എഡിറ്റര്‍ക്ക്‌

No image

പാവപ്പെട്ടവരെ പീഡിപ്പിക്കുന്ന മഹല്ലുകള്‍
മഹല്ലു സംവിധാനത്തില്‍ സ്‌ത്രീകളുടെ പങ്ക്‌ ചര്‍ച്ചചെയ്യുന്നതിനു മുമ്പ്‌ ഇവിടെയുള്ള പുരുഷന്മാരുടെ പ്രവര്‍ത്തനങ്ങളെ ആദ്യം വിശകലനം ചെയ്യേണ്ടതുണ്ട്‌. മുസ്‌ലിം സമുദായത്തിന്റെ പുരുഷാധിപത്യ മേഖലയായ മഹല്ലുകളില്‍ ഓരോ കുടുംബത്തെ കുറിച്ചും നാട്ടിലെ സാമൂഹ്യ-രാഷ്ട്രീയ മേഖലകളുടെ അവസ്ഥകളെ കുറിച്ചും വിദ്യാഭ്യാസപരവും സാംസ്‌കാരികവും സാമൂഹ്യവുമായ കാര്യങ്ങളെ കുറിച്ചും വ്യക്തമായ ധാരണ മഹല്ലുകളില്‍ ഉണ്ടായിരിക്കേണ്ടതാണ്‌.
സമൂഹത്തിന്റെ ഉന്നതിയില്‍ നില്‍ക്കുന്നവരും മതനേതാക്കളെന്ന്‌ അവകാശപ്പെടുന്നവരും അണിനിരക്കുന്ന ഒരു മഹല്ലില്‍ അരങ്ങേറിയ സംഭവം ഈ അവസരത്തില്‍ ഓര്‍ക്കുന്നു. നിക്കാഹ്‌ കര്‍മങ്ങള്‍ പള്ളികളില്‍ മാത്രം നടക്കുന്ന കാര്യമായി കാണുന്നതിനു പകരം സ്‌ത്രീകള്‍ക്കും പുരുഷന്മാരെ പോലെ നിക്കാഹ്‌ കര്‍മത്തില്‍ പങ്കെടുക്കാനും ഖുതുബ ശ്രവിക്കാനും വീട്ടില്‍ അവസരമൊരുക്കിയ ഒരു പിതാവില്‍ നിന്ന്‌ `മഹത്‌' ഭാരവാഹികള്‍ പിഴയോടുകൂടിയ ഒരു തുക പിരിച്ചെടുത്തു. തീര്‍ന്നില്ല, ഈ പിതാവിന്റെ രണ്ടാമത്തെ മകളുടെ നിക്കാഹ്‌ കര്‍മവും ഖുതുബയും വരന്റെ വീട്ടുകാര്‍ ഒരുക്കിയ സദസ്സില്‍ വെച്ച്‌ നടത്തിയതിനാല്‍ സ്വന്തം മഹല്ലില്‍ വെച്ച്‌ നടത്തിയില്ല എന്ന പരാതിയില്‍ വീണ്ടും പിഴ ചുമത്തി. ഇങ്ങനെ എത്ര പെണ്‍കുട്ടികളുടെ പിതാക്കള്‍ പിഴയൊടുക്കി വരുന്നുണ്ട്‌. കൂടാതെ സ്‌ത്രീധന വിവാഹങ്ങള്‍ എതിര്‍ക്കുന്നതിനു പകരം അനുകൂലിച്ചും അതില്‍ നിന്നുള്ള കമ്മീഷന്‍ തുക കൈപറ്റിയും സായൂജ്യമടയുന്ന എത്രയോ മഹല്ലുകളുണ്ട്‌. ഇവിടെയാണ്‌ സ്‌ത്രീകളുടെ പങ്കാളിത്തം അനിവാര്യമാകുന്നത്‌. സമൂഹത്തിന്റെ നന്മക്കായി പ്രവര്‍ത്തിക്കേണ്ട മഹല്ലുകളില്‍ ഇത്തരം സാമ്പത്തിക പ്രശ്‌നങ്ങളേറുമ്പോള്‍ പ്രത്യേകിച്ച്‌ സ്‌ത്രീകളും കുടുംബനാഥന്മാരും ഇരയാവുന്ന വിഷയങ്ങളില്‍ ഇടപെടാനും പ്രതികരിക്കാനും കഴിവുള്ള സ്‌ത്രീകളെ മഹല്ലില്‍ പങ്കാളികളാക്കുക തന്നെ വേണം. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ആരാമത്തിന്‌ അഭിനന്ദനം
