ഖദീജ ബിന്‍ ഖന്ന; മാധ്യമരംഗത്തെ ജ്വലിക്കുന്ന നക്ഷത്രം
ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ഒരു കോടിക്കു മുകളില്‍ ഫോളോവേഴ്‌സ് ഉള്ള പ്രമുഖ അള്‍ജീരിയന്‍ മാധ്യമ പ്രവര്‍ത്തക ഖദീജ ബിന്‍ ഖന്നയുടേത്
ഹിജാബണിഞ്ഞ മുസ്‌ലിം സ്ത്രീയെക്കുറിച്ച പ്രശസ്തമായ ഒരു വാചകമുണ്ട്; I cover my head, not my brain. മൂടുന്നത് തല മാത്രമാണ്, ധിഷണയെ അല്ല.
മുസ്‌ലിം സ്ത്രീയുടെ സാമൂഹിക വ്യവഹാരങ്ങളിലും പൊതു സാന്നിധ്യങ്ങളിലും ഹിജാബുള്‍പ്പെടെയുള്ള തന്റെ ഐഡന്റിറ്റിയുടെ പ്രകാശനം അവള്‍ക്കു മുന്നില്‍ സൃഷ്ടിച്ച കടമ്പകള്‍ ഏറെയാണ്. ധൈഷണികവും സര്‍ഗാത്മകവുമായ മേഖലകളില്‍ കഴിവും മേന്മയുമുണ്ടായിരിക്കെത്തന്നെ ഹിജാബിന്റെ പേരില്‍ മുഖ്യധാരയില്‍നിന്ന് തിരസ്‌കരിക്കപ്പെട്ട എത്രയോ മുസ്‌ലിം സ്ത്രീകളുണ്ട്. സെക്യുലര്‍ ലിബറല്‍ ഇടങ്ങളില്‍ നേരത്തേ രൂപപ്പെട്ടുവന്ന ഒരു തരം വരേണ്യതയുടെ സ്വാഭാവിക പരിണതിയാണ് പൊതു ഇടങ്ങളിലും തൊഴിലിടങ്ങളിലും ഉള്ള തിരസ്‌കരണം. എലീറ്റായ ഒരു വിഭാഗം മാത്രം കൈകാര്യം ചെയ്തുപോന്നിരുന്ന മാധ്യമരംഗത്തേക്ക് ഹിജാബണിഞ്ഞ മുസ്‌ലിം സ്ത്രീകളുടെ കടന്നുവരവ് ലിബറല്‍ ധാരയിലുള്ളവര്‍ക്ക് അലോസരമുണ്ടാക്കുന്ന ഒന്നായിരുന്നു.
മിഡിലീസ്റ്റില്‍ അല്‍ ജസീറ വരുന്നതു വരെ ഇതായിരുന്നു അവസ്ഥ. ചില അറബ് - മുസ്‌ലിം രാഷ്ട്രങ്ങളില്‍ അപൂര്‍വമായി മാത്രം ഹിജാബണിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ സ്‌ക്രീനില്‍ മുഖം കാണിച്ച് മിന്നിമറഞ്ഞു.
എന്നാല്‍ അല്‍ ജസീറ രംഗപ്രവേശം ചെയ്യുകയും ആഗോളതലത്തില്‍ അതിന്റെ നെറ്റ്‌വര്‍ക്ക് വിപുലപ്പെടുകയും ചെയ്ത ഘട്ടത്തില്‍ മാധ്യമ രംഗത്ത് കഴിവും പ്രാപ്തിയുമുള്ള ഹിജാബണിഞ്ഞ സ്ത്രീകളുമുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞു. മാധ്യമ രംഗത്ത് അദൃശ്യമായി നിലനിന്നിരുന്ന സെക്യുലര്‍ ലിബറല്‍ പൊതുബോധത്തെ അല്‍ ജസീറ പൊളിച്ചുകളയുകയും പകരം കഴിവും പ്രാപ്തിയും മാത്രം മാനദണ്ഡമാക്കിയതിന്റെ ഫലമായിരുന്നു അത്.
ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ഒരു കോടിക്കു മുകളില്‍ ഫോളോവേഴ്‌സ് ഉള്ള പ്രമുഖ അള്‍ജീരിയന്‍ മാധ്യമ പ്രവര്‍ത്തക ഖദീജ ബിന്‍ ഖന്നയുടേത് വേറിട്ട വഴിനടത്തമായിരുന്നു. 1965-ല്‍ അള്‍ജീരിയയിലെ മുസീലയില്‍ ജനിച്ച അവര്‍ക്ക് വിദ്യാഭ്യാസരംഗത്ത് മുന്നോട്ടുള്ള പ്രയാണത്തില്‍ കുടുംബത്തിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു. എനിക്ക് സ്വപ്‌നങ്ങളോടോപ്പം പറക്കാനുള്ള ചിറകുകള്‍ നല്‍കിയത് തന്റെ പിതാവാണെന്ന് അവര്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. മാതാവ് ഔപചാരിക വിദ്യാഭ്യാസം ഏറെയൊന്നും നേടിയിട്ടില്ലാത്ത ഒരു സാദാ വീട്ടമ്മയായിരുന്നു. പക്ഷേ പ്രായോഗിക ജീവിതത്തില്‍െ ഏത് തീക്ഷ്ണമായ പരീക്ഷണ ഘട്ടങ്ങളെയും എങ്ങനെ അതിജീവിക്കണമെന്ന കരുത്തുറ്റ പാഠം ഉമ്മയില്‍നിന്നാണ് പകര്‍ന്നുകിട്ടിയതെന്ന് ഖദീജ പറയുന്നു. പിതാവാകട്ടെ പുസ്തകങ്ങളുടെയും അറിവിന്റെയും ലോകത്തു കൂടി സഞ്ചരിക്കുന്ന ഒരു വ്യക്തിയായിരുന്നു. ചെറുപ്പത്തില്‍ ഉപ്പ വായിക്കാന്‍ തന്ന ബഹുമുഖസ്വഭാവമുള്ള പുസ്തകങ്ങളാണ് തന്നിലെ മാധ്യമപ്രവര്‍ത്തകയെ രൂപപ്പെടുത്തിയത് എന്നും അവര്‍ പറഞ്ഞുവെക്കുന്നുണ്ട്. ഉമ്മയുടെ പ്രായോഗിക ജീവിതത്തിലെ കരുത്തും പിതാവിന്റെ അറിവിന്റെ ലോകവും ചേര്‍ന്ന് രൂപപ്പെട്ടതായിരുന്നു മാധ്യമരംഗത്തെ അത്യുന്നതങ്ങളില്‍ പരിലസിക്കുന്ന ഖദീജ ബിന്‍ ഖന്നയുടെ വ്യക്തിത്വം.
അള്‍ജീരിയന്‍ യൂനിവേഴ്‌സിറ്റിയിലെ മീഡിയ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ടെലിവിഷന്‍ - റേഡിയോ വിഭാഗത്തില്‍ ബിരുദം നേടിയ ശേഷം പാരീസിലെ ലോഫര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പത്രപ്രവര്‍ത്തകര്‍ക്കുള്ള പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കി. 1986-ലാണ് അള്‍ജീരിയന്‍ റേഡിയോയില്‍ അവരുടെ കരിയര്‍ ആരംഭിക്കുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം അള്‍ജീരിയന്‍ ടെലിവിഷനില്‍ പ്രൈം ടൈമിലെ വാര്‍ത്താവതാരകയായി രംഗപ്രവേശം ചെയ്തു. അതേസമയം തന്നെ അള്‍ജീരിയക്കു പുറത്തുള്ള അന്താരാഷ്ട്രപ്രാധാന്യമുള്ള പല വാര്‍ത്തകളും അവര്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മുന്‍ അള്‍ജീരിയന്‍ പ്രസിഡന്റ് ബൂളിയാഫിന്റെ കൊലപാതകവും അള്‍ജീരിയയിലെ ആഭ്യന്തര കലാപവും പ്രഥമ ഗള്‍ഫ് യുദ്ധവുമെല്ലാം അതിസാഹസികമായി നേരിട്ട് റിപ്പോര്‍ട്ട് ചെയ്തത് ഖദീജ ബിന്‍ ഖന്നയുടെ കരിയറിന് ശക്തമായ അടിത്തറ പാകുകയായിരുന്നു.
