സ്വപ്‌നങ്ങള്‍ക്കൊപ്പം നടന്ന് ശ്രീധന്യ

എം. മുജീബ് റഹ്മാന്‍ No image

വയനാട്ടുകാരി ശ്രീധന്യ, തന്റെ ഐ.എ.എസ് സ്വപ്നം ഉള്ളില്‍ അരക്കിട്ടുറപ്പിച്ചത് ശ്രീറാം സാംബശിവ റാവു എന്ന ഐ.എ.എസ് കാരനെ കണ്ടതുമുതലാണ്. അധ്വാനിച്ച് സ്വപ്നം ആര്‍ജിച്ചെടുത്തപ്പോള്‍ സബ് കലക്ടറായി ആദ്യത്തെ നിയമനം തന്നെ തനിക്ക് സ്വപ്നം കാണാന്‍ പ്രേരണയായ അതേ വ്യക്തിക്കു കീഴില്‍...

പരിസ്ഥിതി സംരക്ഷണത്തിനും ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനുമായി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ട്‌ കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ശ്രീധന്യ ഐ.എ.എസ് സംസാരിക്കുന്നു...

  • വിദ്യാഭ്യാസം, പഠന രീതി എന്നിവയെക്കുറിച്ച്.

പ്ലസ്ടു വരെ വയനാട്ടില്‍ തന്നെയാണ്.  സെന്റ് മേരീസ് സ്‌കൂള്‍ തരിയോട്, നിര്‍മല ഹൈസ്‌കൂള്‍ തരിയോട്, ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ തരിയോട് എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ പഠനം. ശേഷം ബി.എസ്.സി സുവോളജിക്കുവേണ്ടി കോഴിക്കോട് ദേവഗിരി കോളേജില്‍ ചേര്‍ന്നു.  പി.ജി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാമ്പസിലായിരുന്നു.
സിവില്‍ സര്‍വീസ് മേഖലയില്‍  എത്തണം,  കലക്ടറാവണം എന്ന ആഗ്രഹം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. എന്നാല്‍ ആ ആഗ്രഹത്തോട് കൂടുതല്‍ അടുക്കാനുള്ള സാഹചര്യം ഉണ്ടായത്, ആദ്യമായി കലക്ടര്‍ ശ്രീറാം സാംബശിവ റാവു സാറിനെ കണ്ട സമയത്താണ്, അദ്ദേഹത്തെ ആളുകള്‍ ബഹുമാനിക്കുന്നതും സ്വീകരിക്കുന്നതും കണ്ടപ്പോഴാണ്. അതിനു വേണ്ടി ആദ്യമായി കിട്ടിയ ജോലി രാജിവെച്ച് തിരുവനന്തപുരത്തേക്ക് ഐ.എ.എസ് കോച്ചിംഗിന് പോവുകയാണുണ്ടായത്.

  •  ഐ.എ.എസ്. 410-ാം റാങ്ക് ലഭിച്ചല്ലോ, കുടുംബത്തില്‍നിന്നും ചുറ്റുപാടില്‍നിന്നും ഉള്ള പിന്തുണയും പ്രതികരണങ്ങളും എന്തായിരുന്നു?

എന്റെ കുടുംബം, എന്റെ നാട്ടുകാര്‍, നല്ലവരായ കുറേ പ്രവാസികള്‍ എല്ലാവരും എന്റെ വിജയത്തിനു പിന്നിലുണ്ട്. എന്റെ വിജയം അന്ന് അവിടെ ആഘോഷിക്കപ്പെട്ടത് ചരിത്രപരമായ ചില കാരണങ്ങള്‍ കൊണ്ടാണ്. റിസള്‍ട്ട് വരുന്നതുവരെ  എനിക്ക് അറിയില്ലായിരുന്നു, കേരളത്തില്‍ മറ്റൊരു ട്രൈബല്‍ ഐ.എ.എസ് ഇല്ല എന്നത്, അതുപോലെ വയനാട്ടില്‍നിന്ന് സിവില്‍ സര്‍വീസ് പരീക്ഷയിലൂടെ ഐ.എ.എസ് കിട്ടിയ മറ്റാരും ഇല്ല എന്നതും. ഈ രണ്ടു കാര്യങ്ങള്‍ കൊണ്ടാണ് എന്റെ വിജയം അന്ന് ആഘോഷിക്കപ്പെട്ടത്. ബാക്കിയെല്ലാം സാധാരണ ഒരാള്‍ ഐ.എ.എസ് വിജയിച്ചാല്‍ കിട്ടുന്ന അതേ കാര്യങ്ങളും ബഹുമതിയും തന്നെയാണ്.
