ചൈനയിലേക്കൊരു യാത്ര

ബീഫാത്തിമ വാഴക്കാട്‌ No image

ചൈന നമ്മുടെ അയല്‍രാജ്യമാണെങ്കിലും അവിടം സന്ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടാകുമെന്ന്‌ ഒരിക്കലും കരുതിയിരുന്നില്ല. യാത്രാ രേഖകളെല്ലാം ശരിയാക്കിയത്‌ ചൈനയിലെ ഹാങ്ങ്വായ്‌ സിറ്റിയിലുള്ള മകനാണ്‌. നാട്ടിലുള്ള രണ്ട്‌ മക്കളോടൊപ്പം നെടുമ്പാശ്ശേരിയില്‍ നിന്ന്‌ പുറപ്പെടുന്ന എയര്‍ ഏഷ്യാ വിമാനത്തില്‍ മലേഷ്യ തലസ്ഥാന നഗരിയായ ക്വാലാലമ്പൂരിലേക്ക്‌ പറന്നു. നാല്‌ മണിക്കൂര്‍ യാത്ര കഴിഞ്ഞ്‌ എയര്‍ ഏഷ്യ വിമാനം റണ്‍വെയിലിറങ്ങി. അവിടെ നിന്ന്‌ രാത്രി ചൈനയിലെ ഗോങ്ങ്‌ചോങ്ങിലേക്ക്‌ പുറപ്പെടുന്ന എയര്‍ ഏഷ്യാ വിമാനത്തില്‍ അടുത്ത യാത്ര പുറപ്പെട്ടു.
ഗോങ്ങ്‌ചോ
വിമാനം ഗോങ്‌ചോ ലക്ഷ്യമാക്കി പറന്നു തുടങ്ങി. രാത്രി ഒരുമണിക്കാണ്‌ അവിടെ എത്തേണ്ടത്‌. തൊട്ടടുത്ത സീറ്റിലിരിക്കുന്ന വനിതയുമായി പരിചയപ്പെട്ടു. ഓസ്‌ട്രേലിയക്കാരി വിക്കി, റിട്ടയേഡ്‌ എഞ്ചിനീയറായ ഭര്‍ത്താവിനൊന്നിച്ചാണ്‌ അവരുടെ യാത്ര. മക്കള്‍ ആറുപേരും ഓസ്‌ട്രേലിയയില്‍ ജോലി നോക്കുന്നു. നാല്‌ പേര്‍ വിവാഹിതര്‍. രണ്ട്‌ പെണ്‍മക്കള്‍ക്ക്‌ ബോയിഫ്രണ്ടുകളായില്ല. അതിനാല്‍ അവര്‍ അവിവാഹിതരായി കഴിയുന്നു.
മണിക്കൂറുകള്‍ പിന്നിട്ട്‌ ഒരു മണിയോടെ വിമാനം ഗോങ്‌ചോയിലെത്തി. നേരെ ചൈനയുടെ മണ്ണിലേക്ക്‌ തന്നെ ഇറങ്ങാന്‍ കഴിഞ്ഞു. ചൈനയുടെ ഭൂമിശാസ്‌ത്രം അവിടെ വെച്ചുതന്നെ പരിചയപ്പെടാന്‍ ഭാഗ്യമുണ്ടായി. കൗണ്ടറിലെത്തി ക്യൂ നിന്നു. മിക്ക കൗണ്ടറുകളിലും വനിതകളാണ്‌ യാത്രക്കാരെ സ്വീകരിക്കുന്നത്‌. വിനീതമായ ഹലോ വിളിയോടെയാണ്‌ ഓരോ യാത്രക്കാരില്‍ നിന്നും പാസ്‌പോര്‍ട്ട്‌ വാങ്ങി എന്‍ട്രി നടത്തി തിരിച്ചു നല്‍കുന്നത്‌. പുത്തന്‍ അനുഭവമായിരുന്നു അത്‌.
കൊച്ചിയില്‍ നിന്നും മലേഷ്യയില്‍ നിന്നും വന്ന സഹയാത്രികരെല്ലാം എയര്‍പോര്‍ട്ടില്‍ നിന്ന്‌ പുറത്ത്‌ കടന്നു. കുറച്ച്‌ ചൈനക്കാരോടൊപ്പം അടുത്ത യാത്രക്ക്‌ കാത്തിരുന്നു. പരസ്‌പരം സംസാരിക്കാന്‍ ഭാഷ തടസ്സം നിന്നു. ആ പ്രതിബന്ധത്തിന്‌ മുമ്പില്‍ നിഷ്‌ക്രിയരായിരുന്നു.
