.

.

ഒതുങ്ങാത്ത സ്‌ത്രീ
എന്നാണിനി നമ്മുടെ സമുദായം പുരോഗമിക്കുക. ഈ മൂരാച്ചികള്‍ പെണ്ണിനെ കുഴിച്ചുമൂടുന്ന ഒരു കാലഘട്ടത്തില്‍ നിന്ന്‌ പെണ്ണിനെയും അവളുടെ സ്വപ്‌നങ്ങളെയും കുഴിമാടങ്ങള്‍ക്ക്‌ പകരം വീടകങ്ങളില്‍ തന്നെ കുഴിച്ചുമൂടുന്ന വളരെ പരിതാപകരമായ പരിതസ്ഥിതിയിലേക്കാണ്‌ നമ്മെ തിരിച്ചുകൊണ്ട്‌ പോകുന്നത്‌. ആണ്‍കുട്ടികളെ പോലെ ജോലിയും വരുമാനവും സാമ്പത്തികവും സാമൂഹികവുമായ സ്വയം പര്യാപ്‌തത തികച്ചും ആധുനികവുമായ ഈ കാലഘട്ടത്തില്‍ പെണ്‍കുട്ടിക്കും അത്യാവശ്യമാണെന്ന്‌ പുരുഷന്‍ കൂടി ഉള്‍പ്പെടുന്ന സമൂഹം തിരിച്ചറിഞ്ഞേ മതിയാകൂ.
വിദ്യാഭ്യാസവും അതനുസരിച്ചുള്ള തൊഴിലും സാമ്പത്തിക സുരക്ഷിതത്വവും സ്വാതന്ത്യവും സ്‌ത്രീ ശാക്തീകരണത്തിന്റെ ആണിക്കല്ലാണെന്നുള്ള വിവരം സ്‌ത്രീയുടെ പുറം ജോലിയെ വിമര്‍ശിച്ച മുഫീദയും, സി.എച്ച്‌ ഫരീദയും എന്തുകൊണ്ടാണ്‌ മനസ്സിലാക്കാത്തത്‌. ആ ലക്കത്തില്‍ തന്നെ തികച്ചും ഇസ്‌ലാമിക സംസ്‌കാരം ഉള്‍ക്കൊണ്ട്‌ കുടുംബജീവിതവും പഠനവും ജോലിയും വളരെ ഭംഗിയായി നിര്‍വ്വഹിക്കുന്ന ആബിദ ഫാറൂഖി പറഞ്ഞപോലെ ജോലിയില്ലാതെ വീട്ടിലിരിക്കുന്ന സ്‌ത്രീകളാണ്‌ ജോലിക്കുപോകുന്ന പെണ്ണിന്റെ വിഷമങ്ങളും അവളെക്കുറിച്ച്‌ പരാതിയും പറയുന്നത്‌. സി.എച്ച്‌ ഫരീദയും മുഫീദയും ജോലിക്ക്‌ പോകാത്തതുകൊണ്ടാണോ ഇങ്ങനെ പറയുന്നത്‌?
നമ്മുടെ കോളേജുകളിലും തൊഴിലിടങ്ങളിലും സ്ഥിരമായി അരങ്ങേറുന്ന അശ്ലീല പാരായണങ്ങളും തോണ്ടലും പിച്ചലും ഉടുതുണി പൊക്കിക്കാട്ടലും തുടങ്ങി ബലാല്‍സംഘത്തോളം എത്തിനില്‍ക്കുന്ന കേരളത്തിലെ വിദ്യാസമ്പന്നരായ പുരുഷന്മാരുടെ ലൈംഗികാതിക്രമങ്ങള്‍ തല്‍ക്കാലമൊന്നും അടങ്ങാന്‍ സാധ്യതയില്ല. അതുകൊണ്ട്‌ തന്നെ സ്‌ത്രീകള്‍ അടുത്തകാലത്തൊന്നും പുറത്തേക്ക്‌ തൊഴിലിന്‌ മാത്രമല്ല ഒരു ആവശ്യത്തിനും ഇറങ്ങാതിരിക്കുന്നതാണ്‌ നല്ലതെന്നും ഈ പെണ്‍കുട്ടികള്‍ ഓരോന്ന്‌ ചിന്തിച്ചുകൂട്ടി ആഴ്‌ചതോറും നിരവധി മാഗസിനുകളിലൂടെ നമ്മുടെ പെണ്‍കുട്ടികളെ നിരന്തരമായി ഉപദേശിക്കുന്നുണ്ട്‌. ഒരു കാലത്ത്‌ പെണ്ണിന്‌ പള്ളി വിലക്കിയവരും പറഞ്ഞത്‌ ഇതൊക്കെ തന്നെയാണ്‌. ഈ വാദം ഉന്നയിക്കുന്നവര്‍ പെണ്ണ്‌ പുറത്തിറങ്ങി പഠിക്കേണ്ട എന്നും പറയണം. കാരണം പഠിക്കാന്‍ പോകുമ്പോഴും പൊതുസ്ഥലത്ത്‌ ഇത്തരം പല പ്രശ്‌നങ്ങളും നേരിടേണ്ടി വരുമല്ലോ?
