വനിതാ ശിശുക്ഷേമത്തിന്ന്‌ ഇതോ മാര്‍ഗം

ഫൗസിയ ഷംസ്‌ No image

ബീന സെബാസ്റ്റ്യന്‍
വനിതാ കോഡ്‌ ബില്‍ കമ്മറ്റി മെമ്പര്‍ ഡോ: ടി.എന്‍ സീമ
ജനാധിപത്യ മഹിളാ അസോസിയേഷന്‍

ജസ്റ്റിസ്‌ വി.ആര്‍ കൃഷ്‌ണയ്യരുടെ നേതൃത്വത്തില്‍ സ്‌ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന്‌ വേണ്ടി സമര്‍പ്പിക്കപ്പെട്ട ബില്ലിനോട്‌ യോജിപ്പാണുള്ളത്‌. പക്ഷേ ഇപ്പോള്‍ വിവാദമായിരിക്കുന്ന അതിലെ ഒന്നാം അധ്യായത്തിനോടുള്ള എന്റെ വിയോജിപ്പ്‌ അന്ന്‌ തന്നെ ഞാന്‍ രേഖാമൂലം എഴുതിക്കൊടുത്തിരുന്നു.
ജനസംഖ്യാ നിയന്ത്രണം നിയമം മൂലം അടിച്ചേല്‍പിക്കേണ്ടതല്ല. കുട്ടികള്‍ എത്രവേണമെന്ന്‌ തീരുമാനിക്കാനുളള അവകാശം മാതാപിതാക്കള്‍ക്കാണ്‌. രണ്ട്‌ വേണോ അഞ്ച്‌ വേണോ എന്ന്‌ അവരാണ്‌ നിശ്ചയിക്കേണ്ടത്‌. കുട്ടികള്‍ എന്നത്‌ സ്‌ത്രീയെ മാത്രം ബാധിക്കുന്നതല്ല. പക്ഷേ സ്‌ത്രീയുടെ മാനസികവും ശാരീരികവുമായ ആരോഗ്യസ്ഥിതിയും കണക്കിലെടുക്കണം. സിസേറിയന്‍ പോലുള്ള അവസരങ്ങളില്‍ കൂടുതല്‍ പ്രസവിക്കാന്‍ ആവില്ല. അതിന്‌ നിര്‍ബന്ധിക്കരുത്‌.
പക്ഷേ രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നത്‌ നിരോധിച്ചില്ലെങ്കില്‍ നമ്മുടെ സമ്പദ്‌ വ്യവസ്ഥയും സാമൂഹിക വ്യവസ്ഥിതിയും താറുമാറാകുമെന്ന്‌ പറയുന്നത്‌ തീര്‍ത്തും തെറ്റാണ്‌. നമ്മുടെ ഏറ്റവും വലിയ ശേഷി തന്നെ മനുഷ്യ വിഭവമാണ്‌. രണ്ട്‌ മക്കള്‍ മതിയെന്ന്‌ തീരുമാനിച്ച പല യൂറോപ്യന്‍ രാജ്യങ്ങളും അവരുടെ ഉത്‌പാദനമേഖലയെ പരിപോഷിപ്പിക്കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും മനുഷ്യവിഭവശേഷി ഇറക്കുമതി ചെയ്യുകയാണ്‌. ഇത്തരമൊരു അനുഭവമായിരിക്കും നമ്മെ കാത്തിരിക്കുക. പല യൂറോപ്യന്‍ രാജ്യങ്ങളും ചെനയും ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. ഒരു കുടുംബത്തിനും അംഗീകരിക്കാന്‍ കഴിയാത്ത തീരുമാനങ്ങളാണ്‌ അവര്‍ നടപ്പിലാക്കിയത്‌. അവിടുത്തെ അമ്മമാരുടെ വേദന എനിക്കറിയാം. അവര്‍ക്കത്‌ പരസ്യമായി പ്രകടിപ്പിക്കാന്‍ ആവില്ല. പക്ഷേ പലരും സ്വകാര്യ സംഭാഷണങ്ങളില്‍ ആ വേദന തുറന്നു പറഞ്ഞവരാണ്‌. മതങ്ങളുടെ കര്‍ശന നിയന്ത്രണമുണ്ടായിട്ടും നമ്മുടെ നാട്ടില്‍ എല്ലാ മത സമുദായക്കാരും ജനനനിയന്ത്രണം സ്വമേധയാ വരിച്ചവരാണ്‌. ഇതിന്റെ ദുരിതഫലം നാം അനുഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട്‌. നമ്മുടെ സ്റ്റാറ്റിസ്റ്റിക്‌ പ്രകാരം ജനസംഖ്യയില്‍ വൃദ്ധന്മാരാണ്‌ കൂടുതലും. യുവത്വം ഇല്ലാത്ത ഒരു ജനതയായി നാം മാറുകയാണ്‌. അത്‌ കുടുംബത്തെയും സമൂഹത്തെയും താറുമാറാക്കും.
