പാചക (ദുര്‍)വിധികള്‍

കെ.വൈ.എ No image

ഉപ്പ്‌ ഇനി കഴിക്കരുത്‌.
എണ്ണയും നെയ്യും ഒട്ടും പാടില്ല. മധുരം പറ്റെ ഒഴിവാക്കണം. ചോറും വേണ്ട.
ബാപ്പു ഹാജി ഡോക്ടറെ തുടരാന്‍ അനുവദിച്ചില്ല. ആലോചിക്കാന്‍ സമയം കിട്ടിയാല്‍ ഡോക്ടര്‍ ഇനിയും പലതും ലിസ്റ്റില്‍ പെടുത്തും. എരിവ്‌ പാടില്ലെന്ന്‌ അദ്ദേഹം പറഞ്ഞിട്ടില്ല. അതെങ്കിലും പട്ടികയില്‍ പെടാതിരിക്കാന്‍ തിടുക്കത്തില്‍ ചോദിച്ചു: ഒരു നേരം ചായ കുടിച്ചു കൂടെ?
പാലും പഞ്ചസാരയും ഒഴിവാക്കിയിട്ടാവാം.
``ചായപ്പൊടി കൂടി ഒഴിവാക്കാം.'' ഹാജിക്ക്‌ ശുണ്‌ഠി വന്നു. ``വെള്ളവും പാടുണ്ടാവില്ല അല്ലേ''
``കുഴപ്പമില്ല വെള്ളം കുടിക്കാം. ഒരു കാര്യം കൂടി: എരിവ്‌ തീരെ പാടില്ല.''
ബാപ്പുഹാജി കീഴടങ്ങി.
പക്ഷേ പ്രശ്‌നം തുടങ്ങിയതേയുള്ളൂ. വല്ലതും ഒളിച്ചു തിന്നാമെന്ന്‌ കരുതിയതാണ്‌. ഒരാഴ്‌ച്ച കഴിഞ്ഞപ്പോഴേക്കും ബോധ്യപ്പെട്ടു, ബീവി ശരിക്കും ശ്രദ്ധിക്കുന്നു. വിലക്കിയതൊന്നും കിട്ടാനില്ല.
പാടില്ലെന്ന്‌ വന്നപ്പോഴാണ്‌ ആര്‍ത്തി കൂടുന്നത്‌. ഒന്നും നടക്കുന്നില്ലെന്ന്‌ മാത്രം. പപ്പടത്തിന്‌ ഇത്ര വലിയ ശബ്ദമുണ്ടെന്ന്‌ മനസ്സിലായത്‌ ഭാര്യ മറ്റെന്തോ നോക്കിയ തക്കത്തിന്‌ ഒരെണ്ണം ചുട്ട്‌ എടുത്തപ്പോഴാണ്‌. അച്ചാര്‍, പഴം പൊരിച്ചത്‌, ലഡു, മീന്‍, മുട്ട, ഇറച്ചി, ചോറ്‌- ഇതൊന്നും ഒരല്‍പം പോലും കിട്ടാതാക്കുന്നതില്‍ വീട്ടുകാര്‍ ശരിക്കും വിജയിച്ചു. അങ്ങനെ, ബ്രഡും പച്ചക്കറികളും മാത്രമായി ബാപ്പു ഹാജിയുടെ ആഹാരം ചുരുങ്ങി.
വിരുന്നുകള്‍ നിഷിദ്ധമാക്കി ബീവി ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിച്ചു. പുറത്തുനിന്ന്‌ എന്തെങ്കിലും കഴിക്കുന്നതും വിലക്കി.
ഒരു നിവൃത്തിയുമില്ലാതായപ്പോള്‍ അദ്ദേഹം ചോദിച്ചു: ``വനിതാ മാസികകളിലെ പാചകക്കുറിപ്പുകള്‍ വായിച്ചോട്ടെ? മനസ്സൊന്ന്‌ തണുക്കാനാണ്‌.''
ദൈന്യത കണ്ട്‌ ഭാര്യ സമ്മതിച്ചു: ``ശരി, പക്ഷേ അധികമാകരുത്‌. അല്ലെങ്കില്‍ വേണ്ട, നിങ്ങളതൊന്നും വായിക്കേണ്ട. ഞാന്‍ വായിച്ചു തരാം.''
ബാപ്പു ഹാജിക്ക്‌ അതായാലും മതി. അദ്ദേഹം വേഗം കൈ കഴുകിയിരുന്നു. ബീവി മാസിക തുറന്നു.
``ഇതാ, ബ്രെഡ്‌ കട്‌ലറ്റ്‌. തുടങ്ങട്ടെ''
``ബ്രെഡോ?'' ഹാജി ഞെട്ടി. ``വേറൊന്നുമില്ലേ''
ബ്രെഡ്‌ ടോസ്റ്റ്‌ എടുക്കട്ടേയെന്ന്‌ ഭാര്യ
``ബ്രെഡിന്റെ ഒന്നും വേണ്ട. വേറെ?''
