തലസ്ഥാന നഗരിയിലെ സര്‍വകലാശാല

ഉമ്മുല്‍ ഫായിസ (ഡല്‍ഹി യൂണിവേഴ്‌സിറ്റി, പൊളിറ്റിക്കല്‍ സയന്‍സ് ) No image

പോളിയില്‍ ഒന്നാം വര്‍ഷം ഇലക്‌ട്രോണിക്‌സ് എഞ്ചിനിയറിംഗ് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഡല്‍ഹിയില്‍ സിവില്‍ എഞ്ചിനിയറിംഗ് ട്രെയിനിയായി ജോലിചെയ്യുന്ന സഹോദരന്റെ വിളി. നിനക്ക് കേന്ദ്ര സര്‍വ്വകലാ ശാലയില്‍ അഡ്മിഷന് ശ്രമിച്ചാലോ എന്ന്. ചെറുപ്പം മുതല്‍ ആര്‍ട്ട് വിഷയത്തോട് കമ്പമുണ്ടായിരുന്ന എന്റെ താല്‍പര്യങ്ങള്‍ക്ക് ചിറകു മുളക്കുന്നതായിരുന്നു. പിന്നീടങ്ങോട്ടുള്ള ചുവടുവെപ്പുകള്‍
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും ഭാരതത്തിന്റെ ഭരണ സിരാകേന്ദ്രത്തിലേക്ക് വന്നിറങ്ങുമ്പോള്‍ ചൂട് 49 ഡിഗ്രി. ജാമിയ മില്ലിയ്യ സര്‍വ്വകലാശാലയില്‍ സോഷ്യോളജിയില്‍ ബിരുദമെടുക്കാനുദ്ദേശിച്ചെങ്കിലും ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ വിശാലമായ കാമ്പസുകളും മികച്ച സൗകര്യങ്ങളും സാംസ്‌കാരിക വൈവിധ്യവും എന്നെ ദൗലത്ത് റാം കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാക്കി.
തണുപ്പ് കാലത്ത് പുതപ്പിച്ചും വേനല്‍കാലത്ത് വിയര്‍പ്പില്‍ കുളിപ്പിച്ചും ഡല്‍ഹി ഞങ്ങളെ കുളിര്‍പ്പിച്ചു. ദാലും റൊട്ടിയും ആലുവും ചനക്കറിയും മുഗള്‍ ബിരിയാണിയും സ്വാദിഷ്ടമാണെന്ന് ദില്ലിയിലിരിക്കുമ്പോള്‍ തോന്നും. ആലു പൊറാട്ട, ഉറുമാന്‍ റൊട്ടി, തന്തൂരി റൊട്ടി, ഫ്രൈഡ് റെയ്‌സ് എന്നിവയ്ക്കു പുറമെ ഫാസ്റ്റ്ഫുഡ് ഐറ്റങ്ങളായ ബര്‍ഗറും നൂഡില്‍സും ഡല്‍ഹിക്കാര്‍ക്ക് പ്രിയങ്കരമാണ്.
രാവിലെ ഏഴരക്ക് തുടങ്ങി ഉച്ചക്ക് മൂന്നുമണിയാകുമ്പോഴേക്ക് അവസാനിക്കുന്നു ഞങ്ങള്‍ ആര്‍ട്‌സ്‌കാരുടെ ക്ലാസ് റൂം അഭ്യാസങ്ങള്‍. സഹപാഠികളുമൊത്തുള്ള മണിപ്പൂരിയും ബംഗാളിയും അസ്സമീസും ബീഹാറിയും മലയാളവുമൊക്കെ ചുവയുള്ള ഹിന്ദി സൊറപറച്ചിലുകളും പൊട്ടിച്ചിരികളും മധുരമുള്ള ഓര്‍മകളാണ്.
ഒരു ദിവസം ദക്ഷിണ കൊറിയക്കാരിയായ എന്റെ സഹപാഠി കിം പറയുകയുണ്ടായി: ''തലമറച്ചും ശരീരം മുഴുവന്‍ മൂടിയും നിന്നെ ആദ്യമായി കണ്ടപ്പോള്‍ തീവ്രവാദവും ഭീകരവാദവുമൊക്കെയാണ് മനസ്സില്‍ തെളിഞ്ഞത്. പക്ഷേ ഇന്ന് നിന്റെ സ്‌നേഹവും പൊരുമാറ്റവുമൊക്കെ ഈ വേഷത്തെയും ഇസ്‌ലാമിനെയും തിരുത്തി വായിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു.''