ഗോങ്ങ്‌ചോ ഇന്ന്‌ ലോകത്ത്‌ അറിയപ്പെടുന്ന ബിസിനസ്‌ സിറ്റിയാണ്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ അവിടെ ആളുകളെത്തുന്നു. ചൈനാനിര്‍മിത വസ്‌തുക്കളുടെ ഗുണനിലവാരത്തകര്‍ച്ച ചര്‍ച്ചവിഷയമായി. നേരത്തെയുണ്ടായിരുന്ന ധാരണയില്‍ നിന്ന്‌ വ്യത്യസ്ഥമായ അറിവാണ്‌ അപ്പോള്‍ കിട്ടിയത്‌. ചൈനയിലെ വ്യവസായികള്‍ അവരെ സമീപിക്കുന്ന കച്ചവടക്കാര്‍ക്ക്‌ ഗുണനിലവാര സാമ്പിളുകള്‍ പ്രദര്‍ശിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പൂര്‍ണ്ണബോധ്യത്തോടെയാണ്‌ ആവശ്യക്കാരായ ബിസിനസ്സുകാര്‍ ഓര്‍ഡറുകള്‍ നല്‍കുന്നത്‌. പുലര്‍ച്ചെ അഞ്ചു മണിക്ക്‌ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ്‌ കൗണ്ടര്‍ തുറന്നു. സെക്യൂരിറ്റി ലോബിയിലെത്തി ഷാങ്‌ഹായ്‌ക്കുള്ള വിമാനത്തിനടുത്തേക്ക്‌ പോയി.
ഷാങ്‌ഹായ്‌
വലിപ്പത്തില്‍ ലോകത്തിലെ രണ്ടാമത്തെ സിറ്റിയാണ്‌ ഷാങ്ങ്‌ഹായ്‌. രണ്ട്‌കോടി ജനങ്ങളാണ്‌ ഇവിടെ താമസിക്കുന്നത്‌. ചൈനയിലെ മൊത്തം ജനസംഖ്യ 133 കോടിയാണ്‌. നഗരമധ്യത്തിലൂടെ ഒഴുകുന്ന ഹുവാങ്ങ്‌പു നദി സിറ്റിയെ രണ്ടായി തിരിക്കുന്നു. കിഴക്ക്‌ ഭാഗത്തിന്‌ പുതോങ്ങ്‌ എന്നും പടിഞ്ഞാറ്‌ ഭാഗത്തിന്‌ പൂഷി എന്നുമാണ്‌ പേര്‍. ഞങ്ങള്‍ സഞ്ചരിച്ചിരുന്ന ടാക്‌സി, മസ്‌ജിദ്‌ പുതോങ്ങിലേക്ക്‌ പോകാനായി നിര്‍ത്തി. ഞാനും മരുമകളും അവിടെയിറങ്ങി. ലൂയിസ്‌ ഇസതോര്‍ ഖാന്‍ കൊമേഴ്‌സ്‌ ഹോട്ടലില്‍ ലഗേജ്‌ വെച്ച്‌ ബാക്കിയുള്ളവരും പള്ളിയിലെത്തി.
ഹലാല്‍ ഭക്ഷണ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ സ്‌ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങുന്ന ചെറിയ സംഘം അവിടെ ജോലിയിലേര്‍പ്പെട്ടിരിക്കുന്നു. മുകളിലേക്കുള്ള കോണിപ്പടികള്‍ക്കിടത്‌ വശത്ത്‌ അംഗസ്‌നാനത്തിനും കുളിക്കും സൗകര്യമുണ്ട്‌. ടോയ്‌ലറ്റുകളും ബാത്‌റൂമുകളും പ്രത്യേകം പ്രത്യേകമായാണ്‌ നിര്‍മ്മിച്ചിരുന്നത്‌. ചെരിപ്പുകളും ആവശ്യക്കാര്‍ക്ക്‌ ഉപയോഗിക്കാവുന്ന മൂറികളുമെല്ലാം അവിടെ സജ്ജമാണ്‌. വലത്‌ വശത്ത്‌ സാമാന്യം വലിയൊരു ഹാളുണ്ട്‌. കാര്‍പറ്റ്‌ വിരിച്ച ഹാളില്‍ ഓരോ മുസല്ലയിലും തസ്‌ബീഹ്‌ മാലകള്‍ വെച്ചിരിക്കുന്നു. ഒരു ഭാഗത്ത്‌ പ്രാര്‍ത്ഥനക്കുള്ള വസ്‌ത്രങ്ങളുമുണ്ട്‌. ഖുബ്ബകളുള്ള