ആധാര്‍: ചില പിന്നാമ്പുറങ്ങള്‍

എസ്‌.എ അജിംസ്‌ No image

Sആധാര്‍ വിഷയത്തില്‍ താങ്കളുടെ ശ്രദ്ധ പതിയാനിടയായ സാഹചര്യമെന്തായിരുന്നു? രണ്ടു വര്‍ഷം മുമ്പ്‌ പദ്ധതി പ്രഖ്യാപിച്ചതു മുതല്‍ അതു സംബന്ധിച്ച സര്‍ക്കാര്‍ നീക്കങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പദ്ധതിയെ വളരെ പോസിറ്റീവായിത്തന്നെയാണ്‌ ഞാന്‍ കണ്ടത്‌. എന്നാല്‍, കഴിഞ്ഞ വര്‍ഷം പദ്ധതിയുടെ മേധാവിയായി ഇന്‍ഫോസിസ്‌ വൈസ്‌ ചെയര്‍മാനായിരുന്ന നന്ദന്‍ നിലേകാനി നിയുക്തനായതോടെ പദ്ധതി സംബന്ധിച്ച്‌ സ്വാഭാവികമായും സംശയങ്ങളുയര്‍ന്നു. നന്ദന്‍ നിലേകാനി ഉള്‍പ്പടെ മുഴുവന്‍ ആധാര്‍ ടീമിനെയും കേന്ദ്രസര്‍ക്കാര്‍ പ്രത്യേക താല്‍പര്യത്തോടെ നിയമിക്കുകയായിരുന്നു. നിയമനത്തിലെ ഈ പക്ഷപാതിത്തത്തില്‍ തോന്നിയ സംശയമാണ്‌ പദ്ധതിയെക്കുറിച്ച സംശയങ്ങളുയര്‍ത്തിയത്‌. Sആധാര്‍ പൗരാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്ന്‌ താങ്കള്‍ പറയുന്നു. രാജ്യത്തെ പൗരന്‍മാരുടെ വിവരങ്ങള്‍ ഭരണകൂടം ശേഖരിക്കുന്നത്‌ എങ്ങനെയാണ്‌ വിമര്‍ശിക്കപ്പെടുക? മറ്റൊരു തരത്തില്‍, സെന്‍സസ്‌ പ്രക്രിയയിലൂടെ ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലേ? ആധാര്‍ സെന്‍സസ്‌ പോലെ ഒരു ലളിത പ്രക്രിയ അല്ല. യൂനിക്‌ ഐഡന്റിറ്റി നമ്പര്‍ പൗരന്‍മാര്‍ക്ക്‌ ലഭ്യമാക്കുകയാണ്‌ ആധാറിലൂടെ ചെയ്യുന്നത്‌. അതായത്‌, വിവിധ ഏജന്‍സികള്‍ വഴി ശേഖരിക്കപ്പെടുന്ന വിവരങ്ങളെ കോര്‍ത്തിണക്കുകയാണ്‌ യൂനിക്‌ ഐഡന്റിറ്റി നമ്പര്‍ (യു.ഐ.ഡി) വഴി ചെയ്യുന്നത്‌. രണ്ടു തരം വിവരങ്ങളാണ്‌ യൂ.ഐ.ഡിക്കായി ശേഖരിക്കുന്നത്‌. ഒന്ന്‌ ജനസംഖ്യാപരമായ വിവരങ്ങള്‍, രണ്ട്‌ ബയോമെട്രിക്‌ വിവരങ്ങള്‍. ജനസംഖ്യാപരമായ വിവരശേഖരണത്തില്‍ സാധാരണ സെന്‍സസ്‌ പ്രക്രിയയിലേത്‌ പോലെയുള്ള വിവര ശേഖരണമാണ്‌ നടക്കുന്നത്‌. അതായത്‌, പേര്‌, വീട്‌, സ്ഥലം, കുടുംബ വിവരങ്ങള്‍ തുടങ്ങിയവ. ബയോമെട്രിക്‌ വിവരങ്ങളെന്നാല്‍,കൈവിരല്‍ രേഖകളും കണ്ണിന്റെ ഐറിസിന്റെ സ്‌കാന്‍ ചിത്രവുമാണ്‌ ശേഖരിക്കുന്നത്‌. ഇതു വഴി ഒരു വ്യക്തിയെ തിരിച്ചറിയാന്‍ കഴിയും. എന്നാല്‍, ആധാര്‍ പദ്ധതി മുഖ്യമായും വിമര്‍ശിക്കപ്പെടുന്നത്‌ ഈ രണ്ട്‌ വിവരശേഖരണങ്ങള്‍ കൊണ്ടല്ല. വിവരശേഖരണം വഴി പൗരന്‍മാര്‍ക്ക്‌ നല്‍കപ്പെടുന്ന യു.