ഐ.എ.എസ് നേടി എന്നറിഞ്ഞപ്പോള്‍ നല്ല അനുഭവമായിരുന്നു എനിക്കുണ്ടായത്. പ്രഗത്ഭരായവരില്‍ പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി, ഗവര്‍ണര്‍, കമലഹാസന്‍ പോലുള്ളവര്‍ എന്നെ വളരെ നന്നായി അഭിനന്ദിച്ചു. അവരുമായുള്ള കൂടിക്കാഴ്ച ഏറെ ഉപകാരപ്പെട്ടു. അതിനു കാരണം അവര്‍ മറ്റുള്ളവരോട് പെരുമാറുന്ന, സംസാരിക്കുന്ന രീതി, മറ്റുള്ളവരുടെ വാക്കിന് അവര്‍ കൊടുക്കുന്ന വില എന്നിവയാണ്. അതൊക്കെ കണ്ടപ്പോള്‍ ഒരു ജനപ്രതിനിധി എപ്പോഴും ഭൂമിയോളം താഴാന്‍ പഠിക്കണം എന്നു മനസ്സിലായി. കാരണം ഇനി അഭിമുഖീകരിക്കാന്‍ പോകുന്നത് സാധാരണക്കാരെയാണ്. എന്നെപ്പോലെ, എന്നേക്കാള്‍ എത്രയോ കഷ്ടപ്പെടുന്ന സാധാരണക്കാരെ കാണാനാണ് ഞാന്‍ പോകേണ്ടത്. അതുകൊണ്ട് അവര്‍ക്ക് ഒരിക്കലും സമീപിക്കാന്‍ പറ്റാത്ത ഒരാളായി ഞാന്‍  മാറാന്‍ പാടില്ല. എന്നെ അഭിനന്ദിക്കാനെത്തിയ നാല് പേരില്‍നിന്നും എങ്ങനെ കൂടുതല്‍ അപ്രോച്ചബ്ള്‍ ആവാം, എങ്ങനെ കൂടുതല്‍ ഡൗണ്‍ ടു എര്‍ത്ത് ആവാം എന്നുള്ള പ്രചോദനമാണ് എനിക്ക് കിട്ടിയത്.
കുടുംബത്തിന്റെ പിന്തുണയായിരുന്നു ഏറ്റവും വലിയ പ്രചോദനം. കാരണം, ദാരിദ്ര്യരേഖക്കു താഴെയുള്ള കുടുംബത്തില്‍നിന്ന് കിട്ടാവുന്നതില്‍വെച്ച് ഏറ്റവും നല്ല സൗകര്യങ്ങള്‍ നല്‍കിയാണ് അച്ഛന്‍ സുരേഷും, അമ്മ കമലയും ഞങ്ങള്‍ മൂന്നു പേരെയും വളര്‍ത്തിയത്. ഭക്ഷണം, വസ്ത്രം തുടങ്ങി ഒന്നിനും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ബുക്ക് വെക്കാന്‍ സ്ഥലം കുറവായിരുന്നു. വീട്ടില്‍ ചേച്ചിയുടെ മോന്റെ ചികിത്സയും എന്റെ സിവില്‍ സര്‍വീസ് സ്വപ്‌നവും ഇഴചേര്‍ത്താണ് ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് പോയത്. അതിനുവേണ്ടി അവിടെ ഒരു ചെറിയ വീടെടുത്തു. അതില്‍നിന്നാണ് യഥാര്‍ഥത്തില്‍ സിവില്‍ സര്‍വീസ് മോഹം ഒന്നുകൂടി മിനുക്കിയെടുത്തത്. അവിടെനിന്നാണ് ക്ലാസുകള്‍ക്ക് പോയിത്തുടങ്ങിയത്. പ്രിലിമിനറി എക്‌സാമിന് ഒരുമാസം മുമ്പ് അമ്മ അവിടെ വന്നു നിന്നു. അവരാണ് എന്റെ വിജയത്തിന്റെ യഥാര്‍ഥ പിന്തുണ.

