ദാമ്പത്യം ബാധ്യതയാകുമ്പോള്‍

നാസര്‍ മാണ്ടാട് No image

വിവാഹമോചനത്തിന്റെ വക്കിലാണ് സഫിയ. ആദ്യ കൂടിക്കാഴ്ചയില്‍തന്നെ അവള്‍ അഭിമുഖീകരിക്കുന്ന സംഗതി ഗുരുതരമാണെന്ന് തോന്നി. മജീദ് എന്ന ഒരു അധ്യായം തന്നെ അവസാനിച്ചുകിട്ടിയാല്‍ മതിയായിരുന്നു എന്നാണവള്‍ക്ക്. സംഗതി ഗുരുതരമാണ്. കേവലം അഞ്ചു വര്‍ഷത്തെ ജീവിതമേ അവര്‍ തമ്മിലുള്ളൂ.  ഭര്‍ത്താവ് മജീദിനെ പറ്റി ആയിരം കുറ്റങ്ങള്‍ പറയാനുണ്ട് അവള്‍ക്ക്.  മുഖത്തടിച്ചതും  വീട്ടില്‍ നിന്ന് പുറത്താക്കിയതും ഇറങ്ങിപ്പോകാന്‍ പറഞ്ഞതും തന്തക്ക് വിളിച്ചതും അങ്ങനെ ഒത്തിരി...  രണ്ടുതവണ പള്ളികമ്മിറ്റിക്കാര്‍ വന്ന് പ്രശ്‌നം രമ്യതയില്‍ എത്തിക്കാന്‍ പറഞ്ഞുവിട്ടതാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും തുടങ്ങി പ്രശ്‌നം. ഇനിയും ഇത് സഹിക്കാനാകില്ല. എങ്ങനെയെങ്കിലും ഒഴിവായി കിട്ടണം എന്നാണ് സഫിയയുടെ ആവശ്യം. 
ഈ മൂന്നു വയസ്സുകാരനെയും വെച്ച് ഒരു എടുത്തുചാട്ടത്തിന് മുതിരണോ? കൂടെയുള്ള കുട്ടിയെ നോക്കി ഞാന്‍ ചോദിച്ചു.
'അതൊക്കെ ഓര്‍ത്താ  ഇത്രയും കാലം പിടിച്ചുനിന്നത്. ഇനിയും എനിക്ക് സഹിക്കാനാവില്ല. ഞാനും ഒരു മനുഷ്യനല്ലേ? എന്റെ ജ്യേഷ്ഠന്‍ തന്നെ പലതവണ പറഞ്ഞതാണ്, പറ്റില്ലെങ്കില്‍ ഒഴിവാക്കി തരാന്‍.' അവള്‍ തീര്‍ത്തു പറഞ്ഞു.
ഏതായാലും കാര്യങ്ങള്‍ മജീദുമായി ഒന്നു സംസാരിക്കണം. 'സാറേ, ഞാന്‍ ആകെ തകര്‍ന്നിരിക്കുകയാണ്. എന്തുവേണമെങ്കിലും ചെയ്യാം. ഇവളെ ഒന്ന് ശരിയാക്കി തരണം.  ഞാന്‍ പൊന്നുപോലെ നോക്കിയിട്ടും ഇവള്‍ക്ക് ഒത്തിരി പരാതി. എന്തെങ്കിലും കുറ്റങ്ങളും കുറവുകളും പറഞ്ഞ് നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഞാന്‍ ചെയ്തു കൊടുക്കുന്ന കാര്യങ്ങളൊന്നും അവള്‍ കാണുന്നില്ല. അതിലെ ന്യൂനതകള്‍ മാത്രം പറയുന്നു. എന്റെ സാമ്പത്തികനില പോലും പരിഗണിക്കാതെ അവള്‍ക്ക് വേണ്ട നല്ല വസ്ത്രങ്ങള്‍ ഞാന്‍ എപ്പോഴും എടുത്തു കൊടുക്കാറുണ്ട്.  വീട്ടിലേക്കാവശ്യമായ വസ്തുക്കള്‍ എല്ലാം ഒരു കുറവും വരുത്താതെ വാങ്ങാറുണ്ട്.  അവളുടെ കുടുംബത്തിലെ കല്യാണങ്ങള്‍ക്കും വീട്ടില്‍കൂടലുകള്‍ക്കും അങ്ങനെത്തന്നെ. അവളെയും മകനെയും പോറ്റാന്‍ വേണ്ടിയാണ് ഞാന്‍ ഈ രാവും പകലുമില്ലാതെ അധ്വാനിക്കുന്നത്.  എന്നിട്ടും ഞാന്‍ അവളെ നോക്കുന്നില്ലെന്ന് പരാതി പറയുന്നു.'  മജീദ് അവന്റെ ഭാഗം നിരത്തി.