ഐ.ഡി നമ്പര്‍ പിന്നീട്‌ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള തിരിച്ചറിയല്‍ രേഖയായി മാറ്റപ്പെടുന്നു. കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലുള്ള യു.ഐ.ഡി ബില്‍ പ്രകാരം വിവിധ സര്‍ക്കാര്‍-സര്‍ക്കാരേതര ഏജന്‍സികള്‍ക്ക്‌ യു.ഐ.ഡി നമ്പര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാനുള്ള അനുമതി വ്യവസ്ഥ ചെയ്യുന്നുണ്ട്‌. ബാങ്ക്‌ അക്കൗണ്ട്‌ തുറക്കുക, പാചകവാതക കണക്ഷനെടുക്കുക തുടങ്ങി ചികില്‍സ, വിദ്യാഭ്യാസം വരെയുള്ള ദൈനംദിനാവശ്യങ്ങള്‍ക്ക്‌ പൗരന്‍മാര്‍ സമീപിക്കുന്ന സ്ഥാപനങ്ങള്‍ക്ക്‌ യു.ഐ.ഡി നമ്പര്‍ തിരിച്ചറിയല്‍ രേഖയായി ആവശ്യപ്പെടാന്‍ കഴിയും. ഇതോടെ, ഒരു പൗരനെ സംബന്ധിച്ചിടത്തോളം അയാളുടെ വ്യക്തിപരമായ വിവരങ്ങള്‍ മുഴുവനും പരസ്യമാക്കപ്പെടുന്നു. ഇത്‌ പൗരന്റെ സ്വകാര്യതയിലുള്ള ഭരണകൂടത്തിന്റെ കടന്നു കയറ്റമാണ്‌. Sഭരണകൂടം നടത്തുന്ന ഈ വിവരശേഖരണം സുരക്ഷാപ്രശ്‌നമുണ്ടാക്കുമെന്ന ആശങ്ക ഉയരാന്‍ കാരണമെന്താണ്‌? ആദ്യമായി വിശദീകരിക്കേണ്ട വിഷയം, ഭരണകൂടം എന്തിനു വേണ്ടിയാണ്‌ ഇത്തരത്തില്‍ പൗരന്‍മാരുടെ വിവരശേഖരണം നടത്തുന്നത്‌ എന്നതാണ്‌. വിവരാവകാശ നിയമം നടപ്പിലായതോടെ ഭരണകൂടം പൗരന്‍മാര്‍ക്ക്‌ മുമ്പില്‍ സുതാര്യമാവേണ്ടതുണ്ട്‌. മറിച്ച്‌, പൗരന്‍മാര്‍ ഭരണകൂടത്തിന്‌ മുമ്പില്‍ സുതാര്യമാവുന്നത്‌, ഭരണകൂടത്തെ പൗരന്‍മാരുടെ യജമാനനായി പ്രതിഷ്‌ഠിക്കുന്നതിന്‌ തുല്യമാണ്‌. യഥാര്‍ഥത്തില്‍, ഭരണകൂടമെന്നത്‌ പൗരന്‍മാരുടെ സേവകനായിരിക്കണം. ഇവിടെ, ഇരുപത്തിനാലുമണിക്കൂറും പൗരന്‍മാരെ സംശയദൃഷ്‌ടിയോടെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഭരണകൂടം ഉണ്ടാവുക എന്നത്‌ മനുഷ്യന്റെ അന്തസ്സിനെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചുമുള്ള അന്താരാഷ്‌ട്ര മാനദണ്‌ഡങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ ബ്രിട്ടണില്‍ ഇത്തരത്തിലുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നതും ഡേവിഡ്‌ കാമറൂണ്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റയുടന്‍ യു.