ജനങ്ങളോടൊപ്പം

ജബീന ഇര്‍ഷാദ് / ഫൗസിയ ഷംസ് No image

മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനമെന്നടയാളപ്പെടുത്തിയവര്‍ ജനകീയ പ്രശ്നങ്ങള്‍ കൈയൊഴിയുകയും സ്ത്രീകള്‍ക്കു നേരെയുള്ള കൈയേറ്റങ്ങളിലൂടെ മേധാവിത്വം പുലര്‍ത്തുന്നവരെ പാര്‍ട്ടി തിരിച്ച് കാണുകയും ചെയ്യുന്ന ലോകത്ത് പ്രതിരോധത്തിന്റെ ഇടം പൂരിപ്പിക്കാന്‍ അര്‍ഥവത്തായ മുന്നേറ്റം അനിവാര്യമാണ്. കാലം തേടുന്ന ആര്‍ജവമുള്ള പെണ്‍ പ്രതിനിധാനങ്ങള്‍ ആവശ്യമാണ്.
ജനകീയ പ്രശ്നങ്ങളിലൂടെ കേരളീയ സമൂഹത്തിനകത്ത് കരുത്താര്‍ന്ന ശബ്ദമായി മാറിക്കൊണ്ടിരിക്കുന്ന ജബീന ഇര്‍ഷാദ് ആരാമത്തോട് സംസാരിക്കുന്നു.


ജനകീയ മുന്നേറ്റ സമരങ്ങളുമായി ബന്ധപ്പെട്ടാണ് ജബീന ഇര്‍ഷാദിനെ കേരളം കേള്‍ക്കാന്‍ തുടങ്ങിയത്. ഇത്തരം സമരങ്ങള്‍ക്ക് നേതൃപരമായ പങ്ക് വഹിക്കാനുള്ള കാരണം എന്തായിരുന്നു?

നമ്മുടെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധിക്കാനും നീതിനിഷേധങ്ങളില്‍ പ്രതികരിക്കാനും നീതിക്കു വേണ്ടി ഇടപെടാനും നമുക്ക് ബാധ്യതയുണ്ട്. നീതിനിഷേധം തുടര്‍ക്കഥയാവുകയും ഭരണകൂടങ്ങള്‍ അതിന് കൂട്ടു നില്‍ക്കുകയും ചെയ്യുമ്പോള്‍ പലപ്പോഴും നീതി കിട്ടാന്‍ ജനകീയ മുന്നേറ്റങ്ങള്‍ വേണ്ടിവരുന്നു. പ്രതീക്ഷ നഷ്ടപ്പെടുന്ന ജനവിഭാഗങ്ങളെ ചേര്‍ത്തു നിര്‍ത്തി മുന്നോട്ട് പോകുമ്പോള്‍ ചിലപ്പോള്‍ നാമതിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാവും

പെട്ടിപ്പാലം മാലിന്യപ്രശ്‌നമാണെന്ന് തോന്നുന്നു ജബീനയുടെ നേതൃത്വത്തിലെ  ആദ്യ സമരം. അതിലേക്ക് വരാനും സമരം ഏറ്റെടുക്കാനുമുള്ള കാരണം?

സാമൂഹിക പ്രവര്‍ത്തനം ജീവിതചര്യയുടെ ഭാഗമാക്കിയിരുന്നുവെങ്കിലും ഒരു ജനകീയ സമരത്തിന്റെ നേതൃത്വമേറ്റെടുക്കേണ്ടിവന്നത് പെട്ടിപ്പാലം സമരത്തിലൂടെ തന്നെയായിരുന്നു. 1957 മുതല്‍ നാട്ടുകാര്‍ തുടങ്ങിവെച്ച പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമരം പല ഘട്ടത്തിലായി ശക്തിപ്പെടുകയും ദുര്‍ബലപ്പെടുകയും ചെയ്തിരുന്നു. പ്രശ്‌നം രൂക്ഷമാവുകയും പ്രദേശത്തുള്ളവര്‍ക്ക്  ജീവിതം തന്നെ ദുസ്സഹമാവുകയും ചെയ്തപ്പോള്‍ 2011 ഒക്‌ടോബര്‍ 31-ന് പ്രദേശത്തെ ജനങ്ങള്‍ അന്തിമ സമരത്തിന് തയാറെടുത്തുകൊണ്ട് രംഗത്തിറങ്ങി. 5 മാസത്തോളം നീണ്ടുനിന്ന ശക്തമായ സമരത്തില്‍ വലിയ പങ്ക് വഹിച്ച  സ്ത്രീകളെ ശാക്തീകരിച്ച് ആവേശം പകര്‍ന്ന് കൂടെ നിന്നപ്പോള്‍ അവര്‍ എന്നിലര്‍പ്പിച്ച പ്രതീക്ഷ തട്ടിക്കളയാനായില്ല. അതുകൊണ്ടു തന്നെ സുഊദിയിലെ പ്രവാസ ജീവിതത്തില്‍നിന്ന് ഒരു വര്‍ഷത്തെ റീ എന്‍ട്രി വിസ അടിച്ചു വന്ന ഞാന്‍ പിന്നെ തിരിച്ചു പോയില്ല. സമരം ശക്തിപ്പെട്ടപ്പോള്‍ ഭീഷണികളും മര്‍ദനങ്ങളും കള്ളക്കേസുകളും  അറസ്റ്റുമൊക്കെ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒടുവില്‍ ഞങ്ങളുടെ നാട്ടുകാര്‍ വിജയം കാണുകയായിരുന്നു.

