ഡോക്ടറൽ ബിരുദവുമായ് കണക്കിന്റെ വഴിയേ

ഫൗസിയ ശംസ് No image

പഠനകാലത്ത് ഏവര്‍ക്കും പേടി കണക്കിനെയാണ്. കണക്കിലെ കളികളെ മനസ്സറിഞ്ഞു പഠിക്കാന്‍ സ്‌കൂള്‍ പഠനത്തിന്റെ കൂടെ ട്യൂഷനും കൂടിവേണം പലര്‍ക്കും. കണക്കിന് ഒരു താങ്ങ് ഉണ്ടായാലേ എസ്.എസ്.എല്‍.സി എന്ന കടമ്പ കയറിക്കിട്ടൂ. പക്ഷേ ഷാഹിദക്ക് വഴങ്ങിയത് കണക്കുകളായിരുന്നു. മൂന്നരവയസ്സില്‍ വണ്ടൂര്‍ ഇസ്‌ലാഹിയ കോളേജ് നഴ്‌സറിയില്‍ നിന്നാരംഭിച്ച  വിദ്യാഭ്യാസമാണ് ഡോക്ടറല്‍ ബിരുദത്തോടെ ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.

1981 നവംബറില്‍ പാണ്ടിക്കാട് എ.ടി. അഹമ്മദ് കുട്ടിയുടെയും ടി.പി. സാബിറയുടെയും മകളായി ഒരുപാട് അംഗങ്ങളുള്ള തറവാട്ടില്‍ ജനിച്ച ഷാഹിദയെ ഡോക്ടറല്‍ ബിരുദധാരിയാക്കണമെന്നൊന്നും അന്നാരും മോഹിച്ചിരുന്നില്ല. ഇത് അറിവും വിദ്യാഭ്യാസവും വേണ്ട എന്നതുകൊണ്ടൊന്നുമല്ല, പെണ്‍കുട്ടികളെ ദൂരെ ഒറ്റക്ക് വിട്ടു പഠിപ്പിക്കാനുള്ള പ്രയാസം തന്നെയായിരുന്നു മുഖ്യ കാരണം. പക്ഷേ എല്ലാ പ്രയാസവും അതിജീവിച്ചു അധികമാര്‍ക്കും വഴങ്ങാത്ത ഡോക്ടര്‍ ബിരുദവുമായാണ് ഷാഹിദ നമുക്ക് മുന്നില്‍ വരുന്നത്.

പത്താംക്ലാസ് കഴിഞ്ഞാല്‍ പിന്നെ മുസ്‌ലിം പെണ്‍കുട്ടികള്‍ സ്‌കൂളില്‍ വല്ലാതെ പോകാത്ത കാലത്താണ് ഷാഹിദ എസ്.എസ്.എല്‍.സി. പാസ്സായത.് ദിവസവും യാത്ര ചെയ്യേണ്ട പ്രയാസം വിചാരിച്ച് പ്രീഡിഗ്രിക്ക് എം.ഇ.എസ് മമ്പാട് കോളേജില്‍ അഡ്മിഷന്‍ ലഭിച്ച ഷാഹിദയെ വീട്ടുകാര്‍ ഹോസ്റ്റലില്‍ ആക്കി. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ എഞ്ചിനീയറാകണമെന്നായിരുന്നു മോഹം. എന്നാല്‍ കോളേജ് കാമ്പസിന്റെയും ഹോസ്റ്റല്‍ ലൈഫിന്റെയും മാസ്മരികതയില്‍പ്പെട്ട് കോച്ചിംഗിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തതുകാരണം കോച്ചിംഗിന് പോയെങ്കിലും എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് എഴുതിയില്ല. പിന്നീടുള്ള ഇഷ്ടം കണക്കിനോടായിരുന്നു. വീണ്ടും എം.ഇ.എസ് മമ്പാട് കോളേജില്‍ മാത്‌സ് ഡിഗ്രി പഠനത്തിന് ചേര്‍ന്നു. പഠിത്തം മാത്രമല്ല, സ്‌പോര്‍ട്‌സും വഴങ്ങുമെന്ന് തെളിയിച്ചുകൊണ്ട് സ്‌പോര്‍ട്‌സിലും ഒന്ന് കൈവെച്ചു. ആ കാലഘട്ടത്തില്‍ പാലക്കാട് എന്‍.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് നടന്ന ഇന്റര്‍സോണ്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ റണ്ണര്‍ അപ്പായി. അന്നത്തെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ പ്രൊഫസര്‍ ഇസ്മഈല്‍ സാറിന്റെയും ഇംഗ്ലീഷ് ഡിപ്പാര്‍ട്‌മെന്റിലെ മന്‍സൂര്‍ സാറിന്റെയും കോച്ചിംഗും പ്രോത്സാഹനവുമായിരുന്നു അതിനു പിന്നിലെന്ന് ഷാഹിദ ഓര്‍ക്കുന്നു.

