ഖുല്‍അ്: ഇരകള്‍ ആശ്വാസമെന്ന് പറയുന്നു

ഷബ്‌ന സിയാദ് No image

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, കേരള ഹൈക്കോടതിയിലെത്തിയ ഒരു കേസ് ശ്രദ്ധയില്‍പെട്ടു. കൊല്ലത്തുള്ളൊരു യുവതിക്കെതിരെ ക്രിമിനല്‍ കേസ് പോലീസ് രജിസ്റ്റര്‍ ചെയ്തു. ഇത് റദ്ദാക്കണമെന്നാണവരുടെ ആവശ്യം. ആദ്യ ഭര്‍ത്താവിന്റെ പരാതിയിലാണ് അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭര്‍ത്താവുമായി ഒത്തുപോകല്‍ പ്രയാസമായപ്പോള്‍ അവള്‍ അയാളെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. മുസ്‌ലിം മതനിയമങ്ങളനുസരിച്ച് ജീവിക്കുന്നവളായതിനാല്‍ ആ സ്ത്രീക്ക് അവരുടെ ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ ഇസ്‌ലാമിക വിധിയുണ്ടെന്ന് അവള്‍ മനസ്സിലാക്കി. അവള്‍ കുടുംബക്കാരെ വിവരമറിയിച്ചു. നിക്കാഹ് നടന്ന മഹല്ലിലും കാര്യം ബോധിപ്പിച്ചു. മഹല്ലിലെ ഖാദിമാരുടെ നേത്യത്വത്തില്‍ വിവാഹമോചനം തേടി. ഇതിന് ശേഷമാണിവര്‍ മറ്റൊരു വിവാഹത്തിന് തയാറെടുത്തത്. ഇതോടെ ആദ്യ ഭര്‍ത്താവ് രംഗത്തെത്തി. തന്റെ ഭാര്യയായിരിക്കെ മറ്റൊരാളെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നായിരുന്നു അയാളുടെ പരാതി. തങ്ങള്‍ നിയമപരമായി വിവാഹമോചനം തേടിയിട്ടില്ലെന്നും ഇയാളുടെ പരാതിയിലുണ്ട്. വഞ്ചന, ചതി അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നെന്നാണ് പരാതിക്കാരന്‍ പറയുന്നത്. ഇതോടെ പോലിസ് സ്ത്രീക്കെതിരെ കേസെടുത്തു. അവള്‍ ചെയ്ത കുറ്റമെന്തെന്ന് അവള്‍ക്ക് മനസിലാകാന്‍ പിന്നെയും സമയമെടുത്തു. കാരണം ഇസ്‌ലാമിക രീതികള്‍ പിന്തുടര്‍ന്നാണ് വിവാഹ മോചനം തേടിയത്. പിന്നീട് മറ്റൊരു വിവാഹത്തിന് തയാറെടുക്കുന്നതും മതപരമായ രീതിയില്‍ തന്നെ. പിന്നെയെന്തിന് തനിക്കെതിരെ പോലിസ് കേസെന്നായി യുവതി. പക്ഷെ പിന്നീടാണവള്‍ മനസ്സിലാക്കുന്നത്; ഇസ്‌ലാമിക വിധി പ്രകാരമുള്ള വിവാഹമോചനം മുസ്‌ലിം പുരുഷനുമാത്രമേ അനുവദനീയമുള്ളൂവെന്ന്. സ്ത്രീയങ്ങനെ വിവാഹമോചനം തേടിയാല്‍ അവള്‍ക്കെതിരെ കേസെടുക്കാന്‍ വരെ വകുപ്പുണ്ടത്രെ. അത്തരത്തില്‍ എടുത്ത കേസ് റദ്ദാക്കാനാണ് ഈ സ്ത്രീ ഹൈക്കോടതിയിലെത്തിയത്. 
