ഈ സമയവും കടന്നു പോകുമ്പോള്‍....

എ. റഹ്മത്തുന്നിസ No image

സന്തോഷം ഉള്ളപ്പോള്‍ നോക്കിയാല്‍ ദുഃഖവും ദുഃഖം ഉള്ളപ്പോള്‍ നോക്കിയാല്‍ സന്തോഷവും നല്‍കുന്ന ഒരു വാചകം ചുമരില്‍ എഴുതണമെന്ന അക്ബര്‍ ചക്രവര്‍ത്തിയുടെ ആവശ്യം മാനിച്ച് ബീര്‍ബല്‍ എഴുതി എന്ന് പറയപ്പെടുന്ന 'ഈ സമയവും കടന്നു പോകും' എന്ന വാചകം വളരെ പ്രസിദ്ധമാണ്. ഒരു മഹാമാരിയിലൂടെ ലോകമാസകലമുള്ള മനുഷ്യരെ ഒന്നടങ്കം പിടിച്ചുകുലുക്കിയ 2020 നമ്മോട് വിട പറയുകയാണ്. പുതിയ വര്‍ഷം രോഗമുക്തിയുടേതാവട്ടെ എന്നാണ് നമ്മുടെയൊക്കെ പ്രാര്‍ഥന. കടന്നുപോയ വര്‍ഷത്തെക്കുറിച്ച വിലയിരുത്തലുകള്‍ എങ്ങും സജീവമാണ്. പുതിയ വര്‍ഷത്തെ സംബന്ധിച്ച പ്രതീക്ഷകളും കര്‍മ പദ്ധതികളും പുത്തനുണര്‍വ് നല്‍കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. വിടപറയുന്ന വര്‍ഷത്തില്‍ പ്രകൃതി ദുരന്തങ്ങള്‍, ദുരിതങ്ങള്‍, വംശീയ ഉന്മൂലനങ്ങള്‍, നീതി നിഷേധങ്ങള്‍, ആക്രമണങ്ങള്‍, സ്ത്രീപീഡന പരമ്പരകള്‍, ആത്മഹത്യകള്‍, സാമ്പത്തിക തകര്‍ച്ച, ജീവനഷ്ടം തുടങ്ങി നാം  വിറങ്ങലിച്ചു പോയ  നിമിഷങ്ങള്‍ ഒരുപാടുണ്ട്. നന്മകളും ഉണ്ടായിട്ടുണ്ട്.  അവയില്‍ ഏറ്റവും പ്രധാനം മനുഷ്യസമൂഹത്തെ ചില നല്ല പാഠങ്ങള്‍ പഠിപ്പിച്ചു ഈ അനുഭവങ്ങള്‍ എന്നതാണ്. നാം വളരെ പ്രധാനമാണെന്ന് കരുതിയിരുന്ന പലതും അത്ര പ്രധാനം അല്ല എന്നും എന്തിനേക്കാളും വലുത് ആരോഗ്യമാണ്, മനുഷ്യബന്ധങ്ങളാണ്, മാനുഷികമൂല്യങ്ങളാണ് എന്നൊക്കെ നമ്മെ ബോധ്യപ്പെടുത്തിയ ഒരു വര്‍ഷം കൂടിയാണ് കൊഴിഞ്ഞു വീഴുന്നത്. 