'അപ്പോ മുഖത്തടിച്ചതൊക്കെ?'
'അതൊരിക്കല്‍ 'ഞാന്‍ നിനക്ക് എല്ലാ ചിലവും തരുന്നില്ലേ' എന്ന് ചോദിച്ചപ്പോള്‍ 'നിങ്ങളുടെ നക്കാപ്പിച്ച ചോറ് തിന്നാന്‍ ഒന്നുമല്ല ഞാന്‍ ഇവിടെ വന്നത്' എന്നായിരുന്നു മറുപടി. പിന്നെ  ആണായ ആരും അടിച്ചു പോകില്ലേ?'' അതിനും അവന് മറുപടിയു്.
ശരിയായ പ്രശ്‌നം ഇവിടെയൊന്നുമല്ല എന്ന് എനിക്കറിയാമായിരുന്നു. എന്റെ ചോദ്യങ്ങള്‍ കുറച്ചു കൂടി താഴേക്ക് പോയി. പരസ്പര സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും അടിത്തറയിലല്ല ആ ദാമ്പത്യം പടുത്തത് എന്ന് എനിക്ക് മനസ്സിലായി. മറിച്ച്, കടമ നിര്‍വഹിക്കുകയും പകരത്തിന് പകരം സഹകരിക്കുകയും ചെയ്യുക എന്ന ഒരു സങ്കുചിതമായ പശ്ചാത്തലത്തിലാണ്. ഏതായാലും സഫിയയോട് ഒന്നുകൂടെ സംസാരിക്കണം.
ഒരു വിവാഹം ഉപേക്ഷിക്കാന്‍ മാത്രം നിന്റെ ഭര്‍ത്താവിന് എന്ത് കുറ്റമാണുള്ളത്? അയാള്‍ മദ്യപിക്കുമോ? ഇല്ല. നിന്നെ സ്ഥിരം ഉപദ്രവിക്കാറുണ്ടോ? ഇല്ല. നിനക്ക് വേണ്ട ആഹാരവും മറ്റു സൗകര്യങ്ങളും ചെയ്തു തരുന്നില്ലേ? ഉണ്ട്. നിന്റെ അടിസ്ഥാന ആവശ്യങ്ങളെല്ലാം പൂര്‍ത്തീകരിച്ചു തരുന്നില്ലേ? പിന്നെ ഒരു ഭര്‍ത്താവ് എന്ന നിലക്ക് ദാമ്പത്യം ഉപേക്ഷിക്കാന്‍ മാത്രം എന്ത് കുറ്റമാണ് അയാള്‍ക്കുള്ളത്? മജീദിന് എന്നോട് വലിയ സ്‌നേഹമൊന്നും ഇല്ല. എന്നെ തീരെ പരിഗണിക്കുന്നില്ല.  ദിവസവും വീട്ടില്‍ വരുന്നില്ല. ഒന്നും സംസാരിക്കുന്നില്ല. എന്റെ ആവശ്യങ്ങള്‍ എത്ര പറഞ്ഞാലും നിറവേറ്റില്ല. വേറെ പലതുമാണ് ചിന്ത. എന്നോട് എപ്പോഴും ദേഷ്യം പിടിക്കുന്നു. ശകാരിക്കുന്നു. ഒരു ഭാര്യ എന്ന സ്‌നേഹവും സന്തോഷവും ലഭിക്കുന്നില്ലെങ്കില്‍ പിന്നെ ഞാനെന്തിന് അവിടെ കഴിയണം! എനിക്ക് അന്നം തരാന്‍ വകയില്ലാഞ്ഞിട്ടൊന്നുമല്ല ബാപ്പ എന്നെ കെട്ടിച്ചത്. അവളുടെ പരാതികള്‍ അങ്ങനെ പോയി.
