ഓണം വരാനൊരു മൂലം വേണം

ടി. മുഹമ്മദ് വേളം No image

കൂട്ടായ സന്തോഷ പ്രകടനങ്ങള്‍ക്ക് ചില നിമിത്തങ്ങള്‍ വേണം. സാമൂഹ്യ ആചാരങ്ങളുടെ പിറവികളുടെ പശ്ചാത്തലം ഇതാണ്. സന്തോഷത്തെ മാത്രമല്ല ദുഃഖത്തെയും സമൂഹങ്ങള്‍ ആചരിക്കാറുണ്ട്. ഏത് സമൂഹത്തിന്റെയും സംസ്‌കാരങ്ങള്‍ നിരീക്ഷിച്ചാല്‍ ഇത്തരം ആചാരരൂപങ്ങള്‍ കാണാന്‍ കഴിയും.
ആചാരങ്ങളുടെ ഉല്‍ഭവങ്ങള്‍ പലപ്പോഴും സര്‍ഗാത്മകമാണെങ്കിലും പിന്നീടവ മനുഷ്യന്റെ മുതുകുകളെ ഞെരുക്കുന്ന ഭാരങ്ങളായി മാറാറുണ്ട്. ചൂഷണത്തിന്റെ രംഗവേദികളാവാറുണ്ട്. പൊങ്ങച്ചത്തിന്റെ അശ്ലീലതയാവാറുണ്ട്. അതുകൊണ്ടുതന്നെ അതിനെതിരായ നവീകരണ, പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമായിത്തീരുന്നു. സമൂഹശരീരത്തില്‍ ആഴത്തില്‍ വേരോടി ദുരിതങ്ങള്‍ വിതക്കുന്ന ആചാരങ്ങളെ വേരോടെ പിഴുതെറിയാനാണ് പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ മിക്കപ്പോഴും ശ്രമിക്കാറുള്ളത്. അപ്പോള്‍ ജനനവും മരണവും വിവാഹവും ഗര്‍ഭവും പ്രസവവുമെല്ലാം ആചാരമുക്തവും ആഘോഷരഹിതവുമായ ജീവശാസ്ത്ര പ്രതിഭാസങ്ങള്‍ മാത്രമായി മാറും. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകടനങ്ങള്‍, സംഗമങ്ങള്‍ ജീവിതത്തിന്റെ നിറച്ചാര്‍ത്തുകളാണ്. ജീവിതത്തെ വര്‍ണമനോഹരമാക്കുന്നതില്‍ ഇതിന് വലുതായ പങ്കുണ്ട്.

ആചാരബന്ധതക്കും ആചാരരാഹിത്യത്തിനും മധ്യേ ഒരു സന്തുലിത വഴി രൂപപ്പെടുത്തേണ്ടതുണ്ട്. ആരോഗ്യമുള്ള സംസ്‌കാര ശരീരങ്ങളിലെല്ലാം ആചാരകാര്യത്തിലെ ഈ സന്തുലിതത്വം കാണാന്‍ കഴിയും. സംസ്‌കാരങ്ങള്‍ ജീര്‍ണിക്കുമ്പോള്‍ അവ ഒഴുക്ക് നഷ്ടപ്പെട്ട ആചാരങ്ങളുടെ കെട്ടിക്കിടക്കുന്ന ജലാശയമായിത്തീരും. പരിഷ്‌കരണം ഹിംസയാവരുത്, ശുശ്രൂഷയാവണം. ജീര്‍ണതക്കും തീവ്രതക്കും നടുവിലാണ് സംസ്‌കാരം പൂവിടുന്നത്.
