ഹെപ്പറ്റൈറ്റിസ് സിയും കരള്‍ വീക്കവും

പ്രഫ. കെ. നസീമ No image

ആ ഫോണ്‍ കോളിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഞാനിന്നും അറിയാതെ ഞെട്ടിപ്പോവാറുണ്ട്. എന്റെ സുഹൃത്തിന് അപ്രതീക്ഷിതമായി ഉണ്ടായ വളരെ രൂക്ഷമായ അസുഖത്തെ അറിയിച്ചുകൊണ്ടുള്ളതായിരുന്നു ആ കോള്‍.
കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും പരിചരിച്ച് സന്തോഷത്തോടെ കുടുംബ ജീവിതം നയിച്ചിരുന്ന എന്റെ പ്രിയ സുഹൃത്തിന് വളരെ പെട്ടെന്നാണ് 'വട്ടുപോലെ' എന്നും 'ഭ്രാന്തിളകി' എന്നും ആശുപത്രിയില്‍ 'അതീവ ഗുരുതരാവസ്ഥയിലാ'ണെന്നും ഫോണിലൂടെ ഞാന്‍ കേട്ടത്.
ഞങ്ങള്‍ ആശുപത്രിയിലേക്ക് കുതിച്ചെത്തിയപ്പോള്‍ രോഗി അബോധാവസ്ഥയിലായിരുന്നു. ഓര്‍മ വരുമ്പോള്‍ വികൃതികള്‍ കാട്ടിക്കൊണ്ടുമിരുന്നു. ഇതു കണ്ട ഭിഷഗ്വരന്മാരും കുടുങ്ങി. ലബോറട്ടറി പരിശോധനകള്‍ മുറക്ക് നടക്കുന്നുണ്ടെങ്കിലും ഒരു പരിശോധനയിലും രോഗനിര്‍ണയം സാധിക്കുന്നില്ല. കിടയ്ക്കക്കരികില്‍ നിസ്സഹായനായി നോക്കി നില്‍ക്കുന്ന ഭര്‍ത്താവിനെ അടിക്കാന്‍ ശ്രമിക്കുന്ന രോഗിയുടെ കൈകാലുകള്‍ ഡ്യൂട്ടി സിസ്റ്റര്‍ കിടക്കയില്‍ ബന്ധിച്ചു.
മയക്കത്തിലേക്ക് വഴുതി വീണ രോഗി ഉറങ്ങുന്നുവെന്ന് എനിക്ക് തോന്നി. ഭര്‍ത്താവിനോട് അന്വേഷിച്ചപ്പോള്‍ അവര്‍ മറ്റൊരാളുടെ രക്തം ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്ന് മനസ്സിലായി. എങ്കിലും പലതവണ അടുത്തുള്ള ക്ലിനിക്കില്‍നിന്ന് പനിമാറാനുള്ള കുത്തിവെപ്പുകള്‍ എടുത്തിരുന്നതായി പറഞ്ഞു. പിത്തക്കാമല(Jaundice)യുടെ ലക്ഷണങ്ങള്‍ ഇല്ലാതെ എന്റെ സുഹൃത്തിന് എന്തുകൊണ്ട് ഇത്തരം രോഗം വന്നു എന്ന് ഭിഷഗ്വരന്മാര്‍ സംശയിച്ചു. അതെന്താണെന്ന് മനസ്സിലാക്കാന്‍ പറ്റാതെ അവര്‍ വിഷമത്തിലായി. രോഗി അബോധാവസ്ഥയിലായിരുന്നതിനാല്‍ രോഗിയില്‍നിന്ന് കാര്യങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കാനും സാധിച്ചില്ല. അവര്‍ 'എന്തു ചെയ്യേണ്ടൂ' എന്ന് ഓഛാനിച്ചു നില്‍ക്കുമ്പോഴാണ് രോഗകാരണം ഹെപ്പറ്റൈറ്റിസ് 'എ'യും 'ബി'യും അല്ല എന്ന പരിശോധനാ ഫലം വന്നത്. പക്ഷേ, കരളിന്റെ അസാധാരണ പ്രവര്‍ത്തനങ്ങള്‍ രോഗിക്ക് ഹെപ്പറ്റൈറ്റിസ് എന്ന രോഗം തന്നെയാവണം എന്ന നിഗമനത്തില്‍ എത്തിക്കുകയും ചെയ്തു. എന്നിട്ടും രോഗകാരണം അവര്‍ക്ക് കണ്ടുപിടിക്കാനായില്ല.
മനുഷ്യര്‍ക്കു മാത്രം രോഗം വരുത്തുന്ന ഈ രോഗാണുവിനെ നിര്‍ണയിക്കാനുള്ള ഒരു പരിശോധനയും അന്നുവരെ ഉണ്ടായിരുന്നില്ല.
