ആദര്‍ശരംഗത്തെ ഉജ്ജ്വല താരം

വി.കെ അബ്ദുല്‍ജലീല്‍ No image

നബി(സ)യുടെയും മഹതി ഖദീജയുടെയും ജീവിതത്തിലേക്ക് കടന്നുവന്ന രണ്ടാമത്തെ സന്താനമാണ് റുഖിയ്യ (റ). സൈനബിനേക്കാള്‍ മൂന്നു വയസ്സ്  കുറവായിരുന്നു റുഖിയ്യക്ക്. എന്നാലും അവര്‍ ഇരട്ടകളെ പോലെ വളര്‍ന്നു.
ഏഴാമത്തെയോ എട്ടാമത്തെയോ വയസ്സില്‍ നബിതിരുമേനിയുടെ പിതൃവ്യനായ അബൂലഹബിന്റെ പുത്രന്‍ ഉത്ബയുമായി റുഖിയ്യയുടെ വിവാഹം ഔപചാരികമായി നടന്നെങ്കിലും അവര്‍ കുടുംബജീവിതം ആരംഭിച്ചിരുന്നില്ല. 
മുഹമ്മദി(സ)നു പ്രവാചകത്വം ലഭിക്കുകയും, അബൂലഹബ് ശത്രുപക്ഷത്താവുകയും ചെയ്തതോടെ സ്ഥിതി മാറി. തിരുമേനിയുടെ പിതൃവ്യരില്‍ എന്നല്ല, ഹാശിം-മുത്ത്വലിബ് വംശങ്ങളില്‍ തന്നെ ഇദ്ദേഹം മാത്രമായിരുന്നു കടുത്ത രീതിയില്‍ ശത്രുതാ നിലപാട് കൈക്കൊണ്ടത്. 
ഇസ്‌ലാമിന്റെ പരസ്യ പ്രബോധനം ആരംഭിക്കുകയും ജാഹിലീ വ്യവസ്ഥയുടെ ശത്രുത രൂക്ഷമാവുകയും ചെയ്തപ്പോള്‍ പ്രവാചകനെയും ഖദീജയെയും, ആ കുടുംബത്തെ മൊത്തമായും മാനസികമായി തകര്‍ക്കാന്‍ ശത്രുക്കള്‍ കണ്ടെത്തിയ വഴിയായിരുന്നു മൂന്ന് പ്രവാചക പുത്രിമാരെയും ഒറ്റയടിക്ക് വിവാഹമോചനം ചെയ്യിപ്പിച്ച് വൈധവ്യത്തിലേക്ക് തള്ളി രസിക്കുക എന്നത്. ഇതനുസരിച്ച് ഇസ്‌ലാമിന്റെ ബദ്ധവിരോധികളായ മാതാപിതാക്കളുടെയും മറ്റു ഇസ്‌ലാംവിരുദ്ധരുടെയും പ്രേരണയുടെ ഫലമായി ഉത്ബ റുഖിയ്യയെ മൊഴിചൊല്ലാന്‍ തയാറായി. മുഹമ്മദിന്റെ മക്കള്‍ക്ക് പകരം ഇഛിക്കുന്ന ആരെയും വിവാഹം ചെയ്തുതരുമെന്നും അവര്‍ വ്യവസ്ഥ വെച്ചു പ്രോത്സാഹിപ്പിച്ചിരുന്നു. തനിക്ക് അബാനു ബ്‌നു സഈദു ബ്‌നു ആസ്വിന്റെ മകളെ മതിയെന്ന് ഉത്ബ പറഞ്ഞു. ആ വിവാഹം അവര്‍ നടത്തിക്കൊടുക്കുകയും ചെയ്തു. മുഹമ്മദ്  നമ്മുടെ ദൈവങ്ങളെ ചീത്ത പറയുകയും നാം അയാളുടെ പെണ്‍മക്കളെ പോറ്റുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായിക്കൂടാ എന്ന് ഇസ്‌ലാംശത്രുക്കള്‍ പലതവണ പറഞ്ഞതായി അന്നത്തെ അവരുടെ ശത്രുതാവാദങ്ങളില്‍ കാണാം.
ഏതായാലും പത്താം വയസ്സില്‍  റുഖിയ്യ, ആദര്‍ശ പോരാട്ടരംഗത്തെ അസ്തമയമില്ലാത്ത ഉജ്ജ്വലതാരമായി ചരിത്രത്തില്‍ ഉദയം ചെയ്തു.
