സ്‌നേഹഭരിത വരികളുമായി കൊറിയന്‍ മഹിള

വി.പി.എ അസീസ്‌ No image

സ്‌നേഹവാത്സല്യ സാരമായാണ്‌ സര്‍വസമൂഹങ്ങളും മാതാവിനെ വാഴ്‌ത്തിപ്പോരാറുള്ളത്‌. മാതാവിനോടുള്ള കടപ്പാട്‌ ഓര്‍മിപ്പിക്കാത്ത മതങ്ങള്‍ ഇല്ല. മാതാപിതാക്കളെ കാണാന്‍ കഴിയുന്ന ദൈവത്തോടാണ്‌ സാമ്യപ്പെടുത്തിയത്‌. എന്നാല്‍ വര്‍ത്തമാന കാലഘട്ടം മാതൃത്വത്തിന്റെ മാഹാത്മ്യം പാടെ അവഗണിക്കുന്നു.മെഴുകുതിരി കണക്കെ സ്വയം ഉരുകി മക്കളുടെ ജീവിതം പ്രകാശപൂര്‍ണമാക്കിയ ആ അമ്മമാരെ തള്ളിപ്പറയാന്‍ മടിക്കാത്ത പുതുതലമുറയുടേതാണ്‌ നമ്മുടെ ഈ കാലഘട്ടം.
ജീര്‍ണിച്ച ഈ പുതുയുഗത്തിന്റെ കൊള്ളരുതായ്‌മകള്‍ ഉപേക്ഷിച്ച്‌ മാതൃത്വത്തിന്റെ മഹത്വം തിരിച്ചറിയാന്‍ ഓരോ വായനക്കാരനേയും ആഹ്വാനം ചെയ്യുന്ന `പ്ലീസ്‌, ലുക്‌ ആഫ്‌റ്റര്‍ മം' എന്ന കൊറിയന്‍ നോവല്‍ ലോകരാജ്യങ്ങളിലുള്ള മുഴുവന്‍ അനുവാചക ഹൃദങ്ങളിലും ആവേശമുണര്‍ത്തുകയാണ്‌. 48-കാരിയായ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ക്യൂങ്ങ്‌ സൂക്‌ ഷിന്നിന്റേതാണ്‌ ഈ രചന. ഇംഗ്ലീഷ്‌ ഉള്‍പ്പെടെ ഇതിനകം 19 ഭാഷകളിലേക്ക്‌ തര്‍ജമ ചെയ്യപ്പെട്ട ഈ നോവല്‍ ലക്ഷക്കണക്കിന്‌ കോപ്പികള്‍ വിറ്റഴിഞ്ഞ്‌ വില്‍പ്പനയിലെ റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പുസ്‌തകങ്ങളുടെ പട്ടികയില്‍ ഈ കൃതി നാലാം സ്ഥാനത്ത്‌ നിലയുറപ്പിച്ചിരിക്കുന്നു.
കൃഷിപ്പണിക്കാരായ മാതാപിതാക്കളുടെ മകളായി 1963ല്‍ കൊറിയയിലെ വിദൂര ഗ്രാമത്തില്‍ ജനിച്ച ക്യൂങ്ങ്‌ സൂക്‌ ഷിന്‍ സ്വന്തം മാതാവിന്റെ ത്യാഗപൂര്‍ണമായ ജീവിതത്തെ ആധാരമാക്കിയാണ്‌ `പ്ലീസ്‌, ലുക്‌ ആഫ്‌റ്റര്‍ മം' രചിച്ചിട്ടുള്ളത്‌. കൊറിയന്‍ തലസ്ഥാനമായ സോളിലെ തിരക്കുപിടിച്ച തീവണ്ടിയാപ്പീസിനു മുമ്പില്‍ വെച്ച്‌ കാണാതാവുന്ന അമ്മയെ കേന്ദ്രകഥാപാത്രമാക്കുന്ന നോവല്‍ ആധുനിക സമൂഹത്തിലെ മാതാവിന്റെ സ്ഥാനം നഷ്ടപ്പെടുത്തുന്നവരുടെ ആശങ്കാകുലമായ ജീവിതം തന്നെയാണ്‌ ആവിഷ്‌ക്കരിക്കുന്നത്‌. `അമ്മ തിരോധാനം ചെയ്‌തിട്ട്‌ ഇപ്പോള്‍ ഒരാഴ്‌ച്ചയായി.' എന്ന നോവലിന്റെ പ്രഥമവാക്യം തന്നെ വായനക്കാരുടെ ഹൃദയങ്ങള്‍ കീഴ്‌പ്പെടുത്താന്‍ പോന്ന ശക്തി ആവാഹിച്ചിരിക്കുന്നു. കാണാമറയത്തേക്ക്‌ അപ്രത്യക്ഷയായ ആ അമ്മ ഓരോ മക്കളിലും ഉണര്‍ത്തുന്ന നോവാര്‍ന്ന സ്‌മൃതികള്‍ മാതൃത്വം കടന്നുപോയ ത്യാഗനിമിഷങ്ങളിലേക്കും മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന വാത്സല്യനിധികളായ പഴയ തലമുറയുടെ ഹൃദയ വിശാലതയിലേക്കും വായനക്കാരെ ആനയിക്കുന്നുണ്ട്‌.
നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഈ പുസ്‌തകം ഷിന്നിന്‌ കൊറിയയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും പേരും പെരുമയും സമ്മാനിക്കുകയുണ്ടായി.