ഷബാന റഫീഖ്‌
കരിയാട്‌

മഹല്ലുകളിലെ സ്‌ത്രീ പ്രാതിനിധ്യം
ആരാമം ആഗസ്റ്റ്‌ സെപ്‌തംബര്‍ ലക്കങ്ങള്‍ ഏറെ നന്നായി. സ്‌ത്രീകളുടെ മഹല്ലു പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ച പ്രത്യേകിച്ചും. സ്‌ത്രീകള്‍ വിവിധ തൊഴില്‍ രംഗങ്ങളില്‍ സജീവമാണെങ്കിലും ജനസംഖ്യാനുപാതികമായി വളരെ കുറച്ചേ ഉള്ളൂ. അതും സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരുടെ പ്രശ്‌നങ്ങള്‍ കണ്ടറിയുന്നവരും അത്‌ പരിഹരിക്കുന്നവരും വളരെ കുറച്ചുപേര്‍ മാത്രം. മുമ്പത്തെപോലെയല്ല, ഇപ്പോള്‍ ആധുനിക സുഖസൗകര്യങ്ങള്‍ മൂലം ധാരാളം സമയം സ്‌ത്രീകള്‍ക്കുണ്ട്‌. തങ്ങള്‍ക്കും കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്ന ഓരുപാട്‌ കാര്യങ്ങള്‍ ചെയ്യാന്‍ സ്‌ത്രീകള്‍ക്കാവും. അതുകൊണ്ട്‌ പൊങ്ങച്ച സംസ്‌കാരവും അനാവശ്യമായ സമയ നഷ്ടവും ഒഴിവാക്കുന്ന, സാമൂഹിക പ്രതിബന്ധത ആവശ്യപ്പെടുന്ന മഹല്ല്‌ ഭരണം പോലെയുള്ള രംഗത്ത്‌ സ്‌ത്രീകളെ കൊണ്ടുവരണം.
ആരോഗ്യകരമായ ഭക്ഷണ രീതിയെ കുറിച്ചുള്ള ലേഖനങ്ങള്‍ കൊടുക്കുന്നതില്‍ ആരാമം ശ്രദ്ധിക്കണം. ആഢംബര ഭക്ഷണ രീതിക്കു പകരം സ്‌കൂള്‍ തലം മുതലുള്ള കുട്ടികള്‍ക്ക്‌ ഇഷ്ടപ്പെടുന്ന ആരോഗ്യകരമായ ഭക്ഷണ രീതിയും ആരോഗ്യ ശീലങ്ങളും ആരാമം പരിചയപ്പെടുത്തണം.
ആര്‍.എം ഇബ്രാഹീം
തൃശൂര്‌

പ്രതികരിക്കാന്‍ സ്‌ത്രീകളില്ലേ
സ്വര്‍ണ വില ദിനംപ്രതി വര്‍ധിക്കുന്നതില്‍ അത്‌ഭുതപ്പെടാനില്ല. വില കൂടുന്നതിനനുസരിച്ച്‌ സ്‌ത്രീകള്‍ക്ക്‌ സ്വര്‍ണത്തോടുള്ള ഭ്രമവും കൂടുകയാണ്‌. ഇന്ന്‌ പെണ്‍കുട്ടികളെ വിവാഹം ചെയ്‌തുകൊടുക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത്‌ സ്വര്‍ണമാണ്‌. വില കൂടിയിട്ടും കിലോക്കണക്കിന്‌ സ്വര്‍ണമാണ്‌ പെണ്‍കുട്ടികള്‍ അണിഞ്ഞു നടക്കുന്നത്‌. വളരുന്ന യുവതലമുറയിലെ പെണ്‍കുട്ടികളെങ്കിലും സ്വര്‍ണം ചോദിച്ചുവരുന്ന പുരുഷന്മാരെ ഞങ്ങള്‍ക്ക്‌ ആവശ്യമില്ലെന്ന്‌ പറയുകയും ഞങ്ങള്‍ സ്വര്‍ണം അണിയില്ലെന്ന്‌ ശഠിക്കുകയും വേണം.
സ്‌ത്രീകള്‍ കഴുത്തിലണിയുന്നതും പ്രദര്‍ശിപ്പിക്കുന്നതും അഞ്ചു പവനില്‍ കുറയാത്ത ആഭരണങ്ങളാണ്‌. ഇതു കാരണം കള്ളന്മാര്‍ക്ക്‌ കുശാലാണ്‌. ദിവസവും പത്ര വാര്‍ത്തകളില്‍ കാണുന്നത്‌ വീടുകളില്‍ നിന്ന്‌ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോകുന്നതും ബൈക്കില്‍ വന്ന്‌ സ്‌ത്രീകളെ തടഞ്ഞ്‌ മാല പൊട്ടിച്ചോടിയതുമൊക്കെയാണ്‌. പ്രതികരണശേഷിയുള്ള സത്രീകള്‍ വിവാഹത്തിനും സ്‌ത്രീയുമായി ബന്ധപ്പെട്ട ഏത്‌ കാര്യത്തിനും സ്വര്‍ണം നിര്‍ബന്ധമാകുന്നതിനെതിരെ മുന്നോട്ട്‌ വരേണ്ടതാണ്‌.
നേമം താജുദ്ദീന്‍
തിരുവനന്തപുരം

തട്ടിപ്പുകള്‍ക്കെതിരെയും പ്രതികരിക്കണം
കേരളത്തില്‍ സ്‌ത്രീ പീഡനങ്ങളും കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും മറ്റും നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ മന്ത്രവാദ അന്ധവിശ്വാസ ചൂഷണ തട്ടിപ്പുകളും അരങ്ങു തകര്‍ത്തുകൊണ്ടിരിക്കുന്നു. എളുപ്പം പണമുണ്ടാക്കണം, അധ്വാനിക്കാതെ ജീവിക്കണം, ചികിത്സിക്കാതെ രോഗം മാറണം, ഇഷ്ടമില്ലാത്തവര്‍ക്ക്‌ നേരെ കൂടോത്രം ചെയ്യണം എന്നിങ്ങനെയുള്ള ദുര മൂത്ത ചിന്ത മാത്രമാണ്‌ ഇത്തരം അന്ധവിശ്വാസ മന്ത്രവാദങ്ങള്‍ക്ക്‌ പിന്നിലുള്ളതെന്ന്‌ ബോധ്യപ്പെടാന്‍ കൂടുതലൊന്നും ആലോചിക്കേണ്ടതില്ല.
ആള്‍ ദൈവങ്ങളുടെയും കള്ള ആത്മീയകേന്ദ്രങ്ങളുടെയും കള്ളത്തരങ്ങളും കൊള്ളത്തരങ്ങളും ഇത്രമാത്രം വിശകലനം ചെയ്‌തിട്ടും ബോധവത്‌കരിച്ചിട്ടും വീണ്ടുംവീണ്ടും കെണിയൊരുക്കി പാമരജനങ്ങളെ കുപ്പിയിലാക്കുന്നതില്‍ മതപുരോഹിത മേലധികാരികള്‍ക്ക്‌ അനല്‍പമായ പങ്കാണുള്ളത്‌. ചില പത്രങ്ങളിലും ടി.വി ചാനലുകളിലും ഇത്തരം അന്ധവിശ്വാസ പരസ്യങ്ങള്‍ ലഭിക്കുമ്പോള്‍ മാധ്യമ മുതലാളിക്ക്‌ കുശാല്‍. മാന്ത്രിക വലയത്തില്‍ പെട്ട `ഗുണഭോക്താക്കളുടെ' അനുഭവങ്ങള്‍ കൂടി കേള്‍ക്കുമ്പോള്‍ ഇതാണോ സാക്ഷര കേരളമെന്ന്‌ ചിന്തിച്ച്‌ നാണിച്ചുപോകുന്നു.