അതുകൊണ്ട്‌ ആ പഴയ ചിന്തകളും നിയമങ്ങളും മാറാപ്പുകളും താങ്ങിപ്പിടിക്കുന്നതിന്‌ പകരം സ്‌ത്രീ ജനതക്ക്‌ നല്ല തൊഴില്‍ പരിശീലനവും പ്രോത്സാഹനവും നല്‍കണം. ഒന്നുകൂടി ഉറക്കെ പറഞ്ഞാല്‍ ജനിക്കാനും ജീവിക്കാനുമുള്ള അവസ്ഥകള്‍ സൃഷ്ടിക്കാനാവണം. നിര്‍ബന്ധിതമായും അടിമകളെ പോലെയും ജോലി എടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ഇഷ്ടമുള്ള ജോലിക്ക്‌ പോകാനും സ്വത്തിനുടമയാകാനും സ്വാതന്ത്ര്യം നല്‍കുകയും വേണം.
ആവശ്യമുള്ളപ്പോള്‍ പൊതു ഇടങ്ങളില്‍ ഇറങ്ങി നടക്കാന്‍ കഴിയണം. ഇതിനൊക്കെ ആവശ്യമായ രീതിയില്‍ നമ്മുടെ പുരുഷ കേന്ദ്രീകൃത നയങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കണം. ആണ്‍ പെണ്‍ തലമുറകളെ ബോധവല്‍ക്കേണ്ടതിന്‌ പകരം സദാചാരത്തിന്റെ പേരില്‍ ഭീരുത്വം പ്രചരിപ്പിക്കുന്ന സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ നമുക്കെങ്ങനെ പുരോഗമനപരമെന്ന്‌ വിളിക്കാനാകും. അതിനുവേണ്ടി രാവും പകലും പേനയുന്തി വിവാദവും മറുവാദവും നിരത്തി എഴുത്തും മറു എഴുത്തും നടത്തി ആത്മരതി കൊള്ളുന്നവരുടെ പ്രവര്‍ത്തനങ്ങളെ നമുക്കെങ്ങനെ വിപ്ലവാത്മകമെന്ന്‌ വിശേഷിപ്പിക്കാനാകും?
സ്‌ത്രീ സ്വാതന്ത്യത്തിന്റെതായ നൂറുകൂട്ടം പ്രാഥമിക ആവശ്യങ്ങള്‍ ഇന്നും ഇരന്ന്‌ വാങ്ങേണ്ടി വരുന്നവരാണ്‌ മഹാ ഭൂരിപക്ഷം വരുന്ന നമ്മുടെ രാജ്യത്തിലെ സ്‌ത്രീ ജനങ്ങള്‍. സാമൂഹിക സാമ്പത്തിക ക്ഷേമം മെച്ചപ്പെട്ടു എന്ന്‌ റിപ്പോര്‍ട്ടുകള്‍ നിരത്തുമ്പോള്‍ കൈയ്യടിക്കുന്ന നമ്മുടെ ഭരണാധികാരികളും കപട സ്‌ത്രീശാക്തീകരണ വാദികളും വാതോരാതെ പൊഴിക്കുന്നത്‌ പച്ചക്കള്ളമാണ്‌. പ്രതിലോമ മാധ്യമ കുബുദ്ധികള്‍ നിരത്തുന്ന അഭിമാന നേട്ടങ്ങള്‍ എല്ലാ കണക്കുകള്‍ക്കും അപ്പുറം സര്‍വ്വായുധങ്ങളും ഉപയോഗിച്ച്‌ സ്‌ത്രീത്വത്തെ ഒതുക്കി നിര്‍ത്താനുതകുന്നതാണ്‌. എന്നാല്‍ അതിലും ഒതുങ്ങാന്‍ കൂട്ടാക്കാത്ത നവ സ്‌ത്രീത്വത്തിന്റെ പുതുയൗവനത്തെ എത്രകാലം നമുക്ക്‌ വീടകങ്ങളില്‍ ഒതുക്കി നിര്‍ത്താനാകുമെന്ന്‌ കാത്തിരുന്ന്‌ കാണണം.
ശഫ്‌ന റഹ്‌മത്തുള്ള
പെരുമണ്ണ


