താജ്മഹൽ അനശ്വരമാക്കിയ മുംതാസ്‌

അബ്ദുല്ല നദ്‌വി കുറ്റൂര്‍ No image

അനശ്വര പ്രേമത്തിന്റെ ജീവസ്സുറ്റ പ്രതീകമാണ് മുംതാസ് മഹല്‍. അപാരമായ സൗന്ദര്യത്തേക്കാളുപരി അന്യാദൃശ്യമായ ഭര്‍തൃസ്‌നേഹത്തിന്റെയും ആത്മാര്‍പണത്തിന്റെയും ഉദാത്ത മാതൃക കൂടിയായിരുന്നു അത്. ആഗ്രയിലെ ഒരു പേര്‍ഷ്യന്‍ കുടുംബത്തില്‍ ജനിച്ച സാധാരണ പെണ്‍കുട്ടിയായിരുന്നു മുംതാസ്. മീര്‍സാ അബ്ദുല്‍ ഹസന്റെയും ആസിഫ് ഖാന്റെയും പുത്രിയായി 1594-ല്‍ ആഗ്രയില്‍ ജനിച്ചു. മാതാപിതാക്കള്‍ അര്‍ജുമന്ദ് ബാനുബീഗം എന്നാണ് അവളെ വിളിച്ചിരുന്നത്. സൗന്ദര്യത്തികവും മഹനീയ സ്വഭാവവും അസാമാന്യ ബുദ്ധിശക്തിയും വിവേകവും കായബലവും ധൈര്യവും കൊണ്ട് അനുഗ്രഹീതയായ അവള്‍ കുടുംബത്തിലെ വിളക്കായി പ്രശോഭിച്ചു. അര്‍ജുമന്ദ് ബാനുബീഗത്തിന്റെ പൂര്‍വകാല ജീവിതം സംബന്ധിച്ച് കൂടുതലായൊന്നും ചരിത്രം പരാമര്‍ശിച്ചുകാണുന്നില്ല. 

അര്‍ജുമന്ദിന്റെ പിതാവ് അബ്ദുല്‍ ഹസന്‍, ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ പത്‌നി നൂര്‍ജഹാന്റെ മുതിര്‍ന്ന സഹോദരനായിരുന്നു. പെണ്‍കുട്ടികളെ ഇഷ്ടപ്പെട്ടിരുന്ന ജഹാംഗീര്‍ ചക്രവര്‍ത്തി അര്‍ജുമന്ദിന്റെ ശാലീനതയിലും സൗന്ദര്യത്തിലും വ്യക്തിത്വത്തിലും ആകൃഷ്ടനായിരുന്നു. മുഗള്‍ സാമ്രാജ്യത്തില്‍ അക്ബറിന്റെ കാലം മുതല്‍ക്കേ രാജകുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് ക്രമാനുഗതമായ വിദ്യാഭ്യാസം നല്‍കപ്പെട്ടിരുന്നു. പിതൃസഹോദരി നൂര്‍ജഹാനുമായുള്ള കുടുംബബന്ധം കാരണം സ്വഗൃഹത്തില്‍ വെച്ചുള്ള പ്രത്യേക ട്യൂഷന്‍ വഴി ഉന്നത വിദ്യാഭ്യാസം നേടാന്‍ അര്‍ജുമന്ദിന് ഭാഗ്യം ലഭിച്ചു. അങ്ങനെ അറബി, പേര്‍ഷ്യന്‍, ഭാഷകളില്‍ വ്യുല്‍പത്തി നേടി വിദ്യാഭ്യാസമ്പന്നയായി അര്‍ജുമന്ദ് വളര്‍ന്നു. ഇങ്ങനെ പരിശീലനം നേടിയ സ്ത്രീകളില്‍ പലരും പ്രശസ്ത സാഹിത്യകാരികളായിരുന്നു. ഹുമയൂണിന്റെ സഹോദരി ഗുത്ബദര്‍ബീഗം, സൈഫുന്നിസാ സാലിമ സുല്‍ത്താന, ജഹാംഗീറിന്റെ പത്‌നി നൂര്‍ജഹാന്‍, ജഹനാരാബീഗം തുടങ്ങിയവര്‍ അക്കാലത്തെ വിദ്യാസമ്പന്നരായ മഹിളകളില്‍ ചിലരാണ്.