എല്ലാം മറന്ന് പുതുവര്‍ഷം ആഘോഷിക്കുന്നതിനുമുമ്പ് വര്‍ഷങ്ങളുടെ കുതിച്ചുപോക്കിനെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. വളരെ വേഗത്തിലാണ് ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോകുന്നത്, കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍. എത്ര പ്രായമായാലും തിരിഞ്ഞുനോക്കുമ്പോള്‍ വളരെ കുറച്ച് മാത്രം ജീവിച്ചു എന്ന പ്രതീതിയാണ് നമുക്കുണ്ടാവുന്നത്. കഴിഞ്ഞ ജനുവരിയില്‍ നമ്മോടൊപ്പം ഉണ്ടായിരുന്ന പലരും ഇപ്പോള്‍ കൂടെയില്ല.  മഹാമാരി മൂലം മാത്രമല്ല, മറ്റു പല കാരണങ്ങളാലും പലരും ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. അടുത്തത് നമ്മില്‍ ആരുടെ ഊഴമാണ് എന്നത് പ്രവചിക്കാന്‍ സാധ്യമല്ല. എങ്കിലും ഒരു കാര്യം സുനിശ്ചിതമാണ്. ജനനം ഉണ്ടെങ്കില്‍ മരണം തീര്‍ച്ചയാണ്. എപ്പോള്‍, എവിടെ വെച്ച്, എങ്ങനെ എന്ന കാര്യത്തില്‍ മാത്രമേ അവ്യക്തത ഉള്ളൂ. അധികാരം, സന്താനങ്ങള്‍, ബന്ധുമിത്രാദികള്‍, കൂട്ടുകാര്‍ ഒന്നും മരണത്തെ പിടിച്ചുനിര്‍ത്താന്‍ പര്യാപ്തമല്ല. എത്രയെത്ര ഉന്നതരാണ് എല്ലാവരും നോക്കിനില്‍ക്കെ മരണത്തിന് കീഴടങ്ങിയത്! ഇത്തരം ചിന്തകള്‍ ഏറ്റവും കൂടുതല്‍ കടന്നു വരേണ്ട സന്ദര്‍ഭം കൂടിയാണ് ഈ വര്‍ഷാവസാനം.  ജീവിതത്തെ, അഥവാ ഈ ലോകത്ത് നമുക്ക് ഓരോരുത്തര്‍ക്കും അനുവദിക്കപ്പെട്ട വര്‍ഷങ്ങളെ,  മാസങ്ങളെ,  മണിക്കൂറുകളെ, നിമിഷങ്ങളെ വില കുറച്ച് കാണാതിരിക്കാനും അവയെ യഥാവിധി ഉപയോഗപ്പെടുത്താനും ഈ ചിന്തകള്‍ നമുക്ക് പ്രയോജനം ചെയ്യും.
സമയം തന്നെയാണ് നമ്മുടെ ആയുസ്സ്. ഈ ലോകത്ത് ഏറ്റവും അമൂല്യമായതും അതുതന്നെയാണ്. നഷ്ടപ്പെട്ട ഒരു മിനിറ്റ് വീണ്ടും കിട്ടാനായി ലോകത്തുള്ള മറ്റെല്ലാ വിഭവങ്ങളും നല്‍കിയാലും അത് തിരിച്ചുകിട്ടുക സാധ്യമല്ല. മരണവേളയില്‍ മനുഷ്യര്‍ പടച്ചവനോട് രണ്ടാമതൊരു അവസരത്തിന് വേണ്ടി, അഥവാ സമയത്തിന് വേണ്ടി ആയിരിക്കും യാചിക്കുക. മക്കള്‍ക്കു വേണ്ടിയോ സമ്പത്തിനു വേണ്ടിയോ, മറ്റേതെങ്കിലും ജീവിതസൗകര്യത്തിനു വേണ്ടിയോ അല്ല എന്നതും സമയത്തിന്റെ പ്രാധാന്യമാണ് കാണിക്കുന്നത്.
'അങ്ങനെ അവരിലൊരുവന് മരണം വന്നെത്തുമ്പോള്‍ അവന്‍ കേണുപറയും: എന്റെ നാഥാ, നീ എന്നെയൊന്ന് ഭൂമിയിലേക്ക് തിരിച്ചയക്കേണമേ.    
ഞാന്‍ ഉപേക്ഷ വരുത്തിയ കാര്യത്തില്‍ ഞാന്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവനായേക്കാം' (ഖുര്‍ആന്‍ 23 :99, 100).
അതുകൊണ്ടാണ്  സൃഷ്ടികര്‍ത്താവായ അല്ലാഹു കാലത്തെ തന്നെ സാക്ഷി നിര്‍ത്തിക്കൊണ്ട് കിട്ടിയ അവസരം നന്നായി പ്രയോജനപ്പെടുത്താന്‍ നമുക്ക് ശക്തമായ ഭാഷയില്‍ താക്കീത് നല്‍കുന്നത്.
'കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്.    സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ' (ഖുര്‍ആന്‍: അധ്യായം103).
അതേ, പ്രവര്‍ത്തിക്കാന്‍ ഉള്ളതാണ് സമയം, അഥവാ കാലം. അത് പാഴാക്കി കളയാനുള്ളതല്ല. നന്മകള്‍ കൊണ്ടും  സല്‍ക്കര്‍മങ്ങള്‍ കൊണ്ടും നിറയ്ക്കാനുള്ളതാണ്.