ബോധവല്‍ക്കരിക്കേണ്ടത്‌ ആര്‌?
ജൂലൈ ലക്കം ആരാമം ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച്‌ ഏറ്റവും ഗുണകരമായിരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ എനിക്ക്‌ അത്ഭുതമായി. ആരാമം ഇത്രയധികം മെച്ചപ്പെട്ടോ? സാധാരണ പ്രബോധനവും ആരാമവും കൈയ്യില്‍ കിട്ടിയാല്‍ ആദ്യം പ്രബോധനമാണ്‌ വായിക്കാറ്‌. ഇത്തവണ നേരെ തിരിച്ച്‌ ആരാമമാണ്‌ വായിച്ചത്‌. ഓരോ പേജും മറിക്കുമ്പോള്‍ ഏതാണ്‌ ആദ്യം വായിക്കേണ്ടത്‌ എന്ന കണ്‍ഫ്യൂഷനായിരുന്നു. ഒരു പംക്തി പോലും വെറുതെയായി തോന്നിയില്ല. കളര്‍ഫുള്‍ പേജുകള്‍ ആരാമത്തിന്‌ ആകര്‍ഷകത്വം നല്‍കുന്നതായിരുന്നു.
എന്‍.പി.ഹാഫിസ്‌ മുഹമ്മദിന്റെ ലേഖനം കുറെ സാമൂഹിക സത്യങ്ങളെ തുറന്നുകാട്ടുന്നവയായിരുന്നു. ബാലവിവാഹങ്ങല്‍ വീണ്ടും കൂടിക്കൊണ്ടിരിക്കുകയാണ്‌. ഒന്‍പതിലും പത്തിലും പഠിക്കുന്ന പെണ്‍കുട്ടികളെയാണ്‌ ഇന്ന്‌ വിവാഹത്തിന്‌ നിര്‍ബന്ധിക്കുന്നത്‌. കാരണം നാട്ടിന്‍ പുറങ്ങളിലെ പുരുഷന്മാര്‍ വിദ്യാഭ്യാസം കുറവുള്ളവരാണ്‌. പെണ്‍കുട്ടികള്‍ വിദ്യാസമ്പന്നരും. അപ്പോള്‍ തന്നെക്കാള്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവളെ തെരഞ്ഞാണ്‌ മിക്ക ഗള്‍ഫുകാരും നടക്കുന്നത്‌. ഈ സാമൂഹികാന്തരീക്ഷം മാറണമെങ്കില്‍ പുരുഷന്മാര്‍ തന്നെ യുവതലമുറയിലെ പുരുഷന്മാരെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്‌.
ഫൗസിയാ മുഹമ്മദ്‌
മുത്തനൂര്‍


