എ.ടി.എമ്മിന്റെ വരിയിൽ കാണാതായവൾ

കെ.വൈ.എ No image

ബഹുമാനപ്പെട്ട പോലീസ് അധികാരി അവര്‍കള്‍ക്ക് - 

എന്തെന്നാല്‍ എന്റെ ഭാര്യ കീര്‍ത്തിയെ രണ്ടായിരത്തിപ്പതിനാറ് നവംബര്‍ 14 മുതല്‍ കാണാതായിരിക്കുന്നതും വീട്ടില്‍ തിരിച്ചുവന്നു കാണാത്തതിനാല്‍ ഞങ്ങള്‍ അന്വേഷണം നടത്തിക്കഴിഞ്ഞതുമാകയാല്‍ താങ്കളുടെ ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ മേലന്വേഷണം നടത്താനും ഭാര്യയെ കണ്ടെത്തിത്തരാനും ഇതിനാല്‍ താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു.

****      ****      ****

ബഹുമാനപ്പെട്ട പൗരന്

താങ്കളുടെ ഭാര്യ എങ്ങോട്ടാണ് പോയതെന്നറിയിപ്പാന്‍ ഇതിനാല്‍ ആവശ്യപ്പെട്ടുകൊള്ളുന്നു.

                ****      ****      ****

പോലീസ് അധികാരി അവര്‍കള്‍ക്ക് -

നവംബര്‍ 14-ന് എ.ടി.എമ്മിലേക്കെന്ന് പറഞ്ഞ് പോയതാണ്. ഞങ്ങള്‍ എല്ലാവരും വെവ്വേറെ ബാങ്കില്‍ പോകുന്നതിനാല്‍ ഭാര്യ തനിച്ചാണ് പോയത്. ഞാന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ്. മകന്‍ കാനറയില്‍, മകള്‍ ഫെഡറലില്‍. ഭാര്യക്ക് എസ്.ബി.ടിയിലായിരുന്നു ഡ്യൂട്ടി. അതിന്റെ ക്യൂവില്‍.

ഓരോരുത്തരും അതത് ബാങ്കിന്റെ ക്യൂവില്‍നിന്ന് രണ്ടായിരം രൂപ കൊണ്ടുവരാനായിരുന്നു ധാരണ. ഫെഡറലിലും, കാനറയിലും നിന്ന് മക്കള്‍ വെറുംകൈയോടെ തിരിച്ചെത്തി. ഞാന്‍ എസ്.ബി.ഐയില്‍ നിന്ന് കൈവിരലില്‍ പാടും രണ്ടായിരത്തിന്റെ ഒറ്റനോട്ടുമായി വന്നതു മുതല്‍ ഭാര്യയെ കാത്തിരിക്കുകയാണ്.

'എസ്.ബി.ടി ക്യൂ' എന്ന വിലാസത്തില്‍ അയച്ച കത്ത് മടങ്ങി വന്നിരിക്കുന്നു. പണം തീര്‍ന്നതിനാല്‍ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് തോന്നുന്നു.

എത്രയും വേഗം കീര്‍ത്തിയെ കണ്ടെത്തുമല്ലോ. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കരുത്.

 

                               ****      ****      ****

മാന്യ നോട്ടസാധുക്കാലത്തെ പൗരന്-

പൊലീസ് സ്റ്റേഷനിലെ എല്ലാവരും ബാങ്കുകള്‍ക്ക് കാവല്‍ നില്‍ക്കാന്‍ പോകേണ്ടിവന്നതിനാല്‍ കാണാതായവരെ തെരയുന്നതിന് തല്‍ക്കാലം മാര്‍ഗമില്ലെന്ന് അറിയിക്കുന്നു. എങ്കിലും എ.ടി.എം. ക്യൂവില്‍ കാണാതായ പതിനൊന്നാമത് വ്യക്തിയായി താങ്കളുടെ ഭാര്യയെ രജിസ്റ്റര്‍ ചെയ്ത വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു. ആയതിലേക്ക് താഴെകൊടുത്ത വിവരങ്ങള്‍ മടക്കത്തപാലില്‍ തന്നു സഹകരിക്കാന്‍ അപേക്ഷിക്കുന്നു.

ഒന്ന്  താങ്കളുടെ ഭാര്യയുടെ ഉയരം എത്ര?

രണ്ട്  തൂക്കം എത്ര?

മൂന്ന്  തിരിച്ചറിയാനുള്ള അടയാളങ്ങള്‍?

 

                                ****      ****      ****

ബഹുമാന്യ പോലീസ് അധികാരിക്ക് -

ഒന്ന് - ഉയരം കൃത്യമായി അറിയില്ലെങ്കിലും അഞ്ചടിയില്‍ കൂടും. അഞ്ചടിയില്‍  അല്‍പം കുറയാനും സാധ്യതയുണ്ട്.

രണ്ട് - തൂക്കം കണിശമായി ഓര്‍മയിലില്ല. നന്നേ മെലിഞ്ഞിട്ടല്ല. നല്ല തടിയുമില്ല. കിലോഗ്രാം എണ്‍പതിനും നൂറ്റിപ്പത്തിനും ഇടക്ക് കാണുമെന്ന് ഏകദേശം പറയാം.