റിപ്പോര്‍ട്ട്‌ ഗണ്‍മെന്റിനു സമര്‍പ്പിച്ചിരിക്കേ ഇനി അഭിപ്രായം പറയാന്‍ എനിക്ക്‌ അവകാശമില്ല. ഇതില്‍ വേവലാതിപ്പെടാനില്ല. ഇതൊരു ഡ്രാഫ്‌റ്റ്‌ മാത്രമാണ്‌. അവസാന വാക്കല്ല. അഭിപ്രായം പറയേണ്ടവര്‍ക്കെല്ലാം- ഇതിനോട്‌ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും മതരാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവര്‍ക്കും പൊതുജനങ്ങള്‍ക്കുമെല്ലാം പറയാനുള്ളത്‌ കേട്ടതിനു ശേഷം മാത്രമേ ബില്ല്‌ പ്രാവര്‍ത്തികമാവുകയുള്ളൂ. അതാണ്‌ ജനാധിപത്യപരവും.

ഡോ: ടി.എന്‍ സീമ
ജനാധിപത്യ മഹിളാ അസോസിയേഷന്‍

ജസ്റ്റിസ്‌ വി. ആര്‍ കൃഷ്‌ണയ്യരുടെ നേതൃത്വത്തില്‍ സര്‍ക്കാറിന്‌ സമര്‍പ്പിച്ച വനിതാ കോഡ്‌ ബില്ലിനോട്‌ തീരെ യോജിപ്പില്ല. ഇത്തരം ഒരു ബില്ലിന്റെ ആവശ്യം സംശയം ജനിപ്പിക്കുന്നുണ്ട്‌. നിലവില്‍ വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി ധാരളം നിയമങ്ങള്‍ നിലവിലുണ്ട്‌. നിലവിലുള്ള നിയമങ്ങളുടെ കാര്യക്ഷമതയെയും പ്രയോഗവത്‌കരണത്തെയും കുറിച്ച ആലോചനയും അത്‌ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളുമാണ്‌ യഥാര്‍ഥത്തില്‍ വേണ്ടത്‌.
ഈ ബില്ലില്‍ ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച പരാമര്‍ശങ്ങള്‍ അമ്മമാരുടെ ജനാധിപത്യ അവകാശങ്ങള്‍ക്ക്‌ എതിരാണ്‌. കുട്ടികള്‍ വേണോ വേണ്ടയോ, എത്ര കുട്ടികള്‍ വേണം, എപ്പോള്‍ വേണം എന്ന്‌ തീരുമാനിക്കാനുളള അവകാശം മാതാപിതാക്കള്‍ക്കാണ്‌. കുട്ടികള്‍ കൂടുതലുള്ളവര്‍ക്ക്‌ സര്‍ക്കാര്‍ ആനുകൂല്യം നിഷേധിക്കുമെന്ന്‌ പറയുന്നത്‌ ജനാധിപത്യ സമൂഹത്തിന്‌ യോജിച്ചതല്ല. ഫലപ്രദമായ രീതിയില്‍ ജനസംഖ്യാ നിയന്ത്രണം നടന്ന സംസ്ഥാനമാണ്‌ കേരളം. അതിനനുസൃതമായ രീതിയിലുള്ള കാമ്പയിനൊ മറ്റോ അല്ലാതെ ഇത്തരത്തില്‍ ജനസംഖ്യാ നിയന്ത്രണ നിര്‍ദേശം മുന്നോട്ട്‌ വെക്കുന്നത്‌ ബാലിശമാണ്‌. ഇത്‌ സമൂഹത്തിലെ ചില പ്രത്യേക ജനവിഭാഗങ്ങളെ ഒറ്റപ്പെടുത്തി കാണുന്നതിനുള്ള ശ്രമമാണോ എന്ന ആശങ്കയും ഉണ്ടാവുകയാണ്‌. ഏതെങ്കിലും തരത്തിലുള്ള പൊതു ചര്‍ച്ചക്കോ വനിതാ സംഘടനകളുമായുള്ള ആശയ വിനിമയത്തിനോ ഈ വിഷയം വിധേയമാക്കിയിട്ടില്ല.
യൂറോപ്യന്‍ രാജ്യങ്ങളില്‍ പലതും ക്ഷേമരാഷ്ട്രത്തിന്റെ ഭാഗമായി ജനന നിയന്ത്രണം നടത്തിയിട്ടുണ്ട്‌ എന്നത്‌ ശരിയാണ്‌. അതിനെ ജനസംഖ്യ കൂടിയ രാജ്യങ്ങളായ ഇന്ത്യയും ചൈനയുമായി താരതമ്മ്യപ്പെടുത്തേണ്ട ആവശ്യമില്ല. രാജ്യത്തിന്റെ ക്ഷേമത്തിന്‌ എന്ന്‌ പറയുന്നതില്‍ തന്നെ രണ്ടു വശമുണ്ട്‌.
ഒന്നാമതായി ജനസംഖ്യാ നിയന്ത്രണം ആവശ്യമാണ്‌. അത്‌ രാജ്യത്തിന്റെയും കുടുംബത്തിന്റെയും സ്‌ത്രീകളുടെയും ക്ഷേമത്തിനു തന്നെയാവണം. ഉദാഹരണമായി, സ്‌ത്രീകളെ വീട്ടു ജോലികളില്‍ മാത്രം തളച്ചിടാതെ മറ്റ്‌ ജോലികളിലേക്ക്‌ മോചിപ്പിക്കാന്‍ വേണ്ടി ജനനനിയന്ത്രണം വെക്കാം. പക്ഷേ അത്‌ അഛനമ്മമാരാണ്‌ തീരുമാനിക്കേണ്ടത്‌.
