അലസതയുടെ അടിവേരുകള്‍

അസ്‌ലം വാണിമേല്‍ No image

മൈക്രോസോഫ്റ്റിന്റെ അധിപനായ ബില്‍ ഗേറ്റ്‌സ് ഒരിക്കല്‍ പറയുകയുണ്ടായി: 'ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ഞാന്‍ മടിയന്മാരെയാണ് ഏല്‍പിക്കാറ്, കാരണം അത് ചെയ്യാനുള്ള എളുപ്പവഴി അവര്‍ കണ്ടുപിടിച്ചോളും.' മടിയന്‍ മല ചുമക്കും എന്ന പ്രയോഗം വളരെ പ്രസിദ്ധമാണല്ലോ.

എന്താണ് യഥാര്‍ഥത്തില്‍ മടി അല്ലങ്കില്‍ അലസത? വ്യക്തികളുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് ഏറെ തടസ്സം നില്‍ക്കുന്ന ഒരു മാനസിക അവസ്ഥയായിട്ടാണ് മനശ്ശാസ്ത്രജ്ഞരും സാമൂഹിക ശാസ്ത്രജ്ഞരും അലസതയെ കാണുന്നത്. നമ്മുടെ മനസ്സ് ചില സന്ദര്‍ഭങ്ങളില്‍ ഏറെ ഉന്മേഷം പ്രകടിപ്പിക്കുകയും ചിലപ്പോള്‍ വളരെ അലസത കാണിക്കുകയും ചെയ്യും. നാം നിലനില്‍ക്കുന്ന ചുറ്റുപാടും ശാരീരിക-മാനസിക ആരോഗ്യവും ഇതിനെ സ്വാധീനിക്കുന്നു. പൊതുവെ പറയുമ്പോള്‍ അലസതയുടെ പ്രധാന കാരണം നമ്മുടെ മനസ്സിനെ നമുക്ക് അനുസരിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പകരം മനസ്സ് നമ്മെ നിയന്ത്രിക്കുകയും അനുസരിപ്പിക്കുകയും ചെയ്യുന്നു. പെട്ടെന്ന് ചെയ്തുതീര്‍ക്കേണ്ട ഒരു ജോലി ഇപ്പോള്‍ ചെയ്യേണ്ട, പിന്നെയാവാം എന്ന ഒരു ഉള്‍പ്രേരണ വരികയും അതനുസരിച്ച് ആ ജോലി നാം മാറ്റിവെക്കുകയും ചെയ്യുകയാണെങ്കില്‍ അത് കൃത്യവിലോപത്തിന് കാരണമാവുകയും അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് രക്ഷപ്പെടാന്‍  കളവു പറയല്‍, മറ്റുള്ളവരെ പഴിചാരല്‍ മുതലായ എളുപ്പവഴികള്‍ തേടേണ്ടതായും വരുന്നു. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ നീട്ടിക്കൊണ്ടുപോവുക (ജൃീരൃമേെശിമശേീി) എന്നത് അലസതയുടെ മുഖമുദ്രയാണ്.

 

