ഇരുട്ടിലെന്നെ തനിച്ചാക്കി പോയതെങ്ങോ?

ജമീല്‍ അഹ്‌മദ്‌ No image

`സുബൈദ' എന്ന സിനിമയ്‌ക്കു വേണ്ടി പി. ഭാസ്‌കരന്‍ രചിച്ച ഈ ഗാനം മലയാളിയുടെ മനസ്സില്‍ ഇന്നും മുഴങ്ങുന്നുണ്ട്‌. കഥാപരമായി സവിശേഷ സന്ദര്‍ഭത്തിലുള്ള അതിന്റെ പ്രകരണശുദ്ധി, മരണത്തെ അനുഭവിപ്പിക്കുന്ന ആഖിര്‍ഭൈരവി രാഗത്തിലുള്ള ബാബുരാജിന്റെ ഈണം, ഹൃദയത്തില്‍ തറക്കുന്ന വിധത്തിലുള്ള യേശുദാസിന്റെ ആലാപന സൗന്ദര്യം എന്നിവ മാത്രമല്ല അതിന്റെ സ്വീകാര്യതക്കു കാരണം; വിധവയുടെ സങ്കടങ്ങളെ കോറിയിട്ട്‌ പൊള്ളിക്കുന്ന രചനാ വൈശിഷ്ട്യം കൂടിയാണ്‌. വിധവയുടെയും ഇണയറ്റുപോയതിനാല്‍ വിധുരനായവന്റെയും തീര്‍ത്താല്‍ തീരാത്ത നോവുകളെ നമ്മുടെ സംസ്‌കാരം എങ്ങനെയാണ്‌ നേരിട്ടത്‌?
ഒരാളും ഒറ്റയ്‌ക്കല്ല
മനുഷ്യന്‍ ഭൂമിയില്‍ വാഴ്‌ച തുടങ്ങിയതേ ഇണയോടൊത്താണ്‌ എന്നതിനാലാകണം വിവാഹവും കുടുംബവും അത്രയും അവരുടെ ജീവിതവുമായി കെട്ടുപിണഞ്ഞുപോയത്‌. ആദമും ഹവ്വയും ഭൂമിയിലെത്തിയ അന്നു മുതലേ ആദ്യം ആലോചിച്ചത്‌ ഒരുമിച്ച്‌ വിശപ്പകറ്റാനും അന്തിയുറങ്ങാനുമുള്ള മാര്‍ഗമായിരിക്കണം. സ്വര്‍ഗത്തില്‍ ഒരുമിച്ച്‌ ചെയ്‌ത അബദ്ധത്തിന്‌ പരിഹാരമായി ഭൂമിയില്‍ ഇനി വേറെവേറെയാകാം എന്ന്‌ ആദിപിതാക്കള്‍ തീരുമാനിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു മനുഷ്യകുലത്തിന്റെ ചരിത്രം. സ്വര്‍ഗത്തില്‍ നിന്ന്‌ ഭൂമിയിലെ വേറെവേറെയിടങ്ങളില്‍ നിപതിച്ചുപോയ ആദമും ഹവ്വയും പരസ്‌പരം കണ്ടുമുട്ടാന്‍ വന്‍കരകള്‍ താണ്ടി കാലങ്ങളോളം അലഞ്ഞുവെന്ന കഥകളുമുണ്ട്‌. ഒറ്റയ്‌ക്കു ജീവിക്കാന്‍ ആണിനും പെണ്ണിനും ഒരിക്കലും കഴിയില്ല എന്ന്‌ ആദ്യത്തെ ഉമ്മയും ഉപ്പയും തെളിവാണ്‌. അതുകൊണ്ടായിരിക്കണം മനുഷ്യനെ ഇണയായിത്തന്നെ പടച്ചു എന്ന്‌ അല്ലാഹു ഊന്നിപ്പറഞ്ഞത്‌.