``മുരിങ്ങയില റോസ്റ്റ്‌?''
``ഛെ! ചിക്കനോ മട്ടനോ ഒന്നുമില്ലേ?''
ഭാര്യ ഹാജിയെ രൂക്ഷമായി ഒന്നു നോക്കി. ``ചിക്കനൊന്നും ഇപ്പോ പറ്റില്ല. വേണമെങ്കില്‍ മീന്‍ പത്തിരിയാക്കാം. അല്ലെങ്കില്‍ ചെമ്മീന്‍ കട്‌ലറ്റ്‌?''
``മതി.'' ചെമ്മീന്‍ ഏതായാലും മുരിങ്ങയല്ലല്ലോ, ബ്രെഡുമല്ല. ``വായിക്ക്‌.''
``ആവശ്യമുള്ള സാധനങ്ങള്‍: ചെമ്മീന്‍, ഉരുളക്കിഴങ്ങ്‌, മുട്ട, പച്ചമുളക്‌, ഇഞ്ചി, മുളകുപൊടി, മഞ്ഞള്‍പ്പൊടി മല്ലിയില, എണ്ണ, ഉപ്പ്‌... ''
മനം നിറച്ച്‌ ഉള്‍ക്കൊള്ളാന്‍ വേണ്ടി ഹാജി കണ്ണ്‌ പാതിയടച്ച്‌ അങ്ങനെ ഇരുന്നു.
``... ചെമ്മീന്‍ വൃത്തിയാക്കി ഉപ്പ്‌ ചേര്‍ത്ത്‌ കഴുകിയെടുക്കുക. മുളകും മഞ്ഞളും ഉപ്പും ചേര്‍ത്ത്‌ അല്‍പം വെള്ളത്തില്‍ വേവിച്ചെടുക്കുക...'' ആസ്വാദനത്തിന്റെ നെടുനിശ്വാസമിട്ട്‌ സഹൃദയന്‍ ഹാജി കേട്ടു കേട്ടിരുന്നു.
``... എല്ലാമിട്ട്‌ മൂപ്പിച്ച്‌ ചെമ്മീനും മല്ലിയിലയും ചേര്‍ത്ത്‌ ഇളക്കിയുലര്‍ത്തിയെടുത്തതിലുരുളക്കിഴങ്ങ്‌...''
``പതുക്കെ! പതുക്കെ! ഉരുളക്കിഴങ്ങ്‌?''
``ഉരുളക്കിഴങ്ങ്‌- വേവിച്ചതും- മുട്ടയും- യോജിപ്പിച്ച്‌- ഉരുളകളാക്കി... ''
ആഹ്‌! ഉരുളകളാക്കി അങ്ങനെയങ്ങനെ... ``പിന്നെ? പിന്നെ?''
``എണ്ണയിലിട്ട്‌ ചുവപ്പിച്ച്‌ കോരുക.''
ഹായ്‌! നന്നായി പൊരിഞ്ഞിരിക്കും, അല്ലേ? ഉപ്പും മുളകും എല്ലാം ചേര്‍ന്ന്‌-
ഹാജി വെള്ളമിറക്കി. ബീവി എഴുന്നേറ്റു. ``മതി, അത്രമതി. മസാലയും എണ്ണയും ഏറെയുള്ളതാ. ചെമ്മീനാണെങ്കില്‍ നിറയെ കൊളസ്‌ട്രോളും.''
അന്നദ്ദേഹം നന്നായി ഉറങ്ങി. പിറ്റേന്ന്‌ കൂറെകൂടി നേരത്തെ തന്നെ കൈകഴുകി ഒരുങ്ങി. ``ഇന്ന്‌ ചിക്കന്‍ വേണം'' ബീവി മാസികയുമായി എത്തിയപ്പോള്‍ ഹാജി ശഠിച്ചു. ``ഒന്നെങ്കിലും''
ഭാര്യ ഒന്ന്‌ മൂളി. ``ശരി. ഒറ്റത്തവണ മാത്രം. ഇനി ചോദിക്കരുത്‌.''
മാസിക തുറന്നു നോക്കി അവര്‍ ചോദിച്ചു: ചിക്കന്‍ സര്‍ക്ക വേണോ, ചിക്കന്‍ ചട്ടിപ്പത്തിരി മതിയോ?''
``സര്‍ക്ക തന്നെയാവട്ടെ.''
``ശരി. ചിക്കന്‍ സര്‍ക്ക. ആവശ്യമുള്ള സാധനങ്ങള്‍. ചിക്കന്‍...''
