വെളിച്ചമായിരുന്നു ആ രണ്ട് പകലുകള്‍...

നിദ ലുലു No image

ദൈവിക ഗ്രന്ഥമായ ഖുര്‍ആനിന്റെ ബഹുമുഖ വായനകള്‍ പുരുഷ കേന്ദ്രീകൃതമായിരിക്കെ,  സ്ത്രീകള്‍ എന്തുകൊണ്ട് ഖുര്‍ആന്‍ പഠന മനനങ്ങള്‍ക്ക് വിധേയമാക്കുന്നില്ല? ഖുര്‍ആന്‍ അടിസ്ഥാനമാക്കിയ രചനകളുടെ ഭാഗമാകാന്‍ അവര്‍ക്ക് കഴിയുന്നില്ല? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമമായിരുന്നു ആരാമം ഏപ്രില്‍ 29, 30 തീയതികളില്‍ കോഴിക്കോട് ഹിറാ സെന്ററില്‍ നടത്തിയ 'ഖുര്‍ആന്‍ വെളിച്ചം' സ്ത്രീ എഴുത്തുകാരുടെ ശില്‍പശാല.
വനിതകള്‍ മാത്രം നടത്തുന്ന വനിതാ മാസികക്ക് സ്വന്തമെന്ന് അവകാശപ്പെടാന്‍ നിപുണരായ ഒരുകൂട്ടം എഴുത്തുകാരികള്‍ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചെങ്കില്‍ അത്ഭുതപ്പെടാനില്ല. ഇക്കാലമത്രയും സ്ത്രീ ശാക്തീകരണ രംഗത്ത് അത് വഹിച്ച അനല്‍പമായ പങ്ക് അനിഷേധ്യമത്രെ. സാമൂഹിക-സാംസ്‌കാരിക സ്ത്രീ ഇടങ്ങളില്‍ പാരമ്പര്യമായി നിര്‍ണയിക്കപ്പെട്ട സ്ഥാനം, പദവി, കൈകാര്യ മേഖല, വൈകാരിക തലങ്ങള്‍ ഇവയെല്ലാം ഇഴകീറി പരിശോധിച്ചാല്‍ തന്നെ നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ പുനഃക്രമീകരിക്കേണ്ട ആവശ്യകത ബോധ്യപ്പെടും. വിശപ്പിനെ മതമായും ജീവിതമായും കണ്ടവര്‍ 'ഗൃഹനായിക' എന്ന ശ്രേഷ്ഠ പദത്തെ കുശിനിപ്പണിയിലേക്കോ അടിച്ചു തെളിയിലേക്കോ താഴ്ത്തിക്കെട്ടിയെങ്കില്‍ ഇസ്‌ലാം അനുശാസിക്കുന്ന പെണ്ണിന് അത്തരമൊരു മുഖം സാധ്യമല്ല എന്ന് ആരാമം നിരന്തരം പറയുകയായിരുന്നുവല്ലോ.
വൈജ്ഞാനിക ചിന്താ തലങ്ങളില്‍ വിഹരിക്കാനും അല്ലാഹുവിന്റെ മാര്‍ഗത്തിലെ കര്‍മ ഭടന്മാരാകാനുള്ള ഇസ്‌ലാമിക ആഹ്വാനം ഏറ്റെടുക്കാനുള്ള ചങ്കുറപ്പാണ് സ്ത്രീകള്‍ ആര്‍ജിക്കേണ്ടത്. ജീവന്‍ നിലനിര്‍ത്താന്‍ മാത്രം അരവയര്‍ കഴിച്ചാല്‍ മതിയെന്ന് അനുശാസിച്ച, 'വായിക്കുക' എന്ന കല്‍പന കൊണ്ട് ആരംഭിച്ച ആശയസംഹിതയുടെ അനുയായികളാണ് നാം. പ്രഭാതം മുതല്‍ പ്രദോഷം വരെ അടുക്കളയില്‍ ചുറ്റിത്തിരിയുന്ന സഹോദരിമാര്‍ തങ്ങളുടെ സമയം എങ്ങനെ ക്രമപ്പെടുത്തണം എന്ന് ചിന്തിക്കണം. അല്ലാഹു കല്‍പിച്ച ജീവിതം എപ്രകാരമാണ് എന്ന ഗൗരവതരമായ പഠനങ്ങള്‍ സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടാകണം. ഇത്തരം ചിന്തകളിലേക്കുള്ള വെളിച്ചം വീശല്‍ കൂടിയായിരുന്നു ഈ ക്യാമ്പ്.