ഇപ്പോള്‍ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് അധ്യക്ഷയാണ്. വനിതാ സംഘടനകള്‍ ഒട്ടേറെ ഉണ്ട്; ഏത് രൂപത്തിലാണ് സംഘടനയെ വേറിട്ട് നിര്‍ത്തണമെന്ന് ഉദ്ദേശിക്കുന്നത്? സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍?

വനിതാ സംഘടനകള്‍ ഏറെയുണ്ട്. സ്ത്രീകളുടെ നീതിക്കും സുരക്ഷക്കും ഉന്നമനത്തിനുമായുള്ള നിയമങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും പഞ്ഞമില്ല. പക്ഷേ തുല്യനീതിയും സുരക്ഷയും പരിഗണനയുമൊക്കെ അവള്‍ക്കിന്നും അകലെയാണ്. ഒരു കുഞ്ഞിന് പോലും പെണ്ണായിപ്പോയി എന്നതിന്റെ പേരില്‍  അനുഭവിക്കേണ്ടിവരുന്ന പീഡനപര്‍വം നമ്മുടെ മുന്നിലുണ്ട്. ഇവിടെയാണ് സാമ്പ്രദായികതയില്‍നിന്ന് മാറി  സ്ത്രീകളുടെ നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടി ശബ്ദിക്കുകയും പോരാടുകയും ശാക്തീകരിക്കപ്പെടുകയും ചെയ്യുന്ന വേറിട്ടൊരു  പെണ്‍കൂട്ടം എന്ന ആശയത്തിലെത്തുന്നത്.
പെണ്ണിനെ കുറിച്ച പൊതുബോധങ്ങളെയും നടപ്പുശീലങ്ങളെയും മാറ്റാന്‍ വേണ്ടി പണിയെടുക്കുന്നതോടൊപ്പം രാജ്യത്തെ നശിപ്പിക്കുന്ന ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ അവളെ അണിചേര്‍ക്കുന്നതും ലക്ഷ്യമാണ്. പ്രത്യേകിച്ചും സംഘ് ഫാഷിസം എത്ര  സ്ത്രീവിരുദ്ധമാണെന്ന് പകല്‍ പോലെ തെളിയുന്ന വേളയില്‍.

കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധ തിരിഞ്ഞ സംഭവമാണ് പാലത്തായി പീഡനം. ഇതില്‍ ജബീനയുടെ ഇടപെടല്‍ ശ്രദ്ധേയമാണ്. സജീവമായ ഇടപെടലിനു കാരണം?