``ഹാ!''
``എട്ടു കഷ്‌ണം.''
``എട്ടോ? ഒരു പത്തെങ്കിലും ഇല്ലാതെങ്ങനെ?''
``... മുളകു പൊടി, മഞ്ഞള്‍ പൊടി, ബിരിയാണി മസാല...''
ഹാജി കണ്ണടച്ച്‌ നിശ്വാസമുതിര്‍ത്തു. ബിരിയാണി മസാല! ``ഇനി ചിക്കന്‍ എന്ത്‌ ചെയ്യണം? ഫ്രൈ?''
ബീവി തറപ്പിച്ചൊന്ന്‌ നോക്കി. ``പൊടികളും മസാലയും ചിക്കനില്‍ പുരട്ടി അടുപ്പില്‍ വേവിച്ച്‌ വെള്ളം വറ്റിച്ചെടുക്കുക.''
``ശരി വറ്റിച്ചു. പിന്നെ?''
``കറിവേപ്പില ചേര്‍ത്ത്‌ നന്നായിളക്കുക.''
``ഇളക്കി''
``വെളിച്ചെണ്ണ ഒഴിച്ച്‌ ഇളക്കി അടുപ്പില്‍ നിന്ന്‌ വാങ്ങുക.''
``ഹായ്‌! എന്ത്‌ രസമുള്ള മണം!''
``ഇതാണ്‌ ഞാന്‍ പറഞ്ഞത്‌, തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റില്ലെന്ന്‌. ചിക്കന്‍ ഇത്രമതി. നാളെ മുരിങ്ങാ റോസ്റ്റ്‌ വായിക്കാം.''
ഒരു കുടുംബിനി തയ്യാറാക്കിയ പാചകക്കുറിപ്പാണ്‌ ഇനി. അവര്‍ ഉണ്ടാക്കിയത്‌ നല്ല ബിസകറ്റായിരുന്നു. അതെങ്ങനെ ഉണ്ടാക്കാം എന്നറിയേണ്ടവര്‍ക്കായി അവര്‍ കുറിച്ചു വെച്ച പാചക വിധി പകര്‍ത്തുന്നു.
ആവശ്യമുള്ള വസ്‌തുക്കള്‍: മൈദ മാവ്‌ (രണ്ട്‌ കപ്പ്‌), ഉപ്പ്‌ (അര ടീസ്‌പൂണ്‍), അണ്ടിപ്പരിപ്പ്‌ (കൈവശമുള്ള കാശനുസരിച്ച്‌), പഞ്ചസാര (ഭരണിയില്‍ ബാക്കിയുള്ളത്ര), ഡാള്‍ഡ (രണ്ട്‌ ടീസ്‌പൂണ്‍).
ആവശ്യമില്ലാത്ത വസ്‌തുക്കള്‍: കൊച്ചുമക്കള്‍ (രണ്ടെണ്ണം). ബാബുമോനും ബേബിമോളും അടുത്തെങ്ങും ഉണ്ടാകരുത്‌.
ഉണ്ടാക്കുന്ന രീതി: ആവശ്യമുള്ള പാത്രങ്ങളും ചേരുവകളും അടുപ്പിന്‍ തിണ്ണയില്‍ വെക്കുക. ആവശ്യമില്ലാത്ത വസ്‌തുക്കള്‍ അടുത്തില്ലെന്ന്‌ ഒന്നു കൂടി ഉറപ്പു വരുത്തുക. ചീനച്ചട്ടി തുടച്ച്‌ വൃത്തിയാക്കുക. അണ്ടിപ്പരിപ്പ്‌ അരച്ച്‌ പൊടിയാക്കുക. ഇടതുഭാഗം വഴി ഒളിച്ച്‌ വന്ന്‌ പഞ്ചസാര ഭരണിയിലേക്ക്‌ കയ്യെത്തിക്കുന്ന ബാബുമോനെ തള്ളി മാറ്റുക.
രണ്ടു കപ്പ്‌ മൈദ മാവ്‌ അളന്നെടുക്കുക. ബേബിമോളുടെ വിരലുകള്‍ മാവില്‍ നിന്ന്‌ ശ്രദ്ധാപൂര്‍വ്വം പുറത്തെടുക്കുക. കൈ കഴുക്കിക്കൊടുത്ത്‌ അവളെ പറഞ്ഞ്‌ വിട്ട ശേഷം ഒരിക്കല്‍ കൂടി മാവ്‌ കൃത്യമായി അളന്നെടുക്കുക.
മുറവും ചൂലുമെടുത്ത്‌, ബാബുമോന്‍ നിലത്തിട്ടുടച്ച കപ്പിന്റെ കഷ്‌ണങ്ങള്‍ തൂത്തുവാരിക്കളയുക. വേറൊരു കപ്പെടുത്ത്‌ കഴുകിവെക്കുക.