 അത്യാവശ്യം പഠിക്കണമെന്നല്ലാതെ വലിയൊരു സ്വപ്‌നമൊന്നും ഷാഹിദയില്‍ വീട്ടുകാര്‍ക്കില്ലാത്തതുകൊണ്ട് നല്ലൊരു വിവാഹാലോചന വന്നപ്പോള്‍  കെട്ടിച്ചു വിടാന്‍ തീരുമാനിച്ചു. ഡിഗ്രി ഫൈനല്‍ ഇയര്‍ പരീക്ഷക്കുള്ള സ്റ്റഡീലീവിനാണ് ഷാഹിദയെ പെണ്ണുകാണാന്‍ വന്നത്. ഒരാഴ്ചക്കുള്ളില്‍ നിക്കാഹ് കഴിഞ്ഞു. എങ്കിലും ഡിസ്റ്റിംഗ്ഷനോടുകൂടി ഡിഗ്രി പാസായി. അങ്ങനെ 2002- ല്‍ മുഹമ്മദ് സാജിദിന്റെ ഭാര്യയായും അഹമ്മദ് കുട്ടി ഫാത്തിമ ദമ്പതികളുടെ മരുമകളായും കൂരാട് തണ്ടുപാറക്കല്‍ കുടുംബത്തിലേക്ക് ഷാഹിദ എത്തി. എഞ്ചിനീയറായില്ലെങ്കിലും ഡിഗ്രി കഴിഞ്ഞ് എം.ബി.എ എടുക്കണമെന്നാഗ്രിച്ച ഷാഹിദ കല്ല്യാണം കഴിഞ്ഞതോടെ ഇനി വല്ലാതെ പഠിക്കാന്‍ കഴിയുമെന്ന് കരുതിയില്ല. പക്ഷേ കണക്കുകള്‍ക്കപ്പുറത്തുള്ള അക്കാദമിക് വളര്‍ച്ചയായിരുന്നു പിന്നീട്. സ്വന്തമായി സ്‌കൂള്‍ നടത്തുന്ന ഭര്‍തൃവീട്ടുകാര്‍ക്ക് ബി.എഡ് എടുപ്പിച്ച് ടീച്ചറാക്കാനായിരുന്നു താല്‍പര്യം. അതുകൊണ്ട് തന്നെ കല്ല്യാണം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടപ്പോള്‍തന്നെ ബി.എഡ് കോഴ്‌സിന് ചേര്‍ന്നു. 2003-ല്‍ ഫസ്റ്റ് ക്ലാസ്സോടുകൂടി ബി.എഡ് പാസായി. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു മോന് ജന്മം നല്‍കി. തുടര്‍ന്ന് 2005-ല്‍ എം.ഇ.എസ്. മമ്പാട് കോളേജില്‍ എം.എസ്.സി. മാത്‌സ്‌ന് ചേര്‍ന്നു. എന്നാല്‍ സെക്കന്റ് സെമസ്റ്റര്‍ തുടക്കമായപ്പോഴേക്കും സ്‌കൂളില്‍ ഒഴിവ് ഉണ്ടാവുകയും പി.ജി. ഡിസ്‌ക്കണ്ടിന്യൂ ചെയ്ത് ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതയാവുകയും ചെയ്തു. അങ്ങനെ 2006-ല്‍ ജൂണില്‍ എ.എച്ച്.എസ്.എസ് പാറല്‍ മമ്പാട്ടുമൂല സ്‌കൂളില്‍ യു.