ജലയുദ്ധം
ജൂലൈ ലക്കം ആരാമത്തിലെ മുഖമൊഴി ജലയുദ്ധം അതീവ പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു. മനുഷ്യന്റെ കൈകടത്തലുകള്‍ തന്നെയാണ്‌ പ്രകൃതിക്കേല്‍ക്കുന്ന ഏക ക്ഷതം. ഇരുകാലികളായ മനുഷ്യരില്ലെങ്കിലും പ്രകൃതിക്ക്‌ ഒന്നും സംഭവിക്കാനില്ല. എന്നാല്‍ പ്രകൃതി നില നിന്നാലേ മനുഷ്യവാസം സാധ്യമാവൂ എന്ന തിരിച്ചറിവ്‌ ഇരുകാലികളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാകണം ഇത്തരം പ്രസിദ്ധീകരണത്തില്‍ നിന്നും ഇനിയുണ്ടാകേണ്ടത്‌. കഴിഞ്ഞ കാലങ്ങളിലുണ്ടായിരുന്ന ആശങ്ക ഇനി വരുന്ന തലമുറക്ക്‌ ഇവിടെ വാസം സാധ്യമാണോ എന്നായിരുന്നു. എന്നാലിപ്പോഴുള്ള ആശങ്ക ഈ തലമുറക്ക്‌ തന്നെ വസിക്കാന്‍ കഴിയുമോ

എന്നുള്ളതാണ്‌.
എം.പി.എ ലത്തീഫ്‌
കുറ്റിപ്പുറം

മെച്ചപ്പെട്ട ലേഖനങ്ങള്‍
ആരാമം ജൂലൈ ലക്കത്തിലെ മന്ത്രിയുമായുള്ള അഭിമുഖം, നസ്‌റുള്ള വാഴക്കാട്‌, എന്‍.പി. ഹാഫിസ്‌ മുഹമ്മദ്‌ എന്നിവരുടെ ലേഖനങ്ങള്‍ വളരെ നന്നായി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ അവകാശങ്ങള്‍ക്കായി പെണ്‍ പ്രതിഭകള്‍ തന്നെ കൈയ്യും കെട്ടി നോക്കി നില്‍ക്കാതെ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.
ആഗസ്റ്റ്‌ ലക്കത്തിലെ വ്രതം ആരോഗ്യത്തിനും ആത്മീയതക്കും, രോഗങ്ങള്‍ വഴിയില്‍ തടയുക എന്നിവ പ്രസക്തമായി. ഒരു ദിവസം ആരംഭിക്കുന്നത്‌ തന്നെ ടൂത്ത്‌ പേസ്റ്റ്‌ കൊണ്ടാണ്‌. ഇതുപയോഗിക്കുന്നത്‌ ആമാശയ അസുഖങ്ങള്‍ക്ക്‌ വരെ കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ ഉണര്‍ത്തിയ ലേഖനം ആരോഗ്യപരമായി ശരീരത്തെ ശ്രദ്ധിക്കാന്‍ ഉപകരിക്കുന്നതായി.
മുഹമ്മദ്‌ ഷബീര്‍ ആര്‍.എ.
വാടാനപ്പള്ളി


അക്രമത്തെ അവഗണിക്കരുത്‌
ജൂണ്‍, ജൂലായ്‌ ലക്കങ്ങളില്‍ വന്ന പംക്തികള്‍ മികവ്‌ പുലര്‍ത്തി. കുട്ടികള്‍ വായിക്കാറുണ്ടോ? മനസ്സറിയും ടീച്ചര്‍, മറ്റു സ്ഥിരം പംക്തികളും നന്നായി. ആനുകാലിക സംഭവങ്ങള്‍ക്ക്‌ ആരാമം ഇനിയും പ്രാധാന്യം നല്‍കണം. വിദ്യാലയങ്ങളിലും വീട്ടിലും സമൂഹത്തിലും ഇറങ്ങിച്ചെന്ന്‌ പ്രവര്‍ത്തിക്കാന്‍ വനിത സംഘടനകള്‍ സന്നദ്ധരാവണം. പ്രസ്ഥാവനയിലോ കരിദിനത്തിലോ ഒതുക്കി സ്‌ത്രീകള്‍ക്കെതിരെയുള്ള മഹാ അക്രമത്തെ അവഗണിക്കരുത്‌. നിയമപ്രശ്‌നങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.
ആര്‍.എം.ഇബ്രാഹീം
വെളുത്തൂര്‍