ഇസ്‌ലാമും അലസതയും

മനുഷ്യന്റെ ഇഹപര നേട്ടത്തിന് തടസ്സം നില്‍ക്കുന്ന അലസത ഒരു പൈശാചിക പ്രവണതയായാണ് ഇസ്‌ലാം കാണുന്നത്. അലസതയുടെ അടിസ്ഥാന കാരണം തന്നെ ദേഹേഛക്ക് അടിമപ്പെട്ട് മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നതാണ്. ദേഹേഛക്ക് അടിമപ്പെടുന്നതിനെതിരെ വിശുദ്ധ ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ ശക്തമായി താക്കീത് നല്‍കുന്നു (25:43, 18:28). ഏറ്റെടുത്ത ഉത്തവാദിത്തം നിറവേറ്റാന്‍ കഴിയാതെ വരുന്നതിനും വാക്കു പാലിക്കാന്‍ സാധിക്കാതെ വരുന്നതിനുമെല്ലാം കാരണം അലസതയാണ്. അബ്ബാസിയ കാലഘട്ടത്തിലെ മഹാനായ പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ഇമാം റാഗിബ് അലസതയെ നിര്‍വചിച്ചത് ഇപ്രകാരമാണ്: 'ഒരു വ്യക്തി ആവേശത്തോടും ഊര്‍ജസ്വലതയോടും ചെയ്യേണ്ട പ്രവര്‍ത്തനം ഇവ രണ്ടുമില്ലാതെ ചെയ്യുന്നതാണ് അലസത. നിത്യജീവിതത്തില്‍ ഒരു വിശ്വാസി നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട നമസ്‌കാരം പോലെയുള്ള ഇബാദത്തുകളില്‍ കാണിക്കുന്ന അലസതയും ജീവിത പുരോഗതിക്കു വേണ്ട അറിവു നേടുന്നതില്‍ കാണിക്കുന്ന അലംഭാവവും ഇതിന് ഉദാഹരണങ്ങളാണ്.'

വിശുദ്ധ ഖുര്‍ആന്‍ മടിയെ 'കസ്ല്‍' എന്ന പദം കൊണ്ടാണ് സൂചിപ്പിച്ചത്. നമസ്‌കാരത്തില്‍ കാണിക്കുന്ന അലസതയെ  സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഈ പദം രണ്ടു സ്ഥലങ്ങളില്‍ ഖുര്‍ആന്‍ ഉപയോഗിച്ചത് (4: 142, 9:54). പൊതുവെ നമസ്‌കാരത്തില്‍ അലസത കാണിക്കുന്ന വിശ്വാസികള്‍ അവരുടെ മറ്റു ജീവിത കാര്യങ്ങളിലും അലസത പ്രകടിപ്പിക്കുന്നതായാണ് കണ്ടുവരുന്നത്. നേരെ മറിച്ച് നമസ്‌കാരം കൃത്യമായും ഭയഭക്തിയോടും നിര്‍വഹിക്കുന്നവര്‍ പൊതുവെ മറ്റു ജീവിതകാര്യങ്ങളില്‍ കൃത്യനിഷ്ഠയും ഊര്‍ജസ്വലതയും ഉള്ളവരായും കാണാം. അബൂഹുറയ്‌റ റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ അലസതയെ കുറിച്ച് നബി (സ) ഇപ്രകാരം വിവരിച്ചതായി കാണാം: 'ഉറങ്ങുന്ന ഒരു വ്യക്തിയുടെ പിരടിയില്‍ പിശാച് മൂന്ന് കെട്ടുകള്‍ കെട്ടും. ഉറക്കമുണര്‍ന്നാലും എഴുന്നേല്‍ക്കാതെ അലസമായി വീണ്ടും കിടക്കാന്‍ അവനെ പ്രേരിപ്പിക്കും. എന്നാല്‍ അവന്‍ ഉറക്കമുണര്‍ന്ന് അല്ലാഹുവിനെ സ്മരിക്കുമ്പോള്‍ ഒരു കെട്ട് അഴിയുകയും വുദൂ എടുത്ത് നമസ്‌കരിക്കുന്നതോടെ രണ്ടും മൂന്നും കെട്ടുകള്‍ അഴിയുകയും അവന്‍ ഉന്മേഷവാനായി തീരുകയും ചെയ്യും.' ദുഃഖം, അലസത, പിശുക്ക് മുതലായവയില്‍നിന്ന് മനസ്സിനെ മോചിപ്പിക്കാനുള്ള പ്രാര്‍ഥനകള്‍ നബി(സ) പഠിപ്പിച്ചിട്ടുണ്ട്.