രണ്ടാമതായി. ദാരിദ്ര്യത്തിന്‌ കാരണം ജനസംഖ്യാ പെരുപ്പമാണ്‌ എന്ന വാദം മുതലാളിത്ത കൂട്ടായ്‌മകളുടെതാണ്‌. കൂടുതലാളുകള്‍ ഉണ്ടാകുന്നത്‌ കൊണ്ടല്ല; കുറച്ചുപേര്‍ ഭൂരിപക്ഷം പേരുടെ സമ്പത്തും കൈയ്യടക്കി വെക്കുന്നതുകൊണ്ടാണ്‌ ദാരിദ്ര്യം ഉണ്ടാകുന്നത്‌. മൂന്നാമതൊരു കുട്ടികൂടി ഉണ്ടായിപ്പോയി എന്നതിനാല്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ പലതും നിഷേധിക്കുന്നത്‌ പുരോഗമനമെന്നവകാശപ്പെടുന്ന ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന സമൂഹത്തിന്‌ ചേര്‍ന്നതല്ല. യഥാര്‍ഥത്തില്‍ ഇത്‌ സ്‌ത്രീ വിരുദ്ധമാണ്‌. കാരണം പല കുടുംബത്തിലും എത്ര കുഞ്ഞുങ്ങള്‍ വേണമെന്ന്‌ തീരുമാനിക്കാനുള്ള അവകാശം സ്‌ത്രീകള്‍ക്കില്ല. ദാരിദ്ര്യമുള്ള കുടുംബത്തിലാണ്‌ കുഞ്ഞുങ്ങളും കൂടുതലുള്ളത്‌. കേന്ദ്രസര്‍ക്കാര്‍ 50 ശതമാനം സംവരണം കൊണ്ടു വന്നപ്പോള്‍ അതില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ മത്സരിക്കാന്‍ പാടില്ല എന്ന നിര്‍ദേശം തര്‍ക്കത്തിനു കാരണമായി. അതിനെ പുരുഷന്മാര്‍ മറികടന്നത്‌ കുട്ടികള്‍ തങ്ങളുടേതല്ല എന്ന്‌ പറഞ്ഞാണ്‌. രണ്ടില്‍ കൂടുതല്‍ കുട്ടി പിറന്നാല്‍ പല പിതാക്കളും ഉത്തരവാദിത്വം ഒഴിയും. ദാരിദ്ര്യത്തെയാണ്‌ ശിക്ഷിക്കുന്നത്‌. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ വേണ്ട എന്ന്‌ തീരുമാനിച്ചിട്ടും മൂന്നാമത്‌ ഗര്‍ഭിണിയാവുകയും ഗര്‍ഭചിദ്രം നടത്താന്‍ അവളുടെ ശാരീരിക അവസ്ഥ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍പോലും ശിക്ഷ ഭയന്ന്‌ അതിന്‌ തയ്യാറാകേണ്ടി വരും. ഇതൊക്കെ ശാരീരികവും മാനസികവുമായ പീഡനം ഉണ്ടാക്കും. ഇതൊക്കെ സ്‌ത്രീകളോട്‌ ചെയ്യുന്ന ക്രൂരതയാണ്‌. നിലവിലുള്ള ജനന നിയന്ത്രണമാര്‍ഗങ്ങള്‍ സത്രീകളിലേക്ക്‌ പരിമിതപ്പെടുത്താതെ ഏറ്റവും സുരക്ഷിതവും സമയക്കുറവും ഉള്ള പുരുഷ വാസക്ടമി പ്രോത്സാഹിപ്പിക്കുകയാണ്‌ ചെയ്യേണ്ടിയിരുന്നത്‌. യഥാര്‍ഥത്തില്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി എന്ന്‌ പറഞ്ഞ്‌ നിലവില്‍ വരുന്ന നിയമങ്ങളൊക്കെയും സ്‌ത്രീ വിരുദ്ധം തന്നെയാണ്‌.
കൃഷ്‌ണയ്യര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ മറ്റൊരു നിര്‍ദേശമായ വിധവാ സംരക്ഷണവും ഏറെ ഏതിര്‍ക്കെപ്പടേണ്ടതാണ്‌. വിധവയെ മാതാപിതാക്കള്‍ സംരക്ഷിക്കണമെന്നാണ്‌ അതില്‍ പറയുന്നത്‌. ഇത്‌ മരിച്ച ഭര്‍ത്താവില്‍ നിന്നും കിട്ടേണ്ട സ്വത്തുക്കള്‍ ഇല്ലാതാക്കാനും സ്വയം ജോലി ചെയ്യാനും സാമൂഹ്യബോധം ഉണ്ടാക്കാനും തടസ്സമാകും. ഫ്യൂഡല്‍ മുതലാളിത്ത പുരുഷാധിപത്യ ചിന്തയയാണിതൊക്കെ.മൊത്തത്തില്‍ പൊതു ചര്‍ച്ചക്ക്‌ വിധേയമാക്കാത്ത ഇതിലെ നിര്‍ദേശങ്ങളൊക്കെയും ജനാധിപത്യ വിരുദ്ധമാണ്‌. അംഗീകരിക്കാനാവില്ല.