മാറ്റം ശ്രദ്ധേയം
ആരാമം കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും കാലികമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ട്‌. ഉന്നത മേഖലകളില്‍ ഉള്ള സ്‌ത്രീകളുമായി അഭിമുഖങ്ങള്‍ നടത്തുന്നത്‌ തീര്‍ച്ചയായും പ്രചോദനം ഉണ്ടാക്കും. വിദ്യാര്‍ത്ഥിനികള്‍ക്ക്‌ എഴുതി പരിചയിക്കാന്‍ സ്ഥിരം പംക്തി ഉണ്ടാകുന്നത്‌ നന്നായിരിക്കും.
അനീസുദ്ദീന്‍
മലപ്പുറം


അവഗണനയുടെ നിര
മഹല്ലുകളിലെ പുരുഷാധിപത്യം വായിച്ചു. ആശയം നന്നായി. പക്ഷേ, സ്‌ത്രീ സാന്നിധ്യം ജമാഅത്ത്‌ മുജാഹിദ്‌ മഹല്ലുകളില്‍ ആദ്യം ഉറപ്പുവരുത്തണം. പരിശോധിക്കുമ്പോള്‍ അറിയാം അവഗണനയുടെ നീണ്ട നിര. മുജാഹിദ്‌, ജമാഅത്ത്‌ മഹല്ലുകള്‍ ഇപ്പോഴും സ്‌ത്രീ സാന്നിധ്യം ആഗ്രഹിക്കാത്തവരാണ്‌. മറ്റു മഹല്ലുകള്‍ക്ക്‌ അവര്‍ ആദ്യം അതിന്റെ നന്മകള്‍ ബോധ്യപ്പെടുത്താന്‍ ബാധ്യസ്ഥരാണ്‌.
ഹാജറ ടീച്ചര്‍
കടന്നമണ്ണ


അടിയന്തരാവസ്ഥാ ഭീഷണി
ശൈഖ്‌ മുഹമ്മദ്‌ കാരകുന്നിന്റെ അടിയന്തരാവസ്ഥ സംബന്ധിച്ച ലേഖനങ്ങള്‍ വിഭജനാന്തര ഭാരതത്തിലെ മുസ്‌ലിംകളെ സംബന്ധിച്ച്‌ പഠിക്കുന്ന ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക്‌ ഏറെ പ്രയോജനകരവും പഠനാര്‍ഹവുമാണ്‌. നിരപരാധികളായ പ്രസ്ഥാന പ്രവര്‍ത്തകരെയും പണ്ഡിതരെയും അന്യായമായി ജയിലിലടച്ചപ്പോള്‍ നിസ്സംഗത പാലിക്കുകയും ഭരണകൂടത്തിന്റെ കിരാത നടപടികള്‍ക്ക്‌ പിന്തുണ നല്‍കുകയും ചെയ്‌ത സമുദായനേതൃത്വത്തിലെ ചിലര്‍ അന്നത്തെ നിലപാടിനെ പറ്റി തുറന്ന ചര്‍ച്ച നടത്തേണ്ടിയിരിക്കുന്നു. വിഭജനാന്തര ഭാരതത്തിലെ മുസ്‌ലിം നേതൃത്വത്തിന്റെ നട്ടല്ലില്ലായ്‌മ പ്രകടമായ നിലപാടുകളും ഭരണപക്ഷത്തോടും ഒട്ടിനിന്ന്‌ ലഭിക്കുന്ന ഔദാര്യങ്ങള്‍ അനുഭവിക്കുക എന്ന അപകടകരമായ രീതിയിലേക്ക്‌ മുഖ്യധാരയെ തിരിച്ചുവിട്ടതിന്റെ ആരംഭവും കൂടിയായിരുന്നു അത്‌. അടിയന്തരാവസ്ഥ തടവുകാരില്‍ ഒരാളായിരുന്ന പരേതനായ സയ്യിദ്‌ ഉമര്‍ ബാഫഖി തങ്ങളുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച്‌നടന്ന സമ്മേളനത്തില്‍ പോലും അദ്ദേഹത്തിന്റെ അനുയായികള്‍ എന്ന്‌ വിശേഷിക്കപ്പെട്ടവര്‍ തങ്ങളെ ജയിലിലടച്ച കാലത്ത്‌ സമുദായ നേതൃത്വത്തിന്റെ നിലപാടിനെ പറ്റി മൗനം പാലിച്ചത്‌ മനപ്പൂര്‍വ്വം തന്നെ. മഹാത്മാഗാന്ധി ഘാതകന്മാര്‍ക്ക്‌ തൂക്കം ഒപ്പിച്ച്‌ ഇസ്‌ലാമിക പ്രസ്ഥാനത്തെ നിരോധിച്ചതും പൂര്‍വ്വിക പണ്‌ഡിതരും പ്രസ്ഥാന പ്രവര്‍ത്തകരും അനുഭവിച്ച കൂടുതല്‍ കുറിപ്പുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു, മറ്റൊരു രൂപത്തില്‍ അടിയന്തരാവസ്ഥാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍.
കെ.സി ലത്തീഫ്‌
ശാന്തപുരം


