സിക്‌സ്ത് ഡി-യിലെ എന്റെ മക്കള്‍

ഷംല ജാവിദ് No image

ജിദ്ദയിലെ ആ സ്‌കൂളില്‍ അന്നെന്റെ അവസാനത്തെ ദിനമായിരുന്നു. യമനികളായ അഹ്മദ് ബയാനും വലീദ് സഈദ് സലാഹും പിറകെ വന്നു.
''ടീച്ചര്‍, ടീച്ചര്‍ പോവരുതേ''
കഴിഞ്ഞ കുറെ മാസങ്ങളായി ഈ മക്കള്‍ എനിക്കാരൊക്കെയോ ആയിരുന്നു. ആറാംതരം ഡിയിലെ എന്റെ കുഞ്ഞു മക്കള്‍. ക്ലാസ് തുടങ്ങി മൂന്ന് ദിവസങ്ങളോളം കാര്യമായ പണികളൊന്നുമില്ലായിരുന്നു. സമയം കളയാനായി നാലാം ക്ലാസിലെ മക്കളെ സയന്‍സും മാത്‌സും പഠിപ്പിച്ചു.
പിന്നീടാണ് ടൈംടേബിള്‍ കൈയ്യില്‍ കിട്ടിയത്. ആറാംതരം ഡിയുടെ ക്ലാസ് ചാര്‍ജ്. പിന്നെ എട്ട് ഒന്‍പത്, പ്ലസ്‌വണ്‍ മാത്തമാറ്റിക്‌സും. സന്തോഷത്തോടെയാണ് സ്റ്റാഫ് റൂമിലേക്ക് നടന്നത്. കണ്ടപ്പോള്‍ തന്നെ എല്ലാവരും ചോദിച്ചു:
''ഏത് ക്ലാസിന്റെ ചാര്‍ജാ കിട്ടിയേ?''
ആറാം ക്ലാസ് - ഡി
കേട്ടപാടെ എല്ലാവരും തലയില്‍ കൈവച്ചു. ''ടീച്ചറേ പണിയായല്ലോ''
ഒന്നും മനസ്സിലാവാതെ മുന്നില്‍ കണ്ടൊരു കസേരയിലിരുന്ന് ഞാന്‍ കാര്യം തിരക്കി. അപ്പോഴല്ലേ സംഗതികള്‍ പുറത്ത് വന്നത്.
സിക്‌സ്ത് -ഡി യെന്ന്‌വെച്ചാല്‍ ആറ് എ,ബി,സി ഡിവിഷനുകളില്‍ നിന്നുള്ള വീക്ക് സ്റ്റുഡന്റ്‌സിനെ മാത്രം പിടിച്ചുണ്ടാക്കിയ പുതിയ ഡിവിഷനാണ്. അതിലാണെങ്കില്‍ മുഴുവനും അറബിക്കുട്ടികളും. യമന്‍, എരിത്രിയ, സോമാലിയ തുടങ്ങിയ നാട്ടുകാര്‍. പേടിക്ക് രണ്ടു മലയാളികളുമുണ്ട്. അവരെക്കൊണ്ട് ശല്യമൊന്നുമില്ല. ഒരാള്‍ വയറുനിറയെ തിന്ന് ഏത് നേരവും ഉറക്കമായിരിക്കും. മറ്റൊരാള്‍ ഒന്നും മിണ്ടാതെ ഏതെങ്കിലുമൊരു മൂലയിലിരുന്നോളും.
കേട്ടപ്പോ നന്നായി നടുങ്ങി. ഒന്നും പഠിക്കാത്ത അറബി കുട്ടികളുടെ ക്ലാസ്... ഇനിയെന്തു ചെയ്യും? തുടങ്ങിയില്ല. ഉടനെ തന്നെ ക്ലാസ് ചാര്‍ജ് മാറ്റിത്തരണമെന്ന് പറയാന്‍ പറ്റില്ലല്ലോ.