ക്യാപ്‌റ്റന്‍ സറീന നവാസ്‌
വനിതാ കോഡ്‌ ബില്‍ കമ്മിറ്റി അംഗം
കേരളത്തിലെ സ്‌ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും അവകാശസംരക്ഷണത്തിനും വേണ്ടി, നിലവിലുള്ള നിയമങ്ങളിലെ ന്യൂനതകള്‍ പരിഹരിച്ച്‌ ഫലപ്രദമായ പുതിയ നിയമനിര്‍മാണത്തിന്‌ ഉതകുന്ന വിധത്തില്‍ സര്‍ക്കാറിന്‌ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപീകൃതമായതാണ്‌ ``കമ്മീഷന്‍ ഫോര്‍ ദി റൈറ്റ്‌സ്‌ ആന്റ്‌ വെല്‍ഫെയര്‍ ഓഫ്‌ വിമണ്‍ ആന്റ്‌ ചിന്‍ഡ്രന്‍.'' ജസ്റ്റിസ്‌ വി.ആര്‍ കൃഷ്‌ണയ്യര്‍ അധ്യക്ഷനായി കമ്മീഷനെ നിയമിച്ചത്‌ മുന്‍ സര്‍ക്കാറിന്റെ കാലത്തുള്ള സാമൂഹ്യക്ഷേമ വകുപ്പാണ്‌. അംഗങ്ങളില്‍ ഭൂരിപക്ഷവും എറണാകുളത്തും പരിസരത്തും താമസിക്കുന്നവരായിരുന്നു. ജസ്റ്റിസ്‌ കൃഷ്‌ണയ്യറുടെ വസതിയില്‍ തന്നെയായിരുന്നു കമ്മീഷന്‍ ഓഫീസ്‌ പ്രവര്‍ത്തിച്ചിരുന്നത്‌ എന്നതാണ്‌ ഇതിനു കാരണം. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ്‌. സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍ കമ്മീഷന്‍ തുടരണമോ വേണ്ടയോ എന്ന്‌്‌ ചെയര്‍മാന്‍ അന്വേഷിക്കുകയും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തുടരാനനുവാദം നല്‍കുകയും ഞാന്‍ കൂടി ഉള്‍പ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാറിന്‌ സമര്‍പ്പിക്കുകയും ചെയ്‌തു.
റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച്‌ ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ദൃശ്യമാധ്യമങ്ങളില്‍ ഫ്‌ളാഷ്‌ ന്യൂസ്‌ പുറപ്പെട്ടപ്പോഴാണ്‌ ഇത്തരമൊരു വിവാദം എന്റെ ശ്രദ്ധയില്‍ പെട്ടത്‌. മിനുട്ടുകള്‍ക്കകം വിവാദം കത്തിപ്പടര്‍ന്നത്‌ എന്നെ അത്ഭുതപ്പെടുത്തി. റിപ്പോര്‍ട്ട്‌ നല്ലതായാലും മോശമായാലും ഞാനുള്‍പ്പെടെ കമ്മീഷനംഗങ്ങള്‍ക്ക്‌ കൂട്ടുത്തരവാദിത്വമുണ്ട്‌. അതില്‍ നിന്നും വിട്ടുനില്‍ക്കാനാവില്ല. ചില്ലിക്കാശുപോലും ഫ്രതിഫലം പറ്റാതെയാണ്‌ കമ്മീഷനിലെ മുഴുവന്‍ അംഗങ്ങളും പ്രവര്‍ത്തിച്ചത്‌. കൂടുതല്‍ സിറ്റിംഗുകള്‍ നടത്തി പൊതുസമൂഹത്തിനു മുന്നില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നുവെങ്കില്‍ ഈ വിവാദം ഒഴിവാക്കാമായിരുന്നു. ജീവിത നിലവാരം വര്‍ധിക്കുന്നതിനനുസരിച്ച്‌ ജീവിതച്ചെലവും കൂടുമെന്ന്‌ എടുത്തുപറയേണ്ടതില്ലല്ലോ. ചെറിയ കുടുംബമാണെങ്കില്‍ പരിമിതമായ വരുമാനം കൊണ്ട്‌ തട്ടിമുട്ടി കഴിയാം. നല്ല വരുമാനമാര്‍ഗമുണ്ടെങ്കില്‍ കുടുംബത്തിലെ അംഗസംഖ്യ കൂട്ടുന്നതില്‍ തെറ്റില്ലെന്നാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം. വിവാദ പരാമര്‍ശങ്ങളടങ്ങിയ വിഷയം നിയമജ്ഞര്‍ക്കേ കൈകാര്യം ചെയ്യാനാവൂ. 15 വര്‍ഷത്തോളം കരസേനയില്‍ സേവനമനുഷ്‌ഠിച്ച ഒരു ക്യാപ്‌റ്റനാണ്‌ ഞാനെങ്കിലും ഒരു കുടുംബിനി എന്ന നിലക്കാണ്‌ കമ്മീഷനില്‍ അംഗമാകാന്‍ സാധിച്ചത്‌.