നസീര്‍ പള്ളിക്കല്‍
റിയാദ്‌


സ്‌നേഹ സമ്മാനം
ആരാമം വായനാശീലമില്ലാത്തവര്‍ പോലും അമൂല്യമായി സൂക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഹാനികരമായ മായം കലര്‍ന്നത്‌ വ്യക്തമാക്കിയ കുറിപ്പ്‌ നന്നായി. വീട്ടമ്മമാര്‍ക്ക്‌ അടുക്കളത്തോട്ടം തയ്യാറാക്കണമെന്ന ബോധമാണ്‌ അതിലൂടെ ലഭിച്ചത്‌.
മഞ്ഞലോഹത്തിന്റെ ഉപഭോഗവും വിനിമയവും സംബന്ധിക്കുന്ന വിവരണങ്ങള്‍ കേരളത്തിന്‌ അപമാനമാണ്‌.
മുബീന ശഫീഖ്‌ താനാളൂര്‍
തിരൂര്‍

ജനിക്കാതെ മരിക്കുന്നവര്‍
2011 ലെ കാനേഷുമാരി കണക്കുപ്രകാരം ആറു വയസ്സിന്‌ താഴെയുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അനുപാതത്തിലെ വ്യത്യാസം 1000 ആണ്‍കുട്ടികള്‍ക്ക്‌ 914 പെണ്‍കുഞ്ഞുങ്ങള്‍ എന്നതാണ.്‌ 2001ല്‍ 1000 ആണ്‍കുട്ടികള്‍ക്ക്‌ 927 പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം എളുപ്പമായതോടെ പെണ്ണിന്റെ ജനനം തടയലും എളുപ്പമായി. വളര്‍ത്തുമൃഗങ്ങള്‍ പെണ്‍കുട്ടിയെ പ്രസവിക്കുമ്പോള്‍ ആഹ്ലാദം കൊള്ളുന്ന മനുഷ്യര്‍ സ്വന്തം കുഞ്ഞ്‌ പെണ്ണാണെങ്കില്‍ ദുഃഖിക്കുന്നതെന്തിനാണ്‌? ഇതിനെതിരെ മത സാമൂഹ്യ സംഘടനകള്‍ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്‌. സ്‌ത്രീധന നിരോധന നിയമത്തിലെയും ലിംഗനിര്‍ണ്ണയ നിരോധന നിയമത്തിലേയും അപാകതകള്‍ പരിഹരിച്ച്‌ അവ കര്‍ശനമായി നടപ്പിലാക്കാന്‍ സര്‍ക്കാറില്‍ സമര്‍ദം ചെലുത്താന്‍ ഇവര്‍ക്ക്‌ കഴിയേണ്ടതുണ്ട്‌.