1607-ല്‍ അര്‍ജുമന്ദിന് 14 വയസ്സുള്ളപ്പോള്‍ ജഹാംഗീര്‍ തന്റെ പുത്രന്‍ ഖുറം രാജകുമാരനുമായി അവരുടെ വിവാഹം നിശ്ചയിച്ചു. 1592-ല്‍ ലാഹോറില്‍ ജനിച്ച ഖുറം രാജകുമാരനാണ് പിന്നീട് ഷാജഹാന്‍ (ലോക ചക്രവര്‍ത്തി) എന്ന അപരനാമത്തില്‍ ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയത്. കൊട്ടാര ജ്യോതിഷികളുടെ നിര്‍ദേശങ്ങള്‍ പ്രകാരം അഞ്ച് വര്‍ഷം കഴിഞ്ഞ ശേഷമാണ് വിവാഹം നടന്നത്. അങ്ങനെ 1612- ഏപ്രില്‍ മാസത്തില്‍ അവര്‍ തമ്മിലുള്ള വിവാഹം അതിഗംഭീരമായി നടന്നു. ജഹാംഗീര്‍ തന്നെയാണ് അര്‍ജുമന്ദിന്റെ വിരലില്‍ മോതിരം അണിയിച്ചത്. മകന്റെ ഭാവി വധുവായി തെരഞ്ഞെടുത്തതിന്റെ പ്രതീകമായിരുന്നു അത്. 

സ്‌നേഹവും ത്യാഗമനസ്ഥിതിയും സ്വഭാവമഹിമയും സൗന്ദര്യവും കൊണ്ട് അര്‍ജുമന്ദ് ബാനു ബീഗം ഷാജഹാന്റെ മനം കവര്‍ന്നു. അര്‍ജുമന്ദിന് സര്‍വവിധേനയും ഇണയൊത്ത രാജകുമാരന്‍ തന്നെയായിരുന്നു ഷാജഹാന്‍. തന്റെ കനവിലും നിനവിലും നിറഞ്ഞു നിന്ന അവര്‍ ഷാജഹാന്റെ സ്വപ്‌ന സുന്ദരിയായിരുന്നു. യുദ്ധരംഗങ്ങളിലും യാത്രകളിലും അവര്‍ അദ്ദേഹത്തെ അനുഗമിച്ചു. അക്കാലത്ത് പ്രഭുക്കള്‍ക്കിടയില്‍ ബഹുഭാര്യത്വം സാര്‍വത്രികമായിരുന്നു. നാട്ടാചാര പ്രകാരം ഷാജഹാന് വേറെയും രണ്ട് ഭാര്യമാര്‍ കൂടിയുണ്ടായിരുന്നു. ഷാജഹാന്‍ തന്റെ സ്വപ്‌ന സുന്ദരിയായ അര്‍ജുമന്ദിന് മുംതാസ്മഹല്‍ എന്ന് പേര് നല്‍കി. 'കൊട്ടാര രത്‌നം' എന്നാണ് ആ പേരിനര്‍ഥം. മുംതാസിന്റെ സൗന്ദര്യത്തെകുറിച്ച് തന്റെ ജീവിത കാലത്ത് തന്നെ കവികള്‍ ധാരാളം വര്‍ണിച്ചിട്ടുണ്ട്. മുംതാസിനെയും കൊണ്ട് ഷാജഹാന്‍ സാമ്രാജ്യമാകെ ചുറ്റി സഞ്ചരിക്കുകയും നായാട്ടില്‍ കമ്പക്കാരനായ ഷാജഹാനെ അവര്‍ അനുഗമിക്കുകയും ചെയ്തിരുന്നു. ആനപ്പുറത്ത് സവാരി ചെയ്യുന്നതും രാജസദസ്സില്‍ അരങ്ങേറുന്ന ദ്വന്ദ്വയുദ്ധം വീക്ഷിക്കുന്നതും മുംതാസിന് ഹരമായിരുന്നു. തികഞ്ഞ പോരാളിയായി തന്നെ ഷാജഹാന്റെ മിക്കയുദ്ധങ്ങളിലും മുംതാസും കൂടെയുണ്ടായിരുന്നു. മറ്റ് ഭാര്യമാരില്‍നിന്ന് ഭിന്നമായി തന്റെ രാജകീയ സീല്‍ ഷാജഹാന്‍ മുംതാസിന് വിട്ടുകൊടുത്തിരുന്നു. ആഗ്രയിലെ ചെങ്കോട്ടയായിരുന്നു ഷാജഹാന്റെ കൊട്ടാരം, അവിടെ മുംതാസിന് മാത്രം താമസിക്കാന്‍ ഖാസ്സ് മഹല്‍ എന്ന പ്രത്യേക സൗധം തന്നെ പണിയിച്ചു. അവിടെയാണ് ഷാജഹാന്‍ മുംതാസിനോടൊപ്പം താമസിച്ചത്.