രണ്ടും കല്‍പ്പിച്ച് ക്ലാസിലേക്ക് നടന്നു. വലതുകാല്‍ വെച്ച്തന്നെ കയറി. ആറ്- ഡി ഒരു യുദ്ധക്കളം പോലെ തോന്നിച്ചു. കുറേ മേശകളും കസേരകളും എവിടെയൊക്കെയോ നിരന്നും മറിഞ്ഞും കിടക്കുന്നു. ഒരുത്തന്‍ ഏതോ അറബി ഗാനമാലപിക്കുന്നു. മറ്റൊരാള്‍ അതിനനുസരിച്ച് ചുവടുകള്‍ വെക്കുന്നു. അപ്പുറത്ത് രണ്ട് പേര്‍ക്ക് ബാര്‍ബര്‍ പണിയാണ്. മുടിയിഴകള്‍ മുകളിലേക്ക് ചുരുട്ടിക്കയറ്റി ഒരു പ്രത്യേകരീതിയില്‍ ഉരുട്ടി വെക്കുന്നു. മുന്‍പിലുള്ളവര്‍ പിറകോട്ടോടുന്നു. പിറകില്‍ നിന്ന് പേനയും ബുക്കും വലിച്ചുകൊണ്ട് മുന്നോട്ട് തന്നെ. മറ്റൊരാള്‍ മായ്ക്കുന്ന റബര്‍ കൊണ്ട് അപ്പുറത്തിരിക്കുന്നവനെ എറിയുന്നു. അവനെണീറ്റ് നിന്ന് ഉച്ചത്തില്‍ കല്‍ബ്, ഹിമാര്‍ എന്നൊക്കെ അട്ടഹസിക്കുന്നു. ഇതൊന്നുമറിയാതെ നമ്മുടെ പാവം മലയാളികളിലൊരാള്‍ ഗാഢമായ ഉറക്കത്തിലാണ്.
ആദ്യം ഞാനവന്റെ അടുക്കലെത്തി. മേശയില്‍ ആഞ്ഞടിച്ചു. ഞെട്ടിയുണര്‍ന്ന് അവന്‍ പരിഭ്രമത്തോടെ എണീറ്റ് നിന്ന് ഉറക്കെ വിളിച്ച് പറഞ്ഞു. 'പ്രസന്റ് സാര്‍'
ഇതോടെ ബഹളം കുറച്ചൊന്ന് ശമിച്ചു. ഈ അവസരം മുതലെടുത്ത് ഞാനെല്ലാവരെയും പിരിചയപ്പെട്ടു. മാത്‌സ് പഠിക്കാനിഷ്ടമാണോ എന്ന ചോദ്യത്തിന് എല്ലാവര്‍ക്കും ഒരേ മറുപടി.
''ഇഷ്ടമാണ്''
പിന്നീടുള്ള ദിനങ്ങള്‍ പരീക്ഷണങ്ങളുടേതായിരുന്നു. എന്തൊക്കെ പറഞ്ഞ് കൊടുത്താലും അടങ്ങിയിരുന്ന് ക്ലാസ് ശ്രദ്ധിക്കാന്‍ അവരൊരുക്കമല്ലായിരുന്നു. ബെല്ലടിക്കുമ്പോള്‍ തന്നെ സ്റ്റാഫ് റൂമില്‍ നിന്നും പലരും നെടുവീര്‍പിടുന്നത് കേള്‍ക്കാം.
''ദൈവമേ, ഇനി ആറ് - ഡി ആണ്''
സത്യം പറഞ്ഞാല്‍ ഇവരെ എങ്ങനെ നന്നാക്കിയെടുക്കാം എന്ന് എനിക്കും പിടികിട്ടുന്നില്ലായിരുന്നു.
ഒരു ദിവസം സ്റ്റാഫ്‌റൂമിലിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന എന്റെയടുത്തേക്ക് യമന്‍കാരനായ ഫഹദ് ഓടി വന്നു.
''ടീച്ചര്‍, ക്ലാസില്‍ അസീലും വലീദും തമ്മിലടി. അസീല്‍ ഡോര്‍ പൊട്ടിച്ചു.''
പാതികഴിച്ച ഭക്ഷണമുപേക്ഷിച്ച് ഞാന്‍ ക്ലാസിലേക്കോടി. അവിടെ മുഴുവനായും പറിച്ചെടുത്ത വാതിലുമായി അസീല്‍ നില്‍ക്കുന്നു!