ഈ വിഷയം ശ്രദ്ധയില്‍ പെട്ടപ്പോള്‍ മാത്രമാണ് പത്രത്താളുകളില്‍ ഇടക്കിടെ കാണാറുള്ള ഫസ്ഖ് പരസ്യത്തെ കുറിച്ച് ചിന്തിച്ചത്. സത്യത്തില്‍ ചില സ്ത്രീകളൊക്കെ തന്റെ ഭര്‍ത്താവിനെ ഇസ്‌ലാമിക വിധി പ്രകാരം വിവാഹമോചനം ചെയ്തതായി പ്രഖ്യാപിക്കുന്നതായിരുന്നു ഈ പരസ്യങ്ങള്‍. പക്ഷെ അതിന് നിയമസാധുതയില്ലെന്ന് ഇവരൊക്കെ തന്നെയും അറിയുന്നത് ഏതെങ്കിലും തരത്തിലുള്ള നിയമക്കുരുക്കുകളില്‍ പെടുമ്പോള്‍ മാത്രമായിരുന്നു. കാലങ്ങളായി ഇത്തരം പരസ്യങ്ങളൊക്കെ എല്ലാവരും നല്‍കിയിരുന്നെങ്കിലും ഇതിന്റെ നിയമസാധുതയെക്കുറിച്ച് ആരും എവിടെയും പറഞ്ഞിരുന്നില്ല. 
ഹൈക്കോടതിക്ക് മുന്നിലും ഇതൊരു വലിയ നിയമപ്രശ്നമായിരുന്നു. ഇസ്‌ലാമിക നിയമപ്രകാരം സ്ത്രീകള്‍ക്ക് വിവാഹമോചനം തേടാന്‍ അവകാശമുണ്ട്. എന്നാല്‍ ഇന്ത്യന്‍ നിയമവ്യവസ്ഥ ഇത് അംഗീകരിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് മുസ്‌ലിം സ്ത്രീകളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നുണ്ടായ ചരിത്രവിധിയെ കുറിച്ച് പഠിക്കേണ്ടത്. ഇസ്‌ലാം അനുശാസിക്കുന്ന പ്രകാരം മുസ്‌ലിം സ്ത്രീക്ക് ജുഡീഷറിക്ക് പുറത്ത് വിവാഹമോചനമാകാമെന്നാണ് കോടതി പറഞ്ഞത്. അതായത് കൊല്ലത്തുകാരി സ്ത്രീ ചെയ്തതുപോലെ ഇസ്‌ലാമിക രീതിയില്‍ വിവാഹമോചനം തേടാന്‍ അവകാശമുണ്ടെന്ന്. 49 വര്‍ഷം പഴക്കമുള്ള രീതിയാണ് ഹൈക്കോടതിയുടെ ഈ വിധിയോടെ മാറ്റപ്പെട്ടത്. 49 വര്‍ഷമായി മുസ്‌ലിം സ്ത്രീക്ക് ഇസ്‌ലാം അനുവദിച്ച അവകാശം നിഷേധിച്ച്  വിവാഹമോചനത്തിന് കോടതിയെ സമീപിച്ച് മജിസ്‌ട്രേറ്റിന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി വേണമായിരുന്നു വിവാഹമോചനം തേടാന്‍. എന്നാല്‍ രണ്ട് കുടുംബക്കാരും ഇരു മഹല്ലുകളും ഇടപെട്ട് സങ്കീര്‍ണതകളില്ലാതെ വിവാഹമോചനം തേടാനാകുമെന്ന ഇസ്‌ലാമിക നിയമത്തെ ഇല്ലാതാക്കിയപ്പോള്‍ അതാരും എതിര്‍ത്തുമില്ല. ത്വലാഖ് കോടതി വഴിയാക്കുന്നതാണ് കൂടുതല്‍ ഉചിതമെന്ന് ഒരിക്കല്‍ കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജ് പരാമര്‍ശം നടത്തിയപ്പോള്‍ ചില സമുദായ നേത്യത്വങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. സമുദായത്തിലെ പുരുഷകേന്ദ്രീകൃത സമൂഹം നൂറ്റാണ്ടുകളായി മുസ്‌ലിം സ്ത്രീകളെ ജുഡീഷ്യല്‍ വിവാഹമോചനത്തില്‍ മാത്രം അടച്ചിട്ടിരിക്കുകയായിരുന്നു എന്ന് കോടതി തന്നെ പറഞ്ഞിരിക്കുന്നു. മുത്വലാക്ക് പോലുള്ള നിയമവിരുദ്ധ സംവിധാനങ്ങളടക്കം പുരുഷന്മാര്‍ വിവാഹ മോചനത്തിനായി ഉപയോഗിച്ചു വന്നു. എന്നാല്‍ ഇത്തരം സംവിധാനങ്ങളൊന്നും സ്ത്രീകള്‍ക്ക്  അനുവദിച്ചിരുന്നില്ല. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നിലനില്‍ക്കെ തന്നെ വിവാഹമോചനവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദുരിതങ്ങളാണ് മുസ്‌ലിം സ്ത്രീകള്‍ നേരിടുന്നതെന്ന് ഹൈക്കോടതി പരാമര്‍ശിച്ചതും ശ്രദ്ധേയമാണ്. 
ഈ ഹൈക്കോടതി വിധി ആശ്വാസമാകുന്ന നിരവധി മുസ്‌ലിം സ്ത്രീകള്‍ നമുക്കിടയിലുണ്ടാകും. കൊച്ചിയിലുള്ള ഒരുമ്മയും മകളും അതിനൊരുദാഹരണമാണ്. ഭര്‍ത്താവ് ലഹരിക്കടിമപ്പെട്ട് വീട് നോക്കാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്നു. മകള്‍ വളര്‍ന്ന് വന്നതോടെ ആ ഉമ്മയുടെ മനസ്സില്‍ ആധിയായി. അടച്ചുറപ്പുള്ളൊരു വീടായിരുന്നു അക്കാലത്ത് അവരുടെ ഏറ്റവും വലിയ ആഗ്രഹം. അവരുടെ കണ്ണീരിന് പരിഹാരം കാണാന്‍ മഹല്ലിലെ ചില നല്ല മനുഷ്യര്‍ തീരുമാനിച്ചു. ഉമ്മക്കും മകള്‍ക്കും നല്ലൊരു വീടൊരുങ്ങി. ഒരു രീതിയിലും ഒത്തുപോകാനാവാത്ത ഭര്‍ത്താവ് ആ സ്ത്രീക്കൊരു ബാധ്യതയായി. മകള്‍ക്ക് പിതാവിനെ പേടിയായിരുന്നു. അവര്‍ ഭയപ്പെട്ടിരുന്ന കാര്യം തനിക്കും മകള്‍ക്കുമുള്ള വീടിന് അവകാശമുന്നയിച്ച് ഭര്‍ത്താവ് വന്നാലെന്ത് ചെയ്യുമെന്നായിരുന്നു. അങ്ങനെ അവകാശമുന്നയിച്ച് ഭര്‍ത്താവെത്തിയാല്‍ അതിലയാള്‍ക്ക് അവകാശമുണ്ടായിരിക്കുകയും ചെയ്യും. സത്യത്തില്‍ കോടതിയിലെത്തി ഈ വിവാഹത്തില്‍നിന്ന് ആ സ്ത്രീക്ക് മോചനം നേടല്‍ അസാധ്യമായിരുന്നു. ഇവിടെയാണ് അവര്‍ ഇസ്‌ലാമിക വിധിയെക്കുറിച്ച് ചിന്തിച്ചത്. മഹല്ലുകളില്‍ കാര്യമറിയിച്ച് ഖാദിയുടെ നേത്വത്വത്തില്‍ എളുപ്പത്തില്‍ പ്രശ്‌നപരിഹാരം തേടാവുന്നതേയുള്ളൂ. ഇനിയിപ്പോള്‍ ഹൈക്കോടതിയുടെ വിധിയോടെ അവരുടെ വിഷയത്തില്‍ പരിഹാരമായി എന്നുവേണം പറയാന്‍.
