ശിശ്യാക്കോ

ബീഫാത്തിമ വാഴക്കാട്‌ No image

മനോഹരമായ കുന്നിന്‍ ചെരിവിലൂടെ നിര്‍മിച്ച വിശാലമായ റോഡുകളിലൂടെ ടാക്‌സി പാഞ്ഞു. ഇടത്‌ ഭാഗം കടല്‍. വിവിധ വ്യവസായ യൂണിറ്റുകള്‍ നീണ്ടു പരന്നു കിടക്കുന്ന കടല്‍തീരത്ത്‌ സ്ഥിതിചെയ്യുന്നു. വലതുഭാഗം കൃഷിഭൂമി. ഹര്‍ഷപുളകിതമായ യാത്ര. ഉയര്‍ന്ന സ്ഥലങ്ങളില്‍ കോണിഫറസ്‌ മരങ്ങള്‍. സമനിരപ്പായ താഴ്‌ഭാഗങ്ങളില്‍ ആപ്പിള്‍ തോട്ടം പൂത്തുലഞ്ഞു നില്‍ക്കുന്നു. ഉയരം കുറഞ്ഞ മരങ്ങളുടെ കമ്പുകള്‍ക്ക്‌ നീളമുണ്ട്‌. പഴുത്ത്‌ പാകമായാല്‍ പിങ്ക്‌ നിറമുള്ള തുടുത്ത ആപ്പിള്‍ പഴങ്ങള്‍ നിലത്ത്‌ നിന്ന്‌ പറിച്ചെടുക്കാവുന്ന കമ്പുകളില്‍ താഴ്‌ന്ന്‌ കിടക്കും. കവിത വിരിയുന്ന കാഴ്‌ചയാണിത്‌. ഇവിടത്തെ മരങ്ങള്‍ കേരളത്തിലെ പോലെ ബലിഷ്‌ഠമായ ഇലകളോ, തടികളോ ഉള്ളവയല്ല. മരുഭൂ സമാനമായ എന്തോ ചിലത്‌ ഇവിടെ അനുഭവപ്പെടും. മരങ്ങളുണ്ടെങ്കിലും അകലങ്ങളിലേക്ക്‌ കണ്ണെത്തും. കുറച്ച്‌ ദൂരത്തെത്തിയപ്പോള്‍ നിരനിരയായി നില്‍ക്കുന്ന വിന്‍ഡ്‌ മില്ലുകള്‍. ഗ്രാമങ്ങളില്‍ കര്‍ഷകര്‍ കൊച്ചു വീടുകളില്‍ അടുത്തടുത്തായി താമസിക്കുന്നു. അവരെകണ്ടാല്‍ ജോലിചെയ്യാന്‍ വേണ്ടി ജീവിക്കുന്നവരാണെന്ന്‌ തോന്നിപ്പോകും. അധ്വാനത്തില്‍ അഭിമാനിക്കുന്നവര്‍, ആരോഗ്യവാന്മാര്‍. വഴിയില്‍ കുറച്ച്‌ സമയം ചെലവിട്ടെങ്കിലും ഒരു മണിക്കൂറിനകം `ശിശ്യാക്കോ' മൃഗശാലയുടെ ഗേറ്റിലെത്തി. സന്ദര്‍ശനം കഴിഞ്ഞ്‌ വിളിക്കുമ്പോള്‍ അരമണിക്കൂറിനകം എത്തുമെന്നറിയിച്ച്‌ ഡ്രൈവര്‍ മിസ്സ്‌വാങ്ങ്‌ തിരിച്ചു പോയി.
