വനിതാ കോഡ്‌ ബില്‍: വെറും ശിപാര്‍ശമാത്രം

അഡ്വ: ടി.ആര്‍ രാജന്‍/എം. ഷറഫുല്ലാ ഖാന്‍ No image

സ്‌ത്രീകളെയും കുട്ടികളെയും സംബന്ധിക്കുന്ന നിലവിലെ നിയമങ്ങളില്‍ എന്തെങ്കിലും ഭേദഗതി ആവശ്യമുണ്ടെങ്കില്‍ അത്‌ ഭേദഗതി ചെയ്യാനാണ്‌ കൃഷ്‌ണയ്യര്‍ ചെയര്‍മാനായി 2010 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഏഴ്‌ അംഗ കമ്മീഷനെ നിയമിച്ചത്‌. സ്‌ത്രീകളുടെയും കുട്ടികളുടെയും താല്‍പര്യം സംരക്ഷിക്കാന്‍ പുതിയ നിയമങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അവ ശിപാര്‍ശ ചെയ്യാനും കമ്മീഷനോട്‌ നിര്‍ദേശിച്ചിരുന്നു. 2011 സെപ്‌തംബര്‍ 24ന്‌ ജസ്റ്റിസ്‌ വി.ആര്‍ കൃഷ്‌ണയ്യര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ കൈമാറി. ജസ്റ്റിസ്‌ ടി.വി രാമകൃഷ്‌ണനാണ്‌ കമ്മീഷന്‍ വൈസ്‌ പ്രസിസന്റ,്‌ പ്രൊഫ: മാധവ മേനോനാണ്‌ ചീഫ്‌ അഡൈ്വസര്‍.
റിപ്പോര്‍ട്ടിലെ, ഒരു കുടുംബത്തില്‍ രണ്ടു കുട്ടികള്‍ മാത്രമേ പാടുള്ളൂ എന്ന്‌ നിഷ്‌കര്‍ശിക്കുന്ന ശിപാര്‍ശയാണ്‌ വിവാദം സൃഷ്ടിച്ചിരിക്കുന്നത്‌. സത്യത്തില്‍ എന്താണ്‌ ശിപാര്‍ശ ചെയ്‌തിരിക്കുന്നത്‌ എന്ന്‌ പരിശോധിക്കാതെ, അതല്ലെങ്കില്‍ റിപ്പോര്‍ട്ട്‌ തൊടുക പോലും ചെയ്യാതെയാണ്‌ പല മതസംഘടനകളും ഇതേപ്പറ്റി ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്‌.
നാഷണല്‍ പോപ്പുലേഷന്‍ പോളിസി പ്രകാരം ഒരു കുടുംബത്തിന്‌ രണ്ടു കുട്ടികളില്‍ കൂടുതല്‍ അരുതെന്നും അത്‌ സമ്പദ്‌ വ്യവസ്ഥയെയും സാമൂഹിക തുലനാവസ്ഥയെയും വിപരീതമായി ബാധിക്കുമെന്നും നിഷ്‌കര്‍ശിച്ചിട്ടുണ്ട്‌. ദേശീയ ജനസംഖ്യാ നയത്തിലെ രണ്ടു കുട്ടികളെ സംബന്ധിച്ച്‌ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ മാത്രമാണ്‌ സ്‌ത്രീകളെ സംബന്ധിച്ച വിമണ്‍സ്‌കോഡ്‌ ബില്ലില്‍ പ്രതിപാദിക്കുന്നത്‌. ഒരു തരത്തില്‍ പറഞ്ഞാല്‍ ദേശീയ ജനസംഖ്യാ നയത്തിന്റെ ഒരു പ്രതിഫലനം മാത്രമാണ്‌ ബില്ലില്‍ ചൂണ്ടിക്കാട്ടുന്നത്‌.
സ്‌ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപരമായ വളര്‍ച്ചക്കും വികസനത്തിനും മാത്രമാണ്‌ കമ്മീഷന്‍ പല ശിപാര്‍ശകളും മുന്നോട്ടു വെച്ചിട്ടുള്ളത്‌.
