ധീരരോ ധിക്കാരികളോ?

അബൂഫിദല്‍ No image

ഉത്തര കേരളത്തിലെ, സമ്പന്നമായ കുടുംബത്തിലെ, ഞാനറിയുന്ന ഒരു വിദ്യാര്‍ഥിയുടെ പിതാവ്‌ ഒരു ദിവസം ഫോണില്‍ വിളിച്ചു മുന്‍കൂട്ടി സമയം വാങ്ങി സംസാരിക്കാന്‍ വന്നു. വേദനിപ്പിക്കുന്ന ഒരു പ്രശ്‌നം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നം ഇതാണ്‌; നേരത്തെ അധാര്‍മിക ജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. പിന്നീട്‌ ഇസ്‌ലാമിക പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. ഇപ്പോള്‍ സജീവ ഇസ്‌ലാമിക പ്രവര്‍ത്തകന്‍. മകനെ നന്നായി ഇസ്‌ലാം പഠിപ്പിച്ച്‌ മികച്ച ഒരു മതപ്രബോധകനാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ താല്‍പര്യം. പള്ളിയില്‍ ഖുത്വുബ പറയുന്ന, തറാവീഹിന്‌ ഇമാമത്ത്‌ നില്‍ക്കുന്ന, ഖുര്‍ആന്‍ പഠനക്ലാസുകള്‍ നയിക്കാന്‍ പറ്റുന്ന മകന്‍- ഇതായിരുന്നു അദ്ദേഹത്തിന്റെ സങ്കല്‍പത്തിലെ മകന്‍. അതിനായി മികച്ച ഒരു ഇസ്‌ലാമിക കലാലയത്തില്‍ ഹോസ്റ്റലില്‍ ചേര്‍ത്ത്‌ അവനെ പഠിപ്പിച്ചു. പഠനത്തിന്‌ ആവശ്യമായതെന്തും ചെയ്‌തു കൊടുക്കാന്‍ സദാ സന്നദ്ധമായിരുന്നു അദ്ദേഹം. വര്‍ഷം രണ്ട്‌ മൂന്ന്‌ കഴിഞ്ഞു. എന്നിട്ടും മകനില്‍ പ്രതീക്ഷിച്ച മാറ്റം അദ്ദേഹത്തിന്‌ കാണാന്‍ കഴിഞ്ഞില്ല. ഒരു മിമ്പറിലും അവന്‍ കയറിയില്ല. നോമ്പിന്‌ നാട്ടില്‍ വരുമ്പോള്‍ വല്ലപ്പോഴും തറാവീഹിന്‌ ഇമാമത്ത്‌ നിന്നാലായി.
അദ്ദേഹം പലപ്പോഴും തന്റെ ആശങ്കകള്‍ മകനുമായി പങ്കുവെച്ചു. പക്ഷേ, അതൊന്നും അവന്‌ ആശങ്കകളായി അനുഭവപ്പെട്ടതേയില്ല. അദ്ദേഹം പിന്നെയും പിന്നെയും മകനെ ഉപദേശിക്കാന്‍ തുടങ്ങി. ഉപദേശങ്ങള്‍ നല്‍കുന്തോറും മകന്‍ കൂടുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ടിരുന്നു. തന്റെ നിലപാടുകള്‍ മകന്‌ ബോധ്യപ്പെടാത്തതില്‍ ആ പിതാവ്‌ ഏറെ വേദനിച്ചു. തന്റെ പ്രിയപ്പെട്ട മകന്‍; താന്‍ ഏറെ സ്വപ്‌നം കണ്ടിരുന്ന മകന്‍ തനിക്ക്‌ നഷ്‌ടപ്പെടുന്നുവോ എന്ന്‌ അദ്ദേഹം ശങ്കിച്ചു പോയി. എന്നല്ല, അനുസരണയുണ്ടായിരുന്ന തന്റെ മകന്‍ ഇപ്പോള്‍ ധിക്കാരം കാണിക്കുന്നതായി ആ പിതാവിന്‌ തോന്നിത്തുടങ്ങി.
അവധി ദിവസങ്ങളില്‍ നാട്ടില്‍ വരുമ്പോള്‍ അവന്‍ വീട്ടില്‍ വളരെ കുറച്ചേ ചെലവഴിക്കുന്നുള്ളൂ. അയലത്തെ ആന്റിയുടെ വീട്ടിലിരിക്കുന്നതാണ്‌ അവനിഷ്‌ടം. അവിടെ നിന്ന്‌ ടി.വി കണ്ട്‌, അവിടുന്ന്‌ ഭക്ഷണം കഴിച്ച്‌, അവിടെ കഴിച്ചു കൂട്ടും. വൈകുന്നേരം കൂട്ടുകാരൊത്ത്‌ കളിക്കാന്‍ പോകും. പിന്നെ ചുറ്റിക്കളിയെല്ലാം കഴിഞ്ഞ്‌ ഉറങ്ങാന്‍ നേരത്ത്‌ വീട്ടിലെത്തും. ആ പിതാവ്‌ പരാതികളുടെ കെട്ടഴിച്ചു.
