ഒരു പൊട്ടിത്തെറിയില്‍,
ചെമ്പിനടിയിലെ പാറ്റ മുതല്‍
കോലായിലെ ഗ്ലാസിനടിയില്‍
കെട്ടിക്കിടന്ന ചായപ്പൊടി വരെ
പറമ്പിലെത്തി.
ഒരു പൊട്ടിത്തെറിയില്‍,
അച്ഛന്റെ കണക്കുപുസ്തകം
മലര്‍ക്കെ തുറക്കപ്പെട്ടു.
ചെലവുകളുടെ ആകെത്തുകയില്‍
കഴുക്കോലൊടിഞ്ഞു.
ഒരു പൊട്ടിത്തെറിയില്‍,
വെച്ചു വിളമ്പിയേന്റേം
വാരിക്കളഞ്ഞ ചമ്മലിന്റേം
തുടച്ച് മിനുക്കിയേന്റേം
അമ്മക്കണ്ണീരില്
ഇഷ്ടികയടര്ന്നു വീണു.
ഒരു പൊട്ടിത്തെറിയില്‍,
രഹസ്യക്കൂട്ടം നിലത്തുരുണ്ട്
കാറിക്കൂവി തലതല്ലിക്കരഞ്ഞ്
ജനാലക്കമ്പി വളച്ച്
അയലത്തേക്കോടി.
ഇനിയൊരു പൊട്ടിത്തെറിയില്‍,
ഭൂതം വര്‍ത്തമാനത്തിന്റെ
കയ്യും പിടിച്ച് ഭാവിയിലേക്ക്
ഒരു ഓട്ടപ്പാച്ചില്‍ നടത്തും.
പഴകിയതും പുളിച്ചതും
ദ്രവിച്ചതും തുപ്പിത്തുപ്പി
കൂട്ടിചേര്ക്കാനാവാത്ത വിധം
കൈകാലുകളോരോന്നും
ചിന്നിച്ചിതറും.......