ബുദ്ധിപരം, യുക്തിപരം എന്നതിനെക്കാളേറെ വൈകാരികമാണ്‌ മനുഷ്യ ബന്ധങ്ങള്‍. അക്കൂട്ടത്തില്‍ ഏറ്റവും വൈകാരികമായത്‌ വിവാഹബന്ധംതന്നെ. അത്‌ നിലനിര്‍ത്താനും പരിചരിക്കാനുമാണ്‌ അവന്‍ നേടുന്നതും നഷ്ടപ്പെടുത്തുന്നതും എല്ലാം. അരച്ചാണ്‍ വയറിനു വേണ്ടിയല്ല മനുഷ്യന്‍ കഷ്ടപ്പെടുന്നത്‌, ഇനിയും അളന്നു തീരാത്ത ബന്ധപാശങ്ങളുടെ ഇഴ പൊട്ടാതെ മുറുക്കിയിടാനാണ്‌. മനുഷ്യവംശത്തിലെ ആദ്യത്തെ തലമുറയുടെ സ്‌നേഹത്തിന്റെയും വെറുപ്പിന്റെയും കഥകളില്‍ പോലും ഈ വൈകാരിക ബന്ധനങ്ങളുടെ അടിയൊഴുക്കുണ്ട്‌. ആബേലിന്റെ പ്രിയപ്പെട്ട പെണ്ണിനോട്‌ കായേനുള്ള താല്‍പര്യമാണല്ലോ ആദ്യത്തെ കൊലപാതകത്തിന്റെ കാരണമായി ബൈബിള്‍ കഥകളിലുള്ളത്‌.
ആദികവിയായ വാത്‌മീകി സ്വന്തം കുടുംബത്തെ പോറ്റാനായി കൊള്ള നടത്തിയിരുന്ന കാട്ടാളനായിരുന്നുവെന്ന്‌ മറ്റൊരു കഥയുമുണ്ട്‌ ഭാരതത്തില്‍. ഭാര്യക്കും മക്കള്‍ക്കും വേണ്ടി വഴിപോക്കരെ കൊള്ളയടിച്ച്‌ നേടുന്ന മുതലിന്‌ ബന്ധുക്കള്‍ പങ്കാളികളായിരുന്നു. പക്ഷേ ആ പാപത്തില്‍ പങ്കുപറ്റാന്‍ അവര്‍ തയ്യാറായില്ല. കുടുംബത്തിന്റെ കെട്ടുപാടുകള്‍ അങ്ങനെ ആദ്യത്തെ ഋഷികവിയെയും സൃഷ്ടിച്ചു. ആദികാവ്യമായ രാമായണം പിറവിയെടുക്കുന്നതേ ക്രൗഞ്ചപ്പിടകളിലൊന്നിനെ വേടന്‍ അമ്പെയ്‌തുവീഴ്‌ത്തിയ വേദനയില്‍ നിന്നാണല്ലോ. അങ്ങനെ ചരിത്രത്തിലും സാഹിത്യത്തിലും മനുഷ്യന്റെ ഇണക്കവും പിണക്കവും, കൂടിച്ചേരലും വേര്‍പിരിയലും തന്നെയാണ്‌ അവസ്ഥകളെയും മാറ്റങ്ങളെയും നിര്‍ണയിച്ചതെന്നര്‍ഥം. ഇണയറ്റുപോകുന്ന മനുഷ്യന്റെ ദുരിതജീവിതം ഏറ്റവും വെളിപ്പെടുന്നത്‌ വൈധവ്യത്തിലും വിധുരാവസ്ഥയിലുമാണ്‌. ആണ്‍തുണയറ്റുപോയ പെണ്‍ജീവിതം തീര്‍ത്തും സാമൂഹികമായ അരക്ഷിതാവസ്ഥ കൂടി സൃഷ്ടിക്കുന്നു. പെണ്‍തുണയറ്റ ആണ്‍വാഴ്‌വാകട്ടെ, വൈകാരികമായ അരക്ഷിതാവസ്ഥയുടെ ദുരന്തകാലം കൂടിയാകുന്നു.
