യാത്രാ വേളയിലെ സേവകര്‍

ഫെബിന്‍ ഫാത്തിമ No image

ഹസീന

തിരൂരങ്ങാടി സ്വദേശിയായ ഹസീന വയനാട്ടിലെത്തിയത്‌ ഭര്‍ത്താവിന്റെ ബിസിനസ്സ്‌ ആവശ്യാര്‍ഥമാണ്‌. കുടുംബവും കുട്ടികളും കച്ചവടവുമൊക്കെയായി കഴിയുമ്പോഴും ``എന്നും ഇങ്ങനെ ഇരുന്നാല്‍ പറ്റൂലാ... സമൂഹത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം, ഇടക്കെങ്കിലും ആശുപത്രികള്‍ സന്ദര്‍ശിക്കണം. രോഗികളെ സന്ദര്‍ശിക്കുമ്പോഴാണ്‌ പടച്ചവന്‍ നമുക്ക്‌ നല്‍കിയ അനുഗ്രഹങ്ങളെ കുറിച്ച്‌ ഓര്‍മിക്കുക.മരിച്ച്‌ ചെല്ലുമ്പോള്‍ കൂടെ കൊണ്ടുപോകാന്‍ എന്തെങ്കിലുമൊക്കെ വേണം.'' ഭര്‍ത്താവിന്റെ നിരന്തരമുള്ള ഈ വാക്കുകളാണ്‌ കിട്ടുന്ന സമയം ഉപകാരപ്രദമായി ചെലവഴിക്കാന്‍ ഹസീനക്ക്‌ തുണയും പ്രേരണയുമായത്‌.
അങ്ങനെ ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തനമേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തുടങ്ങി. അതിനിടയില്‍ ഹജ്ജിന്‌ പോകാനും അവസരം ലഭിച്ചു. ഭര്‍ത്താവിന്റെ കൂടെയായിരുന്നു യാത്ര. അന്ന്‌ എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്ന്‌ തങ്ങളെ യാത്രയയക്കുന്ന വളണ്ടിയര്‍മാരെ ഹജ്ജ്‌ക്യാമ്പില്‍ കണ്ടപ്പോഴേ മനസ്സില്‍ എനിക്കും ഇങ്ങനെ ഹജ്ജാജികളെ സേവിക്കാനായെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു.
മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ വയനാട്‌ ജില്ലാ പ്രസിഡന്റായ ഫാത്വിമയോടുള്ള പരിചയമാണ്‌ ഈ മേഖലയില്‍ ഹസീനയെ കൊണ്ടെത്തിച്ചത്‌. ഹജ്ജ്‌ വളണ്ടിയര്‍ ക്യാമ്പില്‍ വയനാട്ടില്‍ നിന്നുള്ള പ്രതിനിധിയാണവരിപ്പോള്‍. അമീറിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ ഓരോ നിമിഷവും പ്രവര്‍ത്തിക്കുമ്പോഴും മക്കാ മരുഭൂമിയില്‍ ഹാജറ ബീബി അനുഷ്‌ഠിച്ച ത്യാഗങ്ങളും സമര്‍പ്പണവുമാണ്‌ അവരുടെ മനസ്സു നിറയെ. കഴിഞ്ഞ വര്‍ഷമാണ്‌ ഈ നിയോഗമവര്‍ ഏറ്റെടുത്തതെങ്കിലും മനസ്സില്‍ തട്ടുന്ന ഒരുപാട്‌ ഓര്‍മകള്‍ അവര്‍ക്ക്‌ അയവിറക്കാനുണ്ട്‌. `` ഹജ്ജാജികളായി എത്തുന്ന പ്രായമായ ദമ്പതിമാരുടെ അതിശയിപ്പിക്കുന്ന സ്‌നേഹപ്രകടനങ്ങളെ കുറിച്ചാണ്‌ അതേറെയും.