ഒരു ഭാര്യയും ഭര്‍ത്താവും ഉള്‍ക്കൊള്ളുന്ന യൂണിറ്റില്‍ രണ്ടു കുട്ടികളില്‍ കൂടുതലുണ്ടായാല്‍ ദേശീയ ജനസംഖ്യാ നയത്തില്‍ ചൂണ്ടിക്കാട്ടുന്ന പല ആനുകൂല്യങ്ങളും ലഭിക്കില്ല എന്നു മാത്രമാണ്‌ ജസ്റ്റിസ്‌ വി.ആര്‍ കൃഷ്‌ണയ്യര്‍ കമ്മീഷന്‍ വ്യക്തമാക്കുന്നത്‌.
ദാരിദ്ര്യരേഖക്ക്‌ താഴെയുള്ള കുടുംബത്തിലെ സ്‌ത്രീ 19 വയസ്സിനു ശേഷം വിവാഹിതയാവുകയും 20 വയസ്സിന്‌ ശേഷം ആദ്യ സന്താനം ഉണ്ടാവുകയും ചെയ്‌താല്‍ ഗവണ്‍മെന്റ്‌ അവര്‍ക്ക്‌ അമ്പതിനായിരം രൂപവരെ ക്യാഷ്‌ ഇന്‍സന്റീവ്‌ നല്‍കും. മൂന്നു കൊല്ലത്തിനു ശേഷമാണ്‌ അടുത്ത കുട്ടി ജനിക്കുന്നതെങ്കില്‍ സമ്മാനത്തുക വീണ്ടും നല്‍കും. മാത്രമല്ല ദാരിദ്ര്യരേഖക്ക്‌ താഴെയുള്ള കുടുംബത്തിലെ ഭാര്യയോ ഭര്‍ത്താവോ സ്റ്റെറിലൈസേഷന്‍ ഓപ്പറേഷനു വിധേയമാവുകയാണെങ്കില്‍ ഹെല്‍ത്ത്‌ ഇന്‍ഷൂറന്‍സ്‌ പ്ലാനും വ്യക്തിഗത അപകട ഇന്‍ഷൂറന്‍സ്‌ കവറേജുകളും നല്‍കും. ദേശീയ ജനസംഖ്യാ നയത്തിലെ ഇത്തരം ആനുകൂല്യങ്ങള്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള ഒരു യൂണിറ്റില്‍ ലഭിക്കുകയില്ല എന്നാണ്‌ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത്‌.
പെരുകുന്ന ജനസംഖ്യക്ക്‌ വിരാമമിടാന്‍ തീര്‍ച്ചയായും ഈ ശിപാര്‍ശകള്‍ സഹായകമാകും എന്നു തന്നെയാണ്‌ കമ്മീഷന്‍ കരുതുന്നത്‌.