ഐ.ഡി പദ്ധതി പിന്‍വലിച്ചതും. രണ്ടാമത്തെ കാര്യം, സുരക്ഷയെക്കുറിച്ചുള്ളതാണ്‌. ആഭ്യന്തര സുരക്ഷ ഉറപ്പാക്കുകയാണ്‌ ഇതിന്റെ ലക്ഷ്യമെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്‌. അയ്യായിരം കോടി മുതല്‍മുടക്കില്‍ നടപ്പാക്കുന്ന ഈ പദ്ധതി കൊണ്ട്‌ രാജ്യത്തെ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്താമെന്ന്‌ ആഭ്യന്തര മന്ത്രി ചിദംബരം പോലും കരുതുന്നുണ്ടാവില്ല. കാരണം, രാജ്യത്ത്‌ ഇന്ന്‌ കണ്ടുവരുന്ന ആഭ്യന്തര സുരക്ഷ പ്രശ്‌നങ്ങള്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ സര്‍ക്കാറിനുള്ള പരിമിതി കൊണ്ടല്ല എന്ന കാര്യം വ്യക്തമാണ്‌. അതേ സമയം, യു.ഐ.ഡി പദ്ധതിയുടെ ഇന്നത്തെ പ്രവര്‍ത്തനം കൂടുതല്‍ ഭീകരമായ ആഭ്യന്തര സുരക്ഷാ ഭീഷണി ഉയര്‍ത്തുകയാണ്‌ ചെയ്യുക. കാരണം, പദ്ധതിയുടെ വിവരശേഖരണച്ചുമതല നല്‍കിയിട്ടുള്ളത്‌ സ്വകാര്യ ഏജന്‍സികള്‍ക്കാണ്‌. ഇതില്‍ പ്രധാനം, ആക്‌സെന്‍ചര്‍ എന്ന കമ്പനിയാണ്‌. ഇവരുടെ വെബ്‌സൈറ്റ്‌ പരിശോധിച്ചാലറിയാം, അവരുടെ പ്രധാന കസ്റ്റമര്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ ആണെന്ന്‌. മുംബൈ ഭീകരാക്രമണം നടത്തിയ സി.ഐ.എ ഏജന്റ്‌ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയെ പിടികൂടാനോ നിയമനടപടികള്‍ സ്വീകരിക്കാനോ കഴിയാത്ത രാജ്യം, അതേ സി.ഐ.എയുടെ വ്യാപാര പങ്കാളിക്ക്‌ രാജ്യത്തെ പൗരന്‍മാരുടെ വിവരശേഖരണത്തിന്റെ ചുമതല നലല്‍കുന്നത്‌ സുരക്ഷയെക്കുറിച്ചുളള വാചാടാപങ്ങളെ പരിഹാസ്യമാക്കുന്നു. Sവിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള തിരിച്ചറിയല്‍ രേഖ എന്ന അര്‍ഥത്തിലെങ്കിലും പദ്ധതി പ്രയോജനപ്രദമല്ലേ? ഇവിടെയാണ്‌ പദ്ധതിയെക്കുറിച്ചുള്ള കോര്‍പ്പറേറ്റ്‌ താല്‍പര്യങ്ങള്‍ പുറത്തുവരുന്നത്‌. ദാരിദ്ര്യ രേഖയുടെ പരിധി സംബന്ധിച്ച പ്ലാനിംഗ്‌ കമീഷന്റെ നിലപാട്‌ പരിഹാസ്യമാം വിധം നാം കണ്ടതാണ്‌. വിവിധ സബ്‌സിഡികള്‍ വെട്ടിക്കുറക്കുകയെന്നതാണ്‌ പ്ലാനിംഗ്‌ കമീഷന്റെ നിലപാട്‌. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയെന്നത്‌ ആധാര്‍ പദ്ധതിയുടെ ലക്ഷ്യമല്ല എന്ന്‌ ഔദ്യോഗികമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്‌. പദ്ധതിയില്‍ അംഗമാകാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും വിശദീകരിക്കപ്പെടുന്നു. അതേസമയം, രാജ്യത്തെ പൗരന്‍മാര്‍ നിത്യേന ബന്ധപ്പെടുന്ന വിവിധ ഏജന്‍സികള്‍ക്ക്‌ തിരിച്ചറിയല്‍ രേഖയായി യു.ഐ.ഡി നമ്പര്‍ ആവശ്യപ്പെടാനുള്ള അധികാരം നല്‍കപ്പെടുന്നതോടെ ഫലത്തില്‍ നിര്‍ബന്ധിത പദ്ധതിയായി ഇത്‌ മാറും. തൊഴിലുറപ്പ്‌ പദ്ധതിയില്‍ അഴിമതി അവസാനിപ്പിക്കാന്‍ യു.ഐ.ഡി നമ്പര്‍ പ്രയോജനപ്പെടുത്തുമെന്ന്‌ വിശദീകരിക്കപ്പെട്ടിട്ടുണ്ട്‌. ബാങ്ക്‌ അക്കൗണ്ട്‌ വഴി തൊഴിലുറപ്പ്‌ പദ്ധതിയിലൂടെ വേതനം കൈപ്പറ്റുന്നത്‌, നേരിട്ടുള്ള പണമിടപാടുകളെ ഇല്ലാതാക്കും. പണം കയ്യില്‍ സൂക്ഷിക്കുന്ന തൊഴിലാളിയുടെ ദൈനംദിന വിപണി, ബാങ്ക്‌ അക്കൗണ്ടും എ.ടി.എം കാര്‍ഡുമുള്ള തൊഴിലാളിയിലേക്ക്‌ മാറുമ്പോള്‍ അത്‌ ഏതുതരം വിപണിയെയാണ്‌ ലക്ഷ്യം വെക്കുന്നതെന്നും വിപണി ശക്തികള്‍ തങ്ങളുടെ കൂടൂതല്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നീക്കമാണ്‌ ഈ വിവരശേഖരണത്തിന്‌ പിന്നിലെന്നതും വ്യക്തമാവുന്നു. മാത്രമല്ല, ബയോമെട്രിക്‌ വിവരശേഖരണത്തിന്റെ കൃത്യത ശാസ്‌ത്രീയമായി വെല്ലുവിളിക്കപ്പെട്ടിട്ടുള്ളതാണ്‌. നിരന്തരം കഠിനാധ്വാനത്തിലേര്‍പ്പെടുന്ന, കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും മറ്റും കൈരേഖകള്‍ ഇല്ലാതാകുന്നു. ഇത്തരക്കാരുടെ ബയോമെട്രിക്‌ വിവരശേഖരണം സംബന്ധിച്ച സംശയങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ നിലേകനിക്കും കൂട്ടര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. പുതിയ ലാന്റ്‌ ടൈറ്റ്‌ലിംഗ്‌ ബില്‍, ലാന്റ്‌ അക്വിസിഷന്‍ അമെന്റ്‌മെന്റ്‌ ബില്‍, നാറ്റ്‌ഗ്രിഡ്‌, നാഷണല്‍ പോപുലേഷന്‍ രജിസ്റ്റര്‍ തുടങ്ങിയ മറ്റു പദ്ധതികളുമായി യു.ഐ.ഡിയെ ബന്ധിപ്പിക്കുമ്പോള്‍ പൗരന്‍മാരുടെ മുഴുവന്‍ വിവരങ്ങളും കോര്‍പ്പറേറ്റുകള്‍ക്കും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും കൈവരുന്നു. യാതൊരു വിധ ജനാധിപത്യ ഓഡിറ്റ്‌ സംവിധാനത്തിനും കീഴടങ്ങിയിട്ടില്ലാത്ത നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക്‌ ഇത്തരം നിര്‍ണായക ഡാറ്റകള്‍ ലഭ്യമാകുന്നതോടെ രാജ്യത്ത്‌ എന്താണ്‌ നടമാടാന്‍ പോകുന്നതെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. കോര്‍പ്പറേറ്റുകള്‍ക്ക്‌ സ്വകാര്യ ടെറിട്ടോറിയല്‍ ആര്‍മികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കണമെന്ന്‌ ആവശ്യപ്പെടുന്ന കേണല്‍ രഘുനാഥനെപ്പോലുള്ളവരാണ്‌ ദേശീയ ഇന്റലിജന്‍സ്‌ ഗ്രിഡിന്‌(്‌നാറ്റ്‌ഗ്രിഡ്‌) നേതൃത്വം നല്‍കുന്നതെന്നും മനസ്സിലാക്കേണ്ടതാണ്‌. Sഎന്താണ്‌ കേരളത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ ആധാര്‍ പദ്ധതിയുടെ തുടക്കം കുറിക്കുന്ന സ്ഥലങ്ങളിലൊന്ന്‌ എന്ന അര്‍ഥത്തില്‍ കേരളം ഈ വിഷയത്തില്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു. പക്ഷേ, ഇവിടെ രാഷ്‌ട്രീയ നേതൃത്വമോ മറ്റോ വിഷയം കാര്യമായി ശ്രദ്ധിക്കുന്നുവെന്ന്‌ തോന്നുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട്‌ ഇടതുരാഷ്‌ട്രീയ കക്ഷികളുമായും മറ്റ്‌ രാഷ്‌ട്രീയ നേതൃത്വങ്ങളുമായും ഞാന്‍ ആശയവിനിമയം നടത്തിയിരുന്നു. കേരളത്തില്‍ വി.എസ്‌ അച്ചുതാനന്ദന്‍ ആധാറിനെതിരെ രംഗത്തെത്തിയെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്‌. എന്നാല്‍, കേരളത്തിലെ സി.പി.എം ഇതു സംബന്ധിച്ച നിലാപാടെടുക്കാത്തത്‌ എന്നെ അല്‍ഭുതപ്പെടുത്തുന്നു. തമിഴ്‌നാട്ടില്‍ ജനിച്ച്‌ മുപ്പതുവര്‍ഷമായി ഡല്‍ഹിയില്‍ ജീവിക്കുന്നുവെങ്കിലും കേരളത്തില്‍ എന്റെ ബന്ധുക്കളുണ്ട്‌. സാമൂഹ്യരംഗത്ത്‌ മറ്റ്‌ ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ ഉന്നതി പ്രാപിച്ചിട്ടുണ്ടെങ്കിലും സ്‌ത്രീകളോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ കേരളം എന്നെ നിരാശപ്പെടുത്തുന്നു. എന്തുകൊണ്ടാണ്‌ ഇത്‌ സംഭവിക്കുന്നതെന്ന കാര്യത്തില്‍ ഞാന്‍ ആശയക്കുഴപ്പത്തിലാണ്‌. കേരളത്തിന്‌ വെളിയില്‍ താമസിക്കുന്ന മലയാളി സ്‌ത്രീകള്‍ ആ അര്‍ത്ഥത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യമനുഭവിക്കുന്നതായി ഞാന്‍ കാണുന്നു. സ്‌ത്രീകളുടെ കാര്യത്തിലെങ്കിലും കേരളത്തില്‍ പഴയ ഫ്യൂഡലിസം വിട്ടൊഴിഞ്ഞു പോയിട്ടില്ല എന്നു വേണം കരുതാന്‍.|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top