  • സിവില്‍ സര്‍വീസ് എന്നത് എങ്ങനെയാണ് കാണുന്നത്?

നമ്മുടെ പരിസര പ്രദേശങ്ങളില്‍, ജില്ലയില്‍, നമ്മുടെ രാജ്യത്ത് മൊത്തത്തില്‍ എന്തു സംഭവിക്കുന്നു, എവിടെയൊക്കെയാണ് പ്രശ്‌നങ്ങള്‍ ഉള്ളത്, എവിടെയൊക്കെയാണ് പുതിയ ചലനങ്ങളും മാറ്റങ്ങളും വരുന്നത് എന്നൊക്കെയുള്ള കാര്യങ്ങളെക്കുറിച്ചെല്ലാം വിപുലമായ ഒരു ധാരണ വേണം. അതുകൊണ്ടാണ് ഞാന്‍ ഇത് ഇഷ്ടപ്പെട്ടത്. സാധാരണ നമ്മള്‍ ഒരു പ്രത്യേക വിഷയം തെരഞ്ഞെടുത്ത് പഠിക്കുമ്പോള്‍ അത് അതിലൊതുങ്ങും. എന്നാല്‍ സൂര്യനു താഴെയുള്ള എല്ലാം അതില്‍ വരും. ഉദാഹരണമായി ജനറല്‍ സ്റ്റഡീസിലെ ഒരു ഗ്രൂപ്പില്‍ അഗ്രിക്കള്‍ച്ചര്‍, ഫാമിംഗ് എല്ലാം ഉള്‍ക്കൊള്ളും. അതിലേക്ക് നമ്മള്‍ ശരിക്ക് പഠിച്ചിറങ്ങുമ്പോഴാണ് അതിലെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നത്. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, അതിനെക്കുറിച്ച് ഇതുവരെ വന്ന ഗവണ്‍മെന്റുകള്‍ എടുത്ത പദ്ധതികള്‍ തുടങ്ങി എല്ലാം ആ വിഷയത്തിലേക്ക് ഊളിയിട്ടിറങ്ങുമ്പോഴേ മനസ്സിലാവൂ. പത്രം വായിക്കുമ്പോള്‍ തലക്കെട്ടുകളില്‍ ഒതുങ്ങാതെ അതിന്റെ വരികള്‍ക്കിടയിലൂടെ സഞ്ചരിക്കാനും ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനും കഴിയുന്നു. ഇന്ത്യയുടെ പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്, എങ്ങനെയെല്ലാം അത് നമുക്ക് പരിഹരിക്കാം തുടങ്ങിയ വിപുലമായ ഒരു പഠന രീതി നമുക്ക് സിവില്‍ സര്‍വീസില്‍നിന്ന് സ്വായത്തമാക്കാനാവും. നല്ല വായനക്കാരാവണം. ഈയൊരു വിജയം കരസ്ഥമാക്കാന്‍ വേണ്ടി തയാറെടുക്കുമ്പോഴേ മനസ്സില്‍ കുറേ പദ്ധതികള്‍ ഞാന്‍ കണ്ടുവെച്ചിരുന്നു. കേരളത്തിന്റെ കാര്യത്തിലായാലും വയനാടിന്റെ കാര്യത്തിലായാലും ആദ്യമായി പ്രാധാന്യം കൊടുക്കേണ്ടത്  പരിസ്ഥിതി വികസന സംബന്ധമായ കാര്യങ്ങള്‍ക്കാണ്. കാരണം കേരളവും വയനാടും നിലനില്‍ക്കുന്നത് അതിന്റെ പ്രകൃതിവൈഭവത്തിലാണ്. എന്നാല്‍ എല്ലാവരും ആ വിഷയത്തില്‍ നിശ്ശബ്ദരാണ്. ഇവിടത്തെ പ്രകൃതി കാണാനാണ് ആളുകള്‍ വരുന്നത്. നമ്മള്‍ ഈ പ്രകൃതി ഇല്ലാതാക്കിക്കൊണ്ടിരുന്നാല്‍ വരുംകാലങ്ങളില്‍ ആരും കാണാന്‍ വേണ്ടി തെരഞ്ഞെടുക്കാത്ത ഒരു സ്ഥലമായി കേരളവും വയനാടും മാറാം. അത് വിദൂരത്തൊന്നുമല്ല. കാരണം പ്രകൃതിചൂഷണവും അതിരുകവിഞ്ഞ ടൂറിസവും ഖനനങ്ങളും കാട് കൈയേറുന്ന അവസ്ഥയും എല്ലാം കൂടി ജൈവവൈവിധ്യം കൊതിച്ചുവരുന്ന ഒരാള്‍ക്ക് ഫഌറ്റ് വൈവിധ്യം കണ്ട് മടങ്ങേണ്ട ഗതികേടായിരിക്കും നാടിന് സമ്മാനിക്കുക.