കഴിഞ്ഞ രണ്ടാഴ്‌ചയോളമായി നിരന്തരം വന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍, പ്രതിഷേധങ്ങള്‍, പ്രകോപനങ്ങള്‍, വിമര്‍ശനങ്ങള്‍ എന്നിവ ഞാന്‍ മൗനമായി ദൂരെ നിന്നും വീക്ഷിക്കുകയായിരുന്നു. ആ വിവാദങ്ങള്‍ എന്നെ വളരെയധികം വിഷമിപ്പിച്ചു. പരാമര്‍ശങ്ങള്‍ പിന്‍വലിച്ച്‌ വിവാദത്തിന്‌ വിരാമമിടുന്നതായിരിക്കും അഭികാമ്യം എന്നും വിവാദപരാമര്‍ശങ്ങള്‍ പിന്‍വലിച്ച്‌ സര്‍ക്കാറിന്‌ കത്തെഴുതുന്ന കാര്യം പരിഗണിക്കണമെന്നും അദ്ദേഹത്തോട്‌ ഫാക്‌സ്‌ സന്ദേശത്തിലൂടെ ഞാന്‍ അഭ്യര്‍ഥിക്കുകയുണ്ടായി. എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതിലൂടെ കമ്മീഷന്‍ സ്വമേധയാ ഇല്ലാതായി. ഇനി തിരുത്തലുകളും മാറ്റങ്ങളും വരുത്തണമെങ്കില്‍, നിയമപരമായി സര്‍ക്കാറിനു മാത്രമേ കഴിയൂ.
ഒരുദ്യോഗാര്‍ഥി പരീക്ഷ എഴുതി പേപ്പര്‍ ഉത്തരവാദപ്പെട്ടവരെ ഏല്‍പ്പിച്ചു പോന്ന ശേഷം പുറത്ത്‌ സഹപാഠികളുമായി ചര്‍ച്ചചെയ്യുമ്പോള്‍ ഉത്തരമൊന്നു മാറ്റിയെഴുതിയോലോ എന്ന്‌ വിചാരിച്ചാല്‍ നടക്കുമോ? അതാണിപ്പോഴത്തെ അവസ്ഥ. സര്‍ക്കാര്‍ എന്തു ചെയ്യുമെന്ന്‌ കാത്തിരുന്ന്‌ കാണാം. പൊതുജനഹിതത്തിനെതിരായി യാതൊന്നും സര്‍ക്കാര്‍ നടപ്പിലാക്കില്ല എന്നാണെന്റെ വിശ്വാസം.
|

 ഖമറുന്നിസ അന്‍വര്‍
മുന്‍ വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍
ജസ്റ്റിസ്‌ വി.ആര്‍ കൃഷ്‌ണയ്യരെ പോലെയുള്ളവരില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാന്‍ പറ്റാത്ത നിയമമാണിത്‌. മനുഷ്യത്വരഹിതമായ ഒരു ചിന്തയായിപ്പോയി ഇത്‌. കുട്ടികളോടും രക്ഷിതാക്കളോടും ചെയ്യുന്ന അനീതിയാണിത്‌. ഈ തലമുറയോട്‌ മാത്രമല്ല അടുത്ത തലമുറയോടും ചെയ്യുന്ന അനീതിയാണിത്‌. ആരെയും അടിച്ചേല്‍പ്പിക്കേണ്ട ഒരു കാര്യമല്ല ഇത്‌. ആരുടെ ശുപാര്‍ശയായാലും ഇത്‌ അംഗീകരിക്കാനാവില്ലെന്ന്‌ കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പു മന്ത്രി ഗുലാം നബി ആസാദ്‌ ഉറപ്പു തന്നതുകൊണ്ടാണ്‌ കൂടുതല്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും മുതിരാത്തത്‌. പൊതു ചര്‍ച്ചയും സംവാദവുമൊന്നും നടത്താതെ ഇത്തരമൊരു റിപ്പോര്‍ട്ട്‌ സര്‍ക്കാറിലേക്ക്‌ സമര്‍പ്പിക്കാന്‍ ആരാണ്‌ അദ്ദേഹത്തെ ചുമതലപ്പെടുത്തിയതെന്നും എന്തിനാണെന്നും സംശയമുണ്ട്‌. മുന്‍സര്‍ക്കാര്‍ ചെയ്‌തതിന്റെ പാപം പേറാന്‍ നിലവിലെ സര്‍ക്കാറോ ജനങ്ങളോ ബാധ്യസ്ഥരല്ല.