താനൂര്‍ മുസ്‌തഫ
എളമരം

ഫെമിനിസ്റ്റ്‌ ആശയം
ഖാലിദ്‌ മൂസാ നദ്‌വിയുടെ ലേഖനം വായിച്ചപ്പോള്‍ ആശ്ചര്യം തോന്നി. ചില ഫെമിനിസ്റ്റുകള്‍ ഉയര്‍ത്തുന്ന അതേ ആശയം. ഇത്‌ എഴുതിയത്‌ ഇസ്‌ലാമികവീക്ഷണത്തിലാണെങ്കില്‍ നബി(സ)ക്കും സഹാബത്തിനും പൂര്‍വ പണ്‌ഡിതന്മാര്‍ക്കും തെറ്റുപറ്റിയെന്ന്‌ ലേഖകനും ആരാമത്തിനും സമ്മതിക്കേണ്ടി വരും. യുക്തിക്ക്‌ നിരക്കാത്ത ഹദീസുകള്‍ തള്ളുന്ന കാലമായതിനാല്‍ ചിലപ്പോള്‍ അതിനും സാധ്യതയുണ്ട്‌. നബിക്ക്‌ ലേഖകന്റെ വാദമുള്ളതായി പ്രമാണങ്ങളില്‍ കണ്ടെത്താനായില്ല. പുരുഷന്‌ സ്‌ത്രീയുടെ മേല്‍ നിയന്ത്രണാധികാരമുണ്ടെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്‌. (4-34)
കുടുംബവിഷയങ്ങളില്‍ പുരുഷനാണ്‌ മുന്‍തൂക്കം. തുല്യാനുപാതം എന്ന കണക്ക്‌ അതിനാല്‍ ശരിയല്ല. ബാക്കിയുള്ള കാര്യങ്ങളില്‍ സ്‌ത്രീകള്‍ മുന്നോക്കം വരുമ്പോള്‍ അന്യ പുരുഷനും സ്‌ത്രീയും ഇടകലരുന്ന സാഹചര്യം വരും. മഹല്ലില്‍ സ്‌ത്രീ കടന്നുവരേണ്ട പദവികള്‍ എഴുതിയപ്പോള്‍ ഇമാമിന്റെ സ്ഥാനത്തേക്ക്‌ എന്തുകൊണ്ട്‌ അവളുടെ പേര്‌ നിര്‍ദേശിച്ചില്ല? അന്ധനായ സ്വഹാബി കടന്നുവന്നപ്പോള്‍ ആയിശ (റ) യോട്‌ നബി (സ) അകത്തേക്ക്‌ പോകാന്‍ പറഞ്ഞു. അയാള്‍ തന്നെ കാണുന്നില്ലല്ലോ എന്ന്‌ ആയിശ മറുപടി പറഞ്ഞു. അയാള്‍ നിന്നെ കാണുന്നില്ലെങ്കിലും അയാളെ നിനക്ക്‌ കാണാന്‍ പറ്റുന്നുണ്ടല്ലോ എന്നാണ്‌ അപ്പോള്‍ തിരുമേനി പ്രതികരിച്ചത്‌. സ്‌ത്രീയുടെ ജിഹാദ്‌ എന്തെന്ന്‌ മറ്റൊരിക്കല്‍ അവര്‍ ചോദിച്ചപ്പോള്‍ അത്‌ ഹജ്ജും ഉംറയുമാണെന്നാണ്‌ നബി പറഞ്ഞത്‌. ഇതില്‍ നിന്ന്‌ എന്താണ്‌ മനസ്സിലാക്കേണ്ടത്‌?
പ്രവാചകന്മാരുടെയും പത്‌നിമാരുടെയും പേര്‌ ലേഖനത്തില്‍ ചേരുംപടി ചേര്‍ത്തത്‌ നന്നായി. അതില്‍ പുരുഷന്മാര്‍ പ്രവാചകരും സ്‌ത്രീകള്‍ അവരുടെ ഭാര്യമാരുമാണ്‌. അവരാരും പ്രവാചക പദവിയിലേക്ക്‌ വന്നിട്ടേയില്ല. തുല്യാനുപാതമാണെങ്കില്‍ അതും വേണ്ടതല്ലേ. ലേഖനത്തില്‍ പറഞ്ഞതുപോലെ ആദ്യത്തെ ഖലീഫയുടെ ശൂറയില്‍ സത്രീകളില്ലാതായിപ്പോയത്‌ എന്തുകൊണ്ടാണ്‌?
നിക്കാഹ്‌ സമയത്ത്‌ മഹല്ല്‌ പ്രതിനിധികളായി വധുവരന്മാരുടെ ഭാഗത്തുനിന്ന്‌ സ്‌ത്രീയും പുരുഷനും ഇടകലര്‍ന്ന്‌ ഇരിക്കുന്നത്‌ സാങ്കല്‍പികമല്ലേ? നിക്കാഹ്‌ നടത്തിക്കൊടുക്കാന്‍ സ്‌ത്രീ ഖത്തീബുമാര്‍ മതിയോ?
