ഗുരുവന്ദനം

നിര്‍മ്മല ജെയിംസ്‌ No image

ആദ്യാക്ഷരം ചെവിയിലോതിത്തന്ന അമ്മ, നിലത്തെഴുത്താശാന്‍ മാധവന്‍പിള്ള സാര്‍, മൂന്നാം ക്ലാസിലെ പൂജയെടുപ്പിന്‌ സ്‌കൂളില്‍ ചേര്‍ന്ന ശേഷം പി.ജി തലം വരെ വിദ്യ ചൊരിഞ്ഞു തന്ന നിരവധി അധ്യാപകര്‍.
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ പതിനാലാം വയസ്സില്‍ വിവാഹം ചെയ്‌ത അമ്മയ്‌ക്കും നാലാം ക്ലാസിലെ പാഠപുസ്‌തകങ്ങള്‍ക്ക്‌ രണ്ടാനമ്മ തീയിട്ടതോടെ പഠിപ്പുനിര്‍ത്തിയ പിതാവിനും ഞങ്ങള്‍ എട്ടു മക്കളെയും പരമാവധി പഠിപ്പിക്കണമെന്നത്‌ വലിയ ആഗ്രഹമായിരുന്നു. ബാല്യത്തില്‍ എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളത്‌ രണ്ട്‌ അധ്യാപകരാണ്‌. ഏഴാം ക്ലാസില്‍ ക്ലാസ്‌ ടീച്ചറായിരുന്ന തൊബിയാബ്‌ സാറും എട്ട്‌ മുതല്‍ പത്ത്‌ വരെ ക്ലാസ്‌ ടീച്ചറായിരുന്ന കൊയ്യു ദാമോദരന്‍ സാറും. വട്ടമുഖമുള്ള തൊബിയാബ്‌ സാറിനെപ്പറ്റി നേരിയ ഓര്‍മയേ ഉള്ളൂ. അദ്ദേഹത്തിന്‍ ഇളം നീല ഷര്‍ട്ടും ഡബിള്‍ മുണ്ടും ഇപ്പോഴും മനസ്സിലുണ്ട്‌. ക്ലാസില്‍ വളരെ കണിശക്കാരനായിരുന്നു അദ്ദേഹം. ആഴ്‌ചയവസാനത്തെ സാഹിത്യ സമാജം നല്ല രീതിയില്‍ നടത്തുമായിരുന്നു. പഠനത്തില്‍ ഞാന്‍ മുന്നിലായിരുന്നുവെങ്കിലും പഠനേതര വിഷയങ്ങളില്‍ താല്‍പര്യം കാണിച്ചിരുന്നില്ല. നാലാം ക്ലാസ്‌ വാര്‍ഷികത്തിന്‌ ആണ്‍കുട്ടിയായി ഞാന്‍ നാടകത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അത്‌ `ശിശുമണി' ആണെന്ന്‌ എല്ലാവരും തെറ്റിദ്ധരിച്ചു. നാടകത്തിന്‌ ശേഷം അനൗണ്‍സ്‌ ചെയ്‌തതും `ശിശുമണി' എന്നായിരുന്നു. ശിശുമണിക്ക്‌ അസുഖമായതിനാലാണത്രെ എന്നെ ആണ്‍വേഷം കെട്ടിച്ചത്‌. എനിക്ക്‌ അത്‌ വലിയ സങ്കടമുണ്ടാക്കി. ഞാന്‍ പിന്നെ ഒരു പരിപാടിക്കും പങ്കെടുത്തില്ല. സാഹിത്യ സമാജത്തിലേക്ക്‌ ഉപന്യാസം എഴുതി വായിക്കാന്‍ തൊബിയാബ്‌ സാര്‍ എന്നോട്‌ ആവശ്യപ്പെട്ടു. രണ്ട്‌ ആഴ്‌ചകളിലും ഞാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൂന്നാമത്തെ ആഴ്‌ചയില്‍ സാര്‍ എന്നെ ക്ലാസില്‍ നിന്നും പുറത്താക്കി. എഴുതിയിട്ടു കയറിയാല്‍ മതിയെന്ന്‌ താക്കീത്‌ ചെയ്‌തു. ഞാന്‍ കുറെ കരഞ്ഞു. പിന്നീട്‌ നാണക്കേടില്‍ നിന്ന്‌ രക്ഷപ്പെടാന്‍ അച്ചടക്കത്തെപ്പറ്റി എന്തൊക്കെയോ കുത്തിക്കുറിച്ചു.