സ്ഥാപനവല്‍കരിക്കപ്പെട്ട ആചാരങ്ങള്‍ സമൂഹത്തിന് നല്‍കുന്നത് സര്‍ഗാത്മകതയുടെ സാധ്യതകളേക്കാള്‍ പ്രയാസം നിറഞ്ഞ ബാധ്യതകളാണ്. യഥാര്‍ഥത്തില്‍ ആചാരങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടത് കൂടുതല്‍ ആസ്വാദകരമായ ജീവിതത്തിനുവേണ്ടിയാണ്. സാധാരണക്കാരന് എടുത്താല്‍ പൊങ്ങാത്ത ഭാരമായി ആചാരങ്ങളും ആഘോഷങ്ങളും മാറുന്ന കാഴ്ച വളരെ വ്യാപകമാണ്. ആര്‍ക്കും മാറ്റിവെക്കാന്‍ കഴിയാത്ത ഭേദഗതികള്‍ വരുത്താനാവാത്ത അനുഷ്ഠാനങ്ങളായി നാട്ടാചാരങ്ങള്‍ മാറുകയാണ്.
അതിനുപകരം വിവാഹത്തോടനുബന്ധിച്ചും മറ്റും പല രീതിയില്‍ ആവിഷ്‌കരിക്കാന്‍ കഴിയുന്ന സ്വാതന്ത്ര്യമായി ഈ സന്തോഷങ്ങള്‍ മാറുമ്പോള്‍ അവ സാമൂഹ്യജീവിതത്തെ രചനാത്മകമാക്കും. വിവാഹാഘോഷത്തിന് ഒരു രീതി മാത്രമല്ല ഉണ്ടാവേണ്ടത്, നേരത്തെ ആരോ നിശ്ചയിച്ച ഒരു ഫോര്‍മാറ്റില്‍ തന്നെ എല്ലാവരും വിവാഹാഘോഷം നടത്തണമെന്ന് ശഠിക്കുമ്പോള്‍ ആചാരങ്ങളുടെ എല്ലാ സര്‍ഗാത്മക സാധ്യതയുമാണ് അവസാനിക്കുന്നത്. വിവാഹച്ചടങ്ങ് പലരീതിയില്‍ രൂപകല്‍പ്പന ചെയ്യാന്‍ കഴിയും; കഴിയണം.
ഗര്‍ഭധാരണമോ പ്രസവമോ പുതിയ കുഞ്ഞിന്റെ മുടിയെടുക്കലോ പ്രസവ ശുശ്രൂഷയുടെ ഔപചാരികമായ അവസാനിക്കലോ, ബന്ധുക്കളെയും അയല്‍ക്കാരെയും ക്ഷണിച്ച് വിരുന്നായി സംഘടിപ്പിക്കുന്നത് തീര്‍ച്ചയായും പങ്കുവെക്കുമ്പോള്‍ ഇരട്ടിക്കുന്ന സന്തോഷത്തിന്റെ ആവിഷ്‌കാരം തന്നെയാണ്. പക്ഷെ, ഇതൊക്കെ അടിച്ചേല്‍പിക്കപ്പെടുമ്പോള്‍ അത് ആവിഷ്‌കാരമല്ല അടിമത്തമാണ്. ഒരാള്‍ക്ക് വേണ്ടത് എടുക്കാനും അല്ലാത്തവ എടുക്കാതിരിക്കാനുമൊക്കെ സ്വാതന്ത്ര്യമുള്ള സാമൂഹ്യാന്തരീക്ഷം ഇതില്‍ വളരെ പ്രധാനമാണ്.