ഡോക്ടറായ ഒരു പെണ്‍കുട്ടി വിവാഹമോചനം തേടുന്നതിനായി കോടതി കയറിയിറങ്ങിയതും ഈ ഹൈക്കോടതി വിധിക്ക് മുമ്പാണ്. ഭര്‍ത്താവിന്റെ ക്രൂരതകാരണമാണ് അവളതിന് തയാറെടുത്തത്. നിരന്തരം ഉപദ്രവം കൂടിയായപ്പോള്‍ അവള്‍ കോടതിയെ സമീപിച്ചു. എന്നാല്‍ ഭര്‍ത്താവ് കോടതിയില്‍ വിവാഹമോചനത്തിന് സമ്മതമല്ലെന്ന് ആവര്‍ത്തിക്കുന്നു. തീരുമാനത്തിലെത്താനാവാതെ അനന്തമായി കേസ് നീളുന്നു. നഷ്ടപരിഹാരമായി ഒന്നും വേണ്ട, വിവാഹമോചനം മാത്രം മതിയെന്നാണ് പെണ്‍കുട്ടിയുടെ നിലപാട്. പക്ഷെ അതിന് നിയമതടസ്സങ്ങളേറെയുണ്ടായി. അവളുടെ ജോലിയും ജീവിതവും നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇത്തരം ഒരു ഘട്ടത്തില്‍ ആ പെണ്‍കുട്ടിയും ഇസ്‌ലാമിക രീതിയിലുള്ള വിവാഹമോചനത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. എന്നാലന്നത് നടന്നിരുന്നില്ല.
പലപ്പോഴും സ്ത്രീകള്‍ മുന്‍കൈയെടുത്ത് നടത്തുന്ന വിവാഹമോചനങ്ങളൊന്നും തന്നെ സമൂഹവും കുടുംബവും അംഗീകരിക്കാന്‍ മടി കാണിക്കും. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ കുറച്ചൊക്കെ സഹിച്ചാലും കുഴപ്പമില്ല, വിവാഹമോചനം തേടരുതെന്ന് വീട്ടുകാരും ആഗ്രഹിക്കും. കോട്ടയത്തുള്ള ഒരു പെണ്‍കുട്ടി, അവളുടെ ഭര്‍ത്താവിന് മറ്റു പല സ്ത്രീകളുമായി ബന്ധമുള്ളതായി മനസ്സിലാക്കിയപ്പോള്‍ അവളത് സ്വന്തം വീട്ടിലറിയിച്ചു. എന്നാലത് വീട്ടുകാര്‍ക്ക് അഡ്ജസ്റ്റ് ചെയ്യാവുന്ന പ്രശ്‌നമായേ തോന്നിയുള്ളൂ. ഒരു ദിവസം ഈ പെണ്‍കുട്ടി വീടുവിട്ടിറങ്ങി. അതോടെയാണ് പ്രശ്‌നം വഷളായെന്ന് വീട്ടുകാര്‍ക്കും ചിന്ത വന്നത്. വീടുവിട്ടിറങ്ങിയതോടെ ഭര്‍ത്താവും അവളെ വേണ്ടെന്ന നിലപാടിലെത്തി. പിന്നീട് പെണ്‍കുട്ടി തന്നെ മുന്‍കൈയെടുത്ത് വളരെ എളുപ്പത്തില്‍ ഇരുവരും ചേര്‍ന്ന് ഇസ്‌ലാമിക വിധി പ്രകാരമുള്ള വിവാഹമോചനം നേടി. ഇഷ്ടമില്ലാത്ത വിവാഹ ബന്ധങ്ങളില്‍പെട്ട് ജീവിതമവസാനിപ്പിക്കാതെ വളരെ പെട്ടെന്ന് തന്നെ വിവാഹമോചനം തേടാനായത് ഇസ്‌ലാമിക നിയമപ്രകാരമുള്ള വിവാഹമോചന നടപടിയാലായിരുന്നു. അത്തരത്തില്‍ ഒത്തുപോകാത്തതിനെ ചേര്‍ക്കേണ്ടെന്ന് പ്രസ്താവിക്കുന്ന നല്ലൊരു നിയമവ്യവസ്ഥയുള്ളപ്പോഴാണ് ഇത്രയും നാള്‍ മുസ്‌ലിം സ്ത്രീകള്‍ കോടതി വരാന്തയിലെത്തിയിരുന്നത്. 