ആരാമം എഡിറ്റര്‍ കെ.കെ ഫാത്വിമ സുഹ്‌റ അധ്യക്ഷ ഭാഷണത്തില്‍, തന്റെ ചെറുപ്രായത്തില്‍ 'സൂറത്തുല്‍ ഹുജുറാത്ത്' അറബിയില്‍നിന്ന് മലയാളത്തിലേക്ക് പ്രശംസാര്‍ഹമായ രീതിയില്‍ വിവര്‍ത്തനം ചെയ്തത് ഓര്‍മിക്കുകയുണ്ടായി. ജീവിത ഒഴുക്കുകളുടെ പ്രതിബന്ധങ്ങളില്‍ തട്ടിത്തടഞ്ഞ് അതിന്റെ തുടര്‍ച്ച നഷ്ടപ്പെട്ടുപോയി എന്ന് സങ്കടപ്പെട്ടു. ചെയ്തതിനേക്കാള്‍ ചെയ്യാനുള്ളത് സ്ത്രീകളെ സംബന്ധിച്ചേടത്തോളം പുത്തരിയല്ല. വിവാഹം, പ്രസവം, ശിശുപരിപാലനം, ഗൃഹഭരണം എന്നീ ഉത്തരവാദിത്തങ്ങള്‍ക്കിടയില്‍ സമയത്തിന് പിന്നാലെ ഓടേണ്ടി വരുന്നവരാണവര്‍. തൊഴില്‍ ചെയ്യേണ്ടി വരുന്ന സ്ത്രീകളുടെ അവസ്ഥ പറയുകയും വേണ്ട! കുടുംബത്തെയും കുട്ടികളെയും വലിച്ചെറിഞ്ഞ ഒരു സന്യാസജീവിതം സാധ്യമല്ലാത്തതിനാല്‍ പ്രയാസങ്ങളെ പരമാവധി തരണം ചെയ്തുകൊണ്ടുള്ള ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പാണ് സ്ത്രീകളില്‍നിന്നും ഉണ്ടാവേണ്ടത്.
 ഖുര്‍ആനിക പഠനത്തിന്റെ രീതിശാസ്ത്രത്തെയും രചനാരീതിയെയും ഈ വൈജ്ഞാനികശാഖയില്‍നിന്ന് ഉപോല്‍പ്പന്നമായ വ്യത്യസ്ത ശാസ്ത്രങ്ങളെയും കുറിച്ചുള്ള പരിചയപ്പെടല്‍ ആയിരുന്നു ക്യാമ്പിന്റെ മര്‍മം.