റുഖിയ്യയുടെ വിവാഹമോചന  വാര്‍ത്ത അറിഞ്ഞ ഉടനെ ഉസ്മാനുബ്‌നു അഫ്ഫാന്‍ വിവാഹാലോചനയുമായി വന്നു. തിരുമേനി മകളെ സസന്തോഷം അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുത്തു. വാസ്തവത്തില്‍ ഉസ്മാന്‍, നേരത്തേ തന്നെ ഇങ്ങനെയൊരു ബന്ധം  ആഗ്രഹിച്ചിരുന്നു. 
മഹതി ഖദീജ മകളെ അണിയിച്ചൊരുക്കി ഉസ്മാനെ ഏല്‍പ്പിച്ചുകൊടുത്തപ്പോള്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തവരും, അത് കേട്ടറിഞ്ഞവരും ഒരേ സ്വരത്തില്‍ പറഞ്ഞു; മക്കയില്‍ ഇത്രയും പൊരുത്തമുള്ള വധൂവരന്മാര്‍ വേറെയില്ലെന്ന്. ഇത് ശത്രുക്കളെ വല്ലാതെ അരിശം കൊള്ളിച്ചു. കാരണം ഉത്ബയേക്കാള്‍ സുന്ദരനും പ്രതാപിയും സല്‍ഗുണസമ്പന്നനും ആയിരുന്നു ഉസ്മാന്‍. അബൂബക്‌റിന്റെ ഇസ്‌ലാമാശ്ലേഷത്തിനു ശേഷം, അദ്ദേഹം വഴി ഇസ്‌ലാമിലേക്ക്  എത്തിയ ആദ്യത്തെ ആളായിരുന്നു ഉസ്മാന്‍.  പ്രവാചകപുത്രിയെ മണവാട്ടിയായി സ്വീകരിച്ചതോടെ അദ്ദേഹത്തോടുള്ള അവരുടെ രോഷം ഇരട്ടിയാവുകയും ചെയ്തു.
അങ്ങനെ സാമ്പത്തികമായും കുടുംബപരമായും പ്രബലരായിരുന്നിട്ടും, ഉസ്മാനും പത്‌നിയും ശത്രുക്കളുടെ പ്രത്യേക നോട്ടപ്പുള്ളികളായിത്തീര്‍ന്നു.
 പ്രവാചകത്വത്തിന്റെ അഞ്ചാം വര്‍ഷം മക്കയിലെ മര്‍ദനപീഡനങ്ങള്‍ തികച്ചും അസഹനീയമാവുകയും അവ  ഏതാനും താന്തോന്നിക്കൊലകളിലേക്ക് തരംതാഴുകയും ചെയ്ത സാഹചര്യത്തില്‍, അബ്‌സീനിയയിലേക്ക് പലായനം ചെയ്യാന്‍ പ്രവാചകന്‍ വിശ്വാസികളെ പ്രേരിപ്പിച്ചു. ഇതനുസരിച്ച് പുറപ്പെട്ട ആദ്യ പതിനഞ്ചംഗ സംഘത്തില്‍ റുഖിയ്യയും  ഉസ്മാനും ഉള്‍പ്പെട്ടു.
