ആര്‍ത്തവക്കാരിയോട് അകല്‍ച്ച വേണ്ട

കെ.കെ ഫാത്തിമ സുഹ്‌റ No image

ആര്‍ത്തവ സംബന്ധമായ ഇസ്ലാമിന്റെ സമീപനം ഏറെ യുക്തിഭദ്രവും സ്ത്രീ സൗഹൃദപരവുമാണ്.

ആര്‍ത്തവകാരിക്ക് നഖം മുറിക്കാമോ, മുടി നീക്കം ചെയ്യാമോ തുടങ്ങി ആരോഗ്യ സംബന്ധിയും മത സംബന്ധിയുമായ പല തരം അന്ധവിശ്വാസങ്ങളും സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. കാലങ്ങളായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും സംശയങ്ങള്‍ ബാക്കിയാണ്.
പ്രായ പൂര്‍ത്തിയെത്തുന്നതോടുകൂടി സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍നിന്ന് സ്രവിക്കുന്ന ആര്‍ത്തവ രക്തം, സ്ത്രീയുടെ ശാരീരിക അവശതയോ ദൗര്‍ബല്യമോ പരിമിതിയോ അല്ല. സ്ത്രീ സ്വത്വവുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രകൃതിപരമായ പ്രതിഭാസമാണ്. സ്ത്രീത്വത്തിന്റെ ഐഡന്റിറ്റിയാണ് ആര്‍ത്തവം.
സ്ത്രീയുടെ മാനസിക, ശാരീരിക അവസ്ഥകളുമായി ആര്‍ത്തവത്തിന് ബന്ധമുണ്ട്. ഗര്‍ഭധാരണം നടന്നുവെന്നറിയുന്നത് ആര്‍ത്തവം നിലക്കുന്നതോടു കൂടിയാണ്. ബീജവും അണ്ഡവും ചേര്‍ന്ന് കുഞ്ഞായി രൂപാന്തരപ്പെടുന്നതിന് ഗര്‍ഭപാത്രത്തെ സജ്ജമാക്കുന്നതില്‍ ആര്‍ത്തവത്തിന് പങ്കുണ്ട്.
ആര്‍ത്തവമാരംഭിക്കുന്നത് പല സ്ത്രീകളിലും വ്യത്യസ്ത പ്രായത്തിലാണ്. ശാരീരികാവസ്ഥകള്‍ക്കനുസരിച്ചും കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ചും അത് വ്യത്യാസപ്പെടും. സാധാരണയായി 1213 വയസ്സോടുകൂടിയോ അതിനു ശേഷമോ ഒക്കെയാണ് കേരളീയ സാഹചര്യത്തില്‍ ആര്‍ത്തവാരംഭം.  ഒമ്പത് വയസ്സ് മുതല്‍ ആര്‍ത്തവം കണ്ടു തുടങ്ങാമെന്നത് വൈദ്യശാസ്ത്രവും ഇസ്ലാമിക കര്‍മ ശാസ്ത്രവും അംഗീകരിച്ച വസ്തുതയാണ്. ഒമ്പതു വയസ്സിനു മുമ്പാണെങ്കില്‍ അത് ആര്‍ത്തവമല്ല, മറിച്ച്  രോഗമായിട്ടാണ് കണക്കാക്കേണ്ടത്.
ആര്‍ത്തവം നിലക്കുന്നതിനും നിശ്ചിത പ്രായമില്ല. അതും വ്യക്തികള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുന്നു. ഇന്ന പ്രായത്തില്‍ ആര്‍ത്തവം തുടങ്ങുമെന്നോ അവസാനിക്കുമെന്നോ നിജപ്പെടുത്തുന്ന ഒരു പ്രമാണവുമില്ല. ആര്‍ത്തവം നിലച്ചെന്ന് കരുതി കുറച്ചു നാള്‍ കഴിഞ്ഞശേഷം രക്തം കണ്ടാലും അത് ആര്‍ത്തവമാകാം. എന്നാല്‍, കാലങ്ങള്‍ക്ക് ശേഷം വീണ്ടും കാണപ്പെടുന്ന രക്തം ആര്‍ത്തവമാവില്ല. അത് രക്തസ്രാവമാവാനാണ് സാധ്യത. അതിന് ചികിത്സ തേടുകയാണ് വേണ്ടത്. ആര്‍ത്തവമുണ്ടാവുമ്പോള്‍ നിഷിദ്ധമാവുന്ന ആരാധനാ കര്‍മങ്ങളൊന്നും രക്തസ്രാവ കാലത്ത് നിഷിദ്ധമാവുന്നില്ല. ആര്‍ത്തവവും രക്തസ്രാവവും വേര്‍തിരിച്ചുതന്നെ മനസ്സിലാക്കേണ്ടതുണ്ട്.