നേരത്തെ കണ്ട മൃഗശാലയില്‍ നിന്ന്‌ വ്യത്യസ്‌തമായ അനുഭവമാണിവിടെ. കൂട്ടിലാക്കപ്പെട്ട നിലയിലല്ല മൃഗങ്ങള്‍. ഓരോ വിഭാഗത്തിനും വിശാലമായ ഏരിയകളുണ്ട്‌. ഓരോ ഇനത്തിന്റെയും സ്വഭാവമനുസരിച്ച്‌ തയ്യാറാക്കിയ കളങ്ങള്‍. വിവിധ വര്‍ണങ്ങളിലും രൂപങ്ങളിലുമുള്ള ഉശിരന്‍ സിംഹങ്ങള്‍, നരികള്‍, ഒട്ടകപക്ഷികള്‍, സീബ്ര, മാനുകള്‍ എല്ലാതരവുമുണ്ട്‌. സന്ദര്‍ശകരെ ശല്യപ്പെടുത്തുന്ന കുരങ്ങുകള്‍ക്ക്‌ വിശാലമായ ജയിലുണ്ട്‌. ശിക്ഷയുടെ കാലാവധി പൂര്‍ത്തിയാക്കിയാല്‍ പുറത്തിറങ്ങാം. സ്വാതന്ത്ര്യം പരിമിതപ്പെടുത്തലാണ്‌ ശിക്ഷ. മൃഗശാലയുടെ ഏറെക്കുറെ ഭാഗങ്ങള്‍ ഉയര്‍ന്ന മലക്കു ചുറ്റുമാണ്‌. മലയിലേക്ക്‌ കയറാന്‍ സൗകര്യമുണ്ട്‌. `ശിശ്യാക്കോ' മൃഗശാലയില്‍, മനുഷ്യരെപ്പോലെ ഇരുകാലുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കരടികള്‍ കൗതുകമുണര്‍ത്തുന്ന കാഴ്‌ചയാണ്‌. നല്ല വലിപ്പവും ഭാരവുമുള്ള കഴുകന്മാരെ തൊടാനും തൊട്ടടുത്ത്‌ നില്‍ക്കാനുമെല്ലാം പരിശീലകരുടെ സഹായം ലഭ്യമാണ്‌.
പാമ്പുകള്‍ക്ക്‌ കഴിയാന്‍ കുറ്റിച്ചെടികളും മാളങ്ങളും കൂടുകളും ഒരുക്കിയിരിക്കുന്നു. ആമകള്‍ ചൈനക്കാര്‍ക്ക്‌ ഐശ്വര്യത്തിന്റെ പ്രതീകമാണ്‌. അവര്‍ എറിഞ്ഞുകൊടുത്ത നാണയങ്ങള്‍ വഹിച്ചുകൊണ്ടാണവ നീന്തുന്നതു തന്നെ.
കടല്‍ക്കര വിവിധ കളങ്ങളാക്കിത്തിരിച്ച്‌ ജലജീവികള്‍ക്ക്‌ വസിക്കാന്‍ സൗകര്യപ്പെടുത്തിയിരിക്കുന്നു. സീല്‍, നീര്‍നായ, ഡോള്‍ഫില്‍ തുടങ്ങിയവ ഇവിടെയുണ്ട്‌. ഉയരത്തിലുള്ള അക്വേറിയങ്ങള്‍ക്കിടയിലൂടെ പോകുമ്പോള്‍ കടല്‍ പിളര്‍ന്ന്‌ അതിലൂടെ സഞ്ചരിക്കുകയാണെന്ന്‌ തോന്നും.
വെയ്‌ഹായ്‌ പാര്‍ക്ക്‌
`വെയ്‌ഹായ്‌' സിറ്റിയില്‍ കടലോരത്ത്‌ മൂന്നര കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിച്ചിരിക്കുന്ന പാര്‍ക്കാണിത്‌. 60 മീറ്റര്‍ വീതിയുമുണ്ട്‌. സിറ്റി മെയിന്‍ റോഡിലെ നടപ്പാതയില്‍ നിന്ന്‌ നേരെ പാര്‍ക്കിലേക്ക്‌ കയറാം. ബീച്ച്‌ റോഡില്‍ തൊഴിലാളികളുടെ വണ്ടിയും സൈക്കിളും മാത്രമേ ഓടാന്‍ പാടുള്ളൂ. കടലിനോട്‌ ചേര്‍ന്നുള്ള നടപ്പാതയിലേക്കിറങ്ങാന്‍ സ്റ്റെപ്പുകളുണ്ട്‌. സമനിരപ്പായ പാറക്കല്ലുകള്‍ കടലിലേക്ക്‌ ചരിച്ച്‌ പാകിയിരിക്കുന്നു. അവിടെ യാതൊരു ക്ഷീണവും അനുഭവപ്പെടാത്ത അന്തരീക്ഷനിലയായിരുന്നു.