അന്ന് ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു.
''അല്ലാഹ്, ഈ മക്കള്‍ക്ക് നീ നല്ല ബുദ്ധി കൊടുക്കണേ, സമൂഹത്തിന് ഉപകാരമുള്ളവരാക്കി തീര്‍ക്കണേ.''
പിറ്റേ ദിവസം ക്ലാസില്‍ ചെന്ന് ഞാനവരോട് പറഞ്ഞു.
''ഇന്ന് മുതല്‍ ഞാനീ ക്ലാസിലെ ഓരോ കുട്ടിക്കും പോയന്റിടാന്‍ തുടങ്ങുകയാണ്. ടീച്ചര്‍ പറയുന്നതെല്ലാം നന്നായി അനുസരിച്ച് പഠിക്കുകയും നല്ല പെരുമാറ്റം കാഴ്ചവെക്കുകയും ചെയ്യുന്നവര്‍ക്ക് കൂടുതല്‍ പോയന്റ് കിട്ടും. അങ്ങനെ വര്‍ഷാവസാനം എല്ലാം കൂടെ ഞാന്‍ കൂട്ടിനോക്കും. ആര്‍ക്കാണോ കൂടുതല്‍ പോയന്റ് കിട്ടിയത് അവര്‍ക്ക് ഞാന്‍ നല്ലൊരു സമ്മാനം നല്‍കും.''
ഇത് കൈയടിയോടെയാണ് എല്ലാവരും സ്വീകരിച്ചത്. പിന്നീടങ്ങോട്ട് മാറ്റങ്ങളൊരുപാട് ദൃശ്യമായിരുന്നു. ഒരു മിനുട്ട് വായടച്ചിരിക്കാനറിയാതിരുന്ന തുര്‍ക്കിക്കാരന്‍ ഹുസൈന്‍ പോലും പരമാവധി നിശബ്ദനാവാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത് സന്തോഷത്തോടെയാണ് ഞാന്‍ നോക്കിക്കണ്ടത്.
എന്നും ക്ലാസിന്റെ അവസാനം ഓരോരുത്തരായി എന്നോട് ചോദിച്ചു കൊണ്ടിരുന്നു:
''ടീച്ചര്‍, ഇന്നെനിക്കെത്ര പോയന്റ് കിട്ടി?!''
മഹാവികൃതിയും കുഴിമടിയനുമായിരുന്ന ഫമീദ് ഒരു ദിവസം പറഞ്ഞു:
''ടീച്ചര്‍, ഫസ്റ്റ് ഞാന്‍ തന്നെയാവും. എനിക്കൊരു റിമോട്ട് കാര്‍ മതി''
ബെല്ലടിച്ചാലുടന്‍ ക്ലാസിലെത്തണമെന്ന കാര്യത്തില്‍ പ്രിന്‍സിപ്പല്‍ കര്‍ക്കശക്കാരന്‍ തന്നെയായിരുന്നു. ഒരു ക്ലാസില്‍ നിന്നുമിറങ്ങി അടുത്തതിലേക്കുള്ള ഓട്ടത്തിനിടയില്‍ എന്നും സാറിന്റെ മുന്നില്‍ ചെന്നുപെടാനും വഴക്ക് കേള്‍ക്കാനും ഭാഗ്യം കിട്ടിയിരുന്നത് സയന്‍സ് ടീച്ചര്‍ക്കായിരുന്നു. അന്നും എങ്ങനെയോ ടീച്ചര്‍ രണ്ടു മിനുട്ട് വൈകി. ആറ് - ഡിയുടെ മുന്നിലിട്ട് ടീച്ചര്‍ക്ക് വീണ്ടും വഴക്ക് കേട്ടു. ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കുട്ടികള്‍ മൂകരായി നോക്കി നിന്നു.
പിറ്റേ ദിവസം സയന്‍സ് ടീച്ചറതാ ചിരിച്ചു കൊണ്ട് ഓടി വരുന്നു! കയ്യില്‍ നല്ലൊരു പൊതിയുമുണ്ട്. ചുരിദാര്‍ ബിറ്റും നല്ല മണമുള്ള ഭംഗിയുള്ള അത്തറിന്റെ കുപ്പിയും.