പി. സ്‌കൂള്‍ അധ്യാപികയായി ജോയിന്റ് ചെയ്തു. എന്നാല്‍ ടീച്ചറായി ജോലി ചെയ്യുമ്പോഴും കൂടുതല്‍ പഠിക്കണമെന്ന അടങ്ങാത്ത മോഹമായിരുന്നു മനസ്സില്‍. സ്‌കൂള്‍ അധ്യാപനം രസകരമാണെങ്കിലും വിദ്യാഭ്യാസപരമായി സ്വയം പുരോഗതിയൊന്നും ഉണ്ടാകുന്നില്ലെന്ന തോന്നല്‍ കൂടി വന്നു. ജോലിക്കൊപ്പം പഠനവുമാകാം എന്ന ചിന്തയായപ്പോള്‍ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ എം.എസ്.സി (മാത്‌സ്) വിദൂര വിദ്യാഭ്യാസ കോഴ്‌സിന് ചേരാന്‍ അധ്യാപകര്‍ ഉപദേശിച്ചതിനെ തുടര്‍ന്ന് അതിന് ജോയിന്റ് ചെയ്തു. കുറച്ച്കാലം പഠനം തുടര്‍ന്നെങ്കിലും ഒരു സെമസ്റ്ററിന് താന്‍ റെഗുലര്‍ കോളേജില്‍ പഠിച്ച കാര്യങ്ങള്‍ പോലും വിദൂര വിദ്യാഭ്യാസത്തിന്റെ ഒരു വര്‍ഷത്തെ എം.എസ്.സി (മാത്‌സ്) സിലബസിലില്ലെന്ന സത്യം തിരിച്ചറിഞ്ഞതുകൊണ്ട് വെറുതെ ഒരു സര്‍ട്ടിഫിക്കറ്റിനുള്ള  പി.ജി പഠനം എന്ന തോന്നല്‍ കോഴ്‌സ് നിര്‍ത്താന്‍ പ്രേരണയായി. ആയിടക്കാണ് എം.ഇ.എസ്. മമ്പാട് കോളേജില്‍ എം.എസ്.സി. സെക്കന്റ് സെമിസ്റ്ററിന് ഒരു ഒഴിവ് ഉണ്ടെന്നറിഞ്ഞത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോളേജില്‍ സെക്കന്റ് സെമസ്റ്റര്‍ ജോയിന്റ് ചെയ്തു. ഇതേസമയം ഹൈസ്‌കൂളിലേക്ക് പ്രമോഷന്‍ ആയിരുന്നു. മോന്‍ ചെറിയ പ്രായമായത് കൊണ്ടും കൂരാട് ഗ്രാമത്തില്‍നിന്ന് കോളേജിലേക്കുള്ള ബസ് യാത്രക്ക് ഒരുപാട് ദൂരം ആയതും പി.ജി പഠനത്തിന് പ്രധാന വെല്ലുവിളികളായിരുന്നു. എങ്കിലും 2009-ല്‍ ഡിസ്റ്റിംഗ്ഷനോടു കൂടി എം.എസ്.എസി പഠനം പൂര്‍ത്തിയാക്കി. പി.ജി കാലത്ത് തന്റെ കണക്കിന്റെ സംശയങ്ങള്‍ക്ക് വളരെ വ്യക്തതയോടു കൂടി ഉത്തരങ്ങള്‍ നല്‍കുകയും, പഠനത്തിനു പ്രോത്സാഹനം നല്‍കുകയും ചെയ്ത മാത്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ മത്തായി സാറിനെ ഷാഹിദ ഇവിടെ നന്ദിപൂര്‍വം സ്മരിക്കുന്നു.  