പെണ്ണ്‌ കാണല്‍
കാല്‍പനികതയുടെ പുഞ്ചിരിപ്പാലൊഴുകുന്ന ഒരു നല്ല കവിതയായിരുന്നു ആരാമം (ലക്കം 26:4) പ്രസിദ്ധീകരിച്ച റഫീഖ്‌ റമദാന്റെ `പെണ്ണ്‌ കാണല്‍.' കവിയുടെ സ്വാനുഭവവും കാവ്യാനുശീലവും ഇഴുകി ചേര്‍ന്നത്‌ കൊണ്ടാവാം പക്വമായ ഒരു കവി മനസ്സിന്റെ ചിന്താധാരയെ ഭംഗിയായി സ്വാധീനിച്ചത്‌. നന്നായിട്ടുണ്ട്‌. കവിയുടെ ആത്മാംശം കലര്‍ന്ന ഈ കവിത സഹധര്‍മ്മിണിക്കു സമ്മാനിക്കുന്ന റംസാന്‍ ഉപഹാരമായിരിക്കാം.
മുമ്പും ശേഷവും അനുഭൂതി ദായകമായ അനുഭവങ്ങളിലാത്ത ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ദര്‍ശനസുഖം പകരുന്ന സല്‍കര്‍മമാണ്‌ പെണ്ണു കാണല്‍. ലോകത്തിലെ ഒട്ടുമിക്ക കോണുകളിലും വിവിധ സമുദായ ഗോത്രങ്ങളിലും പെണ്ണുകാണല്‍ ആനന്ദോല്‍സവമായി ഈ പരിഷ്‌കൃതയുഗത്തിലും കണ്ട്‌ വരുന്നുണ്ട്‌.
ക്ഷുഭിത യൗവ്വനങ്ങളിലൂടെ കടന്നു പോകുന്ന ഓരോ യുവമിഥുനങ്ങളും കൊതിക്കുന്ന സ്വപ്‌ന നിമിഷമാണിത്‌. ജീവിതത്തിന്റെ ആഴങ്ങള്‍ അളക്കാനും ഇളക്കാനും ഒരു പെണ്ണ്‌/പുരുഷന്‍ വേണമെന്ന്‌ ചിന്തിക്കുന്നിടത്ത്‌ നിന്ന്‌ പെണ്ണ്‌ കാണല്‍ ചടങ്ങ്‌ ആരംഭിക്കുന്നു.
ഓരോ പുരുഷന്റെ പിറകിലും ഒരു സ്‌ത്രീയുണ്ട്‌, അവളെ കണ്ടെത്തുന്നതിലാണ്‌ പുരുഷന്റെ മിടുക്ക്‌, ഏതു കാറ്റിലും അവളുലഞ്ഞേക്കാം, പക്ഷേ, കൊടുങ്കാറ്റില്‍ അവള്‍ നിശ്ചലയായിരിക്കും. അതുകൊണ്ട്‌ ഇനിയും രാജാവിനെപ്പോലെ ചായയും ചിപ്‌സും കഴിക്കാനുള്ള പൂതിയുമായി നടക്കേണ്ട. കിട്ടിയ തങ്കത്തെ സങ്കടപ്പെടുത്താതെ നോക്കുക, ഒരു നല്ല കവിത വായിക്കുവാന്‍ അവസരം നല്‍കിയ കവിക്കും ആരാമം അണിയറ ശില്‍പികള്‍ക്കും ഒരുപാട്‌ നന്ദി.
വി.കെ.എം കുട്ടി
ദോഹ, ഖത്തര്‍