തൊബിയാസ്‌ സാര്‍ വായിച്ചു നോക്കി ഗൗരവം വിടാതെ അകത്തേക്ക്‌ കയറുവാന്‍ പറഞ്ഞു. അന്ന്‌ സാഹിത്യ സമാജത്തില്‍ അത്‌ അവതരിപ്പിക്കുമ്പോള്‍ എല്ലാവരും കയ്യടിച്ചു. സാര്‍ അഭിനന്ദിച്ചു. അതോടെ എന്റെ സങ്കടമെല്ലാം മാറി. അതിനു ശേഷം ഞാന്‍ വളരെ സജീവമായി എല്ലാ സമാജങ്ങളിലും പങ്കെടുത്തു. ഉപന്യാസവും പ്രസംഗവും മാത്രമല്ല കൂട്ടുകാരികളില്‍ നിന്ന്‌ ചുവടുകള്‍ പഠിച്ച്‌ നൃത്തവും ചെയ്യാന്‍ തുടങ്ങി. മാസാവസാനം സ്‌കൂള്‍ മുഴുവന്‍ ഒത്ത്‌ ചേര്‍ന്ന്‌ നടത്തുന്ന സാഹിത്യ സമാജത്തിലും ഞാന്‍ നൃത്തം ചെയ്‌തു. നൃത്തം പഠിച്ച രഹസ്യം അധ്യാപകരും മാതാപിതാക്കളും അറിഞ്ഞതോടെ അത്‌ അവസാനിപ്പിച്ചു. പിന്നീട്‌ ഒരിക്കല്‍ മാത്രമേ നൃത്തം ചെയ്‌തിട്ടുള്ളൂ. ബി.എഡിന്‌ കോളേജ്‌ ഡേയില്‍ അവതരിപ്പിച്ച പൂജാ ഡാന്‍സ്‌.
തൊബിയാമ്പ്‌ സാര്‍ കൈപിടിച്ചു കൊണ്ടുവന്ന മേഖലയിലേക്ക്‌ എന്നെ വീണ്ടും കൂട്ടിക്കൊണ്ടു പോയത്‌ ദാമോദരന്‍ സാറായിരുന്നു. എട്ടു മുതല്‍ പത്തു വരെ ഞങ്ങളുടെ ക്ലാസ്‌ ടീച്ചറായിരുന്നു. ദാമോദര്‍ എന്ന്‌ പേരുള്ള രണ്ട്‌ അധ്യാപകര്‍ ഉണ്ടായിരുന്നു. അതിനാല്‍ ഉയരം കുറഞ്ഞ സാറിന്‌ കൊച്ചു ദാമോദരന്‍ എന്നു പേരു വന്നു. തൂവെള്ള ഖദര്‍ വസ്‌ത്രമണിഞ്ഞുവരുന്ന സുന്ദരനായ കൊച്ചു ദാമോദരന്‍ സാറിനെ കുട്ടികള്‍ക്കെല്ലാം ഇഷ്ടമായിരുന്നു. ഗൗരവക്കാരനായ അദ്ദേഹം വളരെ ചിട്ടയായാണ്‌ ക്ലാസ്‌ എടുത്തിരുന്നത്‌. ക്ലാസിനെ പല ഗ്രൂപ്പുകളാക്കി പഠിക്കുന്ന കുട്ടികളെക്കൊണ്ട്‌ പഠിക്കാത്ത കുട്ടികളെ പഠിപ്പിക്കുന്ന വ്യത്യസ്‌ത രീതി അദ്ദേഹത്തിനുണ്ടായിരുന്നു. ``നീ എന്നെ ഇംഗ്ലീഷ്‌ പഠിപ്പച്ചതുകൊണ്ടാണ്‌ ഞാന്‍ എസ്‌.എസ്‌.എല്‍.സി പാസ്സായത്‌ എന്ന്‌ ഒരു കൂട്ടുകാരി പറയുമായിരുന്നു.''