മരണത്തെക്കാള്‍ ഭയാനകം ജീവിതം
വേടന്‍ അമ്പെയ്‌തു വീഴ്‌ത്തിയ ക്രൗഞ്ചപ്പക്ഷിയുടെ പെണ്‍തുണയെ കണ്ട്‌ വാത്‌മീകി അത്രയും സങ്കടപ്പെടാന്‍ എന്താകും കാരണം? സന്യാസംകൊണ്ട്‌ ജീവിതത്തിന്റെ മറുകര കണ്ടയാളാണല്ലോ അദ്ദേഹം. ഇണയുടെ വേര്‍പാട്‌ പണ്ടുതൊട്ടേ മനുഷ്യന്‌ അസഹനീയമായിരുന്നിരിക്കണം. ഇണവേര്‍പ്പെട്ട പെണ്ണ്‌ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ജീവനൊടുക്കണമെന്നത്‌ ഭാരതത്തിലെ ഏതാണ്ടെല്ലാ ഉയര്‍ന്ന ജാതി സമുദായങ്ങളിലും നിയമമായിരുന്നു. ഭര്‍ത്താവ്‌ മരിച്ചാല്‍ ഭാര്യ മറ്റൊരു പുരുഷനെ സ്വീകരിച്ചുകൂടാ. ജീവിതകാലം മുഴുവന്‍ അവള്‍ എല്ലാ സുഖാലങ്കാരങ്ങളും ത്യജിച്ച്‌ വിധവയായി കഴിച്ചുകൂട്ടണം. അല്ലെങ്കില്‍ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ജീവനൊടുക്കണം. പലരും ആദ്യത്തേതിനേക്കാള്‍ എളുപ്പമാണ്‌ രണ്ടാമത്തേത്‌ എന്നു തന്നെ തീരുമാനിച്ചു. `സതീദേവി'യുടെ കുടുംബക്കാര്‍ സമുദായത്തില്‍ മാന്യതയും പദവിയും നേടി. സതിയനുഷ്‌ഠിച്ച സ്‌ത്രീകളെ ആരാധിക്കാന്‍ ക്ഷേത്രങ്ങളുയര്‍ന്നു. കേരളത്തിലെ പല പ്രദേശങ്ങളിലും കണ്ടുവരുന്ന `സതിക്കല്ലുകള്‍' അത്തരം ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളാണ്‌.
ഭാര്യ, ഭര്‍ത്താവിന്റെ ചിതയില്‍ ചാടി പ്രാണാഹൂതി ചെയ്യുന്ന സമ്പ്രദായം പ്രാചീനകാലത്ത്‌ കേരളത്തിലുമുണ്ടായിരുന്നു. `ഉടന്തടിചാട്ടം' എന്ന പേരില്‍ അക്കാര്യം സംഘസാഹിത്യത്തില്‍ വര്‍ണിക്കുന്നുണ്ട്‌. കേരളം സന്ദര്‍ശിച്ച മിക്ക വിദേശസഞ്ചാരികളും സതിയനുഷ്‌ഠാനം ഇവിടെ നിലനിന്നിരുന്നുവെന്ന്‌ സൂചിപ്പിച്ചിട്ടുണ്ട്‌. `ഇളം കാഞ്ഞവെള്ളം തരാത്തവളാണോ ഇടന്തടി ചാടുക' എന്ന പഴമൊഴി ഇന്നും കേരളത്തിലെ ചിലയിടങ്ങളില്‍ പ്രചാരത്തിലുണ്ട്‌. പതിനാലാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ കേരളത്തിലെത്തിയ കത്തോലിക്ക മിഷനറിയായ ഫ്രയര്‍ ജോര്‍ഡാനസ്‌ ഇങ്ങനെ രേഖപ്പെടുത്തുന്നു: ``ഭാര്യ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ആത്മത്യാഗം ചെയ്യുന്ന വിചിത്രമായ ആചാരമുണ്ടിവിടെ. വിവാഹവേദിയിലേക്ക്‌ വരുന്നതുപോലെ അണിഞ്ഞൊരുങ്ങിയാണ്‌ അവര്‍ ചിതയില്‍ ചാടാനെത്തുക. ഒരാളുടെ ചിതയില്‍ അഞ്ച്‌ യുവതികള്‍ ചാടി മരിക്കുന്നതിന്‌ ഞാന്‍ സാക്ഷിയായി. ഈ അഞ്ചുപേരും അയാളുടെ ഭാര്യമാരായിരുന്നുവത്രെ.'' (സഞ്ചാരികള്‍ കണ്ട കേരളം - വേലായുധന്‍ പണിക്കശ്ശേരി)