എന്നാല്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് കോടതിയുടെ പരിരക്ഷ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളുമുണ്ട്. അതിനുദാഹരണമാണ് ലക്ഷദ്വീപിലെ അമിനി സബ് കോടതിയുടെ ത്വലാഖ് സംബന്ധിച്ച വിധി. അമിനി സ്വദേശിയായ 34-കാരന്‍ 30-കാരിയായ ഭാര്യയെ ത്വലാഖ് ചൊല്ലി. ഒമ്പത് വര്‍ഷം മുമ്പ് വിവാഹിതരായതാണ് ഇവര്‍. അമിനി സ്വദേശിയായ യുവാവ് കൂടെ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുമായി അടുപ്പമായി. ഈ ബന്ധം ഭാര്യയും അവളുടെ വീട്ടുകാരുമറിഞ്ഞു. പിന്നീട് ഇതിനെച്ചൊല്ലിയുള്ള വഴക്കുകളും ആരംഭിച്ചു. 2019-ല്‍ യുവാവ് ഭാര്യയെ ആദ്യ ത്വലാഖ് ചൊല്ലി. പിന്നീട് ശരീഅത്ത് നിയമം അനുശാസിക്കുന്ന ഇടവേളകള്‍ ക്യത്യമായി പാലിച്ച് രണ്ടാം ത്വലാഖും ചൊല്ലി. ത്വലാഖ് നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന് കാണിച്ച് പ്രദേശത്തെ ഖാദിയില്‍നിന്നും വിവാഹമോചന സര്‍ട്ടിഫിക്കറ്റും നേടി. ഈ കേസില്‍ അമിനി സബ് കോടതി ജഡ്ജി കെ. ചെറിയകോയ ഖാദി നല്‍കിയ വിവാഹമോചന സര്‍ട്ടിഫിക്കറ്റ് നിയമപരമായി നിലനില്‍ക്കില്ലെന്ന് ഉത്തരവിട്ടു. ഭര്‍ത്താവ് മൂന്ന് ത്വലാഖും ക്യത്യമായ ഇടവേളകളിലാണ് ചൊല്ലിയത്. എന്നാല്‍ ത്വലാഖ് ചൊല്ലുന്നതിന് മുമ്പ് ശരീഅത്ത് വിധി പ്രകാരം ആദ്യം ഭര്‍ത്താവിന്റെയും ഭാര്യയുടെയും വീട്ടുകാര്‍ തമ്മില്‍ മധ്യസ്ഥ ചര്‍ച്ച നടത്തണം. അതിന് ശേഷം ഒന്നാം ത്വലാഖും വീണ്ടും മധ്യസ്ഥ ചര്‍ച്ചക്ക് ശേഷം രണ്ടാം ത്വലാഖും ചൊല്ലണം. ഈ കേസില്‍ ത്വലാഖ് ചൊല്ലിയെങ്കിലും മധ്യസ്ഥ ചര്‍ച്ച ഒരു ഘട്ടത്തിലും ഉണ്ടായില്ല. ഏതെങ്കിലും തരത്തില്‍ ഒരുമിച്ച് പോകാന്‍ സാധിക്കുമെങ്കില്‍ ആ ബന്ധത്തെ യോജിപ്പിക്കുക എന്നതാണ് മധ്യസ്ഥ ചര്‍ച്ചയുടെ ഉദ്ദേശ്യം. മധ്യസ്ഥ ചര്‍ച്ച നടത്താതെയുള്ള വിവാഹമോചനം നിയമപരമല്ലെന്ന് സുപ്രീം കോടതി തന്നെ സൈറാബാനു കേസിലുള്‍പ്പെടെ വ്യക്തമാക്കിയെന്നായിരുന്നു അമിനി കോടതിയുടെ കണ്ടെത്തല്‍. ഇത്തരം സാഹചര്യമുണ്ടായാല്‍ സ്ത്രീകള്‍ക്ക് കോടതിയെ തന്നെ സമീപിക്കേണ്ടിവരും. അതുകൊണ്ടുതന്നെ സ്ത്രീകള്‍ ഇസ്‌ലാമിക വിധി പ്രകാരം വിവാഹമോചനം തേടിയാല്‍ അതിലെ വ്യവസ്ഥകള്‍ മുഴുവന്‍ പാലിച്ചില്ലെങ്കില്‍ തിരിച്ചും കോടതിയില്‍ അത് ചോദ്യം ചെയ്യപ്പെടും.