പ്രവാചകന്‍ മുഹമ്മദ് (സ) ഒഴിവു സമയത്തെ കുറിച്ച് പരലോകത്ത് നാം ചോദ്യം ചെയ്യപ്പെടും എന്ന് പറഞ്ഞതും പരലോക വിചാരണയിലെ അഞ്ചു ചോദ്യങ്ങളില്‍ രണ്ടെണ്ണം സമയവുമായി ബന്ധപ്പെട്ട് (യുവത്വം, ആയുസ്സ്) ആയിരിക്കും എന്ന് പറഞ്ഞതും സമയത്തിന്റെ ഗൗരവം നമ്മെ ഉണര്‍ത്താനാണ്.
തുടങ്ങിയാല്‍ അവസാനിക്കാന്‍ ഉള്ളതാണ് സമയം.  മാറ്റങ്ങള്‍ക്ക് വിധേയമായതും. ഖുര്‍ആന്‍ പറയുന്നു:
'രാവും ഇവര്‍ക്കൊരു ദൃഷ്ടാന്തമാണ്. അതില്‍നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അതോടെ ഇവര്‍ ഇരുളിലകപ്പെടുന്നു.    സൂര്യന്‍ അതിന്റെ സങ്കേതത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രതാപിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന്റെ സൂക്ഷ്മമായ പദ്ധതിയനുസരിച്ചാണത്. ചന്ദ്രനും നാം ചില മണ്ഡലങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അതിലൂടെ കടന്നുപോയി അത് ഉണങ്ങി വളഞ്ഞ ഈന്തപ്പനക്കുലയുടെ തണ്ടുപോലെയായിത്തീരുന്നു. ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യനു സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാവിനുമാവില്ല. എല്ലാ ഓരോന്നും നിശ്ചിത ഭ്രമണപഥത്തില്‍ നീന്തിത്തുടിക്കുകയാണ്' (36 : 3740). 
എല്ലാം പ്രപഞ്ച നാഥന്റെ കൃത്യമായ ആസൂത്രണത്താല്‍  സംഭവിക്കുന്നതാണ്. അതില്‍ മാറ്റിത്തിരുത്തലുകള്‍ വരുത്താന്‍ നമുക്കാര്‍ക്കും സാധ്യമല്ല.  എന്നാല്‍, നമുക്ക്  ഏറെ പാഠങ്ങള്‍ അവ നല്‍കുന്നുണ്ട്. രാത്രിയും പകലും മാറിമാറി വരുന്നതുപോലെ സുഖദുഃഖ വിജയ പരാജയ സമ്മിശ്രമാണ് മനുഷ്യജീവിതവും.  ഒരു ഘട്ടത്തില്‍ ആരോഗ്യത്തോടെ, ചുറുചുറുക്കോടെ ഓടി നടക്കുന്ന മനുഷ്യര്‍  പ്രായമാവുമ്പോള്‍, അല്ലെങ്കില്‍ രോഗം ബാധിച്ചാല്‍ ഉണങ്ങി ചുളുങ്ങി ദുര്‍ബലമായിപ്പോകുന്ന ഈത്തപ്പഴക്കുലയുടെ തണ്ട് പോലെ  ആയിത്തീരുന്നു. അതിനാല്‍ ചിന്തിക്കുന്ന മനുഷ്യര്‍  കിട്ടിയ സമയവും സന്ദര്‍ഭവും ഏറ്റവും നന്നായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നവരാകണം.
കാലമാറ്റവും സമയമാറ്റവും എല്ലാം ദൈവനിശ്ചയപ്രകാരം ആണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല. മനുഷ്യമനസ്സുകളില്‍  ഒരു പുത്തനുണര്‍വ് സൃഷ്ടിക്കാന്‍ അത് അനിവാര്യമാണ്.
