കവലയില്‍ കാണാറുള്ള ബോധമറ്റ വൃദ്ധയായ ഭ്രാന്തിയുടെ തന്നോട് തന്നെയുള്ള പയ്യാരം പറച്ചിലാണ്. മരണവീട്ടിലെ കൂട്ടനിലവിളികള്‍ പോലെയും പെട്ടെന്ന് പെയ്ത് തോരുന്നകണ്ണുനീര്‍ പോലെയുമുണ്ട് മഴ....
മഴയ്ക്ക് എത്ര ഭാവമാണ്...
ചിലപ്പോഴൊക്കെ അതാരുടെയോ അടക്കിപ്പിടിച്ച വര്‍ത്തമാനമാണ്. അച്ഛന്റെ സൗമ്യമായ സംസാരമാണ്. അമ്മയുടെ ശകാരം പറച്ചിലാണ്. കാമുകിയുടെ പൊട്ടിച്ചിരിയാണ്.
കവലയില്‍ കാണാറുള്ള ബോധമറ്റ വൃദ്ധയായ ഭ്രാന്തിയുടെ തന്നോട് തന്നെയുള്ള പയ്യാരം പറച്ചിലാണ്. മരണവീട്ടിലെ കൂട്ടനിലവിളികള്‍ പോലെയും പെട്ടെന്ന് പെയ്ത് തോരുന്നകണ്ണുനീര്‍ പോലെയുമുണ്ട് മഴ....
ശാഠ്യം പിടിച്ച് കരയുന്ന കുട്ടിയെ പോലെയുമുണ്ട് മഴ.....
അപ്രതീക്ഷിതമായി പെയ്യുന്ന മഴയോടാകും ആളുകള്‍ പരിഭവിക്കുക....
സാഹിത്യം എഴുതിതുടങ്ങുന്നവര്‍ക്കും എഴുതി തെളിഞ്ഞവര്‍ക്കും മഴ പ്രിയപ്പെട്ടതാണ്.
എം.ടി. തന്നെ എത്രയോ കുറി മഴയെക്കുറിച്ച് എഴുതിയിരിക്കുന്നു.
മഴക്കാലം എഴുത്തിന്റെ സജീവകാലമാണ്. എഴുത്തിന്റെ മേഖലയില്‍ കഴിയുന്ന മിക്കവര്‍ക്കും....
വേനലില്‍ എറണാകുളം താജ്‌ഹോട്ടലില്‍ വെച്ച് മഴയോര്‍മ്മകളും മഴരാഗങ്ങളുമൊക്കെ കൊണ്ട് സമ്പന്നമായ ഒരു സന്ധ്യയില്‍ പങ്കെടുത്തത് ഓര്‍ക്കുന്നു
കവി അന്‍വര്‍ അലി, നടനും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായ രഞ്ജി പണിക്കര്‍, കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്, നര്‍ത്തകിയും കവിയും നടിയുമായ ഊര്‍മ്മിളാ ഉണ്ണി, എഴുത്തുകാരനായ സ.വി.ബാലകൃഷ്ണന്‍. സംഗീതജ്ഞനായ രമേശ് നാരായണന്‍. ഗസല്‍ ഗായകനായ ഉമ്പായി....
ഇങ്ങനെ പ്രതിഭാ പ്രതാപികളായവരുടെ കൂട്ടായ്മയായിരുന്നു അത്...
സി.വി. ബാലകൃഷ്ണനാണ് ആ ചടങ്ങിലാദ്യം സംസാരിച്ച് തുടങ്ങിയത്.
ജീവിതത്തിലേക്കാദ്യമായൊരു സ്ത്രീയെകൂടെ കൂട്ടുമ്പോഴും അവരുമായി ഒരുമിച്ച് ജീവിതം തുടങ്ങുമ്പോഴും മഴയായിരുന്നുവെന്നും കര്‍ണ്ണാടകയില്‍ മൂന്ന് ദിവസത്തോളം നിര്‍ത്താതെ പെയ്‌തൊരു മഴയെ കണ്ട് നിന്നതിനെക്കുറിച്ചും സി.വി. പറഞ്ഞു.
