തീവണ്ടി പിടിക്കാനുള്ള അവളുടെ
ഓട്ടത്തിനിടയില്‍ പുലരി
എഞ്ചിന്പുകയേറ്റ പോലെ
കറുത്തിരുണ്ടു
വീട്ടില്‍ നിന്നും
റെയില്വെസ്റ്റേഷന് വരെ
കല്‍ക്കരിയില്ലാതെ
പച്ച സിഗ്നലിന്റെ ആവശ്യമേതുമില്ലാതെ
ഒരേ പാളത്തിലൂടെ
എന്നുമവള്‍ തീവണ്ടിയോട്ടി
ചെരുപ്പിന്റെ വാറു പൊട്ടുമ്പോള്‍
ഓട്ടം ഒരല്പം നിര്‍ത്തും
ചില സ്റ്റേഷനില്‍ പിടിച്ചിട്ട
ലോക്കല്‍ തീവണ്ടി പോലെ
റോഡുവക്കത്ത് നിന്ന് പരുങ്ങും
ചായക്ക് തീവണ്ടിപ്പുക ചുയക്കുന്നു
സാമ്പാറിലെ വെണ്ടക്കക്ക്
കംപാര്ട്ടുമെന്റിനോളം നീളം
എന്റെ പരിഭവങ്ങളുടെ
ചുവപ്പുസിഗ്നലില്
ഏറെ വൈകി വീടണഞ്ഞ
രാത്രിവണ്ടി കിതക്കുന്നു
ചുക്കുചുക്ക് ചുക്ക് ചുക്ക്....
കിടപ്പറയിലേക്ക് തളര്ന്നുവീഴുമ്പോളും
ഏകപക്ഷീയമായ രതിയിലും
പയറോ പാവലോ അരിയുമ്പോളും
അവള് തീവണ്ടിഭാഷയില് തേങ്ങി
റെയില്‍പാളത്തില്‍
മരിച്ചുകിടന്നവളുടെ
ചോരയും തേങ്ങുന്നു
ചുക്കുചുക്ക് ചുക്ക് ചുക്ക്....
ഇപ്പോളവളൊരു സ്റ്റോപ്പില്ലാ തീവണ്ടി
സിരകളിലെ അവസാനതുള്ളിയും
വറ്റിത്തീരുമ്പോള്‍ അതതിന്റെ
കൂവല്‍ നിര്‍ത്തുമായിരിക്കും
എഞ്ചിന് ബോഗി പോലെ
അവളുടെ ചുണ്ടിലെ
കടിയേറ്റ് വീര്‍ത്ത പാട്,
ശരീരത്തില്‍ അനേകം പല്ലിനാല്‍
കൊത്തിയ കംപാര്‍ട്ടുമെന്റുകള്‍!
അവസാനമായി അവളെടുത്ത
സെക്കന്റ് ക്ലാസ് ടിക്കറ്റില്‍
മരണമെന്ന സ്റ്റോപ്പ്
രേഖപ്പെടുത്താന്‍
വിട്ടുപോയതായിരിക്കും
മരണം പണിതിട്ട
റെയില്‍പാളത്തില്‍
സ്റ്റോപ്പില്ലാത്തൊരു ട്രെയിന്‍
കൂവാന്‍ തുടങ്ങുന്നു
ഇതിനായിരുന്നോ അവള്
തീവണ്ടിഭാഷ പഠിച്ചത്!
യാത്രക്കാരിയില്‍ നിന്നും
എഞ്ചിന് ഡ്രൈവറിലേക്ക്
പരകായം ചെയ്തവളുടെ തീവണ്ടി
പുറപ്പെടുകയായി
ചുക്കുചുക്ക് ചുക്കു ചുക്ക്....