മലയാല മമ്മി

കുഞ്ഞുണ്ണി മാഷ് - സമ്പാ. മജീദ് കുട്ടമ്പൂര്‍ No image

നമ്മില്‍ ഭൂരിപക്ഷവും ഇന്ന് കുട്ടികളെ മണ്ണു തൊടീക്കാതെ, വെയിലും മഴയും കൊള്ളിക്കാതെ വിശപ്പനുഭവിക്കാതെ കഞ്ഞികുടിപ്പിക്കാതെ, ചോറും കൂട്ടാനും കഴിപ്പിക്കാതെ, ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചെടുത്ത ബ്രഡും ജാമും കഴിപ്പിച്ച് സോക്‌സും ബൂട്‌സും ഷോര്‍ട്‌സും ടൈയും പറ്റുമെങ്കില്‍ ഹാറ്റും ധരിപ്പിച്ച്, രണ്ടര വയസ്സുമുതല്‍ ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂളില്‍ ചേര്‍ത്ത് 8 മണി മുതല്‍ 4 മണിവരെ സ്‌കൂളിലും അത് കഴിഞ്ഞ് നിലം തൊടീക്കാതെ വീട്ടില്‍ കൊണ്ടുവന്നിറക്കി ട്യൂഷന്‍ മാസ്റ്ററുടെ മുമ്പിലും ഇരുത്തിപഠിപ്പിക്കുന്നു. രാത്രി അച്ഛന്‍ വന്നാല്‍ അച്ഛന്റെ വകയും. അത് കഴിഞ്ഞേ കിടക്കാന്‍ സമ്മതിക്കൂ. വെളുപ്പാന്‍ കാലത്ത് മൂന്ന് മണിക്ക് കുലുക്കി വിളിച്ചെണീപ്പിച്ച് ഇരുത്തി പഠിപ്പിക്കുന്നു. പ്രൈമറി കുട്ടികളെ വീട്ടില്‍ മലയാളം ബാലമാസികകള്‍ വായിക്കാനോ ഹൈസ്‌കൂള്‍ കുട്ടികളെ മലയാള പത്രങ്ങളും വാരികകളും നോക്കുവാനോ സമ്മതിക്കില്ല. ഓടിനടന്നും കുത്തിമറിഞ്ഞും അയല്‍പക്കത്തെ സമപ്രായക്കാരുമൊത്ത് കളിക്കാനും സമ്മതിക്കില്ല. ഇങ്ങനെ പത്താം ക്ലാസ്സുവരെ വളര്‍ത്തുന്നു. അതുകഴിഞ്ഞ് നാട്ടിലുള്ള സാധാരണ കോളേജില്‍ ചേര്‍ക്കുന്നു. തനി ഇംഗ്ലീഷ് മീഡിയം കോളേജ് നാട്ടിലില്ലാത്തതിനാല്‍. സാധാരണ വീട്ടില്‍ വളര്‍ന്ന് സാധാരണ സ്‌കൂളുകളില്‍ പഠിച്ച് പത്താം ക്ലാസ്സ് പാസ്സായ തനിനാടന്‍മാരായ കുട്ടികളും കോളേജിലുണ്ടാകും. പ്രീഡിഗ്രി ഫസ്റ്റിയറില്‍ ഒരു പക്ഷേ, ഏറിയാല്‍ ഇംഗ്ലീഷിന് മാത്രമായിരിക്കും. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചു വളര്‍ന്ന കുട്ടികള്‍ സാമാന്യം നല്ലമാര്‍ക്കു വാങ്ങുക. മലയാളം മീഡിയത്തില്‍ പഠിച്ച് ജയിച്ചുവന്ന കുട്ടികള്‍ പ്രീഡിഗ്രിയില്‍ വന്നാല്‍ ഒരു കൊല്ലം കൊണ്ട് ഇംഗ്ലീഷ് നന്നായി പഠിക്കും. സെക്കന്റ് ഇയറില്‍ അവരായിരിക്കും ഇംഗ്ലീഷ് മീഡിയത്തില്‍ നിന്നു വന്നവരേക്കാള്‍ അധികം മാര്‍ക്കുവാങ്ങുന്നത്. മിക്ക ഇംഗ്ലീഷ് മീഡിയം കുട്ടികളും രണ്ടാം വര്‍ഷ പ്രീഡിഗ്രിക്ക് മിനിമം മാര്‍ക്കുവാങ്ങി ജയിക്കുകയോ അതുപോലും വാങ്ങാന്‍ കഴിയാതെ തോല്‍ക്കുകയോ ആണ് ചെയ്യുക. ആ സ്ഥാനത്ത് സാധാരണ മലയാളം മീഡിയം സ്‌കൂളില്‍ നിന്ന് ജയിച്ച് ഫസ്റ്റ് ക്ലാസും അതിലപ്പുറവും നേടി വരുന്നവരായിരിക്കും ഉയര്‍ന്ന മാര്‍ക്കുവാങ്ങി സെക്കന്റ് ക്ലാസ്സോ ഫസ്റ്റ് ക്ലാസ്സോ ഡിസ്റ്റിംഗ്ഷനോ റാങ്കോ നേടി വരുന്നവര്‍. എത്ര ശതമാനമുണ്ട് എന്ന കണക്ക് നമ്മുടെ വിദ്യഭ്യാസ വകുപ്പ് പുറത്തുപറയുകയുണ്ടായിട്ടില്ല. അധ്യാപകരും പറയുകയുണ്ടായിട്ടില്ല ഇതുവരെ.