കോണിഫറസ്‌ മരങ്ങള്‍, സുന്ദരമായ നടപ്പാതകള്‍, വെടിപ്പാര്‍ന്ന ഇരിപ്പിടങ്ങള്‍, നിറപ്പകിട്ടാര്‍ന്ന പൂച്ചെടികള്‍, സൗകര്യപ്രദമായ ടോയ്‌ലറ്റുകള്‍ തുടങ്ങി ശ്രദ്ധയാകര്‍ഷിക്കുന്ന സംവിധാനമാണവിടെ. കടല്‍ അകത്തേക്ക്‌ കയറ്റി നിര്‍ത്തിയ ഇടങ്ങളില്‍ ബോട്ടുകള്‍ വന്നുപോകുന്നത്‌ കാണാം. പാര്‍ക്കിന്റെ മധ്യഭാഗത്ത്‌ വലിയ സ്റ്റേജോടുകൂടിയ ടൈല്‍സ്‌ വിരിച്ച വിശാലമായ ഗ്രൗണ്ടുണ്ട്‌. റഫ്രഷ്‌മെന്റ്‌ സ്റ്റാളുകളും എക്‌സര്‍സൈസ്‌ സൗകര്യവും പാര്‍ക്കിലുണ്ട്‌. അമ്മമാര്‍ ജോലിക്കുപോയ മക്കളെ പ്രാമിലിരുത്തി അമ്മൂമ്മമാര്‍ ഭക്ഷണം കൊടുക്കുന്നത്‌ കണ്ടു. ചൈനക്കാര്‍ക്ക്‌ പ്രത്യേകിച്ച്‌ സിറ്റിയിലുള്ളവര്‍ക്ക്‌ ആണായാലും പെണ്ണായാലും ഒരു കുഞ്ഞേ പാടുള്ളൂ. വീടുകളില്‍ കളിക്കൂട്ടുകാരില്ലാത്ത കുഞ്ഞുങ്ങള്‍ക്ക്‌ മറ്റു കുട്ടികളെ കാണാന്‍ ഇവിടെ അവസരമുണ്ട്‌.
`വെയ്‌ഹായ്‌' പാര്‍ക്കുള്‍പ്പെടെ സിറ്റിയിലെ സ്‌ട്രീറ്റ്‌ ലൈറ്റുകള്‍ക്ക്‌ വിരിഞ്ഞ പൂവിന്റെ ആകൃതിയാണ്‌. പാര്‍ക്കിന്റെ പടിഞ്ഞാറെ അറ്റത്തെ ഹാര്‍ബറില്‍ യാത്രാകപ്പലുകളും ചരക്ക്‌ കപ്പലുകളും ബോട്ടുകളും കാണാം. കടലിനോട്‌ ചേര്‍ന്നുള്ള പ്രകൃതിരമണീയമായ മലകള്‍, കടലിലെ മലകളുള്ള ദ്വീപ്‌ തുടങ്ങിയവ സിറ്റിയുടെ മാറ്റ്‌ കൂട്ടുന്നു. ബുദ്ധപ്രതിമകള്‍ എവിടെയും കാണാം. വാഹനങ്ങളില്‍ പോലും ചെറിയ രൂപങ്ങള്‍ കണ്ടു.
ചൈനയിലെ കുടുംബം
കൃഷിക്കാരായ ഗ്രാമീണര്‍ അവരുടെ തട്ടകങ്ങളില്‍ കഴിയുമ്പോള്‍, അഭ്യസ്‌തവിദ്യരായ മക്കള്‍ സിറ്റിയിലായിരിക്കും. ഗ്രാമീണര്‍ക്ക്‌ ആദ്യകുഞ്ഞ്‌ പെണ്ണാണെങ്കില്‍ രണ്ടാമതൊന്നുകൂടിയാവാം. അത്‌ ആണാണെങ്കിലും പെണ്ണാണെങ്കിലും പിന്നെ പാടില്ല. പ്രായമായവര്‍ പോലും ജോലി ചെയ്‌താണ്‌ ജീവിക്കുന്നത്‌. ചെറുപ്പക്കാരികള്‍ അല്‌പവസ്‌ത്രധാരികളായിവരുന്നു. എന്നാല്‍ രാത്രിപോലും കാല്‍നടയായോ വാഹനങ്ങളിലോ സ്‌ത്രീകള്‍ക്ക്‌ നിര്‍ഭയരായി യാത്ര ചെയ്യാം. പൂവാലന്‍മാരെ എവിടെയും കണ്ടില്ല.
