പോസ്റ്റ്‌മോഡേണ്‍

നജീബ സൈതലവി

ആ കമ്പാര്‍ട്ടുമെന്റില്‍ ആകെയുണ്ടായിരുന്ന പെണ്‍കുട്ടി അവളായിരുന്നു. ഒഴിഞ്ഞു കിടക്കുന്ന സീറ്റ്‌ കണ്ട പാടേ കയറിയിരുന്നു. ഇരുന്ന ശേഷമാണ്‌ അവളെ ശ്രദ്ധിച്ചത്‌. തോളറ്റം വളര്‍ത്തിയ ചുരുണ്ട മുടി ഒരു പോണി ടൈല്‍ ആക്കി കെട്ടിവെച്ചിരിക്കുന്നു. ജീന്‍സും ടി-ഷര്‍ട്ടും ധരിച്ച സുന്ദരി. കയ്യില്‍ സ്‌കൂള്‍ ബാഗും ട്രാവല്‍ ബാഗുമുണ്ട്‌. എന്നെപ്പോലെ ഏതോ ഹോസ്റ്റലില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥിനിയായിരിക്കും. പ്രായം കണ്ടിട്ട്‌ കോളേജില്‍ നിന്നും വരുന്നതാവാനാണ്‌ സാധ്യത. വെറുതെ ചിരിച്ചു.
``പേരെന്താ?'' അവളായിരുന്നു ആദ്യം ചോദിച്ചത്‌.
``ഷീബ.'' ``നിങ്ങളുടെയോ?''
``രേഷ്‌മ''
ഇനി ചോദ്യം ഞാന്‍ ചോദിക്കണമല്ലോ എന്നാലോചിച്ചു കുറച്ച്‌ നേരം ഇരുന്നു.
``എവിടെയാ പഠിക്കുന്നത്‌?''
``മംഗലാപുരം. എം.ബി.എക്ക്‌
വേറെ പണിയൊന്നും ഇല്ലാത്തതു കൊണ്ടും മുഖാമുഖം നോക്കിയിരുന്നു മടുത്തതുകൊണ്ടും ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. അവളുടെ പാരന്റ്‌സ്‌ ഡോക്ടേഴ്‌സാണ്‌. അനിയന്‍ പ്ലസ്‌ടുവിന്‌ പഠിക്കുന്നു. അവനും ഹോസ്റ്റലില്‍ തന്നെ.
``അതെന്താ അവനെ ഹോസ്റ്റലില്‍ നിര്‍ത്തുന്നത്‌? തൃശൂരില്‍ നല്ല പ്ലസ്‌ടു സ്‌കൂളുകള്‍ ഉണ്ടല്ലോ.''
ഞാന്‍ ചോദിച്ചു.
``അത്‌ ഡാഡിയുടെയും മമ്മിയുടെയും വിശ്വാസമാ, ഹോസ്റ്റലില്‍ നിന്നാലേ മക്കള്‍ ശരിയാവത്തുള്ളൂ എന്ന്‌''. ഒന്ന്‌ നിര്‍ത്തിയിട്ട്‌ അവള്‍ പിന്നെയും തുടര്‍ന്നു. `` ഞാന്‍ ഫസ്റ്റ്‌ സ്റ്റാന്‍ഡേര്‍ഡ്‌ മുതല്‍ ഹോസ്റ്റലിലാ.''
``അഞ്ചു വയസ്സു മുതല്‍ ഹോസ്റ്റലിലോ...?''
എന്റെ അദ്‌ഭുതം കണ്ടവള്‍ പൊട്ടിച്ചിരിച്ചു.
``അഞ്ചല്ല നാലര വയസ്സു മുതല്‍. ഇന്നുവരെ ഞാന്‍...'' അവള്‍ വിരലുകള്‍ എണ്ണാന്‍ തുടങ്ങി. `` പതിനഞ്ചു ഹോസ്റ്റലില്‍ നിന്നിട്ടുണ്ട.്‌''
``നിന്നെ സമ്മതിക്കണം. ഒരു ഹോസ്റ്റലില്‍ നിന്നിട്ടു തന്നെ എനിക്കു മതിയായി.'' ഞാന്‍ ഹോസ്റ്റലിന്റെ മടുപ്പു മറച്ചുവെച്ചില്ല. ``വീട്ടില്‍ പോകാനുള്ള ദിവസങ്ങള്‍ എണ്ണിയെണ്ണിയിരിക്കുകയാ''
``എനിക്കു വീടാ ബോറ്‌. മാസത്തില്‍ രണ്ടോ മൂന്നോ ദിവസം. അത്രയേ വീടു രസമുള്ളൂ.''
പത്രത്തിലും മാസികയിലും മാത്രം വായിച്ചറിഞ്ഞ അത്യാധുനിക യുഗത്തിന്റെ സന്തതിയായിരിക്കണം ഇവള്‍. ഞാന്‍ മനസ്സില്‍ പറഞ്ഞു. അല്ലാതെ ആരെങ്കിലും ഇങ്ങനെയൊക്കെ പറയുമോ?
``അപ്പോ കോഴ്‌സ്‌ കഴിഞ്ഞാല്‍ എന്തു ചെയ്യും?'' ഞാന്‍ ചോദിച്ചു.
ഉടനെ വന്നു മറുപടി, ``അതിനല്ലേ വര്‍കിങ്ങ്‌ വുമണ്‍സ്‌ ഹോസ്റ്റല്‍. ഒരു ജോലിയും വാങ്ങി അവിടെ നില്‍ക്കും.''
`` കല്യാണം?''
``കല്യാണം എന്നൊരു വാക്ക്‌ എന്റെ ഡിക്‌ഷണറിയില്‍ ഇല്ല. ഐ ഹെയ്‌റ്റ്‌ മെന്‍!''
ദൈവമേ ഇതെന്തു സാധനം?!!
``അപ്പൊ നിനക്ക്‌ വയസ്സാകുമ്പോ എന്തു ചെയ്യും? കൂടെ ആരെങ്കിലും വേണ്ടേ?'' വീടിന്റെയും കുടുംബത്തിന്റെയും ആവശ്യം അവളെ പറഞ്ഞ്‌ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു.
``നിനക്കൊട്ടും ബുദ്ധിയില്ലെ മോളേ'', അവളെന്നെ കളിയാക്കി. ``അതിനല്ലേ കൂണുപോലെ മുളച്ചുപൊന്തുന്ന ഓള്‍ഡ്‌ ഏജ്‌ ഹോമുകള്‍! കുറച്ച്‌ പൈസ കൊടുത്താല്‍ അവര്‍ നോക്കിക്കൊള്ളും.'
എനിക്കു മറുപടിയില്ലായിരുന്നു.
പിന്‍ കുറി:
കോണ്‍വെന്റ്‌ രക്ഷതി കൗമാരേ,
ഹോസ്റ്റല്‍ രക്ഷതി യൗവ്വനേ
വൃദ്ധസദനം രക്ഷതി വാര്‍ധക്യേ,
നഃ സ്‌ത്രീ പാരതന്ത്ര്യ മര്‍ഹതി!


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top