പണ്ടുകാലത്തു മാത്രമല്ല, അമ്പതുവര്‍ഷം മുമ്പുവരെ ഇന്ത്യയില്‍ സതി നടപ്പുണ്ടായിരുന്നു. ഭര്‍ത്താവു മരിച്ച സ്‌ത്രീ സദാചാരപരവും സാമ്പത്തികവും ആയ ആശങ്കകളെ കുടുംബത്തിനും സമൂഹത്തിനും നല്‍കുന്നു. അവള്‍ക്ക്‌ ചെറുപ്പം കൂടുന്തോറും ഈ ഭയങ്ങളും കൂടും. അവളുടെ സൗന്ദര്യവും ശരീരവും ഇനി എങ്ങനെ സംരക്ഷിക്കും എന്നതായിരിക്കും പിന്നെ വീട്ടുകാരുടെയും നാട്ടുകാരുടെയും ആദ്യത്തെ ആശങ്ക. അവള്‍ക്ക്‌ ഭക്ഷണവും വസ്‌ത്രവും അഭയവും നല്‍കി ആര്‌ സംരക്ഷിക്കും എന്നതാണ്‌ രണ്ടാമത്തെ ആശങ്ക. ഇത്തരം ഭാവി ബാധ്യതകളെക്കുറിച്ച വിധവയുടെയും അവരുടെ കുടുംബത്തിന്റെയും വേവലാതികളെ മറികടക്കാനാണ്‌ സതിയെന്ന ക്രൂര നിയമം നിര്‍ബന്ധമായിപ്പോയത്‌. വിധവ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭാരമാണ്‌. കെട്ടിക്കപ്പെടാത്ത പെണ്‍കുട്ടി പുരയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ സംരക്ഷിക്കാനാളില്ലാത്ത വിധവ സമൂഹത്തില്‍ മൊത്തം നിറഞ്ഞുനില്‍ക്കുന്നു. കാരണം അവളുടെ രക്ഷകന്‍ ഒരിക്കലും വരുന്നില്ല. അതിനാല്‍, മറ്റൊരര്‍ഥത്തില്‍ ഇന്നും സതി നമ്മു ടെ നാട്ടില്‍ നടപ്പുണ്ട്‌. ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന്‌ കുടുംബസമേതം ആത്മഹത്യ ചെയ്യുന്ന അബലകള്‍ ഇന്നും നിത്യവാര്‍ത്തയാണല്ലോ. വിധവയായ സ്‌ത്രീ അപ്പേരില്‍ ആത്മഹത്യ ചെയ്യുന്നുണ്ടെങ്കില്‍ അതും സതിയായിത്തന്നെയാണ്‌ കണക്കാക്കേണ്ടത്‌. ആധുനികാനന്തര സമൂഹത്തില്‍ നിലനില്‍ക്കുന്ന സമ്പത്തിന്റെ പുതിയ ജാതിവ്യവസ്ഥ അതിനവളെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു.
പണ്ടും സതിയനുഷ്‌ഠിക്കുന്നതിനേക്കാള്‍ കഷ്ടമായിരുന്നു ഹൈന്ദവ സമൂഹത്തില്‍ വിധവയുടെ ജീവിതം. അവരെ സമുദായവും കുടുംബവും നിന്ദ്യയായിട്ടാണ്‌ കണ്ടിരുന്നത്‌. കീഴ്‌ജാതിക്കാരെക്കാള്‍ താണ സാമുദായിക സ്ഥാനമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. മാന്യകളായ മറ്റു സ്‌ത്രീകളുടെ കൂട്ടത്തിലും മംഗളവേദികളിലും അവള്‍ക്ക്‌ പ്രവേശനമുണ്ടായിരുന്നില്ല. ആഘോഷവും ആഹ്ലാദവും വിലക്കപ്പെട്ട്‌, അനാകര്‍ഷകങ്ങളായ പരുക്കന്‍ വസ്‌ത്രങ്ങളിഞ്ഞ്‌, ആഭരണങ്ങളഴിച്ചുവച്ച്‌, മുടി മൊട്ടയടിച്ച,്‌ മരിച്ചപോലെ ജീവിക്കാന്‍ വിധിക്കപ്പെട്ട ജന്‍മങ്ങളായിരുന്നു അവര്‍. ഭാരതീയ നവോത്ഥാന കാലത്ത്‌ ഉത്തരേന്ത്യയില്‍ സതി നിരോധിക്കപ്പെട്ടതിനു ശേഷം വിധവകള്‍ വലിയൊരു സാമൂഹിക പ്രശ്‌നമായി മാറി. കാശിയിലും മഥുരയിലും വിധവകളായ സ്‌ത്രീകളെ പാര്‍പ്പിക്കാന്‍ സര്‍ക്കാറും സന്നദ്ധ സംഘടനകളും `വിധവാമന്ദിരങ്ങള്‍' ആരംഭിച്ചു. അവിടെയും പക്ഷേ അവരുടെ ദുരിത ജീവിതം അവസാനിച്ചില്ല. ദീപാ മേത്തയുടെ `വാട്ടര്‍' എന്ന സിനിമ ആ കറുത്ത കാലത്തെ ആവിഷ്‌കരിക്കുന്നു. പഴയ ആ വിശ്വാസവും ബോധവും ചെറിയ അളവിലെങ്കിലും ഇന്നും ഹൈന്ദവ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്‌ എന്നത്‌ യാഥാര്‍ഥ്യമാണ്‌. തന്റെ ഇസ്‌ലാം സ്വീകരണത്തിനു പ്രചോദിപ്പിച്ച ഘടകങ്ങളിലൊന്നായി വൈധവ്യത്തിന്റെ ദുരന്താനുഭവങ്ങള്‍ കമലാസുറയ്യ പലവട്ടം പങ്കുവെച്ചിട്ടുണ്ട്‌.