അന്ന് കേവലം പന്ത്രണ്ട് വയസ്സു മാത്രം പ്രായമുള്ള ഓമനപുത്രിയെ, ആരോരുമില്ലാത്ത ഒരു വിദൂരദേശത്തേക്ക്, ആദര്‍ശസംരക്ഷണാര്‍ഥം, രാത്രിയുടെ മറവില്‍, അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് ആ മാതാപിതാക്കള്‍ യാത്രയയക്കുന്ന രംഗം കണ്ടുനില്‍ക്കാനാവാതെ വാനഭുവനങ്ങള്‍ വിറങ്ങലിച്ചുപോയിട്ടുണ്ടാവണം. മക്കയോട് ജിദ്ദയേക്കാള്‍ അടുത്ത 'ശുഅയ്ബ' തീരത്തുനിന്ന് ഒരാള്‍ക്ക് അര ദിനാര്‍ കൂലി നല്‍കി ആ ശരണാര്‍ഥികള്‍ കൊച്ചു കപ്പലിലേറി ലക്ഷ്യസ്ഥാനത്തെത്തി. അപ്പോഴേക്കും മക്കയിലെ പ്രമുഖര്‍ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു എന്ന വ്യാജ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അവര്‍ സ്വദേശത്തേക്കു തന്നെ മടങ്ങിയെങ്കിലും. നിജഃസ്ഥിതി ബോധ്യപ്പെട്ടതോടെ വീണ്ടും അങ്ങോട്ടു തന്നെ പോയി. ആ ദീര്‍ഘമായ വിരഹനാളുകളില്‍ ഖദീജയെയും തന്നെത്തന്നെയും ആശ്വസിപ്പിക്കാന്‍, അബ്‌സീനിയയില്‍നിന്നുള്ള വിവരങ്ങള്‍ക്കായി, പലപ്പോഴും പ്രവാചകന്‍ ആരെയൊക്കെയോ തേടി, എവിടെയൊക്കെയോ യാത്രചെയ്ത് എത്തുമായിരുന്നു. ഭാര്യയെ പുറത്ത് ഇരുത്തി കഴുതയെ തെളിച്ചു പോകുന്ന ഉസ്മാനെ കണ്ട രംഗം ഒരിക്കല്‍ ഒരു സ്ത്രീ പ്രവാചകനെ അറിയിച്ചു. പ്രവാചകരായ  ഇബ്‌റാഹീമിനും ലൂത്വിനും ശേഷം അല്ലാഹുവിങ്കലേക്ക് പലായനം ചെയ്ത ആദ്യ കുടുംബമാണ് ഉസ്മാന്റേതെന്ന് അന്നേരം പ്രവാചകന്‍ സാഭിമാനം പറഞ്ഞു. ആ പ്രവാസം വര്‍ഷങ്ങള്‍ നീണ്ടു. റുഖിയ്യ ഗര്‍ഭിണിയായി. അബ്‌സീനിയയില്‍ വെച്ച് അബ്ദുല്ലക്ക് ജന്മം നല്‍കി. കുറച്ചുകാലം കൂടി കഴിഞ്ഞ് മക്കയിലേക്ക് തിരിച്ചു വന്നു. 
അപ്പോള്‍ ആ ദമ്പതികളെയും കൊച്ചു പുത്രനെയും സ്വീകരിക്കാന്‍ ഖദീജ ഉണ്ടായിരുന്നില്ല. ആ വെളിച്ചം എന്നന്നേക്കുമായി കെട്ടുപോയിരുന്നു. ഖദീജയുടെ അന്ത്യത്തിന് അല്‍പനാള്‍ മുമ്പ് സ്‌നേഹ വത്സലനായ പിതാമഹന്റെ സ്ഥാനം വഹിച്ചിരുന്ന അബൂത്വാലിബും മരണപ്പെട്ടിരുന്നു.
പിന്നെ അവര്‍ മദീനയിലേക്ക് ഹിജ്‌റ പോയി. അങ്ങനെ 'ഇരട്ട ഹിജ്‌റക്കാരി' എന്ന ബഹുമതിമുദ്ര ആ പത്തൊമ്പതുകാരി സ്വന്തമാക്കി.
മദീനയില്‍  എത്തി രണ്ടാണ്ട് പൂര്‍ത്തിയാകുമ്പോഴേക്കും ബദ്‌റിന്റെ കാഹളം മുഴങ്ങി.  ആയിടക്ക് റുഖിയ്യ(റ)ക്ക്  പനി പിടിപെട്ടു. ദിനംപ്രതി അത് കടുത്തുവന്നു. വസൂരി പോലെ എന്തോ ഒന്ന് ശരീരത്തില്‍ തിണര്‍ത്തു പൊന്തി. തിരുമേനിക്ക് ബദ്‌റിലേക്ക് പോയേ തീരൂ. രോഗം ഉഗ്രരൂപം പ്രാപിക്കുകയാണെന്ന് ഏവര്‍ക്കും അറിയാമായിരുന്നു. ഒട്ടും വെപ്രാളപ്പെടാതെ, രോഗശയ്യയില്‍ കിടന്ന് ആ ധീരപുത്രി വ്യസനം മനസ്സിലൊതുക്കി  സ്വപിതാവിനെ രണഭൂമിയിലേക്ക് കരയാകണ്ണുകളോടെ യാത്രയാക്കി. കൂടപ്പിറപ്പുകളായി കൂടെയുണ്ടായിരുന്നത് അവിവാഹിതകളും ഇളയ സഹോദരിമാരുമായ ഉമ്മുകുല്‍സൂമൂം ഫാത്വിമയും ആയിരുന്നു.