അലസത കേവലം വ്യക്തിയെയോ കുടുംബത്തെയോ മാത്രം ബാധിക്കുന്ന ഒരു ദൂഷ്യമല്ല. നേരെ മറിച്ച് മനുഷ്യജീവിതത്തിന്റെ എല്ലാ തലങ്ങളെയും അലസത ബാധിക്കാറുണ്ട്.

 

1. സാമൂഹിക അലസത

അലസന്മാരായ വ്യക്തികള്‍ ഒന്നായി ചേരുമ്പോള്‍ അത് മടിയന്മാരുടെ സമുദായമായി മാറുന്നു. ഇത് സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും സാമൂഹിക പ്രശ്‌നങ്ങളോട് നിസ്സംഗത പുലര്‍ത്തകയും ചെയ്യുന്നു. തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി, രോഗങ്ങള്‍ മുതലായ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു ശ്രമവും നടത്താതെ എല്ലാറ്റിനും ഗവണ്‍മെന്റ് ഇടപടലുകളെ ഇത്തരം സമൂഹം കാത്തിരിക്കുന്നു. ഇവര്‍ നന്മ കല്‍പ്പിക്കാനോ തിന്മ വിരോധിക്കാനോ കാര്യമായ ശ്രമങ്ങള്‍ നടത്താറില്ല. ഇത് സമൂഹത്തിന്റെ മൊത്തം നാശത്തിന് കാരണമാകുന്നു. പ്രശ്‌ന പരിഹാരത്തിന് കുറുക്കുവഴികള്‍ തേടുന്ന ഇത്തരക്കാരെ ഒരു കപ്പല്‍ യാത്രക്കാരുടെ ഉപമയിലൂടെ പ്രവാചകന്‍ വിശദീകരിച്ചിട്ടുണ്ട്. കപ്പലിന്റെ മുകള്‍ തട്ടില്‍ പോയി  വെള്ളമെടുക്കാനുള്ള മടി കാരണം കപ്പലിന്റെ താഴെ തട്ടില്‍ ദ്വാരമുണ്ടാക്കി വെള്ളമെടുക്കാന്‍ ശ്രമിച്ച സമൂഹത്തിന്റെ നാശത്തിന്റെ കഥ. 

 

2. വിദ്യാഭ്യാസ അലസത

മധ്യകാല ഇസ്‌ലാമിക ചരിത്രം വിജ്ഞാന വിസ്‌ഫോടനത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു. എ.ഡി 800 മുതല്‍ 1429 വരെയുള്ള കാലഘട്ടത്തില്‍ ശാസ്ത്ര-സാഹിത്യ രംഗങ്ങളില്‍ നിരവധി സംഭാവനകള്‍ മുസ്‌ലിം ലോകത്തു നിന്ന് ഉണ്ടായിട്ടുണ്ട്. ഇബ്‌നുസീന, അല്‍ റാസി, ഇബ്‌നു ബസ്സാല്‍, ഇബ്‌നു അല്‍ അവ്വാം തുടങ്ങി നിരവധി ശാസ്ത്രജ്ഞന്മാര്‍ ഈ കാലഘട്ടത്തെ സമ്പന്നമാക്കി. ഗണിത ശാസ്ത്രം, ഗോളശാസ്ത്രം, വൈദ്യശാസ്ത്രം, രസതന്ത്രം തുടങ്ങി നിരവധി ശാസ്ത്ര മേഖലകളില്‍ പുതിയ കണ്ടുപിടിത്തങ്ങളും പഠനങ്ങളും നടന്നു. എന്നാല്‍ പിന്നീട് മുസ്‌ലിം ലോകത്ത് നാം കാണുന്നത് അലസതയുടെയും സുഖലോലുപതയുടെയും കാലഘട്ടമാണ്.