'അവനാണ് സൂര്യനെ പ്രകാശമണിയിച്ചത്. ചന്ദ്രനെ പ്രശോഭിപ്പിച്ചതും അവന്‍ തന്നെ. അതിന് അവന്‍ ചെറുപ്പ വലുപ്പ മാറ്റം നിശ്ചയിച്ചിരിക്കുന്നു. അതുവഴി നിങ്ങള്‍ക്ക് കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയാന്‍. യാഥാര്‍ഥ്യ നിഷ്ഠമായല്ലാതെ അല്ലാഹു ഇതൊന്നും സൃഷ്ടിച്ചിട്ടില്ല. കാര്യം ഗ്രഹിക്കുന്ന ജനത്തിനായി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുകയാണ്' (ഖുര്‍ആന്‍ 10:5).
സ്രഷ്ടാവ് മനുഷ്യര്‍ക്ക് എല്ലാവര്‍ക്കും തുല്യമായ അളവില്‍ വീതിച്ചു കൊടുത്തിട്ടുള്ള ഒന്നാണ് സമയം. ഒരു ദിവസം 24 മണിക്കൂര്‍ എന്നത് പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും മുതലാളിക്കും തൊഴിലാളിക്കും ആണിനും പെണ്ണിനും എല്ലാം ഒരുപോലെയാണ്. ആ മണിക്കൂറുകള്‍ ക്രിയാത്മകമായി തനിക്കും കുടുംബത്തിനും സമൂഹത്തിനും പ്രയോജനം  ചെയ്യുന്ന രീതിയില്‍ വിനിയോഗിക്കണോ, അതല്ല അലസമായി തള്ളിനീക്കണോ, തെറ്റായതും ഗുണപരമല്ലാത്ത തുമായ ചെയ്തികള്‍ക്ക് വേണ്ടി തുലയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് നാം ഓരോരുത്തരുമാണ്. ഇത് പറയുമ്പോള്‍ ഉറങ്ങാന്‍ പാടില്ലേ, ഭക്ഷണം കഴിക്കാമോ എന്നൊക്കെ ചോദിച്ചേക്കാം. ശരീരത്തിന് കൂടുതല്‍ ഉന്മേഷത്തോടെ പ്രവര്‍ത്തിക്കാനാവശ്യമായ ഉറക്കം, ഭക്ഷണം, വ്യായാമം എല്ലാം സല്‍ക്കര്‍മം ആയി തന്നെയാണ് പടച്ചതമ്പുരാന്‍ രേഖപ്പെടുത്തുക. എല്ലാം നമ്മുടെ ഉദ്ദേശ്യശുദ്ധി അനുസരിച്ചിരിക്കും. അമിതമാകാതെ നോക്കണമെന്നു മാത്രം.
നമുക്ക് എന്തുണ്ട്, എന്തില്ല എന്നതിലല്ല; ഉള്ളതിനെ നാം എങ്ങനെ വിനിയോഗിക്കുന്നു  എന്നതിനനുസരിച്ചാണ് നമ്മുടെ ജയവും തോല്‍വിയും. 'എന്റെ ഏറ്റവും വലിയ ഖേദം ഒരു ദിവസം എന്റെ ആയുസ്സില്‍ നിന്നും കൊഴിഞ്ഞു വീഴുന്നു, എന്നാല്‍ എന്റെ സല്‍ക്കര്‍മങ്ങള്‍ അധികരിച്ചിട്ടില്ല എന്നതിലാണ്' എന്ന് പ്രവാചകന്റെ അനുചരന്‍ ഇബ്നു മസ്ഊദ് (റ) പറഞ്ഞതായി ചരിത്രം പറയുന്നു.
അതിന്റെ അര്‍ഥം ഓരോ ദിവസവും ഞാന്‍ എന്ത് നന്മ ചെയ്തു എന്ന് അദ്ദേഹം ചിന്തിച്ചിരുന്നു എന്നാണ്. പടിയിറങ്ങി പോകുന്ന വര്‍ഷത്തിലെ ഓരോ ദിവസവും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു നോക്കൂ. എത്ര സമയമാണ്, അവസരങ്ങളാണ് നാം പാഴാക്കി കളഞ്ഞത്? ദൈവപ്രീതി കരസ്ഥമാക്കാന്‍ ഉതകുന്ന,  നാടിനും സമൂഹത്തിനും ഗുണപരമായ  കര്‍മങ്ങള്‍ കൊണ്ട് സമ്പന്നമായ ദീര്‍ഘായുസ്സിന് വേണ്ടിയാണ് നാം പ്രാര്‍ഥിക്കേണ്ടത്. പ്രവാചകന്‍ പഠിപ്പിച്ചത് ഓര്‍ക്കുക: 'ആയുസ്സ് നീട്ടിക്കിട്ടുകയും അത്രയും കാലം നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണ് ആയുസ്സ് നീട്ടിക്കിട്ടുകയും അത്രയും തിന്മ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനേക്കാള്‍ ഉത്തമന്‍.'