വിവാഹമോചനവും മരണം പോലെ വിധവകളെയും വിധുരരെയും സൃഷ്ടിക്കുന്നു. തന്നിഷ്ടപ്രകാരം വേര്‍പിരിഞ്ഞവര്‍ക്ക്‌ സമൂഹത്തിന്റെ സഹതാപ പിന്തുണയും പൊതുവെ കുറയും. അതുകൊണ്ടായിരിക്കണം കത്തോലിക്കാ ക്രിസ്‌തുമതം വിവാഹത്തെപ്പോലും ഗര്‍ഹണീയമായാണ്‌ കണ്ടത്‌. വിവാഹമോചനത്തെ ആ മതം പൊതുവെ അനുവദിച്ചതുമില്ല. എന്നാല്‍ വിധവാവിവാഹത്തെ സഭ എതിര്‍ത്തില്ല. അതുകൊണ്ടുതന്നെ വിധവകള്‍ ക്രൈസ്‌തവ സമുദായത്തെ സംബന്ധിച്ചടത്തോളം ഒരു പ്രശ്‌നമായിരുന്നില്ല.
തുണയറ്റുപോവുന്ന കിനാവുകള്‍
ഒരാള്‍ എപ്പോഴാണ്‌ ഒറ്റക്കായിപ്പോകുന്നത്‌? മരിച്ചു പോകുന്നയാള്‍ ബാക്കിവെക്കുന്നത്‌ പലപ്പോഴും സ്വന്തക്കാരുടെ സങ്കടങ്ങളാണ്‌. മരണ ശേഷം സമൂഹം പ്രിയപ്പെട്ടവര്‍ക്ക്‌ ചില ഭാരങ്ങള്‍ നല്‍കുന്നു. അതില്‍ പ്രധാനമാണ്‌ അവരുടെ ഇണകള്‍. അവരെ എന്തുചെയ്യുമെന്നകാര്യത്തില്‍ വിവിധ ജനസമുദായങ്ങള്‍ക്കുള്ള തീരാത്ത ആശയക്കുഴപ്പങ്ങളാണ്‌ സതി പോലുള്ള ദുര്‍നടപടികളിലേക്കും വിധവാ വിവേചനത്തിലേക്കും നയിച്ചത്‌. അവരെ പുനര്‍വിവാഹം ചെയ്യിക്കലാണ്‌ മികച്ച പരിഹാരം. അതിന്‌ തയ്യാറാകുന്ന പുരുഷന്‍മാരെ പ്രോത്സാഹിപ്പിക്കുകയെന്നത്‌ അതിനാല്‍ സമുദായത്തിന്റെ ബാധ്യതയായി മാറുന്നു. നേരത്തെ സൂചിപ്പിച്ച സതി വിവരണത്തില്‍ ഒരാളുടെ ചിതയില്‍ ചാടിയ അഞ്ചു ഭാര്യമാരെക്കുറിച്ച്‌ പറയുന്നുണ്ടല്ലോ. അതില്‍ ഒരാള്‍ പോലും അതിനു മുമ്പ്‌ വിധവയായവളല്ല എന്നോര്‍ക്ക ണം. വിധവകളെ പുനര്‍വിവാഹം ചെയ്യുന്ന സംസ്‌ കാരം ഭാരതത്തിലുണ്ടായിരുന്നുവെങ്കില്‍ സതിയും ഉണ്ടാകുമായിരുന്നില്ല.