മൂന്നാമതൊരു കുട്ടിയുണ്ടായാല്‍ ജയില്‍ ശിക്ഷയും പിഴയും ശിപാര്‍ശ ചെയ്‌തതായി പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. സത്യത്തില്‍ ഈ ബില്ലില്‍ അങ്ങനെയൊരു വകുപ്പും ചൂണ്ടിക്കാട്ടുന്നില്ല. ജനസംഖ്യാ നിയന്ത്രണ പദ്ധതി നടപ്പാക്കാന്‍ ഒരു കമ്മീഷനെ നിശ്ചയിക്കണം എന്നാണ്‌ ഇതേ പറ്റി കൃഷ്‌ണയ്യര്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നത്‌. ജനസംഖ്യാ നിയന്ത്രണത്തിനുള്ള വ്യവസ്ഥകള്‍ പരക്കെ പാലിക്കുന്നില്ലെങ്കിലും, വളരെ അധികം ലംഘിക്കപ്പെടുന്നുണ്ടെന്ന്‌ ബോധ്യപ്പെടുകയാണെങ്കിലും സര്‍ക്കാര്‍ നിശ്ചയിക്കുന്ന കമ്മീഷന്‌ ശിക്ഷാ നടപടി ശിപാര്‍ശ ചെയ്യാന്‍ അധികാരമുണ്ടാവണം. സിവില്‍ ലേബിലിറ്റിയായും ക്രിമിനല്‍ ലേബിലിറ്റിയായും മൂന്നുമാസം സാധാരണ തടവോ 10000 രൂപാ ഫൈനോ ഇടാക്കാന്‍ വകുപ്പുകള്‍ നിഷ്‌കര്‍ശിച്ച്‌ കമ്മീഷന്‌ സര്‍ക്കാറിനോട്‌ ശിപാര്‍ശ ചെയ്യാം എന്ന നിര്‍ദേശം മാത്രമാണ്‌ ഇക്കാര്യത്തില്‍ ജസ്റ്റിസ്‌ കൃഷ്‌ണയ്യര്‍ കമ്മീഷന്‍ പറയുന്നത്‌. ആ ശിപാര്‍ശ സര്‍ക്കാര്‍ പരിഗണിച്ച ശേഷം ആ വകുപ്പുകള്‍ നിലവില്‍ വരുത്തേണ്ട സാമൂഹിക സാഹചര്യം ബോധ്യപ്പെടുകയാണെങ്കില്‍ മാത്രം നിയമസഭയില്‍ അവതരിപ്പിച്ച്‌ നിയമസഭ അംഗീകരിച്ച്‌ പാസാക്കിയെങ്കില്‍ മാത്രമേ ജനസംഖ്യ നിയന്ത്രണ പോളിസി നടപ്പാക്കാനായി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന കമ്മീഷന്‍ ശിപാര്‍ശ ചെയ്‌തേക്കാവുന്ന നിയമം നടപ്പില്‍ വരുകയുള്ളൂ. നിരവധി കടമ്പകള്‍ കടന്നു മാത്രം നിയമമാക്കപ്പെടാന്‍ സാധ്യതയുള്ള ഒരു ശിപാര്‍ശയെ വളച്ചൊടിച്ച്‌ ദുരുദ്ദേശ്യപരമായി കുപ്രചരണം നടത്തുന്നത്‌ ഭൂഷണമല്ല.
2010 മെയ്‌ 3ന്‌ രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ലില്‍ ഭാര്യക്കും ഭര്‍ത്താവിനും രണ്ടുകുട്ടികളില്‍ കൂടുതലുണ്ടായാല്‍ അഞ്ചു കൊല്ലത്തില്‍ കുറയാത്ത തടവിനും 25000 ല്‍ കുറയാത്ത പിഴക്കും വകുപ്പുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌.
ആ ബില്ലിനെ ഈ മതസംഘടനകള്‍ ഒന്നും എതിര്‍ക്കാത്തത്‌ എന്തുകൊണ്ടെന്ന്‌ വ്യക്തമാക്കുന്നില്ല.
ജസ്റ്റിസ്‌ കൃഷ്‌ണയ്യര്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്ന വിമണ്‍സ്‌ കോഡ്‌ ബില്ലിലെ മറ്റു പല വ്യവസ്ഥകളും സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ വിശദമായിത്തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്‌. അനാഥരായ വിധവകളെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നതടക്കം ശിപാര്‍ശകളുണ്ട്‌.
വിമണ്‍സ്‌ കോഡ്‌ ബില്ലിലെ ശിപാര്‍ശകള്‍ നടപ്പിലായാല്‍ സ്‌ത്രീകളുടെയും കുട്ടികളുടെയും കുടുംബങ്ങളുടെയും ദുരിതപൂര്‍ണമായ ജീവിതത്തിന്‌ അന്ത്യം കാണാനും അവര്‍ക്ക്‌ സന്തോഷകരമായ ഭാവി രൂപീകരിക്കാനും നമുക്കും സര്‍ക്കാറിനും സാധ്യമാകും എന്നത്‌ ആരും മറന്നുകൂടാ.

|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top