എന്റെ ആദ്യ പ്രിഫറന്‍സ് പ്രകൃതിസംബന്ധമായ ഡെവലപ്‌മെന്റിനു തന്നെയായിരിക്കും. പ്രകൃതി നന്നായാല്‍ ലോകം നന്നാവും. പ്രകൃതിയെ  മോശമാക്കിയതിന്റെ ഫലം നമ്മള്‍ കഴിഞ്ഞ പ്രളയങ്ങളില്‍ കണ്ടു. ആ സമയത്ത് ഗാഡ്ഗില്‍ അല്ലെങ്കില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കുറച്ചു കാര്യങ്ങളെങ്കിലും മുഖവിലക്കെടുത്തിരുന്നെങ്കില്‍ ആ പ്രളയങ്ങളിലെ ദുരന്തങ്ങള്‍ കുറക്കാമായിരുന്നു.
രണ്ടാമത്തെ കാര്യം സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചാണ്. അതുപോലെ ട്രൈബല്‍ ഇഷ്യൂസുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും എന്റെ മുഖ്യ പരിഗണന. ഞാന്‍ ഒരു ഗോത്രത്തെ പ്രതിനിധീകരിക്കുന്ന ഒരാളാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗോത്രവര്‍ഗക്കാര്‍ ഉള്ളത് വയനാട്ടിലാണ്. അതിനാല്‍ അവര്‍ പൊതുവായി അനുഭവിക്കുന്ന ചില പ്രശ്‌നങ്ങളുണ്ട്. ഒന്ന് വിദ്യാഭ്യാസത്തിന്റെ കാര്യത്തിലാണ്. മറ്റൊന്ന്, അവരുടെ ജീവിതരീതിയുടെ കാര്യത്തിലാണ്. പിന്നെ അവരുടെ സോഷ്യല്‍ എക്‌സ്‌ക്രീഷന്റെ കാര്യത്തിലാണ്.
പുതിയ എസ്.എസ്.എ പഠന റിപ്പോര്‍ട്ട് വിദ്യാഭ്യാസത്തില്‍ ഗോത്രവര്‍ഗക്കാരുടെ ഇടയിലെ കൊഴിഞ്ഞുപോക്ക് വ്യക്തമാക്കിയിട്ടുണ്ട്. 30, 40 ശതമാനമാണ് ഹയര്‍ സെക്കന്ററി തലത്തിലെ  കൊഴിഞ്ഞുപോക്ക്. പി.ജി കഴിഞ്ഞ ശേഷം ഇങ്ങനെ പഠനം നിര്‍ത്തിയ കുട്ടികള്‍ക്കൊപ്പം ജോലി ചെയ്തിരുന്നു.  എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതിന്റെ കാരണങ്ങള്‍ മനസ്സിലാവുന്നത് അപ്പോഴാണ്. ഒന്നാമത്തെ കാരണം ഇംഗ്ലീഷ് ഭാഷയിലെ പ്രശ്നമാണ്. പത്താം ക്ലാസ്‌വരെ  മലയാളം മീഡിയത്തില്‍ പഠിച്ച കുട്ടി   അതുകഴിഞ്ഞ് നേരെ ഇംഗ്ലീഷ് മീഡിയത്തിലേക്കാണ് പോകുന്നത്. ടീച്ചര്‍ ഇംഗ്ലീഷില്‍ ക്ലാസെടുക്കുന്നു. ഇംഗ്ലീഷില്‍ ഹോം