അതോടെ അറിവിന്റെ ഉറവിടം പൗരസ്ത്യ ലോകത്തു നിന്നും പാശ്ചാത്യ ലോകത്തേക്ക് മാറിപ്പോയി. ഈയടുത്ത കാലത്തായി വിദ്യാഭ്യാസ മേഖലയില്‍ ചില ഉണര്‍വുകള്‍ മുസ്‌ലിംകളുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നുണ്ട്. പക്ഷേ അത് എളുപ്പം പണമുണ്ടാക്കാനുള്ള മാര്‍ഗമായാണ് പലപ്പോഴും കാണുന്നത്. കഠിന പ്രയത്‌നത്തിലൂടെ അറിവിന്റെ ലോകത്ത് പുതിയതൊന്നും സംഭാവന ചെയ്യാന്‍ നമ്മുടെ അലസത കാരണം സാധിക്കുന്നില്ല.

 

3. സാമ്പത്തിക അലസത

അധ്വാനിച്ചു പണമുണ്ടാക്കുക എന്നത് ഇന്ന് വിഡ്ഢികളുടെ സ്വഭാവമായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള മാര്‍ഗമായി കൊള്ള, കളവ്, മയക്കുമരുന്ന് വ്യാപാരം, കൈക്കൂലി, അഴിമതി, പിടിച്ചുപറി, ചതി  എന്നിവ സമൂഹത്തില്‍ വ്യാപകമായി. ഇത്തരം ക്രിമിനല്‍ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ ഏറെ സമയം അലസമായി ജീവിക്കുകയും കുറച്ചു സമയം മാത്രം ജോലി ചെയ്യുകയും ചെയ്യുന്നു. ഇത്തരം സാമ്പത്തിക അലസന്മാര്‍ ആരോഗ്യമുള്ള യുവാക്കളാണ് ഭൂരിഭാഗവും. ലോട്ടറി, പലിശ തുടങ്ങിയവയും സാമ്പത്തിക അലസതയുടെ ഉല്‍പന്നങ്ങളാണ്. പ്രവാചകന്മാരുടെ ചരിത്രം പരിശോധിക്കുമ്പോള്‍ എല്ലാവരും തന്നെ കഠിനമായി അധ്വാനിച്ച് ജീവിച്ചവരായിരുന്നു. നൂഹ്(അ) ആശാരിയും ഇദ്‌രീസ് (അ) ടൈലറും ദാവൂദ് (അ) കൊല്ലപ്പണിക്കാരനും മുഹമ്മദ് നബി (സ) ആദ്യം ആട്ടിടയനും പിന്നെ കച്ചവടക്കാരനുമായിരുന്നു.

 

4. ആരോഗ്യപരമായ അലസത

നമുക്ക് ലഭിച്ച ആരോഗ്യം അല്ലാഹു ഏല്‍പിച്ച അമാനത്താണെന്നും അത് പരമാവധി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്നും നാം മനസ്സിലാക്കണം. ശരിയായ ഭക്ഷണം, ആരോഗ്യശീലങ്ങള്‍, വ്യായാമം, രോഗം വന്നാല്‍ ചികിത്സ എന്നിവയില്‍ നാം ജാഗ്രത കാണിക്കണം.  അലസത കാരണം കായികമായി യാതൊരു അധ്വാനമോ വ്യായാമമോ ഇല്ലാതെ ഭക്ഷണവും ഉറക്കവുമായി കഴിഞ്ഞുകൂടുന്നവര്‍ എളുപ്പത്തില്‍ രോഗത്തിന് കീഴ്പ്പെടുന്നു. ആരോഗ്യ ശീലങ്ങളായ കുളി, രണ്ടു നേരമെങ്കിലുമുള്ള പല്ലുതേപ്പ്, വസ്ത്രം, വീട്, പരിസരം എന്നിവ വൃത്തിയാക്കല്‍ തുടങ്ങിയവയില്‍ നാം കാണിക്കുന്ന അലസത രോഗങ്ങളെ വിളിച്ചുവരുത്തും.