ഇന്ന് ഈ രോഗം കണ്ടുപിടിക്കാനുള്ള പല പരിശോധനകളും നാം വികസിപ്പിച്ചെടുത്തു. രോഗാണുവിന്റെ സാന്നിധ്യം തെളിയിക്കുന്ന പി.സി.ആര്‍- പോളിമെറേസ് ചെയിന്‍ റിയാക്ഷന്‍, ആന്റിബോഡി പരിശോധിക്കുന്ന എലൈസാ -എന്‍സൈം ലിങ്ക്ഡ് ഇമ്മ്യൂണോ സോര്‍ബന്റ് അസ്സെ, ഡി.എന്‍.എ അസ്സെ, സ്‌ക്രീനിംഗ് പരിശോധനകള്‍ എന്നിവയാണ് അവ. രോഗനിര്‍ണയത്തിന് ഇന്ന് ഈ പരിശോധനകള്‍ സാധാരണയായി ചെയ്തുവരുന്നു.
നീണ്ട മുപ്പതു വര്‍ഷത്തെ ഈ വിഷയത്തിലുള്ള നിരന്തരമായ ഗവേഷണ ഫലമായി ഇന്ന് മേല്‍പറഞ്ഞ പരിശോധനകള്‍ക്കൊപ്പം ഈ രോഗാണുവിനെതിരെ പ്രതികരിക്കുന്ന ഔഷധങ്ങളും കണ്ടുപിടിച്ചു കഴിഞ്ഞു. ഇതിന്റെ ഗവേഷണ പഠന നേതൃത്വങ്ങള്‍ക്കാണ് ഇക്കൊല്ലത്തെ മെഡിസിന്‍ ആന്റ് ഫിസിയോളജിക്കുള്ള നോബല്‍ പ്രൈസ് മൂന്നു അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പങ്കിട്ടെടുത്തത്. ഹാര്‍വേ ആള്‍ട്ടര്‍, മൈക്കല്‍ ഹൂട്ടന്‍, ചാള്‍സ് റൈസ് എന്നിവരെ ഹെപ്പറ്റൈറ്റിസ്-സി വൈറസിനെപ്പറ്റിയുള്ള ഗവേഷണ പഠനമാണ് നോബല്‍ പ്രൈസ് ജേതാക്കളാക്കിയത്.
രക്തത്തിലൂടെ പകരുന്ന ഈ രോഗത്തെപ്പറ്റി 1940 മുതല്‍ അറിയാമായിരുന്നിട്ടും അതിനെ കണ്ടുപിടിക്കാനും അതിനെതിരെയുള്ള ഔഷധങ്ങള്‍ നിര്‍മിക്കാനും ഇത്രയും വര്‍ഷങ്ങളെടുത്തത് ആ വൈറസിന്റെ പ്രത്യേകതകള്‍ കൊണ്ടാണ്. ഇന്നുവരെ ഈ രോഗാണുവിന് എതിരെ വാക്സിന്‍ നിര്‍മാണം സാധിച്ചില്ല.
ഈ രോഗാണു വളരെ സാവധാനമാണ് കരളിനെ ആക്രമിക്കുന്നത്. ഇത് തുടക്കത്തില്‍ വിട്ടുമാറാത്ത, നിസ്സാരമായ രോഗമായും വര്‍ഷങ്ങള്‍ക്കു ശേഷം കരള്‍പുണ്ണ് (Cirrhosis) ആവുകയും അന്ത്യഘട്ടത്തില്‍ കാന്‍സര്‍ ആവുകയും ചെയ്യുന്നു. വര്‍ഷങ്ങളോളം ആരോഗ്യപ്രശ്നങ്ങള്‍ പുറത്തു കാട്ടാതെ ഈ വൈറസ് രോഗിയെ മരണത്തിലേക്ക് തള്ളിയിടുന്നു. ഈ അവസ്ഥയില്‍ രോഗം ഭേദമാവുകയുമില്ല.
നമ്മുടെ തിരക്കിട്ട ജീവിതത്തിനിടയില്‍ രോഗമുണ്ടെന്ന് രോഗിക്ക് തോന്നാത്തവിധം നിസ്സാരമായ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്ന ഈ വൈറസിനെ കണ്ടുപിടിക്കാനോ ഡോക്ടറെ കാണാന്‍ പോകാനോ തോന്നുകയില്ല.
ഇന്ന് ആഗോള വ്യാപകമായി ഹെപ്പറ്റൈറ്റിസ് സി കൊണ്ടുള്ള സീറോസിസും (കരള്‍വീക്കം) കരളിലെ കാന്‍സറും ബാധിച്ച പത്ത് ലക്ഷം പേര്‍ വര്‍ഷംതോറും മരണപ്പെടുന്നു. ഈ അവസ്ഥ ദൂരീകരിക്കാനും അപകടകരമായ വൈറസിന്റെ പ്രത്യേകതകള്‍ കാരണം സാധിക്കുകയുമില്ല. ലോകത്താകമാനം ഈ വൈറസ് ബാധിച്ചവര്‍ ഏഴുകോടിയിലധികം വരും. ഒന്നുമുതല്‍ ഇരുപത് ശതമാനം വരെ വാഹകതോത് (Carrier Rate) ഉള്ള ഈ വൈറസിന് ഇന്ത്യയില്‍ പന്ത്രണ്ടര മില്യന്‍ കേസുകളുണ്ട്. ഇതില്‍ നാലിലൊന്നു ആള്‍ക്കാള്‍ വിട്ടുമാറാത്ത (Chronic) രോഗികളാവുകയും വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ക്ക് കരള്‍ പുണ്ണും കാന്‍സറും വരുകയും ചെയ്യുന്നു.