പിന്നീട് സ്വിറ്റ്‌സര്‍ലന്റ് ഇന്റര്‍നാഷ്‌നല്‍ റേഡിയോയില്‍ വാര്‍ത്താവതാരകയായും സ്വിസ് സമൂഹത്തിലെ അറബ് വംശജരുമായി ബന്ധപ്പെട്ട പ്രത്യേക വാരാന്ത പോഗ്രാമിന്റെ അവതാരികയായും ചിലവഴിച്ച നാല് വര്‍ഷങ്ങള്‍ അവരുടെ കരിയറിനെ മറ്റൊരു തലത്തിലേക്കുയര്‍ത്തി.
1996-ല്‍ അറബ് ലോകത്തും ആഗോള തലത്തിലും മാധ്യമരംഗത്ത് ചരിത്രം രചിച്ച അല്‍ ജസീറയുടെ ആദ്യ പതിപ്പ് ഖത്തറില്‍ തുടക്കം കുറിച്ചപ്പോള്‍ ഖദീജ അതിന്റെ പിന്നണിയിലും മുന്നണിയിലുമുണ്ടായിരുന്നു. അല്‍ ജസീറയിലായിരിക്കെ തീക്ഷ്ണമായ അഫ്ഗാന്‍, ഇറാഖ്, ലബനാന്‍ യുദ്ധങ്ങള്‍, ഫലസ്ത്വീനിലെ രണ്ടാം ഇന്‍തിഫാദ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്ത് അവര്‍ കൂടുതല്‍ ശ്രദ്ധേയയായി.
സ്വതഃസിദ്ധമായ സാഹസികതയും ടെലിവിഷന്‍, റേഡിയോ മാധ്യമരംഗത്തെ അക്കാദമികവും തൊഴില്‍പരമുമായ പരിചയസമ്പത്തും ഖദീജയിലെ മാധ്യമപ്രവര്‍ത്തകയെ തേച്ചുമിനുക്കിയെടുക്കുകയായിരുന്നു. മാധ്യമരംഗത്ത് പലരും സ്വപ്‌നം കാണുന്നതിനും എത്രയോ മുകളില്‍ ചെറുപ്രായത്തില്‍ തന്നെ അവര്‍ എത്തിച്ചേര്‍ന്നു.
അല്‍ ജസീറയാണ് അവരെ പ്രശസ്തിയുടെ ഗോപുരങ്ങളിലെത്തിച്ചത്. ഒരേസമയം രാഷ്ട്രീയവും സാമൂഹികവും മതപരവുമായ വ്യത്യസ്ത പ്രോഗ്രാമുകളും ലോകരാഷ്ട്രീയത്തിന്റെ സഞ്ചാര ഗതിവിഗതികളെ തന്നെ നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്ത അനേകം രാഷ്ട്രത്തലവന്മാരുമായുള്ള ചരിത്രപ്രധാനമായ പ്രത്യേക അഭിമുഖങ്ങളും അവരെ അല്‍ ജസീറയുടെ നെറുകയിലെത്തിച്ചു.
'മാ വറാ അല്‍ഖബര്‍' (വാര്‍ത്തക്കു പിന്നില്‍) എന്ന രാഷ്ട്രീയപ്രാധാന്യമുള്ള പ്രോഗ്രാം, 'അശ്ശരീഅത്തു വല്‍ ഹയാത്ത്' എന്ന വാരാന്ത മതപരമായ പ്രോഗ്രാം, 'ലിന്നിസാഇ ഫഖത്വ്' (സ്ത്രീകള്‍ക്കു മാത്രം) എന്ന ആഴ്ചയില്‍ ഒരിക്കല്‍ മാത്രമുള്ള സ്ത്രീപക്ഷ പ്രോഗ്രാം തുടങ്ങി അല്‍ ജസീറയിലെ വ്യത്യസ്തവും വൈവിധ്യപൂര്‍ണവുമായ പ്രോഗ്രാമുകളിലുടെ അവര്‍ ലക്ഷക്കണക്കിന് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി.