 

5. തൊഴില്‍രംഗത്തെ അലസത

തൊഴില്‍ രംഗത്തും തൊഴിലാളികളിലും അടുത്ത കാലങ്ങളിലായി അലസത കൂടിവരുന്നു. ആറു മണിക്കൂര്‍ മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ് അംഗീകൃത ജോലി സമയമെങ്കിലും പലപ്പോഴും ഈ സമയം പോലും തൊഴിലാളികള്‍ ജോലി ചെയ്യുന്നില്ല. ഇത് തൊഴിലുടമക്ക് കനത്ത നഷ്ടം ഉണ്ടാക്കുന്നു. വ്യാപാര സ്ഥാപനങ്ങളിലെ സെയില്‍സ്മാന്‍മാര്‍ കാണിക്കുന്ന അലസത ഇടപാടുകാരില്‍ മടുപ്പുളവാക്കുന്നു. ഇത് ബിസിനസ്സിനെ സാരമായി ബാധിക്കും. ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതിരിക്കുമ്പോള്‍ അത് രാജ്യത്തിന്റെ സാമ്പത്തിക നിലയെത്തന്നെ ബാധിക്കുന്നു. റിട്ടയര്‍മെന്റിനു ശേഷം ആരോഗ്യമുണ്ടായിട്ടും കഴിയുന്ന ജോലികള്‍ ചെയ്യാതെ മരണം വരെ അലസന്മാരായി ക്ഷീണം തീര്‍ക്കുന്നവരുണ്ട്. ഇങ്ങനെ നിഷ്‌ക്രിയമായി കഴിഞ്ഞുകൂടുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. 'നീ ഒന്നില്‍നിന്ന് വിരമിച്ചാല്‍ മറ്റൊന്നില്‍ മുഴുകുക' (വിശുദ്ധ ഖുര്‍ആന്‍  94:7).

 

അലസതയെ മറികടക്കുന്നതെങ്ങനെ?

ലക്ഷ്യബോധം: അലസതയെ അകറ്റാന്‍ ഏറ്റവും പ്രധാനമായി വേണ്ടത് നാം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള വ്യക്തവും കൃത്യവുമായ ലക്ഷ്യബോധമാണ്. ചെയ്യേണ്ട ജോലി  ചെയ്താലുള്ള നേട്ടവും ചെയ്തില്ലങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്തും വ്യക്തമായി മനസ്സിലാക്കുക.

ഉത്തരവാദിത്തബോധം: സ്വന്തത്തോടും കുടുംബത്തോടും സമൂഹത്തോടും സര്‍വോപരി ദൈവത്തോടുമുള്ള ഉത്തരവാദിത്തബോധം എപ്പോഴും നിലനിര്‍ത്തുകയും അത് നിറവേറ്റാന്‍ ശ്രമിക്കുകയും ചെയ്യുക. ഒരു വ്യക്തി അംഗീകരിക്കപ്പെടുന്നത് അവന്‍ ഏറ്റെടുത്ത ഉത്തരവാദിത്തം നിര്‍വഹിക്കുമ്പോഴാണ്. ഈ തിരിച്ചറിവ് അലസത അകറ്റാന്‍ സഹായിക്കും.

കര്‍മനിരതരായവരുടെ കൂട്ടുകെട്ട്: ബാഹ്യപ്രേരണകള്‍ നമ്മുടെ മനസ്സിനെ എളുപ്പം സ്വാധീനിക്കും. അതിനാല്‍തന്നെ അലസന്മാരുടെ സ്വാധീനവലയത്തിലാണ് നാം ജീവിക്കുന്നതെങ്കില്‍ അവരില്‍നിന്ന് ലഭിക്കുന്ന നെഗറ്റീവ് എനര്‍ജി നമ്മെയും മടിയന്മാരാക്കും. എന്നാല്‍ ഊര്‍ജസ്വലരായവരുടെയും കര്‍മനിരതരായവരുടെയും കൂട്ടുകെട്ട് നമ്മിലേക്കും പോസിറ്റീവ് എനര്‍ജി പ്രവഹിക്കാന്‍ ഇടയാകും.