എം.ടി വാസുദേവന്‍ നായരും ഹരിഹരനും ചേര്‍ന്നൊരുക്കിയ `പരിണയം' എന്ന വിഖ്യാത സിനിമയില്‍, കേരളത്തിലെ നമ്പൂതിരി - നായര്‍ തറവാടുകളില്‍ ഒരുകാലത്തുണ്ടായിരുന്ന സദാചാരഭ്രംശങ്ങളുടെ കാരണവും വിധവകളുടെ പെരുപ്പമായിരുന്നുവെന്ന്‌ സൂചിപ്പിക്കുന്നുണ്ട്‌. വിധവകളുമായി വിവാഹത്തിനേ നമ്പൂരാര്‍ക്ക്‌ സമുദായ വിലക്കുണ്ടായിരുന്നുള്ളൂ, അവളെ പ്രാപിക്കാനില്ല. ഇന്ത്യയില്‍ മുഴുവന്‍ ഹിന്ദുമത നവോത്ഥാന സംഘടനകളുടെയും നേതൃത്വത്തില്‍ ഇത്തരം വിധവാ വിവാഹ പരിശ്രമങ്ങളുണ്ടായിട്ടുണ്ട്‌. രാജാറാം മോഹന്‍ റോയ്‌ മുതല്‍ വി.ടി ഭട്ടതിരിപ്പാടു വരെ വിധവകളെ വിവാഹം ചെയ്‌തു കൊടുത്ത്‌ വിപ്ലവം സൃഷ്ടിച്ചവരാണ്‌. അപ്പോഴും രണ്ടാമത്തേയോ മൂന്നാമത്തേയോ നാലാമത്തേയോ ഭാര്യയായി ഒരു വിധവ വരുന്നത്‌ നമുക്ക്‌ ആലോചിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ അന്നും ഇന്നും അറബികള്‍ക്ക്‌ അത്‌ ഒന്നാം വിവാഹം പോലെത്തന്നെ പ്രാപ്യമായിരുന്നു. അതുകൊണ്ടു തന്നെ ഇസ്‌ലാമിക ശരീഅത്തില്‍ വിധവകളുടെ സംരക്ഷണം യത്തീമുകളെപ്പോലെ സമുദായത്തിന്റെ പൊതുബാധ്യതയാകുന്നില്ല. വ്യക്തികള്‍ക്ക്‌ പരിഹരിക്കാവുന്ന പ്രശ്‌നമേ അതിലുള്ളൂ എന്നര്‍ഥം.
`വാടിയ പൂ ചൂടിയാലും ചൂടിയ പൂ ചൂടരുത്‌' എന്ന പഴഞ്ചൊല്ല്‌ മുമ്പ്‌ മറ്റൊരാളുടെ ഭാര്യയായ പെണ്ണിലേക്ക്‌ അധ്യാരോപം നടത്തിയാണ്‌ പുരുഷന്‍ ആസ്വദിക്കുന്നത്‌. പെണ്ണിനെ കേവലം ശരീരമായി കാണുന്നതാണ്‌ ആ മനോഭാവം. കന്യക, വിധവ എന്നീ വാക്കുകള്‍ക്ക്‌ സമാനമായ പദങ്ങള്‍ മലയാളത്തില്‍ പുരുഷനില്ലല്ലോ. `വിധവ' എന്ന വാക്കിന്‌ ഭര്‍ത്താവ്‌ മരണപ്പെട്ടുപോയ സ്‌ത്രീ എന്നാണ്‌ അര്‍ഥമെങ്കില്‍ ഭാര്യ മരണപ്പെട്ടുപോയ ഭര്‍ത്താവിന്‌ സാധാരണയായി പറയാറുള്ള `വിധുരന്‍' എന്ന വാക്കിന്‌ വിരഹതപ്‌തനായവന്‍ എന്നേ അര്‍ഥമുള്ളൂ. അത്രയേ മലയാളിക്ക്‌ ആവശ്യമുണ്ടായിരുന്നുള്ളൂ. ജീവിതത്തില്‍ ഒരേയൊരു ഇണയെ മാത്രമേ വരിക്കാവൂ എന്നും ഭാരതീയമായ സദാചാര വിശുദ്ധി സ്‌ത്രീക്കു മേല്‍ അടിച്ചേല്‍പ്പിച്ചു. ഭര്‍ത്താവ്‌ മരണപ്പെട്ട സ്‌ത്രീ പുനര്‍വിവാഹത്തിന്‌ തയ്യാറാകാത്തതിനു പിന്നില്‍ ഇത്തരമൊരു സാംസ്‌കാരിക സ്വാധീനവുമുണ്ട്‌. പ്രിയപ്പെട്ടവന്റെ മരണത്തിനു ശേഷവും പതിവ്രതയായി തുടരുന്നത്‌ സ്‌ത്രീ ശരീരത്തെക്കുറിച്ചുള്ള അമിത വിശുദ്ധിവാദത്തിന്റെ ഫലമാണ്‌. എന്നാല്‍ പുരുഷനാകട്ടെ അത്തരമൊരു വിലക്കും അതിനുണ്ടായില്ല. സ്‌ത്രീക്കും പുരുഷനും പുനര്‍വിവാഹത്തിന്‌ തുറന്ന അവസരം നല്‍കുന്ന പുതിയ കാലമാണ്‌ ഇനിയുണ്ടാകേണ്ടത്‌.