സി.വി.യുടെ പ്രമുഖരചനയായ ആയുസ്സിന്റെ പുസ്തകത്തിലുടനീളം മഴയുടെ സാന്നിധ്യമുണ്ട്. ചില ചെറുകഥകളിലും സി.വി. മഴയെ ഇങ്ങനെ അനുഭവിപ്പിക്കുന്നുണ്ട്.
മഴക്കാലമാണ്
മറക്കാതിരിക്കാം................
എന്ന് തുടങ്ങുന്ന കവിതയാണ് അന്‍വര്‍ അലി ചൊല്ലിയത്.
കടുത്തൊരു മഴക്കാലത്തിന്റെ വ്യസനവും ആഹ്ലാദവുമൊക്കെ പങ്ക് വെച്ച ആ കവിതയുടെ പേരും മഴക്കാലമെന്ന് തന്നെയായിരുന്നു.
ബാലചന്ദ്രന്‍ ചുള്ളിക്കാട് സ്‌നാനം എന്ന കവിതയാണ് ചൊല്ലിയത്.
ഈ കവിതയിലും മഴ അതിന്റെ നനവാര്‍ന്ന മുഖം കാട്ടുന്നുണ്ടായിരുന്നു.
തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജി പണിക്കരിലൊരു കവികൂടെ ഉണ്ടെന്ന വിസ്മയകരമായ തിരിച്ചറിവ് കൂടെ സമ്മാനിച്ച സന്ധ്യയായിരുന്നു അത്...
മഴയില്‍ നനയുന്ന വെയിലില്‍ വിയര്‍ക്കുന്ന അച്ഛന്റെ പൊള്ളുന്ന വാക്കുകള്‍ക്ക് മുന്നെ മൗനിയാകുന്ന, എപ്പോഴും പ്രവര്‍ത്തനനിരതയാകുന്ന ഒരമ്മയെക്കുറിച്ചാണ് രഞ്ജി പണിക്കര്‍ ആ വേദിയില്‍ പാടിയത്.
ആലാപനത്തിലും പ്രമേയസ്വീകാര്യതയിലും ആ കവിത മുന്നോട്ട് വെച്ച പുതുമ തിരക്കഥാകൃത്ത്, നടന്‍, സംവിധായകന്‍ എന്നതിനെക്കാളൊക്കെ ആദരവുകള്‍ ആര്‍ജ്ജിക്കുന്നതായിരുന്നു.
ഇരുത്തം വന്ന കവികള്‍ പലരും വേദിയിലുണ്ടായിട്ടും രഞ്ജിയുടെ കവിതയും കവിതയുടെ പാരായണവും ഇപ്പോഴും എന്റെ കേള്‍വികളില്‍ മരിക്കാതുണ്ട്.
രമേശ് നാരായണന്‍ മേഘമല്‍ഹാര്‍ എന്ന രാഗം വായിച്ചപ്പോള്‍ അതുവരെ വേനലിന്റെ കാഠിന്യത്തോടൊപ്പമായിരുന്ന സദസ്സിന് മുന്നിലേക്ക് മഴ.... അതിന്റെ ആര്‍ഭാടത്തോടെ....
താന്‍സണ്‍ പാടി മഴ പെയ്യിച്ചതായി വായിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ രമേശ് നാരായണനും പാടിമഴ പെയ്യിക്കുന്നു എന്നീ ലേഖകന് തോന്നി. ദൈവാനുഗ്രഹം ലഭിച്ച സംഗീതജ്ഞനാണ് രമേശ് നാരായണനെന്നും.