ജോലിയുടെ വിഭജനം: ചെയ്യേണ്ട ജോലി ഭാരിച്ചതാണെങ്കില്‍ സ്വാഭാവികമായും അലസതയും മടുപ്പും വരാന്‍ സാധ്യതയുണ്ട്. ചെയ്യേണ്ട ജോലികളെ ചെറിയ ചെറിയ ടാസ്‌കുകളാക്കി വിഭജിക്കുന്നത് ഇതിനു പരിഹാരമാണ്. ഉദാഹരണം 150 പേജുള്ള പുസ്തകം ഒന്നോ രണ്ടോ ദിവസം കൊണ്ട് വായിച്ചുതീര്‍ക്കാന്‍ ശ്രമിച്ചാല്‍ അത് മടുപ്പുണ്ടാക്കും. പകരം 15 ദിവസം കൊണ്ട് തീര്‍ക്കാവുന്ന രീതിയില്‍ ചെറിയ ടാസ്‌കുകളായി വിഭജിക്കുക. ഒരു ദിവസം 10 പേജ് എന്ന നിലക്ക് വായിക്കാം. അതുതന്നെ രാവിലെ അഞ്ച് പേജ് വൈകുന്നേരം  അഞ്ച് പേജ്. അങ്ങനെയാവുമ്പോള്‍ 150 പേജിനെ കുറിച്ച് ചിന്തിക്കാതെ ദിവസവും മടുപ്പില്ലാതെ വായന നടക്കും. പരീക്ഷ പേപ്പറുകളുടെ മൂല്യനിര്‍ണയം പോലെയുള്ളതിനും ഈ രീതി സ്വീകരിക്കാം.

ശാരീരിക-മാനസിക ആരോഗ്യം നിലനിര്‍ത്തുക: നമ്മെ അലസരാക്കുന്നതില്‍ നമ്മുടെ ശാരീരിക-മാനസിക ആരോഗ്യത്തിന് വലിയ പങ്കുണ്ട്. പോഷകാഹാര കുറവ്, അമിതാഹാരം ഇത്  രണ്ടും ഒരുപോലെ നമ്മെ മടിയന്മാരാക്കും. ശരിയായ ഉറക്കം, ആവശ്യമായ വിശ്രമം, രോഗത്തിനു ചികിത്സ എന്നിവയെല്ലാം ശാരീരിക ആരോഗ്യം സംരക്ഷിക്കാനും കര്‍മനിരതനാവാനും അത്യാവശ്യമാണ്. അതോടൊപ്പം മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ ഇഷ്ടപ്പെട്ട വിനോദം, യാത്രകള്‍, ഇഷ്ടപ്പെട്ടവരുടെ സാന്നിധ്യം, മാനസിക സമ്മര്‍ദങ്ങളില്‍നിന്നുള്ള മോചനം എന്നിവക്കെല്ലാം പ്രാധാന്യം കൊടുക്കുക. മടുപ്പുള്ള ജോലികള്‍ ചെയ്യുമ്പോള്‍ വിരസത അകറ്റാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാം. ഉദാ: ടെയ്‌ലറിംഗ്, നടത്തം പോലെയുള്ള പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ പാട്ട്, പ്രസംഗം പോലെയുള്ളത് കേള്‍ക്കാം .

അലസത പിശാചില്‍നിന്ന് ഉണ്ടാവുന്നതാണെന്ന് തിരിച്ചറിയുകയും അതില്‍നിന്ന് രക്ഷനേടാന്‍ നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യുക. അലസതയുടെ അടയാളങ്ങളായ കോട്ടുവാ ഇടുന്നതുതന്നെ നബി (സ) നിരുത്സാഹപ്പെടുത്തുകയും അലസതയില്‍നിന്ന് മോചനം ലഭിക്കാന്‍ പ്രത്യേക പ്രാര്‍ഥന പഠിപ്പിക്കുകയും ചെയ്തതിന്റെ കാരണവും മറ്റൊന്നല്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top