19 കൊല്ലത്തോളം ആ ദമ്പതികള്‍ ഉല്ലാസഭരിതമായ ജീവിതം നയിച്ചു. തന്റെ വിവേകവും ദീര്‍ഘദൃഷ്ടിയും കൊണ്ട് ആപല്‍കാലത്ത് ഷാജഹാനെ സംരക്ഷിച്ച ആത്മസുഹൃത്തുമായിരുന്നു മുംതാസ്. 30 വര്‍ഷത്തെ ഷാജഹാന്റെ ഭരണകാലം മുഗള്‍ ഭരണകൂടത്തിലെ സുവര്‍ണദിശയായാണ് ചരിത്രകാരന്മാര്‍ വിലയിരുത്തിയത്. കെട്ടിട നിര്‍മാണത്തില്‍ അതീവ താല്‍പര്യം കാണിച്ച ഷാജഹാന്‍ അക്ബറിനെ പോലും കവച്ചുവെച്ചു. മുഗള്‍ വാസ്തുവിദ്യയുടെ സുവര്‍ണകാലം എന്നാണ് ഷാജഹാന്റെ ഭരണകാലം അറിയപ്പെടുന്നത്. മനോഹരമായ കൊട്ടാരങ്ങളും മിനാരങ്ങളും കോട്ടകളും ഇക്കാലത്ത് നിര്‍മിക്കപ്പെട്ടു. ഡല്‍ഹിയില്‍ ഷാജഹാനാബാദ് എന്നുപേരായ ഒരു നഗരം പണിയിച്ചു. ഇന്നത്തെ ീഹറ ഡല്‍ഹിയാണത്. ഷാജഹാന്റെ കാലത്ത് ലോകത്തെ ഏറ്റവും മനോഹരമായ നഗരങ്ങളില്‍ ഒന്നായിരുന്നു ഇത്. ജുമാമസ്ജിദും ചെങ്കോട്ടയും ഉദ്യാനങ്ങളും കൊണ്ട് കുളിരണിയിക്കുന്ന ചേതോഹര നഗരം. ഷാജഹാന്‍ രാജകീയ പ്രൗഢിയോടെ ജീവിച്ചിരുന്നുവെങ്കിലും മതനിഷ്ഠയിലും പ്രജകളുടെ ക്ഷേമത്തിലും താല്‍പര്യം കാണിച്ചിരുന്നു. പിതാമഹന്‍ അക്ബറിനെ പോലെ മദ്യപിക്കുകയോ മതചിഹ്നങ്ങളെ അവഹേളിക്കുകയോ ചെയ്തിരുന്നില്ല. സലാം പറയുന്നതിന് പകരം സാഷ്ടാംഗം പ്രണമിക്കുന്ന സമ്പ്രദായം അക്ബര്‍ നടപ്പാക്കിയിരുന്നു. ഷാജഹാന്‍ അത് നിര്‍ത്തല്‍ ചെയ്തു. ലോല മനസ്‌കയും പാവങ്ങളോട് അനുകമ്പയുമുള്ള മുംതാസ് ജനക്ഷേമ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചു. വിധവകളെയും നിരാലംബരെയും സംരക്ഷിക്കുന്നതിന് ഷാജഹാനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