22-ാം വയസ്സില്‍ `വിന്റേഴ്‌സ്‌ ഫാബ്‌ള്‍' എന്ന നീണ്ട കഥയിലൂടെ സര്‍ഗാത്മക ജീവിതത്തില്‍ അരങ്ങേറ്റം കുറിച്ച ഷിന്‍ ഈ പ്രഥമ കൃതിയുടെ പേരില്‍ `മുന്നിയേ ജൂഗാംഗ്‌' എന്ന കന്നി എഴുത്തുകാരികള്‍ക്കുള്ള അവാര്‍ഡിനും അര്‍ഹയായി. തുടര്‍ന്ന്‌ രചിച്ച `വേര്‍ ദ ഓര്‍ഗന്‍ ലേസ്‌, ഡീപ്‌ സോറോ, എലോണ്‍ റൂം' തുടങ്ങിയ ചെറുകഥാ സമാഹാരങ്ങള്‍ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന കണ്ണാടികളായും വാഴ്‌ത്തപ്പെടുകയുണ്ടായി. ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട്‌ കൊറിയന്‍ മുഖ്യധാരാ സാഹിത്യമണ്ഡലത്തില്‍ ഇടം പിടിച്ച ഷിന്നിന്റെ ഈ രീതിയെ `ഷിന്‍ ക്യൂങ്ങ്‌ സിന്‍ഡ്രോം' എന്ന പേരില്‍ നിരൂപകര്‍ വാഴ്‌ത്തുകയുണ്ടായി.
പോയവര്‍ഷം പൂര്‍ത്തീകരിച്ച `ഫ്രം സംവെയര്‍ അഫാര്‍ ദ ഫോണ്‍ കീപ്‌ റിംഗിങ്ങ്‌' എന്ന ഏറ്റവും പുതിയ നോവലിലും ആധുനിക യുവസമൂഹത്തിന്റെ വൈകാരിക പ്രതിസന്ധികളെ ഷിന്‍ ശ്ലാഘനീയമായ വൈഭവത്തോടെ ആഖ്യാനം ചെയ്‌തിരിക്കുന്നു. ഉറ്റ സുഹൃത്തുക്കളായ നാല്‌ യുവതീയുവാക്കളുടെ ഹൃദയംഗമമായ സംഭാഷണങ്ങളിലൂടെയാണ്‌ ഈ നോവലിന്റെ കഥ ചുരുള്‍ നിവരുന്നത്‌. സാമ്പത്തിക തകര്‍ച്ചയുടെയും നൈരാശ്യത്തിന്റെയും നടുവില്‍ ഊഷ്‌മള സ്‌നേഹം തുടിക്കുന്ന സംഭാഷണങ്ങള്‍ നടത്തി മനസ്സ്‌ പങ്കുവെക്കുന്ന കഥാപാത്രങ്ങള്‍ പ്രത്യാശയുടെയും പ്രസാദാത്മകതയുടെയും സന്ദേശമാണ്‌ വായനക്കാരിലേക്ക്‌ സംക്രമിപ്പിക്കുന്നത്‌. അനുഭവമാകുന്ന ഗുരുനാഥന്‍ പകരുന്ന ജ്ഞാനം ജീവിതത്തെ പുതുക്കിപ്പണിയാന്‍ ഉതകുന്ന ബലിഷ്‌ഠമായ തൂണുകളായി മാറുന്നു. ജീവിത യാത്രയില്‍ പുതുതലമുറ അഭിമുഖീകരിക്കുന്ന വ്യഥകളും ഒറ്റപ്പെടലും വരച്ചു കാണിക്കുന്നതോടൊപ്പം പ്രതിസന്ധികളെ ഭേദിച്ച്‌ മുന്നേറുന്ന ആത്മസൗഹൃദങ്ങളുടെ കരുത്തും ഈ നോവല്‍ അനുഭവിപ്പിക്കുന്നു.
ഏഴു നോവലുകള്‍, അഞ്ച്‌ കഥാ സമാഹാരങ്ങള്‍, രണ്ട്‌ പ്രബന്ധ സമാഹാരങ്ങള്‍ എന്നിവ ഇതിനകം പ്രസാധനം ചെയ്‌തുകൊണ്ട്‌ താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ ദുരന്തങ്ങളെ ആലേഖനം ചെയ്യുകയാണിവര്‍. അബലയും പുരുഷനെ മാത്രം ആശ്രയിക്കുന്ന നിസ്സഹായയുമല്ല ഷിന്നിന്റെ സ്‌ത്രീ കഥാപാത്രങ്ങള്‍. പ്രതിസന്ധികള്‍ക്കും ദുരന്തങ്ങള്‍ക്കും മുമ്പില്‍ ധൈര്യം പ്രകടിപ്പിക്കുന്ന കരുത്തുറ്റ സ്‌ത്രീ മാതൃകകളെയാണ്‌ ഷിന്‍ സദാ അവതരിപ്പിക്കാറുള്ളത്‌. ഈ കഥാനായകന്മാര്‍ പ്രസരിപ്പിക്കുന്ന ഊര്‍ജ്ജം വായനക്കാരുടെ ഹൃദയങ്ങളെയും ഉന്മേഷഭരിതമാക്കുന്നു. |

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top