പേരക്ക

ഡോ: മുഹമ്മദ്‌ ബിന്‍ അഹ്‌മദ്‌ No image

കാര്യമായ വളപ്രയോഗം ആവശ്യമില്ലാതെ സമൃദ്ധിയായി കായ്‌കള്‍ തരുന്ന ചെറിയ വൃക്ഷമാണ്‌ പേര. ചിലയിടങ്ങളില്‍ ഇതിനെ അടക്കാപ്പഴം എന്നും വിളിക്കാറുണ്ട്‌. നന്നായി വളം ചെയ്യുകയും വേനല്‍കാലത്തു നനയ്‌ക്കുകയും നല്ല സൂര്യപ്രകാശം ലഭിക്കുകയും ചെയ്‌താല്‍ വിളവ്‌ പതിന്മടങ്ങ്‌ വര്‍ധിക്കും. ആദ്യകാലത്ത്‌ ഇത്‌ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്‌തിരുന്നില്ല. ഒരാളും തന്നെ പേരയ്‌ക്ക പൈസകൊടുത്തു വാങ്ങുന്ന സമ്പ്രദായവുമുണ്ടായിരുന്നില്ല.
ഇന്ത്യയില്‍ ഒന്നര ലക്ഷം ഏക്കറിലധികം പേര കൃഷിചെയ്‌തുവരുന്നുണ്ട്‌. ഉത്തര്‍പ്രദേശിലെ അലഹബാദിലാണ്‌ ഇന്ത്യയില്‍ ഏറ്റവും ഗുണനിലവാരമുള്ള പേരകൃഷിയുള്ളത്‌. ജന്മം കൊണ്ട്‌ അമേരിക്കക്കാരനായ പേര എല്ലാ നാട്ടിലും ഏത്‌ കാലാവസ്ഥയിലും വളരുന്നു. വരള്‍ച്ച നേരിടാനുള്ള കഴിവുമുണ്ട്‌. നട്ടു വളര്‍ത്തി ആവശ്യത്തിനു വളം ലഭിച്ചാല്‍ മൂന്നര വര്‍ഷം മുതല്‍ നാല്‌ വര്‍ഷത്തിനുള്ളില്‍ പുഷ്‌പിക്കാന്‍ തുടങ്ങും. ഫെബ്രുവരി, ജൂണ്‍, ഒക്ടോബര്‍ മാസങ്ങളിലാണ്‌ പുഷ്‌പിക്കുന്നത്‌. പേരമരത്തിന്‌ സാധാരണ ഗതിയില്‍ 30 വര്‍ഷം മുതല്‍ 50 വര്‍ഷം വരെ ആയുസ്സുണ്ട്‌. പഴുത്താല്‍ ചിലയിനത്തിന്‌ അകം നേരിയ മഞ്ഞ നിറവും ചിലത്‌ നേരിയ ചുവപ്പ്‌ നിറവുമാണ്‌. പതിനേഴാം നൂറ്റാണ്ടില്‍ വിദേശ സഞ്ചാരികള്‍ ഇന്ത്യയിലെത്തിച്ച ഇതിന്റെ ശാസ്‌ത്രനാമം `സിഡിയം ഗ്വാജാവ്‌' എന്നാണ്‌.
താരതമ്യേന മറ്റു പഴങ്ങളെ അപേക്ഷിച്ച്‌ വില കുറവാണെങ്കിലും പോഷകഗുണങ്ങളുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. 100 ഗ്രാം പേരയ്‌ക്കയില്‍ അന്നജം 14.5 ശതമാനവും നാര്‌ 6.9 ശതമാനവും, മാംസ്യം 1.5 ശതമാനവും ഇരുമ്പ്‌ ഒരു ശതമാനവും കൊഴുപ്പ്‌ 0.2 ശതമാനവും ഫോസ്‌ഫറസ്‌ 0.4 ശതമാനവും കാത്സ്യം 0.1 ശതമാനവും ജീവകം സി 300 മില്ലിഗ്രാമും ജീവകം ബി 30 മില്ലിഗ്രാമും നിക്കോട്ടിനിക്ക്‌ ആസിഡ്‌ 0.2 മില്ലിഗ്രാമും റീബോഫ്‌ളാവിന്‍ 10 മില്ലിഗ്രാമും അടങ്ങിയിട്ടുണ്ട്‌.
പേരക്ക പച്ചയും പഴുത്തതും പാതി പഴുത്തതും (കരിംപഴുപ്പ്‌) ഉപയോഗിക്കാം. പച്ച പ്രമേഹരോഗികള്‍ക്ക്‌ മരുന്നായും ഉപയോഗിക്കാവുന്നതാണ്‌.
പേരയിലയും പേരമരത്തിന്റെ തോലും ഔഷധഗുണമുള്ളതാണ്‌. പേരയിലയുടെ നീര്‌ ഒന്നാന്തരം വിഷഹര ഔഷധവും, പ്രമേഹഹരവുമാണ്‌. പഴമക്കാരും പുതുമക്കാരും താംബൂല സേവ ചെയ്യുമ്പോള്‍ വെറ്റിലയുടെ ഞരമ്പ്‌ കൈകൊണ്ട്‌ നീക്കാറുണ്ട്‌. അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചെറിയ കീടങ്ങളെ മാറ്റുകയാണ്‌ ലക്ഷ്യം. എന്നാല്‍ അവ എങ്ങനെയെങ്കിലും അകത്തേക്ക്‌ ചെന്നാല്‍ ഛര്‍ദി, മോഹാലസ്യം എന്നിവയുണ്ടാകുന്നു. ഈ സന്ദര്‍ഭത്തില്‍ പേരയില കൊടുക്കുന്നത്‌ നല്ലതാണ്‌.
കുട്ടികളില്‍ ഉണ്ടാകുന്ന ദഹനക്ഷയം, കൃമിരോഗം എന്നീ അസുഖങ്ങള്‍ക്ക്‌ പേരയില നീരില്‍ അല്‍പം ഇഞ്ചിനീരോ ഏലക്കാപൊടിയോ ചേര്‍ത്ത്‌ ആവശ്യത്തിന്‌ മധുരവും ചേര്‍ത്ത്‌ കൊടുത്താല്‍ പെട്ടെന്നാശ്വാസമുണ്ടാവുന്നതാണ്‌. മഞ്ഞളും ഉലുവയും പേരയിലയും കൂട്ടിയരച്ചു ഗോട്ടി വലുപ്പത്തില്‍ ഉരുളകളാക്കിക്കഴിക്കുന്നത്‌ (രണ്ടോ മൂന്നോ പ്രാവശ്യം) പ്രമേഹ ശമനത്തിന്‌ ഉത്തമമാണ്‌. ഇടക്കിടെയുണ്ടാവുന്ന തലവേദനയ്‌ക്ക്‌ പേരയില, അയമോദകവും കുറച്ചു ഏലക്കായയും ചുക്കും പാകത്തിനരച്ചു ചേര്‍ത്തു കഴിച്ചാല്‍ ആശ്വാസമുണ്ടാകും. രോഗപ്രതിരോധത്തിനും രോഗശമനത്തിനും ഒരുപോലെ ഉപയോഗിക്കാന്‍ പറ്റുന്ന, പണച്ചെലവ്‌ തീരെയില്ലാത്ത ഇതിനെ നട്ടുവളര്‍ത്തി സംരക്ഷിക്കേണ്ടത്‌ കാലഘട്ടത്തിനാവശ്യമാണ്‌.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top