നാം രണ്ട്‌, നമുക്കൊന്ന്‌!

ഇന്‍സാഫ്‌

2011 സെന്‍സസ്‌ വിവരങ്ങള്‍ പ്രാഥമികമായേ പുറത്തുവന്നിട്ടുള്ളൂ. അതുപ്രകാരം ജനസംഖ്യാ നിയന്ത്രണം ഏറ്റവും ഫലപ്രദമായി നടന്ന സംസ്‌ഥാനമാണ്‌ കേരളം. 2001ലെ സെന്‍സസ്‌ അനുസരിച്ചുതന്നെ മലയാളിക്ക്‌ ശരാശരി 1.73 കുട്ടിയേ ഉണ്ടായിരുന്നുള്ളൂ. പത്തു കൊല്ലത്തിനകം അത്‌ വീണ്ടും കുറയുകയല്ലാതെ ഒട്ടും വര്‍ധിച്ചിട്ടില്ല. അതേയവസരത്തില്‍ ശരാശരി മനുഷ്യായുസ്‌സ്‌ കൂടിക്കൂടിവരുന്നു. 2030 ആവുമ്പോഴേക്ക്‌ മലയാളികളില്‍ മൂന്നിലൊന്നും വൃദ്ധന്മാരായിരിക്കും. ഇപ്പോള്‍തന്നെ തൊഴിലാളി ക്ഷാമം നേരിടുന്ന കേരളം പത്തിരുപതു വര്‍ഷംകൂടി കഴിഞ്ഞാല്‍ മറ്റു സംസ്‌ഥാനങ്ങളില്‍നിന്നുള്ള മനുഷ്യശക്‌തിയും ലഭ്യമാവാതെ കടുത്ത മാനവിക പ്രതിസന്ധിയെ നേരിടും. സാങ്കേതികവിദ്യ എത്ര വികസിച്ചാലും മനുഷ്യശക്‌തിക്ക്‌ പകരംനില്‍ക്കാന്‍ മനുഷ്യശക്‌തി മാത്രമേ ഉണ്ടാവൂ. ഇതൊക്കെ നന്നായറിയാവുന്ന ജസ്‌റ്റിസ്‌ വി.ആര്‍. കൃഷ്‌ണയ്യരുടെ നേതൃത്വത്തിലുള്ള നിയമവിദഗ്‌ധ സമിതി വനിതാ കോഡ്‌ ബില്ലിന്‍െറ കരടുരൂപം തയാറാക്കി സര്‍ക്കാറിന്‌ സമര്‍പ്പിച്ചപ്പോള്‍, രണ്ടില്‍ കൂടുതല്‍ കുട്ടികളെ ഉല്‍പാദിപ്പിക്കുന്ന ദമ്പതികളുടേത്‌ മഹാപരാധമായി കണക്കാക്കണമെന്ന്‌ ശിപാര്‍ശ ചെയ്‌തത്‌ എന്തുകൊണ്ടാണ്‌? മൂന്നാമത്തെ കുട്ടിക്ക്‌ സര്‍ക്കാര്‍വക സൗജന്യമോ ആനുകൂല്യമോ നല്‍കാതെ ആ കുട്ടിയെയും ശിക്ഷിക്കണമെന്ന്‌ നിര്‍ദേശിച്ചതിലെ മനുഷ്യാവകാശ നിഷേധം കാണാതെ പോയതെന്തുകൊണ്ട്‌?