ആഘോഷം സമം ആഡംബരം എന്നൊരു ജീര്‍ണസമവാക്യം സമൂഹത്തില്‍ നിലവിലുണ്ട്. വിരുന്നിന്റെ മനോഹാരിത ഭക്ഷണത്തിന്റെ എണ്ണപ്പെരുപ്പവും അളവാധിക്യവുമാണെന്നത് മനോവൈകല്യമാണ്. ലാളിത്യമാണ് സൗന്ദര്യമെന്നത് സൗന്ദര്യത്തിന്റെ ഒന്നാം പാഠമാണ്. വിരുന്നെന്ന പേരില്‍ ഭക്ഷ്യമേളകള്‍ സംഘടിപ്പിക്കപ്പെടുകയാണ്. ഒറ്റദിവസം ധരിക്കാന്‍ ആയിരങ്ങളുടെ വസ്ത്രങ്ങള്‍ വാങ്ങുന്നവരുണ്ട്. വിവാഹ വസ്ത്രം തെരഞ്ഞെടുക്കുമ്പോള്‍ അത് പിന്നീടും ധരിക്കാവുന്ന തരത്തിലുള്ളതായാല്‍ അതിന്റെ ഉപകാരം വര്‍ധിക്കുകയാണ് ചെയ്യുക. ഉപകാരപരിഗണന മാറ്റിവെച്ച് വിവാഹവസ്ത്രത്തെ കേവലാചാരമാക്കി മാറ്റുകയാണിവര്‍ ചെയ്യുന്നത്. ഇസ്‌ലാമേതര സമൂഹങ്ങളില്‍ പലതിലും താലിയും വിവാഹ വസ്ത്രവുമൊക്കെ പുണ്യവല്‍കരിക്കപ്പെടുന്ന രീതിയുണ്ട്. ഇസ്‌ലാം ഇതിന്റെയൊന്നും പുണ്യത്തിലല്ല വിശ്വസിക്കുന്നത്. ഉപകാരത്തിലാണ്. ഒരോര്‍മക്ക് വേണ്ടി അത് സൂക്ഷിക്കുന്നു എന്നവകാശപ്പെട്ടാലും അതിലെ ധൂര്‍ത്ത് ഒരിക്കലും അംഗീകരിക്കാനാവില്ല. ചടങ്ങിനെ മനോഹരമാക്കുന്നത് പലഹാരപ്പെരുമഴയല്ല, ലാളിത്യം സംസ്‌കാരത്തിന്റെ വലിയ ഒരു സൂചകമാണ്.
ആഡംബരച്ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് സ്‌നേഹവിനിമയത്തിന് എന്നതിനേക്കാള്‍ പണപദവികളുടെ പ്രകടനത്തിനാണ്. ഇത് ആ ചടങ്ങിന്റെ സൗന്ദര്യത്തെ കെടുത്തിക്കളയുന്ന ഒന്നാമത്തെ ഘടകവുമാണ്. നമുക്കൊരുമിച്ചിരുന്ന് സ്‌നേഹം പങ്കിടാം എന്നു ക്ഷണിക്കുന്ന സദസ്സുകളാണ് ഏറ്റവും സൗന്ദര്യവത്തായ സദസ്സുകള്‍. അവിടെ സംസ്‌കാരമാണ് ആഘോഷിക്കപ്പെടുന്നത്. അതൊരു സംഘഗാനം പോലെ മനോഹരമായിരിക്കും. സ്‌നേഹത്തിന് പ്രതിബിംബിക്കാന്‍ ചില കണ്ണാടികള്‍ വേണം. സൗഹൃദത്തിന് ഒരുമിച്ചിരിക്കാന്‍ ചില വേദികള്‍ വേണം. കുടുംബബന്ധങ്ങള്‍ക്ക് ഒത്തുചേരാന്‍ ചില അവസരങ്ങള്‍ വേണം. നാട്ടാചാരങ്ങളുടെ സാംസ്‌കാരിക പ്രസക്തി അതാണ്.
വിവാഹവും പ്രസവവും ജനനവുമൊന്നും കേവല ജൈവപ്രതിഭാസങ്ങളല്ല. സംസ്‌കാരത്തിന്റ, കലയുടെ, സംഗീതത്തിന്റെ ഭക്ഷണത്തിന്റെ ആവിഷ്‌കാര സന്ദര്‍ഭങ്ങള്‍ കൂടിയാണ്. ലോകത്ത് ഒട്ടനവധി കലാരൂപങ്ങള്‍ തന്നെ ജന്മമെടുത്തത് വിവാഹത്തെ ചുറ്റിപ്പറ്റിയാണ്. രതിയും രുചിയും എക്കാലത്തും ആഘോഷത്തിന്റെ അസംസ്‌കൃത വസ്തുക്കളാണ്. മുതലാളിത്തവും ഇതര ജാഹിലിയ്യത്തുകളും അതിനെ ആഭാസവല്‍ക്കരിക്കുകയും ആഡംബരവല്‍കരിക്കുകയും ചെയ്യുന്നു. ഇസ്‌ലാം അവയെ സംസ്‌കരിച്ച് സംസ്‌കാരത്തിന് മുതല്‍കൂട്ടാവുന്നു.