``സ്‌ത്രീകളും പുരുഷന്മാരും വെവ്വേറെ ക്യാമ്പിലാണ്‌.പരസ്‌പരം കാണാനൊന്നും കഴിയൂല്ല, ഒരാള്‍ വന്നു, ഭാര്യയെ പെട്ടെന്ന്‌ കാണണമെന്നായിരുന്നു ആവശ്യം. അവര്‍ ഭക്ഷണം കഴിച്ചുവെന്ന്‌ ഞങ്ങള്‍ പറഞ്ഞിട്ടൊന്നും അദ്ദേഹത്തിന്‌ തൃപ്‌തി വന്നില്ല. ഞങ്ങളവരെ കൂട്ടിക്കൊണ്ട്‌ വന്നപ്പോള്‍ ആ മുഖത്ത്‌ കണ്ട സന്തോഷം... മടിയില്‍ കരുതിയ ബിസ്‌ക്കറ്റ്‌ ഭാര്യക്ക്‌ കൊടുത്തതിനു ശേഷമേ അയാള്‍ തിരിച്ചു പോയുള്ളൂ. മറ്റൊരാളും ഇതുപോലെ വന്നെങ്കിലും ഭാര്യ നിസ്‌ക്കാരത്തിലായതിനാല്‍ ഉടനെ അവരെ പുറത്തേക്ക്‌ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.`ഓളെ കാണാതിരിക്കാന്‍ എനിക്കാവൂല.. ഞാനിപ്പോ അകത്തേക്ക്‌ വരും.' കുറേ നേരം അസ്വസ്‌തനായ അദ്ദേഹം ഭാര്യയെ കണ്ട ഉടനെ പറയുകയാണ്‌ , `ഞാന്‍ വിചാരിച്ചു നീ മരിച്ചു പോയി എന്ന്‌...'
`പ്രായമായ ആണുങ്ങള്‍ക്കാണ്‌ പെണ്ണുങ്ങളെ കാണാതിരിക്കുമ്പോള്‍ ബേജാറ്‌ കൂടുതല്‍. വീട്ടിലെന്നും ഒന്നിച്ച്‌ കഴിയുന്ന ദമ്പതികള്‍ പെട്ടെന്ന്‌ വേറിട്ടു നില്‍ക്കുമ്പോള്‍ ആ സ്‌നേഹം പടച്ചവന്‍ മനസ്സിലിട്ടു കൊടുക്കുന്ന കാരുണ്യമാണ്‌.'
ആ കാരുണ്യം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത്‌ ഈ വര്‍ഷമാണ്‌. ``75 വയസ്സായ ദമ്പതികള്‍. 50 വര്‍ഷം മുമ്പാണവരുടെ കല്ല്യാണം കഴിഞ്ഞത്‌. അടുത്ത വര്‍ഷം തന്നെ ഭാര്യക്ക്‌ മാനസിക അസ്വാസ്ഥ്യം തുടങ്ങി. മക്കളില്ലാതെ അവരെ അന്നുമുതല്‍ ഇന്നു വരെ ഭക്ഷണമുണ്ടാക്കിയും വസ്‌ത്രങ്ങളലക്കിയും പൂര്‍ണ പരിചരണം നല്‍കിയും സേവിക്കുകയാണ്‌ അവരുടെ നല്ലപാതി. അദ്ദേഹത്തിന്‌ ഒറ്റ ആഗ്രഹമേ ഉള്ളൂ. ഹജ്ജ്‌ കഴിഞ്ഞ്‌ മക്കത്ത്‌ വെച്ച്‌ രണ്ടാളും മരിക്കണം. അല്ലെങ്കില്‍ ആ സ്‌ത്രീയുടെ രോഗം മാറി തിരിച്ചു വരണം. ആ സ്‌നേഹം ഒന്നു കാണേണ്ടതു തന്നെയാണ്‌''. എയര്‍പ്പോര്‍ട്ട്‌ റോഡിലെ ഹജ്ജ്‌ ഹൗസിലിരുന്ന്‌ അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ നാളെ പടച്ചവനില്‍ നിന്നും കിട്ടുന്ന കൂലിയെ കുറിച്ചാണ്‌ അവര്‍ വാചാലയായത്‌. ഹജ്ജാജികളെ വിമാനത്തില്‍ കയറ്റി വിടുമ്പോള്‍ അവരുടെ മുഖത്ത്‌ പ്രാര്‍ഥനാപൂര്‍വം വിരിയുന്ന പുഞ്ചിരി... അതാണവരുടെ കര്‍മസാഫല്യം. |

ആബിദ

മക്ക.. ഹാജറയുടെയും മകന്‍ ഈസ്‌മാഈലിന്റെയും ത്യാഗത്തിന്റെയും കണ്ണീരിന്റെയും നനവുകള്‍ പറ്റിയ മരുഭൂമി. വിശ്വാസിയുടെ ഹൃദയവും കണ്ണും എന്നും അവിടെയാണ്‌. എപ്പോഴാണൊന്നങ്ങോട്ട്‌ യാത്ര...