രോഗാണു
അമ്പതുമുതല്‍ അറുപത് നാനോമീറ്റര്‍ വരെ വലുപ്പമുള്ള ഒറ്റ നാരുള്ള ആര്‍.എന്‍.എ വൈറസ് ആണ്. ഫ്ളാവി വിരിഡേ വൈറസ് കുടുംബത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇതിനെ 'ഹെപ്പാസി വൈറസ്' എന്ന ജനുസിലാണ് ക്രമീകരിച്ചിരിക്കുന്നത്. മള്‍ട്ടിപ്ലിക്കേഷന്‍ റേറ്റ് കുറവായതിനാല്‍ രക്തത്തില്‍ ഈ വൈറസിനെ പരിശോധനയിലൂടെ കണ്ടുപിടിക്കാന്‍ പ്രയാസമാണ്. ഒപ്പം, രോഗലക്ഷണങ്ങളുടെ അഭാവവും രോഗം തിരിച്ചറിയുന്നതിന് പ്രയാസമുണ്ടാക്കുന്നു. രോഗാണുക്കള്‍ ധാരാളമായി പെട്ടെന്ന് പെറ്റു പെരുകുമ്പോഴാണ് രോഗലക്ഷണങ്ങള്‍ക്ക് തീവ്രതയേറുന്നത്. എന്നാല്‍ ഇവിടെ വൈറസുകള്‍ കുറേശ്ശെയായി, വളരെ സാവധാനത്തിലാണ് പെറ്റുപെരുകുന്നത്. അതിനാല്‍ രോഗ ലക്ഷണങ്ങള്‍ ചെറിയ തോതിലോ തീരെ ഇല്ലാതെയോ ആവുന്നു. ഈ കാരണങ്ങളാല്‍ മനുഷ്യരുടെ നിശ്ശബ്ദ കൊലയാളിയായ ഹെപ്പറ്റൈറ്റിസ് സി വൈറസിനെതിരെ വാക്സിന്‍ നിര്‍മാണം ഒരു പരാജയമാണ്. ഈ രോഗം വന്നു കഴിഞ്ഞാല്‍ മരണമാണ് സംഭവിക്കുക. സ്റ്റിറോയ്ഡ് ഔഷധങ്ങള്‍ നല്‍കാമെങ്കിലും രോഗത്തിന്റെ ഗുരുതരാവസ്ഥ മാറുകയോ രോഗം ഭേദമാവുകയോ ചെയ്യുന്നില്ല.
ഇതിനെതിരെ ഉല്‍പാദിപ്പിച്ച ഔഷധങ്ങള്‍ക്ക് വളരെയധികം വിലകൂടിയതായതിനാല്‍ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും താങ്ങാനാവുന്നുമില്ല. കൂടെ കൂടെ ഈ വൈറസ് ഘടന മാറുന്നതിനാല്‍ വാക്സിന്‍ ഉപയോഗ ശൂന്യമാവുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഈ രോഗാണുവിനെതിരെ വാക്സിന്‍ ഒരു പരാജയമെന്നു വിലയിരുത്തുന്നത്.