വര്‍ക്ക് കൊടുക്കുന്നു. അതു കുട്ടിക്ക് ചെയ്യാന്‍ കഴിയുന്നില്ല. ഒന്നോ രണ്ടോ ദിവസം ഹോംവര്‍ക്ക് ചെയ്യാതെ വരുമ്പോള്‍ സ്വാഭാവികമായും കുട്ടിയെ പുറത്തുനിര്‍ത്തും. രണ്ടും മൂന്നും ദിവസം ആവര്‍ത്തിക്കുമ്പോള്‍ കുട്ടി ചിന്തിക്കും, എനിക്കെന്തായാലും ഹോം വര്‍ക്ക് ചെയ്യാന്‍ പറ്റില്ല. അധ്യാപകരെന്നെ പുറത്തുനിര്‍ത്തും. പിന്നെ ഞാനെന്തിന് പഠിക്കാന്‍ പോകണം. ആ ഒരു മനോഭാവത്തിലൂടെ കുട്ടി പതുക്കെ ഉള്‍വലിഞ്ഞ് വിദ്യാലയത്തില്‍ പോകാതെയാകും. ഇത് പഠനത്തില്‍നിന്ന് പിന്മാറുന്ന അവസ്ഥയിലേക്കെത്തുന്നു. രണ്ടാമത്തെ കാരണം, പഠിക്കാന്‍ പോകുന്ന കുട്ടികള്‍ കാണുന്നത് അതിനു മുമ്പേ പഠനം നിര്‍ത്തിയവര്‍ എന്തെങ്കിലും ചെറിയ ജെലി ചെയ്ത് വരുമാനമൊക്കെയായി കോളനിയില്‍ വിലസുന്നതാണ്. ഇവര്‍ ക്ലാസിലേക്ക് പോവുമ്പോള്‍ പിന്തിരിപ്പിക്കാന്‍ അവരുണ്ടാവും. നമുക്ക് സര്‍ക്കാര്‍ ജോലിയൊന്നും കിട്ടില്ല, പിന്നെ ഇത്തരം ചെറിയ പണികളൊക്കെ എടുത്ത് ഇവിടെ നില്‍ക്കാം എന്ന് ഉപദേശിച്ച് പഠിക്കാന്‍ പോകുന്നവരെ പിന്തിരിപ്പിക്കും. അതോടെ സ്‌കൂളില്‍ പോയിക്കൊണ്ടിരുന്ന കുട്ടി ഇത്തരം സമ്മര്‍ദങ്ങളില്‍ വഴിപ്പെട്ട് പഠനം നിര്‍ത്തുന്നു. മൂന്നാമതായി, ലഹരിയുടെ അമിതോപയോഗം. എനിക്ക് തോന്നിയത് ഈ ആല്‍ക്കഹോള്‍ ഉപയോഗം ഒഴിവാക്കിയാല്‍ ട്രൈബ്‌സിന്റെ പ്രശ്‌നങ്ങള്‍ പകുതിയും പരിഹരിക്കപ്പെടും എന്നാണ്. കാരണം ഒരു വിദ്യാര്‍ഥി പഠിക്കാനിരിക്കാന്‍ തുടങ്ങുമ്പോഴായിരിക്കും അഛനോ ചേട്ടനോ അമ്മാവനോ ആരെങ്കിലും കുടിച്ചിട്ട് വരുന്നത്. പിന്നെ ആ വീട്ടില്‍ മുഴുവന്‍ ബഹളമാണ്. കുട്ടിക്ക് സമാധാനമായി പഠിക്കാനുള്ള മാനസികാവസ്ഥ അതോടെ നഷ്ടമാവുന്നു. സ്വാഭാവികമായും അതോടെ ആ കുട്ടി ഹോംവര്‍ക്ക് ചെയ്യാതെയും പാഠങ്ങള്‍ പഠിക്കാതെയും ആവുന്നു.  അതും ഡ്രോപ് ഔട്ടിലേക്ക് എത്തുന്നു.