മനോഹരമായ സൗധങ്ങള്‍ നിര്‍മിക്കുന്നതോടൊപ്പം പഠനത്തിനും വായനക്കും വേണ്ടി സമയം നീക്കിവെക്കാനും ഷാജഹാന്‍ പ്രത്യേകം ശ്രദ്ധിച്ചു. പണ്ഡിതരെയും വിദ്യാര്‍ത്ഥികളെയും ധനസഹായം നല്‍കി പ്രോത്സാഹിപ്പിച്ചു. ഇതിനെല്ലാം മുംതാസ് നല്‍കിയ പിന്തുണയും പ്രോത്സാഹനവും പ്രശംസാര്‍ഹമാണ്.

19 വര്‍ഷക്കാലം ഷാജഹാനെ നിഴല്‍പോലെ പിന്തുടര്‍ന്ന ആ സുന്ദരി 1631 ജൂണ്‍ 17-ന് ഈ ലോകത്തോട് വിടപറഞ്ഞു. ഡക്കാന്‍ പീഠഭൂമിയില്‍ ഒരു യുദ്ധത്തില്‍ ഷാജഹാനെ അനുഗമിക്കവെ അവിടെ വെച്ചാണ് മരണം സംഭവിച്ചത്. തന്റെ 14-ാമത്തെ പ്രസവത്തെ തുടര്‍ന്നായിരുന്നു മരണം. 14 സന്താനങ്ങള്‍ക്ക് ജന്മം നല്‍കിയ മുംതാസ് വളരെ ക്ഷീണിതയായിരുന്നു. അതില്‍ ഏഴു പേര്‍ ശൈശവത്തില്‍  തന്നെ ചരമമടഞ്ഞു. ശേഷിച്ച 7 പേരില്‍ ഒരാളായ ഔറംഗസീബ് ഇന്ത്യകണ്ട മഹാ പണ്ഡിതന്മാരില്‍ ഒരാളാണ്. അറബിക്, പേര്‍ഷ്യന്‍, സംസ്‌കൃതം, ഹിന്ദി എന്നീ ഭാഷകളില്‍ അഗ്രഗണ്യനായിരുന്നു. അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഉപനിഷത്തുകള്‍, ഭഗവത്ഗീത, രാമായണം തുടങ്ങിയവ പേര്‍ഷ്യനിലേക്ക് വിവര്‍ത്തനം ചെയ്തു. 

മുംതാസിന്റെ മരണം ഷാജഹാനെ തീരാ ദുഃഖിതനാക്കി. താപ്തി നദിക്കരയില്‍ സൈനാബാദ് എന്ന പൂന്തോട്ടത്തില്‍ മുംതാസിനെ താല്‍ക്കാലികമായി ഖബറടക്കി. പ്രിയതമയുടെ വേര്‍പാടില്‍ മനസ്സ് തകര്‍ന്ന അദ്ദേഹത്തിന് മാനസിക വിഭ്രാന്തി അനുഭവപ്പെട്ടു. മുംതാസിനെ കുറിച്ച ഓര്‍മകള്‍ അദ്ദേഹത്തെ സദാ അലോസരപ്പെടുത്തി. അങ്ങനെയാണ് അദ്ദേഹം തന്റെ പ്രേയസിയുടെ ഓര്‍മക്കായി ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ പണിയിക്കുന്നത്.