ഇണയെയും തുണയെയും വിട്ട്‌, കുടുംബവും കുട്ടികളും മറന്ന്‌ ദൈവത്തിന്റെ വിളി കേട്ടൊരു യാത്ര. പിഞ്ചു പൈതലിന്‍ നിഷ്‌ക്കളങ്കതയോടെ തിരിച്ചൊരു മടക്കം. ഈ യാത്രക്കായ്‌ ഹജ്ജ്‌ ക്യാമ്പിലെത്തുന്നവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്‌ പൂര്‍ത്തീകരിക്കാന്‍, അവര്‍ക്ക്‌ വെള്ളവും ഭക്ഷണവും നല്‍കി കിടക്കാനും കുളിക്കാനും സൗകര്യങ്ങളൊരുക്കി വിമാനത്തിലവരെ കയറ്റി വിടും വരെ കാവലിരുന്ന്‌ പരിചരിക്കുന്ന ഒരുപാട്‌ പേരുണ്ടിവിടെ.
2000ല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ്‌ ആദ്യമായി ഹജ്ജ്‌ വളണ്ടിയറായി സ്‌ത്രീകളെ നിയമിച്ചത്‌. മാറമ്പിള്ളി എം.ഇ.എസ്‌ കോളേജില്‍ ആണ്‌ ക്യാമ്പ്‌. അന്ന്‌ മുതലേ ഹജ്ജാജികളായ സ്‌ത്രീകളുടെ കൂടെ ആബിദയുണ്ട്‌. 1996ലാണ്‌ ആബിദ ആദ്യമായി ഹജ്ജിനുപോയത്‌. ദൈവത്തിന്റെ വിളിക്കുത്തരം നല്‍കാനായി പുറപ്പെട്ട വേളയില്‍ ഹജജ്‌ ക്യാമ്പിലെത്തിയതു മുതല്‍ വിമാനം കയറുന്നതു വരെ തങ്ങളെ പരിചരിച്ചവര്‍ നല്‍കിയ സ്‌നേഹാദരങ്ങള്‍ കണ്ടപ്പോള്‍ ആബിദ അവര്‍ക്ക്‌ വേണ്ടി ഒരുപാട്‌ പ്രാര്‍ഥിച്ചിട്ടുണ്ട്‌. അപ്പോള്‍ മുതലേ തോന്നിയതാണ്‌ തനിക്കും ഇങ്ങനെയൊരു അവസരം കിട്ടിയെങ്കില്‍ എന്ന്‌. അത്‌ പടച്ചവന്‍ പൂര്‍ത്തീകരിച്ചുകൊടുത്ത സംതൃപ്‌തിയിലാണ്‌ അവരിന്ന്‌.
എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ക്കാരിയാണ്‌ ആബിദ. മാറമ്പിള്ളി എം.ഇ.എസ്‌ കോളേജിന്റെ അടുത്താണ്‌ അവരുടെ വീട്‌. ആദ്യമായി സ്‌ത്രീകളെ ഹജ്ജ്‌ വളണ്ടിയറായി എടുക്കാന്‍ തീരുമാനിച്ച അന്നു തന്നെ അവരും വളണ്ടിയറായി ചേര്‍ന്നു. പിന്നീടാണ്‌ കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിലേക്ക്‌ മാറ്റിയത്‌. മുപ്പതോളം സ്‌ത്രീകള്‍ വേറെയുമുണ്ടായിരുന്നു. അവരോരോരുത്തരും പടച്ചവന്റെ കൂലി മാത്രം പ്രതീക്ഷിച്ച്‌ രാവും പകലും പ്രവൃത്തിക്കുകയാണ്‌. പന്ത്രണ്ടു വര്‍ഷത്തെ ഈ സേവനത്തിനിടയില്‍ കഴിഞ്ഞ വര്‍ഷം മകളുടെ പ്രസവത്തിന്‌ വേണ്ടിമാത്രമാണ്‌ അവര്‍ മാറി നിന്നത്‌. അവരുടെ ഈ ത്യാഗ സേവനത്തിന്‌ ഭര്‍ത്താവിന്റെയും മക്കളുടെയും പൂര്‍ണ പിന്തുണയും പ്രോത്സാഹനവുമുണ്ട്‌. ജനസേവനം കൊണ്ടു മാത്രമേ പടച്ചവനിലേക്കെത്താന്‍ കഴിയൂ എന്ന്‌ ഉറച്ചു വിശ്വസിക്കുന്നു ആബിദ. പെണ്‍മക്കള്‍ രണ്ടാളെയും മെഡിക്കല്‍ വിഭാഗം പഠിപ്പിക്കാന്‍ വിട്ടതും ഡോക്ടറായ പെണ്‍കുട്ടിയെ മരുമകളായി തെരഞ്ഞെടുത്തതുമൊക്കെ അതുകൊണ്ടാണ്‌.