'ഖുര്‍ആന്‍ ബോധനം' വ്യാഖ്യാതാവും പ്രബോധനം എഡിറ്ററുമായ ടി.കെ ഉബൈദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്രഷ്ടാവിന്റെ ഗ്രന്ഥം എന്ന ബോധത്തോടെ ഖുര്‍ആനിനെ സമീപിക്കുന്നവര്‍, കേവല പുസ്തകം എന്ന അര്‍ഥത്തില്‍ വായിക്കാന്‍ തുടങ്ങുന്നവര്‍, മുഹമ്മദ് എന്ന നവോത്ഥാന നായകന്റെ ആശയങ്ങള്‍ എന്ന അര്‍ഥത്തില്‍ നോക്കി കാണുന്നവര്‍, സ്രഷ്ടാവിന്റെ വചനങ്ങളെ സ്വയം വ്യാഖ്യാനത്തിന് മുതിര്‍ന്നവര്‍ തുടങ്ങി ഖുര്‍ആനിനോടുള്ള വ്യത്യസ്ത സമീപനങ്ങളെ കുറിച്ച് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ഖുര്‍ആനിനെ യുക്തി ചിന്തകള്‍ക്കപ്പുറം നബിയുടെ വ്യാഖ്യാനത്തിലൂടെ വിശദീകരിക്കണമെന്നും നമ്മുടെ വിശ്വാസം പ്രഖ്യാപിക്കാനുള്ള ധൈര്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഖുര്‍ആനും റസൂലും കല്‍പ്പിച്ച നിയമവിധികള്‍ അപ്രകാരം നടപ്പിലാക്കാനുള്ള കെല്‍പ്പാണ് സമുദായം കാണിക്കേണ്ടത്. ആരാമം ഖുര്‍ആന്‍ പംക്തിയില്‍ സ്ത്രീ വിഷയങ്ങള്‍ ഊന്നേണ്ടതിന്റെ  ആവശ്യകത ചൂണ്ടിക്കാണിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന സെഷനില്‍ പി.പി പെരിങ്ങാടി ഖുര്‍ആനിന്റെ വ്യാഖ്യാന തലങ്ങളെ കുറിച്ച് സംസാരിച്ചു.
 'ഖുര്‍ആനിന്റെ സമകാലിക വായന' എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമി കൂടിയാലോചനാ സമിതി അംഗം ഖാലിദ് മൂസാ നദ്വി ഏതാനും ചില ചിന്തകള്‍ പങ്കുവെച്ചു. റോമിന്റെയും പേര്‍ഷ്യയുടെയും ചരിത്രം പറയുന്ന 'സൂറത്ത് അര്‍റൂമി'ല്‍ നിന്ന് സമകാലിക വായന നടത്താന്‍ നമുക്ക് സാധിച്ചില്ലെങ്കില്‍ അത് വെറും ചരിത്രസംഭവം മാത്രമായി തള്ളപ്പെടും. അതേസമയം, ഭരണ നയതന്ത്രജ്ഞതയോടെ രാഷ്ട്രീയമായും സാമൂഹികമായും ഇടപഴകുന്ന തിരുമേനിയെ അതില്‍  കാണാനും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും കഴിയുമ്പോഴാണ് സൂക്തം പ്രസക്തമാകുന്നത്. 