കാമ്പസും ആരാമവും
കേരളത്തിലെ ഏക വനിതാ മന്ത്രിയെ കണ്ടതില്‍ ഏറെ ആഹ്ലാദിക്കുന്നു.
എന്നാല്‍ അതിലേറെ സന്തോഷമായത്‌ മൈലാഞ്ചിച്ചോപ്പ്‌ പോലെ സുന്ദരമായ മലികാമറിയത്തിന്റെ ``എന്റെ കാമ്പസ്‌'' വായിച്ചപ്പോഴാണ്‌. ധീരമായ തുറന്നെഴുത്തില്‍ പുതുതലമുറയിലെ പെണ്‍കുട്ടികളുടെ പുതിയ ലോകങ്ങള്‍ വരച്ചു കാട്ടുന്നുണ്ട്‌.
യുവതലമുറയുമായുള്ള നമ്മുടെ ബന്ധം അറ്റു പോകാതിരിക്കാനും അവരുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും അടുത്തറിയാനും പരിഹരിക്കാനും ആരാമം മുന്‍കയ്യെടുക്കുന്നത്‌ നല്ലത്‌ തന്നെ.
കുട്ടികളുടെ മനസ്സില്‍, മാതാക്കളോടും സമൂഹത്തോടും പറയാനുള്ള കാര്യങ്ങള്‍ അടക്കിപ്പിടിച്ചു നില്‍ക്കുമ്പോള്‍, അത്‌ കേള്‍ക്കാന്‍ തയ്യാറായിക്കൊണ്ട്‌ പുതിയ എഴുത്തുകാരികളെ കൈപിടിച്ചാനയിക്കാന്‍ ആരാമം കാമ്പസിലെ സ്ഥിരം സാന്നിധ്യമാവേണ്ടതുണ്ട്‌.
മാസത്തില്‍ ഓന്നോ രണ്ടോ കാമ്പസുകളിലേക്ക്‌ സാഹിത്യമത്സരങ്ങളുമായി ആരാമം കടന്നുചെല്ലുമെന്ന്‌ പ്രതീക്ഷികട്ടെ.
ചോദ്യോത്തര പംക്തിയിലൂടെ വായനക്കാരിലേക്കിറങ്ങി വരേണ്ടതുണ്ട്‌. കുട്ടികളുടെ മനഃശാസ്‌ത്രം, ടീനേജ്‌ പ്രശ്‌നങ്ങള്‍, വൈവാഹിക ജീവിതത്തിലേക്ക്‌ കാലെടുത്ത്‌ വെക്കുമ്പോഴുള്ള പ്രതിസന്ധികള്‍, മറ്റ്‌ കുടുംബപ്രശ്‌നങ്ങള്‍, ഗൈനക്കോളജി തുടങ്ങിയവയ്‌ക്ക്‌ അവസരം നല്‍കണം.
സ്‌മിത
കാട്ടുപറമ്പില്‍


നമ്പര്‍ കൂടി വേണമായിരുന്നു
ജൂലായ്‌ ലക്കത്തിലെ ശംനാദിന്റെ കഥ ഹൃദയ നോമ്പരമായി. കുഞ്ഞുങ്ങളുടെ കയ്യില്‍ പെന്നോ പെന്‍സിലോ കാണുമ്പോള്‍ ശംനാദിന്റെ അനുഭവം മനസ്സിലേക്ക്‌ ഓടിയെത്തുന്നു. കിടപ്പിലും ആതമവിശ്വസം കൈവിടാതിരിക്കുന്ന ഷംനാദ്‌ വിസ്‌മയമാകുകയാണ്‌. അവന്റെ അക്കൗണ്ട്‌ നമ്പറിനൊപ്പം ഫോണ്‍ നമ്പര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു.
നജ്‌മുന്നിസ
മലപ്പുറം



ഷംനാദിന്റെ ഫോണ്‍: 9947313772
-പത്രാധിപര്‍

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top