ഓരോ ഹജ്ജ്‌ കാലത്തും ക്യാമ്പ്‌ തുടങ്ങി അവസാനിക്കുന്നതു വരെ അവരവിടെയുണ്ടാകും. ബിസിനസ്സുകാരനായ ഭര്‍ത്താവും മക്കളും നന്നായി സഹകരിക്കും. ഇപ്രാവശ്യത്തെ ഹജ്ജ്‌ തുടങ്ങിയ അന്നു തന്നെ കോഴിക്കോടേക്കുള്ള വരവില്‍ പൊന്നാനിയിലെത്തിയപ്പോഴാണ്‌ അവരുമായി സംസാരിക്കാനായത്‌.
വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്ന സ്‌ത്രീകളുടെ നേതൃത്വം വഹിക്കുകയാണിപ്പോള്‍ ആബിദ. ഹജ്ജ്‌ ക്യാമ്പില്‍ ഇപ്പോള്‍ മുപ്പത്തിയഞ്ച്‌ പേരാണുള്ളത്‌. അവര്‍ക്ക്‌ ഒരുപാട്‌ അനുഭവങ്ങള്‍ പറയാനുണ്ട്‌. ``ഞാന്‍ വളണ്ടിയറായി പോകാന്‍ തുടങ്ങിയ കാലത്ത്‌ പ്രായമായവരും രോഗികളുമൊക്കെയായിരുന്നു കൂടുതല്‍. ഇന്ന്‌ ചെറുപ്പക്കാരാണ്‌ ഏറെയും പോകുന്നത്‌. അതുകൊണ്ട്‌ കാര്യങ്ങള്‍ പറഞ്ഞ്‌ മനസ്സിലാക്കി കൊടുക്കാന്‍ എളുപ്പമാണെന്നും അവര്‍ പറയുന്നു. അപരിചിതമായ സ്ഥലത്തെത്തി അങ്കലാപ്പില്‍ പെടാതെ ഹജ്ജിനു പോകുന്നവര്‍ക്ക്‌ ആവശ്യമായ റൂമുകള്‍ തിരിച്ച്‌ ഭക്ഷണം, വെള്ളം മറ്റു സൗകര്യങ്ങള്‍ എന്നിവ ഒരുക്കിക്കൊടുക്കുന്നവരാണവര്‍. റിപ്പോര്‍ട്ട്‌ കിട്ടുന്നതനുസരിച്ച്‌ വിമാനത്തിലേക്ക്‌ കയറ്റിവിടും. ആദ്യം വരുന്നവരെ ആദ്യം അക്കമഡേറ്റ്‌ ചെയ്യാനെളുപ്പമാണ്‌. പലരും മാനസികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്നവരായിരിക്കും. ഒരു കുടുംബത്തിലാണ്‌ ഞങ്ങള്‍ താമസിക്കുന്നതെന്ന തോന്നല്‍ അവര്‍ക്കുണ്ടാക്കിക്കൊടുക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും. പ്രായമായ സ്‌ത്രീകള്‍ക്ക്‌ എന്തെങ്കിലും പ്രയാസമുണ്ടായാല്‍ അത്‌ കാണുന്ന ഞങ്ങള്‍ക്കും ഭയങ്കര പ്രയാസമാണ്‌. പല സാധനങ്ങളും മറന്നുവെക്കുന്നവരും കൊണ്ട്‌ വരാത്ത സാധനങ്ങള്‍ക്ക്‌ മറ്റുള്ളവരെ സംശയിക്കുന്നവരും ഏറെയുണ്ട്‌. ഭക്തികൊണ്ട്‌ എനിക്ക്‌ പോകാന്‍ പറ്റുമോ ഇല്ലേ എന്ന സംശയത്താല്‍, വസ്‌വാസ്‌ കൊണ്ട്‌ മതിഭ്രമം വരെ ബാധിച്ചുപോയവരെയുമൊക്കെ അവിടെ കണ്ടിട്ടുണ്ട്‌.'' ആബിദ പറയുന്നു അവസാന വ്യക്തിയെയും വിമാനത്തില്‍ പറഞ്ഞ്‌ വിട്ടതിനു ശേഷം മാത്രമേ ആബിദ അവിടെ നിന്ന്‌ മടങ്ങൂ. അതിനിടയില്‍ വീട്ടിലുണ്ടാകുന്ന ഏത്‌ പ്രശ്‌നത്തെയും നേരിടാന്‍ ഭര്‍ത്താവും മക്കളും തയ്യാറാണ്‌. |

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top