നിനക്ക് വേണ്ട ഭക്ഷണം, നല്ല വസ്ത്രങ്ങള്‍, ചികിത്സ തുടങ്ങി എല്ലാം കൃത്യമായി നിര്‍വഹിച്ചു തരുന്നത് നിന്നോട് സ്‌നേഹമുള്ളതുകൊണ്ടല്ലേ. തന്റെ സാമ്പത്തിക  ഞെരുക്കവും ബിസിനസിലെ പരാജയവും ഒന്നും നിന്നെ അറിയിക്കാത്തതും നിനക്കുള്ള വകയില്‍ ഒരു കുറവും വരുത്താതിരുന്നതും നിന്നെ അതിയായി സ്‌നേഹിക്കുന്നു എന്നതിനുള്ള തെളിവല്ലേ? ഞാനവളോട് തിരിച്ചു ചോദിച്ചപ്പോള്‍ 'വീട്ടില്‍ വന്നാലും എന്നോട് സംസാരിക്കുന്നില്ല. നിരന്തരം പല ഫോണ്‍ കോളുകളും ഇന്റര്‍നെറ്റുമാണ്. എപ്പോഴും കച്ചവടം തന്നെയാണു ചിന്ത' എന്നായിരുന്നു അടുത്ത പരിഭവം.
ഹോ അതാണോ പ്രശ്‌നം? ഒരു സ്ഥാപനം നടത്തുന്നയാള്‍ക്ക് പല  പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഉണ്ടാകില്ലേ?  അതൊക്കെ മറ്റാരെങ്കിലും ചെയ്യുമോ? ഭര്‍ത്താവ് ഈ കച്ചവടമൊക്കെ പ്രയാസപ്പെട്ട് ചെയ്യുന്നത് എന്തിനാണ്? കാശുണ്ടാക്കാന്‍. ഈ കാഷ് എന്തിനാണ്? അയാള്‍ക്ക് ഒറ്റക്ക് ഭക്ഷിച്ച് തീര്‍ക്കാന്‍ ആണോ? അല്ല, കുടുംബത്തിന്. അതേ, നിനക്കും നിന്റെ കുട്ടിക്കും വേണ്ടിയാണ് അയാള്‍ മുഴുസമയവും ചെലവഴിക്കുന്നത്, അധ്വാനിക്കുന്നത്, സമ്പാദിക്കുന്നത്. ഇതിന്റെ അര്‍ഥം ഭര്‍ത്താവിന്റെ ജീവിതം മുഴുവനും നിനക്ക് വേണ്ടിയാണ് എന്നല്ലേ?


യഥാര്‍ഥത്തില്‍ അവരുടെ പ്രശ്‌നം വളരെ നിസ്സാരവും എന്നാല്‍ ഗൗരവവുമാണ്.  സ്ത്രീയും പുരുഷനും തമ്മിലുള്ള മനശ്ശാസ്ത്രപരമായ ഒരു വ്യത്യാസമാണ് ഇവിടെ പ്രധാന പ്രശ്‌നം. അത് തിരിച്ചറിയുക എന്നതാണ് പ്രഥമ പരിഹാരം. പുരുഷന്‍ തിരിച്ചറിയേണ്ട ചില സ്ത്രീ ഗുണങ്ങളുണ്ട്.  ഒരു സ്ത്രീയെ പൂര്‍ണ സംതൃപ്തയാക്കാന്‍ കേവല ഭക്ഷണ വസ്ത്രങ്ങളോ മറ്റു ഭൗതിക ചെലവുകളോ മതിയാകില്ല. മനശ്ശാസ്ത്ര പഠനങ്ങള്‍ അനുസരിച്ച് ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് (Care)  പരിചരണമാണ്, പരിലാളനയാണ്. അവളെ കുറേ സ്‌നേഹിച്ചാല്‍ മാത്രം പോരാ, അത് പ്രകടിപ്പിക്കുക കൂടി വേണം.