ദാരിദ്ര്യത്തിന്‌ കാരണം ജനസംഖ്യയാണെന്ന്‌ പറഞ്ഞ്‌ മക്കളെ കൊല്ലാന്‍ ശുപാര്‍ശ ചെയ്യുന്ന കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ദൈവികതക്ക്‌ എതിരാണ്‌. ദാരിദ്ര്യം ഭയന്ന്‌ മക്കളെ കൊല്ലരുതെന്നാണ്‌ ദൈവം പറഞ്ഞത്‌. ദാരിദ്ര്യവും സമ്പന്നതയുമൊന്നും മനുഷ്യന്‍ വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല. ദാരിദ്ര്യം ഭയന്ന്‌ ജനസംഖ്യ കുറച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ തെറ്റ്‌ മനസ്സിലാക്കി. ജനസംഖ്യ കൂട്ടാനുള്ള അവരുടെ ശ്രമങ്ങള്‍ പല പ്രകൃതിക്ഷോഭങ്ങളും വന്ന്‌ തകിടം മറിയുകയാണ്‌. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക്‌ സര്‍ക്കാര്‍ ആനുകൂല്യം നിഷേധിക്കുന്നത്‌ പൗരന്റെ ജനാധിപത്യാവകാശം നിഷേധിക്കലാണ്‌.
കുട്ടികള്‍ എന്നത്‌ സ്‌ത്രീയെ മാത്രം ബാധിക്കുന്ന പ്രശ്‌നമാണോ? കുടുംബത്തില്‍ പുരുഷനും തുല്യ ബാധ്യതയുണ്ട്‌ എന്നിട്ടും വനിതാ കോഡ്‌ എന്ന്‌ ഇതിന്‌ പേരിടാന്‍ എന്താണ്‌ കാരണം? കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും ഇത്തരം ശുപാര്‍ശ ഉണ്ടായതായി അറിയില്ല. രാഷ്ട്രീയമായ വല്ല ഗൂഢലക്ഷ്യവും ഇതിനു പിന്നിലുണ്ടോ എന്ന്‌ സംശയിച്ചുപോവുകയാണ്‌. ഞാന്‍ പത്ത്‌ പതിനഞ്ച്‌ വര്‍ഷത്തോളം വനിതാ ക്ഷേമ വകുപ്പില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അന്നൊന്നും ഇത്തരമൊരു നിര്‍ദേശം വന്നിരുന്നില്ല. സ്വയം പോലീസ്‌ ചമയുന്ന അമേരിക്കയടക്കമുള്ള വിദേശ ശക്തികള്‍ മറ്റു രാജ്യങ്ങളിലെ ജനസംഖ്യയില്‍ വല്ലാത്ത അലോസരം കാണുന്നവരാണ്‌. ആരാണ്‌ ഇതിനു പിന്നില്‍ എന്ന്‌ മനസ്സിലാവുന്നില്ല.

കെ.ആര്‍ മീര
എഴുത്തുകാരി
ബില്ലിനെകുറിച്ചുള്ള വ്യക്തമായ ചിത്രം നമുക്ക്‌ ഇതുവരെ കിട്ടിയിട്ടില്ല. എന്റെ കാഴ്‌ചപ്പാടില്‍ എത്ര കുട്ടികള്‍ വേണമെന്നല്ല, ജനിക്കുന്ന കുട്ടികളെല്ലാം സുരക്ഷിതരായി ആരോഗ്യമുള്ളവരായി സ്‌നേഹമുള്ള കുടുംബങ്ങളില്‍ വളരുന്നതിനുള്ള ആരോഗ്യകരമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കണം എന്നതിലാണ്‌ ഭരണകൂടം ശ്രദ്ധിക്കേണ്ടത്‌. അങ്ങനെയാണെങ്കില്‍ പൗരന്മാരുടെ എണ്ണം എത്രയായാലും പ്രശ്‌നമില്ല. അത്തരം കുട്ടികള്‍ സമൂഹത്തിന്റെ സ്വത്താണ്‌.രാഷ്‌ട്രത്തിന്റെ ശേഷിയാണ്‌. അതുറപ്പുവരുത്താതെ എണ്ണത്തില്‍ മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തിയതുകൊണ്ട്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ ക്ഷേമം ഉണ്ടാകുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. എത്ര വേണമെന്ന്‌ തീരുമാനിക്കാനുളള അവകാശം മാതാപിതാക്കള്‍ക്കാണ്‌. നമ്മുടെ നാട്ടില്‍ സ്‌ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള പീഡനവും ക്രൂരതയും നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്‌. സ്‌ത്രീകള്‍ക്ക്‌ കുടുംബത്തിലും സമൂഹത്തിലും പരിരക്ഷ ഉണ്ടാവുന്നില്ല. കുടുംബജീവിതത്തെ കുറിച്ചും ദാമ്പത്യത്തെകുറിച്ചും സ്‌ത്രീകളോടുള്ള പെരുമാറ്റത്തെ കുറിച്ചുമുള്ള ക്രിയാത്മകമായ ചര്‍ച്ചകളോ നടപടികളോ ഒന്നും ഇവിടെ ഇല്ല. കുട്ടികള്‍ എത്രവേണമെന്നും എപ്പോള്‍ വേണമെന്നും തീരുമാനിക്കാനുള്ള മാനസിക പക്വത ദമ്പതികള്‍ക്ക്‌ നല്‍കുന്ന തരത്തിലുള്ള ബോധവത്‌ക്കരണവും ഇല്ല.