ആര്‍ത്തവ സമയത്തോ പ്രസവ സമയത്തോ അല്ലാതെ കാണപ്പെടുന്ന രക്തമാണ് രക്തസ്രാവം. അത് പ്രകൃത്യാ ഉള്ളതല്ല. സമയത്ത് ചികിത്സിച്ചു മാറ്റേണ്ട രോഗമാണ്. ആ സമയത്ത് നമസ്‌കാരം, നോമ്പ് തുടങ്ങിയ ആരാധനകള്‍ നിര്‍വഹിക്കണം.
ആര്‍ത്തവ കാലയളവ് എല്ലാ സ്ത്രീകളിലും ഒരുപോലെയല്ല. സാധാരണ നാല് മുതല്‍ ഏഴ് ദിവസം വരെയാണ് ആര്‍ത്തവ പിരിയഡ്. ഏറ്റവും ചുരുങ്ങിയത് ഒരു ദിവസവും കൂടിയാല്‍ 15 ദിവസവുമാണെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പറയുന്നു. ഈ വിഷയത്തിലും വ്യക്തമായ പ്രമാണങ്ങളൊന്നുമില്ല. അതിനാല്‍, ഒരു സ്ത്രീക്ക് സാധാരണയായി എത്ര ദിവസമാണോ ആര്‍ത്തവം നീണ്ടുനില്‍ക്കുന്നത് അതിനെ അടിസ്ഥാനമാക്കിയാണ് അവര്‍ക്ക് മതവിധികള്‍ ബാധകമാവുന്നത്. രക്തസ്രാവത്തെക്കുറിച്ച് അന്വേഷിച്ച ഫാത്വിമ(റ)യോട് നബി (സ)പറഞ്ഞു: മുമ്പ് നിനക്ക് ആര്‍ത്തവമുണ്ടാവാറുള്ള ദിവസങ്ങളില്‍ നീ നമസ്‌കാരം ഉപേക്ഷിക്കുക. പതിവു ദിവസങ്ങള്‍ക്കപ്പറും രക്തമുണ്ടാവുന്നുണ്ടെങ്കില്‍ രക്തസ്രാവമായി ഗണിച്ച് നമസ്‌കരിച്ചുകൊള്ളുക.
സാധാരണയായി ആര്‍ത്തവ രക്തം ഇരുണ്ട കറുപ്പ് നിറമാണ്. പ്രത്യേക ഗന്ധമുണ്ടാവും. ഗര്‍ഭപാത്രത്തില്‍നിന്ന് പുറത്ത് വരും മുമ്പ് കട്ടയായിത്തീരുമെങ്കിലും പുറത്ത് വന്നശേഷം എത്രകാലം കഴിഞ്ഞാലും കട്ടയാവില്ലത്രെ. എന്നാല്‍, രക്തസ്രാവത്തിന്റെ സന്ദര്‍ഭത്തില്‍ പുറത്ത് വരുന്ന രക്തം സാധാരണ രക്തത്തിന്റേതു പോലെ ചുവപ്പായിരിക്കും. രക്തവര്‍ണം നോക്കി ആര്‍ത്തവമാണോ രക്തസ്രാവമാണോ എന്ന് സ്വയം  വേര്‍തിരിച്ച് മനസ്സിലാക്കാനാവും. നബിതിരുമേനി സഹാബി വനിതകളോട് അങ്ങനെ സ്വയം തീരുമാനിക്കാന്‍ ആവശ്യപ്പെട്ടതായി ചരിത്രത്തില്‍ കാണാം. ആര്‍ത്തവ കാലയളവില്‍ ഇളം ചുവപ്പ് വര്‍ണമോ മഞ്ഞയോ പോലുള്ള കലര്‍പ്പ് കണ്ടാലും അത് ആര്‍ത്തവം തന്നെയാണ്.