ക്രിസ്തുവിന്റെ ജനനത്തിന് 16, 17 നൂറ്റാണ്ടുകള്‍ക്കുമുമ്പ് സ്ത്രീകള്‍ക്ക് ഇസ്‌ലാം നല്‍കിയ സ്ഥാനം, തൊഴില്‍പരമായ ഇടപെടല്‍, സാമൂഹികമായ രംഗപ്രവേശനം എന്നിവയെ കുറിച്ച് അറിയണമെങ്കില്‍ 'സൂറത്തുല്‍ ഖസ്വസ്വി'ലെ മൂസാ നബിയുടെ ജീവിതം പഠിച്ചാല്‍ മതി. ആടിന് വെള്ളം കൊടുക്കാന്‍ ഒരല്‍പം മാറി നില്‍ക്കുന്ന യുവതികള്‍ (തൊഴില്‍), മൂസാ നബി അവരോട് സംസാരിക്കുന്നു, സഹായിക്കുന്നു, വീട്ടിലേക്ക് കൊണ്ടുവരാന്‍ യുവതികളില്‍ ഒരാളെ പിതാവ് പറഞ്ഞയക്കുന്നു, അദ്ദേഹത്തെ എന്ത് ചെയ്യണം എന്ന കാര്യത്തില്‍ അവരുടെ അഭിപ്രായം സ്വീകരിക്കുന്നു,  ആ രണ്ടു സ്ത്രീകളില്‍ ഒരുവള്‍ പിതാവിനോട് പറഞ്ഞു; 'പിതാവേ, ഇദ്ദേഹത്തെ നിങ്ങള്‍ നമുക്ക് കൂലിക്ക് വിളിക്കുക, നിശ്ചയമായും നിങ്ങള്‍ കൂലിക്ക് വിളിക്കുന്നവരില്‍ നല്ലവന്‍ ശക്തിമാനും വിശ്വസ്തനുമാണല്ലോ'(28:26). (സാമൂഹിക ഇടപെടല്‍) മൂസ(അ)യുടെ സഹോദരി (ഭരണകൂടത്തിനെതിരായ പ്രതിരോധത്തില്‍ പങ്കാളിയാകുന്നു), മൂസാ നബിയുടെ ഉമ്മ (അല്ലാഹുവിന്റെ വഹിയ് ലഭിച്ച, നിശ്ചയദാര്‍ഢ്യത്തിന്റെയും ധീരതയുടെയും പ്രതീകം), ആസിയ (അല്ലാഹു പേരെടുത്ത് പറഞ്ഞു മുഴുവന്‍ മുസ്‌ലിംകള്‍ക്കുമുള്ള മാതൃക) തുടങ്ങി സ്ത്രീ-പുരുഷ ബന്ധത്തിന്റെ സന്തുലിത സമീപനം ചര്‍ച്ച ചെയ്യുന്നിടത്ത്, തീര്‍ച്ചയായും വിശദമായ പഠനത്തിന് വിധേയമാക്കേണ്ട അധ്യായമാണ് സൂറത്തുല്‍ ഖസ്വസ്വ്. ഒരുപക്ഷേ ചരിത്ര പുരുഷന്മാരേക്കാള്‍ കൂടുതല്‍ ചരിത്ര സ്ത്രീകളെ പ്രതിപാദിച്ച സൂറ കൂടിയാണിത്. എന്നാല്‍ ആ അര്‍ഥത്തിലുള്ള വായനകള്‍ നടന്നിട്ടില്ല എന്ന ചൂിക്കാട്ടലായിരുന്നു അദ്ദേഹം നടത്തിയത്.
ആടിന് വെള്ളം കൊടുക്കാന്‍ സ്ത്രീകള്‍ പിന്തിച്ചുനിന്നെന്നും രണ്ടില്‍ ഒരുവള്‍ ലജ്ജാഭാവത്തോടെ നടന്നുകൊണ്ട് മൂസാ (അ) അടുത്തുവന്ന് പിതാവ് വിളിക്കുന്നു എന്ന വാര്‍ത്ത അറിയിക്കുകയും ചെയ്തു എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. പൊതു സമൂഹത്തില്‍ സ്ത്രീകള്‍ കാണിക്കേണ്ട ലജ്ജാബോധത്തെയും അച്ചടക്കത്തെക്കുറിച്ചുള്ള സൂചനകളാണ് ഇവ. സമകാലിക സമൂഹത്തില്‍ ഖുര്‍ആനിലെ വചനങ്ങള്‍ പ്രായോഗികമായി  അനുഭവിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ, കാലാതീതവും  ലോകാവസാനം വരെ നിലനില്‍ക്കുന്നതുമായ വിശുദ്ധവാക്യമായി ഖുര്‍ആന്‍ മാറുകയുള്ളൂ.