നാം ഒരു വര്‍ഷം കൂടി ജീവിച്ചു തീര്‍ത്തിരിക്കുന്നു എന്ന ഓര്‍മപ്പെടുത്തലാണ് ഈ സന്ദര്‍ഭം. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ എന്റെ ജീവിതത്തില്‍ എന്തെല്ലാം സംഭവിച്ചു, ഞാന്‍ എങ്ങനെ വിനിയോഗിച്ചു  എന്ന് പുനര്‍വിചിന്തനം ചെയ്യാനുള്ള സമയം. പാഴാക്കി കളഞ്ഞ സമയത്തെ ഓര്‍ത്ത്, നഷ്ടപ്പെട്ട അവസരങ്ങളെ ഓര്‍ത്ത് വിലപിച്ച് നിരാശപ്പെട്ട് നിഷ്‌ക്രിയരാവാനല്ല. മറിച്ച്, വരാനിരിക്കുന്ന വര്‍ഷം കൂടുതല്‍ പ്രയോജനപ്രദമാവാന്‍ ഉതകുന്ന പ്ലാനിംഗും ആലോചനകളും നടത്താനാണ് ശ്രമിക്കേണ്ടത്. പുതിയ സ്വപ്നങ്ങള്‍, പ്രതിജ്ഞകള്‍, തീരുമാനങ്ങള്‍ എല്ലാം വേണം. എന്നാല്‍ പുതുവര്‍ഷാഘോഷത്തിന്റെ ചൂടും ചൂരും മാറുന്നതിനു മുമ്പ് എല്ലാം പഴയതു പോലെ ആവരുത്. മുന്‍ഗണന അനുസരിച്ച് ജീവിതത്തിലെ വിവിധ മേഖലകള്‍ക്ക് വ്യത്യസ്തങ്ങളായ ഉത്തരവാദിത്വങ്ങള്‍ക്ക് സമയവും ലക്ഷ്യവും നിര്‍ണയിച്ച് മുന്നോട്ടു പോകാന്‍ നമുക്ക് സാധിച്ചാല്‍ രണ്ട് ലോകവും വിജയകരമാക്കാം. 'ഓരോന്നിനും അതിനു വേണ്ടുന്ന സമയം അതിന്റേതായ സമയത്ത്, ഓരോരുത്തര്‍ക്കും അവര്‍ക്ക് വേണ്ടുന്ന സമയം അതിന്റേതായ സമയത്ത്' എന്നതാവട്ടെ നമ്മുടെ പ്ലാനിംഗുകളുടെ അടിസ്ഥാനം.  കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട ഒരു വര്‍ഷമായി 2021 മാറണമെങ്കില്‍ ഓരോ ദിവസവും മെച്ചപ്പെടുത്തേണ്ടതുണ്ട്. ഓരോ മണിക്കൂറിലും അതിനായി പ്രയത്നിക്കേണ്ടതുണ്ട്. സത്യവിശ്വാസികളുടെ രണ്ടു ദിവസങ്ങള്‍ ഒരു പോലെ ആവരുത്. ഇന്നലത്തേക്കാള്‍ മെച്ചപ്പെട്ട ഇന്നിനും ഇന്നത്തേതിനേക്കാള്‍ മെച്ചപ്പെട്ട നാളേക്കും വേണ്ടിയാണ് നാം പ്രയത്നിക്കേണ്ടത്. ഓരോ  ദിവസവും നമ്മെ സ്വയം മെച്ചപ്പെടുത്താന്‍ നാം പ്രയത്നിച്ചു കൊണ്ടേയിരിക്കുക, പ്രാര്‍ഥിക്കുകയും ചെയ്യുക; ആയുസ്സിലെ ഏറ്റവും നല്ല വര്‍ഷം അവസാനത്തെ വര്‍ഷവും ഏറ്റവും നല്ല ദിനം അവസാനത്തെ ദിനവും ഏറ്റവും നല്ല നിമിഷം അവസാനത്തെ നിമിഷവും ആകാന്‍.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top