ഗവണ്‍മെന്റ് ഒരുപാട് പദ്ധതികള്‍ ഗോത്ര വിഭാഗത്തിനായി കൊണ്ടുവരുന്നുണ്ട്. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ പോലുള്ളവ. എന്നാല്‍ ഇവിടെയുള്ള പ്രധാന പ്രശ്‌നം ഈ സ്‌കൂളിലേക്ക് അക്കമഡേറ്റ് ചെയ്യാവുന്നതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ പത്താംക്ലാസ് പാസ്സാവുന്നുണ്ട്. വയനാടിന് അതിനാല്‍ ഇനിയും ഇത്തരം മാതൃകാ വിദ്യാലയങ്ങള്‍ ആവശ്യമുണ്ട്.
ഗോത്രവര്‍ഗക്കാര്‍ക്കിടയിലെ മറ്റൊരു പ്രധാന പ്രശ്‌നം അവര്‍ക്കുണ്ടാവുന്ന ജനിതക രോഗങ്ങളാണ്. അതിനു കാരണം ഗോത്രവര്‍ഗത്തിലുള്ളവര്‍ അവരുടെ അടുത്ത ബന്ധുക്കളില്‍നിന്നുതന്നെയാണ് ജീവിതപങ്കാളിയെ കണ്ടെത്തുന്നത് എന്നതാണ്. ഇത് ജനറ്റിക് ആയ പല പ്രശ്‌നങ്ങളും ഉണ്ടാവാന്‍ കാരണമാവുന്നുണ്ട്. വയനാട്ടിലെ കാട്ടുനായ്ക്ക, പണിക്ക വിഭാഗങ്ങള്‍ക്കിടയില്‍ അരിവാള്‍ രോഗം പോലുള്ള അസുഖമുള്ളവര്‍ പലരുമുണ്ട്. ഇക്കാര്യത്തില്‍ ഗവണ്‍മെന്റിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ക്ക് ന്യൂട്രീഷന്‍ സെക്യൂരിറ്റി ഉറപ്പു വരുത്തുക എന്നതാണ്. അത്തരത്തില്‍ അരിവാള്‍ രോഗം പോലുള്ളവ ബാധിച്ചവര്‍ക്ക് സഹായം നല്‍കാനായി ഗവണ്‍മെന്റ് തലത്തില്‍ നിലവില്‍ ചില സ്‌കീമുകളുണ്ട്. അവര്‍ക്കുള്ള അരി, സാധനങ്ങള്‍ പിന്നെ മാസം തോറുമുള്ള ധനസഹായം തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ്.
പിന്നെയുള്ള ട്രൈബ്‌സിന്റെ പ്രധാന പ്രശ്‌നമാണ് ഭൂമി. ഒരുകാലത്ത് അവരുടേതായിരുന്നു ഭൂമി. ഉള്‍ക്കാടുകളിലെ കൃഷി, ട്രൈബ്‌സ് കൂടുതല്‍ കൂടുതല്‍ ഉള്‍പ്രദേശങ്ങളിലേക്ക് വലിയും. അതോടെ അവര്‍ക്ക് മെയ്ന്‍ സ്ട്രീം ആക്‌സസ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മലബാര്‍ കുടിയേറ്റത്തോടെ ഭൂമിയുടെ നല്ലൊരു ഭാഗവും നോണ്‍ ട്രൈബല്‍സിന്റെ കൈകളിലായി. അതോടെ ഗോത്രസമൂഹങ്ങള്‍ പതുക്കെ കൂടുതല്‍ ഉള്‍വലിഞ്ഞു തുടങ്ങി. തുവരിമല, മുത്തങ്ങ സമരങ്ങളെല്ലാം ഭൂമിക്കു വേണ്ടിയുള്ള ആദിവാസികളുടെ പോരാട്ടമാണ്. കാരണം ഒരാള്‍ക്ക് അയാളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ അത്യാവശ്യമാണ് ജീവിതമാര്‍ഗവും സ്ഥലവും അതിലൊരു വീടും. മരത്തിന്റെ ചുവട്ടിലുറങ്ങുന്ന, ഗുഹകളില്‍ കഴിയുന്ന ഒരുപാട് കുടുംബങ്ങള്‍ വയനാട്ടിലും നിലമ്പൂരും ഇപ്പോഴുമുണ്ട്.