ഇസ്‌ലാമോഫോബിയയും തീവ്രവാദവും ഭീകരവാദവുമൊക്കെ ആഗോളതലത്തില്‍ പ്രചാരം നേടിക്കൊണ്ടിരിക്കുമ്പോള്‍ വ്യത്യസ്ത ദേശക്കാരും ഭാഷക്കാരുമൊത്തുള്ള സൗഹൃദങ്ങള്‍ ഇസ്‌ലാമിനെക്കുറിച്ച വിചിന്തനത്തിനു പ്രേരകമാകുന്നത് മറുനാട്ടില്‍ വിദ്യാഭ്യാസം നേടുകയെന്നതിനപ്പുറമുള്ള ലക്ഷ്യത്തിലേക്ക് ഞങ്ങള്‍ വിദ്യാര്‍ത്ഥിനികളെ ചെന്നെത്തിക്കുന്നു. രക്ഷിതാക്കളില്‍ നിന്നും ജനിച്ചു വളര്‍ന്ന നാട്ടില്‍ നിന്നും വളരെ അകലെ സ്വാതന്ത്ര്യത്തിന്റെ മായാലോകത്ത് ജീവിക്കുമ്പോള്‍ ഇസ്‌ലാം എന്ന ഒരൊറ്റ കണ്ണിയില്‍ കൈകോര്‍ത്തുകൊണ്ടുള്ള 'ഡല്‍ഹി മലയാളി ഹല്‍ഖ' എന്ന കൂട്ടായ്മ ഞങ്ങള്‍ക്ക് സ്‌നേഹവും സംരക്ഷണവും നല്‍കുന്ന മാതാവും വഴികാട്ടിയായ സുഹൃത്തുമാണ്. നാട്ടിലെ സ്‌കൂള്‍- കാമ്പസ് ജീവിതത്തില്‍ നിന്നും തികച്ചും വ്യത്യസതമായ നിറച്ചാര്‍ത്തുകളാണ്.
ഒരന്യനാട്ടിലെ പഠനം. രണ്ട് രാത്രികളും മൂന്നു പകലും നീണ്ടുനില്‍ക്കുന്ന ട്രെയിന്‍ യാത്ര സമ്മാനിച്ച അനുഭവങ്ങള്‍ രസകരവും സാഹസികവുമാണ്. കിതച്ചോടും വണ്ടിയിലെ കുതിക്കുന്ന പ്രതിഭകള്‍ മുഗളന്മാരും പറങ്കികളും നടന്നു നൃത്തമാടിയ നാട്ടിലേക്കുള്ള വണ്ടിയുടെ ചൂളം വിളിക്കായി കാത്തുനില്‍ക്കുമ്പോഴും അമ്മയുടെ മടിത്തട്ടിന്റെ ചൂട് നഷ്ടമാകുന്നതിന്റെ നോവ് ചുടുകണ്ണീരായി തലയിണകള്‍ നനക്കാറുണ്ട്.
പെണ്‍മക്കള്‍ക്ക് പതിനെട്ട് തികയുമ്പോഴേക്ക് വിവാഹം നടത്തി കളംവിടുന്ന രക്ഷിതാക്കളും മധുരപ്പതിനേഴിലുള്ള സുന്ദരിമാരെ തിരയുന്ന ചെറുപ്പക്കാരും അധികരിച്ചു വരുമ്പോഴും പാശ്ചാത്യ സംസ്‌കാരത്തിന്റെ പതിപ്പുകളായ കേന്ദ്രസര്‍വകലാശാലകളില്‍ നിന്നും ഫുള്‍സ്ലീവും മുഖമക്കനയും ധരിച്ചുകൊണ്ടു പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്ന മലബാറിലെ മുസ്‌ലിം പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചു വരുന്നത് മുസ്‌ലിം സ്ത്രീകളുടെ വേഷത്തിലെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളിലെ പരിമിതികളെയും പൊലിപ്പിച്ചെഴുതി ഇസ്‌ലാമിനനെ തെറ്റിദ്ധരിപ്പിക്കുന്ന ചിന്താധാരകള്‍ക്കുള്ള മറുപടിയാണ്.
കേരളത്തിന് പുറത്ത് പഠിക്കുന്ന വിദ്യാര്‍ഥിനികളെക്കുറിച്ച് മലയാളക്കരയിലുള്ള വര്‍ത്തമാനത്തിന്റെ ടോണ്‍ ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുന്നത് ദൈവത്തിന്റെ സ്വന്തം പെണ്‍മക്കള്‍ക്ക് നല്‍കുന്ന അംഗീകാരമാണ്. സ്വാതന്ത്ര്യമെന്നാല്‍ എന്തു തോന്ന്യാസവും ചെയ്യാനുള്ളതാണെന്ന് നിര്‍വചിക്കുന്നവരെ ബോയ്ഫ്രണ്ടില്ലാതെ, ഷോര്‍ട്‌സ് ധരിക്കാതെ, പന്നിയിറച്ചി കഴിക്കാതെ, നൈറ്റ് പാര്‍ട്ടികളില്‍ പങ്കെടുക്കാതെ, ലഹരിക്കടിപ്പെടാതെ, നീല ചിത്രങ്ങള്‍ കാണാതെ, ശരീരാസ്വാദനത്തിന്റെ വഴികള്‍ തേടാതെ, ധൂര്‍ത്തടിക്കാതെ ജീവിക്കുന്ന ചോരത്തിളപ്പുള്ള ഒരുകൂട്ടം യുവത അത്ഭുതപ്പെടുത്തുന്നു.
