വിടപറയുന്നു ഞാന്‍
വിരല്‍ത്തുമ്പില്‍ അമ്മാനമാടി
സമയത്തെ കൊല്ലുന്ന 3 ജി യന്ത്രത്തിന്,
മണ്ണിനെ കാര്‍ന്നു തിന്നുന്ന
പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക്,
ഇണക്കിളികള്‍ക്ക് കൂട്ടുകൂടാനിടം നല്‍കാത്ത
കോണ്‍ക്രീറ്റ് കാടുകള്‍ക്ക്
കുട്ടിയും കോലും കളിക്കാന്‍ കഴിയാത്ത
ഇന്റര്‍ലോക്ക് മുറ്റങ്ങള്‍ക്ക്,
തെരുവുകളെ വീര്‍പ്പു മുട്ടിക്കുന്ന
വാഹനക്കൂട്ടങ്ങള്ക്ക്
കുന്നുകള്‍ നിരത്തുന്ന
ജെസിബികള്‍ക്ക്,
സദാ വിഷം ചുരത്തുന്ന
ഇലക്ട്രോണിക് ചവറുകള്‍ക്ക്,
സ്കൂള്‍മുറ്റത്ത് വലിച്ചെറിയപ്പെടുന്ന
ബോള്‍ പെന്നുകള്‍ക്ക്,
കിന്നരി തൂക്കിയ
കല്ല്യാണപ്പന്തലുകള്ക്ക്...
സ്വാഗതമോതുന്നു ഞാന്‍
കടലാസില്‍ പൊതിഞ്ഞ കപ്പലണ്ടിക്ക്,
ഇലയില്‍ പൊതിഞ്ഞ അയലമീനിന്,
ഓടുമാത്രം മേഞ്ഞ മേല്‍ക്കൂരക്ക്,
മഷിനിറക്കുന്ന തൂലികകള്‍ക്ക്,
ഈണത്തില്‍ പട്ടുകൊണ്ടലങ്കരിച്ച
മംഗല്യപ്പന്തലുകള്ക്ക്...
ഒരു ചോദ്യം ഞാന്‍ ചോദിച്ചോട്ടെ
മോരിന് വെള്ളവും മുറുക്കാനും വില്‍ക്കുന്ന
ഒരു ചായമക്കാനിക്ക് മുമ്പില്‍,
ഒരു നാല്ക്കവലയില്
എപ്പോഴോ വന്നെത്തുന്ന ബസ്സിനെ,
കാത്തു നില്ക്കുന്ന എന്നെ
ഞാന്‍ സ്വപ്നം കണ്ടാല്‍,
നിങ്ങളെന്നെ ഭ്രാന്തിയെന്ന് വിളിക്കുമോ?