പുതിയ വിധവകള്‍
മതപരമായ ചുറ്റുപാടുകള്‍ ജനനത്തിലും മരണത്തിലും വിവാഹത്തിലും ഏത്‌ മതേതര വിശ്വാസിക്കും ഒഴിച്ചുകൂടാനാവില്ല. താന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്ന്‌ ഉറക്കെ പ്രഖ്യാപിക്കുന്നവനും ചില ആത്മീയ ധാരണകള്‍ വിവാഹത്തിലും മരണത്തിലും പുലര്‍ത്തുന്നുണ്ട്‌. മതത്തിന്റെ കെട്ടുറപ്പില്ലാത്ത വിവാഹജീവിതത്തിനിടയില്‍ സംഭവിക്കുന്ന മരണങ്ങളാണ്‌ ബാക്കിയായവരെ കൂടുതല്‍ അരക്ഷിതമാക്കുന്നത്‌. ദൈവഭയമില്ലാത്ത മക്കളുടെ അമ്മമാരും അച്ഛന്‍മാരുമാണ്‌ വൃദ്ധസദനങ്ങളില്‍ പെരുകുന്നത്‌. അതിനാല്‍ വൈധവ്യവുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ മതസംസ്‌കാരത്തിന്റെ ഭാഗമായി മാത്രം കണ്ടാല്‍ പോരാ, പുതിയ മതേതര വിധവകളുടെ അതിജീവനപ്രശ്‌നങ്ങള്‍ കൂടി അതില്‍ ഉള്‍ക്കൊള്ളിക്കണം. സ്‌ത്രീക്ക്‌ ജോലിയുണ്ടായാല്‍ മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപെടുന്നില്ല. അവളുടെ ലൈംഗികമായ അരക്ഷിതത്വം സാമ്പത്തികമായ അരക്ഷിതത്വത്തെക്കാള്‍ വലുതും പരിഗണിക്കപ്പെടേണ്ടതുമാണ്‌.
വിവാഹമോചനം നേടിയ സ്‌ത്രീകളും വിധവകള്‍ക്കു സമാനമായ സാമൂഹിക സാഹചര്യം അനുഭവിക്കുന്നവരാണ്‌. ആണ്‍ തുണയില്ലാത്തതിനാല്‍ പേടിനിറഞ്ഞ വീടകങ്ങള്‍ ഇന്ന്‌ കേരളത്തില്‍ ധാരാളമുണ്ട്‌.
വിലാസമറിയാത്ത കത്തുപാട്ടുകള്‍
കാശ്‌മീരിനെപ്പോലെ അധികാര ഭീകരത നിലനില്‍ക്കുന്ന നാടുകളില്‍നിന്ന്‌ അപ്രത്യക്ഷരാകുന്ന ഭര്‍ത്താക്കന്മാര്‍ക്കുവേണ്ടി ജീവിതകാലം മുഴുവന്‍ കാത്തിരിക്കുന്ന സ്‌ത്രീകളുടെ സാസ്‌കാരികവും നൈതികവുമായ പ്രശ്‌നങ്ങള്‍ ഇന്ന്‌ പുതിയൊരു ചര്‍ച്ചാവിഷയമാണ്‌. ഹാഫ്‌ വിഡോവ്‌സ്‌ (അര്‍ധവിധവകള്‍) എന്നാണ്‌ അവരെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദം. നമ്മുടെ നാട്ടിലും സമാനമായ ഒരവസ്ഥ ഗള്‍ഫാനന്തര സാംസ്‌കാരിക മണ്‌ഡലം സൃഷ്ടിച്ചിരിക്കുന്നു. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജയിലിലടക്കപ്പെട്ടും അല്ലാതെയും അജ്ഞാതവാസം നടത്തുന്ന പുതിയാപ്പിളമാരെ കാത്തിരിക്കുന്ന പെണ്‍ജന്മങ്ങള്‍ നമ്മുടെ നാട്ടിലും വേണ്ടത്രയുണ്ട്‌. അവരുടെ പ്രശ്‌നങ്ങള്‍ പക്ഷേ ശരിയായ രീതിയില്‍ വിശകലനം ചെയ്യപ്പെട്ടിട്ടില്ല. ഗള്‍ഫില്‍ പോയി വര്‍ഷങ്ങളോളം നാട്ടിലെത്താതിരിക്കുന്ന ഫോണ്‍പുതിയാപ്പിളമാരും നമ്മുടെ നാട്ടില്‍ ധാരാളമുണ്ടല്ലോ. അവരുടെ സ്വപ്‌നങ്ങളും അവരുടെ കാത്തിരിപ്പുകാര്‍ നാട്ടിലനുഭവിക്കുന്ന പ്രശ്‌നങ്ങളും വിധവകളുടേതിനു സമാനം തന്നെയാണ്‌, സദാചാരപരമായും സാമ്പത്തികമായും. വേണ്ടത്ര പണം ഗള്‍ഫില്‍ നിന്ന്‌ നാട്ടിലേക്കൊഴുകിയാലും ലൈംഗികമായ അരക്ഷിതാവസ്ഥ പരിഹരിക്കപ്പെടുന്നില്ലല്ലോ.