വിപ്ലവ രാഷ്ട്രീയത്തിന്റെ പാരമ്പര്യമുള്ള കണ്ണൂരുകാരിക്ക് ഡല്‍ഹി യൂണിവേഴ്‌സിറ്റി കാമ്പസ് രാഷ്ട്രീയം ഉച്ചമയക്കത്തിലാണെന്ന പരാതിയുണ്ട്. മറ്റു കേന്ദ്രസര്‍വ്വകലാശാലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ജീവിത ചെലവ് വര്‍ധിച്ചു വരുന്നതിന്റെ പിന്നിലെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ സാധാരണക്കാരന്റെ മക്കളുടെ കലാലയ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാണ്. ശക്തമായ പ്രതിഷേധങ്ങളെ വകവെക്കാതെ ഈ അധ്യയന വര്‍ഷത്തില്‍ സെമസ്റ്റര്‍ സിസ്റ്റം പ്രാബല്യത്തില്‍ വന്നത് വിദ്യാര്‍ത്ഥിനികള്‍ക്ക് തിരിച്ചടിയായി.
ഇന്ത്യയുടെ വിവിധ സാമൂഹിക-രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകള്‍ പലരും ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ സംഭാവനയാണ്. അരുന്ധതി റോയ്, നേപ്പാള്‍ ബാബുറാം ഭട്ടാചാര്യ, സച്ചിന്‍ പൈലറ്റ്, ഷാറൂഖ് ഖാന്‍, ശശി തരൂര്‍ തുടങ്ങിയവര്‍ ഇതില്‍ പ്രമുഖരാണ്.
അടച്ചിട്ട ക്ലാസ്മുറികളില്‍ ശ്വാസം മുട്ടിയിരുന്ന് അധ്യാപകരുടെ വചനങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുന്ന അധ്യയന രീതിക്കുമപ്പുറം ചായയും കാപ്പിയും കുടിച്ചുകൊണ്ട്, മൊബൈല്‍- ലാപ്‌ടോപ്പ് അഭ്യാസങ്ങളില്‍ മുഴുകി, ക്ലാസ് ശ്രവിക്കുന്ന വിദ്യാര്‍ഥിനികളും അതിനനുവാദം നല്‍കുന്ന അധ്യാപകരും വ്യത്യസ്തമയ അനുഭവമാണ്.
പഠനത്തിനായി കിലോമീറ്ററുകള്‍ താണ്ടി ഇവിടെയെത്തി ഒരു വര്‍ഷം പിന്നിടുമ്പോഴും ഞങ്ങള്‍ വിദ്യാര്‍ത്ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവര്‍ത്തിച്ചു മറുപടി നല്‍കേണ്ടി വരുന്ന ചോദ്യങ്ങളാണ് ഹിസ്റ്ററിയും പൊളിറ്റിക്കല്‍ സയന്‍സും ഇംഗ്ലീഷുമൊക്കെ പഠിക്കാന്‍ എന്തിനാണ് ഡല്‍ഹിയിലേക്ക് വണ്ടി കയറുന്നതെന്ന്?
ബിരിയാണി കഴിക്കാന്‍ നല്ലൊരു റെസ്റ്റോറന്റില്‍ കയറാറുള്ളതുപോലെ, ഡ്രസ്സ് എടുക്കാന്‍ ഒരുപാട് കളക്ഷനുള്ള വസ്ത്രാലയം തെരയുന്നതുപോലെ, വിദേശ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായ വീട്ടുസാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതു പോലെ മികച്ച നിലവാരവും സൗകര്യവുമുള്ള ഒരു സര്‍വകലാശാലയില്‍ നിന്ന് വിദ്യാഭ്യാസം നേടുക എന്ന ലക്ഷ്യസാക്ഷാത്കാരത്തിനു വേണ്ടിയാണ് ഈ യാത്ര എന്ന് വിനീതമായി കുറിക്കട്ടെ.
സഹോദരന്റെ അകമഴിഞ്ഞ പിന്തുണയും രക്ഷിതാക്കളുടെ പ്രോത്സാഹനവും അതിലുപരി സര്‍വശക്തന്റെ അനുഗ്രഹവും ഇസ്‌ലാമികാധ്യാപനങ്ങളുമാണ് എന്നും കരുത്തും തണലും.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top