`ഞാനവന്‌ ഒരു കുറവും വരുത്തിയിട്ടില്ല. അവന്‍ എന്ത്‌ ആവശ്യപ്പെടുമ്പോഴും ഞാന്‍ അത്‌ നിവര്‍ത്തിച്ചു കൊടുത്തിട്ടുണ്ട്‌. എന്റെ ജീവിതവും സമ്പാദ്യവും അവന്‍ തന്നെയാണ്‌. എന്റെ ഏക ആണ്‍കുട്ടിയാണ്‌ അവന്‍. അവനെയായിരുന്നു ഞാന്‍ എനിക്ക്‌ ശേഷം കണ്ടുവെച്ചത്‌.' അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി.
എല്ലാം കേട്ട ഞാന്‍ ഇനി കുട്ടിയുമായി സംസാരിക്കാമെന്ന്‌ പറഞ്ഞു. `അവന്‌ പറയാനുള്ളത്‌ കേട്ട ശേഷം നമുക്ക്‌ ഒരു പരിഹാരം കാണാം'- അദ്ദേഹത്തെ സമാധാനിപ്പിച്ച്‌ എഴുന്നേല്‍ക്കാനിരിക്കെ, സങ്കടത്തോടെ ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു വെച്ചു: `കഴിഞ്ഞ പെരുന്നാളിന്‌, നേരത്തെ തന്നെ, അവന്‌ വേണ്ടി ഷര്‍ട്ടും, പാന്റ്‌സ്‌ പീസുകളും ഞാന്‍ വാങ്ങി വെച്ചിരുന്നു. അവനത്‌ തയ്‌പിച്ചു പോലുമില്ല. അവന്‍ പോയി വേറെ ഷര്‍ട്ട്‌ എടുത്തു വരികയായിരുന്നു'. മകന്റെ മഹാധിക്കാരമായാണ്‌ അദ്ദേഹം ആ സംഭവത്തെ വിശേഷിപ്പിച്ചത്‌. യഥാര്‍ഥത്തില്‍ പ്രശ്‌നത്തിന്റെ മര്‍മം ഈ പ്രസ്‌താവനയില്‍ തന്നെയുണ്ടായിരുന്നു. പ്രായപൂര്‍ത്തിയായ, പത്ത്‌ കഴിഞ്ഞ്‌ കോളേജിലും പഠിച്ചു കൊണ്ടിരിക്കുന്ന മകന്റെ പെരുന്നാള്‍ കുപ്പായം സെലക്‌റ്റ്‌ ചെയ്യുന്നതു പോലും ആ വാപ്പയാണെന്ന്‌ വന്നാല്‍ അത്‌ ഗൗരവപ്പെട്ട പ്രശ്‌നം തന്നെയാണ്‌. `അവന്റെ ഡ്രസ്‌ പോലും ഞാന്‍ എടുത്തു വെച്ചിരുന്നു' എന്നതാണ്‌ പിതാവിന്റെ അവകാശവാദമെങ്കില്‍ `എന്റെ ഡ്രസ്‌ സെലക്‌റ്റ്‌ ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും വാപ്പ എനിക്ക്‌ തരുന്നില്ല' എന്നതാണ്‌ മകന്റെ സങ്കടം. ഈ സ്വഭാവത്തില്‍ പരാതിപ്പെട്ട ഒട്ടേറെ വാപ്പമാരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്‌. അങ്ങനെ പരസ്‌പരം പിണങ്ങിപ്പോയ ഒരുപാട്‌ വാപ്പ/മക്കളെ കണ്ടിട്ടുണ്ട്‌. അപ്പോള്‍ എന്താണ്‌ കാര്യം? `നിന്റെ കുട്ടി എന്ന്‌ നിന്നെ ധിക്കരിക്കാന്‍ തുടങ്ങിയോ, അന്ന്‌ അവന്റെ/അവളുടെ കൗമാരം ആരംഭിച്ചിരിക്കുന്നു എന്ന്‌ മനസ്സിലാക്കിക്കൊള്ളുക' എന്നര്‍ഥം വരുന്ന വരികള്‍ കമലാദാസിന്റെ ഒരു ഇംഗ്ലീഷ്‌ കവിതാ സമാഹാരത്തില്‍ വായിച്ചതോര്‍ക്കുന്നു.