ക്രൈസ്‌തവ സഭകളും മുസ്‌ലിം സംഘടനകളും മാത്രമല്ല സ്വതന്ത്രമായി ചിന്തിക്കുന്നവരും വനിതാ കോഡിനെതിരെ രംഗത്തിറങ്ങിയിട്ടും ജസ്‌റ്റിസ്‌ കൃഷ്‌ണയ്യര്‍ തന്‍െറ ശിപാര്‍ശകളില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ്‌ വ്യക്‌തമാക്കിയത്‌്‌. അതിന്‍െറ യുക്‌തിയും നീതീകരണവും അദ്ദേഹം ചൂണ്ടിക്കാട്ടിയതുമില്ല. വിഭവശേഷി ഇല്ലാത്തതല്ല അസന്തുലിതവും അനീതിപരവുമായ പങ്കുവെപ്പാണ്‌ യഥാര്‍ഥ പ്രശ്‌നം എന്ന വസ്‌തുതക്ക്‌ നേരെയും അദ്ദേഹം കണ്ണടച്ചു. ജനസംഖ്യ ബലപ്രയോഗത്തിലൂടെ കുറച്ച്‌ വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല, ജനസംഖ്യ യാഥാര്‍ഥ്യമായംഗീകരിച്ച്‌ ആസൂത്രിതവും ഭാവനാസമ്പന്നവും പ്രായോഗികവുമായ പരിപാടികളിലൂടെ ദാരിദ്ര്യവും തൊഴിലില്ലായ്‌മയും അനാരോഗ്യവും നിര്‍മാര്‍ജനം ചെയ്യാനാണ്‌ ജനങ്ങള്‍ സര്‍ക്കാറുകളെ അധികാരത്തിലേറ്റുന്നത്‌. മാല്‍ത്തൂസിയന്‍ സിദ്ധാന്തം വേദവാക്യം പോലെ അംഗീകരിച്ചു നടപ്പാക്കിയ പരിഷ്‌കൃത രാജ്യങ്ങള്‍ ഇന്ന്‌ ഉലക്ക വിഴുങ്ങി ചുക്കുവെള്ളം കുടിക്കുന്ന കാഴ്‌ച കൃഷ്‌ണയ്യര്‍ കമ്മിറ്റി മാത്രം കണ്ടില്ലെന്നാണോ? സിംഗപ്പൂരിനെപോലുള്ള രാജ്യങ്ങള്‍ രണ്ടിലധികം സന്താനങ്ങളുണ്ടാവുന്ന ദമ്പതികള്‍ക്ക്‌ പരമാവധി സമ്മാനങ്ങളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടും ജനങ്ങള്‍ ശീലം മാറ്റാന്‍ തയാറല്ല. കൃഷ്‌ണയ്യര്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കരുതെന്ന്‌ ശക്‌തമായാവശ്യപ്പെടുന്ന കത്തോലിക്ക സഭ, മൂന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങളെ ആദരിക്കുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുന്നു. എതിര്‍പ്പ്‌ കേവലം മതപരമല്ലെന്ന്‌ ബോധ്യപ്പെടുത്താനാവാം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ എല്ലാ മതസ്‌ഥരെയും ആദരിക്കുമെന്നും പാതിരിമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. പക്ഷേ, ചില യൂറോപ്യന്‍ നാടുകളിലും സിംഗപ്പൂരിലും സംഭവിച്ചതുതന്നെയാവും കേരളത്തിലും ആവര്‍ത്തിക്കുക. പാശ്ചാത്യ സംസ്‌കാരത്തിന്‍െറ അധിനിവേശം യാഥാര്‍ഥ്യമായി കഴിഞ്ഞ കേരളീയ കുടുംബങ്ങള്‍ ?നാം രണ്ട്‌ നമുക്ക്‌ രണ്ട്‌? എന്ന മുദ്രാവാക്യത്തില്‍നിന്ന്‌ നാം രണ്ട്‌ നമുക്കൊന്ന്‌ എന്നതിലേക്ക്‌ ചുരുങ്ങുകയേ ചെയ്യൂ. അതിനാല്‍തന്നെ കൃഷ്‌ണയ്യര്‍ കമ്മിറ്റി ശിപാര്‍ശ ചെയ്‌ത ശിക്ഷാ നടപടികള്‍ക്കൊന്നും ജനസംഖ്യ ന്യൂനീകരണവാദികളുടെ കാഴ്‌ചപ്പാടില്‍പോലും പ്രസക്‌തി ഇല്ല. 1975ല്‍ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്‌ഥക്കാലത്ത്‌ മകന്‍ സഞ്‌ജയ്‌ ?