കോമ്പോസിഷന്‍ ബുക്കിലെ രചനകള്‍ സ്വന്തമായിരിക്കണമെന്ന്‌ വലിയ നിര്‍ബന്ധമായിരുന്നു സാറിന്‌. കൈയക്ഷരത്തിന്‌ പ്രത്യേകം മാര്‍ക്കും തന്നിരുന്നു.
ക്ലാസിലെ ഉപപാഠ പുസ്‌തകത്തിലെ നാടകം സാറുകൂടി ചേര്‍ന്ന്‌ വായനയിലൂടെ അഭിനയിക്കും. ഒരുപക്ഷേ ആ ശബ്ദഭംഗിയിലുള്ള ആകര്‍ഷണമാവാം പില്‍ക്കാലത്ത്‌ എന്നെ റേഡിയോ നാടകങ്ങള്‍ എഴുതാന്‍ പ്രേരിപ്പിച്ചതും. ഒരിക്കല്‍ അഭിനയിക്കുമ്പോള്‍ സാറിന്‌ എന്റെ കഥാപാത്രത്തിന്റെ ഭര്‍ത്താവിന്റെ റോള്‍ ആയിരുന്നു. അവിവാഹിതനായ അദ്ദേഹം ``പെമ്പ്രന്നോരെ...'' എന്നു വിളിച്ചപ്പോള്‍ ക്ലാസില്‍ കൂട്ടച്ചിരി ഉയര്‍ന്നു. മിക്‌സഡ്‌ സ്‌കൂള്‍ ആണെങ്കിലും ഗേള്‍സ്‌ മാത്രമുള്ള ക്ലാസിലായിരുന്നു ഞാന്‍. ക്ലാസില്‍ ഇരുപത്തിയൊന്ന്‌ വയസ്സ്‌ വരെയുള്ളവര്‍ ഉണ്ടായിരുന്നു, തോറ്റ കുട്ടികള്‍ വേറെയും. എന്തോപ്പോലെ പതിനാലു വയസ്സുള്ള രണ്ടോ മൂന്നോ കുട്ടികളേ ഉള്ളൂ.
ക്ലാസിലെ കൂട്ടച്ചിരി അദ്ദേഹത്തെ ക്ഷുഭിതനാക്കി. ചിരിച്ചവര്‍ക്കെല്ലാം ചൂരല്‍ കഷായം കിട്ടി. വളരെ കുറച്ചേ അദ്ദേഹം ചൂരല്‍ ഉപയോഗിച്ചിരുന്നുള്ളൂ.
ക്ലാസ്സ്‌ നിശ്ശബ്ദമായപ്പോള്‍ അദ്ദേഹം പറഞ്ഞു.
``അഭിനയിക്കുമ്പോള്‍ നാം തികച്ചും കഥാപാത്രങ്ങളാവണം. നമ്മുടെ വ്യക്തിത്വവുമായി അതിനെ കൂട്ടിച്ചേര്‍ക്കരുത്‌.''
