അസാമാന്യ ഔഷധമൂല്യങ്ങളുടെ ഉറവയാണ് ഉലുവ. പയറുവര്‍ഗത്തില്‍ പെട്ടതാണെങ്കിലും ഉലുവ അറിയപ്പെടുന്നത് സാമ്പാര്‍ മസാലക്കൂട്ടിലെ ഒരംഗമായിട്ടാണ്.
`ട്രിഗോനെല്ല ഫീനം ഗ്രീക്കം' എന്ന് ശാസ്ത്രനാമമുള്ള ഉലുവ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ആവശ്യമായ കാത്സ്യം പ്രദാനം ചെയ്യുന്നു. എല്ലുകളുടെ ബലക്ഷയം തടയുന്നത് കൂടാതെ ആര്‍ത്തവത്തോടനുബന്ധിച്ചുള്ള വേദനയും മാനസിക പിരിമുറുക്കവും കുറക്കുന്നു. സ്ത്രീ ഹോര്‍മോണിനു തുല്യമായ `ഡയോസ്ജനിന്‍' എന്ന വസ്തു അടങ്ങിയിട്ടുള്ളതിനാല്‍ ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് മുതിര്‍ന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ ഉലുവക്കു കഴിയും.
ഉലുവയിലെ പ്രോട്ടീനിന് പാലിലെ പ്രോട്ടീനിനോട് സാദൃശ്യമുണ്ട്. പഞ്ചസാരയുടെ അംശം തീരെയില്ലാത്ത ഒരു ഔഷധമാണ് ഉലുവ. പ്രമേഹത്തിന് ഇതൊരു ശമനൗഷധം കൂടിയാണ്. ഉലുവയിട്ട കഞ്ഞി കൊടുത്താല്‍ പ്രസവം കഴിഞ്ഞ സ്ത്രീകളില്‍ മുലപ്പാല്‍ വര്‍ധിക്കും.
മൂത്രം ധാരാളം പോകാന്‍ സഹായിക്കുന്ന ഔഷധം കൂടിയാണ് ഉലുവ. ഇത് ശരീരത്തിലുണ്ടാകുന്ന ദുര്‍നീരിനെ ഇല്ലാതാക്കുന്നു. ഉലുവ വറുത്ത് പൊടിച്ച് കാപ്പിയുണ്ടാക്കി ശര്‍ക്കര ചേര്‍ത്ത് കുടിച്ചാല്‍ വയറുവേദന പെട്ടെന്ന് മാറും. ഒരു ടീസ്പൂണ്‍ വീതം പതിവായി കഴിച്ചാല്‍ കാഴ്ചശക്തി വര്‍ധിക്കും.
ഉലുവ പാലില്‍ അരച്ച് ദേഹത്ത് പുരട്ടിയാല്‍ ശരീരസൗന്ദര്യം വര്‍ധിക്കും. മുഖസൗന്ദര്യം വര്‍ധിക്കാനും മുഖത്തുണ്ടാകുന്ന കറുത്ത പാടുകള്‍ മായാനും ഇത് നല്ലതാണ്. ഉലുവ, ഞാവല്‍ കുരു, കാപ്പിക്കുരു ഇവ സമം വറുത്തു പൊടിച്ചുണ്ടാക്കുന്ന കാപ്പി പ്രമേഹ രോഗികള്‍ക്ക് ഉത്തമ പാനീയമാണ്. ഗര്‍ഭിണികള്‍ ഉലുവ അമിതമായി ഉപയോഗിക്കരുത്. കറികളില്‍ സ്വാദ് കൂട്ടാന്‍ ഉലുവ വറുത്തിടുകയും ഉലുവയിടുകയും ചെയ്യുക സര്‍വ്വ സാധാരണമാണ്.
|