സ്‌നേഹമസൃണമായ വാക്കുകളും പെരുമാറ്റവുമാണ് അവള്‍ കൊതിക്കുന്നത്. അവളുടെ വാക്കുകള്‍  മുഖവിലക്കെടുക്കണം.  കൊച്ചു ആവശ്യങ്ങള്‍ പരിഗണിക്കണം. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കണം. അവളുടെ നിസ്സാരമെന്ന് തോന്നുന്ന കഥകള്‍ ആവേശപൂര്‍വം കേട്ടിരിക്കണം. കുഞ്ഞു തമാശകള്‍ പറയണം. അവളുടെ ഹൃദയം സ്പര്‍ശിക്കുന്ന തലോടല്‍ നല്‍കണം. 
ഒരു ഭര്‍ത്താവ് എന്നാല്‍ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്ന ഒരു യന്ത്രമല്ല, അഗാധമായ സ്‌നേഹവും വാത്സല്യവും വഴിഞ്ഞൊഴുകുന്ന ഹൃദയമാവണം. പക്ഷേ സംഭവിക്കുന്നത് നേരെമറിച്ചാണ്. ഭര്‍ത്താവ് വലിയ ബിസിനസുകാരനോ ഉദ്യോഗസ്ഥനോ ആയിരിക്കും. ഭാര്യയോടുള്ള സ്‌നേഹം മുഴുവന്‍ മനസ്സില്‍ മാത്രം. വീട്ടിലെത്തിയാലും ചിന്തയും സംസാരവും ബിസിനസ് തന്നെ. അവരുടെ ചിന്താമണ്ഡലത്തില്‍ നിലവിലെ തകര്‍ച്ചയുടെ കാരണം, മുന്നോട്ടുള്ള തടസ്സങ്ങളുടെ പരിഹാരം, പുതിയ പദ്ധതികള്‍ക്കുള്ള ആസൂത്രണം തുടങ്ങി പല കാര്യങ്ങളും ആയിരിക്കും മുഖ്യം.
ഇതിനിടയില്‍ ഭാര്യയുടെ ചെറിയ ആവശ്യങ്ങളും അഭിപ്രായങ്ങളും നുറുങ്ങു സംസാരങ്ങളും വെറും നിസ്സാരം!  അവളുടെ കണ്ണുകളിലേക്ക് നോക്കി സ്‌നേഹത്തോടെ ഒരു പുഞ്ചിരി നല്‍കാന്‍ പോലും സമയമില്ല. സ്‌നേഹവും സന്തോഷവും പ്രകടിപ്പിച്ച, ഹൃദയം അറിഞ്ഞുള്ള ആ പുഞ്ചിരിക്ക് ശാസ്ത്രീയമായി ഏറെ പ്രസക്തിയുണ്ട്. ആ സമയത്ത് റീുമാശില എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പടും. അത് ശരീരത്തിനും മനസ്സിനും നല്‍കുന്ന ഊര്‍ജം അപാരമാണ്! ഹൃദയത്തിലേക്കുള്ള കവാടമാണ് കണ്ണുകള്‍. കണ്ണുകളിലൂടെ ഒന്ന് ആഴത്തില്‍ നോക്കിയാല്‍ ഹൃദയം കാണാം. ആ ഹൃദയത്തിലേക്ക് സ്‌നേഹത്തോടെ ഒരു പുഞ്ചിരി നല്‍കിയാല്‍ തീരുന്നതേയുള്ളൂ പല ദാമ്പത്യ പ്രശ്‌നങ്ങളും.
'സ്വന്തം ഭാര്യയെ വേണ്ടവിധം പരിഗണിക്കാന്‍ ആകാതെ തിരക്കുപിടിച്ച ഈ ജോലിയുടെ ലക്ഷ്യമെന്ത്' എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടുകയേ നിര്‍വാഹമുള്ളൂ.  സ്വന്തം പങ്കാളിയെ മനസ്സിലാക്കുകയും പൂര്‍ണമായി സംതൃപ്തിപ്പെടുത്തുകയും ചെയ്യുന്നതില്‍ പരാജിതരാണ് അധിക ദമ്പതികളും. 