അധ്വാനവും വിനയവും
കഠിനാധ്വാനമാണ്‌ ഇവരെ പുരോഗതിയിലേക്ക്‌ നയിക്കുന്നത്‌. വെയ്‌ഹായിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഒരു വിദേശകുടുംബം ശുചീകരണജോലിക്ക്‌ നിയമിച്ചുകൊടുത്ത സ്‌ത്രീയെപ്പറ്റി ഉടമയോട്‌ പരാതിപ്പെട്ടു. അടുത്ത ആഴ്‌ച മുതല്‍ ഉടമയായ സ്‌ത്രീയാണ്‌ ശുചീകരിക്കാനെത്തിയത്‌. ഇത്തരമൊരു പരിഹാരം അവര്‍ പ്രതീക്ഷിച്ചിരുന്നേയില്ല. വാടകയോടൊപ്പം ശമ്പളവും അവര്‍ സ്വീകരിക്കുന്നു. അപ്പാര്‍ട്ട്‌മെന്റുകളും, ഷോപ്പുകളും വേറെയും ഇവരുടെ ഉടമസ്ഥതയിലുണ്ട്‌ എന്നതാണ്‌ വസ്‌തുത.
ഫ്‌ളാറ്റിന്‌ കേടുപാടുകള്‍ സംഭവിച്ചാല്‍ താമസക്കാരന്‍ ഉടമയെ അറിയിക്കും. അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനെത്തുന്നത്‌ ഉടമയായിരിക്കും. വിദഗ്‌ധസേവനം ആവശ്യമാണെങ്കില്‍ അയല്‍ക്കാരായ വിദഗ്‌ധരെ കൂട്ടി വരും.
യാന്‍തായ്‌
വെയ്‌ഹായിലെ വീട്ടില്‍ നിന്ന്‌ 100 കിലോമീറ്റര്‍ അകലെയാണ്‌ യാന്‍തായ്‌ എയര്‍പോര്‍ട്ട്‌. റോഡിനിരുവശവും മരങ്ങളും, വ്യവസായ ശാലകളും, മീന്‍കൃഷി നടത്താവുന്ന വയലുകള്‍ പോലുള്ള കൊച്ചുകൊച്ചു ജലാശയങ്ങളും കാണാം.വിശാലമായ കൃഷിഭൂമികള്‍ക്കടുത്ത്‌ തന്നെയാണ്‌ നിരനിരയായി പണിത കൊച്ചു വീടുകള്‍ നിറഞ്ഞ ഗ്രാമങ്ങള്‍.
എക്‌സ്‌പ്രസ്‌ വേയിലേക്ക്‌ കയറാനായി വണ്ടി ടോള്‍ ജംഗ്‌ഷനില്‍ നിര്‍ത്തി. ടോള്‍ ഓഫീസര്‍ ഭവ്യതയോടെ ഹലോ പറഞ്ഞ്‌ രസീത്‌ മുറിച്ച്‌ ഡ്രൈവര്‍ക്ക്‌ നല്‍കി. അയാളുടെ തിരിച്ചുള്ള സ്‌നേഹപ്രകടനവും ശ്രദ്ധേയമായിരുന്നു. രണ്ട്‌ വാഹനങ്ങള്‍ക്ക്‌ പോകാവുന്ന വണ്‍വേ റോഡിലൂടെ എയര്‍പോര്‍ട്ടിലെത്തി. അവിടെ യുദ്ധവിമാനങ്ങള്‍ നിര്‍ത്തിയിരിക്കുന്നു. ഇന്ത്യയില്‍ ഫോട്ടോയെടുക്കുന്നതിന്‌ അനുവാദമില്ലെങ്കിലും അവിടെ അതിന്‌ വിലക്കില്ല.
(തുടരും)


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top