ചികിത്സ
ഇന്റര്‍ഫെറോണ്‍ ആല്‍ഫ എന്ന ഔഷധം മാത്രമായോ അതിന്റെ കൂടെ റിബാവിറിന്‍ എന്ന ആന്റിവൈറല്‍ ഔഷധവും കൂടിയോ ചികിത്സക്ക് ഉപയോഗിക്കാവുന്നതാണ്. പക്ഷേ, ചിലരില്‍ മാത്രമേ ഇവ ഫലിക്കുകയുള്ളൂ.

 

തടയാം

  • രക്തത്തിലൂടെയും രക്തപദാര്‍ഥങ്ങള്‍ (പ്ലാസ്മ, പ്ലേറ്റലറ്റ്, ചുവന്ന രക്താണുക്കള്‍), സൂചിമുന എന്നിവയിലൂടെയും രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് എത്തുന്നതിനാല്‍ അസുഖം തടയാന്‍ 'രക്തദാതാവിന് ഹെപ്പറ്റൈറ്റിസ് സി രോഗാണുബാധ ഇല്ലെ'ന്ന് ഉറപ്പുവരുത്തുക.
  • എല്ലാ പ്രഫഷനല്‍ രക്തദാതാക്കളുടെയും വിശദവിവരങ്ങള്‍ സൂക്ഷിക്കുക.
  • വോളന്ററി രക്തദാതാക്കളില്‍നിന്ന് മാത്രം രക്തം സ്വീകരിക്കുക.
  • രക്തവും രക്തപദാര്‍ഥങ്ങളും കുത്തിവെക്കുന്നത് കഴിവതും ഒഴിവാക്കുകയും അത്യാവശ്യമെങ്കില്‍ മാത്രം കുത്തിവെപ്പുകള്‍ സ്വീകരിക്കുകയും ചെയ്യുക.
  • ഒരു സൂചി പലരിലും കുത്തിവെക്കുന്ന (ഡ്രഗ് അഡിക്ടുകള്‍) പ്രവണത തടയുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top