കഴിഞ്ഞ മാര്‍ച്ച് 20-ന് പത്രവാര്‍ത്തയില്‍ ശ്രദ്ധയില്‍ പെട്ട പാലത്തായി വിഷയം ഏറെ ഗൗരവത്തോടെയാണ് കണ്ടത്. കാരണം കുരുന്നിനെ പീഡിപ്പിച്ചത് സ്വന്തം അധ്യാപകന്‍ തന്നെയായിരുന്നു. ദിവസങ്ങള്‍ കഴിയുമ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനു പകരം കുരുന്നിനെ വീണ്ടും വീണ്ടും  ചോദ്യം ചെയ്യുന്നുവെന്ന വാര്‍ത്ത കണ്ടപ്പോള്‍ കുടുംബവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. അവരുമായി സംസാരിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കിട്ടിയത്. മാര്‍ച്ച് 28-ന് ഞാന്‍ വിളിക്കുമ്പോള്‍ തലേ ദിവസം കുട്ടിയെ കോഴിക്കോട് ഇംഹാന്‍സ് മാനസികാരോഗ്യ കേന്ദ്രത്തില്‍ മാനസിക പരിശോധനക്ക് കൊണ്ടുപോയെന്ന് അറിഞ്ഞപ്പോള്‍ തന്നെ അപകടം മണത്തിരുന്നു. അങ്ങനെ അവരുമായി സംസാരിച്ച് കേസിന്റെ നാള്‍വഴികളൊക്കെ കൃത്യമായി മനസ്സിലാക്കി. അതൊക്കെ രേഖപ്പെടുത്തിയ ഒരു പരാതി മാര്‍ച്ച് 31-ന് മുഖ്യമന്ത്രി, ഡി.ജി.പി, വനിതാ കമീഷന്‍, ബാലാവകാശ കമീഷന്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് അയച്ചു. അതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വേണ്ടത് ചെയ്യുമെന്ന മറുപടി വന്നു.
പക്ഷേ ഏപ്രില്‍ 9 ആയിട്ടും ഒരു നടപടിയും കാണാത്തതിനാല്‍ തുടര്‍ നടപടികളെ കുറിച്ച് ആരാഞ്ഞുകൊണ്ട് വീണ്ടും കത്തെഴുതുകയും അതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രചാരണമാരംഭിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. പിന്നീട് സമരം ശക്തമാക്കാന്‍ വേണ്ടിയായിരുന്നു ഏപ്രില്‍ 12-ന് 'സമരവീട്' എന്ന പേരില്‍ വീടിനെത്തന്നെ സമരക്കളമാക്കി വ്യാപകമായ പ്രതിഷേധം നടന്നത്.

ആദ്യം ലോക്കല്‍ പോലീസ് അന്വേഷിക്കുകയും പോക്‌സോ ചുമത്തുകയും ചെയ്ത കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതോടെ പ്രതിക്ക് ജാമ്യം കിട്ടുന്നതിലേക്ക് എത്തി. ഇതെങ്ങനെ സംഭവിച്ചു?  വോട്ട് ബാങ്ക് രാഷ്ട്രീയ -ഭരണ ഇടപെടല്‍ ഇതില്‍ സ്വാധീനിച്ചോ? പ്രതിയെ രക്ഷിക്കേണ്ടത് ആരുടെ ആവശ്യമായിരുന്നു?

പോക്‌സോ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ കുട്ടിയുടെ മൊഴിയും റിപ്പോര്‍ട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍  മതിയായിരിക്കെ കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്തും മാനസിക പരിശോധനക്ക് കൊണ്ടുപോയുമൊക്കെ ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ലോക്കല്‍ പോലീസിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നപ്പോള്‍ ഒരു മാസം കഴിഞ്ഞാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അനാഥ പെണ്‍കുട്ടി സ്വന്തം അധ്യാപകനാല്‍ പീഡിപ്പിക്കപ്പെട്ടിട്ടും ആ കേസ് അട്ടിമറിച്ച് ബി.ജെ.പി നേതാവായ പത്മരാജന്‍ എന്ന പ്രതിയെ രക്ഷിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ച ലോക്കല്‍ പോലീസ്  അന്വേഷിച്ചാല്‍ ഇതെവിടെയും എത്തില്ല എന്നതുകൊണ്ടായിരുന്നു കേസ് ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് കുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടത്. പക്ഷേ കേസ് ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് തുടക്കത്തില്‍ തന്നെ വഴിതെറ്റുന്നതായി തോന്നിയിരുന്നു. കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഒരു രണ്ടാം പ്രതിയെ കുറിച്ച് സൂചിപ്പിച്ചിരുന്നു.
അവധി ദിവസം സ്‌പെഷ്യല്‍ ക്ലാസ് ഉണ്ടെന്നു പറഞ്ഞ് പത്മരാജന്‍ കുട്ടിയെ പൊയിലൂരിലെ  ഒരു വീട്ടില്‍  കൊണ്ടു പോയി മറ്റൊരാള്‍ക്ക് കൂടി പീഡിപ്പിക്കാന്‍ വിട്ടുകൊടുത്തുവെന്നും കുട്ടി ലോക്കല്‍ പോലീസിനോട് പറഞ്ഞുവെങ്കിലും  അവര്‍ മുഖവിലക്കെടുത്തില്ല എന്നുമായിരുന്നു മാതാവിന്റെ പരാതി. ക്രൈം ബ്രാഞ്ച് അന്വേഷണമേറ്റെടുത്തു മാസങ്ങള്‍ കഴിഞ്ഞപ്പോഴും ഒരു പുരോഗതിയും ഉണ്ടാവാതെ വന്നപ്പോള്‍ വീണ്ടും പ്രക്ഷോഭങ്ങളുയര്‍ന്നു. വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ക്രൈം ബ്രാഞ്ച് ഓഫീസ് മാര്‍ച്ചടക്കം നടത്തി.
പല സംഘടനകളും പ്രക്ഷോഭത്തിലേക്ക് വന്നു. 90 ദിവസം പൂര്‍ത്തിയാവും മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കുമെന്ന മുറവിളിയും പ്രതിഷേധവും ശക്തമായപ്പോള്‍ 90-ാം ദിവസം പോക്‌സോ പോലും ചേര്‍ക്കാതെ ജുവൈനല്‍ ജസ്റ്റിസ് ആക്ട് 75,82-ഉം ഐ.പി.സി 323,324 -ഉം ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചതാണ് നമ്മെ ഞെട്ടിച്ചത്.
ഒരു പോക്‌സോ കേസ് എങ്ങനെയാണ് പോക്‌സോ അല്ലാതാക്കി മാറ്റുന്നതെന്ന നേര്‍ചിത്രമാണ് നമ്മള്‍ കണ്ടത്.