 അബൂലഹബിനോട് കടുപ്പിച്ച് സംസാരിക്കുന്ന ഖുര്‍ആനിന്റെ ഭാഷ ഗാംഭീര്യം സ്ഫുരിക്കുന്നതും തീക്ഷ്ണവുമാണ്. അറബികളുടെ പാരമ്പര്യ സ്വഭാവമായ കുടുംബമഹിമക്കും ഗോത്ര പെരുമക്കുമുള്ള പ്രാധാന്യം പോലും മറന്നുകൊണ്ടാണ് അബൂലഹബ് മുഹമ്മദിനെ ആക്ഷേപിക്കുന്നത്. അവര്‍ക്കിടയില്‍ തന്നെ അത്രയേറെ നിന്ദ്യമായ പ്രവര്‍ത്തനത്തെ ഖുര്‍ആന്‍ അതിശക്തമായി ആക്ഷേപിച്ചു. നാശം അല്ലാഹുവില്‍നിന്നാണ്, അതിനുള്ള അധികാരവും ആഭിജാത്യവും ഉള്ളവനില്‍നിന്ന്. ശബ്ദം കനക്കേണ്ടിടത്ത് കനക്കുകയും പ്രതിരോധിക്കേണ്ടിടത്ത് പ്രതിരോധിക്കണമെന്നും 'സൂറത്തുല്‍ മസദ്' പഠിപ്പിക്കുന്നു. ഖുര്‍ആനിക അധ്യായങ്ങള്‍ ഇങ്ങനെ വായിക്കാന്‍ നമുക്ക് കഴിയണം. ഖുര്‍ആന്‍ മുഴുവന്‍ ജനത്തിനും കാലാതീതമായി അവതരിച്ചതായിരിക്കെ, പ്രായോഗിക വായനയിലൂടെ അല്ലാഹുവിന്റെ കല്‍പ്പനകള്‍ യഥാവിധം അനുസരിക്കാന്‍ സാധിക്കുന്നു. സമകാലിക ലോകത്ത് ഇത്തരം വായനയുടെ ആവശ്യമാണ് അദ്ദേഹം പറഞ്ഞത്.
 പിന്നീട് നടന്ന മൂന്ന് സെഷനുകളും ഇംഗ്ലീഷ്, ആധുനിക -പൗരാണിക തഫ്‌സീറുകളുടെ പരിചയപ്പെടല്‍ ആയിരുന്നു. ഇംഗ്ലീഷ് തഫ്‌സീറുകളുടെ ഭാഷാ സൗന്ദര്യത്തെക്കുറിച്ച് ഡോക്ടര്‍ അഹ്മദ് അന്‍വര്‍ സംസാരിച്ചു. ആധുനിക തഫ്‌സീറുകളെ സംബന്ധിച്ച് അബ്ദുല്‍ വാസിഅ് ധര്‍മഗിരിയും പൗരാണിക തഫ്‌സീറുകളെ കുറിച്ച് അബ്ദുര്‍റഹ്മാന്‍ മങ്ങാടും ക്ലാസ്സെടുത്തു. ആധുനിക തഫ്‌സീറുകള്‍ ചില വിഷയങ്ങളില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ്. 'തഫ്ഹീം' ഹാകിമിയ്യത്തിനെയും അല്ലാഹുവിന്റെ പരമാധികാരത്തെയും വിശദീകരിച്ചപ്പോള്‍ സയ്യിദ് ഖുത്വ്ബിന്റെ 'ഫീ ളിലാലില്‍ ഖുര്‍ആന്‍' സ്വര്‍ഗനരകങ്ങളെ വിശദീകരിക്കുകയായിരുന്നു. ആയത്തുകളുടെ സാമ്യതകളും വിഷയങ്ങളുടെ യോജിപ്പുകളും പദഭംഗി, ഭാഷാ-വ്യാകരണ നിയമങ്ങള്‍ തുടങ്ങിയവക്ക് പ്രാധാന്യം നല്‍കിയും തഫ്‌സീറുകള്‍ വന്നിട്ടുണ്ട്. പൗരാണിക തഫ്‌സീറുകളെ അടിമുടി മാറ്റി വ്യാഖ്യാനിക്കുന്ന ഒരു ശൈലിയല്ല അവര്‍ സ്വീകരിച്ചിരുന്നത്. ഓരോ മുഫസ്സിറുകളും അവര്‍ക്ക് പങ്കുവെക്കേണ്ട ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആയത്തുകളെ വ്യാഖ്യാനിക്കുകയും മറ്റുള്ളവ പൗരാണികന്മാര്‍ വിശദീകരിച്ചത് അപ്രകാരം നിലനിര്‍ത്തുകയുമായിരുന്നു.