സാമാന്യം വലിയ പള്ളിയാണിത്‌. പുരുഷന്മാര്‍ക്ക്‌ മുകളില്‍ തന്നെയാണ്‌ നമസ്‌കാര ഹാള്‍. താഴ്‌ഭാഗം പള്ളിയുമായി ബന്ധപ്പെട്ട മറ്റാവശ്യങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നു. പ്രാര്‍ത്ഥന കഴിഞ്ഞ്‌ പുറത്തേക്ക്‌ വന്നു. റോഡിലൂടെ അല്‍പം നടന്നപ്പോള്‍ അറബിഭാഷയില്‍ ഹലാല്‍ മത്‌അം (അനുവദനീയ ഭക്ഷണം) എന്ന്‌ പ്രത്യേകം എഴുതിച്ചേര്‍ത്ത ഒരു ബോര്‍ഡ്‌ കണ്ടു. അവിടെ തൊപ്പിധരിച്ച പുരുഷന്മാരും തലമറച്ച സ്‌ത്രീയും കുട്ടിയും ശ്രദ്ധിക്കപ്പെട്ടു. അവരോട്‌ സലാം പറഞ്ഞ്‌ ഹോട്ടലില്‍ കയറി. അഞ്ച്‌ പേര്‍ക്ക്‌ ഇരിക്കാവുന്ന സാമാന്യം വലിയ ഒരു മേശക്കരികിലേക്ക്‌ അവര്‍ ഞങ്ങളെ നയിച്ചു. മെനുവിലെ ചിത്രം നോക്കി ഭക്ഷണത്തിന്‌ ഓര്‍ഡര്‍ ചെയ്‌തു. മേശപ്പുറത്ത്‌ ചൈനാ ക്ലേയുടെ രണ്ട്‌ പാത്രങ്ങളിലായി സുര്‍ക്കയും മുളക്‌ ചമ്മന്തിയും ഉണ്ട്‌. വറ്റല്‍മുളക്‌ പൊടിച്ച്‌ എണ്ണ ചേര്‍ത്ത്‌ കുഴച്ചതാണ്‌ ചമ്മന്തി. അത്‌ എല്ലാ മേശപ്പുറത്തും ഉണ്ട്‌. ഉപ്പ്‌ ചേര്‍ക്കാതെ ഒതുക്കിപ്പൊടിച്ച ഈ ചമ്മന്തിയും സുര്‍ക്കയും എല്ലാ ഹോട്ടലിലും കണ്ടു. ഒരു ട്രേയില്‍ ചോപ്‌സ്റ്റിക്കുകളുമുണ്ട്‌. ഈ വടികള്‍ ഉപയോഗിച്ചാണ്‌ ചൈനക്കാര്‍ ഭക്ഷണം കഴിക്കുന്നത്‌.
പ്ലെയ്‌റ്റുകളില്‍ ചോറും നൂഡില്‍സുമായി ആ സഹോദരി കോണി കയറി വന്നു. ആവിയില്‍ വേവിച്ച എണ്ണമയമുള്ള പച്ചരിച്ചോറില്‍ കാപ്‌സിക്കവും കാരറ്റും ഇറച്ചിയുടെ ചെറിയ കഷ്‌ണങ്ങളും ചേര്‍ത്ത്‌ സുന്ദരമായി പാകം ചെയ്‌തിരിക്കുന്നു. നല്ല ചൂടുള്ള ഗ്രീന്‍ ടീ മറ്റൊരു കൂജയില്‍ വെച്ചിട്ടുണ്ട്‌.
ചൈനീസ്‌ മുസ്‌ലിംകളില്‍ നല്ലൊരു ശതമാനം കുടുംബം ഹലാല്‍ ഹോട്ടല്‍ നടത്തുന്നവരാണ്‌. കണ്‍മുമ്പില്‍ വെച്ചു തന്നെയാണ്‌ നൂഡില്‍സ്‌ ഉണ്ടാക്കിത്തരുന്നത്‌. തൊട്ടടുത്ത പാത്രങ്ങളില്‍ കൂട്ടുകളും തയ്യാറാക്കി വെച്ചിരിക്കും. ഇവരുടെ രുചികരമായ ഭക്ഷണം കഴിക്കാന്‍ ഹലാല്‍ ഭക്ഷണം തേടുന്നവര്‍ മാത്രമല്ല വരുന്നത്‌. കുട്ടികളുടെ സാന്നിധ്യം പലയിടത്തും കണ്ടു. സ്‌കൂള്‍ വിദ്യാഭ്യാസം കഴിയുമ്പോഴേക്ക്‌ പക്കാ കമ്മ്യൂണിസ്റ്റുകാരനോ നിരീശ്വരവാദിയോ ആയി മാറുമെന്ന്‌ ഭയപ്പെട്ട്‌ പലരും കുട്ടികള്‍ക്ക്‌ പാരമ്പര്യ വിദ്യാഭ്യാസം നല്‍കി തൃപ്‌തിപ്പെടുകയാണത്രെ ചെയ്യുന്നത്‌.