കേസ് അന്വേഷണ ചുമതലയുള്ള വ്യക്തിയുടെ പ്രതിക്ക് ജാമ്യം കിട്ടിയതിനെ ന്യായീകരിച്ച ശബ്ദസന്ദേശം പ്രചരിച്ചത് കേട്ടു. എന്താണ് ഇതേക്കുറിച്ച് പറയാനുള്ളത്?

കുട്ടിയെ അടിച്ചെന്നോ മാനസികമായി ഉപദ്രവിച്ചെന്നോ പോലുള്ള വകുപ്പുകള്‍ ആണ് പ്രതിക്കെതിരെ ചുമത്തിയത്. കുട്ടിയുടെ മാനസിക നില ശരിയല്ലെന്നു പറഞ്ഞ് 3 മാസത്തിനിടയില്‍ കുട്ടിയുടെ മൊഴി എടുക്കാന്‍ പോലും ക്രൈം ബ്രാഞ്ച് ശ്രമിച്ചിട്ടില്ല.
സ്വാഭാവികമായി പ്രതി 92-ാം ദിവസം ജാമ്യത്തില്‍ പുറത്തിറങ്ങി ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുകയും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നതടക്കമുള്ള കടുത്ത പ്രതിഷേധങ്ങള്‍ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റടക്കം ഉയര്‍ത്തി. അതിനിടയിലാണ് കേസിന്റെ ചുമതലയുള്ള  ക്രൈം ബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെ ഫോണ്‍ സംഭാഷണം പുറത്തു വന്നത്. ഒരു ഐ.പിഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ പോലും കാരണമാക്കാവുന്ന ഗുരുതര പിഴവുകളാണ് ഈ ഫോണ്‍ സംഭാഷണത്തില്‍ കൂടി അദ്ദേഹം പുറത്തു വിടുന്നത്. ഭാഗിക കുറ്റപത്രം മാത്രം സമര്‍പ്പിച്ച, ഇപ്പോഴും കോടതിക്ക് മുന്നില്‍ ഉള്ള ഒരു കേസിലെ കുട്ടിയുടെ രഹസ്യമൊഴിയടക്കം പുറത്തു വിട്ടത് ഗുരുതര കുറ്റമാണ്. കേസിലെ സാക്ഷിയായ സഹപാഠിനിയുടെ പേരു പോലും പുറത്തു പറയുന്നു. കുട്ടിയെ സ്വഭാവഹത്യ നടത്തുകയും പീഡനത്തെ അതിജീവിച്ച് കാര്യങ്ങള്‍ തുറന്നു പറഞ്ഞ ചെറിയ പെണ്‍കുട്ടിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി അപമാനിക്കുകയും ചെയ്യുന്നു

കുട്ടിയുടെ മാതാവ് അന്വേഷണ ഉദ്യോഗസ്ഥനില്‍ വിശ്വാസമില്ലെന്നും അയാളെ മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെല്ലാം തരത്തിലെ ഇടപെടലാണ് ഈ വിഷയത്തില്‍ താങ്കളുടെ സംഘടനക്കു കീഴില്‍ നടത്തിയത്? പ്രതിക്ക് ജാമ്യം കിട്ടിയ സ്ഥിതിക്ക് ഇനി എന്താണ് ഭാവി പരിപാടി?