 എഴുത്തിനും എഴുത്തുകാര്‍ക്കും പിന്നില്‍ അനവധി ഘടകങ്ങളുണ്ട് എന്ന് 'എഴുത്തിന്റെ മനോഹാരിത'യെ മുന്‍നിര്‍ത്തി ജമീല്‍ അഹ്മദ് സൂചിപ്പിക്കുകയുണ്ടായി. ഒരു വ്യക്തി ഉപയോഗിക്കുന്ന ഓരോ പദത്തിനും പിന്നില്‍ അയാളുടെ സ്ഥാനം, പദവി, തൊഴില്‍, സ്ഥലം, ജീവിച്ചു വന്ന സാഹചര്യങ്ങള്‍ തുടങ്ങി ആയിരക്കണക്കിന് പശ്ചാത്തലങ്ങളുണ്ട് എന്നദ്ദേഹം ഉണര്‍ത്തി.
അതുപോലെ, ഓരോ പദം നിഷ്പന്നമായതിന് പിന്നിലെ സാമൂഹിക സാഹചര്യങ്ങളും പ്രധാനമാണ്. 'ചെറ്റ' എന്ന തെറി ചെറ്റക്കുടിലില്‍ താമസിക്കുന്നവരെ അധിക്ഷേപിച്ച് ഉണ്ടായതാണല്ലോ. പുരുഷാധിപത്യ പ്രവണതയുടെ ഫലമായി ഒരു വേശ്യനും വിധവനും ഉണ്ടാകാത്തത്, ഭാഷയുടെ പരിമിതി എന്നതിനേക്കാള്‍ സാമൂഹിക പൊതു ബോധത്തിന്റെ പരിമിതികളാണ്. പെണ്ണിന് സ്വന്തമായൊരു ഭാഷ ഉണ്ടാകണം. പുരുഷന്റെ പ്രഭാഷണ രീതിയെയും എഴുത്തിനെയും അനുകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് വികൃതമായി അനുഭവപ്പെടുന്നു. സ്ത്രീത്വം പ്രതിഫലിപ്പിക്കുന്ന ഭാഷയും എഴുത്തും അവര്‍ക്ക് സ്വന്തമായ അസ്തിത്വം സൃഷ്ടിക്കും. അതിന് സ്വീകാര്യത ഉണ്ടാകുമെന്ന നിര്‍ദേശമാണ് അദ്ദേഹം നല്‍കിയത്.
വൈകുന്നേരം ഒന്ന് രണ്ടുമണിക്കൂര്‍ വീണു കിട്ടിയ ഇടവേളയില്‍ ഹിറ സെന്റര്‍ ലൈബ്രറി പരിചയപ്പെടാനുള്ള അവസരം ഉണ്ടായി. കൂട്ടുകാരില്‍ ചിലര്‍ കോഴിക്കോട്ടങ്ങാടിയുടെ സായാഹ്ന കാഴ്ചകളിലേക്ക് ഇറങ്ങുകയും ചെയ്തു.