കുടുംബ തര്‍ക്കങ്ങള്‍, അനന്തരാവകാശ പ്രശ്‌നങ്ങള്‍, ത്വലാഖ്‌ വിഷയങ്ങള്‍ ഇവയെല്ലാം റസൂലിന്റെ കാലത്തും ഉണ്ടായിരുന്നു. അന്നെല്ലാം ഒരു സ്‌ത്രീക്കും ആരും ഇതിനെക്കുറിച്ചൊന്നും പരാതി കൊടുത്തിട്ടില്ല. സ്‌ത്രീകളുടെ പള്ളി പ്രവേശനം, സത്രീധന രഹിത വിവാഹം, മലയാള ഖുത്തുബ തുടങ്ങി എല്ലാറ്റിനും ഖുര്‍ആന്‍ ഹദീസുകളില്‍ തെളിവുകളുണ്ടായിരുന്നു. അതിനാല്‍ അക്കാര്യങ്ങളില്‍ മുന്നേറ്റമുണ്ടാക്കാനും സാധിച്ചു. തെളിവാണ്‌ പ്രധാനം.
കുറെ സ്‌ത്രീകളെ തെരുവിലിറക്കി ജാഥ നയിപ്പിക്കാനും പിക്കറ്റിങ്ങിനിറക്കാനും മരം കേറാനും ചുവരെഴുതാനും കിട്ടിയേക്കും. കുറച്ച്‌ പേര്‍ വന്ന്‌ ഈ പരിപാടിക്കിറങ്ങിയാല്‍ മുസ്‌ലിം സമുദായത്തിന്റെ കുത്തകകളാണ്‌ എന്ന്‌ പറയുന്നവര്‍ `എട്ടുകാലി മമ്മൂഞ്ഞി'നെയാണ്‌ ഓര്‍മിപ്പിക്കുന്നത്‌. സത്യം സത്യമായി മനസ്സിലാക്കിയാല്‍ സമൂഹത്തില്‍ ഗുണം ചെയ്യും.
ശജീര്‍ ഖാസിം
ദമാം


മഹല്ലുകളിലെ സ്‌ത്രീ പങ്കാളിത്തം
അമാന്തം അരുത്‌
മഹല്ല്‌ സംവിധാനങ്ങളിലും മറ്റ്‌ സാമൂഹ്യ കൂട്ടായ്‌മകളിലും സ്‌ത്രീ പങ്കാളിത്തത്തിന്റെ ആവശ്യമുണര്‍ത്തിക്കൊണ്ട്‌ 2010 നവമ്പര്‍ മാസത്തിലെ ആരാമത്തിലെ കുറിപ്പ്‌ കണ്ടപ്പോള്‍ പലരും നേരിലും അല്ലാതെയും പ്രതികരണം അറിയിച്ചിരുന്നു. മലപ്പുറം ജില്ലയിലെ ശാന്തപുരത്തും കോഴിക്കോട്‌ ജില്ലയിലെ ബാലുേശ്ശരിക്കടുത്തുള്ള ശിവപുരം മഹല്ലിലും സ്‌ത്രീ പങ്കാളിത്തമുണ്ട.്‌ കണ്ണൂരിലെ അറക്കല്‍ രാജസ്വരൂപത്തിന്റെ കീഴിലുള്ള മസ്‌ജിദുകള്‍ ഉള്‍പ്പെടെയുള്ള വഖ്‌ഫിന്റെ മുത്തവല്ലി വനിതയാണ്‌.