മൂന്ന് - പ്രത്യേകിച്ച് അടയാളം ഓര്‍ക്കുന്നില്ല. എങ്കിലും ഞങ്ങളുടെ സ്‌കൂട്ടറുമായാണ് പോയത്. സ്‌കൂട്ടറിന്റെ മുന്നിലെ രണ്ട് കണ്ണാടികളില്‍ ഇടത്തേത് ചെറുതായി പൊട്ടിയിട്ടുണ്ട്.

വിവരം കിട്ടിയാല്‍ അറിയിക്കുമല്ലോ.

             ****      ****      ****

മാന്യ സ്‌കൂട്ടറുടമക്ക് -

ഇരുപത് കിലോമീറ്റര്‍ അകലെയുള്ള ഒരു എസ്.ബി.ടി ക്യൂവിലെങ്ങോ ഒരു വെളുത്ത സ്‌കൂട്ടര്‍ കണ്ടതായി വിവരം കിട്ടിയിട്ടുണ്ട്. എത്രയും വേഗം താഴെ ചേര്‍ത്ത ചോദ്യങ്ങള്‍ക്കുള്ള മറുപടി തരുമല്ലോ.

ഒന്ന് - താങ്കളുടെ ഭാര്യ കീര്‍ത്തി ഉടുത്തിരുന്ന വസ്ത്രത്തിന്റെ നിറമെന്താണ്? എന്തു വസ്ത്രം?

രണ്ട് - അവരുടെ കണ്ണിന്റെ കൃഷ്ണമണിക്ക് നിറം കറുപ്പോ തവിട്ടോ?

                     ****      ****      ****

ബഹുമാന്യ പോലീസ് അധികാരിക്ക് -

ഒന്ന് - സാരിയും ബ്ലൗസും, അതല്ലെങ്കില്‍ ചുരിദാര്‍. വസ്ത്രത്തിന്റെ നിറം കൃത്യമായി അറിയില്ല. സ്‌കൂട്ടറിന്റെ നിറം വെള്ളയില്‍ കറുപ്പു ബോര്‍ഡറാണ്.

രണ്ട് - കണ്ണ് കറുപ്പാണെന്നു തോന്നുന്നു. തവിട്ടാകാനും സാധ്യതയുണ്ട്. വെള്ളകലര്‍ന്ന കറുപ്പാകാം.

സാറേ, ഞങ്ങള്‍ കാത്തിരിക്കുകയാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ ക്യൂകളില്‍ നില്‍ക്കേണ്ടതിനാല്‍ എനിക്കും മക്കള്‍ക്കും അന്വേഷിക്കാന്‍ പറ്റുന്നില്ലെന്നറിയാമല്ലോ.

                 ****      ****      ****

മാന്യ പൗരന് -

കണ്ടെത്തിയ സ്ത്രീ വേറെയാണ്. അവര്‍ നവംബര്‍ 12 മുതല്‍ ക്യൂവിലുണ്ട്. അതിനാല്‍ താങ്കളുടെ ഭാര്യയാകാനിടയില്ല. തിരിച്ചറിയാന്‍ പറ്റുന്ന മറ്റുവിവരങ്ങള്‍ അറിയിക്കുമല്ലോ. സ്‌കൂട്ടറിനെപ്പറ്റി വേറെ വിവരങ്ങളുണ്ടെങ്കില്‍ അതും തരുമല്ലോ.

                 ****      ****      ****

ബഹുമാന്യ പോലീസ് അധികാരിക്ക് -

കൈവശമുണ്ടായിരുന്ന സ്റ്റാമ്പുകള്‍ തീര്‍ന്നതുകൊണ്ടാണ് ഇത് കൂലിക്കത്തായി അയക്കുന്നത്. ക്ഷമിക്കുമല്ലോ.

ഭാര്യയെപ്പറ്റി കൂടുതല്‍ വിവരമൊന്നും തരാനില്ല, എങ്കിലും സ്‌കൂട്ടര്‍ 2010 മോഡലാണ്. സുസുകി ബര്‍ഗ്മാന്‍ മോഡല്‍, ഫോര്‍-സ്‌ട്രോക്ക്, ടു-സിലിണ്ടര്‍ എന്‍ജിന്‍, 638 സി.സി, ഇഞ്ചക്ഷന്‍ ഫ്യുവല്‍, ഇലക്‌ട്രോണിക് ഇഗ്നിഷന്‍, ഗിയര്‍ ഡ്രൈവ്, സീറ്റ് ഉയരം 29.6 ഇഞ്ച്.

            ****      ****      ****

മാന്യ സ്‌കൂട്ടറുടമക്ക് -

വിഷമിക്കേണ്ട. സ്‌കൂട്ടര്‍ ഞങ്ങള്‍ വൈകാതെ കണ്ടെത്തും. ഭാര്യയെ താങ്കള്‍ തന്നെ കണ്ടുപിടിക്കുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top