ഐ.ജി എസ്. ശ്രീജിത്തിനെ  കേസ് അന്വേഷണത്തില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി അയച്ചിട്ടുണ്ട്. അയാളെ അന്വേഷണച്ചുമതലയില്‍നിന്ന് മാറ്റുക മാത്രമല്ല, വകുപ്പുതല അന്വേഷണം നടത്തി ശിക്ഷിക്കണമെന്നും ഈ കേസ് ഒരു വനിതാ ഐ.പി.എസ് ഓഫീസറുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണ് സംഘടനയുടെ നിലപാട്. ഈ ആവശ്യമുയര്‍ത്തി ഞങ്ങള്‍ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയിട്ടുണ്ട്.
പതിനായിരം ഭവനങ്ങളില്‍ അമ്മമാരുടെ നില്‍പ്പു സമരം സംഘടിപ്പിച്ചത് പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമാണ്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ലക്ഷം മെയിലുകള്‍ അയക്കുന്ന കാമ്പയിന്‍ നടന്നു കൊണ്ടിരിക്കുന്നു. ഐ.ജിയുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നടപടിയെടുക്കാനാവശ്യപ്പെട്ട് ബാലാവകാശ കമീഷന്നും ശിശുക്ഷേമ സമിതിക്കും പരാതി അയച്ചിട്ടുണ്ട്.
സര്‍ക്കാര്‍, ഐ.ജിയെ മാറ്റാതെ വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ തീരുമാനിച്ചിരിക്കെ മറ്റ് പ്രക്ഷോഭങ്ങളെ കുറിച്ച് ആലോചിച്ചുവരുന്നു. പ്രതി രക്ഷപ്പെട്ടാല്‍ സമൂഹത്തിലുണ്ടാകുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കും. കുഞ്ഞു പെണ്‍കുട്ടികളും കുടുംബവും ഇനി ഇത്തരം അനുഭവങ്ങള്‍ വന്നാല്‍ തുറന്നു പറയാന്‍ തയാറാകാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് എത്ര ഗൗരവത്തോടെ കാണണം? പ്രത്യേകിച്ചും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പോക്‌സോ കേസുകളില്‍ 20 ശതമാനത്തില്‍ താഴെ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. പോക്‌സോ കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യവുമുണ്ട്.

പോക്‌സോ ചുമത്താന്‍ കഴിയാത്ത വിധത്തില്‍ കുട്ടിയുടെ മൊഴിയില്‍  ആരുടെയെങ്കിലും സമ്മര്‍ദം സംശയിക്കുന്നുണ്ടോ?

കുട്ടിയെയും കുടുംബത്തെയും നേരില്‍ കണ്ടിരുന്നു. ആരുടെയും സമ്മര്‍ദത്തിനു വഴങ്ങി കുഞ്ഞു പെണ്‍കുട്ടികള്‍ ഇത്തരം ആരോപണങ്ങളുന്നയിക്കുമെന്ന വാദം തന്നെ എത്ര ക്രൂരമാണ്? പോലീസ് പലവട്ടം സമ്മര്‍ദത്തിലാക്കി മൊഴിയെടുക്കുമ്പോള്‍ സ്വാഭാവികമായി കടുത്ത മാനസിക സമ്മര്‍ദത്തിലാവുന്ന പെണ്‍കുട്ടി തീയതികള്‍ പോലും ഓര്‍മിക്കണമെന്ന് പറയുന്ന വാദവും എത്ര ബാലിശമാണ്? അതും കേവലം 10 വയസ്സുള്ള ഒരു പെണ്‍കുട്ടി. പ്രതി  ബി.ജെ.പി നേതാവാണെന്നതു കൊണ്ടു തന്നെ രാഷ്ട്രീയ ഒത്തുകളികള്‍ നടന്നിട്ടുണ്ടെന്നതു തന്നെയാണ് മനസ്സിലാവുന്നത്.
ഭരിക്കുന്നത് പിണറായി വിജയന്‍ നേതൃത്വം കൊടുക്കുന്ന ഇടതു സര്‍ക്കാര്‍ ആണെങ്കിലും ബി.ജെ.പി നേതാവിനെ രക്ഷപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നത് വ്യക്തമായ ആര്‍.എസ്.എസ് ദാസ്യം കൊണ്ട് തന്നെയാണ്.