ഷാങ്‌ഹായ്‌ പുതോങ്ങിലെ ഹുവാങ്ങ്‌ പു നദിക്കരികിലായി സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഓറിയന്റ്‌ പേള്‍ടവര്‍, ഷാങ്‌ഹായ്‌ വേള്‍ഡ്‌ ഫിനാഷ്യല്‍ സെന്റര്‍, ജിന്‍മാഓ ഒബ്‌സര്‍വേറ്ററി എന്നിവ കാണാനായി വൈകുന്നേരമാണ്‌ പോയത്‌. റോഡുകള്‍ ശുചിത്വമാര്‍ന്നതും വളരെ വിശാലമായതുമാണ്‌. കാല്‍നടക്കാര്‍ക്കായി മൂന്ന്‌ മീറ്റര്‍ മുതല്‍ 5 മീറ്റര്‍ വരെ വീതിയിലുള്ള നടപ്പാതയുണ്ട്‌. അത്‌ കഴിഞ്ഞ്‌ ഇരുചക്രവാഹനം പാത മറ്റു വാഹനങ്ങള്‍ക്കായി രണ്ടും മൂന്നും ട്രാക്കുകള്‍. നടപ്പാതയിലും വണ്‍വേകള്‍ക്കിടയിലെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തും അടുക്കും ചിട്ടയുമുള്ള ചെടികളും മരങ്ങളും പിടിപ്പിച്ചിരിക്കുന്നു. വഴിയിലുടനീളം വെയ്‌സ്റ്റ്‌ ബോര്‍ഡുകള്‍ ഒരിക്കല്‍ പോലും എവിടെയും കാണാന്‍ കഴിയുകയില്ല. കണ്ടാല്‍ ഉടന്‍ അത്‌ നീക്കം ചെയ്യും. അത്‌ ചെയ്യുന്നത്‌ ജോലിക്കാരനോ, ചൈനീസ്‌ പൗരനോ ആവാം. ശുചീകരണ യജ്ഞത്തില്‍ എല്ലാവരും പങ്കാളികള്‍.
മിങ്‌്‌ഷൂ പാര്‍ക്കിന്റെ മുമ്പിലാണ്‌ പേള്‍ടവര്‍. 375 മീറ്റര്‍ ഉയരമുള്ള ഈ ടി.വി ടവര്‍ അതിസുന്ദരമായി നിര്‍മ്മിച്ചിരിക്കുന്നു. പേള്‍ടവര്‍ നില്‍ക്കുന്ന ഡോങ്ങ്‌ചാങ്ങ്‌ റോഡിലൂടെ ഒരു ഫര്‍ലോങ്ങ്‌ നടന്നാല്‍ ലുജിയാ സുയ്‌ ഗ്രീന്‍ലാന്‍ഡ്‌ കാണാം. അതിന്‌ തൊട്ടടുത്താണ്‌ ഷാങ്ങ്‌ഹായ്‌ ജിന്‍മാഓ ഒബ്‌സര്‍വേറ്ററി. 88,421 മീറ്ററാണ്‌ ഒബ്‌സര്‍വേറ്ററി കെട്ടിടത്തിന്റെ ഉയരം. 340 മീറ്റര്‍ ഉയരത്തില്‍ സഞ്ചാരികള്‍ക്ക്‌ കയറാന്‍ സൗകര്യമുണ്ട്‌. ഇതിന്‌ മുകളില്‍ നിന്ന്‌ ഷാങ്‌ഹായ്‌ സിറ്റി കാണാം. ഉയരം കൂടിയ കെട്ടിടമായ വേള്‍ഡ്‌ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഇതിന്‌ തൊട്ടടുത്ത്‌ തന്നെയാണ്‌. ഫിനാഷ്യല്‍ സെന്ററിന്റെ തലയെടുപ്പ്‌ ഒബ്‌സര്‍വേറ്ററിയുടെ മുകളില്‍ നിന്ന്‌ ദര്‍ശിക്കാന്‍ കഴിയും. 492 മീറ്ററാണ്‌ സെന്ററിന്റെ ഉയരം 102 നിലകളുണ്ടിതിന്‌. ഇതോടെ അന്നത്തെ സന്ദര്‍ശനങ്ങള്‍ അവസാനിപ്പിച്ച്‌ ഹോട്ടലിലേക്ക്‌ മടങ്ങി.
(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top