പൊന്നും മുതലും പണ്ടോം പണോം പങ്കാസും
ഫോറീന്‍ തുണികള്‍ അണിഞ്ഞുള്ള പത്രാസും
നാലുപേര്‍ കാണെ നടിക്കുന്ന നാമൂസും
നാട്ടിലേറ്റം വലിയൊരു വീടിന്റെ അന്തസ്സും
ഉണ്ടെനിക്ക്‌ സകലം - എല്ലാമെല്ലാം
ഉണ്ടായിട്ടെന്തു ഫലം - അനാഥയായ്‌
ഇണതുണയറ്റ, ഗുണമണമുള്ള
പെണ്‍മലരായ്‌ വിരിഞ്ഞ്‌ - വിരഹത്തിന്‍
വെണ്ണീറായ്‌ വെന്തെരിഞ്ഞ്‌
എന്ന്‌ ദുബായ്‌ കത്തുപാട്ടില്‍ ഈ അവസ്ഥയെ എസ്‌ എ ജമീല്‍ എന്ന മാപ്പിളക്കവി വിശദമാക്കുന്നുണ്ട്‌. താരുണ്യത്തിന്റെ കടഞ്ഞെടുത്ത പൊന്‍കുടം കാഴ്‌ചപ്പണ്ടം മാത്രമായും അവള്‍ ഒരു നേര്‍ച്ചക്കോഴിപോലെയായും മാറുന്ന ദുരന്തമാണ്‌ ഗള്‍ഫിലെ ഭര്‍ത്താക്കന്‍മാരും അവരുടെ അര്‍ധവിധവകളും അനുഭവിക്കുന്നത്‌.
അകലം കൊണ്ട്‌ മുറിവേറ്റവര്‍
പ്രിയതമ വേര്‍പെട്ട ദുരിതവും ദുഃഖവും പുരുഷന്‌ ചിലപ്പോള്‍ വേഗം ശമിച്ചേക്കാം. മലയാളത്തില്‍ പ്രിയതമയ്‌ക്കുവേണ്ടി വിലാപകാവ്യം രചിച്ചവരില്‍ പലരും പുനര്‍വിവാഹം നടത്തിയിട്ടുണ്ട്‌. എന്നാല്‍ അവള്‍ പെണ്ണാണ്‌ എന്ന ഒറ്റ കാരണത്താല്‍ സ്‌ത്രീക്ക്‌ ആണ്‍തുണയെ അത്രയ്‌ക്ക്‌ പെട്ടെന്ന്‌ മറക്കാനാവില്ല. അതുകൊണ്ടുതന്നെ വളരെ വൈകാരികമാണ്‌ വിധവയുടെ അതിജീവനം. അത്‌ പുരുഷന്റേതിന്‌ സമാനമല്ല എന്നതിനാല്‍ വിധുരനുള്ള പരിഹാരങ്ങള്‍ വിധവയ്‌ക്ക്‌ പാകമാകില്ല. സ്‌ത്രീയുടെ വിവാഹപ്രശ്‌നങ്ങള്‍ പോലെ സങ്കീര്‍ണമാണ്‌ വിവാഹമോചനവും വൈധവ്യവും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍. അവയെ തികച്ചും ആത്മീയമായ മരുന്നുകള്‍കൊണ്ടു കൂടി ശുശ്രൂഷിക്കേണ്ടതുണ്ട്‌. അതിനു വേണ്ട തുറന്ന അവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുമുണ്ട്‌.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top