ആര്‍ത്തവ കാലയളവ് കഴിഞ്ഞ് ശുദ്ധി വരുത്തിയശേഷം ചെറിയ വല്ല കലര്‍പ്പോ മഞ്ഞയോ കണ്ടാല്‍ അതത്ര ഗൗനിക്കേണ്ടതില്ല. ഉമ്മു അത്വിയ്യ(റ) പ്രസ്താവിക്കുന്നു : 'കുളിച്ച് ശുദ്ധി വരുത്തിയശേഷം കാണപ്പെടുന്ന ചെറിയ കലര്‍പ്പ് നിറമോ മഞ്ഞയോ ഒന്നും ഞങ്ങള്‍ പരിഗണിക്കാറുണ്ടായിരുന്നില്ല.' ആര്‍ത്തവം മൂലം നിഷിദ്ധമാക്കപ്പെട്ടിട്ടുള്ളവയെല്ലാം, കുളിച്ചു ശുദ്ധി വരുത്തുന്നതോടെ  അവര്‍ പുനരാരംഭിക്കുമെന്നര്‍ഥം.
ആര്‍ത്തവകാലയളവ് തീരുന്നതിനു മുമ്പ് ഒന്നോ രണ്ടോ മണിക്കൂറുകളോ ചിലപ്പോള്‍ ദിവസങ്ങള്‍ തന്നെയോ ആര്‍ത്തവ രക്തം നിന്നെന്ന് വരാം. അത് ആര്‍ത്തവ ഘട്ടം തന്നെയായിട്ടാണ് ഗണിക്കുക. സാധാരണ നിര്‍ബന്ധമോ അനുവദനീയമോ ആയ ചില കാര്യങ്ങള്‍ ആര്‍ത്തവകാരികള്‍ക്ക് വിലക്കപ്പെടുന്നുണ്ട്. നമസ്‌കാരം, നോമ്പ്, മുസ്ഹഫ് തൊടല്‍, ത്വവാഫ്, ഇഅ്തികാഫ്, പള്ളിയില്‍ തങ്ങല്‍, വിവാഹമോചനം ആദിയായവയെല്ലാം അവയില്‍ പെട്ടതാണ്.
ആര്‍ത്തവകാലത്ത് നഷ്ടപ്പെടുന്ന നമസ്‌കാരങ്ങള്‍ പിന്നീട് വീട്ടേണ്ടതില്ല. എന്നാല്‍, റമദാനിലെ നോമ്പുകള്‍ നോറ്റു വീട്ടേണ്ടതാണ്. ആഇശ(റ) പറയുന്നു: 'നോമ്പ് നോറ്റു വീട്ടാന്‍ ഞങ്ങള്‍ കല്‍പിക്കപ്പെട്ടിരുന്നു. എന്നാല്‍ നമസ്‌കാരം അനുഷ്ഠിച്ചു വീട്ടാന്‍ ഞങ്ങള്‍ കല്‍പിക്കപ്പെട്ടിരുന്നില്ല.' ജനാബത്തുകാരികളെ പോലെത്തന്നെ ആര്‍ത്തവ സമയം കഴിഞ്ഞു കുളിച്ചു ശുദ്ധിയായില്ലെങ്കിലും സ്വുബ്ഹ്‌നു മുമ്പ് നോമ്പില്‍ പ്രവേശിക്കാവുന്നതാണ്. പിന്നീട് കുളിച്ചാല്‍ മതി. എന്നാല്‍, സൂര്യാസ്തമയത്തിനു കുറഞ്ഞ സമയം മാത്രമേ ബാക്കിയുള്ളൂവെങ്കിലും ആര്‍ത്തവ രക്തം പുറപ്പെട്ടാല്‍ ആ നോമ്പ് നോറ്റു വീട്ടേണ്ടതാണ്.