തീര്‍ത്തും വ്യത്യസ്തമായ അനുഭവമായിരുന്നു കെ.എം അഷ്‌റഫ് സാഹിബിന്റെ ഉലൂമുല്‍ ഖുര്‍ആന്റെ (ഖുര്‍ആനിക ശാസ്ത്രത്തിന്റെ) പരിചയപ്പെടല്‍. 82 വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വലിയൊരു വിജ്ഞാനശാഖയിലേക്കുള്ള എത്തിനോക്കലായിരുന്നു അത്. പവര്‍ പോയിന്റ് പ്രസന്റേഷന്‍ സഹായത്തോടെ 9 പ്രധാന കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കാനായി. ഖുര്‍ആനിന്റെ (വ്യാഖ്യാനങ്ങള്‍, പാരായണങ്ങള്‍, ഭാഷാപരവും ശാസ്ത്രീയവുമായ അമാനുഷികതകള്‍, അവതരണ പശ്ചാത്തലങ്ങള്‍, ഭാഷാ-വ്യാകരണ നിയമങ്ങള്‍, അപൂര്‍വവും ഗൂഢ ധ്വനിയുള്ളതുമായ പദങ്ങള്‍, പ്രയോഗങ്ങള്‍, ഭാഷാ സൗന്ദര്യങ്ങള്‍,  ശൈലികള്‍) വിഷയത്തിന്റെ ബാഹുല്യത്തില്‍ തുടക്കക്കാരെന്ന നിലയില്‍ അമ്പരന്നു നില്‍ക്കുകയായിരുന്നു ഞങ്ങളില്‍ പലരും.
രണ്ടാംദിനം രാവിലെ ടി. മുഹമ്മദ് വേളം ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട ഖുര്‍ആനിലെ യുദ്ധ സമീപനങ്ങളെ കുറിച്ച് വിശദീകരിച്ചു. തീവ്രവാദികള്‍ ആയത്തുകളുടെ അവതരണ പശ്ചാത്തലമോ സന്ദര്‍ഭമോ മനസ്സിലാക്കാതെ, ഖുര്‍ആനില്‍നിന്നാണ് അവരുടെ നിലപാടുകള്‍ രൂപപ്പെടുത്തുന്നത് എന്നദ്ദേഹം നിലവിലെ ഉദാഹരണങ്ങളിലൂടെ എടുത്തുകാട്ടി. വിഷയവുമായി ബന്ധപ്പെട്ട മുഴുവന്‍ ആയത്തുകളും അവയുടെ അവതരണ പശ്ചാത്തലവും നബിവചനങ്ങളും പരിശോധിച്ചു വിശദമായ പഠനങ്ങള്‍ക്കു ശേഷം മാത്രമേ ആ വിഷയത്തിലുള്ള ഖുര്‍ആന്റെ നിലപാട് മനസ്സിലാക്കാന്‍ സാധിക്കൂ. ഖുര്‍ആനിനെ ദീര്‍ഘകാലം ആഴത്തിലും വ്യാപ്തിയിലും പഠിച്ചവര്‍ക്ക് മാത്രമാണ് അത് സാധിക്കുക. അറബി ഭാഷയിലെ അവഗാഹം പ്രധാനമാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു. സംശയനിവാരണത്തിനും ചര്‍ച്ചകള്‍ക്കുമായി ഏറെ സമയം ചെലവഴിക്കുകയുണ്ടായി.
ക്യാമ്പ് അംഗങ്ങളുടെ പേപ്പര്‍ അവതരണവും നിരൂപണവുമായിരുന്നു അവസാനത്തെ സെഷന്‍. പ്രബോധനം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അശ്‌റഫ് കീഴുപറമ്പ്, അവതരിപ്പിക്കപ്പെട്ട  പേപ്പറുകളുടെ വിശകലനം നടത്തുകയും ഖുര്‍ആനിക വിഷയങ്ങള്‍ പഠിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയുമുണ്ടായി. 
ഉച്ചഭക്ഷണത്തോടെ ഹിറയില്‍ നിന്നും മടങ്ങുമ്പോള്‍, ഇതിന് ഒരു തുടര്‍ച്ചയുണ്ടാകണേ എന്നായിരുന്നു എല്ലാവരുടെയും പ്രാര്‍ഥന...

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top