ഒറ്റനോട്ടത്തില്‍ തന്നെ വളരെയേറെ ചര്‍ച്ച ചെയ്യപ്പെടേണ്ട പല വിഷയങ്ങളേയും മാറ്റി നിര്‍ത്തുകയാണിവിടെ. യഥാര്‍ഥത്തില്‍ വനിതാ കോഡ്‌ ബില്ലിലൂടെ വരേണ്ടിയിരുന്നത്‌ അതൊക്കെയായിരുന്നു എന്നാണ്‌ എന്റെ അഭിപ്രായം.
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെ ആനുകൂല്യം നിഷേധിക്കുമെന്ന്‌ പറയുന്നത്‌ അടിയന്തരാവസ്ഥയെ അനുസ്‌മരിപ്പിക്കുന്നു. കേരളത്തില്‍, വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും മുന്നോക്കം നില്‍ക്കുന്നവരില്‍ സന്താന നിയന്ത്രണം സ്വമേധയാ നടപ്പിലായതായാണ്‌ കാണുന്നത്‌.കുഞ്ഞുങ്ങള്‍ കൂടുതലുള്ളവര്‍ ഈ നേട്ടങ്ങളൊന്നും എത്തിപ്പിടിക്കാന്‍ കഴിയാത്തവരാണ്‌. രാഷ്‌ട്ര പുരോഗതിയും പൗരക്ഷേമവും ഉറപ്പുവരുത്തേണ്ടത്‌ അവരെക്കൂടി കണക്കിലെടുത്തുകൊണ്ടുവേണം. അതിനു പാകത്തില്‍ അവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കണം. രാഷ്‌ട്രനന്മക്ക്‌ വേണ്ടിയാണ്‌ ഇത്തരം കാര്യങ്ങളെന്ന്‌ ബോധവത്‌ക്കരിക്കുകയാണ്‌ ആദ്യം വേണ്ടത്‌. അല്ലാതെ ഇത്തരം നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയല്ല.
ജനസംഖ്യ കുറക്കണമെന്നത്‌ ശരിതന്നെ. പക്ഷേ, അതിനുള്ള മാര്‍ഗം ഇതല്ല. ദാരിദ്ര്യത്തെ ശിക്ഷിക്കുന്നതിന്‌ തുല്യമാണിത്‌. ജനസംഖ്യാ പെരുപ്പം പരിസ്ഥിതി മലിനീകരണത്തിന്‌ കാരണമാകുമെന്ന വാദം തീര്‍ത്തും തെറ്റാണ്‌. ഒന്നോ രണ്ടോ മക്കള്‍ മാത്രമുള്ള സമ്പന്നന്റെ ജൈവ, `ഇ-' വേസ്റ്റുകളാണ്‌ കൂടുതല്‍ മക്കളുള്ള പാവപ്പെട്ടവന്‍ തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങളില്‍ നിറയെ.
മനുഷ്യ വിഭവശേഷി എന്നത്‌ രാജ്യത്തിന്റെ സമ്പത്താണ്‌. അവര്‍ ആരോഗ്യമുള്ളവരും ഉല്‍പാദനക്ഷമതയുള്ളവരും ആയിത്തീരേണ്ടതുണ്ട്‌. എന്നാല്‍ നമ്മുടെ രാജ്യത്ത്‌ ദരിദ്രരും രോഗികളുമാണ്‌വരുമാണ്‌ ഏറെയും. അങ്ങനെയുള്ള പൗരന്മാരെ വാര്‍ത്തെടുക്കേണ്ടതും അതിനുള്ള ബോധവത്‌ക്കരണം നടത്തേണ്ടതും സ്റ്റേസ്റ്റിന്റെ കടമയാണ്‌. അത്തരത്തിലുള്ള ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും പകരം ജനങ്ങളുടെ മേല്‍ അധികാരം അടിച്ചേല്‍പ്പിക്കുന്ന തരത്തിലാവരുത്‌. ജനസംഖ്യയെ കുറിച്ചു മാത്രമല്ല ഇതില്‍ പരാമര്‍ശിച്ചിരിക്കുന്നത്‌. പക്ഷേ ചര്‍ച്ചയായിരിക്കുന്നത്‌ അതു മാത്രമാണ്‌. റിപ്പോര്‍ട്ടിലെ മുഴുവന്‍ കാര്യങ്ങളുടെയും ഗുണദോഷങ്ങള്‍ പൊതുജന ചര്‍ച്ചക്ക്‌ വെക്കണം.