സന്തോഷം പങ്കുവെച്ചാല്‍ ഇരട്ടിയാവുമെങ്കില്‍ ദുഃഖം പങ്കുവെച്ചാല്‍ പകുതിയാവുമെന്നാണല്ലോ പ്രമാണം. മരണവുമായ് ബന്ധപ്പെട്ടും ചില ആചാര രൂപങ്ങള്‍ സമൂഹങ്ങളില്‍ കണ്ടുവരാറുണ്ട്. അതില്‍ ചിലതൊക്കെ ദുഃഖത്തേക്കാള്‍ സന്തോഷത്തെയാണ് പ്രകാശിപ്പിക്കുന്നത് എന്നത് വിചിത്രമായ കാര്യമാണ്. വേറെ ചിലത് പ്രാകൃതമായ ദുഃഖപ്രകടനങ്ങളാണ്. ദുഃഖങ്ങള്‍ പങ്കുവെക്കപ്പെടാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക എന്നത് പ്രധാനമാണ്. സംസ്‌കരിക്കപ്പെട്ട സന്തോഷവും സംസ്‌കരിക്കപ്പെട്ട ദുഃഖവും സംസ്‌കാരത്തിന്റെ ഈടുവെപ്പുകളാണ്.
നാട്ടാചാരങ്ങളില്‍ അശ്ലീലമായതും പ്രതിലോമകരമായതുമുണ്ട്. മാത്രമല്ല, പുതുതായി പല ചടങ്ങുരൂപങ്ങളും പിറവിയെടുക്കുന്നുമുണ്ട്. അതില്‍ പാരമ്പര്യ ആചാരങ്ങളെപ്പോലെ രണ്ടിനങ്ങളുമുണ്ട്. മദ്യത്തെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പല പുത്തന്‍ ആഘോഷങ്ങളും രൂപം കൊള്ളുന്നത്. പുതുവര്‍ഷം പിറക്കുമ്പോള്‍ കൂടുതല്‍ ബോധത്തോടെ പിന്നിട്ട കാലത്തെ അവലോകനം ചെയ്യുകയും വരാനുള്ളതിനെ ആസൂത്രണം ചെയ്യുകയും ചെയ്യുന്നതിനു പകരം, ഉള്ള ബോധത്തെക്കൂടി ഓഫ് ചെയ്തുവെക്കുകയാണ് മുതലാളിത്ത സംസ്‌കാരത്തില്‍ ആളുകള്‍ ചെയ്യുന്നത്. മുമ്പ് മതങ്ങളും ഗോത്രവ്യവസ്ഥകളുമായിരുന്നു ആചാരങ്ങള്‍ സൃഷ്ടിച്ചിരുന്നതെങ്കില്‍ ഇന്ന് വിപണിമതമായ മുതലാളിത്തം പുത്തന്‍ ആചാരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അവയെയും വിവേചനബുദ്ധിയോടെ സമീപിക്കാന്‍ സാധിക്കണം. ചിലതിനെ എടുത്തും ചിലതിനെ എടുത്ത് പരിഷ്‌കരിച്ചുമൊക്കെ ആഹ്ലാദസ്രോതസ്സുകളാക്കി മാറ്റാന്‍ കഴിയും. മുതലാളിത്തം സ്വന്തം ബുദ്ധിയില്‍ രൂപകല്‍പ്പന ചെയ്യുക മാത്രമല്ല ചെയ്യുന്നത്. ജനങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്നവയെ, നേരത്തെ നിര്‍ജീവമായി കിടന്നിരുന്നവയെ ഉപയോഗപ്പെടുത്തുക കൂടിയാണ്. ഈ ശൈലി തന്നെയാണ് മുതലാളിത്തത്തിനെതിരെ നാം തിരിച്ചു പ്രയോഗിക്കേണ്ടത്.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top