ജബ്‌രി നുസ്‌ബന്തി? (നിര്‍ബന്ധ വന്ധ്യംകരണം) നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. അടിയന്തരാവസ്‌ഥ ആയതിനാല്‍ എതിര്‍പ്പുകളൊന്നും പുറംലോകം അറിഞ്ഞില്ല. പക്ഷേ, 1977ലെ പൊതുതെരഞ്ഞെടുപ്പില്‍ അമ്മയും മകനും പാര്‍ട്ടിയും മുഖംകുത്തി വീണതിന്‍െറ മുഖ്യഹേതു ജനസംഖ്യ കുറക്കാന്‍ നടത്തിയ അതിസാഹസികതയാണെന്നോര്‍ക്കുന്നത്‌ നന്നായിരിക്കും. ഇന്നും അത്തരം അത്യാചാരങ്ങളുമായി വന്നാല്‍ ജനങ്ങള്‍ ചെറുത്തുതോല്‍പിക്കുകയേ ചെയ്യൂ. എന്നാല്‍, നിരന്തരമായ ബോധവത്‌കരണത്തിലൂടെ ഇന്ത്യന്‍ ജനത പൊതുവെ കുടുംബാസൂത്രണ പരിപാടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന്‌ സെന്‍സസ്‌ വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
ബോധവത്‌കരണത്തിന്‍െറ കൗതുകകരമായ ഉദാഹരണങ്ങള്‍ പലതുമുണ്ട്‌. കേരളത്തിലെ അറബിക്‌ പാഠപുസ്‌തക പരിശോധനാ വിദഗ്‌ധ സമിതിയില്‍ ഈ ലേഖകന്‍ അംഗമായിരുന്നപ്പോഴുണ്ടായ ഒരനുഭവം ഓര്‍മവരുന്നു. ഒരു പാഠപുസ്‌തകത്തില്‍ അക്കങ്ങളുടെ വ്യാകരണം പഠിപ്പിക്കുന്ന ഒരു ഭാഗമുണ്ടായിരുന്നു. മാതാവും പിതാവും രണ്ട്‌ മക്കളുമടങ്ങിയ കുടുംബാന്തരീക്ഷമാണ്‌ പശ്ചാത്തലം. അറബി ഭാഷയില്‍ മൂന്നുമുതല്‍ പത്തുവരെ അക്കങ്ങളുടെ ശേഷംവരുന്ന നാമങ്ങള്‍ക്ക്‌ പ്രത്യേക നിയമമാണ്‌. പക്ഷേ, രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ കുടുംബത്തിലുണ്ടാവുമെന്ന്‌ സങ്കല്‍പിക്കാനേ വയ്യ! അതിനാല്‍ 3ഫ10 വരെയുള്ള സംഖ്യാ വ്യാകരണത്തിന്‌ വളഞ്ഞവഴി തേടുകയേ നിര്‍വാഹമുണ്ടായുള്ളൂ. കുടുംബാസൂത്രണത്തെപ്പറ്റി കൊച്ചുകുട്ടികളെ ബോധവത്‌കരിക്കാന്‍ അധ്യാപകര്‍ക്ക്‌ പ്രത്യേക പരിശീലനവും അക്കാലത്തുണ്ടായിരുന്നു. ഉദാഹരണത്തിന്‌ 40 കുട്ടികളുള്ള ഒരു ക്ലാസില്‍ മാഷ്‌/ടീച്ചര്‍ ചെല്ലുമ്പോള്‍ 30 മിഠായി മാത്രം കരുതിയിരിക്കണം. വിതരണത്തില്‍ സ്വാഭാവികമായും പത്തെണ്ണത്തിന്‍െറ കുറവു വരും. അവിടെവെച്ച്‌ ജനപ്പെരുപ്പവും വിഭവശേഷിയുടെ പരിമിതിയും സൃഷ്‌ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്‌ അധ്യാപകന്‍ കുട്ടികളെ ബോധവത്‌കരിക്കുന്നു. തികച്ചും അശാസ്‌ത്രീയവും അയുക്‌തികവുമെന്ന്‌ തെളിഞ്ഞ മാല്‍ത്തൂസിയന്‍ സിദ്ധാന്തത്തിന്മേല്‍ ഇപ്പോഴും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ കടിച്ചുതൂങ്ങുന്നത്‌ സുഖജീവിതത്തെക്കുറിച്ച തെറ്റായ സങ്കല്‍പങ്ങള്‍കൊണ്ട്‌ കൂടിയാണെന്ന്‌ കൂട്ടത്തില്‍ പറയേണ്ടതുണ്ട്‌. കുടുംബത്തില്‍ കുട്ടികള്‍ എത്രവേണമെന്ന്‌ ദമ്പതികള്‍ തീരുമാനിക്കട്ടെ. സ്‌റ്റേറ്റ്‌ അക്കാര്യത്തില്‍ പരിധിക്കപ്പുറം ഇടപെടുന്നത്‌ മാനവികമോ ധാര്‍മികമോ ജനാധിപത്യപരമോ അല്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top