നോമ്പുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ആര്‍ത്തവമുണ്ടാവുന്നത് ദീര്‍ഘിപ്പിക്കാന്‍ സഹായിക്കുന്ന ചില ഗുളികള്‍ ചിലര്‍ ഉപയോഗിക്കാറുണ്ട്. അത് ഹാനികരമല്ലെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ അത്തരം ഗുളികകള്‍ കഴിക്കുന്നതിന് വിരോധമില്ലെന്ന് ചില ആധുനിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്ത്രീയുടെ പ്രകൃതിയുമായി ബന്ധപ്പെട്ട ആര്‍ത്തവം അതിന്റെ സമയത്തുതന്നെ ഉണ്ടാവട്ടെ എന്നു വെക്കുന്നതാവും ഉത്തമമെന്നും അവരഭിപ്രായപ്പെടുന്നു.
ആര്‍ത്തവകാരിയുടെ ഖുര്‍ആന്‍ പാരായണവുമായി ബന്ധപ്പെട്ടും കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും ഖുര്‍ആന്‍ പാരായണം അനിവാര്യമായി വരുന്ന അവസരങ്ങളില്‍ അതാകാമെന്നും, ആരാധനയെന്ന നിലക്കുള്ള ഖുര്‍ആന്‍ പാരായണം ആര്‍ത്തവകാരികള്‍ക്ക് അനുവദനീയമല്ലെന്നുമാണ് പ്രബലമായ അഭിപ്രായം.
ആര്‍ത്തവകാരികള്‍ക്ക് അത്യാവശ്യ ഘട്ടത്തില്‍ പള്ളിയിലൂടെ കടന്നുപോവാമെന്നല്ലാതെ പള്ളിയില്‍ തങ്ങാനോ ഇഅ്തികാഫിരിക്കാനോ പാടുള്ളതല്ല. ഉമ്മു സലമ(റ) പ്രസ്താവിക്കുന്നു: 'ആര്‍ത്തവകാരികള്‍ക്കും ജനാബത്തുകാര്‍ക്കും പള്ളി അനുവദനീയമല്ലെ'ന്ന് നബി(സ) ഒരിക്കല്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.
ആര്‍ത്തവകാലത്ത് സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള ശാരീരിക ബന്ധം നിഷിദ്ധമാണ്. അല്ലാഹു പറയുന്നു: 'ആര്‍ത്തവത്തിന്റെ വിധിയെക്കുറിച്ച് അവര്‍ താങ്കളോട് ചോദിക്കുന്നു. പറയുക: അതൊരു അശുദ്ധാവസ്ഥയാകുന്നു. അതിനാല്‍, ആ അവസ്ഥയില്‍നിന്ന് ശുദ്ധിയാകുന്നത് വരെ നിങ്ങളവരെ സമീപിക്കാതെ കഴിയുക.' എന്നാല്‍, ഇതര മതസ്ഥരില്‍ കാണപ്പെടുന്നതുപോലെ ഇസ്ലാം ആര്‍ത്തവകാരികളെ വീട്ടില്‍നിന്ന് മാറ്റിത്താമിസിപ്പിക്കാന്‍ ആവശ്യപ്പെടുകയോ അവരോടൊന്നിച്ച് ഭക്ഷണം കഴിക്കുന്നതും താമിസിക്കുന്നതും വിലക്കുകയോ ചെയ്തിട്ടില്ല. സംഭോഗം മാത്രമേ ഇസ്ലാം വിലക്കുന്നുള്ളൂ. 'സംഭോഗമല്ലാത്തതെല്ലാം ആയിക്കൊള്ളൂ' എന്ന നബിവചനം ഇതൊന്നു കൂടി വ്യക്തമാക്കുന്നുണ്ട്. ആര്‍ത്തവാവസ്ഥയിലുള്ള ശാരീരിക ബന്ധം ആരോഗ്യത്തിന് ഹാനികരമാണ്. ആര്‍ത്തവകാലത്ത് വിവാഹമോചനം ചെയ്യുന്നത് ഇസ്ലാം വിലക്കിയിട്ടുണ്ട്.
ആര്‍ത്തവ സംബന്ധമായ ഇസ്ലാമിന്റെ സമീപനം ഏറെ യുക്തിഭദ്രവും സ്ത്രീ സൗഹൃദപരവുമാണ്. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top