ഇത്തരക്കാര്‍ക്ക് ഭൂമി കൊടുക്കണം. ഈ വിഷയത്തില്‍ ഉണ്ടാവുന്ന പ്രധാന സംശയമാണ് ട്രൈബ്‌സിനെ ഡെവലപ് ചെയ്യണോ അതോ അവരുടെ പാരമ്പര്യരീതി പിന്തുടരാന്‍ അനുവദിക്കണോ എന്നത്. യഥാര്‍ഥത്തില്‍ ഇവ രണ്ടും കൂടി ചേര്‍ത്തുള്ള ഒരു വികസന രീതിയാണ് വേണ്ടത്. വികസനം മാത്രം നോക്കുകയാണെങ്കില്‍ അവര്‍ അവരുടെ പാരമ്പര്യത്തെ കൈവിട്ടുപോകും. പരമ്പരാഗത രീതി മാത്രം പിന്‍പറ്റിയാല്‍ വികസനം അവര്‍ക്ക് അന്യമാവും. അതിനാല്‍ അവര്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം, നല്ല ആരോഗ്യസുരക്ഷ നല്‍കണം, നല്ല തൊഴിലവസരങ്ങള്‍ നല്‍കണം. അവരുടെ കാവുകളും പരമ്പരാഗത രീതികളും സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ ഉണ്ടാവണം. പരമ്പരാഗത രീതികളോ വികസന രീതികളോ മാത്രമായി അവരില്‍ പരീക്ഷിച്ച് വിജയിക്കാന്‍ കഴിയുകയില്ല.

 പുതുതലമുറയോട് എന്താണ് പറയാനുള്ളത് 

പത്താം ക്ലാസ് കഴിഞ്ഞ കുട്ടി സയന്‍സ് വിഷയങ്ങള്‍ പഠിച്ചിട്ടില്ലെങ്കില്‍ ഒന്നിനും കൊള്ളാത്തവനാണ് എന്ന ചിന്ത ഇപ്പോഴും ചില മാതാപിതാക്കള്‍ക്കുണ്ട്. ഡോക്ടര്‍ അല്ലെങ്കില്‍ എഞ്ചിനീയര്‍ എന്നു മാത്രമുള്ള സമവാക്യങ്ങള്‍ പൊട്ടിച്ചെറിയേണ്ട സമയം കഴിഞ്ഞു. ഇതിനുപുറമെ ഒരുപാട് വൈവിധ്യമാര്‍ന്ന പ്രഫഷനുകളും സാധ്യതകളും നമ്മുടെ ഗവണ്‍മെന്റ് നമുക്ക് നല്‍കുന്നുണ്ട്. സര്‍ക്കാര്‍ തലത്തിലും പ്രൈവറ്റ് ഫീല്‍ഡിലും ഉണ്ട്. അതിനാല്‍ ഓരോ കുട്ടിയുടെയും അഭിരുചിക്കനുസരിച്ചായിരിക്കണം പഠന വിഷയങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്.
നല്ല കോച്ചിംഗ് സെന്ററില്‍ പോയതുകൊണ്ടു മാത്രവും വിജയിക്കാനാവില്ല. അവര്‍ക്ക് ഒരു ഓറിയന്റേഷന്‍, അല്ലെങ്കില്‍ പ്രിപ്പറേഷനു വേണ്ട ഒരു ഔട്ട്‌ലൈന്‍ മാത്രമേ നല്‍കാനാവൂ. യഥാര്‍ഥ വിജയം ഇരിക്കുന്നത് നമ്മുടെ സ്വന്തം കഠിനാധ്വാനത്തിലാണ്. ഏത് തെരഞ്ഞെടുത്തു എന്നതിനേക്കാള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് റിസള്‍ട്ട് വരുന്നത്. സ്വന്തമായി പഠിച്ചെടുക്കുന്നതിലായിരുന്നു ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. ഒരു മണിക്കൂര്‍ മാത്രം പഠിച്ച ദിവസവും 10 മണിക്കൂര്‍ ഇരുന്ന് പഠിച്ച ദിവസവും ഉണ്ട്. ഇതെല്ലാം വ്യക്തികളെ ആശ്രയിച്ചിരിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരീക്ഷയില്‍ കൃത്യമായ ഒരു രീതി പിന്തുടരാന്‍ ബുദ്ധിമുട്ടാണ്. താല്‍പര്യത്തിനനുസരിച്ച് പഠിക്കുക എന്നതായിരുന്നു എന്റെ രീതി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top