മുന്‍ ലിബിയന്‍ പ്രസിഡന്റ് മുഅമ്മറുല്‍ ഖദ്ദാഫി, മുന്‍ ഇറാനിയന്‍ പ്രസിഡന്റ് അഹ്മദി നജാദ്, മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, പ്രമുഖ ഇസ്‌ലാമിക ചിന്തകന്‍ ഹസനുത്തുറാബി, ഫ്രാന്‍സിന്റെ മുന്‍ പ്രതിരോധ മന്ത്രി അലന്‍ റിച്ചാര്‍ഡ്, ഫ്രാന്‍സിന്റെ മുന്‍ പ്രധാനമന്ത്രി ഡൊമിനിക് ഡി ഫിലിപന്‍, രസതന്ത്രത്തില്‍ നോബല്‍ പ്രൈസ് നേടിയ അഹ്മദ് സുവൈല്‍ തുടങ്ങിയവരുമായി നടത്തിയ ഖദീജയുടെ അഭിമുഖങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഇതു കൂടാതെ മത - സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക-ബിസിനസ് രംഗത്തെ പല പ്രമുഖരുമായും അവര്‍ അഭിമുഖം നടത്തിയിട്ടുണ്ട്.
2014-ല്‍ 'ടൈംസി'ന്റെ ലോകത്തെ സ്വാധീനിച്ച 100 പത്രപ്രവര്‍ത്തകരിലൊരാളായി അവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മാധ്യമരംഗത്തെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ അവരെ തേടിയെത്തി. 2005-ല്‍ ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം ബെര്‍ലിനില്‍ സംഘടിപ്പിച്ച ഇന്റര്‍ഫെയ്ത്ത് ഡയലോഗില്‍ 'ഇസ്‌ലാമും യൂറോപ്പും' എന്ന വിഷയത്തില്‍ അവര്‍ വിഷയമവതരിപ്പിച്ചു.
ഇപ്പോള്‍ അല്‍ ജസീറയുടെ സ്‌പൈനല്‍ കോഡാണ് ഖദീജ ബിന്‍ ഖന്നയെന്ന ഈ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക. മാധ്യമരംഗത്ത് അറബ് ലോകത്തു നിന്ന് അല്‍ ജസീറ കേന്ദ്രീകരിച്ച് പുതിയ പ്രതിഭകളെ വാര്‍ത്തെടുക്കുകയാണവര്‍. വാര്‍ത്തയുടെ പിന്നണിയില്‍ മാത്രമല്ല മുന്‍നിരയില്‍ തന്നെ അവരുണ്ട് കളിച്ചും കളിപഠിപ്പിച്ചും.
ഹിജാബണിഞ്ഞു കൊണ്ട് തന്നെ ലോക മാധ്യമ ഭൂപടത്തില്‍ അറിവു കൊണ്ടും ആത്മവിശ്വാസം കൊണ്ടും പരിചയസമ്പന്നത കൊണ്ടും വിസ്മയങ്ങള്‍ തീര്‍ത്തു. ഹിജാബ് മുസ്‌ലീം സ്ത്രീകളുടെ പുരോഗതിക്ക് ഒരിക്കലും തടസ്സമല്ല എന്നവര്‍ സ്വജീവിതം കൊണ്ട് ശക്തിയുക്തം തെളിയിക്കുകയും ചെയ്തു. ഹിജാബണിഞ്ഞ് പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് ഖദീജ ബിന്‍ ഖന്നയുടെ ജീവിതം പകരുന്ന സന്ദേശം അമൂല്യമായതാണ്.