അന്നദ്ദേഹത്തിന് മുന്നില്‍ ഉയര്‍ന്ന കരഘോഷത്തിന് തുല്ല്യമാകില്ല അദ്ദേഹത്തിന് വേറെന്ത് അംഗീകാരം ലഭിച്ചാലും...
അത്രയേറെ ആത്മാര്‍ത്ഥവും ആദരവും നിറഞ്ഞതായിരുന്നു ആ കരഘോഷം..
പഠിക്കുന്ന കാലത്ത് കാമുകി കുട തരാതിരുന്നതിനാല്‍ മഴച്ചാലിലേക്ക് ഇറങ്ങി നടന്നിട്ടുണ്ട് ഞാന്‍....
പിന്നെ മഴയുടെ നനവാര്‍ന്ന വിരലുകള്‍ കൊണ്ടുള്ള ലാളനയില്‍ ദിവസങ്ങളോളം പനിച്ചും കിടന്നിട്ടുണ്ട്.
ബാല്യത്തില്‍ അമ്മ പറഞ്ഞ് തന്ന കഥകളിലുമുണ്ട് മഴയുടെ നനവ്.
ചില സിനിമകളും മഴയുടെ സാന്നിധ്യത്തെ അനുഭവപ്പെടുത്തുന്നുണ്ട്. നീലക്കുയിലിലെ മഴ ഒറിജിനലായിരുന്നു.
ഭരതന്റെ അമരം ഷാജി.എന്‍. കരുണിന്റെ പിറവി കമലിന്റെ മഴയെത്തും മുന്‍പെ. രാമു കാര്യാട്ടിന്റെ ചെമ്മീന്‍ സിനിമയുടെ അന്ത്യരംഗത്ത് കറുത്തമ്മയും പളനിയും കടല്‍ക്കരയില്‍ മരിച്ച് കിടക്കുന്ന രംഗത്തും മഴയുണ്ട്.
കെ.ജി. ജോര്‍ജിന്റെ യവനികയും പത്മരാജന്റെ തൂവാനതുമ്പികളും മഴതുമ്പികളും മഴസ്പര്‍ശമുള്ള ചലചിത്രങ്ങളാണ്.
കുഞ്ഞുനാള്‍ തൊട്ടെ മഴയെ പ്രണയിച്ചിരുന്നു എന്റെ മകന്‍.
അവനിപ്പോള്‍ മുതിര്‍ന്നിട്ടും കുടയെടുക്കാതെയാണ് മഴയിലേക്ക് ഇറങ്ങുക.
പ്രശസ്ത ചിത്രകാരന്‍ ടി. കലാധരന്റെ മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന കടമ്മനിട്ട കവിതയെ ആസ്പദമാക്കി വരച്ച പെയ്ന്റിംഗിലുമുണ്ട് മഴയുടെ നര്‍ത്തനം...
മഴയോടുള്ള പ്രണയം കൊണ്ട് മഴ നനയുന്ന കാട് കാണാന്‍ കാട്ടില്‍പോയി ജിവന്റെ കൂടൊഴിഞ്ഞ ഫോട്ടോഗ്രാഫര്‍ വിക്ടറിനേയും ഓരോ മഴക്കാലവും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
മഴയെക്കുറിച്ച് മഴ പെയ്ത് തണുത്തരാവില്‍ കുറിക്കുമ്പോള്‍ എത്രയോ രാവും പകലുമായി നിറുത്താതെ പെയ്ത മഴവിശ്രമത്തിലാണ്.
ഇനിയും പെയ്യണോ എന്ന് ആലോചിക്കുവാന്‍ കൂടെയാകണം മഴയുടെ ഈ വിശ്രമം....
മനുഷ്യന് മാത്രമായിരിക്കില്ല ദൈവം ക്ഷീണവും വിശ്രമവുമൊക്കെ നല്‍കിയിട്ടുണ്ടാവുക. മഴയ്ക്കും അതൊക്കെ അവകാശപ്പെട്ടതാകാം.