ഇവിടെ സ്ത്രീകള്‍ക്കും ചില കാര്യങ്ങള്‍ തിരിച്ചറിയാനുണ്ട്. പുരുഷന്മാര്‍ക്ക് ആപേക്ഷികമായി സംസാരം കുറവാണ്. അവര്‍ സ്‌നേഹം പ്രകടിപ്പിക്കുന്നതിലും പിന്നിലാണ്. ഇതിനര്‍ഥം അവരുടെ ഹൃദയം വരണ്ടതാണ് എന്നല്ല. അവര്‍ ദിവസം മുഴുവനും അധ്വാനിക്കുന്നതും സമ്പാദിക്കുന്നതും കുടുംബത്തിന് വേണ്ടിയാണ്. അതിനിടയില്‍ ചിലപ്പോള്‍ കുടുംബത്തോട് കിന്നരിക്കാനോ വീട്ടുവിശേഷങ്ങള്‍ കേള്‍ക്കാനോ അവര്‍ക്ക് സമയമുണ്ടായി എന്ന് വരില്ല. അവരുടെ ഹൃദയം കാണാനും സ്‌നേഹം തിരിച്ചറിയാനും കഴിയുമ്പോഴേ ഏതൊരു സ്ത്രീയും നല്ല ഭാര്യ ആകൂ. 
ഭര്‍ത്താവിന് കേവലം ഭക്ഷണം വിളമ്പി കൊടുക്കുകയും വസ്ത്രം അലക്കി കൊടുക്കുകയും ചെയ്താല്‍ തന്നെ ഉത്തരവാദിത്തം കഴിഞ്ഞു എന്ന് കരുതുന്ന ഭാര്യമാരുണ്ട്. എന്നാല്‍ ഒരു പുരുഷ മനസ്സ് ഏറ്റവുമധികം ആഗ്രഹിക്കുന്നത് ഇണയുടെ (support)  പിന്തുണയും സഹകരണവും ആണെന്ന് മനശ്ശാസ്ത്ര പഠനങ്ങള്‍ കണ്ടെത്തുന്നു. പക്ഷേ ഇവിടെയാണ് അധിക സ്ത്രീകളും പരാജയപ്പെടുന്നത്. അടിസ്ഥാന ആവശ്യങ്ങള്‍ക്കപ്പുറം ഭര്‍ത്താവിന്റെ  ജോലിയെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്വേഷിച്ച് അതിനുവേണ്ട എല്ലാ പിന്തുണയും, തന്നാല്‍ കഴിയുന്ന അഭിപ്രായങ്ങളും പറയുന്ന ഭാര്യമാര്‍ എത്ര പേരുണ്ട്!
ആ അഭിപ്രായത്തിന്റെ സാധുതയിലോ പ്രായോഗികതയിലോ അല്ല കാര്യം. മറിച്ച്, അതിലൂടെ പ്രകടമാകുന്ന ഭാര്യയുടെ മാനസിക പിന്തുണയില്‍നിന്നും ലഭിക്കുന്ന ഒരു ഊര്‍ജമുണ്ട്. അത് ഭര്‍ത്താവിന്റെ ജീവിതത്തിന് തന്നെ കരുത്തേകും, പ്രവര്‍ത്തനത്തിന് മികവ് നല്‍കും, ജീവിത വിജയത്തിന് അപാരമായ സ്വാധീനം ചെലുത്തും. അതിലൂടെ രൂപപ്പെടുന്ന ഭാര്യയോടുള്ള ആത്മബന്ധവും സ്‌നേഹവും ഏറെ സുദൃഢമായിരിക്കും.
യന്ത്രസമാനമായ പെരുമാറ്റത്തിനപ്പുറം ഭാര്യയും ഭര്‍ത്താവും ഇണയുടെ ആവശ്യങ്ങള്‍ തൊട്ടറിഞ്ഞ് പെരുമാറാനും  അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാനും ചോദ്യങ്ങള്‍ക്ക് ഉത്തരമാകാനും ആശങ്കകള്‍ക്ക് പ്രതീക്ഷയാകാനും കഴിയുമ്പോഴാണ് ദാമ്പത്യം ഏറെ മധുരപൂര്‍ണമാകുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top