രക്ഷാകര്‍ത്താക്കളുടെ ആഗ്രഹങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള ഒരു വേദിയും, അഭിരുചികള്‍ സാക്ഷാത്‌കരിക്കാനുള്ള ഒരുപകരണവുമല്ലല്ലോ കുട്ടികള്‍. മേല്‍ കഥയിലേക്ക്‌ തന്നെ വരാം. തന്റെ ഏക ആണ്‍കുട്ടി ഖതീബൂം ഇമാമും മതാധ്യാപകനുമാകണമെന്നാണ്‌ ആ വാപ്പയുടെ ആഗ്രഹം. അങ്ങനെ ആഗ്രഹിക്കാനുള്ള അവകാശം അദ്ദേഹത്തിന്‌ തീര്‍ച്ചയായും ഉണ്ട്‌. അത്‌ മകനുമായി പങ്ക്‌ വെച്ച്‌ അവന്റെ കൂടി ആഗ്രഹവും പരിഗണനയും അറിയണമെന്ന്‌ മാത്രം. ഇവിടെ സംഭവിച്ചത്‌ നേരെ തിരിച്ചാണ്‌. വാപ്പയുടെ ആഗ്രഹം പരിധിവിട്ട്‌ മൂപ്പരുടെ തീരുമാനവും നിശ്ചയവുമായി മാറി. തന്റെ ആഗ്രഹം മകനിലൂടെ നിര്‍വഹിക്കപ്പെടാതെ വന്നപ്പോള്‍ അദ്ദേഹം അസ്വസ്ഥനായി തുടങ്ങി. ആ അസ്വസ്ഥത കുടുംബത്തില്‍ തന്നെ അസ്വാരസ്യമായി മാറുകയും മകനും വാപ്പയും അകലുന്നതില്‍ എത്തുകയും ചെയ്‌തു.
യഥാര്‍ഥത്തില്‍ എന്തായിരുന്നു കുട്ടിയുടെ പ്രശ്‌നം? അവന്‍ നല്ല കുട്ടിയാണ്‌. ജീവിതത്തില്‍ ചിട്ടയും സദാചാരവും കാത്തു സൂക്ഷിക്കുന്നവന്‍. അതേ സമയം, നല്ല കലാഭിരുചിയുള്ളവന്‍. ഗ്രാഫിക്‌ ഡിസൈനിംഗും വീഡിയോഗ്രഫിയും സിനിമയും സംഗീതവുമാണവന്റെ ഇഷ്ടവിഷയം. അവയെ അക്കാദമികമായി തന്നെ പഠിക്കണമെന്നും അതില്‍ മുന്നേറണമെന്നും അവന്‌ ആഗ്രഹമുണ്ട്‌. പക്ഷേ, ഇത്‌ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും ആ പിതാവിന്‌ കഴിയാതെ പോയി. അതാണ്‌ അവര്‍ക്കിടയില്‍ മുള്ളു നിറഞ്ഞ കിടങ്ങുകള്‍ തീര്‍ത്തത്‌.
രക്ഷാകര്‍ത്താവ്‌ എന്നത്‌ ഒരു സ്ഥാനത്തിന്റെ പേരല്ല; ഒരു മനഃസ്ഥിതിയാണത്‌. എല്ലാവരിലും ഒരു രക്ഷാകര്‍തൃത്വ മനസ്സുണ്ട്‌. പാരന്റല്‍ കോംപ്ലക്‌സ്‌ എന്ന്‌ നാം സാധാരണ പറയും. താന്‍ പറയുന്നത്‌ പോലെ എല്ലാവരും എന്ന ഒരു അമിത ആഗ്രഹം. ഏതാണ്ടെല്ലാ വാപ്പമാരുടെയും മുതിര്‍ന്നവരുടെയും ആഗ്രഹമാണിത്‌. ഞാന്‍ വിചാരിക്കുന്നതു പോലെ എന്റെ മകന്‍/അനുജന്‍ എന്നവര്‍ ആഗ്രഹിച്ചു പോകുന്നു. ഈ മോഹചിന്ത പക്ഷേ, എപ്പോഴും നടന്നു കൊള്ളണമെന്നില്ല. അപ്പോഴാണ്‌ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നത്‌. വാപ്പയില്‍ നിന്ന്‌ പ്രതീക്ഷിച്ചതിന്‌ വിരുദ്ധമായ സന്ദേശങ്ങള്‍/കല്‍പനകള്‍/ആഗ്രഹങ്ങള്‍ ഉണ്ടാവുമ്പോള്‍ മക്കള്‍ തങ്ങളുടെ പ്രതീക്ഷക്കിണങ്ങുന്നവരെ തേടിപ്പോവും. സ്വന്തം പാന്റ്‌സ്‌ പീസ്‌ സെലക്‌റ്റ്‌ ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും രക്ഷാകര്‍തൃ സ്‌നേഹത്തിന്റെ പേരില്‍ മകന്‌ നിഷേധിക്കപ്പെടുന്നു. സ്വാതന്ത്ര്യം, ആത്മാഭിമാനം, തെരഞ്ഞെടുക്കാനുള്ള അവകാശം എന്നിവ ഏതൊരാളും ആഗ്രഹിക്കുന്ന ഏറ്റവും വലിയ മൂല്യങ്ങളെന്ന്‌ പലരും മറക്കുന്നു. ധാര്‍മ്മികത സംരക്ഷിക്കാന്‍ വേണ്ടി സ്വാതന്ത്ര്യം എന്ന വലിയൊരു ധാര്‍മ്മികതയെ ചവിട്ടിമെതിക്കുകയാണ്‌ പലരും.