ഡാള്‍ഡ ടിന്‍ എടുക്കുക. അടുത്ത മുറിയില്‍ നിന്ന്‌ കേട്ട ശബ്ദം പൂച്ചയുടേത്‌ തന്നെയോ എന്ന്‌ കാതോര്‍ക്കുക. പൂച്ചയാണെങ്കില്‍ കുഴപ്പമില്ല. മറിച്ച്‌ ബേബി മോള്‍ കരഞ്ഞതാണെങ്കില്‍ ഓടിച്ചെന്ന്‌ വേണ്ടത്‌ ചെയ്യുക.
മടങ്ങി എത്തിയ ഉടനെ മാവിന്റെ അളവ്‌ ശരിയാണോ എന്ന്‌ ഒരിക്കല്‍ കൂടി പരിശോധിക്കുക. അരച്ച അണ്ടിപ്പരിപ്പ്‌ എവിടെ എന്ന്‌ തെരയുക. ബാബുമോന്റെ വായ പൊളിച്ചു നോക്കുക. വായില്‍ ഒരു നുള്ള്‌ മാത്രമേ അത്‌ ബാക്കിയുള്ളൂവെങ്കില്‍ വിട്ടേക്കുക. ബിസ്‌ക്കറ്റുണ്ടാക്കാന്‍ അണ്ടിപ്പരിപ്പ്‌ അത്യാവശ്യമൊന്നുമല്ല.
ഒരിക്കല്‍ കൂടി ബേബി മോളുടെ കൈ മാവില്‍ നിന്ന്‌ മാറ്റുക. കൈ വീണ്ടും കഴുകണമെന്നില്ല. ഇനിയും വേണ്ടി വന്നാല്‍ ഒരുമിച്ചു കഴുകാമല്ലോ. മാവ്‌ ഇനിയും അളന്നു നോക്കേണ്ടതുമില്ല. എത്രയും വേഗം ജോലി തീര്‍ക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുക.
മുറ്റത്ത്‌ തെണ്ടിപ്പട്ടി കരഞ്ഞെതെന്തുകൊണ്ടെന്ന്‌ ഓടിച്ചെന്ന്‌ നോക്കുക. ബാബുമോനെ ഓടിച്ച്‌ പിടിച്ച്‌ അകത്താക്കുക. അവന്റെ കൈയിലെ കല്ലുകള്‍ വാങ്ങിക്കളയുക.
അടുക്കളയില്‍ പെട്ടെന്ന്‌ തന്നെ തിരിച്ചെത്തുക. ആശ്വാസ നെടുവീര്‍പ്പ്‌ ഒരു തവണ ആവാം. പിന്നെ വേണ്ടി വരില്ല. കുറച്ചു മാവ്‌ കൂടി അളവിലേക്ക്‌ കൂട്ടുക. ചീനചട്ടിയില്‍ നിന്ന്‌ ഉപ്പുകട്ടകള്‍ എടുത്ത്‌ മാറ്റുക. ഉപ്പ്‌ പാത്രം എന്ത്‌ ചെയ്‌തു എന്നറിയാന്‍ ബേബി മോളെ അന്വേഷിക്കുക.
ഉപ്പു പാത്രവുമായി തിരിച്ചെത്തുക. ഇത്തിരി ഡാല്‍ഡയും കുറച്ച്‌ പഞ്ചസാരയും ഒരു നുള്ള്‌ ഉപ്പും മാവില്‍ ചേര്‍ത്ത്‌ കുഴക്കാന്‍ ഒരുങ്ങുക.
അകത്തേക്ക്‌ ഓടിച്ചെന്ന്‌, അടിപിടി കൂടുന്ന മക്കളെ പിരിക്കുക. അടുക്കളയിലേക്ക്‌ മടങ്ങുക. പൂച്ച ബാക്കി വെച്ച അല്‍പം മാവ്‌ വലിച്ചെറിയുക.
പാത്രങ്ങള്‍ കഴുകി വൃത്തിയാക്കി എടുത്തു വെക്കുക. വരുന്ന വഴി ബേക്കറിയില്‍ കയറി ബിസ്‌കറ്റ്‌ വാങ്ങണമെന്ന്‌ ഭര്‍ത്താവിനോട്‌ ഫോണില്‍ ശട്ടം കെട്ടുക. അദ്ദേഹം വന്നെത്തുന്ന മുറക്ക്‌ പാത്രമെടുത്ത്‌ ഭംഗിയോടെ വിളമ്പുക. സ്വാദേറിയ ബിസ്‌കറ്റ്‌ റെഡി! ചായയോടൊപ്പം കഴിക്കാം.
വിധിയുണ്ടെങ്കില്‍.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top