കുറച്ച് കാലമായി കേരളത്തില്‍ മിക്ക അമ്മമാരും തങ്ങളുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിപ്പിക്കുന്നത് ഒരു അന്തസ്സായിട്ടാണ് കണക്കാക്കി വരുന്നത്. അവര്‍ക്ക് അബദ്ധം പറ്റിയെന്ന് ആ കുട്ടികളില്‍ മിക്കവരും കോളേജില്‍ എത്തുന്നില്ല എന്നു കാണുമ്പോള്‍ മാത്രമാണ് മനസ്സിലാക്കുന്നത്. കുട്ടികള്‍ ഇന്നതു പഠിക്കണം എന്നു നിശ്ചയിക്കേണ്ടത് അവരുടെ വാസനയും കഴിവും നോക്കിയാണ്. അമ്മമാരുടെ പഠിപ്പോ പണത്തിന്റെ കൊഴുപ്പോ അന്തസ്സോ ആഗ്രഹമോ നോക്കിയല്ല.

പത്താം ക്ലാസ്സുവരെ എല്ലാ കുട്ടികളെയും അതാതു പഞ്ചായത്തിലുള്ള ഒരേ മട്ടിലുള്ള സ്‌കൂളില്‍ തന്നെ പഠിപ്പിക്കണം . ഇന്ന് കേരളത്തില്‍ ഒരു ഹൈസ്‌കൂളെങ്കിലുമില്ലാത്ത ഒരു പഞ്ചായത്തുമില്ല. വേണ്ടത്ര കുട്ടികളില്ല എന്ന കാരണത്താല്‍ ഏതെങ്കിലുമൊരു പഞ്ചായത്തില്‍ ഹൈസ്‌കൂളില്ലെങ്കില്‍ അവിടെയും സര്‍ക്കാര്‍ ഹൈസ്‌കൂള്‍ തുടങ്ങണം. നേഴ്‌സറി സ്‌കൂള്‍ ഓരോ വാര്‍ഡിലുമുണ്ടായിരിക്കണം. ആ വാര്‍ഡിലുള്ള ശിശുക്കളെ ആ സ്‌കൂളില്‍ തന്നെ കൊണ്ടാക്കണം. പ്രൈമറി ക്ലാസിലെ കുട്ടികള്‍ക്ക് ഏറിയാല്‍ ഒരു കിലോമീറ്റലധികം നടക്കേണ്ടി വരരുത്. അപ്പര്‍ പ്രൈമറി ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് രണ്ട് കിലോമീറ്ററിലധികം നടക്കേണ്ടിവരരുത്. ഹൈസ്‌കൂളിലെ കുട്ടികള്‍ മൂന്നോ നാലോ കിലോ മീറ്ററിലധികം നടക്കേണ്ടി വരരുത്. ഇതിനനുസരിച്ച് വേണ്ട സ്ഥലങ്ങളില്‍ സാമ്പത്തിക ലാഭ നഷ്ടങ്ങള്‍ നോക്കാതെ വിദ്യാലയങ്ങള്‍ ഏര്‍പ്പെടുത്തണം. സ്‌കൂള്‍ കുട്ടികള്‍ വാഹനത്തില്‍ കയറി സ്‌കൂളില്‍ പോകുകയും സ്‌കൂളില്‍ നിന്ന് വരികയും ചെയ്യരുത്. കൂട്ടുകാരോടൊപ്പം നടന്നുപോയി പഠിച്ചാല്‍ മാത്രമേ കുട്ടികള്‍ക്ക് സാമൂഹികമായ അറിവും നാടിനെക്കുറിച്ചുള്ള അറിവും കിട്ടുകയുള്ളൂ. അതുകിട്ടാനുള്ള സൗകര്യമുണ്ടാക്കിക്കൊടുക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്.

പ്രധാനമന്ത്രിയുടെ കുട്ടിയും പ്രധാനമന്ത്രിയുടെ ശിപായിയുടെ കുട്ടിയും ഒരേസ്‌കൂളില്‍ പഠിക്കുന്ന കാലത്തേ ഇന്ത്യന്‍ ജനത ഇന്ത്യക്കാരായി വളരുകയുള്ളൂ. നന്നായി വളരുകയുള്ളൂ. കുട്ടികളെ അങ്ങനെ വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. കോളേജില്‍ പോയി പഠിക്കേണ്ടിവരുമ്പോള്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ഏറിയാല്‍ വാഹനത്തില്‍ കേറി പോകേണ്ടി വരാവൂ. അപ്പോഴും രക്ഷിതാക്കള്‍ക്ക് നല്ല കോളേജുനോക്കി കുട്ടികളെ അകലങ്ങളിലേക്ക് കൊണ്ടുപോവാന്‍ പാടില്ല. നഴ്‌സറി തൊട്ട്  കോളേജുവരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏറ്റവും നല്ലതായിരിക്കണം എന്ന കാര്യത്തില്‍ സര്‍ക്കാരും നാട്ടിലുള്ള എല്ലാവരും ശ്രദ്ധിക്കണം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top