കുട്ടികള്‍ സ്വന്തമായ അസ്‌തിത്വവും ആലോചനയും ഉള്ള പരിപൂര്‍ണ മനുഷ്യരാണെന്ന്‌ നാം ആദ്യം അംഗീകരിക്കണം. ആ അംഗീകാരം അവര്‍ക്കു ലഭിക്കുന്നുണ്ടെന്ന്‌ അവര്‍ക്ക്‌ ബോധ്യപ്പെടണം. ഓരോ നിമിഷവും പിന്നാലെ കൂടി ധാര്‍മ്മിക ലാത്തിച്ചാര്‍ജ്‌ നടത്തുന്ന ആളാകരുത്‌ വാപ്പ/ഉമ്മ. ആശ്വാസവും ആവേശവും ധൈര്യവും ആത്മവിശ്വാസവും പകരേണ്ടിടത്ത്‌ പകരാന്‍ കഴിയുന്ന സജീവമായ സാന്നിധ്യത്തിന്റെ പേരാണ്‌ രക്ഷാകര്‍ത്താവ്‌ എന്നത്‌. അല്ലാതെ വന്നാല്‍ നമ്മുടെ മക്കള്‍ നമ്മില്‍ നിന്നകലും. അവര്‍ അവരുടെ വഴികള്‍ കണ്ടെത്തും. അത്‌ നമുക്ക്‌ ഇഷ്‌ടപ്പെട്ടെന്നു വരില്ല. അത്‌ സംഘട്ടനങ്ങളിലേക്ക്‌ നയിക്കും. ചില കുട്ടികള്‍ അങ്ങനെ സ്വന്തം വഴി പോലും കണ്ടെത്താന്‍ കഴിയാതെ രക്ഷാകര്‍തൃ ഭീഷണിക്ക്‌ കീഴില്‍ സര്‍വ പ്രജ്ഞയും അടിയറ വെച്ച്‌ കീഴടങ്ങിക്കൊടുക്കും. ആ മക്കള്‍ നല്ല `അനുസരണ'യുള്ള മക്കളാണെന്ന്‌ നാം വീമ്പ്‌ പറയും. പക്ഷേ, കാലം കഴിയവെ, സ്വന്തം ഉത്തരവാദിത്തത്തില്‍ ആ കുട്ടി എത്തുമ്പോഴായിരിക്കും നാം മനസ്സിലാക്കുക, ആ അനുസരണയുള്ള കുട്ടി ഭീരുവും ഷണ്‌ഡനുമായ കുട്ടിയായിരുന്നു എന്ന്‌. അവന്റെ മുഴുവന്‍ ധീരതയെയും സ്വയം കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷിയെയും നാം വളരെ നേരത്തെ തന്നെ വരിയുടച്ചു കളഞ്ഞിരുന്നല്ലോ. പിതാവിന്‌ പ്രായമേറെയാവുമ്പോള്‍ എന്തെങ്കിലും ചെയ്‌തുകൊടുക്കാന്‍ പോലും പ്രാപ്‌തിയോ താല്‍പര്യമോ ആ അനുസരണയുള്ള കുട്ടിക്ക്‌ ഉണ്ടാവില്ല. എങ്ങനെ നോക്കിയാലും നാം അവരെ നശിപ്പിക്കുകയാണ്‌. അതിന്റെ പേരില്‍ നാം തന്നെ വിരലു കടിക്കുകയും ചെയ്യും.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top