ഇനി ഡസ്റ്ററുകളെ
പേടിക്കേണ്ട കാലം
കാലാകാലങ്ങളായി
ചോക്കു പൊടികളെ
ഉമ്മവെച്ചു മായ്ച്ച
ഡസ്റ്ററ്റുകളെ എന്തിന്
പേടിക്കണമെന്നല്ലേ??
ഈ ഡസ്റ്ററുകള്ക്ക്
ഒരു തുടപ്പിന്
ഒരു തെരുവിനെ
ഒരു തീവണ്ടിയെ വരെ
മായ്ക്കാന്‍ കഴിയും
ഒരു തുടപ്പിന്
നമ്മുടെ ലിപിയെയും
ഒച്ചകളെയും
ഒന്നിച്ചു മായ്ച്ചുകളയും
ഒരു മായ്പിന്
അത് നമ്മുടെ നാണ്യപ്പുരകളെ
ധാന്യപ്പുരകളെ
അപ്രത്യക്ഷമാക്കിക്കളയും
ഒരു തുടപ്പിന്
അത് ചരിത്രത്തെ
മാറ്റിക്കളയുമത്രേ
സ്വപ്നങ്ങളുടെ
നിറം മാറ്റുമത്രേ
നട്ടുച്ചക്ക് അടുക്കളയില്‍ കയറി
പിഞ്ഞാണത്തില്‍ നിന്നും
അന്നം മായ്ച്ചുകളയും
ഇന്ന്
അല്ലങ്കില്‍ നാളെ
ഇല്ലെങ്കില്‍ മറ്റന്നാള്‍
അത് നമ്മളെത്തേടി വരും
നമ്മളെന്ന വാക്കില്‍ നിന്ന്
പലതും മായ്ച്ചുകളഞ്ഞ്
നീയും ഞാനുമാക്കും
അപ്പോള്‍ മായ്ച്ചു കളയാന്‍
എളുപ്പമാണത്രേ..