പിന്നീട് കോളേജ് അധ്യാപന യോഗ്യതയായ നെറ്റിനു വേണ്ടിയുള്ള തയ്യാറെടുപ്പായിരുന്നു. ഇതിനിടക്ക് രണ്ടാമത്തെ മോന്‍ കൂടി പിറന്നു. സ്‌കൂള്‍ അധ്യാപനും മക്കളുടെ പരിചരണവും നെറ്റ് പരീക്ഷക്കുള്ള തയ്യാറെടുപ്പിന് വെല്ലുവിളിയാണെന്ന് അറിയാമെങ്കിലും കൂടുതല്‍ നന്നായി തയ്യാറെടുക്കാന്‍ വേണ്ടി തൃശ്ശൂരിലെ ഒരു സ്ഥാപനത്തില്‍ കോച്ചിംഗിന് ചേര്‍ന്നു. കോച്ചിംഗ് സെന്റര്‍ ഭര്‍തൃവീട്ടില്‍ നിന്നും ദൂരെയായതിനാല്‍ പുലര്‍ച്ചെ 5 മണിക്ക് പുറപ്പട്ടാല്‍ തിരിച്ചെത്താന്‍ രാത്രി 9 മണിയാവും. പക്ഷേ ആ കോച്ചിംഗ് ആയിരുന്നു ഷാഹിദയുടെ ജീവിതത്തിലെ വഴിത്തിരിവായത്. കോച്ചിംഗ് സെന്ററില്‍ നല്ലരീതിയില്‍ മുന്നേറുന്നത് നിരീക്ഷിച്ച അവിടുത്തെ അധ്യാപകരാണ് എന്‍.ബി.എച്ച്.എം പി.എച്ച്. ഡി ഫെല്ലോഷിപ്പിനെ കുറിച്ച് ഷാഹിദയെ പരിചയപ്പെടുത്തിയത്. ഡിപ്പാര്‍ട്‌മെന്റ് ഓഫ് എനര്‍ജി മുംബൈയുടെ കീഴില്‍ ഉള്ള നാഷണല്‍ ബോര്‍ഡ് ഫോര്‍ ഹയര്‍ മാത്തമാറ്റിക്‌സാണ് എന്‍.ബി.എച്ച്.എം ഫെല്ലോഷിപ്പ് നല്‍കിയിരുന്നത്. പി.എച്ച്.ഡി എന്ന ആശയം ചിന്തയില്‍ വന്ന് തുടങ്ങിയത് അപ്പോഴായിരുന്നു. പക്ഷേ ഇനിയും പഠിക്കുക എത്രത്തോളം സാധ്യമാണന്ന ആശങ്ക ആ ചിന്തയെ മനസ്സിനുള്ളില്‍ ഒതുക്കിവെച്ചു. എങ്കിലും എന്‍.ബി.എച്ച്.എം പരീക്ഷ എഴുതാന്‍ തീരുമാനിച്ചു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന എന്‍.ബി.എച്ച്.എം എഴുത്തുപരീക്ഷ എഴുതി. ഇന്ത്യയിലെ അഞ്ച് സോണുകളിലായി നടക്കുന്ന പരീക്ഷയില്‍ ഷാഹിദ അടക്കം 6 പേരാണ് 2012-ല്‍ കേരളത്തില്‍ നിന്നും യോഗ്യത നേടിയത്. വലിയ അത്ഭുതമായിരുന്നു ഷാഹിദക്കും അധ്യാപകര്‍ക്കും അത് സമ്മാനിച്ചത.് എഴുത്ത് പരീക്ഷയില്‍ യോഗ്യത നേടിയത് കൊണ്ട് ചെന്നെയില്‍ നടക്കുന്ന അവസാനഘട്ട അഭിമുഖം കൂടി അറ്റന്റ് ചെയ്യാന്‍ പ്രേരിതയായി. പക്ഷേ ഇത്രകാലം കൂടെ സപ്പോര്‍്ട്ടായി നിന്ന ഭര്‍ത്താവിന് കൂടെ പോവാന്‍ പറ്റാത്ത അപ്രതീക്ഷിത തിരക്കുകള്‍ വന്നു. പോവുന്നില്ല എന്നു തീരുമാനിച്ചു നില്‍ക്കുമ്പോഴാണ് സര്‍വ്വശക്തന്റെ അനുഗ്രഹത്താല്‍ ബാംഗ്ലൂരില്‍ ജോലിചെയ്യുന്ന സഹോദരന്‍ ഷമീറിന് തന്റെ കമ്പനിയുടെ ചെന്നെയിലുള്ള ബ്രാഞ്ച് വിസിറ്റ് ചെയ്യാന്‍ അവസരം കിട്ടിയത്. സഹോദരന്റെ കൂടെ പോയി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. വ്യത്യസ്തവും അപരിചതവുമായ സ്ഥലത്തെ ഒരുപാട് പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിലുള്ള ഇന്റര്‍വ്യൂ പക്ഷേ ഷാഹിദക്ക് എളുപ്പമായി തന്നെയാണ് അനുഭവപ്പെട്ടത്. എന്നാലും വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. വെറുതെ ഒന്നു ജയിച്ചുകയറുന്ന തരത്തിലുള്ള ഒന്നല്ല അതെന്ന് ആദ്യമേ അറിയാമായിരുന്നു. എല്ലാ ആശങ്കകളെയും അപ്രസക്തമാക്കി കൊണ്ടാണ് ഫലപ്രഖ്യാപനം വന്നത്. ഇന്ത്യയില്‍ നിന്നും 2012-ല്‍ ആകെ 40 ഓളം പേര്‍ സെലക്ട് ചെയ്യപ്പെട്ടപ്പോള്‍ കേരളത്തില്‍ നിന്നും ഷാഹിദ അടക്കം 3 പേരാണ് എന്‍.ബി.എച്ച്.എം സെന്റട്രല്‍ ഗവണ്‍മെന്റ് ഫെല്ലോഷിപ്പിന് അര്‍ഹരായത്. വീണ്ടും സ്‌കൂളില്‍നിന്ന് ലീവ് എടുക്കേണ്ടതടക്കം പലതരത്തിലുള്ള പ്രതിസന്ധികളെ അവഗണിച്ചുകൊണ്ട് ഗവേഷണത്തിലേക്ക് തിരിയാന്‍ തീരുമാനിച്ചു. തുടര്‍ന്ന് 2012-ജൂലൈ 23 ന് എന്‍.ഐ.ടി കാലിക്കറ്റ് മാത്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ അസോസിയേറ്റ് പ്രൊഫസര്‍, ഡോ. എം. എസ് സുനിതയുടെ കീഴില്‍ ഗ്രാഫ്  തിയറിയില്‍ ഗവേഷണം ആരംഭിച്ചു. 2016 ആഗസ്റ്റില്‍ ഡോക്ടറല്‍ ഡിഗ്രി അവാര്‍ഡ് ചെയ്യപ്പെട്ടു.