''ഇതെവിടെന്ന് കിട്ടി ടീച്ചറേ?''
ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു: ''ടീച്ചറുടെ ആറ്- ഡി ക്കാര്‍ തന്നതാ. എന്നോട് ഇനി കരയരുതെന്നും നിങ്ങള്‍ നല്ല ടീച്ചറാണെന്നുമൊക്കെ പറഞ്ഞു.
എന്റെ മനസ്സ് നിറഞ്ഞു.
ക്ലാസില്‍ വെച്ച് പലപ്പോഴും അവരോടടുത്ത് സംസാരിക്കാന്‍ ഞാനവസരങ്ങളുണ്ടാക്കി. സംസാരത്തിനിടയിലാണ് ഒരിക്കല്‍ വലീദ് പറഞ്ഞത,് അവന്റെ ഉമ്മ ഹൈദരാബാദുകാരിയാണെന്ന്. അവര്‍ മരിച്ചു പോയത്രെ. എന്നാലും എല്ലാ വെക്കേഷനും ഉപ്പയുടെ കൂടെ അവന്‍ ഇന്ത്യയില്‍ വരുമെന്നും ഊട്ടിയില്‍ പലതവണ പോയിട്ടുണ്ടെന്നുമൊക്കെ പറഞ്ഞു. ഇനി വരുമ്പോള്‍ തീര്‍ച്ചയായും കേരളം സന്ദര്‍ശിക്കുമെന്നും അവനെനിക്കു വാക്കുതന്നു.
ഐമന് പറയാനുണ്ടായിരുന്നത് മറ്റൊരു കഥയാണ്. ഉപ്പ മരിച്ചു. ഉമ്മയുടെയും അവന്റെയും കാര്യങ്ങളൊക്കെ നോക്കുന്നത് ഏട്ടനാണ്. ഉമ്മയെ കൊണ്ട് തനിച്ചെല്ലാറ്റിനും പറ്റില്ല. വേദനയായിരുന്നു അവന്റെ മനസ്സില്‍.
ആയിടക്കാണ് ഞാന്‍ നാട്ടിലേക്ക് പോരാന്‍ തീരുമാനിച്ചത്. അവസാനമായി അവരുടെ പരീക്ഷാപേപ്പര്‍ നോക്കിയ ഞാന്‍ അത്ഭുതപ്പെട്ടു പോയി. നാലുപേര്‍ക്ക് മാത്‌സില്‍ മുഴുവന്‍ മാര്‍ക്ക്! ഇരുപതില്‍ പതിനെട്ടും പതിനേഴുമൊക്കെ കിട്ടിയവരുമുണ്ട്. അധികമാര്‍ക്കും പത്തില്‍ കൂടുതല്‍ മാര്‍ക്ക്. തോറ്റവര്‍ നാലോ അഞ്ചോ പേര്‍ മാത്രം! ആശ്വാസമായി. പണിയെടുത്തതിന് കുറച്ചൊക്കെ ഫലം കിട്ടിയല്ലോ.
പേപ്പര്‍ ഏല്‍പിച്ച് പ്രിന്‍സിപ്പലിന്റെ അടുത്ത് നിന്നും ഇറങ്ങി നടക്കുമ്പോള്‍ മുറ്റത്ത് എന്റെ മക്കള്‍ ഫുട്‌ബോള്‍ കളിക്കുകയാണ്. അക്രം, അബ്രഹാം ടെസ്ഫാലം, യോഹാന്‍സി, വലീദ്, ബയാന്‍, ഐമന്‍,...
സങ്കടം തികട്ടിവന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് ഞാനറിഞ്ഞില്ല. കൂടെ ജോലിചെയ്യുന്ന ആരോ ചോദിച്ചു: ''എന്തു പറ്റി ടീച്ചറേ?''
''ഏയ് ഒന്നുമില്ല.''
ഞാന്‍ കണ്ണുകള്‍ തുടച്ചു.
ജീവിതത്തിന്റെ എതെങ്കിലും വഴികളില്‍ വെച്ച് ഞാനിനി ആ മക്കളെ കാണുമോ? കണ്ടാല്‍ ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമോ?
ആര്‍ക്കറിയാം.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top