ബദ്‌റിലേക്ക് പോകാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്ന ഉസ്മാനെ സൈനിക ചുമതലകളില്‍നിന്നെല്ലാം ഒഴിവാക്കി, പ്രവാചകന്‍ റുഖിയ്യയുടെ ശുശ്രൂഷകള്‍ക്കായി വീട്ടില്‍ നിര്‍ത്തിയിരുന്നു. ബദ്ര്‍ പടയാളികളുടെ അതേ പരിഗണനയാണ് പ്രവാചകന്‍ അദ്ദേഹത്തിന് നല്‍കിയത്. അങ്ങനെ, ബദ്‌റിലെ രണാങ്കണത്തില്‍ ഇസ്‌ലാമിക പോരാളികള്‍ അടരാടി ജീവന്‍ വെടിയുമ്പോള്‍, ത്യാഗിനിയായ റുഖിയ്യയും ആ രക്തസാക്ഷികളോടൊപ്പം കണ്ണടച്ചു. അബ്‌സീനിയയില്‍ പ്രവാസത്തിലായിരുന്നതിനാല്‍ മാതാവിന്റെ മരണമുഖം കാണാന്‍ കഴിയാതിരുന്ന റുഖിയ്യക്ക്, സ്വന്തം അന്ത്യനിമിഷങ്ങളില്‍ പിതൃമുഖം കാണാനാവാതെ കണ്ണടക്കാനായിരുന്നു വിധി. ബദ്‌റിലെ വിജയവാര്‍ത്ത മദീനയെ വിളിച്ചറിയിക്കാന്‍ സൈദുബ്‌നു ഹാരിസ കിതച്ചോടി വരുമ്പോള്‍ ഉസ്മാനും സംഘവും റുഖിയ്യയുടെ ഖബ്‌റിനു മീതെ ഒടുവിലത്തെ ഒരു പിടി മണ്ണു വാരിയിടുകയായിരുന്നു.
തിരുമേനി ബദ്‌റില്‍നിന്നും തിരിച്ചെത്തിയപ്പോള്‍, റുഖിയ്യയുടെ വീട്ടില്‍ ഉണ്ടായിരുന്ന ചില സ്ത്രീകള്‍ നിയന്ത്രണം വിട്ട് കരച്ചില്‍ ആരംഭിച്ചു. ഉമര്‍ അവരെ തടയാന്‍ ഒരുങ്ങി. അന്നേരം നബി തിരുമേനി പറഞ്ഞു: 'ഉമറേ അവരെ വിട്ടേക്കുക. ഖല്‍ബും കണ്ണും കരയുന്നത് ദിവ്യദാനമായ കരുണ മൂലമാണ്. നാവിന്റെയും കൈകളുടെയും പ്രകടനം പൈശാചികവും.' 
അതും പറഞ്ഞ് തിരുമേനി റുഖിയ്യയുടെ ഖബ്ര്‍ സന്ദര്‍ശിച്ചു. കൂടെയുണ്ടായിരുന്ന ഫാത്വിമയുടെ മിഴിനീര്‍തുള്ളികള്‍ തിരുമേനി സ്വവസ്ത്രം കൊണ്ട് തുടച്ചു കൊടുത്തു. മരണവേളയില്‍ റുഖിയ്യക്ക് ഇരുപത്തി ഒന്ന് വയസ്സ് പൂര്‍ത്തിയാവുന്നേ ഉണ്ടായിരുന്നുള്ളു. 
റുഖിയ്യയുടെ പുത്രന്‍ അവരുടെ വേര്‍പാടിനുശേഷം ആറു വയസ്സ് പൂര്‍ത്തിയാകുവോളം മാത്രമേ ജീവിച്ചിരുന്നുള്ളൂ.  ഒരു പൂവന്‍ കോഴി കണ്‍തടത്തില്‍ കൊത്തിയത് മൂലമുണ്ടായ അണുബാധയായിരുന്നുവത്രെ മരണകാരണം. ചുരുക്കത്തില്‍, റുഖിയ്യ വഴി നബികുടുംബത്തിന് തുടര്‍ച്ചയുണ്ടായില്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top