ഈയിടെ പുനഃസംഘടിപ്പിക്കപ്പെട്ട സെന്‍ട്രല്‍ വഖഫ്‌ കൗണ്‍സിലിലും ഒരു വനിതയുണ്ട്‌. ബോംബെയിലെ ഡോക്ടര്‍ സീനത്ത്‌ ശൗകത്തലിയാണ്‌ അവര്‍. കേരളത്തിലെ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ അധ്യക്ഷയായി ഖമറുന്നിസ അന്‍വര്‍ വന്നിട്ടുണ്ടായിരുന്നു. കേന്ദ്ര ഹജ്ജ്‌ കമ്മിറ്റിയുടെ അധ്യക്ഷയായി മുഹ്‌സിന കിദ്വായി പ്രവര്‍ത്തിക്കുന്നുണ്ട്‌. വഖഫ്‌ ബോര്‍ഡ്‌ ഓഫീസില്‍ വനിതകള്‍ ജോലിചെയ്യുന്നുമുണ്ട്‌.
ഇത്രയും വിവരിച്ചത്‌ സമുദായത്തിന്റെ നേര്‍ പകുതിയായ സ്‌ത്രീകള്‍ക്ക്‌്‌ മഹല്ല്‌ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ കൂട്ടായ്‌മകളില്‍ ന്യായവും മാന്യവുമായ പങ്കാളിത്തം അനുവദിക്കേണ്ടതാണെന്ന കാര്യം ഊന്നിപ്പറയാനാണ്‌. സ്‌ത്രീകള്‍ പരിധിവിട്ട്‌ അഴിഞ്ഞാടരുതെന്നത്‌ വളരെ ശരിയാണ്‌. ഇതിന്റെ മറവില്‍ സ്‌ത്രീകളുടെ അവകാശം നിഷേധിക്കുന്നത്‌ ശരിയല്ല. സ്‌ത്രീകളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ശരിയായ വിധത്തില്‍ ചര്‍ച്ച ചെയ്യാനും ഉചിതമായി പരിഹരിക്കാനും അവര്‍ക്കിടയില്‍ ഫലപ്രദമായ സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനും സ്‌ത്രീകള്‍ മഹല്ലു ഭരണത്തില്‍ പങ്കാളികളാവേണ്ടതുണ്ട്‌. ഇസ്‌ലാമിക വിധിവിലക്കുകള്‍ മാനിക്കാതെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും സജീവ രാഷ്ടീയത്തില്‍ വിലസുകയും വഴിതെറ്റുകയും ചെയ്യുന്ന ദുഷ്‌പ്രവണതകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാതെ മൗനം പൂണ്ട്‌ ചില പണ്ഡിതന്മാര്‍ സ്‌ത്രീകളുടെ മഹല്ല്‌ പങ്കാളിത്തത്തിനെതിരെ നിലകൊള്ളുന്നത്‌ തെറ്റാണ്‌, കാപട്യവുമാണ്‌. സ്‌ത്രീകള്‍ മഹല്ല്‌ ഭരണത്തില്‍ രചനാത്മകമായി ഇടപെട്ടാല്‍ മുസ്‌ലിം സ്‌ത്രീകളുടെ അനിസ്‌ലാമികമായ അഴിഞ്ഞാട്ടത്തെ ചെറുക്കാനും കുടുംബത്തിന്റെ ഇസ്‌ലാമീകരണം സാധ്യമാക്കാനും അത്‌ ഏറെ സഹായകമായേക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ട്രസ്റ്റുകളിലും സൊസൈറ്റികളിലും മറ്റും സ്‌ത്രീ പങ്കാളിത്തം ഉണ്ടാവേണ്ടതുണ്ട്‌. വഖഫ്‌ ബോര്‍ഡിലും ഹജ്ജ്‌ കമ്മിറ്റിയിലും മറ്റും മുസ്‌ലിം സ്‌ത്രീകളുടെ രചനാത്മക പങ്കാളിത്തം വളരെ ഗുണം ചെയ്യും. സ്‌ത്രീകളുടെ അച്ചടക്കം ഉറപ്പ്‌ വരുത്തേണ്ടത്‌ അവകാശ നിഷേധവും അടിച്ചമര്‍ത്തലും വഴിയല്ല.

പി.പി അബ്ദുറഹ്‌മാന്‍
പെരിങ്ങാടി
(മെമ്പര്‍, കേരള സ്റ്റേറ്റ്‌ വഖഫ്‌ ബോര്‍ഡ്‌ മെമ്പര്‍)




Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top