ഒരു സ്റ്റേജ്‌ നാടകത്തില്‍ അഭിനയിക്കണമെന്ന മോഹം വീണ്ടും എനിക്കുണ്ടായി. എന്നാല്‍ മാതാപിതാക്കള്‍ എതിര്‍ത്തു. പില്‍ക്കാലത്ത്‌ ഹോസ്റ്റല്‍ ഡേകളില്‍ ആഗ്രഹം സാധിക്കാനായി.സി.എല്‍ ജോസിന്റെ നാടകങ്ങളിലെ ആണ്‍വേഷങ്ങള്‍ കെട്ടി കൂട്ടുകാരികളുടെ അഭിനന്ദനങ്ങള്‍ നേടി. കോളേജിലെ നാടക മത്സരത്തില്‍ ഞാന്‍ നാടകം രചിച്ച്‌ കൂട്ടുകാരികളോടൊപ്പം അഭിനയിച്ച്‌ ബെസ്റ്റ്‌ ആക്‌ട്രസ്‌ അവാര്‍ഡും നേടി. ഫ്രൊഫഷണല്‍ നാടക രംഗത്തേക്ക്‌ ക്ഷണം കിട്ടിയെങ്കിലും മാതാപിതാക്കള്‍ അനുവദിച്ചില്ല.
പുസ്‌തകം വായിച്ച്‌ വായനക്കുറിപ്പുണ്ടാക്കുക, മറ്റു ക്ലാസ്സുകളില്‍ കൊണ്ടുപോയി പ്രസംഗിപ്പിച്ച്‌ മിഠായിയും നാരങ്ങയും തന്നുവിടുക എന്നിവയെല്ലാം സാറിന്റെ പ്രോത്സാഹന രീതികളായിരുന്നു. എന്നിലെ കഥാകാരിയെ കണ്ടെത്തിയതും ചിത്രകാരിയെ കണ്ടെത്തിയതും കൊച്ചു ദാമോദരന്‍ സാറാണ്‌.
1971ല്‍ സ്‌കൂള്‍ കയ്യെഴുത്ത്‌ മാസികയില്‍ പ്രസിദ്ധീകരിച്ച ``നീ??'' ആയിരുന്നു എന്റെ ആദ്യ കഥ. പില്‍ക്കാലത്ത്‌ നൂറുകണക്കിന്‌ രചനകള്‍ക്ക്‌ തുടക്കം കുറിച്ച രചന. പങ്കെടുത്ത രണ്ടു വര്‍ഷവും പെന്‍സില്‍ ഡ്രോയിംഗില്‍ സ്‌കൂളില്‍ ഒന്നാം സ്ഥാനം നേടി. രണ്ടു നഗരങ്ങളില്‍ ചിത്ര പ്രദര്‍ശനം നടത്താന്‍ എനിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.
എഴുപതുകളുടെ തുടക്കത്തില്‍ ദാമോദരന്‍ സാര്‍ നടപ്പാക്കിയിരുന്ന രീതിയാണ്‌ പുതിയ പാഠ്യപദ്ധതിയിലൂടെ ഞാനും ആവര്‍ത്തിച്ചത്‌.
സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന ദാമോദരന്‍ സാറിന്‌ മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചു. എനിക്ക്‌ മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിക്കാന്‍ കാരണമായത്‌ ദാമോദരന്‍ സാര്‍ മാതൃകയായി എന്റെ മനസ്സിലുണ്ടായിരുന്നതുകൊണ്ടും പത്താം ക്ലാസ്സ്‌്‌ വിട്ട്‌ വരുമ്പോള്‍ ആ കാല്‍പാദങ്ങളില്‍ തൊട്ട്‌ വണങ്ങിയപ്പോള്‍ അദ്ദേഹം ചൊരിഞ്ഞ അനുഗ്രഹം കൊണ്ടും ആയിരിക്കും.
തൊബിയാബ്‌ സാറും കൊച്ചു ദാമോദരന്‍ സാറും മരിച്ചിട്ട്‌ വര്‍ഷങ്ങള്‍ പലതായി. എന്റെ ഗുരുക്കന്മാരുടെ ഓര്‍മകള്‍ക്കു മുന്നില്‍ ഈ ശിഷ്യയുടെ ബാഷ്‌പാഞ്ചലികള്‍... പ്രാര്‍ത്ഥനകള്‍..
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top