിക്കും. പിന്നീടത് പ്രതികാരവും കോപവുമായി മാറും.
മറ്റുള്ളവരുടെ മുമ്പില്‍വെച്ച് അധിക്ഷേപിക്കാന്‍ പാടില്ലാത്തതുപോലെ തന്നെ പ്രധാനമാണ് ഉപദേശിക്കാന്‍ പാടില്ല എന്നതും. സമയവും സാഹചര്യവുമനുസരിച്ച് മാത്രമേ, ഉപദേശം പോലും  പാടുള്ളൂ. ഉപദേശിക്കുമ്പോള്‍ തന്നെ അവര്‍ 100 ശതമാനം ശരിയാകണം എന്ന പിടിവാശി പാടില്ല.
നമ്മുടെ പാഠ്യപദ്ധതിക്കുതന്നെ പല പോരായ്മകളുമുണ്ട്. ജീവിത ഗന്ധിയായ സിലബസുകള്‍ പഠിപ്പിക്കപ്പെടുന്നില്ല. മുമ്പൊക്കെ എങ്ങനെ മറ്റുള്ളവരെ ബഹുമാനിക്കണം, എങ്ങനെ വീട്ടില്‍ പെരുമാറണം എന്നൊക്കെ പഠിപ്പിക്കുന്നത് പാഠ്യപദ്ധതിയുടെ ഭാഗമായി ഉണ്ടായിരുന്നു. ജീവിതത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന സാമൂഹിക പാഠങ്ങള്‍ക്ക് പകരം പിന്നീടൊരിക്കലും ഉപകരിക്കാത്ത സമവാക്യങ്ങളാണ് ഇന്ന് കൂടുതല്‍ പഠിപ്പിക്കപ്പെടുന്നത്. അത് പലപ്പോഴും ജോലിസ്ഥലത്തേക്കുള്ള ആളുകളെ വാര്‍ത്തെടുക്കാന്‍ മാത്രമാണ്.
രക്ഷിതാക്കള്‍ക്ക് മക്കളുടെ കൂടെ ഇരിക്കാന്‍ കഴിയണം. അവരോട് പഠിക്കാന്‍ പറഞ്ഞുകൊണ്ട് വെറുതെ മാറിനിന്നതുകൊണ്ട് കാര്യമില്ല. ഗൗരവപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമയത്തായിരിക്കും കുട്ടികള്‍ പല ആവശ്യങ്ങളുമായി വരുന്നത്. അപ്പോള്‍ അത് ശ്രദ്ധിക്കാതിരിക്കുന്നതും ശരിയല്ല. അവന്റെ ആവശ്യം എന്താണെന്ന് ചോദിച്ച് മനസ്സിലാക്കണം. അംഗീകരിച്ചു കൊടുക്കാവുന്നതാണെങ്കില്‍ അതവരില്‍ ഒരു പോസിറ്റീവ് എനര്‍ജി ഉണ്ടാക്കും. അവഗണിക്കപ്പെട്ടാല്‍ അത് നിഷേധ നിലപാട് രൂപപ്പെടാന്‍ ഇടയാക്കും. വീട്ടിലെ പല ആവശ്യങ്ങള്‍ക്കും കുട്ടികളെ നമ്മള്‍ കൂടെ കൂട്ടണം. വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ കൂടെ കൂട്ടുക. അവനെക്കൊണ്ട് സാധനങ്ങള്‍ വാങ്ങിപ്പിക്കുകയും വേണം. ആദ്യമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ പല അപാകതകളും ഉണ്ടാകും. അതിന് കുട്ടിയെ കുറ്റപ്പെടുത്തരുത്.
ഇങ്ങനെ ഒപ്പം നടന്നും ഒപ്പം കൂട്ടിയുമാണ് ഓരോ കുട്ടിയെയും നമ്മള്‍ ശരിയാക്കിയെടുക്കേണ്ടത്. അതായിരിക്കും ഓരോ കുട്ടിയുടെയും വിജയത്തിലേക്കുള്ള വഴി.
l
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top