തന്റെ ഗവേഷണകാലഘട്ടത്തില്‍ ഷാഹിദ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂം വിദേശത്തുമായി പതിനെട്ടോളം നാഷണല്‍ / ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുകയും പത്തോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ഷാഹിദക്ക്  എട്ടോളം International Journal Publications ഉണ്ട്. അതില്‍ Elsevier, Springer publish ചെയ്യുന്ന ജേര്‍ണല്‍സ്  ഉണ്ട്.

ഒരു യു.പി. സ്‌കൂള്‍ അധ്യാപികയായി ഒതുങ്ങിപോവുമായിരുന്ന അക്കാദമിക് ജീവിതത്തെ സ്വപ്രയ്തത്താല്‍ അപൂര്‍വമായി മാത്രം എത്തിപ്പിടിക്കാന്‍ കഴിയുന്ന, അധികമാര്‍ക്കും അറിഞ്ഞുകൂാടത്ത മേഖലയിലെ ഡോക്ടറല്‍ ബിരുദമായി ഷാഹിദ പുറത്തിറങ്ങുമ്പോള്‍ വിവാഹത്തിനു ശേഷമുള്ള 13 വര്‍ഷത്തെ വിദ്യഭ്യാസത്തിനു വേണ്ടിയുള്ള സമര്‍പണത്തിന്റെ സായൂജ്യമാണ്. വിദേശരാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ പി.എച്ച്.ഡി ക്ക് ഒരുപാട് സാധ്യതകളുള്ളതുകൊണ്ടും ഭര്‍ത്താവിന് യു.എ.യില്‍ ബിസിനസ്സിലെ പശ്ചാത്തലം ഉള്ളതുകൊണ്ടും യു.എ.ഇയില്‍ പോകാനാണ് ഈ 34 കാരി ആഗ്രഹിക്കുന്നത്. നാട്ടിലാണെങ്കില്‍ പഠിച്ച എം.ഇ.എസ്. മമ്പാട് കോളേജില്‍ ജോലിനോക്കാനാണ് താല്‍പര്യം. 

ബിസിനസ്സിന്റെ എല്ലാ തിരക്കുകള്‍ക്കിടയിലും പ്രോത്സാഹനമായാലും സഹകരണമായും കൂടെ നില്‍ക്കുകയും ഷാഹിദയുടെ തിരക്കുകള്‍ക്കിടയില്‍ ഒരുപാട് സഹിക്കാന്‍ തയ്യാറാകുകയും ചെയ്ത ഭര്‍ത്താവും മക്കളായ റുസൈം, മോസം എന്നിവരും അവരോടൊപ്പം യാത്രയില്‍ കൂടെയുണ്ട്. എല്ലാത്തിനുമുപരിയായി തന്റെ മാതാപിതാക്കളുടെ നിഷ്‌കളങ്കമായ പ്രാര്‍ഥനയുടെയും സപ്പോര്‍ട്ടിന്റെയും ഫലമാണ് തന്റെ ജീവിതമെന്ന് ഡോ. ഷാഹിദ തിരിച്ചറിയുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top