സാധാരണ ഗതിയില്‍ സ്ത്രീകള്‍ക്കു നേരെയുള്ള കൈയേറ്റം, സ്ത്രീകളുമായി ബന്ധപ്പെട്ട അവകാശാധികാര വിഷയങ്ങള്‍ എന്നിവയില്‍ ഇതര സ്ത്രീ സംഘടനകളും പ്രസ്ഥാനങ്ങളുമായി ഏതു രീതിയിലുള്ള സഹകരണമാണ്  സംഘടന ആഗ്രഹിക്കുന്നത്?

ഇത്തരം പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍  ഏതെങ്കിലും മതവിഭാഗത്തിന്റെയോ രാഷ്ട്രീയ വിഭാഗങ്ങളുടെയോ പ്രശ്‌നമായി കാണാതെ എല്ലാവരും ഏറ്റെടുക്കേണ്ടത് ആവശ്യമാണ്. വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ഈ രംഗത്ത് മറ്റ് വനിതാ പ്രസ്ഥാനങ്ങളുമായി സഹകരിക്കാന്‍ തയാറാണ്. യോജിച്ച പോരാട്ടങ്ങള്‍ ഭരണകൂടത്തെ തിരുത്തുക തന്നെ ചെയ്യും.

ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുക, സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുക എന്നതിനപ്പുറം വിശാലമായ അര്‍ഥത്തില്‍ സ്ത്രീയുടെ രാഷ്ട്രീയ മുന്നേറ്റത്തിനായുള്ള എന്ത് പദ്ധതികളാണ് സംഘടന ആസൂത്രണം ചെയ്തിരിക്കുന്നത്?

വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് രൂപീകരിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടേ ഉള്ളൂ. തുടക്കത്തില്‍ തന്നെ ഞങ്ങള്‍ മുന്നോട്ടു വെച്ചതാണ് സ്ത്രീയുടെ രാഷ്ട്രീയ പ്രാതിനിധ്യം എന്ന ആവശ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇത് ഏറക്കുറെ നടപ്പായെങ്കിലും പാര്‍ലമെന്റില്‍ ഇപ്പോഴും വഞ്ചി തിരുനക്കരെ തന്നെയാണ്. 23 വര്‍ഷമായി പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസ്സാക്കാതെ തട്ടിക്കളിക്കുന്ന ഒരു ബില്ലാണ് വനിതാ സംവരണ ബില്ല്. സ്ത്രീകളോടുള്ള ഈ വിവേചനത്തെ ചെറുക്കാന്‍ നാം പൊരുതേണ്ടി വരും. സ്ത്രീയെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ ഭയപ്പെടുന്നവരും അവളോട് അനീതി കാണിക്കുന്നവരുമാണ് അവളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെ ഭയപ്പെടുന്നത്. തീര്‍ച്ചയായും നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഇതിനു വേണ്ട പദ്ധതികള്‍ ആലോചനയിലുണ്ട്.

ജബീന ഇര്‍ഷാദിന്റെ കുടുംബം?

ഒരു വലിയ കുടുംബത്തിലെ പത്താമത്തെ സന്തതിയാണ് ഞാന്‍. ഉപ്പ പെട്ടിപ്പാലം സമരം നടന്നുകൊണ്ടിരിക്കെ മരണപ്പെട്ടു. ഹൈക്കോടതിയിലടക്കം നിരവധി കേസുകള്‍ പെട്ടിപ്പാലം വിഷയത്തില്‍ കൊടുത്ത്, മാലിന്യത്തില്‍നിന്നുമുള്ള പരിഹാരത്തിനായി പ്രയത്‌നിച്ച ഉപ്പ സമരവിജയം കാണാതെയാണ് യാത്രയായത്. ഇപ്പോള്‍ ഭര്‍ത്താവും മൂന്ന് മക്കളും എന്റെ ഉമ്മയുമൊത്ത് പുന്നോലില്‍ താമസം. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങും കരുത്തുമേകി നല്ലപാതി മുഹമ്മദ് ഇര്‍ഷാദ് കൂട്ടിനുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top