പേളി ജോസ്‌
`ചര്‍ച്ച്‌ ഓഫ്‌ ദി ഈസ്‌ററ്‌' ആദ്യ വനിതാ ട്രസ്റ്റി
ഞാനീ നിയമത്തോട്‌ പൂര്‍ണമായും യോജിക്കുന്നു. മതസ്ഥാപനങ്ങളും അതിനോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്നവരും എതിര്‍ക്കും എന്നത്‌ ശരിയാണ്‌. കൃഷ്‌ണയ്യരെ പോലുള്ളവരില്‍ നിന്നും ഒരിക്കലും പൊതു സമൂഹത്തിന്‌ എതിരാവുന്ന ഒന്നും ഉണ്ടാവില്ല. രാഷ്‌ട്രത്തിന്റെ ക്ഷേമത്തെ മുന്‍നിറുത്തി എടുക്കുന്ന തീരുമാനങ്ങളെ മാനിക്കുക എന്നതാണ്‌ പൗരന്റെ ചുമതല. എല്ലാ കാലത്തും എല്ലാ പുരോഗമന ചിന്തകള്‍ക്കെതിരെയും ആദ്യം എതിര്‍പ്പും വിമര്‍ശനവും പരിഹാസവും ഉണ്ടാവും എന്നത്‌ ശരിയാണ്‌. ഇത്തരം വിമര്‍ശനങ്ങളെ ഭയന്നു കൊണ്ട്‌ കാലഘട്ടത്തിനനുസൃതമായ മാറ്റം വരുത്താതിരിക്കാന്‍ പറ്റില്ല. വിവാഹ മോചനം പോലുള്ള കാര്യങ്ങള്‍ ഒരു കാലത്ത്‌ ക്രിസ്‌തീയ സഭക്ക്‌ അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ ഇന്നത്‌ ചെയ്യുന്നുണ്ട്‌.
പക്ഷേ പിഴ ചുമത്തലും ജോലി നിഷേധവും പോലെയുള്ള ഭരണഘടനാ അവകാശ നിഷേധം മാറ്റണം. കാരണം, ഒരുപാട്‌ പ്ലാനിംഗ്‌ ഒന്നും ദമ്പതിമാര്‍ക്ക്‌ പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അങ്ങനെയുള്ള അവസരങ്ങളില്‍ ഒരു കുഞ്ഞുകൂടി ജനിച്ചു എന്നതിന്റെ പേരില്‍ ശിക്ഷിക്കുന്നത്‌ ശരിയല്ല. ഘട്ടം ഘട്ടമായി ഓരോ ഘട്ടത്തിലും അതിന്റെ പുരോഗതി വിലയിരുത്തിവേണം കാര്യങ്ങള്‍ ചെയ്യാന്‍. അതിനുവേണ്ടി കമ്മിറ്റി നിര്‍ദേശങ്ങളെ പൊതു ചര്‍ക്കു വിധേയമാക്കണം. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പദിമാരുടെ സാമ്പത്തിക സ്ഥിതി അസരിച്ച്‌,വരുമാന പരിധി നിശ്ചയിച്ചു വേണം പിഴ ഈടാക്കാന്‍. കൂടുതല്‍ കുട്ടികള്‍ ആഗ്രഹിക്കുന്ന ദമ്പതിമാര്‍ക്ക്‌ പിഴയടക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ പ്രസവം നിര്‍ത്തേണ്ട അവസ്ഥ സൃഷ്ടിക്കരുത്‌.
ജനസംഖ്യാ പെരുപ്പം മാത്രമല്ല ദാരിദ്ര്യത്തിന്‌ കാരണം. ജനോപകാരപ്രദമായ കാര്യങ്ങള്‍ നടപ്പിലാവണമെങ്കില്‍ ബോധവത്‌ക്കരണത്തേക്കാള്‍ നല്ലത്‌ പിഴയും ശിക്ഷയും തന്നെയാണ്‌. കാരണം സ്‌ത്രീ പീഡനം മോഷണം തുടങ്ങി നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായ പല കാര്യങ്ങളും ഗല്‍ഫ്‌ രാജ്യങ്ങളില്‍ ഇല്ലാത്തത്‌ അവിടത്തെ കര്‍ശന നിയമംകൊണ്ടാണ്‌. ഏത്‌ പാതിരാത്രിയിലും അവിടെ സ്‌ത്രീക്ക്‌ പുറത്തിറങ്ങി നടക്കാം. നമ്മുടെ നാട്ടിലോ? വ്യക്തി സ്വാതന്ത്യമെന്നത്‌ രാജ്യത്തിന്റെ പുരോഗതിയെയും ക്ഷേമരാഷ്‌ട്രസങ്കല്‍പങ്ങളെയും മറികടക്കുന്നതാവണമെന്ന ചിന്ത ഉണ്ടാവരുത്‌. എല്ലാറ്റിനും മതത്തെ കൂട്ടു പിടിക്കുന്ന സമീപനവും അരുത്‌. പുരോഗമനപരമായി ചിന്തിക്കുന്നവരെ ആദ്യം ഒറ്റപ്പെടുത്തുക മതസംഘടനകളാണെന്നത്‌ വാസ്‌തവമാണ്‌. രണ്ട്‌ കുട്ടികള്‍ എന്ന സങ്കല്‍പം സ്‌ത്രീക്ക്‌ മുഖ്യധാരയില്‍ കടന്നുവരാന്‍ വഴിയൊരുക്കും. കുറെ കുട്ടികള്‍ വേണമെന്ന്‌ പറയുന്നവര്‍ സ്‌ത്രീയെ വീട്ടില്‍ തളച്ചിടാന്‍ ശ്രമിക്കുന്നവരും പുരുഷന്മാരുടെ സന്തോഷത്തിനുള്ള വസ്‌തുവാണ്‌ അവളെന്ന കാഴ്‌ചപ്പാടുള്ളവരുമാണ്‌. |

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top