താജ്മഹല്‍ എന്ന പ്രണയകാവ്യം

1632-ലാണ് താജിന്റെ നിര്‍മാണം ആരംഭിച്ചത്. 20 വര്‍ഷം 20,000 തൊഴിലാളികള്‍ അശ്രാന്ത പരിശ്രമം ചെയ്തിട്ടാണ് ആ മനോഹര ശില്‍പം മുഴുമിപ്പിച്ചത്. വെണ്ണക്കല്ലില്‍ പണിയിച്ച ആ മനോജ്ഞ സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ കോടിക്കണക്കിന് രൂപയാണ് ഷാജഹാന്‍ ചെലവഴിച്ചത്. ഉസ്താദ് ഈസാ ശീറാസിയാണ് അതിന്റെ മുഖ്യസൂത്രധാരകന്‍. ഇസ്‌ലാമിക ശില്‍പകലയുടെ ഏറ്റവും മികച്ച മോഡലായി, കലാതിലകമായി താജ്മഹല്‍ വിശേഷിപ്പിക്കപ്പെടുന്നു. പൗര്‍ണമി രാവിലെ താജ്മഹലിന്റെ ചന്തം വിവരണാതീതമാണ്. 17-ാം നൂറ്റാണ്ടിന്റെ രൂപകല്‍പനയാണെങ്കിലും ഇന്നും ലോകാത്ഭുതങ്ങളില്‍ ഒന്നായി താജ്മഹല്‍ നിലകൊള്ളുന്നു. ആ വൈരക്കല്ലിന്റെ മുമ്പില്‍ ലക്ഷോപലക്ഷം ദമ്പതികള്‍ വിസ്മയഭരിതമായ നയനങ്ങളോടെ നില്‍ക്കുന്നു. അനന്തരം താജിന്റെ അകത്ത് കയറി ഷാജഹാന്റെയും മുംതാസിന്റെ മഖ്ബറ കാണുമ്പോഴാണ് ഇതൊരു ശവക്കല്ലറയാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയുക. രാവീന്ദ്രനാഥ് ടാഗോര്‍ പറഞ്ഞ പോലെ 'കാലത്തിന്റെ കവിളില്‍ വീണ കണ്ണുനീര്‍തുള്ളി'യാണ് ഇതെന്ന് ഏതൊരാളും സമ്മതിച്ചുപോകും. പ്രശസ്ത ഉര്‍ദു കവി അമീര്‍ഖുസ്രു പറഞ്ഞ ഈ വരികള്‍ നാം അറിയാതെ ഉരുവിട്ടുപോകും. 'ഭൂമിയില്‍ ഒരു പറുദീസയുണ്ടെങ്കില്‍ അത് ഇവിടെയാണ്. ഇവിടെയാണ്.'

ബ്രിട്ടീഷ് രാജ്ഞിയാണെന്നു തോന്നുന്നു ഒരിക്കല്‍ താജ്മഹല്‍ സന്ദര്‍ശിച്ച ശേഷം ഇപ്രകാരം പറഞ്ഞുവത്രെ. 'എന്റെ ജനത ഇതു പോലൊരു സ്മാരകം നിര്‍മിച്ച് തരാമെന്ന് എനിക്ക് ഉറപ്പ് തരികയാണെങ്കില്‍ ഞാനിപ്പോള്‍ ഇവിടെ വെച്ച് മരിക്കാം.'

താപ്തി നദിക്കരയില്‍ നിമഞ്ജനം ചെയ്യപ്പെട്ട മുംതാസിന്റെ ഭൗതികാവശിഷ്ടം പിന്നീട് താജിന്റെ ഉള്ളിലേക്ക് കൊണ്ടുവരികയായിരുന്നു. മുംതാസ് മഹലിന്റെ പേരിന്റെ വകഭേദമായി താജ്മഹല്‍ എന്ന് തന്നെ ആ ശവക്കല്ലറക്ക് നാമകരണം ചെയ്യപ്പെട്ടു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top