മുസ്‌ലിം സ്ത്രീകളെ ഇസ്‌ലാം ബഹുമാനിക്കുകയും അന്തസ്സുള്ളവളാക്കുകയും ചെയ്യുമ്പോള്‍ ഇവിടുത്തെ വ്യവസ്ഥിതി അതിന് തയാറാകുന്നുണ്ടോയെന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. ഒരു സമൂഹത്തിന് മാറ്റമുണ്ടാകുന്നത് സ്വന്തമായുള്ള ചിന്തകളിലൂടെയാണ്. സ്വയം ഉള്‍വലിഞ്ഞാല്‍ നവോത്ഥാനം ആരെങ്കിലും ഉണ്ടാക്കിത്തരുമെന്ന് മുസ്‌ലിം സ്തീകള്‍ ചിന്തിക്കുന്നത് വലിയ അബദ്ധമാണ്.
സ്ത്രീകളുടെ മാനസിക നില മാറിമറിയുന്നവയാണെന്നും സ്ത്രീക്ക് വ്യക്തമായൊരു തീരുമാനമെടുക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യങ്ങളുണ്ടെന്നുമുള്ള പൊള്ളവാദങ്ങള്‍ നിരത്തിയാണ് ഇത്രയും നാള്‍ മുസ്‌ലിം സ്ത്രീകളുടെ അവകാശം നിഷേധിച്ചുകൊണ്ടിരുന്നത്. പാതിരാ പ്രസംഗങ്ങളില്‍ മുസ്‌ലിം സ്ത്രീയെ വല്ലാണ്ടങ്ങ് മഹത്വവല്‍ക്കരിക്കുകയും വീട്ടിലെത്തിയാല്‍ അടുക്കള മാത്രമാണ് നിന്റെയിടമെന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്യുന്ന കാപട്യത്തില്‍നിന്ന് മുസ്‌ലിം വനിതകള്‍ പുറത്തുകടന്നു തുടങ്ങിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്. കുറച്ചുനാള്‍ മുമ്പ് മുത്തലാഖ് പോലെ ഇസ്‌ലാം മതത്തില്‍ കടന്നുകൂടിയ ചില സ്ത്രീവിരുദ്ധ അനാചാരങ്ങള്‍ പുനസ്ഥാപിച്ച് കിട്ടുന്നതിനായി കോടതിയിലും തെരുവിലും പ്രതിഷേധമായി ഇറങ്ങിയവര്‍ സ്ത്രീയുടെ അവകാശത്തിന് നേരെ കണ്ണടച്ചുവെന്ന യാഥാര്‍ഥ്യം മനസ്സിലുറപ്പിച്ചുവേണം മുസ്‌ലിം സ്ത്രീകള്‍ ഇനിയും മുന്നോട്ട് പോകാന്‍.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top